UPDATES

30 കൊല്ലത്തോളം നിയമ പോരാട്ടം; സുപ്രീം കോടതിവരെ കുറ്റം ശരിവെച്ചു; എന്നിട്ടും ഈ പോലീസുകാരെന്താണ് ശിക്ഷിക്കപ്പെടാത്തത്?

ഗള്‍ഫ് വ്യവസായി വര്‍ക്കലക്കാരന്‍ ബാലചന്ദ്രന്റെ അസാധാരണ നിയമ പോരാട്ടത്തിന്റെ കഥ

ജീവിതത്തോടുള്ള ആഗ്രഹമായിരുന്നു, എടുത്തുചാട്ടം എന്നുവേണമെങ്കില്‍ പറയാവുന്ന ഒരു തീരുമാനത്തിലേക്ക് ബാലചന്ദ്രനെ എത്തിച്ചത്. ബിരുദ പഠനം പൂര്‍ത്തിയാക്കാതെ ഗള്‍ഫിലേക്ക് പോയി. വര്‍ക്കലയിലെ വലിയ തറവാട്ടിലെ അംഗം. ആര്‍എസ്പി നേതാവും മുന്‍മന്ത്രിയുമായ ആര്‍ എസ് ഉണ്ണിയുടെയൊക്കെ കുടുംബമാണ്. അച്ഛന്‍ സിംഗപൂരിലാണ്. സമ്പന്നമായ ചുറ്റുപാടില്‍ വളര്‍ന്നുവന്ന ബാലചന്ദ്രന് കോളേജ് പഠനകാലത്ത് പ്രായത്തിന്റെതായ പല ആവശ്യങ്ങളും ഉണ്ടായിരുന്നു. തനിക്ക് സഞ്ചരിക്കാന്‍ സ്വന്തമായൊരു കാര്‍ മുതല്‍, അച്ഛന്‍ നാട്ടില്‍ വരുമ്പോള്‍ കൊണ്ടുവരുന്ന പെട്ടികളില്‍ നിന്നും തനിക്കാവശ്യമുള്ള വസ്ത്രങ്ങള്‍ വരെ. പക്ഷേ, പഠിക്കേണ്ട പ്രായത്തില്‍ അനാവശ്യമായ ആഗ്രഹങ്ങള്‍ മകന് സാധിച്ചു നല്‍കിയാല്‍ ശരിയാകില്ലെന്ന് അറിയാവുന്നതു കൊണ്ട് അച്ഛന്‍ പലപ്പോഴും ബാലചന്ദ്രന്റെ ആവശ്യങ്ങള്‍ക്ക് എതിര് പറഞ്ഞു.

എങ്കില്‍ അച്ഛനപ്പോലെ വലിയ സമ്പന്നനായി തന്റെ ആഗ്രഹങ്ങള്‍ എല്ലാം നേടിയെടുക്കണം എന്ന ചിന്തയാണ് ഒരു ബന്ധുവിന്റെ സഹായത്തോടെ ബാലചന്ദ്രനെ ഷാര്‍ജയില്‍ എത്തിക്കുന്നത്.

എന്താണോ ആഗ്രഹിച്ചത് അതിനെക്കാള്‍ ഉയരത്തില്‍ എത്താന്‍ ബാലചന്ദ്രന് സാധിച്ചു. ഒരുപക്ഷേ, ആ കറുത്തദിനം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇന്ന് ഇന്ത്യയില്‍ തന്നെ എണ്ണം പറഞ്ഞ ഒരു ഗള്‍ഫ് വ്യവസായി ആയി ബാലചന്ദ്രന്‍ മാറുമായിരുന്നു. അതുണ്ടായില്ല. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും, കോടികള്‍- ബാലന്ദ്രന്‍ തനിക്ക് നീതി കിട്ടിനായി ചെലവാക്കി. ഇന്ത്യയുടെ പരമോന്നത കോടതി പോലും അനുകൂലമായി വിധിച്ചിട്ടും തന്റെ ജീവിതവും സ്വപ്‌നങ്ങളും തകര്‍ത്തവര്‍ ശിക്ഷിക്കപ്പെടുന്നത് കാണാന്‍ ബാലചന്ദ്രന് കഴിയുന്നില്ല. ഒരു ചുവന്ന തുണി സഞ്ചിയില്‍, നിയമപോരാട്ടത്തിന്റെ എല്ലാ രേഖകളുമായി, എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു അപകടത്തെ മുന്നില്‍ കണ്ട് ബാലചന്ദ്രന്‍ അലയുകയാണ്. കുറ്റക്കാരായ ആ പൊലീസുകാര്‍ ഒരു ദിവസമെങ്കിലും തടവറയില്‍ കിടക്കുന്നതു കാണാന്‍.

