ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളെ സംസ്ഥാനവ്യാപകമായിത്തന്നെ ആശയപരമായി എതിര്‍ക്കേണ്ടതുണ്ടെന്ന് കോഴിക്കോട്ട് നടന്ന ജനാധിപത്യ കണ്‍വെന്‍ഷന്‍
ശബരിമല സ്ത്രീ പ്രവേശന വിധിയെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളെ സംസ്ഥാനവ്യാപകമായിത്തന്നെ ആശയപരമായി എതിര്‍ക്കേണ്ടതുണ്ടെന്ന് കോഴിക്കോട്ട് നടന്ന ജനാധിപത്യ കണ്‍വെന്‍ഷന്‍. മതസംബന്ധിയായ വിശദീകരണം നല്‍കി വിശ്വാസ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന ആള്‍ക്കൂട്ടം ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് അനാചാരങ്ങളെയാണെന്നും, ഭരണഘടനാ വിരുദ്ധമായ ഒരു നീക്കത്തിനും പിന്തുണ നല്‍കുകയില്ലെന്നും തറപ്പിച്ചു പറയുകയാണ് ‘കേരളത്തിന്റെ ഭാവി ജനാധിപത്യമോ മതശാസനങ്ങളോ’ എന്ന പേരില്‍ നടന്ന കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍.
എം.ജി.എസ് നാരായണന്‍, എം.എന്‍. കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, ഹമീദ് ചേന്ദമംഗലൂര്‍, അജിത, ഡോ. ഖദീജ മുംതാസ് എന്നിങ്ങനെ സാമൂഹിക-സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന അനവധി പേരാണ് കണ്‍വെന്‍ഷന്റെ ഭാഗമായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകമായും, കേരളത്തിലങ്ങോളമിങ്ങോളമുള്ളവരുടെ കൂട്ടായ പങ്കാളിത്തത്തോടെയും ഇത്തരം പ്രതിരോധ സംഗമങ്ങള്‍ നടത്താനും തീരുമാനമെടുത്തിട്ടുണ്ട്. സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന സ്‌പേസുകള്‍ എന്തു തന്നെയായാലും, അവ തിരിച്ചു പിടിക്കുന്നത് രാഷ്ട്രീയ ബോധത്തിന്റെ ഭാഗമാണെന്നും, അതിനെതിരായി വിരല്‍ ചലിപ്പിക്കുക എന്നത് സംഘപരിവാര്‍ അജണ്ടയാണെന്നും കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടുന്നു.
സാമൂഹികമായ മുന്നേറ്റത്തിലേക്കുള്ള പാതയിലെ നാഴികക്കല്ലായി കാണേണ്ട സ്ത്രീ പ്രവേശന വിധിയെ എതിര്‍ക്കുന്നത് തന്ത്രപരമായ നീക്കമാണ്. സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ പിന്താങ്ങുന്ന സുപ്രീം കോടതി വിധിക്കെതിരെ ആയിരക്കണക്കിന് സ്ത്രീകളാണ് തെരുവിലിറങ്ങിയത്. തങ്ങള്‍ ‘അശുദ്ധ’രും മാറ്റിനിര്‍ത്തപ്പെട്ടവരുമായി തുടര്‍ന്നോളാമെന്ന സ്ത്രീകളുടെ പ്രഖ്യാപനം വലിയ തോതിലുള്ള തെറ്റിദ്ധരിപ്പിക്കലിന്റെ ഉപോത്പന്നമാണ്. ജാതി രാഷ്ട്രീയത്തിനു കുടപിടിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും, വിശ്വാസി സമൂഹത്തെയൊന്നടങ്കം ചൂഷണം ചെയ്യുന്ന ജാതി സംഘടനകളും ചേര്‍ന്ന് കേരളത്തെ നൂറ്റാണ്ടുകള്‍ പുറകോട്ടടിക്കുകയാണ് – കൂട്ടായ്മയില്‍ ഉയര്‍ന്ന ചര്‍ച്ചകള്‍ രേഖപ്പെടുത്തുന്നത് ഇതെല്ലാമാണ്.
