കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്ന വിവരം കിട്ടി എത്തിയ പോലീസ് സംഘം തോടിനടുത്തേക്ക് പോകുമ്പോള്‍ പയറ് തോട്ടത്തില്‍ മരതകവും അവരുടെ മൂന്നാമത്തെ മകനും നില്‍പ്പുണ്ടായിരുന്നു
2012 ലെ സ്വാതന്ത്ര്യദിനം. അഗളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസിലേക്ക് ആ ഫോണ്‍ കോള്‍ വരുമ്പാള്‍ സമയം ഉച്ചയ്ക്ക് ഒരു മണിയോട് അടുത്തിരുന്നു. ഫോണ്‍ സംഭാഷണം അവസാനിച്ചതിനു പിന്നാലെ സി ഐ മനോജ് കുമാറിന്റെ നേതൃത്വത്തില്‍ എ എസ് ഐ കൃഷ്ണ വര്‍മയും വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബിന്ദുവും സുന്ദരിയും വളരെ തിടുക്കത്തില്‍ സ്റ്റേഷനു പുറത്തിറങ്ങി. പതിവിലും വേഗതയിലാണ് പോലീസ് ജീപ്പ് ഭൂതിവഴിയിലേക്ക് പോയത്. കാട്ടിനുള്ളില്‍ കയറി ഒരിടത്തായി ജീപ്പ് നിര്‍ത്തി അവര്‍ ഇറങ്ങി. അഞ്ഞുറൂ മീറ്ററോളം മുന്നോട്ടു നടന്നു, ഓടി എന്നു പറയുന്നതാവും ശരി. പയര്‍ കൃഷി ചെയ്യുന്നൊരു തോട്ടം കടന്ന് അവര്‍ ഒരു തോടിനു സമീപമായി നിന്നു. നാലു പേരും നാലുപാടും കണ്ണോടിച്ച് എന്തോ തിരയാന്‍ തുടങ്ങി.
ഉച്ചയ്ക്ക് സ്‌റ്റേഷനിലേക്ക് വിളിച്ചത് ഭൂതിവഴിയിലെ നാട്ടുകാരില്‍ ആരോ ആയിരുന്നു. അവിടെ പാപ്പാത്തി എന്ന സ്ത്രീ കാട്ടില്‍ വിറക് വെട്ടാന്‍ പോയ സമയത്ത് തോടിന്റെ അടുത്ത് നിന്നായി ഒരു കുഞ്ഞിന്റെ കരച്ചില്‍ കേട്ടു. പാപ്പാത്തി ഉടന്‍ തന്നെ വിവരം മറ്റുള്ളവരോട് പറഞ്ഞു. അവരില്‍ ആരോ ആയിരുന്നു സ്‌റ്റേഷനിലേക്ക് വിളിച്ചത്. ആ വിവരം അറിഞ്ഞെത്തിയാണ് സി ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള ആ നാലംഗ സംഘം പരിഭ്രാന്തിയോടെ അവിടമാകെ തിരയാന്‍ തുടങ്ങിയത്.
വെള്ളമില്ലാതെ കിടക്കുന്ന തോട്. മുള്‍പ്പടര്‍പ്പുകളും കരിയിലകളും മുടിക്കിടക്കുന്നു. ഏകദേശം 12 അടി താഴ്ച്ച കാണും. തിരച്ചിലിനിടയില്‍ വനിത സിവില്‍ പൊലീസ് ഓഫിസര്‍ സുന്ദരിയുടെ ചെവിയില്‍ ഈച്ചകള്‍ മുരളുന്ന ശബ്ദം കേട്ടു. തോട്ടില്‍ നിന്നാണ്. സൂക്ഷ്മമായി നോക്കിയപ്പോള്‍ ഒരിടത്തായി ഈച്ചകള്‍ കൂട്ടത്തോടെ വട്ടമിട്ടു പറക്കുന്നു. സുന്ദരി പെട്ടെന്ന് തോട്ടിലേക്ക് ചാടിയിറങ്ങി. പിറകെ മറ്റുള്ളവരും.