എഴുപതുകളില്‍ ഷാര്‍ജയില്‍ എത്തിയ ബാലചന്ദ്രന് അവിടെയൊരു കണ്‍സ്ട്രക്ഷന്‍ കമ്പനിയിലാണ് ജോലി കിട്ടിയത്. ശമ്പളം കുറവായിരുന്നതിനാല്‍ ജോലി മാറാനായി പിന്നീടുള്ള ശ്രമം. ചില സുഹൃത്തുക്കള്‍ അബുദാബിയില്‍ ഉണ്ട്, അങ്ങനെയാണ് അവിടെ എത്തുന്നത്. വീസ പ്രശ്‌നങ്ങള്‍ ഒക്കെയുണ്ടായെങ്കിലും അതെല്ലാം പരിഹരിച്ച് ബെക്ടല്‍ ഇന്റര്‍നാഷണലില്‍ ഒരു ജോലി കിട്ടി. ബാലചന്ദ്രന്റെ പെരുമാറ്റവും ആത്മാര്‍ത്ഥയും സഹായമനസ്‌കതയുമെല്ലാം കൊണ്ട് കമ്പനിയുടെ പ്രധാനികളായവരുമായെല്ലാം അടുപ്പം ഉണ്ടായി. പിന്നീടൊരിക്കല്‍ ബെക്ടല്‍ അബുദാബി വിട്ടപ്പോള്‍ ബാലചന്ദ്രനെ അവര്‍ കമ്പനിയില്‍ നിന്നും റിലീസ് ആക്കി കൊടുത്തു. ഇനി മറ്റൊരിടത്ത് ജോലി ചെയ്യേണ്ട സ്വന്തമായി ഒരു ബിസിനസ് തുടങ്ങാം എന്നായി ചിന്ത. ബാലചന്ദ്രന്റെ ആത്മാര്‍ത്ഥതയില്‍ ഇഷ്ടം തോന്നിയ ഒരു അറബിയുടെ സഹായത്തോടെ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് തുടങ്ങി. ആ തീരുമാനം തെറ്റായില്ല, ബാലചന്ദ്രന്‍ ഉയരങ്ങളിലേക്ക് വളരാന്‍ തുടങ്ങി. അറബ് നാടുകളിലും ഇന്ത്യയിലുമെല്ലാം വ്യാപരവുമായി ബാലചന്ദ്രന്‍ ചുറ്റി. ഒരിക്കല്‍ വീസ പ്രശ്‌നത്തിന്റെ പേരില്‍ ജയിലും ശിക്ഷയും മുന്നില്‍ കണ്ടയാള്‍ അറബ് നാടുകളിലേക്ക് എപ്പോള്‍ വേണമെങ്കിലും വന്നുപോകാന്‍ കഴിയുന്നവനായി. നാട്ടിലേക്കുള്ള യാത്ര ഇക്കണാേമിക് ക്ലാസില്‍. ഒരിക്കല്‍ ബാലചന്ദ്രന്റെ തൊട്ടടുത്ത സീറ്റില്‍ ഇരുന്നയാള്‍ എയര്‍ഹോസ്റ്റസ് നീട്ടിയ ചോക്ലേറ്റ് ബോക്‌സില്‍ നിന്നും കൈനിറയെ മിഠായി വാരിയെടുത്തു. ആ പ്രവര്‍ത്തി കണ്ട് എയര്‍ ഹോസ്റ്റസ് അമ്പരന്നു നില്‍ക്കുമ്പോള്‍ ബാലചന്ദ്രന്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ ഒരു തമാശയാണ്, ഞങ്ങളുടെ മുഖ്യമന്ത്രിയാണിത്; ബാലചന്ദ്രന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എയര്‍ ഹോസ്റ്റസിന് അത്ഭുതം കൂടുകയായിരുന്നു. സക്ഷാല്‍ നായനാരായിരുന്നു അത്. നായനായരും ബാലചന്ദ്രനും പിന്നീട് സുഹൃത്തുക്കളായി.

