UPDATES

മ്യൂസ് മേരി

കാഴ്ചപ്പാട്

മെര്‍ക്കുറി

മ്യൂസ് മേരി

ട്രെന്‍ഡിങ്ങ്

വിയര്‍പ്പും മണ്ണും കരീം എരിവുമുള്ള ജീവിതം കൊന്തജപ കണ്ണീരിലൊളിപ്പിച്ച ചേടത്തിമാര്‍

വ്യാകുല മാതാവിന്റെയും നിത്യസഹായ മാതാവിന്റെയും നമസ്‌കാരങ്ങള്‍ ചൊല്ലുമ്പോള്‍ ഏങ്ങല്‍ വന്ന് തൊണ്ടയടപ്പിച്ചിരുന്നത് ആരുടെ വ്യാകുലങ്ങള്‍ ഓര്‍ത്തിട്ടായിരിക്കും.

ഒരു നാടിന്‍റെ ഉള്ളില്‍ മാത്രം ജീവിച്ചിരുന്ന ചില മനുഷ്യരുണ്ട്‌, നാമെന്നും കണ്ടിരുന്ന, എന്നാല്‍ ഒരിക്കലും നമ്മുടെയൊന്നും കണ്ണുകള്‍ക്ക് യാതൊരു അസാധാരണത്വവും സമ്മാനിക്കാതിരുന്ന ജീവിതങ്ങള്‍, പറമ്പിലും അടുക്കളയിലും തോട്ടിലുമൊക്കെയായി അവരുടെ ജീവിതം മുന്നോട്ടു പോയി. അവര്‍ക്കെന്തെങ്കിലും സ്വപ്‌നങ്ങള്‍  ഉണ്ടായിരുന്നോ? ഓരോ കുടുംബത്തിനും അവരാരായിരുന്നു? അവര്‍, അവരുടെ മണങ്ങള്‍, അവരുടെ രുചികള്‍… ഭാഗം – 1

ഞാനെപ്പോഴും ഓര്‍ക്കാറുണ്ട്, പേരില്ലാത്ത ചേടത്തിമാരെപ്പറ്റി. സാരിയോ ചുരിദാറോ ജീന്‍സോ ഒക്കെ ഇട്ട ഇന്നത്തെ ആന്റിമാരോ ചേച്ചിമാരോ അല്ല ഇവര്‍. ചേടത്തിമാര്‍ വേറൊരു ജനുസാണ്. മിക്കവരും അറിയപ്പെട്ടിരുന്നത് സ്വന്തമായ പേരിലല്ല. ഏലിയാമ്മയോ അന്നമ്മയോ മറിയാമ്മയോ റോസമ്മയോ ബ്രിജിത്തയോ റീത്തയോ ഒക്കെയാകാം അവര്‍. പക്ഷേ, അവര്‍ അറിയപ്പെട്ടിരുന്നത് ആ പേരിലൊന്നും അല്ല. ആഞ്ഞിലിത്താനത്തെ ചേടത്തിയോ, കുഴിലെച്ചേടത്തിയോ, കുളത്തൂര്‍ച്ചേടത്തിയോ, മാവുങ്കച്ചേടത്തിയോ ഒക്കെ ആയി അവര്‍ ജീവിച്ചു. ഐഡന്റിറ്റിയെന്നത് ഒരു പേരിനപ്പുറത്തേയ്ക്ക് പോയ ജന്‍മങ്ങളാണ് അവരുടേത്. ചട്ടയും മുണ്ടും കവണിയും ധരിച്ച് അവര്‍ മിക്ക ദിവസവും പള്ളിയില്‍ പോയി. ശനിയാഴ്ച,  ഞായറാഴ്ച കുര്‍ബ്ബാനകള്‍ അവര്‍ മുടക്കിയിട്ടില്ല. എല്ലാ രാത്രികളിലും അമ്പത്തിമൂന്നുമണി ജപം (കൊന്ത), ചൊല്ലി. ചിലര്‍ തിരുഹൃദയത്തിന്റെ കൊന്തയും വ്യാകുലത്തിന്റെ കൊന്തയും ചൊല്ലി ജീവിച്ചുവരുംവഴി എപ്പോഴോ അവര്‍ സ്വന്തം പേരു മറന്നു. അപ്പനോ ആങ്ങളയോ കെട്ട്യോനോ വിളിക്കുന്നതിനപ്പുറം അവര്‍ വീട്ടുപേരു ചേടത്തിമാരായി മാറി.

എന്റെ ബാല്യത്തില്‍ ഈ ചേടത്തിമാര്‍ ആ രുടെയും പേര് എനിക്കറിയില്ലായിരുന്നു. അവരെയെല്ലാം കുടുംബപ്പേരില്‍ മാത്രമാണ് മനസ്സിലാക്കിയിരുന്നത്. കുത്തുംകല്ലുങ്കച്ചേടത്തിയുടെ പേര് അന്ന എന്നായിരുന്നു എന്നു അറിഞ്ഞത് കൊച്ചുമോളുടെ മാമ്മോദീസ സമയത്താണ്. വല്യമ്മച്ചിയുടെ പേരാണല്ലോ കൊച്ചുമോള്‍ക്ക് ഇടുക. പ്രായത്തില്‍ മൂത്തവര്‍ പെണ്ണേന്നോ കൊച്ചേന്നോ വിളിച്ചിട്ടുണ്ടാകും. കെട്ടിയോന്‍മാര്‍ മിക്കവാറും എടീന്നായിരിക്കും വിളിക്കുക. മക്കള്‍ അമ്മച്ചീന്നും അയലോക്കത്തെ ആളുകള്‍ ചേടത്തീന്നും വിളിക്കും. മറ്റു പല ചേടത്തിമാര്‍ക്കിടയില്‍ ഇവരെ വേറിട്ടറിയുന്നതിന് വീട്ടുപേരുകൂട്ടി ചേടത്തീന്ന് പറയും. എന്നാല്‍, ചേട്ടന്‍മാര്‍ കുഞ്ഞൂട്ടിച്ചേട്ടനും കുഞ്ഞേപ്പുച്ചേട്ടനും അപ്പച്ചന്‍ച്ചേട്ടനും അപ്രേന്‍ച്ചേട്ടനും തോമ്മാച്ചേട്ടനും കുഞ്ഞച്ചന്‍ച്ചേട്ടനും മത്തായിച്ചേട്ടനും തൊമ്മന്‍ച്ചേട്ടനും ഒക്കെയായി വിളിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്തു. ചിലപ്പോഴൊക്കെ വീട്ടുപേരുപോലുമില്ലാതെ കുഞ്ഞേപ്പുച്ചേട്ടന്റെവടുത്തെ ചേടത്തിയെന്നൊക്കെ പറഞ്ഞെന്നും ഇരിക്കും. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ സമ്പന്നരും ഫ്യൂഡല്‍പ്രമാണിമാരുമായ വീടുകളിലെ ചേടത്തിമാര്‍ മറിയാമ്മച്ചിയോ അന്നമ്മച്ചിയോ ഒക്കെയായി അസ്തിത്വവും പദവിയും പൂര്‍ണ്ണമായി നഷ്ടപ്പെടുത്താതെ ജീവിച്ചു. (വീട്ടുപേരുകള്‍ എല്ലാം സാങ്കല്പികമാണ്. യഥാര്‍ത്ഥപേര് പറയുന്നത് വീട്ടുകാര്‍ക്കിഷ്ടപ്പെടാതെ വന്നാലോ.)

