UPDATES

ട്രെന്‍ഡിങ്ങ്

ആര്‍ത്തവക്രമത്തിന്റെ കണക്ക് കൂടി എച്ച്.ആറിന് കൊടുക്കേണ്ട അവസ്ഥയുണ്ടാകുമോ?

ആര്‍ത്തവത്തിന്റെ പേരില്‍ ബോര്‍ഡ് വെക്കുമ്പോള്‍ അത് കണ്‍സിഡറേഷന്‍ അല്ല മാറ്റിനിര്‍ത്തലാണ് എന്നും വായിക്കാമെന്ന് തോന്നുന്നു

വീട്ടില്‍കയറി വരുന്നവര്‍ക്ക്‌, ‘അയ്യോ അമ്മയെ തൊടല്ലേ, അമ്മ തീണ്ടാരിയാ, ചിറ്റയെ തൊടല്ലേ ചിറ്റ തീണ്ടാരിയാ’ എന്ന് കുഞ്ഞിലെ ഞാന്‍ മുന്നറിയിപ്പ്‌ കൊടുത്തിരുന്നത്രേ. അതിഥികള്‍ വീട്ടില്‍ കയറി ചെല്ലുമ്പോള്‍ കൂട്ടിത്തൊടല്ലേ തൊടല്ലേ, പുറത്താ എന്ന് നിലവിളിക്കുന്ന കുടുംബത്തിലെ പെണ്ണുങ്ങളും കുട്ടികളും നമ്പൂതിരി കുടംബങ്ങളില്‍ നിത്യകാഴ്ചയാണ്. നാല് കുളിക്കുന്നത് വരെ അമ്മയെ തൊടാതിരിക്കാന്‍ ആവാത്തതിനാല്‍ ഉടുപ്പൊക്കെ ഊരി കളഞ്ഞ് ഒരു നൂല്‍ പോലും കൂട്ടിത്തൊടാത്തവണ്ണം അമ്മയുടെ അടുത്തേക്ക് ഓടുന്ന കുട്ടികള്‍, വേളിക്കോ, ഉപനയനത്തിനോ കുടുംബത്തിലെ വിശേഷ ചടങ്ങുകളിലൊക്കെ അവള്‍ എന്തിയേ, അമ്മയെന്തിയേ, ഭാര്യയെന്തിയേ എന്ന ചോദ്യത്തിന് പുറത്താ, വെളിക്കാ, തീണ്ടാരിയാ എന്ന നോര്‍മല്‍ മറുപടിയും വീട്ടില്‍ ചടങ്ങുകള്‍ക്കിടയില്‍ വരാന്തയിലോ, അടുക്കളപ്പുറത്തോ കുളപ്പുരക്കടുത്തോ കുളക്കടവിലോ ഒക്കെ ആരേയും തൊടാതെ പതുങ്ങി നില്‍ക്കുന്ന തീണ്ടാരി പെണ്ണുങ്ങളും ഒക്കെ വളരെ വളരെ സാധാരണമാണ്.