സുഹൃത്തുക്കളെ കുറിച്ച് പറഞ്ഞാല്‍, ഇന്നത്തെ ഹൈക്കോടതി ജഡ്ജിമാര്‍ തൊട്ട്, രാഷ്ട്രീക്കാരും സിനിമാക്കാരും ഒക്കെയുണ്ടായിരുന്നു ആ ലിസ്റ്റില്‍. അമേരിക്കയില്‍ പോലും ഇന്നും ബാലചന്ദ്രന്‍ എന്നു കേട്ടാല്‍ നന്ദിയും ആഹ്ലാദവും മുഖത്തു നിറയുന്ന നിരവധി പേരുണ്ട്. ബാലചന്ദ്രന്‍ ഓര്‍ത്തു പറഞ്ഞൊരു സംഭവുമുണ്ട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. മറൈന്‍ ഡ്രൈവിനടുത്ത് മോഹന്‍ലാലിന്റെ ഒരു സിനിമ ഷൂട്ടിംഗ് നടക്കുന്നു. ജോഷിയാണ് സംവിധായകന്‍. ജോഷിയെ കണ്ടപ്പോള്‍ ബാലചന്ദ്രന്‍ ജോഷീ…എന്ന് നീട്ടി വിളിച്ചു. ഉടന്‍ ഒരു സംവിധാന സഹായി ബാലചന്ദ്രനെ തടഞ്ഞു. മോഹന്‍ലാല്‍ സാറുപോലും ജോഷി സാര്‍ എന്നാണ് വിളിക്കുന്നത്. എന്നിട്ടാണോ താന്‍ അദ്ദേഹത്തെ പേര് വിളിക്കുന്നത്. സംവിധാന സഹായി നിന്നു തിളയ്ക്കുകയാണ്. ഈ കാഴ്ച ജോഷിയുടെ കണ്ണിലുടക്കി. ബാലചന്ദ്രനെ കണ്ട ജോഷി ഓടി വന്നു കെട്ടിപ്പിടിച്ചു. വര്‍ക്കല കോളേജിലെ സഹപാഠികള്‍ പരസ്പരം മറന്നിരുന്നില്ല. അന്ന് എന്നെ ചായയൊക്കെ കുടിപ്പിച്ചിട്ടാണ് ജോഷി വിട്ടത്. പക്ഷേ, അദ്ദേഹം എന്നെ കണ്ടിരുന്നില്ലെങ്കില്‍ ആ സംവിധാന സഹായി എന്നെ തല്ലിയേനെ…ബാലചന്ദ്രന് ആ സംഭവം ഓര്‍ക്കുമ്പോള്‍ ചിരി. ജോഷിയെ പോലെ, ജി കാര്‍ത്തികേയനും ബാലചന്ദ്ര മേനോനുമൊക്കെ സുഹൃത്തുക്കളായിരുന്നു. തിരുവനന്തപുരം, കൊല്ലം ഭാഗത്തെ ഇന്നത്തെ പലപ്രമാണികളും ഉന്നതരുമൊക്കെ ആ വലയത്തില്‍ ഉണ്ടായിരുന്നു. ചിലരൊക്കെ ഇന്നും ആ ബന്ധം പുലര്‍ത്തുന്നു, മറ്റുള്ളവര്‍ മറന്നു കളഞ്ഞു.

ജീവിതം അങ്ങനെ പറന്നുയര്‍ന്നു പോകുമ്പോഴാണ് അച്ഛന് വയ്യാതായി എന്നും നാട്ടിലേക്ക് വരണമെന്നും ആവശ്യപ്പെട്ട് ബാലചന്ദ്രനെ തറവാട്ടിലേക്ക് വിളിപ്പിക്കുന്നത്. അബുദാബിയിലെ ബിസിനസ് കാര്യങ്ങള്‍ പാര്‍ട്ണറായ അറബിയെ താത്കാലികമായി ഏല്‍പ്പിച്ച് ബാലചന്ദ്രന്‍ നാട്ടിലേക്ക് വന്നു. പോരുമ്പോള്‍ അറബി ബാലചന്ദ്രന് ചില സമ്മാനങ്ങള്‍ നല്‍കിയിരുന്നു. ജര്‍മന്‍ കമ്പനിയായ ബ്ലൗപുങ്ക്റ്റിന്റെ ടിവിയും വിസിആറും. രണ്ടും വെറുതെ കിട്ടിയതാണെങ്കിലും എഴുപത്തായ്യിയരത്തോളം രൂപ കംസ്റ്റസ് ഡ്യൂട്ടി ആയി അടയ്‌ക്കേണ്ടി വന്നെന്ന് ബാലചന്ദ്രന്‍ പറയുന്നു. രണ്ടാമത്തെ സമ്മാനം ഒരു ബിഎംഡബ്ല്യു കാര്‍! അമ്പത്തിയെട്ട് ലക്ഷം രൂപ വിലയുള്ളത്!

അച്ഛനോട് ഒരിക്കല്‍ ചോദിച്ച് നടക്കാതെ പോയ ആഗ്രമായിരുന്നു സ്വന്തമായി ഒരു വാഹനം. പിന്നീട് ഞാന്‍ എന്റെ ആഗ്രഹം പോലെ വാഹനങ്ങള്‍ വാങ്ങി. അന്നത്തെ കാലത്ത് മദ്രാസില്‍ നിന്നും രണ്ട് ബുള്ളറ്റുകളൊക്കെ ഞാന്‍ കൊണ്ടുവന്ന് വീട്ടില്‍ വച്ചിരുന്നു. അതുപോലെ, നാട്ടില്‍ വന്നപ്പോള്‍ ഞാന്‍ ഒരു പെട്ടി കൊണ്ടുചെന്ന് അച്ഛന്റെ മുന്നില്‍ വച്ച് തുറന്നു കൊടുത്തു. അതില്‍ വിലകൂടിയ തുണികളായിരുന്നു. അച്ഛന്‍ എന്റെ മുന്നില്‍ പെട്ടി പൂട്ടി വച്ചപ്പോള്‍ ഞാന്‍ അച്ഛന്റെ മുന്നില്‍ പെട്ടി തുറന്നു വച്ചുകൊടുത്തു. അച്ഛനും വലിയ സന്തോഷമായി.

