ഈ വനിതാദിനത്തില്‍ കേരളത്തിലെ മൂന്നു കോഫീ ഹൗസുകളില്‍ സ്ത്രീകള്‍ കൂടി ചേര്‍ന്നുണ്ടാക്കിയ ഭക്ഷണമാണ് മലയാളികള്‍ കഴിക്കുക
കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇന്ത്യന്‍ കോഫീ ഹൗസില്‍ കഴിഞ്ഞ ചൊവ്വാഴ്ച പതിവുപോലെ ഭക്ഷണം കഴിക്കാനെത്തിയവരെല്ലാം അമ്പരപ്പോടെയാണ് മടങ്ങിയത്. കിരീടം പോലുള്ള തൊപ്പി വച്ച് ഭക്ഷണവുമായെത്തുന്ന ജീവനക്കാരുടെയിടയിലോ, അടുക്കളയില്‍ ഭക്ഷണമൊരുക്കുന്നവരുടെയിടയിലോ, കൗണ്ടറിലിരിക്കുന്നയാളായോ പേരിനു പോലും ഒരു സ്ത്രീയെ കോഫി ഹൗസില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തവരായിരുന്നു ഇവരെല്ലാം. ചുറുചുറുക്കോടെ ഓടിനടന്ന് ജോലി ചെയ്യുന്നവര്‍ക്കൊപ്പം ചൊവ്വാഴ്ച മുതല്‍ രണ്ടു വനിതകളെയും കണ്ടവരെല്ലാം ‘ഇതെന്തു കഥ’ എന്ന് അത്ഭുതപ്പെട്ടു. ‘എല്ലാവരും വന്ന് ചോദിക്കുന്നൊക്കെ ഉണ്ടായിരുന്നു. ഇതെന്താ, അവസാനം നിങ്ങള്‍ പെണ്ണുങ്ങളെ പണിക്കെടുത്തോ എന്ന്’ പൊട്ടിച്ചിരിച്ചുകൊണ്ട് പ്രിയ പറയുന്നു. അത്ഭുതത്തോടെ നോക്കിയവര്‍ക്കെല്ലാം ഒരു പുഞ്ചിരിയോടെ പ്രിയ മറുപടിയും നല്‍കി, ‘അതേ. ഞങ്ങളും ഇന്ത്യന്‍ കോഫീ ഹൗസിലെ ജീവനക്കരാണ്.’
അറുപത്തിയൊന്നു വര്‍ഷത്തെ ചരിത്രത്തിനിടെ ഇന്ത്യന്‍ കോഫീ ഹൗസ് എന്ന സഹകരണ സംഘപ്രസ്ഥാനം ആദ്യമായി വനിതകളെ ജോലിക്കെടുത്തിരിക്കുകയാണ്. പുരുഷ ജീവനക്കാര്‍ മാത്രം ചെയ്തിരുന്ന കോഫി ഹൗസുകളിലെ ജോലികളിലെല്ലാം ഇനി മുതല്‍ സ്ത്രീ സാന്നിധ്യവുമുണ്ടാകും. സ്ത്രീകളെ അംഗമാക്കാത്ത വര്‍ഷങ്ങള്‍ പഴക്കമുള്ള കീഴ്വഴക്കം പാടേ മാറ്റിമറിച്ചിരിക്കുകയാണ് പതിനായിരക്കണക്കിന് അംഗങ്ങളുള്ള ഇന്ത്യന്‍ കോഫി വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി. ആറു സ്ത്രീകളാണ് കഴിഞ്ഞ ചൊവ്വാഴ്ച (05-03-2019) മുതല്‍ ഇന്ത്യന്‍ കോഫീ ഹൗസിന്റെ മൂന്നു ശാഖകളിലായി ജോലിനോക്കാനാരംഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനടുത്തുള്ള പ്ലാസ ബില്‍ഡിംഗ്, ധര്‍മശാല എന്നിവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തിലാണ് രണ്ടു സ്ത്രീകള്‍ വീതം ജോലി നോക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആറു പേരെ നിയോഗിച്ച ശേഷം, പതിയെ മറ്റിടങ്ങളിലേക്കും സ്ത്രീ തൊഴിലാളികളെ നിയമിക്കാനും, ശേഷം വനിതകള്‍ മാത്രമായി നടത്തുന്ന ശാഖകള്‍ ആരംഭിക്കാനും വരെ സൊസൈറ്റിക്ക് പദ്ധതിയുണ്ട്.
