UPDATES

ട്രെന്‍ഡിങ്ങ്

പത്രക്കാരുടെ സ്ഥിതി ഇത്ര ദയനീയമാണെന്ന് അറിഞ്ഞില്ല; ‘കടക്കൂ പുറത്ത്’ പോസ്റ്റിന് മറുപടിയുമായി അശോകന്‍ ചരുവില്‍

ചെന്നൈയില്‍ നടന്ന പരിപാടിയുടെ വാര്‍ത്ത നല്‍കാന്‍ പത്രപ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടു എന്നായിരുന്നു പോസ്റ്റ്‌

ചെന്നൈയില്‍ വച്ചു നടന്ന പരിപാടിയുടെ വാര്‍ത്ത നല്‍കാന്‍ പത്രപ്രവര്‍ത്തകര്‍ പണം ആവശ്യപ്പെട്ടതായ എഴുത്തുകാരന്‍ അശോകന്‍ ചരുവിലിന്റെ പോസ്റ്റ്‌ ഏറെ ചര്‍ച്ചയായതിനു പിന്നാലെ വിവാദവുമാകുന്നു. എന്നാല്‍ ഇന്ത്യയിലെ പത്രപ്രവർത്തകരുടെ സ്ഥിതി ഇത്രമാത്രം ദയനീയമാണെന്ന് ഇന്നലെ വരെ തനിക്ക് അറിയുമായിരുന്നില്ലെന്നും എല്ലാവരും പരമാവധി ഞെളിഞ്ഞ് നടക്കുന്നതാണ് കാണാറുള്ളതെന്നും നാമമാത്രമായ വേതനം മാത്രമാണ് ഭൂരിപക്ഷം പേർക്കും ലഭിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. ചെന്നൈയിൽ നിന്ന് താൻ തുടങ്ങി വെച്ച ചർച്ച പത്രപ്രവർത്തകരുടെ ജീവിതാവസ്ഥ പരിഹരിക്കാനുള്ള ഒരു സമരപ്പോരാട്ടത്തിനു കാരണമായെങ്കിൽ എന്ന് ആശിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ ഇട്ട കുറിപ്പില്‍ പറയുന്നു.  

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകനായ അനീഷ്‌ താഴയില്‍ എന്നയാള്‍ ഉന്നയിച്ച വിമര്‍ശനത്തിനുള്ള മറുപടിയായാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അശോകന്‍ ചരുവിലിന്റെ പോസ്റ്റ്‌ ഇങ്ങനെ: “ചെന്നൈയിലെ മാധ്യമ പ്രവർത്തകൻ Aneesh Thazhayilചോദിക്കുന്നു: ദാരിദ്ര്യം കൊണ്ട് വണ്ടിക്കൂലി ചോദിച്ച പത്രക്കാരോട് ഞാൻ തട്ടിക്കയറിയത് ശരിയാണോ?
ശരിയല്ല. എനിക്കൊരു ദുസ്വഭാവമുണ്ട്. അഴിമതി സഹിക്കാനാവില്ല. നിയന്ത്രണം വിട്ടു പോകും. ജീവിതാനുഭവം കൊണ്ട് കിട്ടിയ ഒരു സ്വഭാവമാണ്. ഇതിനെക്കുറിച്ചു മാത്രമായി എന്റെ ഒരു പുസ്തകമുണ്ട്. “ദൈവം കഥ വായിക്കുന്നുണ്ട്.” പിന്നെ സത്യത്തിൽ ഇന്ത്യയിലെ പത്രപ്രവർത്തകരുടെ സ്ഥിതി ഇത്രമാത്രം ദയനീയമാണെന്ന് ഇന്നലെ വരെ എനിക്ക് അറിയുമായിരുന്നില്ല. കാരണം പത്രക്കാരുമായി എനിക്കത്ര അടുപ്പമില്ല. എല്ലാവരും പരമാവധി ഞെളിഞ്ഞ് നടക്കുന്നതാണ് കാണാറുള്ളത്. നാമമാത്രമായ വേതനം മാത്രമാണ് ഭൂരിപക്ഷം പേർക്കും ലഭിക്കുന്നതെന്ന് ഇപ്പോൾ മനസ്സിലാക്കുന്നു.
ചെന്നൈയിൽ നിന്ന് ഞാൻ തുടങ്ങി വെച്ച ചർച്ച പത്രപ്രവർത്തകരുടെ ജീവിതാവസ്ഥ പരിഹരിക്കാനുള്ള ഒരു സമരപ്പോരാട്ടത്തിനു കാരണമായെങ്കിൽ എന്ന് ഞാൻ ആശിക്കുന്നു.
മറ്റൊരു കാര്യം കൂടെ: പട്ടിണി കിടക്കുന്നവൻ തമിഴനാണോ മലയാളിയാണോ എന്നന്വേഷിക്കുന്നതിൽപ്പരം വൈകൃതം വേറെ ഇല്ല.”