ബിഎംഡബ്ല്യു കാര്‍ ടോപ് ഓപണ്‍ ചെയ്യാവുന്ന തരത്തിലുള്ളതായിരുന്നു. ആ കാറ് തേടി എത്രയോ പേര്‍ വന്നു. പൊലീസ് ഉദ്യോഗസ്ഥര്‍, വക്കീലന്മാര്‍, അങ്ങനെ സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരിക്കുന്ന പലരും. ഒരു ബിഎംഡബ്ല്യു കാറില്‍ പോകുന്നതിന്റെ മോടി കാണിക്കാന്‍ ആഗ്രഹിച്ചു വന്നവരെയൊന്നും ഞാന്‍ നിരാശരാക്കിയില്ല. കൊണ്ടു പോയി ദിവസങ്ങള്‍ കഴിഞ്ഞ് തിരികെ കൊണ്ടുവന്നവര്‍ പോലുമുണ്ട്. ആ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ട് നടക്കാതെ പോയതും കൊണ്ടുപോയയാള്‍ തിരികെ എത്തിക്കാന്‍ താമസിച്ചതുകൊണ്ടാണ്. അയ്യപ്പാസ് ടെക്‌സ്റ്റൈല്‍സിന്റെ ആള്‍ക്ക് കൊടുക്കാന്‍ പറഞ്ഞ് ഉറപ്പിച്ചതാണ്. വില്‍ക്കാന്‍ കാരണം വേറൊന്നുമല്ല, അതിന്റെ സ്‌പെയര്‍സ്പാര്‍ട്‌സ് ഒന്നും ഇവിടെ കിട്ടില്ല, ചെറിയ പണി വന്നാലും ബുദ്ധിമുട്ടാകും. പക്ഷേ, ആ വില്‍പ്പന നടന്നില്ല.

കാറിന്റെ കര്യം പറഞ്ഞപോലെയാണ് ടിവിയും വിസിആറും. രമേശന്‍ കോണ്‍ട്രാക്ടര്‍ വരെ (ബിജു രമേശിന്റെ പിതാവ്) ദിവസങ്ങളോളം വിസിആര്‍ കൊണ്ടുപോയിട്ടുണ്ട്. പലയിടത്തും വഴക്കിട്ട് തിരികെ വാങ്ങേണ്ട അവസ്ഥവരെയുണ്ടായി. ആ കാലത്ത് ആരുടെ കൈയിലും ഇല്ലല്ലോ വിസിആര്‍…

ഇതിനിടയിലാണ് വിവാഹം. ഒരു വലിയ തറവാട്ടില്‍ നിന്നാണ്. ഫാക്ടറികളും മറ്റുമൊക്കെയുണ്ട്. അങ്ങനെ മീനയെ വിവാഹം കഴിച്ചു. പക്ഷേ, ആ വിവാഹത്തിന് പിന്നില്‍ ചെറിയൊരു സ്വാര്‍ത്ഥതാത്പര്യം ഉണ്ടായിരുന്നൂ. എനിക്കത് മനസിലാക്കാന്‍ പറ്റിയില്ല. അവര്‍ക്ക് പത്തുലക്ഷത്തോളം രൂപ കടം ഉണ്ടായിരുന്നു. അത് വീട്ടാന്‍ എന്‍റെ സഹായം വേണം. ആ വിവാഹം അതിനുള്ളൊരു തന്ത്രമായിരുന്നു. കടം ഞാന്‍ തന്നെ വീട്ടി. വെഞ്ഞാറുമ്മൂടുള്ള കശുവണ്ടി ഫാക്ടറിയും സ്ഥലവും പക്ഷേ അവര്‍ എന്റെ പേരില്‍ എഴുതി തന്നു. പത്തെഴുന്നൂറോളം ജോലിക്കാരൊക്കെയുണ്ട്. പക്ഷേ, ഇവിടെമാത്രം ബിസിനസ് നോക്കി നടത്താന്‍ കഴയില്ല. ഗള്‍ഫിലെ വ്യാപാരത്തിലാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. തിരികെ പോകാതെ പറ്റില്ല. അതുകൊണ്ട് കശുവണ്ടി ഫാക്ടറി മദ്രാസിലുള്ള എന്‍ ജെ ഫുഡ് പ്രൊഡക്ടിന് വാടകയ്ക്ക് നല്‍കി. ഞാന്‍ തരികെ ഗള്‍ഫിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. അപ്പോഴാണ് അതൊക്കെ നടക്കുന്നത്.

