UPDATES

മ്യൂസ് മേരി

കാഴ്ചപ്പാട്

മെര്‍ക്കുറി

മ്യൂസ് മേരി

ട്രെന്‍ഡിങ്ങ്

‘നീ കുമ്പസാരിക്കുവോടീ’, പാപചിന്തകളില്‍ നിന്നിറങ്ങി നടക്കുന്ന മറിയാമ്മച്ചിമാര്‍

മനസ്താപത്തെയും പുനര്‍വായിക്കുന്നുണ്ടെങ്കിലും പാപമിപ്പോഴും സദാചാരപരിസരത്ത് തന്നെയാണ് കൂടുതലായും ചുറ്റിക്കറങ്ങുന്നത്.- ഭാഗം 2

ഒരു നാടിന്‍റെ ഉള്ളില്‍ മാത്രം ജീവിച്ചിരുന്ന ചില മനുഷ്യരുണ്ട്‌, നാമെന്നും കണ്ടിരുന്ന, എന്നാല്‍ ഒരിക്കലും നമ്മുടെയൊന്നും കണ്ണുകള്‍ക്ക് യാതൊരു അസാധാരണത്വവും സമ്മാനിക്കാതിരുന്ന ജീവിതങ്ങള്‍, പറമ്പിലും അടുക്കളയിലും തോട്ടിലുമൊക്കെയായി അവരുടെ ജീവിതം മുന്നോട്ടു പോയി. അവര്‍ക്കെന്തെങ്കിലും സ്വപ്‌നങ്ങള്‍  ഉണ്ടായിരുന്നോ? ഓരോ കുടുംബത്തിനും അവരാരായിരുന്നു? അവര്‍, അവരുടെ മണങ്ങള്‍, അവരുടെ രുചികള്‍… മ്യൂസ് മേരിയുടെ പരമ്പര തുടരുന്നു.

ആദ്യഭാഗം ഇവിടെ വായിക്കാം: വിയര്‍പ്പും മണ്ണും കരീം എരിവുമുള്ള ജീവിതം കൊന്തജപ കണ്ണീരിലൊളിപ്പിച്ച ചേടത്തിമാര്‍

ഭാഗം 2

നീ കുമ്പസാരിക്കുവോടീ’‘ – അയലോക്കത്തെ വീട്ടീന്ന് ഉയരുന്ന ഒച്ചയ്ക്ക് ചെവി കൊടുത്തോണ്ട് മറിയാമ്മച്ചി മുറുക്കാനിടിക്കുകയാണ്. ചോദ്യം ഉയരുന്തോറും മറുപടിക്കു പകരം അമര്‍ത്തിപ്പിടിച്ച ഏങ്ങല്‍ ചെറുതായി ഉയരുന്നുണ്ട്. അതു ശ്രദ്ധിച്ചോണ്ടിരിക്കുന്ന മരുമോളോട് മറിയാമ്മച്ചി തട്ടിക്കേറി. ‘‘നീയവിടുന്ന് എന്നാ കേക്കാനാടീ കയ്യാലച്ചോട്ടില്‍ ചെവീം വട്ടം പിടിച്ചോണ്ട് നില്‍ക്കുന്നത്. കേറിപ്പോടീ അകത്തോട്ട്. അടുക്കളേ വല്ല പണീവൊണ്ടെങ്കില്‍ ചെയ്യ്. ഇല്ലേ പോയി സപ്രമഞ്ചക്കട്ടിലില്‍ കെടക്ക്’‘. മറിയാമ്മച്ചീടെ ഇടപെടല്‍ ആലീസുകുട്ടിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഇനീം അവിടെ നിന്നാല്‍ തള്ളേടെ വായീന്നു കൂടുതല്‍ വല്ലോം കേക്കുവെന്നോര്‍ത്ത് ആലീസുകുട്ടി അടുക്കളേലോട്ട് ചവിട്ടിത്തുളളി കേറിപ്പോയി. ആ പോക്ക് ഒട്ടും ഇഷ്ടപ്പെടാഞ്ഞ് മറിയാമ്മച്ചി മുറുക്കാനിടി നിര്‍ത്തി അടുക്കളേലോട്ട് നോക്കിപ്പറഞ്ഞു, ‘‘എല്ലാ അവളുമാരുടേം ചരിത്രവൊക്കെ എനിക്കും അറിയാം. അധികം നെഗളിക്കണ്ടാ.’‘ അപ്പുറത്തെ വീട്ടിലെ മേരിമ്മേടെ വായീന്ന് എന്തെങ്കിലും കേള്‍ക്കാമെന്ന പ്രതീക്ഷക്ക് ഭംഗം വന്ന ആലീസുകുട്ടി ഇച്ഛാഭംഗം മറച്ചുവച്ചുകൊണ്ട് തള്ളേ നോക്കിച്ചിരിച്ചു. ഇവരോട് എറ്റാന്‍ പോയാല്‍ തന്നെക്കുറിച്ച് ഉളളതും ഇല്ലാത്തതും അവര്‍ പറഞ്ഞുകളഞ്ഞേക്കുമോ എന്ന ഭയം ആലീസുകുട്ടിയെ പിടികൂടി.