അനീഷ് താഴയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌: “ശ്രീ. അശോകൻ ചരുവിൽ, താങ്കളുടെ എഫ് ബി പോസ്റ്റ് വൈറലായി;മലയാളികളായ മാധ്യമ പ്രവർത്തകർ ആത്മരോഷം കൊണ്ടു; അവർ തമിഴരാണെന്ന് വിധിച്ച് കൊണ്ട് ഓരോരുത്തരും അവരവരുടെ ക്ലാസ്സുകളിലേക്ക് മടങ്ങി. ചെന്നൈയിൽ നടന്ന ഒരു ചടങ്ങിൽ താങ്കളെ സംബന്ധിച്ച വാർത്ത കൊടുക്കാൻ പത്രപ്രവർത്തകർ പണം ആവശ്യപ്പെട്ടെന്നും പ്രകോപനം കൊണ്ട താങ്കൾ പിണറായിയുടെ അതേ ഭാഷയിൽ അവരോട് കടക്കൂ പുറത്തെന്ന് ആജ്ഞാപിച്ചു എന്നുമായിരുന്നല്ലോ താങ്കൾ പോസ്റ്റിൽ വ്യക്തമാക്കിയത്. ചെന്നൈയിലെ പല പരിപാടികളിലും സംഘാടകരെ സമീപിച്ച് വാർത്തയ്ക്ക് പണം വാങ്ങുന്നവരെ കാണാം. അവരിൽ പലരും തമിഴ്, ഇംഗ്ലീഷ് സായാഹ്ന പത്രങ്ങളിൽ ഒഴിവു നേര ജീവനക്കാരോ ലൈനർമാരോ ആണ്. ചിലരൊക്കെ വ്യാജ ഐഡന്റിറ്റി കാർഡുമായി നടക്കുന്നവരുമാണ്. വാർത്തക്ക് പണം ആവശ്യപ്പെടുന്ന ആ ഒരു പുതിയ അനുഭവം താങ്കളെ വിറകൊള്ളിച്ചു. താങ്കൾക്ക് താല്ക്കാലികമായെങ്കിലുംഅവകാശപ്പെട്ട സ്പേസിൽ നിന്ന് കടക്കൂ പുറത്ത് എന്ന് അവരോട് ആജ്ഞാപിച്ചു. അവരുടെ ദാരിദ്യത്തിന് നേരെ കൊഞ്ഞനം കുത്തി രസിക്കലല്ല പോസ്റ്റിന്റെ താല്പര്യം എന്നും കേരളത്തിലെ മാധ്യമ പ്രവർത്തകരോട് പിണറായി പറഞ്ഞ അതേ വാക്കുകളെ ന്യായീകരിക്കുകയായിരുന്നു ലക്ഷ്യമെന്നും വ്യക്തമാണ്. അതിന്റെ പേരിൽ ചെന്നൈയിലെ മലയാള മാധ്യമ പ്രവർത്തകരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും സർക്കാസത്തിന്റെ മൊഴിവഴക്കത്തിൽ വിശദീകരണം നൽകുന്നതും കണ്ടു. അഴിമതിരഹിത സർക്കാർ ജീവനക്കാരൻ എന്ന അപൂർവ്വജീവിതം നയിച്ചെന്ന് അഭിമാനപൂർവ്വം സ്വയം സാക്ഷ്യപ്പെടുത്തുന്ന ഒരെഴുത്തുകാരൻ എന്ന നിലയിൽ ചെന്നൈയിലെ മലയാള മാധ്യമ പ്രവർത്തകരുടെ അഭിമാനത്തിന് താങ്കൾ വില കല്പിക്കേണ്ടിയിരുന്നില്ലേ?. താങ്കളെ സമീപിച്ച മാധ്യമ പ്രവർത്തകർ ആരാണെന്ന് വ്യക്തമാക്കാനുള്ള ബാധ്യത താങ്കൾക്കുണ്ടായിരുന്നില്ലേ?ആ പോസ്റ്റ് മലയാളത്തിൽ ആയതിനാലും സാമാന്യവൽക്കരിച്ച് വിശദീകരിച്ചതിനാലും പണം ചോദിച്ചവർ മലയാളമാധ്യമ പ്രവർത്തകർ എന്ന് പറഞ്ഞില്ല എന്ന വാദം അസാധുവാകുന്നില്ലേ? ഇനി അതൊക്കെ പിണറായിക്ക് അനുകൂലമായ രാഷ്ട്രീയ നിലപാടിന്റെ ഭാഗമായ ഒരു പഞ്ചിനാണെന്ന് കരുതി വിട്ടേക്കാം. എന്നാൽ ഒരു ഇടതുപക്ഷ യാത്രികൻ എന്ന നിലയിൽ താങ്കളുടെ നോട്ടം ആദ്യം ചെന്നെത്തേണ്ടത് ആ പത്രജീവനക്കാരുടെ യാചക തുല്യമായ ദയനീയ ജീവിത സാഹചര്യങ്ങളിലേക്കായിരുന്നില്ലേ?പത്രസ്ഥാപനങ്ങളുടെ തൊഴിലാളി വിരുദ്ധതയേയും ചൂഷണത്തെയും കുറിച്ചായിരുന്നില്ലേ?. താരതമ്യേന സാമ്പത്തിക ശേഷി കുറഞ്ഞു എഴുത്തുകാരോട് പോലും ( താങ്കൾ ഒരു ലക്ഷത്തിലധികം മാസ ശമ്പളം വാങ്ങിച്ചിരുന്ന മുൻ പി എസ് സി മെംബർ ആണെന്ന് അവർ അറിഞ്ഞ് കാണുമോ എന്തോ?!) വാർത്ത ചെയ്യാൻ പണം യാചിക്കണമെങ്കിൽ ആ ദാരിദ്യത്തിന്റെ ആഴമെന്തായിരിക്കും?!. എല്ലാറ്റിനുമുപരി ഇതെങ്ങനെ താങ്കൾക്ക് രസകരമായ അനുഭവമായി തീരുന്നു?.കേരളത്തിലെ ഇടതുപക്ഷ ശരീരത്തെ ബാധിച്ച മധ്യവർഗ്ഗ ദുർമേദസ്സോ പൊങ്ങച്ചമോ അല്ലാതെന്ത്?!”