“മതവിശ്വാസങ്ങളും മതപരമായ ചേരിതിരിവുകളും കേരളത്തിന്റെ പൊതു മണ്ഡലത്തെ ദോഷകരമായി ബാധിച്ചിരുന്നില്ല. ദേശീയപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായി ആഴത്തിലുള്ള ദേശീയബോധം മതത്തിനതീതമായി വേരൂന്നിയിരുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് അതിനെതിരായ ശക്തികള്‍ ഇപ്പോള്‍ തലപൊക്കുന്നതെന്ന് ചിന്തിക്കേണ്ടതുണ്ട്. പ്രതീക്ഷിക്കാത്ത പല കോണുകളില്‍ നിന്നും വിദ്വേഷപ്രചരണങ്ങള്‍ ഉണ്ടാകുന്നുണ്ട്. അതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഒരിക്കല്‍ ജനാധിപത്യ സമൂഹമായി പ്രഖ്യാപിക്കപ്പെട്ടു എന്നതിനാല്‍ എല്ലായ്‌പ്പോഴും ജനാധിപത്യം ഇവിടെ നിലനില്‍ക്കും എന്നു കരുതിക്കൂടാ “- സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറയുന്നു.
“മനുഷ്യന്റെ ഏറ്റവും സര്‍ഗാത്മക സൃഷ്ടിയാണ് ദൈവം. ആ ദൈവത്തിന് ഒരു മാനക്കേടും ഉണ്ടാകരുതെന്നു കരുതിയാണ് വൈദ്യുതി വകുപ്പിലെ ആളുകളെക്കൊണ്ട് ജ്യോതി കത്തിക്കുന്നതും. ദൈവം നമ്മളെ സംരക്ഷിച്ചില്ലെങ്കിലും ദൈവത്തെ നമ്മള്‍ സംരക്ഷിക്കണമെന്നതാണ് ഇതിനു പിറകിലെ ചിന്ത. ഇതുവരെ അനാചാരത്തിനും അസ്വാതന്ത്ര്യത്തിനും വിവേചനത്തിനും വേണ്ടി വാദിക്കുന്ന ഒരു സമൂഹത്തെ നമ്മള്‍ കണ്ടിട്ടില്ല. ഇപ്പോള്‍ അതു കാണുന്നു എന്നതാണ് വ്യത്യാസം. ദേവാലയങ്ങള്‍ പാര്‍ട്ടി ഓഫീസുകളാക്കാനുള്ള ബിജെപിയുടെ ശ്രമത്തിനെതിരെയും ജാഗ്രത പാലിക്കേണ്ടതുണ്ട്” കണ്‍വെന്‍ഷനില്‍ സംസാരിക്കവേ കല്‍പറ്റ നാരായണന്‍ പറഞ്ഞു.
ഈ വിഷയത്തില്‍ സ്ത്രീകളെ നിരത്തിലിറക്കാന്‍ ഹൈന്ദവ സംഘടനകള്‍ക്കു സാധിച്ചതില്‍ അത്ഭുതപ്പെടേണ്ടതില്ലെന്നും കൂട്ടായ്മയില്‍ സംസാരിച്ചവര്‍ നിരീക്ഷിക്കുന്നു. സ്ത്രീകള്‍ക്ക് വിലക്കില്ലാത്ത ഒരേയൊരു മണ്ഡലമാണ് മതത്തിന്റേത്. കേരളത്തിലെ താരതമ്യേന പുരോഗമനപരം എന്നു വിശ്വസിക്കപ്പെടുന്ന വിശ്വാസി സമൂഹത്തെ സ്ത്രീ-പുരുഷ ഭേദമന്യേ ക്ഷേത്രങ്ങളിലെത്തിക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയുടെ ഭാഗം തന്നെയായിരുന്നു. മതവിശ്വാസത്തിന്റെ ഈ മണ്ഡലം വികസിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ദേശീയ നേതൃത്വം സുപ്രീം കോടതി തീരുമാനത്തെ സ്വീകരിച്ചപ്പോള്‍, കേരളത്തില്‍ സ്ഥിതി വ്യത്യസ്തമായി. എന്‍എസ്എസ് അടക്കമുള്ള ജാതി സംഘടനകള്‍ സ്ത്രീ പ്രവേശനത്തിന് കടുത്ത എതിര്‍പ്പുമായി മുന്നോട്ടു വന്നപ്പോള്‍ കേരളത്തിലെ ബിജെപിക്കും ആര്‍എസ്എസിനും അവര്‍ക്കൊപ്പം നില്‍ക്കുകയല്ലാതെ മറ്റു നിര്‍വാഹമുണ്ടായില്ല. നായര്‍ വോട്ടുകള്‍ വിഭജിച്ചുപോകാതിരിക്കാനുള്ള ജാതി രാഷ്ട്രീയം തന്നെയാണ് ശബരിമലയില്‍ പ്രവര്‍ത്തിച്ചതെന്നും നിരീക്ഷണങ്ങളുണ്ടായി.