അപ്പോഴും കുഞ്ഞൂവര്‍ക്കിച്ചേട്ടന്റെ മര്‍ദ്ദനം തുടരുകയാണ്. പുറത്തേക്കു തിരിഞ്ഞു കേക്കാവുന്നത് ‘‘നീ കുമ്പസാരിക്കുവോടീ’‘ എന്ന ചോദ്യവും മേരിമ്മേടെ പുറത്ത് മുഷ്ടി വന്നുവീഴുന്ന ശബ്ദവുമാണ്. മുറുക്കാനിടിക്കല്‍ നിര്‍ത്തി മറിയാമ്മച്ചി അല്‍പം ദേഷ്യത്തോടെ പറഞ്ഞു. ”ഈ കുഞ്ഞുവര്‍ക്കിക്കിത് എന്തിന്റെ കേടാ? അവന്റെ പെണ്ണുംപിളള ഒന്നു പെറ്റതാണെന്ന് അറിഞ്ഞോണ്ടല്ലേ അവടെ കഴുത്തില്‍ മിന്നുവച്ചത്. കെട്ടി പിന്നഞ്ചാറ് മക്കളുവായിക്കഴിഞ്ഞപ്പോഴല്ലേ അവന്റെ കുമ്പസാരപ്പേടി. തന്തയില്ലാതെ ഒന്നു പെറ്റ പെണ്ണിനെ കെട്ടുമ്പം അവടെ വീട്ടുകാരു കൊടുക്കുന്ന പൊന്നും പണോം മതിയായിരുന്നു. ആദ്യം മിന്നുകെട്ടിയവളെ കുഴീലോട്ടെടുത്ത് തലതെറിച്ച നാലഞ്ച് പിള്ളാരും ഉളള ഇവനു കിട്ടുവാരുന്നു പിന്നെ പൊന്നുംകൊടത്തിനെ’“. കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ ഭാര്യാമര്‍ദ്ദനത്തിലുളള സകല ദേഷ്യോം മറിയാമ്മച്ചിയുടെ വാക്കുകളിലുണ്ടായിരുന്നു.

പാപത്തെക്കുറിച്ചുളള ആലോചനകളിലൊക്കെ കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ ”കുമ്പസാരിക്കുവോടീ” എന്ന ചോദ്യം മുഴങ്ങുന്നുണ്ട്. കുമ്പസാരിച്ചാല്‍ തന്റെ ഭാര്യക്ക് സംഭവിച്ച ലൈംഗിക ‘അപഭ്രംശം’ പളളീലച്ചന്‍ അറിയുവോന്ന ഭയം ആയിരിക്കാം കാരണം എന്ന് ഇന്നു ഞാന്‍ ഊഹിക്കുന്നു. അതോ ഭാര്യയുടെ ലൈംഗിക’വിശുദ്ധി’യെക്കുറിച്ചുള്ള ഭര്‍ത്താവിന്റെ സംശയങ്ങളോ? എന്തായാലും പാപവും കുമ്പസാരവും സണ്‍ഡേസ്‌കൂള്‍ ക്ലാസില്‍ പഠിച്ചതും പഠിപ്പിച്ചതുമൊക്കെ കഴിഞ്ഞ് കൂടുതലെന്തോ ആണെന്ന് കുഞ്ഞുവര്‍ക്കിച്ചേട്ടന്റെ കോപവും മേരിമ്മച്ചേടത്തിയുടെ നിശ്ശബ്ദതയും എന്നെ തോന്നിപ്പിച്ചു.

പാപം എന്നുവച്ചാലെന്താണ്? ദൈവകല്പനകളുടെയും സഭാനിയമങ്ങളുടെയും ലംഘനമാണ് പാപം എന്ന് ചുരുക്കത്തില്‍ പറയാം. അത് ചാവുദോഷവും പാപദോഷവും ദൈവദോഷവുമൊക്കെയായി എനിക്കൊപ്പം ചുറ്റിത്തിരിഞ്ഞു. ലഘുപാപവും മാരകപാപവും ആയി വേഷം മാറി നടന്നു. പാപശങ്കയെന്നത് അന്നും ഇന്നും ഓരോ വാക്കിനും പ്രവൃത്തിക്കും മുകളില്‍ അടയിരിക്കുന്നു. വിചാരത്താലും വാക്കാലും പ്രവൃത്തിയാലും പാപം ചെയ്തുപോയി. എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ. അങ്ങനെ കുമ്പസാരത്തിനുമുന്‍പ് മനസ്താപങ്ങളുടെ താഴ്‌വരയിലൂടെ ഏറ്റുപറച്ചിലിന്റെ മന്ത്രങ്ങളുമായി ദൈവത്തോട് ക്ഷമായാചനം നടത്തിയിരുന്നവരാണ് കാഞ്ഞിരപ്പള്ളിയിലെ ഒട്ടുമിക്ക കത്തോലിക്കരും. ഇത്തരം പാപവിചാരത്തിലൂടെ കടന്നുപോകാതിരിക്കാന്‍ ഒരു സത്യവിശ്വാസിക്ക് ആവില്ല. പാപം ചെയ്തുപോയി എന്ന ചിന്തയാണ് മനസ്താപത്തിന്റെ ആധാരം. മനസ്താപമില്ലാതെ കുമ്പസാരിച്ചിട്ട് ഒരു കാര്യവുമില്ല.