ഇതായിരുന്നു അശോകന്‍ ചരുവിലിന്റെ ചര്‍ച്ചയായ പോസ്റ്റ്‌ : “രസകരമായ ഒരനുഭവം. ഒട്ടും ഭാവന കലർത്താതെ എഴുതാം. ചെന്നൈ ബുക്ക് ഫെയറിന്റെ സമാപനച്ചടങ്ങിൽ സംബന്ധിക്കാൻ ഇന്നലെ മഹാനഗരത്തിൽ ചെന്നിറങ്ങി. പുറത്ത് നല്ല ചൂടാണ്. പകൽ മുഴുവൻ എഗ്മൂറിലെ ഹോട്ടൽ മുറിയിലിരുന്ന് വായിച്ചും എഫ്.ബി.യിൽ നോക്കിയും സമയം ചിലവഴിച്ചു. നമ്മുടെ മുഖ്യമന്ത്രി മസ്ക്കോട്ടിലെ മുറിയിൽ നിന്ന് പത്രക്യാമറക്കാരോട് “കടക്ക് പുറത്ത്” എന്നു പറഞ്ഞതായിരുന്നു ഇന്നലത്തെ ചിന്താവിഷയം.
വൈകീട്ട് അഞ്ചു മണിക്ക് ബുക്ക് ഫെയർ നടക്കുന്ന റായൽപേട്ടയിലെ വൈ.എം.സി.എ. ഗ്രൗണ്ടിൽ ചെന്നു. നുറുകണക്കിന് സ്റ്റാളുകളുള്ള മികച്ച സാംസ്കാരികോത്സവം.
തമിഴ് സാഹിത്യവും പുസ്തക പ്രസാധനവും ആശാവഹമായ ഒരു വഴിത്തിരിവിലാണെന്നു ബോധ്യപ്പെടും. “ഭാരതി പുത്തകാലയം” എന്ന പ്രസാധകരാണ് ഏറെ മുന്നിൽ.
പൊതുപരിപാടി തുടങ്ങി. നിറഞ്ഞ സദസ്സ്. ധാരാളം എഴുത്തുകാരെ വേദിയിൽ ആദരിച്ചു. നോവലിസ്റ്റ് പ്രപഞ്ചൻ ആയിരുന്നു മുഖ്യ അതിഥി. അദ്ദേഹം എന്റെ കഥകളെകുറിച്ചാണ് പ്രധാനമായും സംസാരിച്ചത്. തമിഴിലേക്ക് വിവർത്തനം ചെയ്ത എന്റെ കഥാസമാഹാരം “ഇരണ്ടു പുത്തകങ്കൾ” അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നു. മലയാളവും തമിഴും കൂട്ടിക്കലർത്തി ഞാനും കുറച്ചു സമയം സംസാരിച്ചു. അഥവാ പ്രസംഗിച്ചു.
ഓ, ഇയാളുടെ വീര ശൂര പരാക്രമങ്ങൾ! എന്നു കണക്കാക്കി വായന അവസാനിപ്പിക്കരുതേ.
രസം വരുന്നേയുള്ളു.
വേദിയിൽ നിന്നിറങ്ങി ഗസ്റ്റ് റൂമിൽ ഇരിക്കുമ്പോൾ നാലഞ്ചു പേർ എന്റെ അടുത്തുവന്നു. പത്രക്കാരാണെന്ന് പരിചയപ്പെടുത്തി. എനിക്ക് അഭിമാനം തോന്നി. നമ്മൾ പ്രസംഗിച്ചതിനു ശേഷം പത്രക്കാർ വന്നു പരിചയപ്പെടുക എന്നു വെച്ചാൽ മോശമല്ലാത്ത സംഭവമാണല്ലോ. എന്റെ പ്രസംഗം നന്നായി എന്ന് അവർ പറഞ്ഞു. പ്രപഞ്ചൻ എന്നെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വാർത്തയാക്കുമെന്ന് സൂചിപ്പിച്ചു. ഞാൻ നന്ദി പറഞ്ഞു തൊഴുതു.
എന്നിട്ടും പോകാതെ അവർ തമ്പിട്ടു നിന്നു. എന്നോട് വിശേഷിച്ച് ഒരു കാര്യം സംസാരിക്കാനുണ്ടത്രെ. ഞാൻ അപകടം മണത്തു. കേരള മുഖ്യമന്ത്രിയുടെ “കടക്ക് പുറത്ത്” ആയിരിക്കുമോ വിഷയം? എന്റെ ഉള്ളിലെ രാഷ്ട്രീയക്കാരൻ ഉണർന്നു. എന്തായിരിക്കണം മറുപടി പറയേണ്ടത്?
പക്ഷേ അവർ ഉന്നയിച്ചത് വേറൊരു വിഷയമാണ്. വാർത്ത നന്നായി കൊടുക്കുന്നതിന്റെ പ്രതിഫലമായി അവർക്ക് ഞാൻ കുറച്ച് പണം കൊടുക്കണം. ഇങ്ങനെ ഒരു ഏർപ്പാട് കേട്ടറിവു പോലും ഇല്ലാത്തതു കൊണ്ട് ഞാൻ തെല്ല് അമ്പരന്നു. വല്ലാത്ത അപമാനമാണ് തോന്നിയത്. നിങ്ങളുടെ പബ്ലിസിറ്റി എനിക്ക് ആവശ്യമില്ല എന്ന് ഞാൻ പറഞ്ഞു.
പക്ഷേ അവരിൽ ഒരാൾ മുന്നോട്ടുവന്ന് തൊഴുതിട്ടു പറഞ്ഞു.
“എന്തെങ്കിലും തരണം സർ. യാത്രാക്കൂലി ആയിട്ടെങ്കിലും.”
പണ്ട് രജിസ്ട്രാപ്പീസിൽ ഇരിക്കുന്ന കാലത്ത് ചില കക്ഷികൾ ആളറിയാതെ വന്ന് എന്റെ മേശപ്പുറത്ത് കൈക്കൂലിപ്പണം വെക്കാറുണ്ട്. അപ്പോൾ എനിക്ക് കാൽ മുതൽ ശിരസ്സു വരെ ഒരു വിറയൽ വരും. വർഷങ്ങൾക്കു ശേഷം ആ വിറയൽ ഇപ്പോൾ വീണ്ടും വന്നു. ഞാൻ അലറി:
“കടക്ക് പുറത്ത്.”

