UPDATES

ട്രെന്‍ഡിങ്ങ്

‘ചാലക്കുടിക്കാരന്‍ പൊന്നുമോന്‍…’ (പോലീസ് ഭാഷയാണ്); ഫേസ്ബുക്കില്‍ വിമര്‍ശിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത നടപടി പകപോക്കലെന്ന് ആരോപണം

യുവാവിനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകളും ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നു.

പെറ്റിക്കേസില്‍ ഫൈന്‍ അടപ്പിച്ചതിനെതിരെ വീഡിയോ ഫേസ്ബുക്കിലിട്ട് പൊലീസിനെ വിമര്‍ശിച്ച യുവാവിനെ അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. യുവാവിനെ അറസ്റ്റ് ചെയ്യുന്നതിന്റെ വീഡിയോയും അതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പോസ്റ്റുകളും ഫേസ്ബുക്കില്‍ ചര്‍ച്ചയാകുന്നുമുണ്ട്. പൊലീസിന്റെ പ്രതികാര നടപടിയാണെന്നാണ് ഉയരുന്ന -പ്രധാന ആക്ഷേപം. പൊലീസ് നടപടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ തൃശ്ശൂര്‍ ചാലക്കുടി മേലൂരിലെ പെരുംകുളങ്ങര വീട്ടില്‍ ശ്രീക്കുട്ടന്‍ എന്ന ശ്രീകുമാറിനെയാണ് ചാലക്കുടി എസ്‌ഐ ജയേഷ് ബാലന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റെന്ന് പൊലീസ് പറയുന്നു.

ജൂണ്‍ ആറിനാണ് ശ്രീക്കുട്ടന്‍, വാഹനപരിശോധനയ്ക്കിടെ തന്നെ അനധികൃതമായി ഫൈന്‍ അടപ്പിച്ചെന്ന് ആരോപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കകം പൊലീസ് നടപടിയെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ കമന്റുകള്‍ നിറഞ്ഞു. തന്നില്‍ നിന്ന് ചാലക്കുടി അഡീഷണല്‍ എസ്‌ഐ കെ.കെ ബാബു അനധികൃതമായാണ് ഫൈന്‍ ഈടാക്കിയതെന്നാണ് വീഡിയോയില്‍ ശ്രീക്കുട്ടന്‍ പറയുന്നത്. ഫൈന്‍ അടപ്പിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ തൊട്ടടുത്ത് നിന്നാണ് വീഡിയോ എടുത്തിരിക്കുന്നത്. 183 എന്ന വകുപ്പ് പ്രകാരമാണ് തന്റെ കൈയില്‍ നിന്നും 300 രൂപ ഫൈനായി വാങ്ങിയതെന്നും ഈ വകുപ്പ് എന്താണെന്ന് താന്‍ ചോദിച്ചിട്ട് പറഞ്ഞു തരുന്നില്ലെന്നും ശ്രീക്കുട്ടന്‍ പറയുന്നു. ഓട്ടോറിക്ഷയുടെ മുന്‍സീറ്റില്‍ ഡ്രൈവറോടൊപ്പം ശ്രീക്കട്ടനും ഇരുന്നതിനാണ് ഫൈന്‍ എന്നാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്. എന്നാല്‍ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നെന്നും നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോയില്‍ ഇരുന്നാല്‍ എന്തിനാണ് ഫൈന്‍ ഈടാക്കുന്നതെന്നും ശ്രീക്കുട്ടന്‍ ചോദിക്കുന്നു.

പൊലീസ് നടപടിയെ ‘തെണ്ടിത്തരം’ എന്നാണ് വീഡിയോയിലൂടെ ശ്രീക്കുട്ടന്‍ വിശേഷിപ്പിക്കുന്നത്. ഓട്ടോത്തൊഴിലാളിയായ തനിക്ക് 300 രൂപ സമ്പാദിക്കാന്‍ ഏറെ കഷ്ടപ്പാടുണ്ടെന്നും കുടുംബസമേതം സഞ്ചരിക്കുന്ന തന്നോട് പൊലീസ് ചെയ്യുന്ന തെറ്റിനെതിരെ എല്ലാവരും പ്രതികരിക്കണം എന്നും വീഡിയോയില്‍ ശ്രീക്കുട്ടന്‍ തുടര്‍ന്ന് പറയുന്നു. 183 വകുപ്പ് എന്താണെന്ന് ആരെങ്കിലും തനിക്ക് പറഞ്ഞുതരണമെന്ന് പറഞ്ഞാണ് ശ്രീക്കുട്ടന്‍ വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോയില്‍ ശ്രീക്കുട്ടന്‍ പോലീസിനോട് സംസാരിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും പോലീസ് തയ്യാറാകുന്നില്ല.