ജനിച്ചിട്ട് ഏഴുദിവസം പ്രായമായ എന്നെയും കൊണ്ട് മാമ്മോദീസാ മുക്കാനായി പോകുമ്പോള്‍ ഞാനും ഒരു പാപബന്ധനത്തിലായിരുന്നു. ആദിമാനവനായ ആദാമിന്റെ പാപം എല്ലാ മനുഷ്യരിലും ഉള്ളടങ്ങിയിരിക്കുന്നു. പിറന്നുവീഴുന്ന ഓരോ ശിശുവും ഈ പാപബന്ധനത്തിലാണ്. ഈ പാപത്തെ ഉത്ഭവപാപം / ജന്‍മപാപം എന്ന് കത്തോലിക്കര്‍ വിളിക്കുന്നു. അനാരാഗ്യത്തോടെ ജനിക്കുന്ന ശിശുവാണെങ്കില്‍ അപ്പോള്‍ത്തന്നെ വീട്ടുമാമ്മോദീസ നല്‍കും. ഈ പാപബന്ധനം അഴിയാതെ ആ കുഞ്ഞെങ്ങാനും മരിച്ചുപോയെങ്കില്‍ ആ കുഞ്ഞും സ്വര്‍ഗ്ഗം പ്രാപിക്കാതെ പോകുമല്ലോ. ഏതായാലും ജനിച്ച് ഏഴുദിവസമായി എന്നെയും കൊണ്ട് അമ്മച്ചിയും (മമ്മിയുടെ അമ്മ) അപ്പച്ചിയും (പപ്പയുടെ അപ്പന്‍) പള്ളിയില്‍ ചെല്ലുമ്പോള്‍ ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു. പറഞ്ഞുകേട്ട അറിവാണ് കേട്ടോ ഇതെല്ലാം. 8-ാം മാസ കുഞ്ഞായതിനാല്‍ എല്ലാവരും കൂടുതല്‍ ശ്രദ്ധിച്ചിരുന്നു. അസുഖമൊന്നും വരരുതല്ലോ. തനിക്കറിയില്ലാത്ത ഉത്ഭവപാപഭാരവുമായി ഉറങ്ങുന്ന കുഞ്ഞിനെ പള്ളി സ്വീകരിച്ചു. മാമ്മോദീസ വെള്ളം തലയില്‍ വീണു. ഈ ഭൂമിയില്‍ എനിക്കൊരു പേരുണ്ടായി. ‘മറിയ’. പപ്പയുടെ അമ്മയുടെ പേരാണത്. അതാണ് എനിക്ക് കിട്ടിയ ആദ്യ നാമം. മൂത്ത മകള്‍ക്ക് അപ്പന്റെ അമ്മയുടെ പേരും മൂത്ത മകനാണെങ്കില്‍ അപ്പന്റെ അപ്പന്റെ പേരും മാമ്മാദീസാ പേരു കൊടുക്കുന്നതാണ് സാധാരണ രീതി. അങ്ങനെ ഞാന്‍ മറിയയായി. മാമ്മോദീസ മുക്കിയ കുര്യനച്ചന്‍ അല്ലാതെ ആരും എന്നെ ആ പേര് വിളിച്ചിട്ടില്ല. അലക്‌സാണ്ടര്‍ പോപ്പിന്റെ കവിതയില്‍ നിന്ന് എനിക്കുള്ള മ്യൂസ് എന്ന പേര് എന്റെ പപ്പ കണ്ടെത്തി. മ്യൂസ് എന്ന വിളിപ്പേരും മാമ്മോദീസ പേരായ മറിയയുടെ പര്യായമായ മേരിയും പപ്പയുടെ പേരായ വര്‍ഗ്ഗീസിന്റെ ഇംഗ്ലീഷ് രൂപമായ ജോര്‍ജ്ജും ചേര്‍ത്ത് ഞാന്‍ മ്യൂസ് മേരി ജോര്‍ജ്ജ് ആയി പേരിടല്‍ പൂര്‍ത്തിയാക്കി. പേരിങ്ങനെയൊക്കെയാണെങ്കിലും ആദിപാപത്തിന്റെ പിടിയില്‍നിന്ന് എനിക്ക് വിടുതി തന്ന പേര് മേരിയാണ്. അങ്ങനെ ഉത്ഭവപാപത്തില്‍ നിന്നൊരാള്‍ മോചനം നേടിയാലും പിന്നെത്രയോ പാപങ്ങള്‍ അയാളെ ഇരപിടിക്കാന്‍ ഇരിക്കുന്നു. പാപബോധം ഇല്ലാതെപോകുന്ന മനുഷ്യരെ കുറിച്ച് സഭയ്ക്ക് വലിയ ഉല്‍ക്കണ്ഠയുമുണ്ട്.

ഉത്ഭവപാപം, ചാവുദോഷം, പാപദോഷം, മാരകപാപം, ലഘുപാപം എന്നിങ്ങനെയുള്ള പാപവിഭജനം സണ്‍ഡേസ്‌കൂള്‍ ക്ലാസില്‍ നിന്ന് കിട്ടുന്നതാണ്. നന്നേ ബാല്യത്തില്‍ത്തന്നെ പാപബോധത്തില്‍ വീണുപിടയാതെ അക്കാലത്ത് ആരും ബാല്യകൗമാരങ്ങള്‍ കടന്നിട്ടില്ല. ചാവുദോഷമൊക്കെ കുഞ്ഞുങ്ങള്‍ ചെയ്യുന്ന ലിസ്റ്റില്‍ വരില്ല. കൊലപാതകം, വലിയ മോഷണം, വ്യഭിചാരം, കള്ളസാക്ഷി പറയല്‍ തുടങ്ങിയവയൊക്കെ ചാവുദോഷം അല്ലെങ്കില്‍ മാരകപാപം എന്നു പറയപ്പെടുന്നു. അതൊക്കെ ചെറിയ കുട്ടികള്‍ ചെയ്യാറില്ല. സഭയ്ക്കും സഭാനിയമങ്ങള്‍ക്കും എതിരായ പാപങ്ങളാണ് പാപദോഷം. ചെറിയചെറിയ കള്ളങ്ങള്‍ പറയുക, കുശുമ്പുകുത്തുക, ക്ലാസില്‍ അശ്രദ്ധമായിരിക്കുക, പാഠം പഠിക്കാതെ വരിക, അധ്യാപകരെ ബഹുമാനിക്കാതിരിക്കുക, മാതാപിതാക്കള്‍ പറയുന്നത് അനുസരിക്കാതിരിക്കുക തുടങ്ങിയവയൊക്കെ ലഘുപാപങ്ങളാണ്. ഇങ്ങനെ പ്രഭാതം മുതല്‍ പ്രദോഷം വരെ പാപത്തിന്റെ കെട്ടുപ്പാടുകള്‍ക്കുള്ളിലാണ് ഓരോ ജീവിതവും. സൂക്ഷ്മമായി ആലോചിച്ചാല്‍ പാപത്തിന് ഒരു ലോഭവുമില്ല നിത്യജീവിതത്തില്‍. പലപ്പോഴും ശരീരം തന്നെ ഒരു പാപസ്മരണയായി മാറുന്നു.