അധ്വാനശീലരായ ചേടത്തിമാരെ സ്‌നേഹിക്കാതിരിക്കാനാവില്ല. അവരുടെ ഹൃദയവിശാലതയും ഔദാര്യവും പലപ്പോഴും അനുഭവിച്ചു. അന്നൊന്നും അവര്‍ക്ക് പേരില്ല എന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ല. അവരുടെ സ്വതന്ത്രമായ അസ്തിത്വത്തെക്കുറിച്ചുള്ള അജ്ഞത എന്നെ ചിന്തിപ്പിച്ചത് പിന്നീടെത്രയോ കാലം കഴിഞ്ഞാണ്. ഇടത്തരം സാമ്പത്തികസ്ഥിതിയോ അതിലും താഴ്ന്ന സാമ്പത്തിക സ്ഥിതിയോ ഉള്ള വീടുകളിലെ ചേടത്തിമാരുടെ ദൈനംദിനജീവിതം തിരക്കുപിടിച്ചതായിരുന്നു. നേരം ഏഴര വെളുക്കുംമുന്‍പേ അടുക്കളപ്പണി തീര്‍ക്കാന്‍ തിടുക്കപ്പെട്ടിരുന്നവര്‍. വെളുപ്പിനെ നാലുമണിക്കോ അഞ്ചുമണിക്കോ ഉണര്‍ന്നുകഴിഞ്ഞാല്‍ പിന്നെ വായ കഴുകി മുടി വാരിക്കെട്ടിവച്ച് കഴിഞ്ഞാല്‍പ്പിന്നെ മുട്ടുമ്മേ നിന്ന് പ്രാര്‍ത്ഥിക്കാതെ അവര്‍ ഒന്നും ചെയ്തിരുന്നില്ല.

വേദപുസ്തക വായനയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. വേദപുസ്തകം (ബൈബിള്‍) വായിക്കുകയോ അല്‍മായര്‍ (അല്‍മേനി) അര്‍ത്ഥം കണ്ടെത്തുകയോ ചെയ്യുന്നത് അന്നൊന്നും കത്തോലിക്കാസഭ അനുവദിച്ചിരുന്ന കാര്യമേയല്ല. വായിക്കാനും പഠിക്കാനും വ്യാഖ്യാനിക്കാനും അധികാരപ്പെട്ടവര്‍ അച്ചന്മാര്‍ മാത്രമായിരുന്നു. പ്രൊട്ടസ്റ്റന്റുകാര്‍ വേദപുസ്തകോം പൊക്കിപ്പിടിച്ച് നടക്കുന്നതിനേയും വ്യാഖ്യാനിക്കുന്നതിനേയും ശരിയല്ലാത്ത കാര്യമായിട്ടാണ് കത്തോലിക്കര്‍ പൊതുവെ കരുതിപ്പോന്നത്. അല്‍മായര്‍ (layman) എന്നു പറഞ്ഞാല്‍ത്തന്നെ അവരുടെ അറിവില്ലായ്മ പ്രകടമാണല്ലോ. സന്ധ്യാപ്രാര്‍ത്ഥനാസമയത്ത് ബൈബിള്‍ വായിക്കുന്നത് കത്തോലിക്കാ വിശ്വാസജീവിതത്തിന്റെ ഭാഗമായിട്ട് ഒരു മുപ്പതുകൊല്ലം ഒക്കെയേ ആയിട്ടുള്ളൂ. അമ്പത്തിമൂന്നുമണി ജപം (കൊന്ത) നൂറ്റമ്പത്തിമൂന്നുമണി ജപം (സന്തോഷം, ദുഃഖം, മഹിമ എന്നീ മൂന്നു ‘രഹസ്യ’ങ്ങളും ഉള്‍ക്കൊണ്ട കൊന്ത). തിരുഹൃദയത്തിന്റെ കൊന്ത, വ്യാകുലത്തിന്റെ കൊന്ത, സകല പുണ്യാളന്മാരുടെയും ലുത്തിനിയ എന്നിങ്ങനെയുള്ള വേറെയും പ്രാര്‍ത്ഥനകള്‍ക്കുപുറമേ സന്ധ്യയിലും പ്രഭാതത്തിലും ചൊല്ലിയിരുന്ന പ്രാര്‍ത്ഥനകള്‍ ഉണ്ടായിരുന്നു. കൊന്ത / ജപമാല ഭക്തി കത്തോലിക്കാ ജീവിതത്തിന്റെ അവിഭാജ്യഘടകമായിരുന്നു. മാതാവിനോടുള്ള (കന്യാമറിയം) ഭക്തിയും പ്രാര്‍ത്ഥനയും ജീവശ്വാസം പോലെയായിരുന്നു. മാതാവിനോടുള്ള ജപമാല പ്രാര്‍ത്ഥനയില്‍ സന്തോഷം, ദുഃഖം, മഹിമ എന്നീ മൂന്നു സെറ്റ് പ്രാര്‍ത്ഥനകള്‍ ഉണ്ട്. ഇവയെ സന്തോഷത്തിന്റെ / ദുഃഖത്തിന്റെ / മഹിമയുടെ ഒക്കെ രഹസ്യങ്ങള്‍ എന്നാണ് വിളിക്കുക. തിങ്കള്‍, വ്യാഴം സന്തോഷത്തിന്റെ രഹസ്യവും, ചൊവ്വ, വെള്ളി ദുഃഖത്തിന്റെ രഹസ്യങ്ങളും, ബുധന്‍, ശനി മഹിമയുടെ രഹസ്യങ്ങളുമാണ് കൊന്ത ചൊല്ലുമ്പോള്‍ ഉപയോഗിക്കുന്നത്. പരിശുദ്ധ കന്യാമറിയത്തിനടുത്ത് ഗബ്രിയേല്‍ മാലാഖ മംഗളവാര്‍ത്ത അറിയിക്കുന്നതുമുതല്‍ കര്‍ത്താവീശോമിശിഹ കന്യാമറിയത്തെ സ്വര്‍ഗ്ഗത്തിലേയ്ക്ക് എടുക്കുന്നതുവരെയുള്ള ക്രിസ്തുജീവിതമാണ് കൊന്തയിലെ രഹസ്യങ്ങള്‍. നെടുമുട്ടേ നിന്ന് അവര്‍ ‘കൊന്തയെത്തി’ക്കുമ്പോള്‍ (ജപമാല ചൊല്ലുന്നതിനെ അങ്ങനെയാണ് പറയുന്നത്) കണ്ണുനീര്‍ തുളുമ്പി വരുന്നവരും ഉണ്ടായിരുന്നു. എല്ലാ അധ്വാനത്തിനും സങ്കടങ്ങള്‍ക്കും മേല്‍ മാതാവിന്റെയും ഈശോയുടെയും അനുഗ്രഹങ്ങള്‍ ഉണ്ടായിരിക്കുമെന്നവര്‍ വിശ്വസിച്ചു. മുട്ടിപ്പായി അപേക്ഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത്രയേറെ പ്രാവശ്യം കൊന്തമണികളിലൂടെ വിരലുകള്‍ സഞ്ചരിച്ചിരുന്നുവെങ്കിലും സ്ഥിരമായി കൊന്ത കഴുത്തിലിട്ടുകൊണ്ട് നടക്കുന്നത് അന്ന് കുറവായിരുന്നു. നല്ല സാമ്പത്തികസ്ഥിതിയുള്ളവര്‍ സ്വര്‍ണ്ണക്കൊന്ത അണിഞ്ഞിരുന്നു. എന്നാല്‍ വെന്തിങ്ങയും മിന്നുമാലയും കഴുത്തില്‍ നിന്ന് മാറ്റാറില്ല. മിന്നിടാന്‍ മാലയില്ലാത്തവര്‍ മിന്ന് (താലി) ഒരു വെളുത്ത നൂലില്‍ കെട്ടി കഴുത്തില്‍ ധരിച്ചിരുന്നു. ആ ഒരു നുള്ള് പൊന്നു മാത്രം ഉള്ളവരും ഉണ്ടായിരുന്നു. എങ്കിലും കുണുക്കും കമ്മലും ഇട്ട ചേടത്തിമാരായിരുന്നു കൂടുതലും. ചിലരുടെ കാത് നീട്ടിവളര്‍ത്തിയിരുന്നു. പറമ്പില്‍ പണിതും അരി ഇടിച്ചും പൊടിച്ചും കയ്യാലേം കുന്നും കേറിയിറങ്ങിയും നല്ല ഉറച്ച ശരീരവും മുഴുത്ത മാറിടങ്ങളും വിണ്ട കാല്‍പ്പാദങ്ങളും തേഞ്ഞ നഖങ്ങളുമൊക്കെയായി അവര്‍ ജീവിച്ചു.

