UPDATES

വായന/സംസ്കാരം

ജീവിതമെന്ന കാന്‍വാസില്‍ സിദ്ധാര്‍ഥ് തീര്‍ക്കുന്ന പ്രത്യാശയുടെ വര്‍ണ പ്രപഞ്ചം

എറണാകുളം ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചിത്രപ്രദര്‍ശനം ഏഴിന് അവസാനിക്കും 

വരകളും നിറങ്ങളും ചായങ്ങളുമില്ലാതെ സിദ്ധാര്‍ഥിന് മറ്റൊരു ലോകമില്ല. രണ്ട് വയസ് മുതല്‍ ചിത്രരചനയെ സ്നേഹിച്ച ഈ 16-കാരന്റെ ജീവിതത്തില്‍ വരകളില്ലാത്ത ദിവസങ്ങള്‍ ഇല്ലായിരുന്നു. അത് സിദ്ധാര്‍ഥിന്റെ രചനയില്‍ പ്രകടമാണ്. എറണാകുളം ദര്‍ബാര്‍ ഹാളിലെ ചുമരുകളില്‍ പ്രദര്‍ശനത്തിന് വച്ചിരുന്ന തന്റെ ചിത്രങ്ങള്‍ക്കിടയില്‍ നിന്ന് സിദ്ധാര്‍ഥ് പറഞ്ഞു. “എനിക്ക് എന്റെ എല്ലാ ചിത്രങ്ങളും ഇഷ്ടമാണ്” – സ്വതവേ അധികം സംസാരിക്കാന്‍ താല്‍പര്യമില്ലാത്ത, ഓട്ടിസ്റ്റിക്  ആയ സിദ്ധാര്‍ഥിന് ചോദിക്കുന്നവരോടെല്ലാം പറയാനുള്ളത് ഇത് തന്നെയാണ്. കുട്ടിക്കാലത്തെ അനുഭങ്ങളും കാഴ്ചകളും ഓര്‍മ്മകളുമെല്ലാം സിദ്ധാര്‍ഥ് കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നു.

രണ്ട് വയസ് മുതല്‍ അഞ്ച് വയസ് വരെ സംസാരശേഷി പൂര്‍ണമായി നഷ്ടപ്പെട്ടിരുന്ന സിദ്ധാര്‍ഥിനെ വരകളുടെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത് അമ്മ ജയശ്രീ തന്നെയായിരുന്നു. ചിത്രരചന പ്രൊഫഷണലായി പഠിച്ചിട്ടൊന്നുമില്ലെങ്കിലും ജയശ്രീക്കും വരകളോട് ഇഷ്ടമായിരുന്നു. രണ്ട് വയസ് മുതല്‍ 16 വയസ് വരെ മനസില്‍ പതിഞ്ഞ പ്രിയപ്പെട്ട വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ ഇങ്ങനെ 44 ഓളം ചിത്രങ്ങളും രണ്ട് കൊളാഷുമാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്. ചെറിയ കുട്ടി ആയിരുന്നപ്പോള്‍ മുതല്‍ വരച്ച ചിത്രങ്ങള്‍ക്ക് ചെറിയ മാറ്റങ്ങള്‍ വരുത്തി തയാറാക്കിയ ചിത്രങ്ങളാണ് ഇവ. തൃപ്പൂണിത്തുറ ചോയ്സ് സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ സിദ്ധാര്‍ഥിനെ ആദ്യ ചിത്രപ്രദര്‍ശനം നടത്താന്‍ പ്രേരിപ്പിച്ചതും പ്രോത്സാഹിപ്പിച്ചതും സ്‌കൂളിലെ അധ്യാപകരും അമ്മയുമാണ്.

"</p

ചികിത്സയിലൂടെ സംസാരശേഷി തിരികെ കിട്ടിയെങ്കിലും അസുഖം പൂര്‍ണമായും ഭേദപ്പെട്ടില്ല. എന്നാല്‍ ചുറ്റുപാടും നോക്കി മനസിലാക്കുന്നതിനും ചിന്തിക്കുന്നതിനും ഓര്‍മ്മശക്തിയിലും സിദ്ധാര്‍ഥ് മുന്നിലാണ്. പത്ത് വര്‍ഷത്തിനിടയിലെ ഏത് തീയതി ചോദിച്ചാലും ദിവസം ഏതാണെന്ന് നിഷ്പ്രയാസം പറയും സിദ്ധാര്‍ഥ്. ഇതു വരെ 20-ഓളം രാജ്യങ്ങള്‍ സന്ദര്‍ശിച്ച ഈ 16കാരന്‍ അവിടങ്ങളിലെ കാഴ്ചകളും അനുഭവങ്ങളും ചിത്രത്തില്‍ പ്രമേയമാക്കിയിട്ടുണ്ട്.

വരച്ച എല്ലാ ചിത്രങ്ങളുടേയും താഴെ ആ ചിത്രം വരയ്ക്കാനിടയാക്കിയ സാഹചര്യവും സ്ഥലവും സിദ്ധാര്‍ഥ് രേഖപ്പെടുത്തിയിരുന്നു. കളിവഞ്ചി ഉണ്ടാക്കുന്ന കുട്ടി എന്ന് തലക്കെട്ട് – താഴെ ഇങ്ങനെ എഴുതിയിരിക്കുന്നു: തനിച്ചിരുന്ന് കളിക്കുന്നയാളായിരുന്നു ഞാന്‍. മറ്റുള്ളവരുമായി കൂടാന്‍ ഇഷ്ടമില്ലാഞ്ഞിട്ടല്ല. “എന്റെ സംസാര രീതി മറ്റുള്ളവര്‍ക്ക് എന്നെ മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്” – സിദ്ധാര്‍ഥ് പറഞ്ഞു. ഭിന്നശേഷിയുള്ളവരെ ഒറ്റപ്പെടുത്തുന്ന സമൂഹത്തെയാണ് ഒരു ചെറിയ ചിത്രത്തിലൂടെ സിദ്ധാര്‍ഥ് വരച്ച് കാണിച്ചത് – മുത്തഛന്റെ വീട്ടിലെ മഴയും കളിവഞ്ചികളും എന്ന മറ്റൊരു ചിത്രം.

ചിത്രരചനയോടൊപ്പം വായനയും സംഗീതവും സിദ്ധാര്‍ഥിന്റെ ഇഷ്ടമേഖലകളാണ്. മസ്‌കറ്റില്‍ ജനിച്ച് ജനീവയില്‍ വളര്‍ന്ന സിദ്ധാര്‍ഥിന്റെ അച്ഛന്‍, ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയാണ്. മരട് ലേക്ഷോര്‍ ആശുപത്രിയില്‍ ഡോക്ടറാണ് അമ്മ ജയശ്രീ മണിയേല്‍. എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട് ഗാലറിയില്‍ ആരംഭിച്ചിരിക്കുന്ന സിദ്ധാര്‍ഥിന്റെ ചിത്രപ്രദര്‍ശനം ഈ മാസം ഏഴിന് അവസാനിക്കും.

അമല്‍ ജോയ്‌

അമല്‍ ജോയ്‌

അഴിമുഖം റിപ്പോര്‍ട്ടര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