തുടര്‍ന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തന്റെ നിലാപാട് വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തി. മലയാളി മാധ്യമ പ്രവര്‍ത്തകര്‍ പണം വാങ്ങിയല്ല വാര്‍ത്ത കൊടുക്കുന്നത് എന്ന് തനിക്കറിയാമെന്നും മലയാളികളെയല്ല താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറയുന്നു. “അൽപ്പസമയം മുമ്പ് തൃശൂർ മാതൃഭൂമിയിൽ നിന്നും ശ്രീരാഗ് വിളിച്ചിരുന്നു. എനിക്കദ്ദേഹത്തെ പരിചയമില്ല. ചെന്നൈയിലെ പത്രപ്രവർത്തകരെക്കുറിച്ചുള്ള എന്റെ എഫ് ബി പോസ്റ്റിനെക്കറിച്ച് അദ്ദേഹം അന്വേഷിച്ചു.
ഞാൻ അദ്ദേഹത്തോട് പറഞ്ഞ കാര്യങ്ങൾ:
“ചെന്നൈയിൽ എന്നെ വന്നു കണ്ട പത്രപ്രവർത്തകരിൽ മലയാളികൾ ഉണ്ട് എന്ന ഒരു സൂചന പോലും എന്റെ പോസ്റ്റിൽ ഇല്ല. ഞാൻ എന്റെ ഇന്നലത്തെ അനുഭവങ്ങൾ ചുരുക്കി വിവരിക്കാനാണ് ശ്രമിച്ചത്. പിണറായി പത്രക്കാരാട് “കടക്ക് പുറത്ത്” എന്നു പറഞ്ഞ സംഗതിയാണ് ഇന്നത്തെ ഫേസ്ബുക്ക് വിഷയം എന്ന് സൂചിപ്പിച്ചിരുന്നു. ആ പരാമർശവും ചെന്നൈ പത്രപ്രവർത്തകരിൽ നിന്നുണ്ടായ അനുഭവവും തമ്മിൽ ബന്ധപ്പെടുത്തിയിട്ടില്ല. എനിക്ക് പത്രപ്രവർത്തകരുമായി പൊതുവെ അടുപ്പം കുറവാണ്. പക്ഷെ അത് മഹത്തായ ഒരു തൊഴിലായി ഞാൻ കരുതുന്നു. മലയാള പത്രപ്രവർത്തകർ വാർത്തകൾക്ക് കൈക്കൂലി വാങ്ങും എന്ന് ഞാൻ കരുതുന്നില്ല. കാരണം എനിക്കത് അനുഭവമില്ല. അതു കൊണ്ടാണ് ചെന്നൈ അനുഭവം എന്നെ അമ്പരപ്പിച്ചത്. പത്രപ്രവർത്തകർ എന്നെഴുതുമ്പോഴെല്ലാം അവർ ഏതു ഭാഷക്കാർ, മതക്കാർ, നാട്ടുകാർ എന്നെല്ലാം വിശദീകരിക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല.”