അധ്വാനിക്കാതെ വെറുതെയിരിക്കുക ചേടത്തിമാരുടെ സിലബസില്‍ ഉണ്ടായിരുന്നില്ല. കൊച്ചുനാളില്‍ മിക്കപ്പോഴും മേലനങ്ങി പണിയെടുത്ത് ജീവിക്കേണ്ടതിനെക്കുറിച്ചുള്ള മമ്മിയുടെ സ്റ്റഡിക്ലാസ് തീരുന്നതോ തുടങ്ങുന്നതോ ആനത്താനത്തെ മറിയാമ്മച്ചേടത്തിയെ ഉദാഹരിച്ചുകൊണ്ടായിരിക്കും. ആനത്താനത്തെ മറിയാമ്മച്ചേടത്തി ഓലത്തുഞ്ചാണികൊണ്ട് നല്ല ചൂലുകെട്ടിയെടുക്കും എന്ന് സോദാഹരണപ്രഭാഷണം എത്രയോ തവണ കേട്ടിട്ടുണ്ട്. ആനത്താനവും കടമപ്പുഴയും കൊല്ലംകുളവും ഒക്കെ കാഞ്ഞിരപ്പള്ളിയിലെ ക്രിസ്ത്യന്‍ ജന്മിമാരാണ്. നൂറേക്കര്‍ സ്ഥലമൊക്കെ കാഞ്ഞിരപ്പള്ളിയിലെ സുറിയാനി ക്രിസ്ത്യാനികളായ ജന്മിമാര്‍ക്ക് നിസ്സാര അളവുകളാണ്. അങ്ങനെയുള്ള കുടുംബത്തിലെ മറിയാമ്മ ചേടത്തിപോലും പണിയെടുത്തുകൊണ്ടിരിക്കുമ്പോള്‍ അധ്വാനശീലരായിരിക്കുക എന്നത് നമ്മുടെ ജീവിതത്തിന്റെ പ്രമാണമാണ്. തെങ്ങിന്റെ ഓലയുടെ അറ്റത്തുള്ള ഭാഗമാണ് ഓലത്തുഞ്ചാണി. അത് വെട്ടിയെടുത്ത് ഓലക്കാല് ചീന്തിക്കളഞ്ഞ് ഈര്‍ക്കിലിയും മടലിന്റെ ഭാഗവും മാത്രമാക്കി നിര്‍ത്തും. ഇങ്ങനെയുള്ള അഞ്ചോ ആറോ തുഞ്ചാണി കൂട്ടിപ്പിടിച്ച് അതിന്റെ മൂടുഭാഗത്ത് ഈറ്റപ്പൊളി കൊണ്ട് ഇവയെ ചേര്‍ത്തുവച്ച് മെടഞ്ഞെടുത്തിട്ടാണ് മുറിയടിക്കാനുള്ള നീളന്‍ചൂല് ഉണ്ടാക്കുന്നത്. ഗ്രാനൈറ്റും മറ്റും തറ മിനുക്കുന്നതിന് മുന്‍പ് മുറിയടിക്കാന്‍ ഇത്തരം ചൂലുകളാണ് ഉപയോഗിച്ചിരുന്നത്. ഏക്കറുകളോളം തെങ്ങിന്‍പുരയിടം ഉണ്ടായിരുന്ന ആനത്താനത്തെ മറിയാമ്മച്ചിയും അധ്വാനിച്ചിരുന്നു എന്ന ഓര്‍മ്മപ്പെടുത്തല്‍ ജീവിതത്തില്‍ അധ്വാനിക്കേണ്ടതിന്റെ ആവശ്യകതയ്ക്കുള്ള അടിക്കുറിപ്പായിരുന്നു. പിന്നീട് ഒരിക്കല്‍ ഞാന്‍ ഈ മറിയാമ്മച്ചിയെ കണ്ടു. നന്നായി വെളുത്ത് സുന്ദരിയായ ഒരമ്മച്ചി. ചട്ടയും മുണ്ടുമൊക്കെ ധരിച്ച്, കുലീനമായ പെരുമാറ്റവും ചിരിയുമൊക്കെയുള്ള ആ രൂപം ഇന്നും അത്ര വ്യക്തമായിട്ടല്ലെങ്കിലും മനസ്സിലുണ്ട്.

പണിയെടുക്കാതെ കഞ്ഞികുടിക്കാന്‍ ആരും ശ്രമിച്ചിരുന്നില്ല. രാവിലെ കുറച്ച് തെകത്തു കപ്പയും ഉണക്കമീന്‍ കൂട്ടാനും കഴിച്ചിട്ടായിരിക്കും മിക്കവരും പണിക്കിറങ്ങുക. അതിനുമുന്‍പ് വീട്ടിലെ ഒരു നീക്കുപണി കഴിഞ്ഞിട്ടുണ്ടാകും. പറമ്പിലും കയ്യാലയിലും ആണുങ്ങള്‍ക്കൊപ്പം പണിയുന്നവരായിരുന്നു സാദാ ചേടത്തിമാരിലധികവും. ഉണക്കക്കപ്പ തലേന്നെ വെള്ളത്തിലിട്ട് കുതിര്‍ത്തതിനുശേഷം പിറ്റേന്നു രാവിലെ വലിയ ചെരുവത്തിലിട്ടു തിളപ്പിച്ച് വേവിച്ചെടുക്കുന്നതാണ് മിക്ക വീടുകളിലെയും പ്രഭാതഭക്ഷണം. ഇത് തേങ്ങ ചേര്‍ത്ത അരപ്പിട്ട് ഇളക്കിയെടുക്കും. തേങ്ങയില്ലാത്തപ്പോള്‍ വേവിച്ച് വെള്ളം ഊറ്റിക്കളഞ്ഞ് ഉപ്പുനീരുമൊഴിച്ച് കഴിക്കും. ഉണക്കമീന്‍ ചുട്ടതോ വറത്തതോ കാന്താരി വച്ച് അടച്ചൂറ്റിയുടെ മോളിലോ അരകല്ലിലോ വച്ച് ചതച്ചെടുത്ത കപ്പയുമാണ് സാമ്പത്തികസ്ഥിതി കുറഞ്ഞ വീടുകളിലെ പ്രഭാതഭക്ഷണം. പെരുന്നാളുകള്‍ക്കും ഈസ്റ്ററിനും ക്രിസ്മസിനുമൊക്കെ വെള്ളേപ്പമോ പാലപ്പമോ ഉണ്ടാക്കും. ചിലപ്പോഴൊക്കെ പുട്ടും അരിഒറോട്ടിയും കൊഴുക്കട്ടയുമൊക്കെ മെനുവില്‍ പെടുമെങ്കിലും കപ്പയും കഞ്ഞിയുമൊക്കെയാണ് സാധാരണ രീതി. കപ്പ പുഴുങ്ങിയതിനുശേഷം ആ അടുപ്പില്‍ കഞ്ഞിക്ക് വെള്ളം വയ്ക്കും. കെട്ടിക്കാത്ത പെണ്‍മക്കള്‍ ഉണ്ടെങ്കില്‍ അവര്‍ ബാക്കി അടുക്കളക്കാര്യം നോക്കും. ചോറു തടയിലിടും, കൂട്ടാനൊരു ചാറുകറി വയ്ക്കും. മീനോ ഇറച്ചിയോ എന്തെങ്കിലും മിക്കവാറും കാണും. അടുപ്പിന്റെ മൂട്ടില്‍ സദാ കരിപിടിച്ച മുഖവുമായി ഒരു കൊച്ചു ചെമ്പുകലം ഇരിക്കുന്നുണ്ടായിരിക്കും. ചൂടാറാത്ത ചക്കരക്കാപ്പി അതിലുണ്ടായിരിക്കും. തീരുമ്പം തീരുമ്പം അതു പിന്നേം തിളപ്പിക്കും. വീട്ടില്‍വരുന്ന അതിഥികള്‍ക്കും വീട്ടിലുള്ളവര്‍ക്കും പറമ്പില്‍ പണിയുന്നവര്‍ക്കുമെല്ലാം ചൂടുള്ള കാപ്പി നിര്‍ലോഭം കൊടുക്കും. ഇച്ചിരി ചൂടുകാപ്പി കൊടുക്കാത്തവര് അറുത്തകൈക്ക് ഉപ്പുതേക്കാത്തവരായിരിക്കും. അങ്ങനത്തെ പെണ്ണുങ്ങളൊള്ള വീട് കൊണംപിടിക്കത്തില്ലന്ന് പ്രായമായവരും പറയും. കുടിക്കാന്‍കൊടുക്കുക, ബീഡി കത്തിക്കാന്‍ തീക്കൊള്ളി കൊടുക്കുക, ദാഹിച്ചുവരുന്നവര്‍ക്ക് ചൂടുകഞ്ഞിവെള്ളം കൊടുക്കുക എന്നതൊക്കെ ചേതമില്ലാത്ത ഉപകാരങ്ങളായി കരുതിപ്പോന്നിരുന്നു. കഞ്ഞിവെള്ളത്തിന് അത്യാവശ്യക്കാരും അക്കാലത്ത് ഉണ്ടായിരുന്നു. ”ഇച്ചി, കഞ്ഞാവെള്ളോം കൂട്ടാഞ്ചാറും ഇങ്ങെടുത്തേ” എന്നു പറയുന്ന അപ്പാപ്പന്മാരും ഉണ്ടായിരുന്നു. കഞ്ഞാവെള്ളമെന്നാണ് പറയുന്നതെങ്കിലും കഞ്ഞിയാണ് ഉദ്ദേശിക്കുന്നത്. ഇങ്ങനെ വച്ചും പെരുമാറ്റിയും കൊടുത്തുമൊക്കെ മുന്നോട്ടുപോകുന്ന ചേടത്തിമാരുടെ വയറ് നിറയാതെയാകും മിക്ക ദിവസോം കടന്നുപോകുക.