Also Read: നോമ്പ്, പാതിരാക്കുര്‍ബാന, അപ്പം, ഇറച്ചി, അരയ്ക്കല്‍, വറക്കല്‍, പുല്‍ക്കൂട്ടിലെ ഉണ്ണീശോകള്‍; മ്യൂസ് മേരിയുടെ കാഞ്ഞിരപ്പള്ളി ക്രിസ്തുമസ്

ആദ്യ കുര്‍ബ്ബാന കൈക്കൊള്ളലിനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്ന സമയത്താണ് പാപത്തെക്കുറിച്ച് നാരിഴ കീറി പഠിച്ചുതുടങ്ങുന്നത്. അതുവരെ ഇതൊന്നും അത്ര കാര്യമായി കരുതിയിരുന്നില്ല. മൂന്നാം ക്ലാസില്‍ നിന്ന് ജയിക്കുന്ന വല്യ അവധിക്കാലത്താണ് പൊതുവെ ആദ്യകുര്‍ബ്ബാന കൈക്കൊള്ളല്‍ ചടങ്ങ്. അതിനു തലേന്ന് ആദ്യ കുമ്പസാരം നടത്തും. ജൂലിയാമ്മ സിസ്റ്റര്‍ ആണ് ഞങ്ങളെ ആദ്യകുര്‍ബ്ബാനയ്ക്ക് പരിശീലിപ്പിച്ചത്. നമസ്‌കാരങ്ങള്‍ (കത്തോലിക്കര്‍ ചൊല്ലുന്ന പ്രാര്‍ത്ഥനകള്‍), വിശ്വാസപ്രമാണം, സഭാനിയമങ്ങള്‍, പത്തുകല്പനകള്‍, മൂലപാപങ്ങളും അവയ്‌ക്കെതിരായ പുണ്യങ്ങളും, ദൈവമുമ്പാകെ നിലവിളിക്കുന്ന പാപങ്ങള്‍ തുടങ്ങിയവയൊക്കെ ജൂലിയാമ്മ സിസ്റ്റര്‍ ശാന്തസ്വരത്തില്‍ ഞങ്ങളെ പഠിപ്പിച്ചു. സിസ്റ്റര്‍ അങ്ങനെ കോപിക്കാറേയില്ല. ഇങ്ങനെ പഠിപ്പിക്കുന്നതിനിടയില്‍ സിസ്റ്റര്‍ ചാര്‍ട്ടൊക്കെ ഉപയോഗിക്കും. പാപിയുടെ മനസ്സും മാനസാന്തരപ്പെട്ട് പാപമോചനം നേടിയ ആളിന്റെ മനസ്സും ചിത്രീകരിക്കുന്ന ചാര്‍ട്ടുകള്‍ ഞാനിന്നും ഓര്‍മ്മിക്കുന്നു. പാപിയുടെ മനസ്സെന്ന ചാര്‍ട്ടില്‍ നീല പ്രതലത്തില്‍ പാമ്പും പന്നീം അട്ടേം ഒക്കെ വെരകിനടക്കുന്ന ഇടത്തിന്റെ ചിത്രമാണ് ചേര്‍ത്തിരിക്കുന്നത്. അതുകണ്ട് വിജയച്ചിരിയുമായി പിശാച് നോക്കിനില്‍ക്കുന്നു. മാനസാന്തരപ്പെട്ട് പാപമോചനം നേടിയ നല്ല മനസ്സുള്ള ആളിന്റെ ചിത്രത്തില്‍ പ്രകാശവും വെളുപ്പുനിറവും പൂക്കളും ഒക്കെയാണുള്ളത്. സന്തോഷച്ചിരിയോടെ ഉറ്റുനോക്കുന്ന മാലാഖയുമാണുള്ളത്. പാപബോധം ഉണ്ടാക്കിയെടുക്കുന്നതില്‍ ജൂലിയാമ്മ സിസ്റ്റര്‍ വിജയിച്ചു. സ്‌കൂളില്‍ ലേറ്റായാല്‍, ഹോംവര്‍ക്ക് ചെയ്തില്ലെങ്കില്‍, ഞായറാഴ്ച കുര്‍ബ്ബാന മുടങ്ങിയാല്‍ വിളിച്ചാലുടനേ ‘എന്തോ’ എന്നു വിളികേട്ടില്ലെങ്കില്‍ ഒക്കെ പാപങ്ങള്‍ വന്ന് നിറയാന്‍ തുടങ്ങി. അങ്ങനെ കുമ്പസാരമൊന്ന് നടത്തിക്കിട്ടാന്‍ കൊതിവന്നുതുടങ്ങി. ആദ്യത്തെ കുമ്പസാരദിവസം മനസ്സില്‍ ഉല്കണ്ഠ വന്നുനിറയാന്‍ തുടങ്ങി. ഏതെങ്കിലും പാപം അച്ചനോട് പറയാന്‍ വിട്ടുപോയാല്‍ കുര്‍ബ്ബാന കൈക്കൊള്ളുമ്പോള്‍ ഈശോ എന്റെ മനസ്സില്‍ വരാതിരിക്കുമോ? ഞാനും ആങ്ങള നിമിയും ഒത്താണ് ആദ്യകുര്‍ബ്ബാന കൈക്കൊള്ളാന്‍ പഠിച്ചതും കുമ്പസാരത്തിനുപോയതും ആദ്യകുര്‍ബ്ബാന കൈക്കൊണ്ടതും. കുമ്പസാരത്തിനു മുന്‍പുള്ള പ്രാര്‍ത്ഥന പഠിച്ചിട്ടുണ്ട്. അതില്‍ എന്റെ പിഴ, എന്റെ പിഴ, എന്റെ പിഴ എന്നു മൂന്നു പ്രാവശ്യം വരും. ഞാന്‍ പിഴയാളി എന്നു പണ്ടത്തെ കാരണവന്മാര്‍ പറയുന്നത് ഈ പ്രാര്‍ത്ഥനയെയാണ്. എന്റെ ദൈവമേ, ഏറ്റം നല്ലവനും എല്ലാറ്റിലും ഉപരിയായി സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനുമായ അങ്ങേയ്‌ക്കെതിരായി പാപം ചെയ്തതിനാല്‍ പൂര്‍ണ്ണ ഹൃദയത്തോട് മനസ്തപിക്കുന്നു. ഇനി പാപം ചെയ്യില്ലായെന്ന് പ്രതിജ്ഞ ചെയ്യുന്നു. ഏതെങ്കിലും പാപം ചെയ്യുന്നതിനേക്കാള്‍ ഞാന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു എന്നതാണ് മനസ്താപ പ്രാര്‍ത്ഥന.

