UPDATES

ട്രെന്‍ഡിങ്ങ്

പാര്‍ട്ടി യെച്ചൂരി പിടിച്ചോ..? പിടിച്ചില്ലേ…?

സീതാറാം യെച്ചൂരി താന്‍ ഉദ്ദേശിച്ച കടവില്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നു

എല്ലാ മതനിരപേക്ഷ ജനാധിപത്യശക്തികളെയും അണിനിരത്തി ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന മുഖ്യദൗത്യം ഏറ്റെടുക്കുമ്പോള്‍ അതിനായി കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യത്തിന്റെ ആവശ്യമില്ലെന്ന് സി.പി.എം ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിച്ച ന്യൂനപക്ഷ നിലപാടിനാണ് അംഗീകാരം ലഭിച്ചത് എന്നാണ് ഇതിന്റെ രാഷ്ട്രീയ അര്‍ത്ഥം. കോണ്‍ഗ്രസുമായി സഖ്യമോ ധാരണയോപോലും കൂടാതെ ബി.ജെ.പിയെ പരാജയപ്പെടുത്തണമെന്നതായിരുന്നു സി.പി.എം കേന്ദ്രക്കമ്മിറ്റിയും പോളിറ്റ്ബ്യൂറോയും ഭൂരിപക്ഷ തീരുമാനപ്രകാരം എടുത്ത നിലപാട്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ നിലപാട് ന്യൂനപക്ഷമാകുന്നത്, സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അത്ര അപൂര്‍വ്വമല്ലെങ്കിലും പതിവ് രീതികളില്‍നിന്നുള്ള വ്യത്യസ്ത തീരുമാനമായിരുന്നു അത്. അന്നത്തെ ഭൂരിപക്ഷ നിലപാടാണ് പാര്‍ട്ടികോണ്‍ഗ്രസ് തിരുത്തിയത്. കേന്ദ്രക്കമ്മിറ്റിയിലെ ഭൂരിപക്ഷ നിലപാടിന് പാര്‍ട്ടിയുടെ ഭൂരിപക്ഷാഭിപ്രായമാണെന്ന അര്‍ത്ഥമില്ലെന്ന യെച്ചൂരിയുടെ വാദമാണ് ഇപ്പോള്‍ അംഗീകരിക്കപ്പെട്ടത്.

കോണ്‍ഗ്രസുമായി ഒരുവിധ ധാരണയും വേണ്ടെന്ന കര്‍ശന നിലപാടെടുത്ത മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ടാണ് പതിവിന് വിപരീതമായി പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്. അപൂര്‍വ്വമായേ ജനറല്‍സെക്രട്ടറി അല്ലാതെ മറ്റൊരു നേതാവ് രാഷ്ട്രീയപ്രമേയം അവതരിപ്പിക്കാറുള്ളൂ. ഇതിനമുമ്പ് ഹൈദരാബാദില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ഹര്‍കിഷന്‍സിംഗ് സുര്‍ജിത്തിന് പകരം പ്രകാശ് കാരാട്ടായിരുന്നു രാഷ്ട്രീയപ്രമേയത്തിന്റെ അവതാരകന്‍. ഇ.എം.എസ് ജനറല്‍ സെക്രട്ടറിയായിരിക്കേ ഒന്നിലേറെ തവണ ബി.ടി.രണദിവെ രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍, ജനറല്‍ സെക്രട്ടറിയുടെ അഭിപ്രായം കേന്ദ്രക്കമ്മിറ്റിയും പോളിറ്റബ്യൂറോയും ഒന്നിലേറെ പ്രാവശ്യം തള്ളിക്കളയുകയും അതുള്‍ക്കൊള്ളുന്ന രാഷ്ട്രീയപ്രമേയം മുന്‍ ജനറല്‍ സെക്രട്ടറിയും സ്വന്തം അഭിപ്രായം ന്യൂനപക്ഷാഭിപ്രായമെന്ന നിലയില്‍ ജനറല്‍ സെക്രട്ടറിതന്നെ അവതരിപ്പിക്കുകയും ചെയ്തു എന്നത് ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിലെ അപൂര്‍വ്വതയാണ്. അതില്‍ ന്യൂനപക്ഷാഭിപ്രായം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിക്കുമ്പോള്‍ സീതാറാം യെച്ചൂരി എന്ന ജനറല്‍ സെക്രട്ടറിയുടെ വിട്ടുവീഴ്ചയില്ലാതെയുള്ള പോരാട്ടത്തിന്റെ അംഗീകാരംകൂടിയാണ്.