പ്രസവരക്ഷയിലാണ് മിക്കവരും രക്ഷപ്പെട്ടിരുന്നത്. ആ രക്ഷയിലാണ് ആരോഗ്യരഹസ്യം സൂക്ഷിച്ചുവച്ചിരുന്നതെന്ന് പറഞ്ഞിരുന്ന പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. പ്രസവിക്കുന്തോറും ആരോഗ്യം വര്‍ദ്ധിക്കുന്നതായിട്ടാണ് മിക്കവരും പറയുന്നത്. ഗര്‍ഭധാരണവും പ്രസവവും നിത്യജീവിതത്തിന്റെ സാധാരണ കാര്യങ്ങളായിട്ടാണ് അവര്‍ കരുതിപ്പോന്നിരുന്നത്. എന്റെ പത്താംക്ലാസിലെ ഒരു കൂട്ടുകാരി അവരുടെ വീട്ടിലെ പതിനഞ്ചാമത്തെ സന്താനമായിരുന്നു. പ്രസവം കഴിഞ്ഞ് അര മുറുക്കിയുടുത്ത് ഗര്‍ഭപാത്രം ചുരുങ്ങുന്നതുവരെ ഉണക്കലരി ചോറും പച്ചക്കറിയും നല്ല ആട്ടിന്‍കരള്‍ കുരുമുളകിട്ട് നെയ്യില്‍ വറുത്തതുമൊക്കെ കഴിച്ച് തങ്ങളുടെ ആരോഗ്യം നോക്കാന്‍ ചേടത്തിമാരും വീട്ടിലുള്ളോരും ശ്രദ്ധിച്ചിരുന്നു. ആദ്യത്തെ പതിനഞ്ചുദിവസം അധികം വെള്ളമൊന്നും കുടിക്കില്ല. പതിനാറിന് അടുത്തുള്ള തോട്ടില്‍ അടിച്ചുതളിച്ച് കുളിച്ചുകയറും. ചിലരൊക്കെ അന്നുമുതല്‍ ജോലി ചെയ്തുതുടങ്ങും. സമ്പന്നരായ നസ്രാണിച്ചിമാര്‍ മൂന്നുമാസം തനി വിശ്രമത്തിലായിരിക്കും. നാല്പാമരമിട്ട് വെന്ത വെള്ളത്തില്‍ കുളിക്കും. ധന്വന്തരം കുഴമ്പ് തേക്കും. ഉച്ചി തണുക്കെ എണ്ണ പുരട്ടും. കുറുന്തോട്ടി താളിയോ, ചെമ്പരത്തി താളിയോ ചൊറിയന്‍താളിയോ ഇട്ട് തലകഴുകും. തൊട്ടാവാടി സമൂലം ഇട്ട് കഞ്ഞിവച്ച് കുടിക്കും. ഇങ്ങനെയോരോ മരുന്നും കഷായോം ലേഹ്യോമൊക്കെയായി ഇടത്തരം, മേല്‍ത്തരം വീടുകളിലെ ശുശ്രൂഷകള്‍ നീളും. ആടിന്റെ ഇറച്ചികൊണ്ട് ലേഹ്യം, ആടിന്റെ തലയും കാലുമൊക്കെക്കൊണ്ടുള്ള സൂപ്പ് എന്നിവയൊക്കെ മേമ്പൊടിയായി ഉണ്ടാകും. ചുരുക്കത്തില്‍ ഇതെല്ലാം കഴിയുമ്പോള്‍ ചേടത്തിമാര് ഒന്നുതെളിയും. പൊതുവെ അച്ചായന്മാരാകട്ടെ, തങ്ങടെ പെണ്ണുമ്പിള്ളേ വിട്ടിട്ടൊരു എടങ്ങേറിനും പോകുകേമില്ല. ഇങ്ങനെ എട്ടും പത്തും പെറ്റ ചേടത്തിമാര്‍ക്ക് ഈ കൊച്ചുങ്ങള്‍ക്ക് ആഹാരം കൊടുക്കാതെ സ്വന്തം വയറ് നിറയ്ക്കാന്‍ തോന്നില്ല. അപ്പം പിന്നെ, കുഞ്ഞേപ്പും തോമ്മാക്കുട്ടീം മേരിക്കുഞ്ഞും അവിരാച്ചനും കുഞ്ഞൂട്ടീം റോസമ്മേമൊക്കെയായി മക്കള്‍ എന്തും തിന്നാന്‍ പ്രാപ്തരായി നില്‍ക്കുമ്പോള്‍ കഞ്ഞിവെള്ളത്തിലേയ്ക്കും ഇറച്ചിക്കറിയിലെ തേങ്ങാക്കൊത്തിലേയ്ക്കും കാന്താരി ചമ്മന്തിയിലേക്കുമൊക്കെ ചേടത്തിമാര്‍ ചുവടുമാറ്റും. അതെല്ലാം സന്തോഷത്തോടെ സഹിക്കുവാന്‍ മെരുക്കപ്പെട്ട അമ്മമാരായിരുന്നു അവരെല്ലാം.

എന്റെ അയലോക്കത്തെ ചേടത്തി മരിച്ചുകിടക്കുന്ന രംഗം ഇന്നും എന്റെ മനസ്സിലുണ്ട്. ചേടത്തിയുടെ പേരെന്തായിരിക്കും എന്ന് അന്നൊന്നും ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. നാട്ടുകാര്‍ക്ക് ചേടത്തിയും മക്കള്‍ക്ക് അമ്മയും കെട്ട്യോന് സ്‌നേഹമോ ദേഷ്യമോ ഒക്കെയുള്ള ‘എടി’യുമൊക്കെയായി ജീവിച്ചു. അടുപ്പുംപാതകത്തിനും ചട്ടിക്കലങ്ങള്‍ക്കും ഇടയില്‍ ജീവിച്ച അവര്‍ ശാന്തതയുടെയും ക്ഷമയുടെയും അയലോക്കസ്‌നേഹത്തിന്റെയും നിതാന്ത മാതൃകയായിരുന്നു. ചേരിലെ പൊകയത്തുവച്ച ചേനയുമായി ഞങ്ങടെ പറമ്പിന്റെ അതിരേ വന്നുനിന്ന്, ”തെര്‍ത്ത്യാമ്മോ ഇങ്ങോട്ടൊന്നുവന്നേ, ഈ പോച്ചേന (പൊകച്ചേന) അങ്ങെടുത്തേ” എന്നും പറഞ്ഞ് വലിയ ചേനയും താങ്ങിപ്പിടിച്ച് നില്‍ക്കുന്ന ആ കുറിയ വൃദ്ധശരീരം ഞാനിന്നും കൃത്യതയോടെ ഓര്‍മ്മിക്കുന്നു.