ആ കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. ഈച്ചകള്‍ ആര്‍ത്തും പുഴുക്കള്‍ നിറഞ്ഞതുമായി എന്തോ ഒന്ന്. സുന്ദരി വേഗം കൈകൊണ്ടത് മറിച്ചിട്ടു. അതൊരു കുഞ്ഞായിരുന്നു. കഴുത്തില്‍ മറുപിള്ള ചുറ്റിയ നിലയില്‍. ശരീരമോ മുഖമോ കാണാത്തവിധം പുഴുക്കളും ഈച്ചയും പൊതിഞ്ഞിരിക്കുകയായിരുന്നു. സുന്ദരി വേഗം കുഞ്ഞിനെ കൈകളില്‍ കോരിയെടുത്തു. വായിലേയും മൂക്കിലേയും കണ്ണിലേയും പുഴുക്കളെ നീക്കി. പെട്ടെന്നു സുന്ദരിയുടെ വിരലുകളില്‍ ആ കുഞ്ഞ് മുക്കില്‍ നിന്നുള്ള ശ്വാസം തട്ടി. ഒരു നിമിഷം ഹൃദയം സ്തംഭിച്ചു പോകുന്ന അവസ്ഥയിലായി സുന്ദരി. നൊടിയിടയില്‍ തന്നെ ആ അവസ്ഥയില്‍ നിന്നും മോചിതയായി സുന്ദരി വിളിച്ചു പറഞ്ഞു, സാറേ… കുഞ്ഞിന് ജീവനുണ്ട്…
പന്ത്രണ്ടടി താഴ്ച്ചയുള്ള തോട് കുഞ്ഞിനെയും കൈകളില്‍ വച്ച് സുന്ദരി നിമിഷങ്ങള്‍ കൊണ്ട് ചാടിക്കയറി. പിറകെ സി ഐയും മറ്റു പോലീസുകാരും. നാലുപേരും ഓടുകയായിരുന്നു. മുന്നില്‍ കുഞ്ഞുമായി സുന്ദരി. ജീപ്പ് അഗളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പാഞ്ഞു. അഗളി ആശുപത്രിയിലെ പരിമിതികള്‍ അറിയാമായിരുന്ന സി ഐ മനോജ് കുമാര്‍ യാത്രയ്ക്കിടയില്‍ തന്നെ കോട്ടത്തറ ആശുപത്രിയിലേക്ക് വിളിച്ചു. പീഡിയാട്രീഷ്യന്‍ ഡോ. രാജേഷിനോട് വിവരം പറഞ്ഞു. പോലീസ് ജീപ്പ് അഗളി ആശുപത്രിയില്‍ എത്തുമ്പോഴേക്കും ഡോക്ടര്‍ രാജേഷും എത്തിയിരുന്നു.
ഏറ്റവും ആദ്യം ചെയ്യേണ്ടത് കുട്ടിയുടെ തലയും ഉടലും മൂടിയിരിക്കുന്ന ഈച്ചകളെയും പുഴുക്കളെയും നീക്കം ചെയ്യുകയായിരുന്നു. ഈച്ചകള്‍ മുട്ടയിട്ട് അത് പറ്റിപ്പിടിച്ചിരിക്കുന്നു… അതൊരു മനുഷ്യക്കുഞ്ഞ് ആണെന്നു തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥ. മുഖത്തും തലയിലുമെല്ലാം മുറിവുകള്‍… കാലിലും തുടയിലുമെല്ലാം ചോരപ്പാടുകള്‍. ഒരു രക്തക്കട്ടപ്പോലെയായിരുന്നു ആ ചെറുശരീരം. നഴ്‌സുമാര്‍ക്കൊപ്പം കൂടി പോലീസുകാരും കുഞ്ഞിന്റെ ദേഹത്തു നിന്നും പുഴക്കളെയും ഈച്ചയേയും മാറ്റി. പിന്നെ വേഗം തന്നെ ഇന്‍ക്യുബേറ്ററിലേക്ക് മാറ്റി.
