UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തിലിനി വനിത മുഖ്യമന്ത്രിയും ട്രാന്‍സ് ജെന്‍ഡര്‍ മന്ത്രിയും; സെക്രട്ടറിയേറ്റ് എറണാകുളത്ത്

നിരന്തര നിരീക്ഷണത്തിലൂടെ കേരള ഗവണ്‍മെന്‍റിന്റെ പ്രവർത്തനങ്ങൾ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുകയാണ് നിഴൽ മന്ത്രിസഭയുടെ പ്രാഥമിക കടമ

ഹസ്ന ഷാഹിത

ഹസ്ന ഷാഹിത

കേരളത്തിൽ ആദ്യമായി ഒരു നിഴൽ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുമ്പോൾ പ്രത്യേകതകൾ അനവധിയാണ്. എറണാകുളത്താണ് നിഴൽ മന്ത്രിസഭയുടെ സെക്രട്ടറിയേറ്റ്. കേരള നിയമസഭയിലെ മന്ത്രിമാരുടെ എണ്ണത്തിന് തുല്യമായി 18 നിഴൽ മന്ത്രിമാർ. മുഖ്യമന്ത്രി സ്ഥാനം അലങ്കരിക്കുന്നത് ഒരു സ്ത്രീയാണ്. ഭക്ഷ്യ വകുപ്പ് കൈകാര്യം ചെയ്യുന്നത് ട്രാന്‍സ് ജെന്‍ഡറും. മന്ത്രിമാരില്‍ 20 വയസുള്ള വിദ്യാര്‍ത്ഥി മന്ത്രി മുതല്‍ അറുപത് വയസ് വരെയുള്ളവര്‍ വരെയുണ്ട്.

നിരന്തര നിരീക്ഷണത്തിലൂടെ കേരള ഗവണ്‍മെന്‍റിന്റെ പ്രവർത്തനങ്ങൾ സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കുകയാണ് നിഴൽ മന്ത്രിസഭയുടെ പ്രാഥമിക കടമ. ഇതിനൊപ്പം ക്രിയാത്മക ബദലുകൾ പരിചയപ്പെടുത്തുക, ജനങ്ങളെ ഭരണസംവിധാനങ്ങളുമായി പരിചയപ്പെടുത്തുക, അഴിമതി ഇല്ലാതാക്കി കാര്യക്ഷമതയുള്ള ഭരണത്തിന് സർക്കാരിനെ പ്രേരിപ്പിക്കുക, പ്രകൃതിയെ പരിഗണിച്ചു കൊണ്ടുള്ള പുരോഗതിക്ക് വേണ്ടി യത്നിക്കുക, ഭരണഘടനയിൽ ഊന്നി ജനാധിപത്യ രീതിയില്‍ മതേതരമായി അഹിംസയിലൂന്നി ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുക, ജനങ്ങളുടെ ആഹ്ളാദം ഒരു പ്രധാന അജണ്ടയാക്കുക, ഹരിത സ്വരാജ് പ്രാവർത്തികമാക്കുക തുടങ്ങിയ ഉത്തരവാദിത്തങ്ങളിലൂന്നിയ പ്രവർത്തനമാണ് കേരളത്തിൽ നിഴൽ മന്ത്രിസഭ രൂപീകരിച്ച സംഘം ലക്ഷ്യമിടുന്നത്.

ഓരോ വിഷയങ്ങളെയും കൃത്യതയോടെ പിന്തുടരാനും അതിന്‍റെ ഫലം അനുഭവപ്പെടുന്നത് വരെ പ്രവർത്തിക്കാനും ഓരോ നിഴൽ മന്ത്രിയും അതാത് വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരിൽ സമ്മർദ്ദം ചെലുത്തും. നിലവിലുള്ള നിഴൽ മന്ത്രിസഭയിലെ അംഗങ്ങള്‍ക്ക് കൂടുതല്‍ വകുപ്പുകൾ കൈകാര്യം ചെയ്യേണ്ടി വരുന്നതിനാലും സഹായികളെ ആവശ്യമാകും തരത്തിൽ ജോലി ഭാരം ഉള്ളതിനാലും താൽപര്യമുള്ളവരെ ഉൾപ്പെടുത്തി ഇത് വികസിപ്പിക്കാനും പദ്ധതിയുണ്ട്.