ഇതോടെ, പാര്‍ലമെന്റില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുമായി സഹകരിക്കാവുന്ന മേഖലകളില്‍ യോജിച്ച പ്രവര്‍ത്തനത്തിന് തടസ്സമില്ല. വര്‍ഗീയതയ്‌ക്കെതിരെ മതേതര കക്ഷികളെ സംഘടിപ്പിക്കുകയും സഹകരിപ്പിക്കുകയും ചെയ്യുമ്പോള്‍ കോണ്‍ഗ്രസ്‌ കൂടി അതില്‍ ഉള്‍പ്പെടും. കോണ്‍ഗ്രസുമായി നേരിട്ട് തിരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്നേയുള്ളൂ. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തിരഞ്ഞെടുപ്പ് മുന്നണിയില്‍ തുടരുന്നതിന് സി.പി.എമ്മിന് ഇതിലൂടെ സാധിക്കും. തമിഴ്‌നാട്ടില്‍ ഡി.എം കെയുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കിയാല്‍ ആ മുന്നണിയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്നു എന്നതിനാല്‍തന്നെ വോട്ടുചെയ്യുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ഇനി സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒളിവും മറയും വേണ്ട. അവിടെ രാഷ്ട്രീയസഖ്യം ഡി.എം.കെയുമായതിനാല്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിന്റെ ലംഘനവുമല്ല.

പിബി അംഗങ്ങള്‍ക്കിടയില്‍ പരസ്പര വിശ്വാസം ഇല്ല: സിപിഎം രാഷ്ട്രീയ സംഘടന റിപ്പോര്‍ട്ട്

ബി.ജെ.പി എന്ന മുഖ്യശത്രുവിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസുമായി ഒരുവിധ ധാരണയും സഹകരണവും പാടില്ലെന്ന ഉറച്ച നിലപാടെടുത്തത് പാര്‍ട്ടിയുടെ കേരളഘടകമായിരുന്നു. ആ നിലപാടിനായി പാര്‍ട്ടിയുടെ ഏറ്റവും താഴേക്കിടയിലുള്ള ബ്രാഞ്ച് സമ്മേളനം മുതല്‍ കൃത്യമായ ഇടപെടലുകളാണ് സംസ്ഥാന നേതൃത്വം നടത്തിയത്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ 175 പ്രതിനിധികളില്‍ ഒരാള്‍പോലും കോണ്‍ഗ്രസ് സഹകരണത്തിന് വാദിക്കുന്നവരാവരുതെന്ന് നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. വോട്ടെടുപ്പിലേക്കെത്തിയാല്‍ ഒരുവോട്ടുപോലും എതിര്‍ത്തു പോകരുതെന്ന ജാഗ്രതയോടെയാണ് കരുനീക്കം നടത്തിയത്. അതു മനസ്സിലാക്കിയാണ് സി.പി.എം ജനറല്‍ സെക്രട്ടറി തൃശൂരില്‍ നടന്ന സംസ്ഥാന സമ്മേളനത്തിന്റെ മറുപടി പ്രസംഗത്തില്‍ ‘സി.പി.എം എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒഫ് കേരള അല്ലെ’ന്ന് പരിഹസിച്ചത്. സി.പി.എം അധികാരത്തിലുള്ള ഏക സംസ്ഥാനം എന്നതിനു പുറമേ ഏറ്റവും അംഗങ്ങളുള്ള സംസ്ഥാനം എന്നീ നിലകളില്‍ കരുത്തുകാട്ടിയ കേരളത്തിന് സീതാറാം യെച്ചൂരി നല്‍കിയ മറുപടി കൂടിയാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം.