ആദ്യമായി ആര്‍ത്തവമറിയിക്കുന്ന പെണ്‍കുട്ടികള്‍ക്ക് തീണ്ടാരിത്തുണിയുടെ മുകളിലുടെ പാമ്പോ ഇഴജന്തുക്കളോ ഇഴഞ്ഞാല്‍ കിട്ടാവുന്ന ശാപത്തെ കുറിച്ചാണ് ആദ്യ ക്ലാസ്. ജയിലില്‍ എന്ന പോലെ സ്വന്തമായി ഒരു പായയും (ചിലര്‍ക്ക് കമ്പിളിയോ ചാക്കോ ആവും) പ്ലേറ്റും ഗ്ലാസും ആര്‍ത്തവകാലത്തെ നാല് ദിവസത്തേക്കുള്ള സ്ഥാവരജംഗമമാണ്. ഇതൊക്കെ ആരേയും തൊടീക്കാതെ കൊണ്ടു നടക്കാനുള്ള ഭാരിച്ച ഉത്തരവാദിത്തവും തീണ്ടാരി പെണ്ണിനുണ്ട്. കൂട്ടിത്തൊടുന്നതൊക്കെ കുളത്തില്‍ കൊണ്ടു പോയി മുക്കിയെടുക്കുമായിരുന്നു. പീന്നീട് നഗരജീവിതത്തില്‍ ബക്കറ്റ് തൊടാതെ ടാപ്പ് തുറന്ന് വിട്ട് നനച്ച് എടുക്കലായി.നാല് കുളിയുടെ അന്ന് പായ കുളത്തിലോ ടാപ്പിന് കീഴിലോ നനച്ച് എടുക്കും. കമ്പിളിയാണെങ്കില്‍ കടുക്കിട്ടാണ് ശുദ്ധിയാക്കുക.

6-7-ലോ പഠിക്കുമ്പോള്‍ അമ്മയുടെ ആര്‍ത്തവദിവസങ്ങളില്‍ അടുക്കളപ്പണി എനിക്കായിരുന്നു. വെളുപ്പിന് 4 മണിക്ക് അച്ഛന് അമ്പലത്തില്‍ പോകുന്നതിന് മുന്‍പ് ചായ തിളപ്പിച്ച കൊടുക്കല്‍ മുതല്‍ ചോറും കൂട്ടാനും വെക്കല്‍ വരെ എന്റെ പണിയായി. ഏറ്റവും വലിയ പണി സ്വന്തം കാര്യവും നോക്കണം, അനിയത്തിയെയും റെഡിയാക്കണം (അത് ഒരു ഒന്നൊന്നര പണിയായിരുന്നു. സമയം പോലെ പിന്നെ പറയാം . ഇപ്പോള്‍ ആ കഥ പരസ്യമാക്കിയാല്‍ ചിലപ്പോള്‍ ദേഹം മുഴുവന്‍ പഞ്ചറായ അവസ്ഥയില്‍ എന്നെ ഐസിയുവില്‍ വന്ന് കാണേണ്ടി വരും പലര്‍ക്കും). അവിയലിന്റെയും സാമ്പാറിന്റെയും പാകപ്പെടുത്തല്‍ മുതല്‍ വൃത്തിയും വെടിപ്പും വരെ അമ്മ മാറിനിന്ന് തൊടാതെ സൂപ്പര്‍വൈസ് ചെയ്യും. ഉഴപ്പിയാല്‍ തവി, മടല്‍, തൊണ്ട് ചിലപ്പോള്‍ വെട്ടുകത്തിക്ക് വരെ ഏറ് കിട്ടും. വൈകിട്ട് സ്‌കൂളീന്ന് വരുമ്പോള്‍ അച്ഛന്‍ അമ്പലത്തില്‍ പോകാന്‍ റെഡിയാവുകയാവും. വരുമ്പോഴെ നെറ്റിയില്‍ കൈയും വെച്ച് അയ്യോ എന്തൊരു തലവേദന എന്ന് ഒന്ന് ആഞ്ഞ് അഭിനിയിച്ചാല്‍ അച്ഛന്‍ സ്വയം ചായ ഉണ്ടാക്കി കുടിച്ചോളും അല്ലേല്‍ ചായ തന്നെ വേണ്ടെന്ന് വെച്ച് സ്ഥലം വിടും. സംഭവം എന്തായാലും ഈ അലുകുലുത്ത പണി ബോറ് ഏര്‍പ്പാടാണ് എന്ന് അച്ഛനും ബോധ്യമുണ്ടായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. സ്ഥലംമാറ്റം ഒരു സ്ഥിരം സംവിധാനമായപ്പോള്‍ അച്ഛന്‍ അമ്പലത്തില്‍ താമസിച്ചുകൊണ്ട് വീട്ടില്‍ വീക്ക് എന്‍ഡ് വിസിറ്ററായി. അതോടെ ഈ മാറിയിരിക്കല്‍ പണിയില്‍ നിന്ന് അമ്മ പിന്‍മാറി. പകരം ഓരോ തവണയും നാല് കുളി കഴിയുമ്പോള്‍ പുണ്യാഹം എന്ന സൊല്യൂഷന്‍ വന്നു. ലോകത്തിലെ ഒരു മാതിരി ഭേദപ്പെട്ട എല്ലാ മാലിന്യങ്ങളുടെയും സാമ്പിള്‍ കിട്ടാന്‍ ഇടയുള്ള ഗംഗയിലേയും യമുനയിലേയും പുണ്യ വെള്ളത്തെ മനസ്സില്‍ സങ്കല്‍പ്പിച്ച് മന്ത്രം ജപിച്ച് തയ്യാറാക്കുമ്പോള്‍ വാട്ടര്‍ അഥോറിറ്റിയുടെ ടാപ്പ് വെള്ളം വീടിന്റെ മുക്കും മൂലയും ശുദ്ധിയാക്കാന്‍ പരുവപ്പെടുന്നു. അലമാരിയിലും ബാത്ത്‌റൂമിലും വരെ ശുദ്ധി ബോധം കൊണ്ട് എല്ലാ മാസവും ഈ പുണ്യാഹം തളിച്ച് പോന്നു.

പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഞാന്‍ പ്രായമാവുന്നത്. അഞ്ചാം ദിവസം പഞ്ച പുണ്യാഹം കഴിക്കാന്‍ മുത്തശ്ശന്‍ ഉള്‍പ്പടെയുള്ള അഞ്ച് ആണുങ്ങള്‍ക്ക് നടുവില്‍ ഇരിക്കുന്നത് ചെറിയ ഓര്‍മ്മയുണ്ട്. സംഭവം എന്തായാലും മാറിയിരിക്കല്‍ ഡ്രാമ ഈ ആദ്യ തവണ ഒഴിച്ച് എനിക്കോ അനിയത്തിക്കോ വേണ്ടി വന്നിട്ടില്ല.ആദ്യമൊക്കെ അമ്മയക്ക് അറിയാവുന്ന തീണ്ടാരിത്തുണി തന്നെയായിരുന്നു ആശ്രയം. പിന്നീട് പതുക്കെ നാപ്കിനിലേക്ക് മാറി. ഹൈസ്‌ക്കുള്‍ മുതല്‍ തന്നെ ഞാന്‍ എന്‍സിസിയിലും അഡ്വെഞ്ചര്‍ സ്‌പോര്‍ട്സിലും സജീവമായിരുന്നു. അന്നൊന്നും ഈ ആര്‍ത്തവം ഒരു തടസ്സമായി തോന്നിയിട്ടില്ല. ഒന്നില്‍ നിന്നും മാറി നില്‍ക്കാനും ശ്രമിച്ചിട്ടില്ല. ഡാന്‍സും അഡ്വെഞ്ചറും പഠിത്തവും ഒക്കെ ഇതിനൊപ്പം പല പെണ്ണുങ്ങളെയും പോലെ സാധാരണമായിരുന്നു. ശാരീരിക അസ്വസ്ഥതകള്‍ സ്വാഭാവികമായി ഉണ്ടായിരുന്നു. അതിന് റെസ്റ്റ് വേണെമെങ്കില്‍ എടുക്കുകയും ചെയ്തു.

ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എയര്‍ എന്‍സിസിയില്‍ ആയിരുന്നു. ഒരു എന്‍സിസി ഡേയ്ക്ക് ടാഗോര്‍ തീയേറ്ററില്‍ ആഘോഷം നടക്കുന്നു. റിപ്പബ്ലിക്ക് ഡേ സെലക്ഷന്‍ ക്യാംപില്‍ നിന്ന് ഞങ്ങള്‍ കുറച്ചു പേര്‍ മന്ത്രിയെ സ്വീകരിക്കാന്‍ ഉള്ള പരേഡിലാണ്.ആകെ രണ്ടോ മുന്നോ പെണ്‍കുട്ടികളാണ് ആ ഗ്രൂപ്പില്‍ . പരേഡ് നയിച്ചിരുന്നത് ആര്‍മി വിങ്ങിലെ ഒരു പെണ്‍കുട്ടിയും. റൈഫിള്‍ പരേഡാണ്. കണ്ണ് അനക്കുന്നത് പോലും സൂക്ഷിച്ചാണ്. അപ്പോഴാണ് അത് കാണുന്നത്; പരേഡ് ലീഡറായ പെണ്‍കുട്ടിയുടെ കാലുകള്‍ക്കിടയിലുടെ ചോര ഒഴുകുന്നു. പാന്റസ് നനഞ്ഞ് കുളിച്ച് ചുവപ്പും കാക്കിയും കലര്‍ന്ന നിറമായിരിക്കുന്നു. ഒരു കൂസലുമില്ലാതെ ആ കുട്ടി അന്നത്തെ പരിപാടികള്‍ മൊത്തം ഭംഗിയായി ലീഡ് ചെയ്തു. പരേഡ് കഴിഞ്ഞ് സാധാരണ പോലെ പോയി യുണിഫോം മാറുകയും ചെയ്തു. അന്നാണ് ഞാന്‍ ആര്‍ത്തവം ഇത്രയേ ആകാന്‍ പാടുള്ളു എന്ന് മനസ്സിലാക്കുന്നത്. പിന്നീട് മലകയറാന്‍ പോകുമ്പോഴും ട്രക്കിങ്ങിന് പോകുമ്പോഴും പാരാസെയിലിംഗിന് പോകുമ്പോഴും വാട്ടര്‍ സ്‌പോര്‍ട്ടസിന് പഠിക്കാന്‍ പോകുമ്പോഴും ജോലിക്ക് പോകുമ്പോഴും വളരെ സാധാരണയായി ആര്‍ത്തവും ഒപ്പമുണ്ടായിട്ടുണ്ട്.