ഏപ്രില്‍ 28 നാണ് നിഴൽ മന്ത്രിസഭയിലെ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. ജനാധിപത്യ ഭരണമുള്ള പാശ്ചാത്യ രാജ്യങ്ങളിൽ സാധാരണമായ ഈ സംവിധാനം 1950 ൽ ഇംഗ്ളണ്ടിലാണ് ആരംഭിക്കുന്നത്. സർക്കാരിന്‍റെ നയങ്ങളെയും പ്രവൃത്തികളെയും കൃത്യമായി നിരീക്ഷിക്കാനും അതിനെ കുറിച്ച് പൗരാഭിപ്രായം രൂപീകരിക്കാനും ഒരു വിമർശന കേന്ദ്രമായി നിലനിൽക്കാനുമൊക്കെയാണ് നിഴൽ മന്ത്രിസഭ ഉണ്ടാക്കുന്നത്. പ്രധാനമായും പ്രതിപക്ഷ പാർട്ടികളാണ് ഇത്തരമൊരു സംവിധാനം ലോകത്ത് പലയിടത്തും പ്രവർത്തനക്ഷമമാക്കി കൊണ്ടുപോയിരുന്നത്. അവിടെയൊക്കെ പ്രതിപക്ഷത്തിൻറെ നിഴൽ മന്ത്രിസഭക്ക് പ്രവർത്തിക്കാനുള്ള സാമ്പത്തിക സഹായം സർക്കാർ തന്നെ നൽകും. എന്നാൽ കേരളത്തിൽ അത്തരമൊരു സംവിധാനം ഉണ്ടായി വരുന്നത് ഇതാദ്യമായിട്ടാണ്. വിവിധ സാമൂഹ്യ പ്രവര്‍ത്തകരും സർക്കാർ ഇതര സംഘടനകളുമാണ് ഇതിന് പുറകില്‍.

2017 നവംബർ ഒന്ന് മുതല്‍ എറണാകുളം ജില്ലയിലെ മൂഴിക്കുളം ശാലയിൽ തുടങ്ങിയ ആലോചനകളാണ് നിഴൽ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയിൽ എത്തി നിൽക്കുന്നത്. വോട്ടേഴ്സ് അലയൻസ്, ജനാരോഗ്യ പ്രസ്ഥാനം, ഗാന്ധിയൻ കൂട്ടായ്മ, ഹ്യൂമൻ വെൽനസ്സ് സ്റ്റഡി സെൻറർ എന്നീ സംഘടനകള്‍ ഇതിനായി യോജിച്ചു പ്രവർത്തിക്കുന്നു.

അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ അഡ്വ.ആഷയാണ് നിഴൽ മന്ത്രിസഭയിലെ മുഖ്യമന്ത്രി. ട്രാന്‍സ് ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ഫൈസൽ ഫൈസു മന്ത്രിസഭയിലെ ഭക്ഷ്യവകുപ്പ് കൈകാര്യം ചെയ്യുന്നു. 50 ശതമാനം സ്ത്രീ പ്രാതിനിധ്യം ഉറപ്പ് വരുത്തിയിട്ടുള്ള മന്ത്രിസഭയിൽ ഭിന്നശേഷിക്കാരനായ ഒരംഗവുമുണ്ട്. ഓരോ മന്ത്രിയേയും സഹായിക്കാൻ അഞ്ച് പേരുടെ ഒരു സംഘവും ഒപ്പമുണ്ടാകും. മന്ത്രിസഭാംഗങ്ങളെ ജനങ്ങള്‍ക്ക് തിരിച്ചു വിളിക്കാനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത.