നാളുകളായി കേരളത്തില്‍ നടക്കുന്ന പൊലീസ് തെമ്മാടിത്തരത്തിന്റെ ഭാഗമാണ് ശ്രീക്കുട്ടനെതിരെ പൊലീസ് നടപടി എന്നാണ് പലരും പോസ്റ്റിന് താഴെ കമന്റ് ചെയ്തത്. പൊലീസിന് നാണക്കേടായി ഈ സംഭവം മാറുകയും ചെയ്തു. തുടര്‍ന്നാണ് ശ്രീക്കുട്ടന്റെ അറസ്റ്റ് ഉണ്ടായത്. നസീര്‍ കുന്നുപുറത്ത് എന്ന വ്യക്തി തന്റെ ഫേസ്ബുക്ക് പേജിലൂടെ സപ്പോര്‍ട്ട് ശ്രീക്കുട്ടന്‍ എന്ന ഹാഷ്ടാഗോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ശ്രീക്കുട്ടനെ അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് വലിച്ചിടുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. പോസ്റ്റില്‍ നസീര്‍ ഇങ്ങനെ കുറിക്കുന്നു.

“ബീഹാറിലെയോ യുപിയിലെയോ പൊലീസ് അല്ല. അടിയന്തിരാവസ്ഥക്കാലവും അല്ല. പൊലീസിനെ ചോദ്യം ചെയ്താല്‍ അവര്‍ പണി തന്നിരിക്കും. ശ്രീക്കുട്ടന്‍ ചെയ്തത് ഒരു ഷോ ഓഫ് ആയിരിക്കാം. പക്ഷേ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട പൊലീസ് പെരുമാറേണ്ടത് പ്രതികാരദാഹിയായ ഒരു നാലാംകിട ഗുണ്ടയുടെ നിലവാരത്തില്‍ അല്ല”

നസീറിന്റെ ഫേസ്ബുക്ക് നിരവധി പേര്‍ ഷെയര്‍ ചെയ്തു. ഭരണം മാറിയിട്ടും പോലീസ് മാറിയിട്ടില്ലെന്ന് പലരും ആശങ്ക പങ്കുവച്ചു. ഇതിനിടിയില്‍ പൊലീസിനെ അനുകൂലിച്ച് ഫരീദ് കളരിക്കാല്‍ എന്ന പൊലീസുകാരന്‍ രംഗത്തെത്തി. ശ്രീക്കുട്ടന്റെ വൈറല്‍ വീഡിയോയും പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു ഫോട്ടോയും അറ്റാച്ച് ചെയ്ത് ഫരീദിന്റെ പോസ്റ്റ് ഇങ്ങനെ.

‘…ഇന്നലെ ഒരു ചാലക്കുടിക്കാരന്‍ പൊന്നുമോന്‍ പോലീസ് പിഴ അടപ്പിച്ചു എന്നു പറഞ്ഞുകൊണ്ട് ഒരു എഫ്ബി പോസ്റ്റ് ഇട്ടിരുന്നു. ഈ 183 എന്ത് വകുപ്പാണെന്നു ചോദിച്ചാണ് കസറിയത്. ഇനിയിപ്പോ പൊന്നുമോന്‍ in.cr-/17 U/S II 7e, 120(0), 34 IPC ഇതേത് വകുപ്പാണെന്ന് എഫ്ബി പോസ്റ്റിട്ട് ചോദിക്കുമോ ആവോ? പൊന്നുമോന്റെ ഇരിപ്പ് കണ്ടാല്‍ കാറ്റഴിച്ച് വിട്ട ബലൂണ്‍ പോലെയായി… പെറ്റതള്ള സഹിക്കൂല…’

ഈ പോസ്റ്റിനെതിരെ കടുത്തഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ചിലര്‍ അസഭ്യവര്‍ഷം ചൊരിഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ഫരീദ് പോസ്റ്റ് പിന്‍വലിച്ച് മറ്റൊരു പോസ്റ്റുമായി രംഗത്തെത്തി. മുന്‍പത്തെ പോസ്റ്റിലെ ചില പ്രയോഗങ്ങള്‍ക്ക് ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു പോസ്റ്റെങ്കിലും ഉള്ളടക്കത്തില്‍ പോലീസ് ന്യായീകരണം തന്നെയായിരുന്നു.