കുഞ്ഞിനെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നു മനസിലാക്കിയപ്പോള്‍, അഗളി ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ കുഞ്ഞിനെ വേഗം കോട്ടത്തറ സ്‌പെഷ്യല്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നു ഡോ. രാജേഷ് നിര്‍ദേശിച്ചു. കോട്ടത്തറയില്‍ കൊണ്ടുവന്ന കുഞ്ഞിനെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. ഏഴു ദിവസം അവിടെ. ഭക്ഷണമൊന്നും കൊടുക്കാന്‍ കഴിയില്ല. ഗ്ലൂക്കോസ് സിറിഞ്ചില്‍ നിറച്ച് വായില്‍ ഇറ്റിച്ചാണ് കുഞ്ഞിന്റെ തൊണ്ട നനച്ചിരുന്നത്. സുന്ദരിയും ബിന്ദുവും അടക്കമുള്ള പോലീസുകാര്‍ ഏഴു ദിവസങ്ങളിലും ഉറങ്ങാതെ രാത്രികളില്‍ പോലും കുഞ്ഞിന് കാവലിരുന്നു. ഏഴു ദിവസങ്ങള്‍ക്കപ്പുറം ജീവിതത്തിലേക്ക് ആ പെണ്‍കുഞ്ഞ് തിരിച്ചെത്തി.
സ്വാതന്ത്ര്യദിനത്തിന്റെ അന്ന് തങ്ങളുടെ കൈയില്‍ കിട്ടിയ ആ പെണ്‍കുഞ്ഞിന് പോലീസുകാര്‍ ഒരു പേരിട്ടു; സ്വതന്ത്ര!
കുട്ടി ആരോഗ്യവതിയായി മാറിയതിനു പിന്നാലെ അവളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കീഴിലായി പാലക്കാട് സ്ഥിതി ചെയ്യുന്ന ആനന്ദഭവന് കൈമാറി. വലിയ ആഘോഷമായിട്ടായിരുന്നു കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ആനന്ദഭവനിലേക്ക് കൊണ്ടുപോയത്. നാട്ടുകാരും പോലീസും മാധ്യമങ്ങളും എല്ലാം ആ ആഘോഷത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നു.
2019 ഓഗസ്റ്റ് 13 ആകുമ്പോള്‍ അവള്‍ക്ക് ഏഴു വയസ് പൂര്‍ത്തിയാകും. പക്ഷേ, ആ കുഞ്ഞ് ഇപ്പോള്‍ എവിടെയാണുള്ളതതെന്ന് സുന്ദരിക്ക് അറിയില്ല. ആനന്ദഭവനില്‍ നിന്നും ആരോ അവളെ ദത്തെടുത്തു. അവളിപ്പോള്‍ സ്വതന്ത്രയല്ല, ആ പേര് ആനന്ദഭവനില്‍വച്ചു തന്നെ മാറ്റിയിരുന്നു. വേറെയോതെ പേരില്‍, ഏതോ നാട്ടില്‍, നല്ലവരായ മാതാപിതാക്കളുടെ മകളായി ജീവിക്കുന്നുണ്ട്.
2012-ല്‍ നടന്ന ഈ കഥ ഇപ്പോള്‍ പറയാന്‍ കാരണം, 2019 മേയ് 15-ന് പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഒരു വിധിയാണ്. നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച കേസില്‍ കുറ്റക്കാരിയെന്നു കണ്ടെത്തിയ അമ്മയ്ക്ക് അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ നല്‍കിക്കൊണ്ട് ഉണ്ടായ വിധി.