‘മുഖ്യമന്ത്രിയും വ്യവസായ വകുപ്പു മന്ത്രി ഇ.പി. ജയരാജനുമെല്ലാം ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഓരോ ഘട്ടത്തിലും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കാറുള്ളവരാണ്. സ്ത്രീകള്‍ക്ക് കോഫീ ഹൗസുകളില്‍ ജോലി നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ഇ.പി. ജയരാജന്റെ ഇടപെടല്‍ അടുത്ത കാലത്ത് ഉണ്ടായിരുന്നു. എല്ലായിടത്തും സ്ത്രീകള്‍ക്ക് പ്രവേശനവും ജോലിയുമുണ്ട്, നമുക്കും ഇത് പരിഗണിച്ചൂടേ എന്ന് അദ്ദേഹം ചോദിക്കുകയായിരുന്നു. ഇത്രയധികം പുരുഷന്മാര്‍ ജോലി ചെയ്യുന്നിടത്ത് സ്ത്രീകള്‍ ജോലിക്കെത്തുമോയെന്നുള്ള ആശങ്കകള്‍ കൊണ്ടാണ് ആദ്യം ഞങ്ങളൊന്ന് മടിച്ചിരുന്നത്. എന്നാല്‍, ഇത്രയേറെ ഡിസിപ്ലിനുള്ള സ്ഥാപനത്തില്‍ അത്തരമൊരു സംശയം വേണ്ടെന്നാണ് ഞങ്ങള്‍ക്കു കിട്ടിയിട്ടുള്ള ഉപദേശം. അതിനു ശേഷമാണ് മുന്നോട്ടു നീങ്ങിയത്. അമ്പതിലധികം പേരെ ഇന്റര്‍വ്യൂ ചെയ്ത് ഇരുപതു പേരുടെ ലിസ്റ്റിട്ട്, അതില്‍ നിന്നുമാണ് നിയമിച്ചിരിക്കുന്നത്. ഇവര്‍ക്കു ശേഷമാണ് ഇനി ഇത് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുക.’ ഇന്ത്യന്‍ കോഫീ വര്‍ക്കേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ പറയുന്നു.
വര്‍ക്കര്‍ തസ്തികയില്‍ നിയമിക്കുന്നവര്‍ സാധാരണഗതിയില്‍ പ്ലേറ്റെടുക്കുക, പാത്രം കഴുകുക, മേശ തുടയ്ക്കുക എന്നീ ജോലികളാണ് ആദ്യ ഘട്ടത്തില്‍ ചെയ്യുക. പിന്നീട് പരിശീലനം ലഭിക്കുന്നതിനനുസരിച്ച് ജോലിയില്‍ മാറ്റവുമുണ്ടാകും. സ്ത്രീ ജീവനക്കാര്‍ക്ക് അത്തരം ജോലികള്‍ തല്‍ക്കാലം കൊടുക്കേണ്ടതില്ലെന്നാണ് സൊസൈറ്റിയുടെ തീരുമാനം. പ്രധാന ജീവനക്കാരുടെ കീഴില്‍ സഹായികളായാണ് ആറു സ്ത്രീകളും ജോലി നോക്കുക. പിന്നീട് പ്രാവീണ്യം നേടുന്നതിനനനുസരിച്ച് ജോലിയില്‍ ഇവര്‍ക്കും മാറ്റം ലഭിക്കും. കുടുംബശ്രീ പോലുള്ള സംഘടനകളിലും, വിവിധ കാറ്ററിംഗ് ജോലികള്‍ക്കും സഹകരിച്ചിരുന്നവരായിരുന്നതിനാല്‍ പുതിയ ജീവനക്കാര്‍ക്കാര്‍ക്കും ജോലിയില്‍ അങ്കലാപ്പില്ലതാനും. പുതിയ ഇടമായതിന്റെ സ്വാഭാവിക ആശങ്കകളൊഴിച്ചാല്‍ മറ്റൊരു ബുദ്ധിമുട്ടും കോഫീ ഹൗസുകളില്‍ നിന്നോ സഹജീവനക്കാരില്‍ നിന്നോ ഉണ്ടാകുന്നില്ലെന്ന് ചിലര്‍ പറയുമ്പോള്‍, പുതിയൊരു ചരിത്രത്തിന്റെ ഭാഗമായതിന്റെ എല്ലാ സന്തോഷങങ്ങളും പങ്കുവയ്ക്കുകയാണ് മറ്റു ചിലര്‍. നേരത്തേ ബേക്കറിയില്‍ ജോലി ചെയ്തുള്ള പരിചയം തനിക്ക് മുതല്‍ക്കൂട്ടായെന്നും, ഒപ്പം ജോലി ചെയ്യുന്നവരെല്ലാം വളരെ കാര്യമായിത്തന്നെ സഹകരിക്കുന്നുണ്ടെന്നും പറയുകയാണ് ധര്‍മശാലയിലെ ഇന്ത്യന്‍ കോഫീ ഹൗസിന്റെ സ്വന്തം കെട്ടിടത്തില്‍ ജോലി നേടിയ ജെസ്മി.