പാപത്തേക്കാള്‍ നല്ലത് മരണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. മരിയഗൊരേത്തി പുണ്യവതിയുടെ ചരിത്രം അതാണ് പഠപ്പിക്കുന്നത്. അലക്‌സാണ്ടര്‍ എന്ന യുവാവിന്റെ ലൈംഗികപ്രലോഭനത്തിന് വഴങ്ങാതെ അയാളുടെ കൊലക്കത്തിക്ക് ഇരയായി മരിച്ച മരിയ ഗൊരേത്തിപ്പുണ്യവതിയെ മാതൃകയാകാന്‍ ഞങ്ങളൊക്കെ ശീലിപ്പിക്കപ്പെട്ടു. അത്രമാത്രം പാപത്തെ അകറ്റിനിര്‍ത്താന്‍ പഠിപ്പിച്ചതുമൂലം ഇന്നും ഉള്ളകത്ത് ഈ പാപബോധത്തിന് സ്ഥാനമുണ്ട്. പക്ഷേ, പാപമോചനത്തിന് അധികാരി പുരോഹിതനാണ്. പുരോഹിതന്‍ പാപം ചെയ്താലോ മെത്രാന്‍ പാപം ചെയ്താലോ അവരുടെയടുത്ത് കുമ്പസാരിക്കാന്‍ പാടുണ്ടോ എന്നു ചിന്തിച്ചുതുടങ്ങിയത് പില്‍ക്കാലത്താണ്. ഏതായാലും ആദികുമ്പസാരത്തിനുശേഷം മനസ്സില്‍ ഒരു കള്ളവുമില്ല. പിണക്കവുമില്ല. സുകൃതജപങ്ങള്‍ കൊണ്ട് മനസ്സ് നിറഞ്ഞു. പിറ്റേന്നു രാവിലെ ആദികുര്‍ബ്ബാന സ്വീകരണമാണ്. വെളുത്ത ഉടുപ്പും നെറ്റും മുടിയുമൊക്കെവച്ച് കൈയ്യില്‍ ബൊക്കെയുമായി ഞാനും വെളുത്ത ട്രൈസറും ഷര്‍ട്ടുമിട്ട് നിമിയും കുര്‍ബ്ബാന സ്വീകരിച്ചു. കുര്‍ബ്ബാന അപ്പത്തിന് ‘ഓസ്തി’ എന്നാണ് പറയുക. ഓസ്തി വീഞ്ഞില്‍ മുക്കി അച്ചന്‍ വായില്‍ വച്ചുതന്നു. അപ്പം വായില്‍ വച്ചാല്‍ ചവയ്ക്കാതെ വിഴുങ്ങണം എന്നാണ് പഠിപ്പിച്ചിട്ടുള്ളത്. ഏതായാലും ചവയ്ക്കാതെ വിഴുങ്ങി. എങ്കിലും കുര്‍ബ്ബാന കഴിഞ്ഞ് പള്ളിമുറ്റത്തിറങ്ങി, ഫോട്ടോയ്ക്ക് നില്‍ക്കുമ്പോഴൊക്കെ ഉള്ളിലൊരു അങ്കലാപ്പാണ്. ഓസ്തി അപ്പത്തിന്റെ അല്പം തരിയെങ്ങാനും വായിലുണ്ടോ? തുപ്പിയാല്‍ ഈശോ പോകില്ലേ. തുപ്പലിനൊപ്പം വീഴുന്ന അപ്പത്തിന്റെ തരി ആരെങ്കിലും ചവിട്ടിയാല്‍ ഈശോയെ ചവിട്ടുന്നപോലാകില്ലേ? അതുകാരണം ഒരു തുപ്പല്‍കണം പോലും വെളിയില്‍ കളയാതെ വിഴുങ്ങിക്കൊണ്ടിരുന്നു. പയ്യെപ്പയ്യെ ആ സംഘര്‍ഷമൊക്കെ പോയി. കേറിയ ഈശോ അങ്ങനെയിങ്ങനെയൊന്നും പോകില്ലായെന്ന് തിട്ടമായി.