വെഞ്ഞാറുമ്മൂട് പൊലീസ് സ്റ്റേഷനില്‍ നിന്നും എസ് ഐ ആണ് വിളിച്ചത്. കശുവണ്ടി ഫാക്ടറിയുമായി ബന്ധപ്പെട്ട് ഒരു വിഷയം സംസാരിക്കാന്‍ സ്റ്റേഷന്‍ വരെ വരണം. എനിക്ക് കാര്യമൊന്നും മനസിലായില്ല. എങ്കിലും പോകാന്‍ തീരുമാനിച്ചു. ഭാര്യയും കൂടെ വരാമെന്നു പറഞ്ഞു. അവള്‍ അപ്പോള്‍ രണ്ടാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുകയാണ്. അങ്ങനെ ഞങ്ങള്‍ സ്‌റ്റേഷനില്‍ ചെന്നു. എന്നെ കണ്ടയുടനെ എസ് ഐ പറഞ്ഞത്; ഇതൊരു ട്രാപ്പാണ്. എനിക്കൊന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ അമ്പരന്നു. എന്ത് ട്രാപ്പ്? ഉടനെ രണ്ട് പൊലീസുകാര്‍ വന്ന് എന്നെ മുകളിലേക്ക് കൂട്ടിക്കൊണ്ടു പോയി. സര്‍ക്കിളിന്റെ ഓഫിസിലേക്ക്. സര്‍ക്കിളിനെ കണ്ട് ഞാന്‍ ഒന്നു ഞെട്ടി. പ്രീ ഡിഗ്രിക്ക് ഒപ്പം പഠിച്ച രാമചന്ദ്രന്‍. രാമചന്ദ്രന്‍ ഡിഗ്രിക്കു പഠിച്ചിട്ടുണ്ടോ? കെല്‍ട്രോണില്‍ സെക്യൂരിറ്റി ഓഫിസറായി ജോലി നോക്കിയിരുന്നു, പിന്നീട് പൊലീസില്‍ കേറി. ഒരു ദിവസം രാമചന്ദ്രനും എന്റെ ബിഎംഡബ്ല്യു കാര്‍ ചോദിച്ചിരുന്നു. കൊടുക്കാന്‍ പറ്റിയില്ല. പക്ഷേ, രാമചന്ദ്രന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയ വിവരം ഞാന്‍ അറിഞ്ഞിരുന്നില്ല. രാമചന്ദ്രന്റെ ഓഫിസില്‍ എന്‍ ജെ ഫുഡ് പ്രൊഡക്ടിന്റെ മാനേജറും മറ്റും ഇരിപ്പുണ്ടായിരുന്നു. ചില മുദ്രക്കടലാസുകളും മേശപ്പുറത്ത് കണ്ടു. രാമചന്ദ്രന്‍ കാര്യം പറഞ്ഞു. കശുവണ്ടി ഫാക്ടറി ഞാന്‍ എന്‍ ജെ ഫുഡ് പ്രൊഡക്ടിന് വില്‍ക്കണം. രണ്ടു കോടി വില തരും. ഫാക്ടറി വില്‍ക്കേണ്ട ഒരു സാഹചര്യം ഇല്ല. പിന്നെ പത്തെഴുന്നൂറു ജോലിക്കാരുള്ള സ്ഥാപപനമാണ്. അവരുടെ എല്ലാ ആനുകൂല്യങ്ങളും തീര്‍ക്കണമെങ്കില്‍ തന്നെ രണ്ടു കോടി മതിയാകില്ല. അതുമല്ല, ആ സമയത്ത് കശുവണ്ടി ഫാക്ടറികള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നുണ്ട്. അങ്ങനെയൊരു തീരുമാനവും എന്റെ മനസിലുണ്ടായിരുന്നു. അതെല്ലാം കൊണ്ട് ഫാക്ടറി വില്‍ക്കുന്നില്ല എന്ന് ഞാന്‍ അറിയിച്ചു. അതോടെ രാമചന്ദ്രന്റെ സ്വഭാവം മാറി. കാശു തരാമെന്നു പറഞ്ഞില്ലേ, പിന്നെന്താടാ നിനക്ക് വിറ്റാല്‍ എന്നായി ഭീഷണി. കാശിന് എനിക്കിപ്പോള്‍ യാതൊരു ബുദ്ധിമുട്ടുമില്ല, ആവശ്യത്തിലധികം എന്റെ കൈയിലുണ്ടെന്ന് ഞാന്‍ മറുപടി നല്‍കി. അതോടെ അയാള്‍ കൂടുതല്‍ ക്രൂരനായി. നിന്റെ കൈയില്‍ കുറെ കാശുണ്ടെന്നറിയാടാ..അതാണല്ലോ നീ ബിഎംഡബബ്ല്യു ഒക്കെ വാങ്ങിയിട്ടിരിക്കുന്നതെന്നു പറഞ്ഞ് എന്നെ അസഭ്യം പറയാന്‍ തുടങ്ങി. എന്റെ ഭാര്യയേയും ഭീഷണിപ്പെടുത്തി. അവരെഴുതി നല്‍കണമെന്ന് ആജ്ഞാപിച്ചു. പക്ഷേ മീന അത് നിരസിച്ചു. അതോടെ രാമചന്ദ്രന്‍ എന്നെ ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങി. ഇതു കണ്ട് ഭാര്യ തടയാന്‍ നോക്കിയപ്പോള്‍ എട്ടുമാസം ഗര്‍ഭിണിയായ ആ സ്ത്രീയേ ചവിട്ടി തെറിപ്പിക്കുകയായിരുന്നു. അവരതോടെ സമനില തെറ്റിയ അവസ്ഥയിലായി. ഞങ്ങളുടെ കരച്ചില്‍ കേട്ട് മറ്റുള്ളവര്‍ എത്താന്‍ തുടങ്ങിയതോടൈ അടിവസ്ത്രം മാത്രമാക്കി രാമചന്ദ്രന്‍ എന്നെ സെല്ലില്‍ അടച്ചു. എന്റെ അവിടുത്തെ….രോമത്തിന്റെ വിലപോലും നിനക്കില്ലെടാ എന്നായിരുന്നു രാമചന്ദ്രന്‍ എന്നെ നോക്കിയലറിയത്. അപമാനവും മര്‍ദ്ദനവും കൊണ്ട് ഞാന്‍ തളര്‍ന്നു വീണു.