മുഖ്യധാരയിലില്ലാതെ സമൂഹത്തിൻറെ പിന്നാമ്പുറങ്ങളിൽ ജീവിക്കേണ്ടി വന്നിരുന്ന തനിക്ക് ആധികാരികമായ ഒരു ജനാധിപത്യ ഇടത്തിലേക്ക് കടന്ന് വരാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്ന് ട്രാന്‍സ് ജെന്‍ഡറും നിഴൽ മന്ത്രിയുമായ ഫൈസൽ ഫൈസു പറഞ്ഞു.

‘നേരായ വണ്ണം ഭരണം നടത്താത്ത ഭരണകൂടത്തോട് ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് നിർദ്ദേശങ്ങൾ സമർപ്പിക്കുക, അഴിമതി തടയുക തുടങ്ങിയവയാണ് നിഴൽ മന്ത്രി എന്ന നിലക്ക് പ്രാഥമികമായി ഊന്നൽ കൊടുക്കുന്ന കാര്യങ്ങള്‍. വരുനാളുകളിൽ ചർച്ചകളിലൂടെയും ശിൽപശാലകളിലൂടെയും ഇക്കാര്യങ്ങളിൽ കൂടുതല്‍ വ്യക്തത വരും. ഈ സംവിധാനത്തെ സർക്കാർ എങ്ങനെ പരിഗണിക്കും എന്നറിയില്ല. എങ്കിലും പല വിദേശ രാജ്യങ്ങളിലും പരീക്ഷിച്ച് വിജയിച്ച രീതി എന്ന നിലക്ക് ഇവിടെയും പ്രാവർത്തികമാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകും.’ ഫൈസൽ വിശദീകരിച്ചു.

നിയമനിർമാണ സഭയിലേക്ക് ട്രാൻസ് ജെന്‍ഡറുകൾക്ക് സംവരണം നൽകണമെന്നും ഫൈസൽ ആവശ്യപ്പെട്ടു. ‘ആളുകളുടെ കയ്യടി നേടാനായി ചില രാഷ്ട്രീയപാർട്ടികൾ ചെയ്യുന്ന അംഗത്വം നൽകിയുള്ള പ്രഹസനങ്ങളല്ല വേണ്ടത്. ജനാധിപത്യ പ്രക്രിയയിൽ ഭാഗമായി മുഖ്യധാരയിൽ എത്തുകയാണ് വേണ്ടത്.’ ഫൈസൽ കൂട്ടിച്ചേർത്തു.

ഇതിനു മുമ്പ് ഇന്ത്യയിൽ ചിലയിടങ്ങളിൽ നിഴൽ മന്ത്രിസഭ രൂപീകരിച്ചിട്ടുണ്ട്. 2005 ൽ മഹാരാഷ്ട്രയിലെ കോൺഗ്രസ്സ് സർക്കാറിന് നിരീക്ഷിക്കാനായി ബി.ജെ.പിയും ശിവസേനയും നാരായണ റാണെയുടേയും ഗോപിനാഥ് മുണ്ടെയുടേയും നേതൃത്യത്തിൽ നിഴൽ മന്ത്രിസഭ ഉണ്ടാക്കി. 2014 ൽ കോൺഗ്രസ്സ് മധ്യപ്രദേശിലും 2015 ൽ ആം ആദ്മി പാർട്ടി ഗോവയിലും ഇത് രൂപീകരിച്ചു. 2014 ൽ കേന്ദ്ര സർക്കാറിനെ നിരീക്ഷിക്കാനായി കെട്ടിപ്പടുത്ത ഇത്തരമൊരു സംവിധാനം ഒരു വർഷത്തിന് ശേഷം ഉപേക്ഷിക്കപ്പെടുകയായിരുന്നു. ആം ആദ്മി സർക്കാറിനെ മെച്ചപ്പെടുത്താൻ 2015 ൽ കോൺഗ്രസ്സും ബി.ജെ.പിയും ഓരോ നിഴൽ മന്ത്രിസഭകൾ ഉണ്ടാക്കിയിട്ടുണ്ട്. ഡൽഹിയിലെ മൂന്ന് കോർപ്പറേഷനുകളിൽ ആം ആദ്മി പാർട്ടി ഉണ്ടാക്കിയ നിഴൽ മന്ത്രിസഭകൾ പ്രവർത്തിക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