 

അനുകൂലിച്ചും എതിര്‍ത്തുമുള്ള വാദഗതികളും ഇതിനൊപ്പം ഉയരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകനായ ടി.സി രാജേഷ്, ഇത്തരത്തില്‍ പല നഗരങ്ങളിലും പണം വാങ്ങി വാര്‍ത്ത നല്‍കുന്ന പതിവ് നിലനില്‍ക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു: “ചെന്നൈയിലെ ചില തമിഴ് പത്രങ്ങളുടെ റിപ്പോര്‍ട്ടമാരില്‍ നിന്ന് തനിക്കുണ്ടായ അനുഭവത്തപ്പെറ്റി എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ഫെയ്സ് ബുക്കില്‍ കുറിച്ച കുറിപ്പിനെച്ചൊല്ലി വിവാദം ഉയര്‍ന്നിരിക്കുകയാണല്ലോ. അദ്ദേഹത്തിന്റെ കുറിപ്പില്‍ എന്തെങ്കിലും ഭാവനയോ അതിഭാവുകത്വമോ ഉള്ളതായി എനിക്കുതോന്നുന്നില്ല. തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിനു വെളിയില്‍ പല സംസ്ഥാനങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍ക്ക് വാര്‍ത്ത എഴുതാനായി കാശുകൊടുക്കുന്നത് പതിവാണ്. എല്ലാവരും അത് വാങ്ങാറില്ലെന്നു മാത്രം. മുംബൈയിലെ വാര്‍ത്താസമ്മേളനങ്ങളില്‍ പലപ്പോഴും പതിനായിരം രൂപയില്‍ കുറയാത്ത തുക കവറിലിട്ട് ഏല്‍പിക്കാറുണ്ടായിരുന്നെന്ന് അവിടെ ജോലി ചെയ്തിട്ടുള്ള ഒരു സുഹൃത്തായ പത്രപ്രവര്‍ത്തകന്‍ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുന്നു.