സ്ത്രീകളെ ഇസ്‌ലാമിക പൗരോഹിത്യത്തില്‍ നിന്നും മാറ്റിനിര്‍ത്തുന്ന കീഴ്‌വഴക്കത്തിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങാന്‍ തീരുമാനിച്ചതായി കൂട്ടായ്മയില്‍ പങ്കെടുത്ത ഇ.പി സുഹ്‌റയും പറയുന്നു. “പള്ളിപ്രവേശനം മാത്രമല്ല ഞങ്ങള്‍ മുന്നോട്ടു വയ്ക്കുന്ന പ്രശ്‌നം. മുജാഹിദീന്‍-ജമാഅത്ത് പള്ളികളില്‍ സ്ത്രീകള്‍ക്കു നിസ്‌കരിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍പ്പോലും, ഇമാമുകളായി സത്രീകളെ എന്റെ അറിവില്‍ ഇതേവരെ ചുമതലപ്പെടുത്തിയിട്ടില്ല. മതപണ്ഡിതരായ എത്രോ സ്ത്രീകളുണ്ട്. എന്തുകൊണ്ട് ഒരു സ്ത്രീക്ക് ഇമാമായിക്കൂടാ? സ്ത്രീകള്‍ക്ക് അധികാരം നല്‍കണം, അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ നല്‍കണം എന്നാവശ്യപ്പെട്ടാണ് ഞങ്ങളുടെ പ്രവര്‍ത്തനം.”
സ്ത്രീകളെ മാറ്റിനിര്‍ത്തുന്ന അഗസ്ത്യകൂടം വനയാത്രയെക്കുറിച്ചും പെണ്‍കൂട്ട് വിജിയടക്കമുള്ളവര്‍ പരാമര്‍ശിക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളും വരേണ്ടതില്ല എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ പോലും നല്‍കുന്നത്, അഗസ്ത്യ മുനി തപസ്സു ചെയ്ത സ്ഥലമാണ്, അദ്ദേഹം ബ്രഹ്മചാരിയാണ് എന്ന കാരണം പറഞ്ഞാണെന്നതാണ് വിരോധാഭാസം. മാറി വരുന്ന സര്‍ക്കാരുകളൊന്നും ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികളെടുത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇത്തരത്തില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന അനവധി മാറ്റിനിര്‍ത്തലുകളെയാണ് സ്ത്രീകള്‍ അഭിമുഖീകരിക്കേണ്ടി വരുന്നതെന്നും, സ്ത്രീയായതിനാല്‍ ഒരിടവും നിഷിദ്ധമാകരുതെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി.
ഇത്തരം കൂട്ടായ്മകളില്‍ പങ്കെടുക്കുക എന്നതു പോലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും, സമാനമായ രീതിയില്‍ മറ്റിടങ്ങളിലും കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിച്ച് ചര്‍ച്ചകളിലൂടെയും ആശയവിനിമയത്തിലൂടെയും ജനാധിപത്യത്തിനു മേലുള്ള മതാധിനിവേശത്തെ നേരിടണമെന്നും സമ്മേളനത്തിന്റെ ഭാഗമായ പ്രമേയത്തില്‍ നിര്‍ദ്ദേശിക്കുന്നു. പ്രതിരോധത്തിന്റെ ആവശ്യം ഏറ്റവുമധികം ആവശ്യമുള്ള സമയമാണിതെന്നും അത് ജനാധിപത്യപരമായിത്തന്നെ നടപ്പില്‍ വരുത്തണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.
ശബരിമലയെ രക്ഷിക്കാനുള്ള സമരങ്ങള്‍ കോടതിയലക്ഷ്യവും കലാപാഹ്വാനവുമോ? 28 ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍
ഗാന്ധിയെ അവര്‍ വരാന്തയിലിരുത്തിയിട്ട് വര്‍ഷം 93 കഴിഞ്ഞു; തന്ത്രികളുടെ ജാതിഗര്‍വ്വിന് ഇന്നും ശമനമില്ല