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ആദ്യ വെള്ളിയാഴ്ച ഉച്ചയ്ക്ക് കുര്‍ബ്ബാനയുണ്ട്. അതിനുമുന്‍പ് കുര്‍ബ്ബാന കൈക്കൊള്ളപ്പാട് കഴിഞ്ഞ എല്ലാ കുട്ടികളും കുമ്പസാരിച്ച് കുര്‍ബ്ബാന കൈക്കൊള്ളണം എന്നാണ് ചട്ടം. കുമ്പസാരിക്കാന്‍ വേണ്ടി ഒരു ക്ലാസിലെ ഏതാണ്ട് ഒട്ടുമുക്കാല്‍ പിള്ളേരും പോയി കുമ്പസാരക്കൂടിന്റെ പിന്നില്‍ നിരനിരയായി മുട്ടുകുത്തും. കുറച്ചുനേരം കഴിയുമ്പോള്‍ മുന്നില്‍നിന്ന് മുട്ടുകുത്തിയ ആളിന്റെ കാല് ദേഹത്ത് മുട്ടിയെന്നും ചവിട്ടിയെന്നും ഒക്കെപ്പറഞ്ഞ് കശപിശ തുടങ്ങി കലപിലയാകും. മുട്ടുകുത്തിനില്‍ക്കുന്നിടത്തുനിന്ന് പടേന്ന് താഴെ വീഴും. അപ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അമര്‍ത്തിച്ചിരിക്കും. പിന്നെ ചിരി ചീറ്റിപ്പൊട്ടും. അതുകണ്ടവര്‍ ചിരിക്കും. ചില മര്യാദക്കുട്ടന്മാര്‍ ഇതൊന്നും കണ്ടാലും ഇളകാതെ ഭക്തിസാന്ദ്രമായ ഭാവഹാവാദികളോടെ നില്‍ക്കും. ചിരിയോ കലപിലയോ അല്പമെങ്ങാനും കൂടിപ്പോയാല്‍ കുമ്പസാരക്കൂട്ടിലിരിക്കുന്ന അച്ചന്‍ അവിടുന്നിറങ്ങിവന്ന് ശാസിക്കും. ശാസിച്ചിട്ട് അച്ചന്‍ കുമ്പസാരക്കൂട്ടില്‍ക്കേറ്റി കുറച്ചുനേരം കഴിയുമ്പോള്‍ പിന്നേം തുടങ്ങും.

ഒരിക്കല്‍ ഒരു തിരുമാലി തന്റെ മൂക്കിലെ അല്പം ഉണങ്ങിയ മൂക്കട്ടയെടുത്ത് മുമ്പില്‍ മുട്ടുകുത്തിനില്‍ക്കുന്നവന്റെ ഉള്ളംകാലില്‍ തേച്ചുവച്ചു. ഇതുകണ്ടവന്‍ അവന്റെ ചെവീ കുശുകുശുത്തു. മൂക്കട്ട തേച്ചവനിട്ട് ഉടനെ കിട്ടി പുറത്തൊരിടി. പിന്നത്തെ രംഗം പറയേണ്ടല്ലോ. പള്ളിയെവിടെ, പട്ടക്കാരനെവിടെ? ഇതൊക്കെ ചിന്തിക്കാന്‍ നേരമുണ്ടോ? ബഹളംകേട്ട് കുമ്പസാരക്കൂട് വിട്ടിറങ്ങിയ അച്ചന്‍ ക്രമസമാധാനപാലത്തിന്റെ ഭാഗമായി രണ്ടിന്റേം ചെവീപ്പിടിച്ച് കിഴുക്കി, പിടിച്ചുമാറ്റി നിര്‍ത്തി കുമ്പസാരം തീരുന്നിടം വരെ മുട്ടുമ്മേല്‍ നിര്‍ത്തിയതും ഓര്‍ക്കുന്നു.