"</p

ഓഫിസ് ആക്രമിച്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന കേസ് ഉണ്ടാക്കി ഞങ്ങളെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാല്‍ മജിസ്‌ട്രേറ്റിന് സത്യം മനസിലായി ഞങ്ങള്‍ക്ക് ജാമ്യം അനുവദിച്ചു. പിന്നെ കുറെ ദിവസങ്ങള്‍ ആശുപത്രിയില്‍. ഭാര്യയുടെ പ്രസവം വളരെ സങ്കീര്‍ണമായിരുന്നു. ഓപ്പറേഷന്‍ ചെയ്താണ് കുട്ടിയെ പുറത്തെടുത്തത്. എന്റെ വാരിയെല്ലുകള്‍ക്ക് വരെ ക്ഷതം ഏറ്റിരുന്നു.

ആശുപത്രി വാസം കഴിഞ്ഞപ്പോള്‍  രാമചന്ദ്രനും പൊലീസുകാരായ സുബൈര്‍ കുഞ്ഞ്, അബ്ദുള്‍ കലാം എന്നിവര്‍ക്കെതിരേ ആറ്റിങ്ങല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഞാന്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തു. രണ്ടുവര്‍ഷത്തോളം കേസ് നീണ്ടു. സാക്ഷി വിസ്താരത്തിനിടയില്‍ പല സാക്ഷികളെയും അവര്‍ നിശബ്ദരാക്കി. ഒടുവില്‍ കേസില്‍ വിധി വന്നു. സി ഐക്കും പൊലീസുകാര്‍ക്കും ഒരു വര്‍ഷവും ഒരുമാസവും വെറും തടവ് വിധിച്ചു. ഈ വിധിക്കെതിരേ പൊലീസുകാര്‍ സെഷന്‍സ് കോടതിയെ സമീപിച്ചു. സെഷന്‍ കോടതി അവരുടെ ശിക്ഷ റദ്ദാക്കി. സര്‍ക്കാരിന് തീരുമാനം എടുക്കാമെന്നും പറഞ്ഞു വച്ചു. അതോടെ ഞാന്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് മൂന്നു പൊലീസുകാര്‍ക്കും മൂന്നു മാസം കഠിന തടവും പതിനായിരം രൂപ പിഴയും ശിക്ഷ നല്‍കി. എന്നാല്‍ പ്രതികള്‍ വീണ്ടും ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. ഇതിനിടയില്‍ ഗവര്‍ണറുടെ റെമിഷന്‍ ഉണ്ടെന്നു സുബൈര്‍ കുഞ്ഞും അബ്ദുള്‍ കലാമും കോടതിയെ അറിയിച്ചു. ഡിവിഷന്‍ ബഞ്ചില്‍ നിന്നും പ്രതികള്‍ക്ക് അനുകുലമായ വിധി വന്നു. സര്‍ക്കാരിന് തീരമാനമെടുക്കാമെന്ന് പറഞ്ഞു. ഉത്തരവില്‍ ഒന്നാം പ്രതിയുടെ പേര് ഇല്ലാതെ വന്ന മനഃപൂര്‍വമായ ടൈപ്പിംഗ് മിസ്റ്റേക്കുകള്‍ ഇതിനിടയില്‍ സംഭവിച്ചിരുന്നു! ആറു തവണ ഹൈക്കോടതിയില്‍ ഇതേ കേസ് ബഞ്ചുകള്‍ മാറി വന്നു. പ്രതികള്‍ റെമിഷന്‍ ഉണ്ടെന്നു പറഞ്ഞതുവരെ കളവായിരുന്നു ഹൈക്കോടതിക്കു ബോധ്യമായി. ഒടുവിലെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് പുറപ്പെടുവിച്ച 32 പേജുള്ള വിധിന്യായത്തില്‍ പ്രതികള്‍ ശിക്ഷ അനുഭവിക്കണം എന്നു തന്നെ ഉത്തരവായി. എന്നാല്‍ പ്രതികളുടെ ശിക്ഷ നടപ്പായില്ല. എന്നുമാത്രമല്ല, കോടതി കുറ്റക്കാരാണെന്നു പറഞ്ഞവര്‍ക്ക് ഒരു ദിവസത്തെ പോലും സസ്‌പെന്‍ഷന്‍ നല്‍കിയില്ല, മറിച്ച് അവര്‍ക്ക് പ്രമോഷനും കിട്ടിക്കൊണ്ടിരുന്നു. ഞാന്‍ സുപ്രിം കോടതിയില്‍ പോയി. സുപ്രിം കോടതി ഹൈക്കോടതിയുടെ വിധി ശരിവച്ചു. പ്രതികള്‍ തടവു ശിക്ഷ അനുഭവിക്കാനായി കീഴടങ്ങണമെന്നും നിര്‍ദേശിച്ചു. കുറ്റവാളികളുടെ ശിക്ഷയുടെ കാര്യത്തില്‍ സര്‍ക്കാരല്ല, കോടതി തന്നെയാണ് തീരുമാനം എടുക്കുന്നതെന്നും സുപ്രിം കോടതി 12 പേജുള്ള വിധി ന്യായത്തില്‍ വ്യക്തമാക്കി. ഈ വിധിയും വന്നിട്ടും പ്രതികള്‍ ശിക്ഷപ്പെടുന്നില്ല. മാത്രമല്ല, അപ്പോഴേക്കും രാമചന്ദ്രന്‍ നായര്‍ കമ്മീഷറായും മറ്റുള്ളവര്‍ എസ് ഐമാരുമൊക്കെയായി റിട്ടയേര്‍ഡ് ചെയ്തിരുന്നു.