അടുപ്പിലൂതിയിട്ട് പാറിവീണ ചാരപ്പൊടികള്‍ മുടിയിഴകള്‍ക്ക് മുകളില്‍ കാണാം. അടുക്കളക്കരി പിടിച്ച കൈനഖങ്ങള്‍, അടുപ്പുംപാതകത്തിലെ കരിപുരണ്ട ചട്ടയുടെ മുന്‍പാതി, ചെരിപ്പിടാതെ നടന്ന് വിണ്ടുകീറിയ കാല്‍പാദങ്ങള്‍, കുഴിനഖം പൊറുത്തിട്ട് പാതിയടര്‍ന്നുപോയ കാല്‍നഖം, കുശുമ്പും കുന്നായ്മയുമില്ലാത്ത നന്മ, അതീവശാന്തത… ചേടത്തീന്ന് പറയുമ്പോള്‍ മനസ്സിലേക്കെത്തുന്ന രൂപം ഇങ്ങനെയൊക്കെയാണ്. പേരുകള്‍ അപ്രസക്തമാകുന്ന സാമാന്യജീവിതം. വീട്ടുകാര്യോം പള്ളിക്കാര്യോം വിട്ട് ഒരു ജീവിതം അവര്‍ക്കില്ല. ഏത് അധ്വാനത്തിരക്കിനിടയിലും അവര്‍ പള്ളീപ്പോകാന്‍ സമയം കണ്ടെത്തും. ഞായറാഴ്ചക്കുര്‍ബ്ബാന മൊടക്കത്തേയില്ല.

ശുദ്ധഗതിക്കാരായ ചേടത്തിമാരെക്കുറിച്ച് കുറെക്കഥകളുണ്ട്. സംഭവങ്ങള്‍ കഥകളായി മാറിയവയാണ് മിക്കതും. ഒരു കഥ പറയാം. കഥയാണ് എന്ന് പിന്നെയും ഓര്‍മ്മിപ്പിക്കുന്നു. നാട്ടിലെ ഒരു പയ്യന്‍ രാവിലെ പള്ളിയില്‍ പോവുകയാണ്. പുലര്‍ച്ചെ 6.15 സമയം. നേരെ റോഡേ പോയാല്‍ സമയം വൈകുന്നതിനാല്‍ അവന്‍ കയ്യാല കേറിയുള്ള കുറുക്കുവഴിയേ പോവുകയാണ്. ആ വഴിയില്‍ വീടുള്ള ചേടത്തി കയ്യാലച്ചോട്ടിലിരുന്ന് മൂത്രമൊഴിക്കുന്നു. അവന്‍ അത് കണ്ടില്ലാന്നുവച്ച് വിട്ടടിച്ചുപോവുകയാണ്. ചേടത്തി പാതി കുനിഞ്ഞുനിന്നോണ്ട് ഒരു ചോദ്യം, ”മോനേ, മോന്‍ പള്ളീപ്പോവാണോ”ന്ന്. അതുവഴി കൊച്ചുവെളുപ്പാംകാലത്ത് കേറിപ്പോകുന്നത് പള്ളീലോട്ടാണെന്ന് അറിയാന്‍ പാടില്ലാത്ത കൊച്ചുപിള്ളേരു പോലുമില്ല. പിന്നല്ലേ ചേടത്തി. പക്ഷേ, രാവിലെ കാണുന്നോരോട് ഒരു കുശലം പറയാതെ പോയാ അത് മര്യാദകേടാകുമല്ലോന്ന് വിചാരിച്ച ആ ശുദ്ധഗതിക്കാരിയോട്, ”എന്താ ചേടത്തി, മുള്ളുകാണോ”ന്ന് ചോദിക്കുകാ വേണ്ടതെന്ന് അവന്‍ പറയുമ്പോള്‍ ചേടത്തിമാരുടെ പാവത്തരമാണ് ഞാനോര്‍ത്തത്.

പത്തുസെന്റ് ഭൂമീല്‍ പോലും റബ്ബറ് വയ്ക്കുന്ന രീതി വരുന്നതിനുമുന്‍പ് കപ്പക്കാലാകളായിരുന്നു പറമ്പുകളിലധികവും. പിന്നെ ചേനേം വാഴേം മറ്റു നടുതലകളുമൊക്കെ നടുന്ന പറമ്പുകള്‍ – ഏക്കറുകളോളമുള്ള കാലകളിലോ ചെറിയ കുടിയിടകളിലുള്ള പറമ്പുകളിലോ ഒക്കെ കപ്പയിടും. ഈ പറമ്പുകളിലൊക്കെ കാലാകിളയ്ക്കാനും കൂമ്പലൊരുക്കാനും കളപറിക്കാനും ചാണകോം ചാരോമിടാനുമൊക്കെ ചേടത്തിമാരുടെ കയ്യും കെട്ട്യോന്മാര്‍ക്കൊപ്പം ചലിക്കേണ്ടിയിരുന്നു. കപ്പക്കാലാകളുടെ കോണേലൊക്കെ തൊമരപ്പയറും ഒടിച്ചുകുത്തിപ്പയറും അവര് നട്ടുവയ്ക്കും. അതിനൊക്കെ ചാണകോം പച്ചിലേം കൊടുക്കും. ചേനേം ചേമ്പും കാച്ചിലും തൊമരപ്പയറും ഒടിച്ചുകുത്തിപ്പയറും നിത്യവഴുതനേം ഏത്തവാഴക്കായും വാഴച്ചുണ്ടും ഒക്കെകൊണ്ട് വീട്ടുകാരെ ഊട്ടിയിരുന്ന ചേടത്തിമാരെ അങ്ങനെയിങ്ങനെയൊന്നും പണിയില്‍ തോല്‍പ്പിക്കാന്‍ സാധിക്കത്തില്ല. വേണേങ്കി, പത്തു കയ്യാലേം നിറഞ്ഞുവിളഞ്ഞുകിടക്കുന്ന കപ്പക്കാലായിലെ കപ്പ മുഴുവന്‍ പറിച്ച് അതിന്റെ തണ്ടും മുട്ടീം ചുമന്നോണ്ട് പന്നിക്കൂട്ടില്‍ കൊണ്ടിട്ട് കപ്പ മുഴുവന്‍ കുറേശ്ശെ കുറേശ്ശെയായി പറിച്ചരിഞ്ഞ് താഴത്തെ കെണറ്റീന്ന് വെള്ളം കോരി ചൊമന്നോണ്ടുപോയി ചെമ്പ് നിറച്ച് ഒഴിച്ച് വെള്ളം തിളപ്പിച്ച് വാട്ടി ഉണക്കിയെടുക്കാന്‍ പ്രാപ്തിയുള്ളവരും അക്കാലത്ത് കുറവല്ല. വീട് പോറ്റാന്‍ പണിതേ തീരൂ എന്നവര്‍ക്കറിയാം.