പിന്നൊരിക്കല്‍ പത്താംക്ലാസില്‍ പഠിക്കുമ്പോള്‍ പാപം മറ്റൊരു രൂപത്തില്‍ ക്ലാസില്‍ അവതരിച്ചു. അക്കാലത്ത് ഞങ്ങളില്‍ കുറെയെണ്ണം പ്രേമത്തിന്റെ മൃദുമന്ദഹാസങ്ങള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടില്ലാത്ത പൊട്ടിക്കാളികളായിരുന്നു. കുറച്ചുപേര്‍ തങ്ങള്‍ മുതിര്‍ന്ന പെണ്ണുങ്ങളാണെന്ന തികഞ്ഞ ബോധ്യം ഉള്ളവരും. അവര്‍ക്കിടയില്‍ പതുക്കെപ്പതുക്കെയുള്ള ചിരികളും അടക്കംപറച്ചിലുകളും ഉണ്ടായിരുന്നു. അവര്‍ക്ക് ഞങ്ങളോട് വാത്സല്യം കലര്‍ന്ന സഹതാപമാണ് ഉണ്ടായിരുന്നത് എന്നിപ്പോള്‍ തോന്നുന്നു. ആ ‘വികാരവതി’കളിലൊരാളെ സിസ്റ്റര്‍ പിടികൂടി. ഒരു സിനിമാമാസികയിലെ ഒരു ഫോട്ടോ വെട്ടിയെടുത്ത് കൊണ്ടുവന്ന് അവര്‍ രഹസ്യമായി കാണുന്നതിനിടയിലാണ് സിസ്റ്ററുടെ കടന്നുകയറ്റവും പ്രതിയെ പിടികൂടലും. ഞങ്ങള്‍ക്ക് ആദ്യം കാര്യം പിടികിട്ടിയില്ല. ‘എന്താ ആ മാസികയുടെ പ്രശ്‌നം’ എന്നായി ക്ലാസിലെ ഒരു വിഭാഗത്തിന്റെ പ്രശ്‌നം. മറ്റവരാണെങ്കിലും അടക്കിയ ചിരിയും നേരിയ പുച്ഛവുമായി നില്‍ക്കയാണ്. ഏതോ നടിയുടെ അര്‍ദ്ധനഗ്ന (അതോ അതില്‍ കൂടുതലോ) ആയ ചിത്രമാണ് അവര്‍ രഹസ്യമായി കണ്ടുകൊണ്ടിരുന്നത്. വലിയ പാപികളായി അവരെ വിളിച്ചോണ്ടുപോകുന്നതും ശാസിക്കുന്നതുമൊക്കെ ഓര്‍ക്കുമ്പോള്‍ ഇപ്പോള്‍ ചിരിവരുന്നുണ്ട്. അതായത് പൊതുവെ പാപത്തെ ശരീരത്തിന്റെ കാമങ്ങളുമായി ബന്ധിച്ച് വ്യാഖ്യാനിക്കുന്ന ഒരു പൊതുരീതി പാലിക്കപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. പാപത്തിലേയ്ക്ക് നീതി, സത്യം, കരുണ, വിചാരങ്ങളും പാരിസ്ഥിതികവും സാമൂഹ്യ തുല്യതാപരവുമായ ചിന്തകളുമൊക്കെ കൂടുതലായി കടന്നുവരേണ്ടതുണ്ട്.

ശരീരത്തിന്റെ പലവിധമായ ആസക്തികളെ പാപമായി വ്യാഖ്യാനിക്കപ്പെടുന്നു, ലോകം, ശരീരം, പിശാച് ഇവരൊക്കെ പര്യായങ്ങളോ രൂപകങ്ങളോ ആകുന്നു. കൊതികള്‍, അത്യാഗ്രഹം ഒക്കെ പാപരൂപത്തില്‍ കൂടെ വരും. കാമാഭിലാഷങ്ങളുടെ അനിയമിതമായ ക്ഷണങ്ങളോട്, പണത്തോട് ഒക്കെയൊക്കെ തോന്നുന്ന താല്പര്യങ്ങളും ക്ഷണങ്ങളും പാപമായി മനസ്സില്‍ കിടന്ന് അലോസരങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ ശരീരവും അതിന്റെ കുതിപ്പുകളും കമ്പങ്ങളുമൊക്കെ പാപങ്ങളായി മാറുന്നു. ശരീരകാമനകള്‍ക്കപ്പുറത്തേയ്ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ‘നിനക്കുസ്തുതി’ (ലൗഡാറ്റോസി) ചാക്രികലേഖനം വിശ്വാസിയെ നയിക്കുന്നു. പാരിസ്ഥിതികവും കമ്പോളാധിഷ്ഠിതവുമായ ചൂഷണങ്ങള്‍ ഒക്കെ പാപമായി ആ ചാക്രികലേഖനം പരിഗണിക്കുന്നുണ്ട്. മനസ്താപത്തെയും പുനര്‍വായിക്കുന്നുണ്ടെങ്കിലും പാപമിപ്പോഴും സദാചാരപരിസരത്ത് തന്നെയാണ് കൂടുതലായും ചുറ്റിക്കറങ്ങുന്നത്. (പാറമട ഉണ്ടാക്കി പാരിസ്ഥിതിക നാശം വരുത്തുന്നതും കുന്നിടിക്കുന്നതും വനം കയ്യേറുന്നതും കള്ളപ്പണം സൂക്ഷിക്കുന്നതും കുന്നിന്റെ മുകളില്‍ കുരിശുനാട്ടി പള്ളി കെട്ടുന്നതും പാരിസ്ഥിതികപ്രത്യാഘാതം ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതുമൊക്കെ ഗൗരവതരമായ പാപങ്ങളാണ്. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ‘ലൗഡാറ്റോസി’ എന്ന ചാക്രികലേഖനത്തിന്റെ വെളിച്ചത്തില്‍ പാപപരികല്പനകളും മനസ്താപവുമൊക്കെ പുനര്‍വായിക്കാവുന്നതാണ്).

