UPDATES

ട്രെന്‍ഡിങ്ങ്

ബാല, ആ പാട്ടുകൾ ഇന്ന് രാവിലെ മുതൽ ഞങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ നീ മാത്രം എവിടെയാണ്..?

അതുപോലൊരാൾ ഇനി വരുമോ എന്നുറപ്പില്ല. ആ ചോദ്യത്തിന് പ്രസക്തിയുമില്ല. അവൻ ഇനിയില്ല എന്നത് മാത്രമാണ് യാഥാർത്ഥ്യം.

ഓഫീസിന് തൊട്ടടുത്താണ് അനന്തപുരി ആശുപത്രി. വില അൽപം കൂടുതൽ ആണെങ്കിലും മികച്ച കാന്റീൻ ആണ്. നല്ല വൃത്തിയും രുചിയുള്ള ഭക്ഷണവും. അതിനാൽ മിക്കവാറും ഭക്ഷണം അവിടെ നിന്നാണ്. ഈയടുത്ത ദിവസങ്ങളിൽ എപ്പോൾ പോകുമ്പോഴും കാണും അകത്തും പുറത്തും പതിവില്ലാത്ത ആൾക്കൂട്ടം. ഏറെയും പരിചിതർ. കാന്റീനിൽ പോകും വഴിക്കും മടങ്ങുമ്പോഴും അവരിലൊരാൾ ആകും. എല്ലാവരും ഒരാളുടെ പാട്ടുക്കൂട്ടത്തിലെ ചങ്ങാതിമാർ. ആ ഒരാൾക്കായി, അവന്റെ മകൾക്കും പ്രിയപ്പെട്ടവൾക്കുമായി അവർ രാവും പകലും കാത്തിരുന്നു, നല്ല വാർത്തക്കായി. പക്ഷെ, അതുണ്ടായില്ല. മകൾ നേരത്തെ, ഇന്ന് അവനും. ബാക്കിയാകുന്നത് അവന്റെ പ്രിയപ്പെട്ടവളും അവൻ പാടിയ, വയലിനിൽ വായിച്ച പാട്ടുകളും. ബാല, ആ പാട്ടുകൾ ഇന്ന് രാവിലെ മുതൽ ഞങ്ങൾ വീണ്ടും വീണ്ടും കേൾക്കുമ്പോൾ നീ മാത്രം എവിടെയാണ്..?

വയലിൻ വായിക്കുന്നവരെ പണ്ടും കണ്ടിട്ടുണ്ട്. വലത്തും ഇടത്തും ചുറ്റിലുമായി അവർ ഏറെയുണ്ട്. കേട്ടിട്ടുണ്ട്, അവരിൽ പലരെയും പലവട്ടവും. എന്നാൽ ഇത് അതൊന്നുമല്ലല്ലോ എന്ന് മലയാളം അനുരാഗിയായത് അവന്റെ പാട്ടുകൾ കേട്ടപ്പോഴാണ്. ശ്രീരാഗം അവന്റെ വയലിനിൽ ആണ് ആരുടെയും പ്രിയരാഗമായത്. അവൻ കാതിലുള്ളപ്പോഴാണ് കന്നത്തിൽ ഇത്രയും മുത്തങ്ങൾ മൂടിപ്പൊതിഞ്ഞത്. ആ വയലിൻ കൂടി കേട്ടുകേട്ടാണ് പിന്നെയും പിന്നെയും നാം ജോൺസൺ മാഷിലേക്കും രാജാ സാറിലേക്കും മടങ്ങിപ്പോയത്. കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി നമ്മെ ഉറക്കുകയും ഉണർത്തുകയും ചെയ്തവനേ, നീയെവിടെ..?