സി.പി.ഐയുടെ ദേശീയ കൗണ്‍സിലില്‍നിന്ന് 1964ല്‍ ഇറങ്ങിപ്പോയി സി.പി.എം പടുത്തുയര്‍ത്തിയ 32 പേരില്‍ ജീവിച്ചിരിക്കുന്ന രണ്ടേ രണ്ടുപേര്‍ വി.എസ് അച്യുതാനന്ദനും അന്ധ്രയില്‍നിന്നുള്ള ശങ്കരയ്യയുമാണ്. ഇരുവരെയും പാര്‍ട്ടി കോണ്‍ഗ്രസ് ആദരിക്കുകയും ചെയ്തു. ആ സ്ഥാപക നേതാക്കളില്‍, തൊണ്ണൂറ്റിനാലാം വയസ്സിലും പാര്‍ട്ടി വേദികളിലും സാമൂഹിക ഇടപെടലുകളിലും സജീവമായ വി.എസ് അച്യുതാനന്ദന്‍ പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയപ്രമേയത്തിനെതിരെ ഭേദഗതി നല്‍കിയിരുന്നു. അത് സംസ്ഥാന ഘടകത്തിന്റെ ഔദ്യോഗിക നിലപാടിനെ എതിര്‍ത്തുകൊണ്ടുള്ളതാണ്. അതിന്‍മേല്‍ വോട്ടെടുപ്പുവേണമെന്നും വി.എസ് ആവശ്യപ്പെട്ടു. പാര്‍ട്ടി സ്ഥാപകനേതാവിന്റെ ഭേദഗതി എതിര്‍ത്തു തോല്‍പ്പിക്കാന്‍ വോട്ടെടുപ്പ് എന്ന സ്ഥിതി പാര്‍ട്ടി കോണ്‍ഗ്രസില്‍ വികാരപരമായ സമീപനം സൃഷ്ടിക്കുമെന്ന് വ്യക്തമായിരുന്നു. സമീപകാല രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഏറ്റവും വലിയ പോരാട്ട വിജയമായിരുന്നു മഹാരാഷ്ട്രയിലെ കര്‍ഷക പ്രക്ഷോഭം. അതിന്റെ നേതാവായ കിസാന്‍സഭ പ്രസിഡന്റ് അശോക് ദാവ്‌ളയും കോണ്‍ഗ്രസുമായി ധാരണപോലും വേണ്ടെന്ന രാഷ്ട്രീയ പ്രമേയത്തിനെതിരെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉറച്ച നിലപാടെടുത്തു. ഇരുവര്‍ക്കും പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികള്‍ക്കിടയിലെ സ്വാധീനവും രാഷ്ട്രീയ പ്രമേയ ഭേദഗതിയിലേക്ക് എത്തിച്ച ഘടകങ്ങളില്‍ പ്രധാനമാണ്.

“വേറിട്ട് നടക്കാം പക്ഷെ ഒരുമിച്ച് ആക്രമിക്കണം”: ‘കുലംകുത്തി’ ട്രോത്സ്‌കിയെ കൂട്ടുപിടിച്ച് യെച്ചൂരി