കാപ്പിയായിരുന്നു മിക്ക പറമ്പിലെയും മറ്റൊരു കൃഷി. വീട്ടിലേക്ക് വേണ്ടുന്ന കാപ്പിക്കുരു മിക്ക വീട്ടുകാര്‍ക്കും ഉണ്ടാകും. ഡിസംബറിലെ മഞ്ഞില്‍ പൂത്തു തുടങ്ങി കൊഴിഞ്ഞും പൂത്തും ഫെബ്രുവരി, മാര്‍ച്ചില്‍ കായിച്ച് വൃശ്ചികത്തില്‍ പറിച്ച് ഉണങ്ങുന്ന കാപ്പിക്കുരു മിക്കവാറും ഒരുവര്‍ഷത്തേയ്ക്ക് കാണും. കാപ്പിക്കുരു ഉണങ്ങുന്ന സമയം പൊതുവെ വൃശ്ചികമൂടലിന്റെ സമയമാണ്. പോരാത്തതിന് വൃശ്ചികചന്നലും ചാറ്റലും (വൃശ്ചികത്തിലെ ചാറ്റല്‍മഴ). ഉണങ്ങാനിട്ടും എടുത്തും നടുകഴച്ചാലും ചേടത്തിമാരത് ഉണക്കിയെടുക്കും. ഉണങ്ങിയ കാപ്പിക്കുരു കുറേശ്ശെ കുറേശ്ശെ എടുത്ത് ഉരലിലിട്ട് ഉലക്കേടെ പൂണുഭാഗം കൊണ്ട് കുത്തി തൊലി കളയും. കുരു ഒന്നും പൊട്ടിപ്പൊളിഞ്ഞുപോകാതെ തൊലി പൊളിഞ്ഞുവരുന്നത് നോക്കിയിരുന്നാല്‍ അത്ഭുതം തോന്നും. ഉച്ചയ്ക്കത്തെ ചോറും കൂട്ടാനും വച്ചിട്ടുള്ള വലിയൊരു പണിയാണിത്. ഉണങ്ങിയ തൊലി പൊളിഞ്ഞ കാപ്പിക്കുരു ഉരലീന്ന് വാരി മുറത്തിലിട്ട് പേറ്റിക്കൊഴിച്ചെടുക്കും. കുരുവെല്ലാം മുറത്തിന്റെ പിന്‍ഭാഗത്തും തോലെല്ലാം മുന്‍ഭാഗത്തുമായി പേറ്റിക്കൊഴിച്ചെടുക്കുന്ന കാഴ്ചയുടെ ഭംഗി ഒന്നു വേറേ തന്നെയാണ്. മുടീം കഴുത്തുമൊക്കെ വിയര്‍പ്പില്‍ കുളിച്ചുനിന്നാണ് ഇടിയും പേറ്റലും പെറുക്കലുമൊക്കെ നടത്തുന്നത്. കുരുവും തൊണ്ടും വേര്‍തിരിച്ചെടുത്ത് വയ്ക്കും. ഈ കാപ്പിത്തൊണ്ടിനൊക്കെ അന്ന് ആവശ്യക്കാരുണ്ടായിരുന്നു. തൊണ്ടുകാപ്പിയാണ് ചിലപ്പോള്‍ പകല്‍നേരങ്ങളിലെ കാപ്പികുടിക്ക് ഉപയോഗിക്കുന്നത്. അസ്സല്‍കാപ്പിയുടെ രുചിയില്ലെങ്കിലും കാപ്പിയെന്നുള്ള പേരിന് ഒത്തുപോകുന്നതാണ് ഈ തൊണ്ടുകാപ്പിയും. കോഴിയെ അടവയ്ക്കുന്ന ചട്ടിയിലും കാപ്പിത്തൊണ്ട് ഇടും. മുട്ട പൊട്ടിപ്പോകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. പിന്നെ, നേരം കിട്ടുമ്പോള്‍ കുത്തിവച്ചിരിക്കുന്ന കാപ്പിക്കുരു വറചട്ടിയിലിട്ട് ഉലുവയും അല്പം പഞ്ചസാരയും ചേര്‍ത്ത് വറുത്ത് ഉരലില്‍ കുത്തി അരിപ്പയില്‍ തെള്ളിയെടുക്കും. രണ്ടുമുന്നുകിലോ കാപ്പിപ്പൊടിയൊക്കെ ഒറ്റനില്‍പ്പില്‍ വറുത്തുപൊടിച്ചെടുക്കും. അതാണ് ഇനിയുള്ള കുറച്ചുദിവസങ്ങളിലേയ്ക്കുള്ള കട്ടന്‍കാപ്പിക്കുള്ള മൂലധനം. അത് സൂക്ഷിച്ചും കണ്ടുമൊക്കെ പെരുമാറണമെന്ന താക്കീത് അമ്മയോ അമ്മായിയമ്മയോ നല്‍കുമെന്ന് അവര്‍ക്കറിയാം.

പാചകോം കുഞ്ഞുങ്ങളെ വളര്‍ത്തലും പറമ്പിപ്പണീമൊക്കെ കൊണ്ട് ചേടത്തിമാരുടെ അധ്വാനം അവസാനിക്കില്ല. മഴക്കാലത്തേയ്ക്ക് വേണ്ടി സംഭരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാവുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ കണ്ടെത്തി തയ്യാറാക്കേണ്ടതും വലിയ പണിയാണ്. വേനല്‍ക്കാലത്താണ് കപ്പയും ചക്കയും മാങ്ങയുമൊക്കെ ഉണ്ടാകുന്നത്. പച്ചക്കപ്പ കുംഭത്തിലും തുലാമാസത്തിലും വിളവെടുക്കും. കുംഭമാസത്തിലാണ് കൂടുതല്‍. കുറേയധികം കപ്പ വാട്ടി ഉണക്കിവയ്ക്കും. സാധാരണക്കാരായ ചേടത്തിമാര്‍ക്ക് നിന്നുതിരിയാന്‍ നേരമുണ്ടാകില്ല. കപ്പ പറിക്കുന്നതും വാട്ടുന്നതും ആണുങ്ങളാണെങ്കിലും കപ്പ അരിയുന്നതെല്ലാം ചേടത്തിമാരും പണിക്കാരത്തികളും കൂടിയാണ്. പരന്ന പ്രതലമുള്ള കപ്പക്കത്തിക്ക് കനം കുറവായിരിക്കും. നല്ല മൂര്‍ച്ചയും. ചടുചടാന്ന് കപ്പപ്പൂളുകള്‍ കത്തിവായില്‍ നിന്ന് തെറിച്ചുവീഴുന്നത് നോക്കിയിരുന്നാല്‍ കൊതിവരും അതുപോലൊന്ന് ചെത്താന്‍. അതൊരു നൈപുണ്യമാണ്. അതില്ലാത്തോരു പണിയാന്‍ ചെന്നാല്‍ വിരലു മുറിഞ്ഞുവീഴുന്നത് എപ്പോഴെന്നറിയില്ല. ചെത്തിവാട്ടി ഉണക്കിയെടുത്ത കപ്പ ചാക്കില്‍ കെട്ടി സൂക്ഷിക്കണം. കപ്പതന്നെ ഏതെല്ലാം രൂപത്തിലാണ് ഉണക്കിവയ്ക്കുക. സാധാരണ വാട്ടുന്ന രീതിയാണിപ്പോള്‍ പറഞ്ഞത്. ഉപ്പേരിക്കപ്പ, വെള്ളക്കപ്പ, കൊത്തുകപ്പ, അവലോസ് കപ്പ അങ്ങനെ പല ആകൃതിയിലും രീതിയിലും ഉണക്കിവയ്ക്കുന്നവ. വെള്ളക്കപ്പ വാട്ടാതെ ഉണക്കിവയ്ക്കുന്നതാണ്. ഉരലിലിടിച്ച് പൊടിച്ച് വെള്ളത്തില്‍ കലക്കി അടിയാന്‍ വച്ച് മക്കുമാറ്റി ഊറ്റിയൂറ്റി വെള്ളം തെളിഞ്ഞ് പൊടി വാരിയുണക്കി വയ്ക്കുന്ന പണി ഓര്‍ത്താല്‍ത്തന്നെ ”ഓ ഇങ്ങനെ കഷ്ടപ്പെട്ട് തിന്നാനൊണ്ടാക്കുന്നത് എന്നാത്തിനാ”ണെന്ന് ചോദിച്ചുപോകും. എങ്കിലും ഇങ്ങനെയുണ്ടാക്കാന്‍ ദൈവവിളി കിട്ടിയോരാരുന്നു അന്നത്തെ ചേടത്തിമാരിലധികവും.