കോടതി വിധി വന്നിട്ടും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കുന്നത് കണ്ടതോടെ ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. ഹൈക്കോടതി വിധി നടപ്പാക്കണമെന്ന് നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ഗവണ്‍മെന്റ് ഉത്തരവ് ഇറക്കി. പ്രതികളുടെ പെന്‍ഷന്‍ തുക പിടിക്കാനും ഉത്തരവായി. ആ ഉത്തരവ് നടപ്പായാല്‍ ഇവര്‍ക്കൊക്കെ പത്തു നാനൂറു രൂപയെ പെന്‍ഷനായി കൈയില്‍ കിട്ടു. അതറിയാവുന്നതുകൊണ്ട് പ്രതികള്‍ ഇപ്പോള്‍ പെന്‍ഷന്‍ നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്. ഇതുവരെ അവര്‍ക്കതില്‍ വിജയിക്കാനും കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റെ കാര്യത്തില്‍ മാത്രം നീതി നടപ്പാക്കി കിട്ടിയില്ല.

"</p "</p "</p

പരമോന്നത കോടിതിപോലും ശരിവച്ചിട്ടും  എന്റെ ജീവിതം തകര്‍ത്ത, കുടുംബം തകര്‍ത്ത, ബിസിനസ് തകര്‍ത്ത ആ കുറ്റവാളികളായ പൊലീസുകാര്‍ക്ക് ഒരു ദിവസം പോലും ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല. നിയമം എന്റെ ഭാഗത്ത് ന്യായം ഉണ്ടെന്നു പറയുമ്പോഴും ആ കുറ്റവാളികള്‍ എന്തുകൊണ്ട് ശിക്ഷിക്കപ്പെടുന്നില്ല എന്നാണ് എന്റെ ചോദ്യം. എത്രയോ തവണ എന്റെ ജീവന്‍ എടുക്കാന്‍ ശ്രമം ഉണ്ടായി. ഇപ്പോഴും മരണത്തെ മുന്നില്‍ കണ്ടാണ് ഞാന്‍ നടക്കുന്നത്. ഒരു മുന്‍ മന്ത്രിയുടെ, കേരള ചരിത്രത്തിലെ സമുന്നതനായ ഒരു നേതാവിന്റെ കൂടി വീട് ആയിരുന്നിട്ടും വര്‍ക്കലയിലെ തറവാട്ടില്‍ പോലും എനിക്ക് കഴിയാന്‍ പറ്റുന്നില്ല. അതിനവര്‍ സമ്മതിക്കുന്നില്ല. എന്റെ വാഹനങ്ങള്‍ക്കു നേരെ എത്രയോ തവണ ആക്രമണം ഉണ്ടായി. അമ്പത്തെട്ട് ലക്ഷത്തിന്റെ ബിഎംഡബ്ല്യു ഈ സംഭവങ്ങള്‍ തുടങ്ങി കുറച്ചു ദിവസങ്ങള്‍ക്കഴിഞ്ഞപ്പോള്‍ അടിച്ചു തകര്‍ത്തു. അത് കേസായി. ആ വണ്ടി പൊലീസ് സ്റ്റേഷനില്‍ കിടന്നു നശിച്ചു പോയി. ഇതിനെല്ലാം കാരണമായ കശുവണ്ടി ഫാക്ടറിയുടെ ഉടമസ്ഥന്‍ രേഖകളില്‍ ഞാനാണെങ്കിലും ഇന്നുമത് നടത്തിക്കൊണ്ടു പോകുന്നത് എന്‍ ജെ ഫുഡ് പ്രൊഡക്ടാണ്. 30 വയസിലാണ് ഞാന്‍ ഈ ദുരിതങ്ങളിലേക്ക് വീണത്. ഇപ്പോഴെനിക്ക് 64 വയസായി. അതായത് മുപ്പതു കൊല്ലത്തോളമായി നീതിക്കു വേണ്ടി അലയുകയാണ്. ഗള്‍ഫിലെ ബിസിനസ് നഷ്ടപ്പെട്ടു. ഈ കാലയളവില്‍ കേസ് നടത്തിപ്പിനും മറ്റുമായി കോടികളാണ്‌ എനിക്ക് നഷ്ടമായത്! പണം പോയതില്‍ അല്ല, ഞാന്‍ നേരിട്ട അപമാനത്തിനാണ് എനിക്ക് നീതി കിട്ടേണ്ടത്. ഈ കേസില്‍ അഞ്ചു പൈസ പോലും ഞാന്‍ നഷ്ടപരിഹാരം ചോദിച്ചിട്ടില്ല. കുറ്റവാളികള്‍ അവര്‍ ഒരു ദിവസമെങ്കിലും ജയിലില്‍ കിടക്കണം.