രാഷ്ട്രീയപ്രമേയത്തിന്‍ മേല്‍ വിരുദ്ധാഭിപ്രായങ്ങള്‍ ശക്തമായതും പതിനാറ് സംസ്ഥാന ഘടകങ്ങള്‍ പരസ്യമായിത്തന്നെ എതിര്‍പ്പ് രൂക്ഷമാക്കിയതും പ്രകാശ് കാരാട്ടിന്റെയും പാര്‍ട്ടിയിലെ ഔദ്യോഗിക വിഭാഗത്തിന്റെയും നില ദുര്‍ബ്ബലമാക്കി. ഇതിനിടയില്‍, രാഷ്ട്രീയ പ്രമേയത്തിനുമേല്‍ വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് പശ്ചിമബംഗാള്‍ ഘടകം ഔദ്യോഗികമായി ആവശ്യപ്പെട്ടു. കേരളം ഔദ്യോഗിക നിലപാടിനൊപ്പം നില്‍ക്കുമ്പോള്‍ പശ്ചിമബംഗാള്‍ ജനറല്‍ സെക്രട്ടറിയുടെ ന്യൂനപക്ഷനിലപാടിന്റെ പതാകവാഹകരുമാണല്ലോ. 175 പ്രതിനിധികള്‍ വീതമുള്ള കേരളവും ബംഗാളും രണ്ട് വ്യത്യസ്ത അഭിപ്രായങ്ങള്‍ക്കായി നിലയുറപ്പിക്കുമ്പോള്‍ നാനൂറോളം വരുന്ന ഇതര സംസ്ഥാന പ്രതിനിധികള്‍ നിര്‍ണായകമായി. അതില്‍ കൂടുതലും ഹിന്ദി ഹൃദയഭൂമിയില്‍നിന്നുള്ളവരും ബി.ജെ.പിയുടെ കടുത്ത വെല്ലുവിളി നേരിടുന്നവരുമായിരുന്നു. രാഷ്ട്രീയ പ്രമേയ വോട്ടെടുപ്പിന് രഹസ്യബാലറ്റ് കൂടിയേ തീരൂ എന്ന് പഞ്ചാബ് ഉള്‍പ്പെടെയുള്ള ഘടകങ്ങളും വാദിച്ചപ്പോള്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള ഔദ്യോഗികപക്ഷം സമ്മര്‍ദ്ദത്തിലായി. പാര്‍ട്ടി ഭരണഘടനയില്‍ രഹസ്യബാലറ്റ് പറഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ടുതന്നെ രംഗത്തെത്തിയെങ്കിലും രഹസ്യബാലറ്റ് വേണ്ടെന്നും ഭരണഘടനയിലില്ലെന്ന് എതിര്‍വാദവും ശക്തമായി. ഭരണഘടനയിലുണ്ടെങ്കില്‍തന്നെ പാര്‍ട്ടി കോണ്‍ഗ്രസിന് അതിലും ഭേദഗതി ആവാമെന്ന നിലപാടില്‍ വലിയൊരു ഭാഗം പ്രതിനിധികള്‍ എത്തി. രഹസ്യബാലറ്റ് ആണെങ്കില്‍ കേരളം ഉള്‍പ്പെടെയുള്ള ഘടകങ്ങളില്‍നിന്ന് വോട്ടുചോര്‍ച്ച ഉണ്ടാവുമെന്നും ആശങ്കയുണ്ടായി. ഇതോടെയാണ് കോണ്‍ഗ്രസുമായി ധാരണയാവാമെന്ന നിലപാടിലേക്ക് തോണിയടുപ്പിക്കാന്‍ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധിതരായത്. അത് സി.പി.എമ്മിനെ വലിയൊരു പ്രതിസന്ധിയില്‍നിന്ന് രക്ഷിക്കുകയും ചെയ്തു. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളുടെ മനസ്സറിഞ്ഞുള്ള തീരുമാനത്തിനൊപ്പം നേതാക്കള്‍ നില്‍ക്കുകയായിരുന്നു.

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ചരിത്രത്തിലേക്കോ ‘ചരിത്രപരമായ വിഡ്ഢിത്ത’ത്തിലേക്കോ?

സി.പി.എം പിളരുമെന്നു കരുതുന്നവര്‍ നിരാശരാകുമെന്ന് പ്രകാശ് കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത് യാഥാര്‍ത്ഥ്യമായി. നയത്തിന്‍മേലുള്ള അഭിപ്രായവ്യത്യാസവും ജനറല്‍ സെക്രട്ടറിയായി തുടരുന്നതും തമ്മില്‍ ബന്ധമില്ലെന്ന കാരാട്ടിന്റെ അഭിപ്രായത്തിന് പി.സുന്ദരയ്യ മുതല്‍ ഹര്‍കിഷന്‍സിംഗ് സുര്‍ജിത് വരെ സാക്ഷി.

സി.പി.എമ്മില്‍ എല്ലാക്കാലത്തും ഭൂരിപക്ഷ – ന്യൂനപക്ഷ അഭിപ്രായങ്ങള്‍ ഉണ്ടാകാറുണ്ട്. രണ്ടും പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തില്‍ എത്തും. ആ തീരുമാനം വന്നുകഴിഞ്ഞാല്‍ പിന്നെ ഭൂരിപക്ഷവും ന്യൂനപക്ഷവുമില്ല. അത് പാര്‍ട്ടിയുടെ തീരുമാനമായി മാറുകയാണെന്ന് പ്രകാശ് കാരാട്ട് ഓര്‍മ്മിപ്പിച്ചു. കാലത്തിന്റെ ചുവരെഴുത്ത് പാര്‍ട്ടി കോണ്‍ഗ്രസിലെ പ്രതിനിധികളുടെ വികാരത്തില്‍നിന്ന് നേതാക്കള്‍ മനസ്സിലാക്കിയത് അഭിനന്ദനാര്‍ഹം തന്നെയാണ്.