ചക്ക വറുത്തും ചക്കപ്പഴം വരട്ടിയും കുട്ടകത്തിലടച്ച് കെട്ടിവയ്ക്കണം. ചക്ക ഉണങ്ങിയത് കാറ്റുകേറാതെ സൂക്ഷിച്ചുവയ്ക്കണം. കണ്ണിമാങ്ങാപരുവത്തില്‍ മാങ്ങ പറിച്ചെടുത്ത് അച്ചാറിട്ട് ഭരണിയില്‍ കെട്ടിവയ്ക്കണം. ഉപ്പുമാങ്ങ ഭരണി നിറയ്ക്കണം. മാങ്ങാപ്പഴം തഴപ്പായയിലുരച്ചുരച്ചുണക്കി മാന്തെര ഉണ്ടാക്കണം. എത്ര ദിവസം കഷ്ടപ്പെട്ടാലാണ് കുറച്ച് മാന്തെര ഉണ്ടാക്കുന്നത്. ചക്കക്കുരു മണലില്‍ പൂഴ്ത്തിവച്ച് മൂടച്ചക്കക്കുരുവായി സൂക്ഷിച്ചുവയ്ക്കണം. ഏത്തപ്പഴം ഉണക്കിയെടുത്ത് ഭരണിയിലിട്ട് വയ്ക്കണം. കാച്ചിക്കയും ചേനയും പൊകയത്തുവച്ച് വെള്ളം വറ്റിയിട്ട് മാറ്റി സൂക്ഷിച്ചുവയ്ക്കണം. അരി പൊടിച്ച് വറുത്ത് അത്രയും തന്നെ തേങ്ങ ചിരകി പൊടിയില്‍ തിരുമ്മി ജീരകോം ചേര്‍ത്ത് വറുത്ത് വറുത്ത് അവലോസ്‌പൊടി ഉണ്ടാക്കണം. കുറച്ചെടുത്ത് പഞ്ചസാര പാനിയുണ്ടാക്കി അവലോസുണ്ടയാക്കണം.(അവലോസുണ്ട കണ്ടാല്‍ പട്ടിക്കിട്ടെറിയാന്‍ കൊള്ളാമെന്ന് തോന്നിയിരുന്നു, അത്ര കടുപ്പം). ഉണക്കത്തേങ്ങ തരുതരുപ്പായി ചിരണ്ടി മുളകും വേപ്പിലയും ചെറിയ ഉള്ളിയും ഇഞ്ചിയും ചേര്‍ത്ത് വറുത്ത് വാളന്‍പുളിയും ഉപ്പും ചേര്‍ത്ത് ഉരലിലിടിച്ച് ചേര്‍ത്ത് വേപ്പിലക്കട്ടി (സമ്മന്തിപ്പൊടി) ഉണ്ടാക്കണം. പാവയ്ക്കയും കുമ്പളങ്ങയും മുളകും എന്നുവേണ്ട ഉപ്പുചേര്‍ത്തുണക്കാവുന്ന പച്ചക്കറിയെല്ലാം ഉണക്കിവയ്ക്കണം. മഴ തുടങ്ങിയാപ്പിന്നെ ഇതുവല്ലോം കിട്ടുമോ? ആയതിനാല്‍ വേനല്‍ക്കാലം മുഴവന്‍ പണിയോട് പണി. മഴക്കാലത്ത് വിശപ്പ് കാര്‍ന്നുതിന്നുന്ന വയറന്‍മാരെത്ര പേരുകാണും വീട്ടില്‍. എല്ലാത്തിനും വല്ലോമൊക്കെ കൊടുക്കണ്ടേ എന്ന ചോദ്യം മനസ്സിലെപ്പോഴും ഉണ്ടാകും.
മഴയ്ക്ക് മുന്‍പ് പറമ്പായ പറമ്പൊക്കെ കേറിയിറങ്ങി ഉള്ള ചൂട്ടും മടലും ക്ലാഞ്ഞിലുമൊക്കെ വലിച്ചോണ്ടുവരണം. കാഞ്ഞിരപ്പള്ളിയിലെ വലിയ തോട്ടം ഉടമകളുടെ പറമ്പുകളിലും തങ്ങളുടെ പറമ്പിലുമൊക്കെ കേറിയിറങ്ങിയാണ് ചൂട്ടും മടലും വിറകും ശേഖരിക്കുന്നത്. ചൂട്ടു കോതി കെട്ടുകെട്ടായി വീടിന്റെ പരിയമ്പുറത്തുള്ള മേല്‍ക്കൂരേല് കെട്ടിത്തൂക്കിയിടും. അടുക്കളവശത്തുള്ള മേല്‍ക്കൂരയ്ക്ക് ചുവട്ടിലും കാണാം ഇത്തരം കെട്ടുകള്‍. മഴ നനഞ്ഞ് ഓല ഇറുന്നുപോകാതെ സൂക്ഷിച്ചുവയ്ക്കുന്നതാണിത്. മഴക്കാലത്ത് അടുപ്പില്‍ തീ കൂട്ടണമെങ്കില്‍ ഈ ഓലക്കാല് അത്യാവശ്യം. അല്ലേലേ മഴക്കാലത്ത് തീപിടിക്കാന്‍ പാടാണ്. ഊതിയുതി തല തെറിക്കും. മിടുക്കികളായ ചേടത്തിമാരുള്ള വീടുകളില്‍ ഒരുമാതിരി മഴക്കാലം കഴിഞ്ഞുകിട്ടാനുള്ള വിറകൊക്കെ സ്വരുക്കൂട്ടി വച്ചിട്ടുണ്ടായിരിക്കും. മഴക്കാലത്ത്, ഈ വിറകൊക്കെ എടുത്ത് ചേരില്‍ വയ്ക്കും. അടുപ്പിലെ തീ കൂടി കിട്ടി നല്ല ചൂടായിരിക്കുന്ന വിറകുണ്ടെങ്കില്‍ പിന്നെ അടുപ്പിലെ കാര്യം കുഴപ്പമില്ലാതെ കഴിഞ്ഞുകിട്ടും. മൂന്നടുപ്പുകളൊക്കെ കത്തിനിന്നാലല്ലേ വീട്ടിലുള്ള എല്ലാറ്റിനും തിന്നാന്‍ കൊടുക്കാനൊക്കത്തൊള്ളൂ എന്നവര്‍ അറിഞ്ഞിരുന്നു. അവര്‍ക്കുമാത്രമാണോ, കന്നുകാലികള്‍ക്കും കൊടുക്കെണ്ടേ. പുളിമ്പൊടി വേവിച്ചതും പിണ്ണാക്കു വെന്തതുമൊക്കെ.

ഇടിച്ചും പൊടിച്ചും വറുത്തരച്ചും വറക്കാതെ അരച്ചുമൊക്കെയാണ് അക്കാലത്തെ അടുക്കളപ്പണി മുന്നോട്ട് പോയിരുന്നത്. അഞ്ചും എട്ടും പിള്ളേരും കെട്ട്യോനും അതിയാന്റെ അപ്പനുമമ്മേം പറമ്പിപ്പണിക്കാരുമൊക്കെ കൂടി ഉച്ചയ്ക്കുണ്ണാനും മറ്റും എത്രപേരു കാണുമായിരിക്കുമെന്നോര്‍ത്ത് നോക്ക്. അരകല്ലിനൊരു മടുപ്പും ഉണ്ടാകാന്‍ വഴിയില്ല. ചേടത്തിമാര്‍ക്കും. ഇറച്ചിക്കാണെങ്കിലും മീനിനാണെങ്കിലും മുളകും മല്ലീം വറുത്തരയ്ക്കണം. മിക്ക വീടുകളിലെയും അരകല്ല് അരഞ്ഞരഞ്ഞ് നടുകുഴിഞ്ഞതായിരിക്കും. നടുവളഞ്ഞ ചേടത്തിമാരെത്തന്നെയാണ് അതും ഓര്‍മ്മിപ്പിക്കുക. അരകല്ലുംപിള്ളയാണെങ്കില്‍ ഉരുട്ടിയുരുട്ടി മെലിഞ്ഞതും. ഇറച്ചിയൊക്കെ വയ്ക്കണമെങ്കി മുളകും മല്ലീം ‘മസാല’യും (ഇറച്ചിമസാല) ചേര്‍ത്ത് വറത്ത് ഉരലില്‍ പൊടിച്ചിട്ടോ പൊടിക്കാതെയോ അരയ്ക്കണം. 10, 15 പേര്‍ക്ക് തിന്നണമെങ്കില്‍ എത്ര കിലോ ഇറച്ചി വേണം. അതിന് എത്ര മൊളകും മല്ലീം വേണം. എത്രനേരം നിന്ന് അരയ്ക്കണം. അരച്ചരച്ച് കൈനീറിപ്പുകഞ്ഞിരിക്കണം. നീറുന്ന – പുകയുന്ന കൈയ് വെളിച്ചണ്ണ പുരട്ടി നീറ്റലടക്കിയിരിക്കണം. ഇതൊന്നും ഓര്‍ത്തോണ്ടിരിക്കാന്‍ – ഊതിത്തണുപ്പിക്കാന്‍ ആര്‍ക്കാണ് നേരം. പയ്യെപ്പയ്യെ കയ്യും ഇതൊക്കെ തിരിച്ചറിഞ്ഞിട്ടുണ്ടാകും. അരേം ഇടീമൊക്കെയാണ് പ്ലഷറും (ബ്ലഡ് പ്രഷര്‍) പഞ്ചാരേമൊന്നുമില്ലാതെ കാത്തതെന്ന് പിന്നീടവര്‍ പറയുമെങ്കിലും അതൊരു ഒന്നൊന്നര പണിക്കാലമായിരുന്നു.