ആ അമ്മയുടെ പേര് മരതകം. കൊട്ടമേട് സ്വദേശിയായ തമിഴ് കൗണ്ടര്‍ വിഭാഗത്തില്‍പ്പെട്ട 55-കാരി. 2012 ഓഗസ്റ്റ് 13-ന് വൈകിട്ട് അഞ്ചുമണിയോടെ പയറ് തോട്ടത്തിനു പുറത്തുള്ള കാടിന് സമീപം ഇരുന്ന് പ്രസവിച്ച മരതകം താഴെ വീണ കുഞ്ഞിനെയും മറുപിള്ളയേയും പൊക്കിള്‍ കൊടി മുറിച്ചു മാറ്റിയശേഷം വാരിയെടുത്ത് സമീപത്തെ തോട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. ദേഹത്ത് പറ്റിപ്പിടിക്കുന്ന തരത്തിലുള്ള മുള്ളുവള്ളികള്‍ക്കിടയിലൂടെ ഉരുണ്ട് ഉരുണ്ട്, പ്രസവിച്ചിട്ട് നിമിഷങ്ങള്‍ മാത്രം കഴിഞ്ഞ ആ കുഞ്ഞ് ശരീരം തോട്ടില്‍ പോയി വീണു. മരതകം തിരിച്ചു പോയി.
കുഞ്ഞിന്റെ കരച്ചില്‍ കേട്ടെന്ന വിവരം കിട്ടി എത്തിയ പോലീസ് സംഘം തോടിനടുത്തേക്ക് പോകുമ്പോള്‍ പയറ് തോട്ടത്തില്‍ മരതകവും അവരുടെ മൂന്നാമത്തെ മകനും നില്‍പ്പുണ്ടായിരുന്നു. മൂന്നു വലിയ മക്കള്‍ ഉണ്ട് മരതകത്തിന്. മൂത്തമകള്‍ പ്രസവിച്ച് കിടക്കുമ്പോഴായിരുന്നു പയര്‍ തോട്ടത്തിന്റെ നോട്ടക്കാരന്‍ നാഗരാജില്‍ ഉണ്ടായ കുഞ്ഞിനെ മരതകം പ്രസവിക്കുന്നതും ഉപേക്ഷിക്കുന്നതും.
കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചതെന്ന കാര്യം പോലീസ് തിരക്കാന്‍ ആരംഭിക്കുന്നത് കോട്ടത്തറ ആശുപത്രിയില്‍ ആ കുഞ്ഞ് സുഖം പ്രാപിച്ചതിനുശേഷമായിരുന്നു. മരതകത്തിലേക്ക് പോലീസിന്റെ ശ്രദ്ധയെത്തിക്കുന്നത് നാട്ടുകാരില്‍ ചിലരാണ്. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു മുമ്പു വരെ മരകത്തിന്റെ വയര്‍ വീര്‍ത്തിരിപ്പുണ്ടായിരുന്നു. ഇപ്പോഴാ വയറില്ല. ആ സംശയത്തില്‍ എന്തോ ഉണ്ടെന്നു പോലീസിനും തോന്നി. പ്രദേശത്തെ അംഗനവാടി ടീച്ചറെ കണ്ടു. അവരും മരതകത്തോട് വയറ് വീര്‍ത്തിരിക്കുന്നതിന്റെ കാരണം തിരക്കിയിരുന്നു. മണ്ണ് തിന്നിട്ട് വീര്‍ത്തതെന്നായിരുന്നു മറുപടി. തന്നോട് വയറിനെക്കുറിച്ച് ചോദിക്കുന്നവരോടെല്ലാം മരതകത്തിന്റെ മറുപടി അതു തന്നെയായിരുന്നു. അധികം ആരുമായി ഇടപഴകാറില്ലാതിരുന്ന മരതകം സാരി അമര്‍ത്തി ചുറ്റിയൊക്കെ താന്‍ ഗര്‍ഭിണിയാണെന്ന കാര്യം മറച്ചു പിടിച്ചു.
പോലീസ് മണ്ണ് തീറ്റയുടെ കഥ വിശ്വസിച്ചില്ല. സി ഐ മനോജ് കുമാര്‍ മരതകത്തെ ഗൈനക്കോളജിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയി. പരിശോധനയില്‍ ആ സ്ത്രീ തൊട്ടടുത്ത ദിവസങ്ങളില്‍ പ്രസവം കഴിഞ്ഞതാണെന്നു മനസിലായി. പോലീസിന്റെ ചോദ്യം ചെയ്യല്‍ കൂടി ആയപ്പോള്‍ മരതകം കുറ്റം സമ്മതിച്ചു. നാണക്കേട് ഓര്‍ത്തു ചെയ്തതാണത്രേ.