ആ പോസ്റ്റ് ഇങ്ങനെ: ‘പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം ഞാന്‍ ഫേസ്ബുക്കില്‍ ഒരു വീഡിയോ കാണാന്‍ ഇടയായി. അതില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് നേരെ ക്യാമറ പിടിച്ച് സ്വയം ഒരു വ്യക്തി പറയുകയാണ് ആ ഉദ്യോഗസ്ഥന്‍ ഫൈന്‍ അടിച്ചത് തെണ്ടിത്തരം ആണെന്ന്. അതിനെതിരെ പ്രതികരിക്കണം എന്ന്. അങ്ങനെ പ്രതികരിക്കാനാണെങ്കില്‍ ഈ നാട്ടില്‍ നിയമം നടപ്പിലാക്കാന്‍ കഴിയുമോ? ആ സഹോദരന്‍ ചെയ്തത് ശരിയായില്ല എന്നാണ് എനിക്ക് മനസിലാക്കാന്‍ കഴിഞ്ഞത്. ഈ വീഡിയോ കാണാനിടയായ ഞാന്‍ സ്വാഭാവിക പ്രതികരണം എന്ന നിലയില്‍ എന്റെ പ്രൊഫൈലില്‍ ഈ വീഡിയോയും ടിയാന്‍ പറഞ്ഞ വകുപ്പുചേര്‍ത്ത് പോസ്റ്റ് ചെയ്തു. അതില്‍ എഴുതിയ ചില വാചകങ്ങള്‍ (കാറ്റഴിച്ച് വിട്ട ബലൂണ്‍ തുടങ്ങിയ) എന്റെ സുഹൃത്തുക്കളെ, നിങ്ങള്‍ക്ക് മോശമായി തോന്നുകയും മറ്റൊരാള്‍ക്ക് മാനഹാനി ഉണ്ടാകും എന്നെല്ലാം ചിലരുടെ കമന്റില്‍ നിന്നു മനസിലാക്കാന്‍ കഴിഞ്ഞു. അങ്ങനെ വന്നതില്‍ എനിക്ക് അതിയായ ഖേദമുണ്ട്. അത് ഞാന്‍ എന്റെ പോസ്റ്റില്‍ തിരുത്തുകയും ചെയ്തിട്ടുണ്ട്. ടിയാന് അതില്‍ മാനഹാനി ഉണ്ടായിട്ടുണ്ടെങ്കില്‍ ആ വ്യക്തിയോടും ഞാന്‍ നിര്‍വ്യാജമായി ഖേദിക്കുന്നു. ദയവായി മാന്യസുഹൃത്തുക്കള്‍ പൊലീസുകാരെ തെറി പറയുന്നത് നിര്‍ത്തുക. അവര്‍ നിങ്ങളുടെ സഹോദരങ്ങളും സന്തത സഹചാരികളുമാണ്.

സുഹൃത്തുക്കളെ, എല്ലാവര്‍ക്കും പ്രതികരിക്കാന്‍ അവകാശമുണ്ട്, ആ വ്യക്തിക്ക് പ്രതികരിക്കാന്‍ അവകാശമുണ്ട്. അതുപോലെ നിയമം നടപ്പിലാക്കാന്‍ ചുമതലയുള്ള ആ പൊലീസ് ഉദ്യോഗസ്ഥനും ചില അവകാശങ്ങളുണ്ട്. അത് മനസിലാക്കാതെ നിങ്ങള്‍ വെറുതെ കുറ്റപ്പെടുത്തരുത്. ആ ഉദ്യോഗസ്ഥന്റെ സ്വകാര്യത അവിടെ ലംഘിക്കപ്പെട്ടില്ലേ. അതോ പ്ലബിക്ക് സെര്‍വന്റ് ആയതുകൊണ്ട് സ്വകാര്യത വേണ്ട എന്നാണോ. പൊതുവെ മലയാളികള്‍ക്ക് നിയമം അനുസരിക്കാനുള്ള മടി എന്തുകൊണ്ടണെന്നറിയുന്ന ഞാന്‍ കൂടുതലായി ഒന്നും പറയുന്നില്ല. പിന്നെ ഇതിനെല്ലാം ആധാരമായ ടിയാനെ കുറിച്ചുള്ള ഒരു പത്രവാര്‍ത്ത ഞാന്‍ ഇവിടെ കൊടുക്കുന്നു. അതോ എനിക്കു അതിനുള്ള അവകാശം ഇല്ല.. ഒരു കാര്യം കൂടി, ഈ തെറ്റും ശരിയും അന്വേഷിക്കുന്നവരോട് ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് ലഞ്ച് ബ്രേക്കിനിടയിലാണ്, കൃത്യവിലോപമായി കാണരുത് പ്ലീസ്…’