ഈ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുന്നത് കണ്ടിട്ട് ഞാന്‍ മറ്റൊരിടത്തേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അമേരിക്കയിലെ ടെക്‌സാസിലേക്ക്. ജോലി തേടിയോ പണം ഉണ്ടാക്കാനോ അല്ല. ഇനിയുള്ള ജീവിതം അവിടെ സ്വസ്ഥമായി ജീവിക്കണം. ആയ കാലത്ത് ഒരുപാട് പേരെ പലതരത്തില്‍ സഹായിച്ചിട്ടുണ്ട്. അവരൊക്കെ ഇന്ന് വലിയ നിലയിലാണ്. ആരോടും ഞാന്‍ ഈ പ്രശ്‌നത്തില്‍ ഒരു സഹായവും ചോദിച്ചിട്ടില്ല. ആകെ വിളിച്ചത് അമേരിക്കകാരനായ സുഹൃത്ത് മൈക്ക് വാറനെയാണ്. ഞാന്‍ അബുദാബിയില്‍ ഉണ്ടായിരുന്നപ്പോഴാണ്, വിവാഹം കഴിഞ്ഞ് ഒരാഴ്ചപോലും തികയാതെ മൈക്ക് അബുദാബിയില്‍ ജോലി സംബന്ധമായി എത്തുന്നത്. പക്ഷേ, വലിയൊരു അപകടത്തില്‍ അദ്ദേഹം പെട്ടു. എന്റെ പാര്‍ട്ട്ണര്‍ ആയ അറബിയുടെ മകള്‍ മൈക്കിന്റെ വാഹനമിടിച്ച് കൊല്ലപ്പെട്ടു. ശിക്ഷ മരണമാണ്. എനിക്ക് ഒരു ബന്ധവും ഇല്ലാതിരുന്ന ഒരാളായിട്ടും അയാള്‍ക്ക് വേണ്ടി രണ്ടും കല്‍പ്പിച്ച് ഞാന്‍ എന്റെ പാര്‍ട്ണറോട് സംസാരിച്ചു. കാരണം, ആ അപകടം മൈക്കിന്റെ കുഴപ്പം കൊണ്ടല്ല, റോഡിന്റെ നടുവിലെ നടപ്പാതയില്‍ നിന്നും അപ്രതീക്ഷിതമായി കുട്ടി റോഡിലേക്ക് ചാടിയതാണ് അപകടത്തിന് കാരണം. ആ ചെറുപ്പക്കാരന്റെ ഭാഗത്തല്ല, തെറ്റ് നമ്മുടെ കുട്ടിയുടെ പിഴവാണ്. നിങ്ങള്‍ക്ക് ക്ഷമിക്കാമെങ്കില്‍, ആ ചെറുപ്പക്കാരനെ രക്ഷിക്കു… അറബി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാതെയാണ് ഞാന്‍ പറഞ്ഞത്. പക്ഷേ, അയാള്‍ എന്റെ വാക്ക് കേട്ടു. മൈക്കിന് മാപ്പ് നല്‍കി. അതിന്റെ പ്രത്യുപകരമായി അന്ന് ഒരു ലക്ഷം ദിര്‍ഹം എനിക്കു നേരെ നീട്ടി. പണം ആവശ്യത്തിന് എന്റെ കൈയില്‍ ഉണ്ടെന്നു പറഞ്ഞ് ഞാനത് നിഷേധിച്ചു. പക്ഷേ, വലിയൊരു ആത്മബന്ധം ഞങ്ങള്‍ ഉണ്ടാക്കിയിരുന്നു. ആ ബന്ധത്തിന്റെ പുറത്താണ് ഞാന്‍ ഈയടുത്ത് മൈക്കിനെ വിളിച്ചത്. അയാള്‍ എന്നെ സ്വീകരിക്കാന്‍ കാത്തിരിക്കുകയാണ്. അയാള്‍ മാത്രമല്ല, സൗഹൃദക്കാര്‍ വേറെയും ഉണ്ട്. ശിഷ്ടകാലം ആ സൗഹൃദങ്ങള്‍ക്കും അവരുടെ സ്‌നേഹത്തിനും ഇടയില്‍ കഴിയണം.

പക്ഷേ, അങ്ങനെയൊരു യാത്ര കുറ്റവാളികളായ ഈ പൊലീസുകാര്‍ ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജയിലില്‍ കിടക്കുന്നത് കണ്ടിട്ടു മാത്രം. അതിനുവേണ്ടി ഞാനെന്റെ പോരാട്ടം തുടരുകയാണ്…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