മരതകത്തിന് കിട്ടിയ ശിക്ഷ കുറഞ്ഞുപോയെന്ന് കരുതുന്നൊരാളുണ്ട്; സിവില്‍ പൊലീസ് ഓഫീസര്‍ സുന്ദരി. “എനിക്ക് അവരോട് ഒരിക്കല്‍ പോലും സഹതാപം തോന്നില്ല. കാരണം, ആ കുഞ്ഞിനോട് അങ്ങനെ ചെയ്യാന്‍ തോന്നിയൊരുവളാണ്. ക്രൂരയല്ലാത്തൊരാള്‍ക്കും ചെയ്യാന്‍ തോന്നാത്ത കാര്യം. അതിനുള്ള ശിക്ഷ കടുത്തതായിരിക്കണം”; സുന്ദരിയുടെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണ് ആ ദിനങ്ങള്‍.
“ആ കുഞ്ഞിനെ ആദ്യമായി കണ്ട നിമിഷം. അവള്‍ക്ക് ജീവനുണ്ടെന്നു തിരിച്ചറിഞ്ഞ നിമിഷം. അവയൊന്നും വിവരിച്ചു തരാന്‍ കഴിയില്ല. ഞാനപ്പോള്‍ ഒരു പോലീസുകാരിയയിരുന്നില്ല. ഒരമ്മയായിരുന്നു. രണ്ട് മക്കള്‍ എനിക്കുമുണ്ട്. ഞാന്‍ പ്രസവിച്ച മൂന്നാമത്തെ കുഞ്ഞെന്നപോലെയാണ് അവളെ ഞാന്‍ വാരിയെടുത്തത്. 12 അടിത്താഴ്ച്ചയുള്ള ആ തോട്ടില്‍ നിന്നും എങ്ങനെയാണ് ഞാന്‍ ഓടിക്കയറിയെന്ന് അറിയില്ല. ഏഴു ദിവസവും ഞാനവളുടെ കൂടെ ആശുപത്രിയില്‍ ഉണ്ടായിരുന്നു. ഉറങ്ങാതെ കാവലിരുന്നു. അവള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് ഉണ്ടായ സന്തോഷം, പറഞ്ഞറിയിക്കാന്‍ പറ്റില്ല. ഈ പോലീസ് യൂണിഫോം അണിയാന്‍ എനിക്ക് അവസരം കിട്ടിയതുകൊണ്ടാണല്ലോ ആ കുഞ്ഞിനെ രക്ഷിക്കാന്‍ സാധിച്ചത്. എന്റെ ജോലിയോട് അപ്പോഴെനിക്ക് പതിവിനേക്കാള്‍ ഇഷ്ടം തോന്നി. ഓരോ സ്വാതന്ത്ര്യദിനത്തിലും ഞങ്ങളുടെ മനസില്‍ ആദ്യമെത്തുന്നത് അവളുടെ ഓര്‍മകളാണ്.
ആശുപത്രിയില്‍ നിന്നും കൊണ്ടുപോയി ആറു മാസം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ പാലക്കാട് എത്തി അവളെ കണ്ടു. മിടുക്കി കുട്ടിയായി അവള്‍. ആ കുഞ്ഞ് ചിരിയും കളികളും കണ്ടപ്പോള്‍ സ്വയം നിയന്ത്രിക്കാനാകാത്ത വിധം ഞങ്ങള്‍ വികാരം കൊണ്ടു. അന്ന് കണ്ടതില്‍ പിന്നെ ഞാന്‍ ആ കുഞ്ഞിനെ കണ്ടിട്ടില്ല.