ആറാം തീയതി ഉച്ചയ്ക്ക് 12 മണിയോട് ചാലക്കുടി നഗരസഭാ ഓഫീസ് പരിസരത്ത് വാഹനപരിശോധന നടത്തുകയായിരുന്ന അഡീഷണല്‍ എസ്.ഐ കെ.കെ ബാബുവും സംഘവും അമിതവേഗത്തില്‍ ഓടിച്ചുവന്ന ഓട്ടോ തടഞ്ഞു. ആ സമയം ഡ്രൈവര്‍ സീറ്റില്‍ ഡ്രൈവറെ കൂടാതെ ശ്രീകുമാറും ഉണ്ടായിരുന്നു. പുറകിലെ സീറ്റില്‍ അനുവദനീയമായതില്‍ കൂടുതല്‍ ആളുകളും. ഡ്രൈവ്രര്‍ യൂണിഫോം ധരിച്ചിരുന്നില്ല. അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് 300 രൂപ ഫൈന്‍ അടപ്പിച്ചു. കൂടുതല്‍ ആളുകളെ കയറ്റിയത് ഡ്രൈവറെ താക്കീത് ചെയ്യുകയുമായിരുന്നു. ഇതില്‍ ക്ഷുഭിതനായാണ് ശ്രീകുമാര്‍ പോലീസ് നടപടി ചോദ്യം ചെയ്ത് വീഡിയോ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് ഉദ്യോഗസ്ഥനെ അപമാനിച്ചത്. ഇതേ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ഒരു തരത്തിലുള്ള നിയമലംഘനവും പോലീസ് നടത്തിയിട്ടില്ല..’

ശ്രീകുമാറിനെ ജാമ്യത്തില്‍ വിട്ടെങ്കിലും പോലീസിന്റെ അധികാര ദുര്‍വിനിയോഗത്തിനെയാണ് പലരും വിമര്‍ശിക്കുന്നത്. തങ്ങളെ ചോദ്യം ചെയ്തയാളെ അധികാരമുപയോഗിച്ച് തിരിച്ചടിക്കുക എന്നതാണ് പൊലീസ് ചെയ്തതെന്നാണ് ആരോപണം. ശ്രീക്കുട്ടന്‍ ചെയ്തതിലെ തെറ്റും ശരിയും ചര്‍ച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്. എന്നാല്‍ പൊലീസിനെ ആരു ചോദ്യം ചെയ്യരുതെന്ന രീതിയിലുള്ള പ്രതികരണങ്ങല്‍ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതാണ്. പഴയ ഇടിയന്‍ പൊലീസിന്റെ മാനസികാവസ്ഥയില്‍ നിന്നും ഇന്നും പലരും പുറത്തു കടന്നിട്ടില്ലെന്നാണ് ഇത്തരം സംഭവങ്ങള്‍ വിളിച്ചു പറയുന്നത്. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ പൊതുജനങ്ങളുടെ കൂടെ നിന്ന് അവരുടെ സംരക്ഷണം ഉറപ്പാക്കുക എന്നതാണ് പൊലീസിന്റെ ദൗത്യം. ഞങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന രീതിയിലുള്ള പോസ്റ്റുകള്‍ പൊലീസുകാര്‍ തന്നെ ഇടുന്നത് ഒട്ടും അഭികാമ്യമല്ല. പുന്നാരമോന്‍ തുടങ്ങിയ സംബോധനകളും ഈ മനോഭാവം തന്നെയാണ് സൂചിപ്പിക്കുന്നത്.

ഇടതുപക്ഷ ഭരണകാലത്തെ പോലീസ് ഇടതുപക്ഷമൂല്യങ്ങളില്‍ ഊന്നി പെരുമാറണം എന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പലവട്ടം പ്രസ്താവന ഇറക്കിയിട്ടും മാറ്റമെന്നും സംഭവിച്ചിട്ടില്ല. ഇന്നും കേരളത്തിലെ ഭൂരിഭാഗം പോലീസ് സ്റ്റേഷനുകളും ജനസൗഹൃദമല്ല. ഏതൊരാള്‍ക്കം ഏതു സമയത്തും ധൈര്യത്തോടെ കടന്നു ചെന്ന് പരാതി പറയാനും സഹായങ്ങള്‍ ചോദിക്കാനും പറ്റുന്ന ഇടങ്ങളായി കേരളത്തിലെ പോലീസ് സ്റ്റേഷനുകള്‍ മാറണം.

വാഹനപരിശോധനക്കെത്തുന്ന പൊലീസുകാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണം എന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ട് അധികനാളുകളായില്ല. അതുകൊണ്ട് ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാന്‍ പൊലീസിന് സാധിക്കണമെന്നാണ് സോഷ്യല്‍ മീഡിയയിലെ കൂടുതല്‍ പ്രതികരണങ്ങളും. ശ്രീക്കുട്ടന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായിട്ടുണ്ടെങ്കില്‍ നിയമപ്രകാരമുള്ള നടപടി പൊലീസിനും സ്വീകരിക്കാമെന്നും പക്ഷേ അത് പ്രതികാര നടപടികളായി മാറരുതെന്നും അവര്‍ പറയുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

സൂരജ് കരിവെള്ളൂര്‍

സൂരജ് കരിവെള്ളൂര്‍

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