കന്നുകാലീം കോഴീമില്ലാത്ത വീടുണ്ടാകുമോ അന്നൊക്കെ. ചേടത്തിമാരുടെ അല്ലറചില്ലറ വരുമാനമൊക്കെ ഇതാണ്. കുറച്ച് പാലും മൊട്ടേമൊക്കെ എങ്ങനെ ‘ദുരിശി’ച്ചിട്ടാണേലും അവരു വില്‍ക്കും. അത് സ്വരുക്കൂട്ടിവച്ചിട്ട് പെണ്‍മക്കള്‍ക്ക് വല്ല പൊന്നോ പൊടിയോ ഒക്കെ വാങ്ങിക്കും. കന്നുകാലികളെ, വിശേഷിച്ച് പശുക്കളെ പൊന്നുപോലാണ് നോക്കിയിരുന്നത്. കടലപ്പിണ്ണാക്കും തേങ്ങാപ്പിണ്ണാക്കും പുളിമ്പൊടീമൊക്കെ വേവിച്ച് കൊടുത്ത് അതുങ്ങടെ വെശപ്പടക്കാതെ ചേടത്തിമാര്‍ക്ക് തൊണ്ടേന്ന് വറ്റെറങ്ങത്തില്ല. ഉച്ചയ്ക്കത്തെ പ്രാതലിന്റെ പണിതീര്‍ന്നാപ്പിന്നെ പിണ്ണാക്കും പുളിമ്പൊടീം തെളപ്പിക്കാനുള്ള ചെരുവം അടുപ്പില്‍ കയറിയിട്ടുണ്ടാകും. അതിന് തീയിട്ട് വേവിച്ച് അവര്‍ക്കു കൊടുക്കണം. പറമ്പായ പറമ്പൊക്കെ ചേടത്തീം മക്കളും ചിലപ്പോള്‍ ചെട്ടന്‍മാരും കേറിയിറങ്ങി പുല്ലു ചെത്തി കെട്ടാക്കി കൊണ്ടുവരും. പുല്ലുംകെട്ട് തലേവച്ച് കയ്യാലയിറങ്ങിവരുന്ന ചേടത്തിമാരുടെ കാഴ്ച അധ്വാനചിത്രങ്ങളില്‍ ഉദാത്തമായിരുന്നു.

വേര്‍പ്പും മണ്ണും കരീം എരിവും നിറഞ്ഞ ശരീരവും വസ്ത്രവും ഈ അധ്വാനമൊക്കെ അവരുടെ ജീവിതമായിരുന്നു. അതിലെന്നെങ്കിലും പ്രശംസയോ നല്ല വാക്കോ അവര്‍ പ്രതീക്ഷിച്ചിരുന്നോ കിട്ടിയിരുന്നോ എന്നൊന്നും എനിക്കറിയില്ല. അതൊക്കെ കിട്ടിയാലും കിട്ടിയില്ലേലും അവര്‍ക്കൊരു ചേതവുമില്ല. കര്‍ത്താവിന്റെ തൂങ്ങപ്പെട്ട രൂപത്തിന്റെ മുന്നില്‍ ചെന്ന് മുട്ടുകുത്തുമ്പോള്‍ കണ്ണുനിറഞ്ഞൊഴുകിയിരുന്നത് കര്‍ത്താവിന്റെ പാടുപീഡ ഓര്‍ത്തിട്ടോ തന്റെ പെടാപ്പാട് ഓര്‍ത്തിട്ടോ! വ്യാകുല മാതാവിന്റെയും നിത്യസഹായ മാതാവിന്റെയും നമസ്‌കാരങ്ങള്‍ ചൊല്ലുമ്പോള്‍ ഏങ്ങല്‍ വന്ന് തൊണ്ടയടപ്പിച്ചിരുന്നത് ആരുടെ വ്യാകുലങ്ങള്‍ ഓര്‍ത്തിട്ടായിരിക്കും. എന്റെ ജീവിതത്തില്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ ഏറ്റവും കഷ്ടപ്പെട്ടും അധ്വാനിച്ചും ജീവിച്ച ഈ ചേടത്തിമാര്‍ തങ്ങളുടെ ബദ്ധപ്പാടിനെപ്പറ്റി പുറത്തൊരാളോടും പരിദേവനങ്ങള്‍ പറഞ്ഞിരുന്നില്ല. കര്‍ത്താവിനോടും (ഈശോ) മാതാവിനോടും (പരിശുദ്ധ കന്യാമറിയം) മാത്രമേ പറഞ്ഞിരിക്കാനിടയുള്ളൂ. ഭര്‍ത്താവിനോട് പറയാനും കരയാനുമൊന്നും നേരോം കാലോം കിട്ടാന്‍ വഴി കുറവായിരുന്നിരിക്കണം.

ഇങ്ങനെയൊക്കെയുള്ള ചേടത്തിമാരെ പൊതുവെ ചേട്ടന്‍മാര്‍ക്ക് വലിയ കാര്യമായിരുന്നു. ”മറിയ മറിഞ്ഞാറ്റിച്ചാടി, മറിയേടെ മാപ്പിള പൊറകെ ചാടി” – ഈ പാട്ട് തലവണ കേട്ടിട്ടുണ്ട്. ചേടത്തിമാരെക്കുറിച്ച് സൂചിപ്പിക്കാനുള്ള ഒരു സാമാന്യ നാമം ആയിരുന്നിരിക്കണം ‘മറിയ’. മറിയ മറിഞ്ഞാറ്റിച്ചാടിയാല്‍ തീര്‍ച്ചയായും കെട്ട്യോന്‍ മറിയയെ അങ്ങനെ വിടത്തില്ല. ചാടി എടുത്തിരിക്കും. അതാണ് ചേടത്തിമാരുടെ ഒരിത്.

(തുടരും)

മണത്തും രുചിച്ചും

വേനലില്‍ നിന്നിറങ്ങി നടക്കുന്ന പച്ച മണങ്ങള്‍

പാട്ടുവന്നുതൊട്ടപ്പോള്‍- മ്യൂസ് മേരി എഴുതുന്നു

മ്യൂസ് മേരി

മ്യൂസ് മേരി

ഓര്‍മകള്‍ക്ക് എല്ലായ്പ്പോഴും ഒരു രുചിയുണ്ട്, മണമുണ്ട്. കടന്നു പോന്നവര്‍, കൂടെയുള്ളവര്‍, യാത്രകളിലെ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍. കുട്ടിക്കാലത്തില്‍ നിന്നും മുതിര്‍ച്ചയിലേക്കുള്ള ആ ദൂരം കടക്കുമ്പോള്‍ അറിയുന്നതൊക്കെ അനുഭവങ്ങളാണ്. മണം, സ്പര്‍ശം, രുചി, വിവിധ കേള്‍വികള്‍ അങ്ങനെ ജീവിതം അറിഞ്ഞ ചില അനുഭങ്ങളാണ് ഈ കുറിപ്പുകള്‍. കവി, ആലുവ യു.സി. കോളേജ് അധ്യാപിക. മെര്‍ക്കുറി.. ജീവിതത്തിന്റെ രസമാപിനി (എന്‍ബിഎസ്), സ്ത്രീയേ എനിക്കും നിനക്കും എന്ത്? (സിഎസ്എഫ് തിരുവല്ല), സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍ (കറന്‍റ് ബുക്സ്), ഉടലധികാരം (ഒലീവ്), ഡിസ്ഗ്രേസ് (വിവര്‍ത്തനം), ഇസ്പേട് റാണി, രഹസ്യേന്ദ്രിയങ്ങള്‍ (കവിത) തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