‘ഞാന്‍ നല്ല സന്തോഷത്തിലാണ്. സഹപ്രവര്‍ത്തകരെല്ലാവരും നല്ല പിന്തുണയാണ്. ചരിത്രത്തിലാദ്യമായി കോഫീ ഹൗസില്‍ സ്ത്രീകളെ എടുത്തിരിക്കുകയാണല്ലോ. അതിന്റെ വലിയ ത്രില്ലിലാണ് ഞങ്ങളെല്ലാവരും. ആ ത്രില്ലില്‍ തന്നെയാണ് കോഫീ ഹൗസിലെ ജോലിക്കുവേണ്ടി അപേക്ഷിച്ചതും. ഇങ്ങനെയാരു ചരിത്രപരമായ നീക്കം നടക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ വലിയ താല്‍പര്യവും കൗതുകവും ഒക്കെയായി അതുകൊണ്ടു കൂടിയാണ് അപേക്ഷ അയച്ചത്.’ ആവേശം ഒട്ടും മറച്ചുവയ്ക്കാതെ ജെസ്മി പറയുന്നു. ജോലിയില്‍ പല തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഏര്‍പ്പെട്ടേക്കാമെന്ന് നേരത്തേ തന്നെ മുന്നറിയിപ്പു നല്‍കിയവരുണ്ടായിരുന്നു. പുരുഷന്മാര്‍ മാത്രം ജോലി ചെയ്യുന്നിടത്ത് പോകുന്നതിനെതിരെ ഭയപ്പെടുത്താനും പരിചയമില്ലാത്ത മേഖലയിലെ ജോലിക്ക് ഒരുങ്ങുന്നതിനെക്കുറിച്ച് ഉപദേശിക്കാനും ആളുകളുള്ളപ്പോഴും, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കോഫീ ഹൗസില്‍ ജോലി ലഭിച്ച പ്രിയയുടെ പ്രതികരണമിതാണ്. ‘നമ്മളൊക്കെ സ്ത്രീകളല്ലേ. ദിവസവും അടുക്കളയില്‍ ആളുകള്‍ക്ക് ഭക്ഷണമുണ്ടാക്കുന്നവരല്ലേ. നമുക്കിത് പുതിയ ജോലിയാണോ?’
Read: അടുത്ത ഉഷ എന്നു രാജ്യം വിളിച്ച ടിന്റു ലൂക്ക എവിടെ?
കൂരാച്ചുണ്ട് സ്വദേശിയായ പ്രിയയും വടകരയില്‍ നിന്നുള്ള ജെയ്സിയും മാര്‍ച്ച് അഞ്ചു മുതല്‍ ജോലിക്കെത്തുന്നുണ്ട്. രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന ജോലി സമയം വൈകീട്ട് നാലു വരെ നീളം. പുതിയ ജോലിയില്‍ വലിയ പ്രതീക്ഷ പുലര്‍ത്തുകയാണ് ഇരുവരും. ‘ബുദ്ധിമുട്ടുകളൊന്നുമില്ലെന്നു മാത്രമല്ല, അവിടെയുള്ള സ്റ്റാഫുകളും നല്ല സഹകരണമാണ്. പാത്രം തുടയ്ക്കുന്നതു മുതല്‍ ചപ്പാത്തി പരത്തുന്നതുവരെ എല്ലാത്തിനും കൂടിക്കൊടുക്കും. നമ്മളെക്കൊണ്ടാകുന്ന എല്ലാ ജോലിയും ചെയ്യും. ഇപ്പോള്‍ ട്രെയിനിംഗ് പോലെയാണല്ലോ. ആദ്യമായി ജോലിക്കു കയറിയ പെണ്ണുങ്ങള്‍ ഞങ്ങളാണെന്ന് പറയുന്നതു തന്നെ അഭിമാനമല്ലേ. ഇനി ഞങ്ങളെ നോക്കി വേണം മറ്റെല്ലായിടത്തും ആളെയെടുക്കാന്‍. ആദ്യത്തെ ആളാകുന്നത് വലിയ കാര്യമല്ലേ’ പ്രിയ ചോദിക്കുന്നു. പുരുഷന്മാര്‍ മാത്രമുള്ള സ്ഥാപനത്തിലേക്ക് ജോലിക്കെത്തുന്നതിനും പ്രിയയ്ക്ക് തെല്ലും ആശങ്കയുണ്ടായില്ല. ജോലിയുടെ സ്വഭാവത്തെക്കുറിച്ചും ഇന്ത്യന്‍ കോഫീ ഹൗസിലെ രീതികളെക്കുറിച്ചും അഭിമുഖത്തിനെത്തിയ സമയത്തു തന്നെ അധികൃതര്‍ വിശദീകരിച്ചു കൊടുത്തതിനാല്‍ മറ്റു പ്രശ്നങ്ങളൊന്നും തങ്ങളെ ബാധിച്ചില്ലെന്നും പ്രിയ പറയുന്നുണ്ട്. ജോലിസ്ഥലത്തേക്കുള്ള യാത്ര അല്പം ദൈര്‍ഘ്യമേറിയതായാലും, സന്തോഷത്തോടെത്തന്നെ പുതിയ ജോലിയെ ഏറ്റെടുത്തിരിക്കുകയാണ് ഈ രണ്ടു സ്ത്രീകളും.