ആ വാർത്ത കേട്ടപ്പോൾ നടുങ്ങിയവരാണ് നാം. തേജസ്വിനി പോയപ്പോൾ, 16 വർഷത്തെ കാത്തിരിപ്പ് വെറുതെയായ നിമിഷത്തിൽ നിയന്ത്രണം വിട്ടുക്കരഞ്ഞു പ്രിയപ്പെട്ടവർക്കൊപ്പം നമ്മളും. ഉള്ളിൽ കരച്ചിൽ മുടിയഴിച്ചിട്ട നാളിലും അവൻ അതിജീവിക്കുമെന്ന പ്രതീക്ഷ തിരിനാളമായി. ആ പ്രതീക്ഷയും അണച്ചു, ഇന്നത്തെ പുലരി. അവന്റെ പാട്ട് കേട്ടുണർന്ന പൂക്കൾ, പുലരികൾ ആദ്യമായാണ് അവനില്ലാതെയും അവ കേൾക്കുന്നത്. അവന്റെ ഓർമ്മയിൽ പലരുമിന്ന് ആ പാട്ടുകൾ വീണ്ടും പാടുകയാണ്. അതിനാൽ നിന്റെ മരണവും സംഗീതമാവുകയാണ് ബാല.

അതുപോലൊരാൾ ഇനി വരുമോ എന്നുറപ്പില്ല. ആ ചോദ്യത്തിന് പ്രസക്തിയുമില്ല. അവൻ ഇനിയില്ല എന്നത് മാത്രമാണ് യാഥാർത്ഥ്യം. ഒന്നുകൂടി പാടാമോ എന്ന് ചോദിക്കുമ്പോൾ അതിനെന്താ എന്നും പറഞ്ഞ് പിന്നെയാ പാട്ടിലേക്ക് പോക്ക്. നൂറ് പാട്ടുകളിലേക്കുള്ള പടരൽ. ഒടുവിൽ ഞാനൊക്കെയാര് എന്ന മട്ടിൽ വിനയത്തോടു കൂടിയ പിൻവാങ്ങൽ. ഒരുപക്ഷെ അതുകൊണ്ടാകാം ഇപ്പോഴത്തെ പിൻവാങ്ങലും ഇത്രയും വേഗത്തിലായത്. അത്രമേൽ ശുദ്ധിയും വിനയവും ഈ ഭൂമിക്ക് അജണ്ടയല്ലല്ലോ, ഇവിടുത്തെ ജീവിതത്തിന് അതല്ലല്ലോ മാനദണ്ഡവും.

നാളെ അനന്തപുരിയിൽ പോകുമ്പോൾ ആ ആൾക്കൂട്ടം അവിടെ കാണില്ല. പാട്ടിന്റെ രാജകുമാരനെ യാത്രയാക്കാനുള്ള ഒരുക്കത്തിലാകും ഏവരും. ലക്ഷ്മി അതിജീവിക്കട്ടെ എന്ന പ്രാർത്ഥന മാത്രം. നിന്റെ പാട്ടുകൾ കേൾക്കാൻ അവളെങ്കിലും ശേഷിക്കണം. നീയില്ലാതെ അനാഥമാകുന്ന വേദികളിൽ നീ പാടിയ പാട്ടുകൾ ഇനിയുമുയരും. ഞങ്ങൾ കേൾക്കും ആ പാട്ടുകൾ അവൾക്കൊപ്പം. നിന്നെയോർക്കും, അവളിലൂടെ നീ മരണത്തെ മറികടക്കുന്നവനാകും. അന്നേരം, ഒരു വയലിൻ ബാക്കിയുണ്ടാകും, നിന്റെ വിരലുകളിൽ സംഗീതമാകാൻ, പ്രപഞ്ചം മുഴുവൻ കത്തിപ്പടരുന്ന പ്രണയവും വേദനയുമാകാൻ. ബാല, നീ പാടുക വീണ്ടും…

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രിയ ബാലഭാസ്‌കര്‍, ഏറ്റവും കുറഞ്ഞത്‌ താങ്കൾ അഞ്ച് പേരിലൂടെ എങ്കിലും ജീവിക്കേണ്ടതായിരുന്നു!

ബാലഭാസ്കറും യാത്രയാകുമ്പോൾ; ഈ നിർദ്ദേശങ്ങൾ നിങ്ങളുടെ ജീവനും രക്ഷിച്ചേക്കാം; മുരളീ തുമ്മാരുകുടി എഴുതുന്നു

ബാലഭാസ്കര്‍, ഏത് വിഷാദത്തെയും അലിയിച്ചു കളയുന്ന മരുന്നാണ് നിങ്ങളുടെ സംഗീതം…

സുബീഷ് തെക്കൂട്ട്

സുബീഷ് തെക്കൂട്ട്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