22-മത്തെവയസ്സ് മുതലാണ് ഒറ്റയ്ക്കുള്ള സാഹസികതകള്‍ ആരംഭിക്കുന്നത്. ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതിനിടക്ക് ഒരിക്കല്‍ ഭോപ്പലില്‍ നര്‍മ്മദാ താഴ്വരയില്‍ മേധാ ദീദിയെ കാണാന്‍ പോകണം. സുപ്രീം കോടതിക്ക് മുന്നില്‍ നടക്കുന്ന സമരത്തില്‍ പങ്കാളിയാകണം. അവധിക്ക് നാട്ടില്‍ വന്ന ശേഷം ഭോപ്പാലില്‍ എത്തി ദീദിക്കും കൂട്ടര്‍ക്കും ഒപ്പം തിരികെ ഡല്‍ഹിയിലെത്തല്‍ ആണ് ലക്ഷ്യം. തിരുവനന്തപുരത്ത് നിന്ന്  ഷോര്‍ര്‍ണ്ണുര്‍ എത്തി ഒരു കൂട്ടികാരിയുടെ വീട്ടില്‍ നിന്ന് അവള്‍ക്കുള്ള കുറച്ച് സാധനങ്ങളുമായി ഭോപ്പാലിന് ട്രെയിന്‍ കയറി. വെളുപ്പിന് മൂന്ന് മണിക്കോ മറ്റോ ആണ് ട്രെയിന്‍ ഭോപ്പാലില്‍ എത്തുന്നത്. ഇറങ്ങാന്‍ നേരത്ത് വലിയ ബാക്ക് പാക്കുമായി മുകളിലത്തെ ബര്‍ത്തില്‍ നിന്ന് ചാടിയിറങ്ങി. താഴത്തെ ബര്‍ത്തിലെ മലയാളി ചേട്ടന്‍ പകുതി മയക്കത്തില്‍ അന്തം വിട്ട് നോക്കുന്നത് കണ്ടപ്പോഴാണ് ഞാനും ശ്രദ്ധിച്ചത്. സംഭവം മൊത്തം അലമ്പാണ്. ജീന്‍സ് ഏതാണ്ട് മൊത്തം നനഞ്ഞിരിക്കുന്നു. വയറ് വേദനയോ നനവോ ഒന്നും ഞാന്‍ അതുവരെ അറിഞ്ഞിട്ടില്ല. സ്റ്റേഷന്‍ അടുക്കാറായി. തുണി മാറാനുള്ള സമയവും ഇല്ല. അതേ അവസ്ഥയില്‍ രണ്ട് കല്‍പ്പിച്ച് ഭോപ്പാലില്‍ ഇറങ്ങി. ആളും അനക്കവുമില്ലാതെ പേടിപ്പെടുത്തുന്ന അവസ്ഥ . നേരെ ബാത്ത് റും കണ്ട് പിടിച്ച് പാഡ് മാറി. ആ ജീന്‍സ് തന്നെ കഴുകി ഇട്ട് റോഡ് ക്രോസ് ചേയ്ത് ബസ് സ്റ്റാന്‍ഡിലേക്ക് വെച്ച് പിടിച്ചു. പിന്നെയും 12 മണിക്കൂര്‍ ബസ് യാത്ര ഘാട്ടിയിലേക്ക്. ഇങ്ങനെ എത്രയോ തവണ ജോലിക്കിടയിലും ജീവിത തിരക്കുകള്‍ക്കിടയിലും ഇതൊക്കെ സാധാരണയായി പോകുന്നു.

പറഞ്ഞ് വരുന്നത് ആര്‍ത്തവ ദിനത്തിലെ ആദ്യത്തെ ദിവസവും മൂന്നാമത്തെ ദിവസവും ഒക്കെ ഒന്ന് പോലയൊണ് പലപ്പോഴും പല സ്ത്രീകള്‍ക്കും. വേദനയും ക്ഷീണവും തലവേദനയും പല രീതിയില്‍ പല തരത്തിലാണ് സ്ത്രീകള്‍ക്ക്. അത് അയ്യോ തീണ്ടാരിയാ ലേബല്‍ വെച്ച് സ്വീകരിക്കേണ്ട ഒന്നല്ല എന്നാണ് എന്റെ വിശ്വാസം. ആദ്യത്തെ ദിവസം എല്ലാ മാസവും കൃത്യം തീയതി അല്ലെങ്കില്‍ എച്ച് ആര്‍ അന്വേഷിക്കുന്ന ഗതികേടിലേക്ക് എത്തരുത്. സ്ത്രീകള്‍ക്ക് മാസത്തില്‍ ഒരു കാഷ്വല്‍ ലീവ് അധികമായി കൊടുക്കാം. അല്ലെങ്കില്‍ മെഡിക്കല്‍ ലീവ് നല്‍കാം. ആര്‍ത്തവത്തിന്റെ പേരില്‍ ബോര്‍ഡ് വെക്കുമ്പോള്‍ അത് കണ്‍സിഡറേഷന്‍ അല്ല മാറ്റിനിര്‍ത്തലാണ് എന്നും വായിക്കാമെന്ന് തോന്നുന്നു. തീര്‍ച്ചയായും ഇങ്ങനെയല്ല എന്ന് പറയുന്നവരുടെ അഭിപ്രായവും മാനിക്കുന്നു. ബോധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമീള ഗോവിന്ദ്‌

പ്രമീള ഗോവിന്ദ്‌

പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