രണ്ടുമാസം മുന്‍പ് ഒരു സ്ഥാപനത്തിനുവേണ്ടി നാഗര്‍കോവിലില്‍ വാര്‍ത്താസമ്മേളനം നടത്താന്‍ സഹായിക്കാമോ എന്ന് എന്നോടു ചോദിച്ചിരുന്നു. അതിനുവേണ്ടി നാഗര്‍കോവിലിലുള്ള ഒരു മലയാള പത്രലേഖകനെ ഞാന്‍ ബന്ധപ്പെടുകയുണ്ടായി. കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം എന്നെ നിരുല്‍സാഹപ്പെടുത്തുകയാണുണ്ടായത്. പണവും ഉപഹാരങ്ങളും ഇല്ലാതെ അവിടെ വാര്‍ത്താസമ്മേളനം വിളിച്ചിട്ട് ഒരു കാര്യവുമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തങ്ങള്‍ അതുകൊണ്ടുതന്നെ പല വാര്‍ത്താസമ്മേളനങ്ങള്‍ക്കും പോകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം സ്ഥാപനത്തിന്‍റെ അധികൃതരെ ബോധ്യപ്പെടുത്തി വാര്‍ത്താസമ്മേളനം വേണ്ടെന്നു വയ്ക്കുകയായിരുന്നു.

മുഖ്യധാരയില്‍പെട്ട പത്രലേഖകരായിരിക്കില്ല ഒരുപക്ഷേ, അശോകന്‍ ചരുവിലിനോട് പണം ആവശ്യപ്പെട്ടത്. ചിലപ്പോള്‍ പത്രപ്രവര്‍ത്തകരുടെ അംഗീകൃത സംഘടനകളില്‍ അംഗത്വമുള്ളവരോ സ്റ്റാഫ് റിപ്പോര്‍ട്ടര്‍മാര്‍ പോലുമോ ആയിരിക്കില്ല. അശോകന്‍ ചരുവിലിന്റെ ലേഖനത്തില്‍ അത്തരം പരാമര്‍ശങ്ങളും ഉണ്ടായിരുന്നില്ല. എന്നിട്ടും മാധ്യമപ്രവര്‍ത്തകരെല്ലാവരുംകൂടി അദ്ദേഹത്തിന്റെ നേര്‍ക്കു തിരിഞ്ഞത് അതില്‍ “കടക്കൂ പുറത്ത്” എന്ന പരാമര്‍ശം വന്നതിനാലാകണം.

നമ്മുടെ തിരുവനന്തപുരത്ത് എന്തുകൊണ്ടാണ് പലരും രാത്രികാല വാര്‍ത്താസമ്മേളനങ്ങള്‍ ഒഴിവാക്കിത്തുടങ്ങിയതെന്നുകൂടി ആലോചിക്കണം. ഒരുകാലത്ത് ഇത് പതിവായിരുന്നു. പക്ഷേ, മദ്യം, ഉപഹാരം എന്നിവ പ്രതീക്ഷിച്ച് ഇടിച്ചുകയറുന്ന ചിലരുണ്ടായിരുന്നു. ഇവര്‍ പലപ്പോഴും മുഖ്യധാരാ പത്രങ്ങളുടെ ആളുകളാകില്ല. പക്ഷേ, അവര്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മറ്റുള്ളവര്‍ക്കു കൂടി അപമാനമായിത്തുടങ്ങിയതോടെ മുഖ്യധാരാ പത്രങ്ങളിലേയും ചാനലുകളിലേയും റിപ്പോര്‍ട്ടര്‍മാര്‍ ഇത്തരം വാര്‍ത്തസമ്മേളനങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. പരിപാടി നടത്തുന്നവര്‍ക്ക് കാശുപോകുന്നതും ഗുണം കിട്ടാതാകുന്നതും പതിവായതോടെയാണ് രാത്രികാല വാര്‍ത്താസമ്മേളനങ്ങള്‍ കുറഞ്ഞുവന്നത്.

