UPDATES

ട്രെന്‍ഡിങ്ങ്

തുല്യതയെ മനസ്സിലാക്കാൻ ആണുങ്ങൾക്ക് ഒരിക്കലും കഴിയാത്തതെന്ത്?

നമ്മുടെ സമൂഹത്തിന്റെ അധോലോകങ്ങളിൽ പുലരുന്ന ലിംഗ-സാമൂഹിക-സാമ്പത്തിക കൊടൂരതകളുടെ അന്ത്യത്തിനാദ്യം ആവശ്യം അതിനെ അറിയാൻ, അളക്കാൻ നമുക്കാവുകയെന്നതാണ്

അടിക്കുന്ന ഭർത്താവിനെ തിരിച്ചടിക്കുകയാണ് ഭാര്യ ചെയ്യേണ്ടത്, അതോടെ ആ പ്രശ്നം തീരും എന്ന് ഒരു പോസ്റ്റ് എഴുതിയിരുന്നു കുറച്ചു കാലം മുമ്പ്. ഭർത്താവ് ഭാര്യയെ അടിക്കുന്നത് ശരീരബലം ഉപയോഗിച്ച് പേടിപ്പിക്കാൻ കഴിയുമെന്നതിനാൽ അല്ല; സ്വന്തം വീട്ടുകാരും അവരുടെ വീട്ടുകാരും നാട്ടുകാരും സുഹൃത്തുക്കളും പോലീസുകാരും കുടുംബകോടതിയുമടങ്ങുന്ന എല്ലാ ആൺ കാര്യാലയങ്ങളിൽ നിന്നും കിട്ടുന്ന പിന്തുണയെക്കുറിച്ചുള്ള ബോധ്യം കൊണ്ടും സ്ത്രീ സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തുവാണെന്നുള്ള തോന്നലുകൊണ്ടും ആണെന്നുള്ള കാര്യം ആണ് പറയാൻ ശ്രമിച്ചത്. ആ പോസ്റ്റിനോട് പല ഉദ്യോഗസ്ഥരായ സ്ത്രീകളും കാണിച്ച വിചിത്രമായ നിശ്ശബ്ദതയെക്കുറിച്ചു ഞാൻ ആലോചിച്ചത് വളരെക്കാലം കൂടി ചില പെൺസുഹൃത്തുക്കളിൽ നിന്ന് വന്ന ഫോൺ വിളികളിലൂടെയാണ്. പീഡിതവും നിന്ദിതവുമായ ഗാർഹികജീവിതത്തെപ്പറ്റി അവർ പറഞ്ഞു. സ്വസഹോദരി ഭർതൃവീട്ടിലെ പീഡനം കൊണ്ട് കോലം കെട്ടുപോയതിനെപ്പറ്റിയും അവൾ വിവാഹമോചനം നേടാൻ ശ്രമിക്കുന്നതിനെപ്പറ്റിയും പറഞ്ഞിരുന്ന, യൂറോപ്പിൽ താമസിക്കുന്ന മുൻസഹപാഠിക്ക് ഒരു ഇംഗ്ലീഷ് പത്രത്തിൽ വന്ന പോസ്റ്റിന്റെ പരിഭാഷ അയച്ചു കൊടുത്തപ്പോൾ അവൾ ചോദിച്ചത് “ഭാര്യയെ തല്ലുന്ന ആളുകൾ ഇന്നുമുണ്ടോ?” എന്നാണ്. അത്രയ്ക്കായിരുന്നു denial.

ഗാർഹികതയുടെ നിലനിൽപ്പ് മൗനങ്ങളിലും ചൂഷണത്തിലും ആണെന്ന് ഉറച്ചു തോന്നിയ സമയത്തും ബഹുമാനത്തോടെ, പ്രതീക്ഷയോടെ നോക്കാൻ പറ്റിയ ഒരു ഇളം തലമുറ കേരളത്തിൽ വളർന്നുവന്നിട്ടുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. സ്വാതന്ത്ര്യത്തിന്റേതായ, സൗഹൃദത്തിന്റേതായ, പാരസ്പര്യത്തിന്റേതായ, കോളേജിൽ ഞങ്ങൾക്ക് ആലോചിക്കാൻ കൂടി കഴിയാതിരുന്ന തുറസ്സിന്റെ ലോകത്തു വളരുന്ന ചെറുപ്പക്കാർ. അവർ ഈ ചരിത്രപരമായ പരാധീനതകൾക്കു പുറത്തു വളരും എന്ന് തന്നെ വിചാരിച്ചിരുന്നു.

നമ്മുടെ ഗാർഹികാവസ്ഥകളിലെ ചൂഷണങ്ങളും ഭീഷണികളും പുതിയതെന്നു വിചാരിച്ച ഇടങ്ങളെയും ദുസ്സഹമാക്കുന്നുണ്ട് എന്നു അപാരമായ രാഷ്ട്രീയബോധ്യവും ധൈര്യവുമുള്ള ദളിത് സ്ത്രീ ആക്ടിവിസ്റ്റുകളുടെ എഴുത്തുകൾ വഴി കേട്ടറിയുന്നത് ഒരു പുസ്തത്തിന്റെ പണികൾക്കായി ഫേസ്ബുക്കിൽ നിന്ന് മാറിനിന്ന വേളയിലാണ്.