എനിക്കാ കുഞ്ഞ് ഒരു അത്ഭുത ശിശുവായാണ് തോന്നുന്നത്. രണ്ട് രാത്രിയും ഒരു പകലും പൂര്‍ണമായും ഒരു ദിവസം ഉച്ചവരെയും ആ തോട്ടില്‍ കിടന്നിട്ടും അവളുടെ ജീവന് ഒരാപത്തും വന്നില്ല. പാമ്പും പഴുതാരയും വന്യമൃഗങ്ങളും ഉള്ള കാടാണ്. മുള്‍പ്പടര്‍പ്പുകളും കരയിലകളും മൂടി തോടും. എന്നിട്ടും ഞങ്ങള്‍ എത്തുവരെ ആ ജീവന്‍ ആരോ കാത്തുവയ്ക്കുകയായിരുന്നു. കവിള്‍ മണ്ണില്‍ പൂണ്ട് മുഖം ചരിച്ചുവച്ചെന്ന പോലെയായിരുന്നു കുഞ്ഞ് കിടന്നിരുന്നത്. ഒരുപക്ഷേ മൂക്കും വായും മണ്ണില്‍ അമര്‍ന്നായിരുന്നു കിടന്നിരുന്നതെങ്കില്‍…
ഇന്നും ആ കുഞ്ഞിനെ ഓര്‍ക്കാതെ ഒരു ദിവസവും എന്റെ ജീവിതത്തില്‍ കടന്നു പോകുന്നില്ല. മരകതത്തെ ശിക്ഷിച്ച വിധി വന്ന ദിവസം പുലര്‍ച്ചെയായിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവളായിരുന്നു മനസ് മുഴുവന്‍. ഇപ്പോഴും ഞാനവളുടെ ഫോട്ടോ സൂക്ഷിച്ചിട്ടുണ്ട്. കാണണമെന്നു തോന്നുമ്പോള്‍ ഞാനാ ഫോട്ടോകള്‍ നോക്കും. നിയമപരമായി ചില തടസങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ അവളെ ഞാനെന്റെ മകളായി വളര്‍ത്തുമായിരുന്നു. എന്തായാലും ഇപ്പോള്‍ അവള്‍ക്ക് നല്ല രണ്ട് മാതാപിതാക്കളുണ്ട്. അവര്‍ക്കൊപ്പം സുഖമായി ജിവിക്കട്ടെ. എന്റെ രണ്ടു മക്കള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെക്കാള്‍ അവളുടെ ഭാവിക്കു വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഇനിയൊരിക്കലും കാണാത്ത അമ്മയും മകളുമാണ് ഞങ്ങള്‍. അവള്‍ക്ക് എന്നെ അറിയുക കൂടിയില്ല. ഇങ്ങനെയൊരു അമ്മ കൂടി അവള്‍ക്കുണ്ടെന്ന കാര്യം ഒരിക്കലും അറിയുകയും വേണ്ട”, സുന്ദരി അഴിമുഖത്തോട് പറഞ്ഞു.
ഒരിക്കല്‍ കൂടി കാണാന്‍ ആഗ്രഹിക്കുന്നില്ലേ ആ കുഞ്ഞിനെ എന്നു ചോദിച്ചാല്‍, സുന്ദരിക്ക് ആഗ്രഹമുണ്ട്. പക്ഷേ, മനഃപൂര്‍വം അത് വേണ്ടെന്നു വയ്ക്കുകയാണ്. “ഞങ്ങള്‍ കണ്ടാല്‍, ഞാന്‍ ആരാണെന്ന് അവളോട് പറയേണ്ടി വരും. അപ്പോള്‍ അവള്‍ ആരാണെന്ന കാര്യം അവള്‍ അറിയുകയും ചെയ്യും. അതവളെ തകര്‍ത്തു കളയും. കഴിഞ്ഞ കാലത്തെക്കുറിച്ച് ഒന്നും അറിയാതെയാണവള്‍ ഇപ്പോള്‍ വളരുന്നത്. അങ്ങനെ തന്നെ ജീവിക്കട്ടെ… അങ്ങനെയൊരു അനുഭവം അവള്‍ക്കുണ്ടായിരുന്നുവെന്ന് ഓര്‍മപ്പെടുത്തുന്ന ഒന്നും, ആരും എന്റെ മോള്‌ടെ ജീവിതത്തിലേക്ക് കടന്നു ചെല്ലേണ്ടാ…”