എല്ലായിടത്തും പുഴുക്കുത്തുകളുണ്ട്. അത് പരാമര്‍ശിക്കപ്പെടുമ്പോള്‍ ആ പുഴുക്കുത്തുകളില്‍ ഉള്‍പ്പെടാത്തവരും രോഷം കൊള്ളുന്നത് പുഴുക്കുത്ത് വ്യാപിക്കാനേ കാരണമാകൂ.”

എന്നാല്‍ പത്രപ്രവര്‍ത്തകനായ കെ.എ ഷാജി അശോകന്‍ ചരുവിലിന്റെ വാദങ്ങളെ മറ്റൊരു രീതിയിലാണ് കാണുന്നത്. അതിങ്ങനെ: “കെയ്റോയിലെ വിമാനത്താവളത്തില്‍ തടിച്ചുകൂടിയ അവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം ഒരത്ഭുതവും വിസ്മയവുമായിരുന്നു. അവരിലൊരാളുടെ നാവില്‍ നിന്നും അറിയാതെ ആ വാക്കുകള്‍ ഉതിര്‍ന്നു: ഇതാ വിനയത്തിന് നടുവില്‍ ഒരു വിജ്ഞാന സാഗരം.” കേരളത്തിലെ മുസ്ലീം ലീഗിന്റെ സമുന്നതനായ നേതാവ് (ഇപ്പോള്‍ ജീവിച്ചിരിപ്പില്ല) ഈജിപ്ത് സന്ദര്‍ശിച്ചതിനെപ്പറ്റി അന്ന് പാര്‍ട്ടി മുഖപത്രത്തില്‍ വന്നതാണ്‌.
അത് വായിച്ചപ്പോള്‍ തോന്നിയതിന് സമാനമായ ഒരാഹ്ലാദമാണ് മലയാളത്തിലെ പുരോഗമന സാഹിത്യ ലോകത്തെ കൊള്ളിമീന്‍ ആയ അശോകന്‍ ചെരിവില്‍ അവര്‍കള്‍ തന്റെ ചെന്നൈ അനുഭവം വിവരിച്ചപ്പോള്‍ തോന്നിയത്. അവിടെ സാഹിത്യ സമ്മേളനത്തില്‍ ചെന്ന അദ്ധേഹത്തിന്റെ പ്രസംഗം കേട്ട് കോരിത്തരിച്ച മാധ്യമ പ്രവര്‍ത്തകര്‍ (മലയാളികള്‍ അല്ലെന്ന് പിന്നീട് വിശദീകരണം വരുന്നുണ്ട്) മൊത്തം എഴുതിയെടുത്തെന്നും അത് പ്രസിദ്ധീകരിക്കാന്‍ എഴുത്തുകാരനോട്‌ കാശ് ചോദിച്ചെന്നും അപ്പോള്‍ പിണറായി സ്റ്റൈലില്‍ കടക്കു പുറത്ത് എന്ന് അദ്ദേഹം ആക്രോശിച്ചു എന്നുമാണ് ഫേസ്ബുക്കില്‍ എഴുതിയിരുന്നത്. തമിഴ് വായനാ ലോകത്തിന് ചിര പരിചിതനും അവിടുത്തെ മാധ്യമങ്ങളിലെ വലിയ വാര്‍ത്താ മൂല്യം ഉള്ള ആളുമായി അദ്ദേഹം വളര്‍ന്നിരിക്കുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്. എന്നിട്ടും പ്രലോഭനങ്ങളെ അതിജീവിക്കാനും കടക്കൂ പുറത്ത് എന്ന് പറയാനും അദ്ദേഹത്തിന് ആയത് അദ്ദേഹം പിന്‍പറ്റുന്ന വിപ്ലവ പുരോഗമന ത്ത്വചിന്തകളുടെ പിന്‍ബലം കൊണ്ട് ആയിരിക്കും എന്ന് തോന്നുന്നു. വിനയത്തിന് നടുവിലെ ഈ കഥാസാഗരം ഇനിയും ഇനിയും ഭാഷകളുടെ വേലിക്കെട്ടുകള്‍ പൊളിക്കണം എന്നും മലയാളത്തിന്റെ മാക്സിം ഗോര്‍ക്കി ആകണം എന്നുമാണ് ആഗ്രഹം.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