Also Read: വേനലില്‍ നിന്നിറങ്ങി നടക്കുന്ന പച്ച മണങ്ങള്‍

പാപബോധമെന്നത് ഇന്നും ഓരോ ചവിട്ടടിക്കുപിന്നിലും കൂടെയുണ്ട്. മനസ്താപവും പ്രായശ്ചിത്തവും ആരും പറയാതെ തന്നെ ചെയ്യും. മനസ്താപ പ്രകരണമാകട്ടെ എന്നും ഉരുവിടുകയും ചെയ്യും. അതാണ് ജൂലിയാമ്മ സിസ്റ്ററിന്റെ സ്വാധീനം. ശത്രുക്കളോട് ക്ഷമിക്കാനും ഉപദ്രവം ചെയ്തവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും ശീലിപ്പിച്ചതും അക്കാലങ്ങള്‍ തന്നെയാണ്. ഏതായാലും രഹസ്യ കുമ്പസാരം ക്രിസ്ത്യന്‍ ചട്ടക്കൂടിന്റെ അനിവാര്യഘടകമായിട്ട് നൂറ്റാണ്ടുകളായി. രഹസ്യകുമ്പസാരം വഴി അങ്ങനെ പട്ടക്കാരന്മാര്‍ ഒരു വിശ്വാസിയുടെ മനസ്സിന്റെ മേല്‍ എല്ലാവിധ ആത്മീയാധികാരങ്ങളോടും കൂടി നിലനില്‍ക്കുന്നു.
മാതാപിതാക്കളെ ബഹുമാനിക്കുക, കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, കള്ളസാക്ഷി പറയരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് ഇത്തരം പാപങ്ങള്‍ വ്യക്തിജീവിതത്തിലും സഭാസാമൂഹ്യജീവിതങ്ങളിലും പത്രവാര്‍ത്തകള്‍ ആകത്തക്കവിധം നിലനില്‍ക്കുമ്പോഴും പാപബോധവും മനസ്താപവും നിലനില്‍ക്കുന്നുണ്ട് എന്നതാണ് കൗതുകം. വേദപുസ്തകത്തില്‍ ആദ്യകൊലപാതകിയായ കായിനോട് ദൈവം പറയുന്നുണ്ട്, ”നിനക്ക് ഞാനൊരു അടയാളം തരുന്നു. നീ ഭൂമിയില്‍ അലഞ്ഞുനടക്കും” എന്നൊക്കെ. പാപിയുടെ അടയാളവും നെറ്റിയില്‍ പേറി നടക്കുന്ന അഭിനവ കായിന്‍മാരെ പരിവര്‍ത്തിപ്പിക്കാന്‍ ഇത്തരം പാപബോധനങ്ങള്‍ മതിയോ എന്നെനിക്കറിയില്ല. കൂടുതല്‍ കൂടുതല്‍ കണ്‍വെന്‍ഷനുകള്‍, പാപബോധനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ‘പാപ’വും വര്‍ദ്ധിക്കുന്നു.

തുടക്കം ഒരു സംഭവകഥയിലായതിനാല്‍ ഒടുക്കവും അങ്ങനെയാകാം. (കഥ മാത്രമാണ് കേട്ടോ). നാട്ടില്‍ അല്പമൊക്കെ സ്വഭാവദൂഷ്യമുള്ളവള്‍ എന്നു പേരുകേട്ട ഒരു മാമ്മിച്ചേടത്തി (ചുമ്മാ ഒരു പേര്) ഉണ്ടായിരുന്നു. കഥയാണ് കേട്ടോ! ഇതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യം എനിക്ക് തിട്ടമല്ല. ഏതായാലും ഈ മാമ്മിച്ചേടത്തിയെ ഒന്നുപദേശിച്ച് നന്നാക്കാന്‍ വികാരിയച്ചന്‍ ചേടത്തിയുടെ വീട്ടിലെത്തി. മാമ്മിച്ചേടത്തിയുടെ തെറ്റുകള്‍ ഒക്കെ ചൂണ്ടിക്കാട്ടി പാപബോധം വളര്‍ത്താന്‍ ശ്രമിച്ചു. കുമ്പസാരത്തിന്റെ ആവശ്യകത വ്യക്തമാക്കി. ഇത്തരം പ്രബോധനങ്ങള്‍ക്കുശേഷം അച്ചന്‍ പോകാനിറങ്ങിയപ്പോള്‍ മാമ്മിച്ചേടത്തിയുടെ വീതം ഒരു ഡയലോഗ്. ഇതാണ് ട്വിസ്റ്റ്. ”അച്ചന്‍ പറഞ്ഞതനുസരിച്ച് ഏതായാലും മാമ്മി നരകത്തിലോട്ടാ പോക്ക്. എന്നാല്‍പ്പിന്നെ ഒരു പാപം കൂടി ചെയ്തിട്ട് പോകാം നമുക്ക്. വാ അച്ചോ ഇങ്ങോട്ട്” എന്ന് അച്ചനോട് പറഞ്ഞു എന്നാണ് കഥ. ഇതൊരു കഥയാകാം. അച്ചന്‍ പാപം ചെയ്‌തോ, മാമ്മി പാപം ചെയ്‌തോ എന്നൊന്നും അറിയില്ലെങ്കിലും അച്ചനിട്ട് മറുകുറ്റി പായിച്ച പെണ്ണുങ്ങള്‍ ഉണ്ടായിരുന്നിരിക്കാം, ഇല്ലായിരിക്കാം. എങ്കിലും വിപരീതചിന്ത ഉണ്ടായിരുന്നിരിക്കാം എന്ന് കഥ വ്യക്തമാക്കുന്നു.

വിയര്‍പ്പും മണ്ണും കരീം എരിവുമുള്ള ജീവിതം കൊന്തജപ കണ്ണീരിലൊളിപ്പിച്ച ചേടത്തിമാര്‍

മ്യൂസ് മേരി

മ്യൂസ് മേരി

ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. കവി, ആലുവ യു.സി. കോളേജ് അധ്യാപിക. മെര്‍ക്കുറി.. ജീവിതത്തിന്റെ രസമാപിനി (എന്‍ബിഎസ്), സ്ത്രീയേ എനിക്കും നിനക്കും എന്ത്? (സിഎസ്എഫ് തിരുവല്ല), സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