ഒരു ഭാഗത്തു നിരാശ തോന്നി. തുല്യതയെ മനസ്സിലാക്കാൻ ആണുങ്ങൾക്ക് ഒരിക്കലും കഴിയാത്തതെന്ത്? എന്തുകൊണ്ടാണ് അവർക്കു പെണ്ണിനെ അടക്കി വളർത്താനോ ശാരീരികമായി കീഴ്‌പ്പെടുത്താനോ (അതിനു ശ്രമിക്കാനോ) അല്ലാതെ ഒന്നിനും കഴിയാത്തതു? മിഡിൽ ക്ലാസ് മൊറാലിറ്റിക്കെതിരെ എന്ന് പറഞ്ഞു ഫ്യൂഡൽ ആസക്തിയിൽ സ്ത്രീകളെ ഉപഭോഗവൽക്കരിച്ചു സംസാരിക്കുന്ന ബുദ്ധിജീവികളെയും സ്വാനുകമ്പ (self-pity) യിൽ വീണുമരിച്ചു താൻ ഇര മാത്രമല്ല, വേട്ടക്കാരനാവുന്ന സമയവുമുണ്ട് എന്ന് ആലോചിക്കുക കൂടി ചെയ്യാൻ കഴിയാത്തവരുടെ രീതികളെയും കാണുമ്പോൾ മനസ്സിലാവുന്നത് നമ്മുടെ സ്പെക്ട്രത്തിന്റെ രണ്ടറ്റത്തും പുരുഷാധിപത്യത്തിന്റെ ദൗർബല്യങ്ങൾ മാത്രമാണെന്നാണ്. സ്ത്രീയെ, സ്ത്രീപ്രശ്നങ്ങളെ, സ്ത്രീവാദത്തെ തങ്ങൾക്കു പരസ്പരം സംസാരിക്കാനുള്ള മറ്റൊരു വിഷയം മാത്രമായി ചുരുക്കിയ പുരോഗമനപുരുഷനും ഈ വ്യവസ്ഥയുടെ നിലനിൽപിൽ കുറ്റകരമായ പങ്കാണുള്ളത്.

മറുഭാഗത്തു വലിയ പ്രതീക്ഷ തോന്നുന്നു: മേലാളപുരുഷത്വത്തിന്റെ ഏറ്റവും വലിയ ഇരകളായ ദളിത് സ്ത്രീകളുടെ ധാർമികശക്തിയിൽ നിന്ന് പുരുഷദൌര്‍ബല്യങ്ങളുടെ, അലസമായ പുരുഷ entitlement ഇന്റെ ക്രൂരതകളെ തുറന്നുകാണിച്ചു തള്ളിപ്പറയാൻ ഒരു movement തന്നെ വന്നിരിക്കുന്നു. രേഖാ രാജിന്റെ പോസ്റ്റുകളിലെ തീക്ഷ്ണമായ നീതിബോധം, സഹോദരിത്വം വല്ലാതെ പ്രചോദിപ്പിക്കുന്നു. സ്ത്രീയെന്ന സ്വത്വത്തെ ഉപയോഗിച്ച് തന്നെ ഈ ചൂഷണങ്ങളേയും പീഡനങ്ങളെയും നേരിടണമെന്ന ഷാഹിനയിലൂടെയും മറ്റു പലരിലൂടെയും പ്രസരിക്കപ്പെടുന്ന സ്ത്രീബഹുജനത്തിന്റെ രാഷ്ട്രീയബോധം ലിംഗനീതിയുടെ ചരിത്രത്തിൽ തന്നെ ഒരു വഴിത്തിരിവായേക്കാം.

നമ്മുടെ സമൂഹത്തിന്റെ അധോലോകങ്ങളിൽ പുലരുന്ന ലിംഗ-സാമൂഹിക-സാമ്പത്തിക കൊടൂരതകളുടെ അന്ത്യത്തിനാദ്യം ആവശ്യം അതിനെ അറിയാൻ, അളക്കാൻ നമുക്കാവുകയെന്നതാണ്. അത്തരമൊരു പ്രക്രിയയുടെ തുടക്കമാണ് ഈ സ്ത്രീ സുഹൃത്തുക്കളിൽ നിന്നുണ്ടായിട്ടുള്ളത്. അതിനു വലിയ സ്നേഹബഹുമാനങ്ങളോടെ നന്ദി പറയേണ്ടതുണ്ട്.

*ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

എന്‍.പി ആഷ്‌ലി

എന്‍.പി ആഷ്‌ലി

ഡല്‍ഹി സെന്റ്‌. സ്റ്റീഫന്‍സ്‌ കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