കസ്റ്റമര്‍മാര്‍ക്കു മാത്രമല്ല, കോഫീ ഹൗസിലെ മറ്റു ജീവനക്കാര്‍ക്കും ചെറിയ കൗതുകമാണ് പുതിയ പരിഷ്‌കരണത്തിലുള്ളത്. തങ്ങള്‍ക്കൊപ്പം ജോലി ചെയ്യാനെത്തിയ സ്ത്രീകള്‍ക്ക് ഒരു ബുദ്ധിമുട്ടും തൊഴിലിടത്തില്‍ അനുഭവപ്പെടരുതെന്ന ചിന്തയില്‍ സഹായിക്കാന്‍ ഓടിനടക്കുകയാണ് പലരും. സാര്‍വദേശീയ വനിതാ ദിനത്തോടനുബന്ധിച്ചു തന്നെ സ്ത്രീകള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നതും വ്യക്തമായ ഒരു രാഷ്ട്രീയപ്രസ്താവന തന്നെയാണെന്ന് സൊസൈറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ക്കുന്നു. മറ്റിടങ്ങളിലെല്ലാം സ്ത്രീകള്‍ ജോലിക്കെത്തുമ്പോഴും, ഇന്ത്യന്‍ കോഫീ ഹൗസിന്റെ വാതിലുകള്‍ എന്തുകൊണ്ടാണ് സ്ത്രീകള്‍ക്കു മുന്നില്‍ തുറക്കാത്തതെന്ന ചോദ്യങ്ങള്‍ മുന്‍പും പല തവണ ഉയര്‍ന്നിട്ടുള്ളതാണെങ്കിലും കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുമായി ബന്ധപ്പെട്ട ജോലികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് തീരുമാനം വൈകിയതെന്നും അദ്ദേഹം പറയുന്നു. അറുപത്തിയൊന്നു വര്‍ഷമായി അറിഞ്ഞോ അറിയാതെയോ പിന്തുടര്‍ന്നു പോന്നിട്ടുള്ള തെറ്റായ നയം മാറ്റിയതിന്റെ ആത്മവിശ്വാസത്തിലാണ് സൊസൈറ്റി അംഗങ്ങളും.
പതിവിനു വിപരീതമായി, ഈ വനിതാദിനത്തില്‍ കേരളത്തിലെ മൂന്നു കോഫീ ഹൗസുകളില്‍ സ്ത്രീകള്‍ കൂടി ചേര്‍ന്നുണ്ടാക്കിയ ഭക്ഷണമാണ് മലയാളികള്‍ കഴിക്കുക. സ്ത്രീകളെ ജോലിക്കെടുത്ത വിഷയം വാര്‍ത്തയല്ലാതാകുന്ന കാലത്തേക്കുള്ള ആദ്യ പടികളിലൊന്നായി ഇന്ത്യന്‍ കോഫീ ഹൗസിന്റെ ഈ നീക്കം മാറുമെന്ന് പ്രതീക്ഷിക്കാം. വനിതകള്‍ മാത്രമായി നടത്തുന്ന കോഫീ ഹൗസ് ശാഖകള്‍ക്കായും കാത്തിരിക്കാം.
* Represent image