സഖാക്കളേ, നിങ്ങള്‍ ബിജെപിക്കെതിരെ ആരെ അണിനിരത്തുമെന്നാണ്?

താഴേ തട്ടുമുതല്‍ ഏറ്റവും ഉയര്‍ന്ന ഘടകംവരെ മൂന്നാണ്ടിലൊരിക്കല്‍ പാര്‍ട്ടി സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ചയ്ക്കു വിധേയമാക്കുന്നത് ഇന്ത്യയില്‍ ഇടത് കക്ഷികള്‍ മാത്രമാണ്. ഉന്നതപദവികള്‍ വഹിക്കുന്നവര്‍ പോലും കഠിന വിമര്‍ശനത്തിന് വിധേയമാകുന്ന എത്ര കക്ഷികളെ നമുക്ക് ഈ നാട്ടില്‍ കാണാന്‍ കഴിയും? രാഷ്ട്രീയ നിലപാട് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം പാര്‍ട്ടി പ്രവര്‍ത്തനം വേണ്ടത്ര മുന്നോട്ടുകൊണ്ടുപോവാന്‍ കഴിഞ്ഞില്ലെന്ന സ്വയംവിമര്‍ശനം സി.പി.എം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നുണ്ട്. കൃത്യമായ ഇടവേളകളില്‍ വിമര്‍ശനവും സ്വയംവിമര്‍ശനവും നടത്തുന്നു എന്നത് മറ്റ് പാര്‍ട്ടികളെ അപേക്ഷിച്ച് ഇടതുപാര്‍ട്ടികളുടെ സവിശേഷത തന്നെയാണ്.

എന്തായാലും സീതാറാം യെച്ചൂരി എന്ന സി.പി.എം ജനറല്‍ സെക്രട്ടറി താന്‍ ഉദ്ദേശിച്ച കടവില്‍ പാര്‍ട്ടിയെ കൊണ്ടെത്തിച്ചിരിക്കുന്നു. ബി.ജെ.പി ഉള്‍പ്പടുന്ന ഭരണമുന്നണിക്ക് അത് തീര്‍ച്ചയായും വെല്ലുവിളിതന്നെയാണ്. ലോക്‌സഭയില്‍ ഒമ്പതംഗങ്ങളുള്ള പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എന്നു പരിഹസിക്കാന്‍ വരട്ടെ. വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സി.പി.എം ഇതിന്റെ ഗുണഫലം അനുഭവിക്കുകതന്നെ ചെയ്യും. ഈ ബുദ്ധി നേരത്തേ ഉണ്ടായെങ്കില്‍ ത്രിപുരയില്‍ ഇപ്പോഴും മുഖ്യമന്ത്രിയായി മണിക് സര്‍ക്കാര്‍ തുടരുമായിരുന്നു. അന്ന് , മണിക് സര്‍ക്കാര്‍ കോണ്‍ഗ്രസുമായി ഒരു ധാരണയും പാടില്ലെന്ന കടുത്ത പ്രത്യയശാസ്ത്ര നിലപാടെടുത്തപ്പോള്‍ അധികാരം ബി.ജെ.പിക്ക് കൈമാറുന്ന അവസ്ഥ വന്നെത്തുകയായിരുന്നു. പോയ ബുദ്ധി ആന പിടിച്ചാലും തിരിച്ചുവരികില്ലെങ്കിലും വൈകിയാലും ശരിയായ തീരുമാനത്തിലെത്തി എന്നതില്‍ സി.പി.എമ്മിന് ആശ്വസിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മണിക് സര്‍ക്കാര്‍ സിപിഎം ജനറല്‍ സെക്രട്ടറിയാകുമോ?

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