UPDATES

സിനിമ

തട്ടമിട്ട പന്തുകളി ഭ്രാന്തികള്‍

Avatar

എന്‍ രവിശങ്കര്‍

ഫുട്ബോള്‍ കാണിക്കാത്ത ഫുട്ബോള്‍ പടമാണ് ജാഫര്‍ പനാഹിയുടെ ‘ഓഫ് സൈഡ്’. കാണികളുടെ കളിജ്വരത്തിലൂടെ ഇറാനിലെ രാഷ്ട്രീയ വ്യവസ്ഥയേയും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തേയും സ്ത്രീകളുടെ അവസ്ഥയേയും മനോഹരമായി അവതരിപ്പിക്കുന്ന പടവും കൂടിയാണ് 2006ല്‍ പുറത്തിറങ്ങിയ ചിത്രം. അങ്ങേയറ്റം സെന്‍സര്‍ഷിപ്പ് നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതി വിദഗ്ധമായി ഒരു രാഷ്ട്രീയ സിനിമ എങ്ങിനെയെടുക്കാം എന്നതിന്റെ മാതൃകയും കൂടിയാണ് പൂര്‍ണമായും വാതില്‍പ്പുറ ചിത്രീകരണം നടത്തിയ ഈ പടം. 

ടെഹ്‌റാനില്‍ ഇറാനും ബഹ്‌റീനും തമ്മില്‍ നടക്കുന്ന ഒരു ഫുട്ബോള്‍ മാച്ചിന്റെ പശ്ചാത്തലത്തില്‍ ഏതാനും യുവതികള്‍ സ്റ്റേഡിയത്തില്‍ ചെന്ന് കളികാണാന്‍ ശ്രമിക്കുന്നതാണ് പ്രമേയം. ഇറാനില്‍ സ്ത്രീകള്‍ക്ക് സ്റ്റേഡിയങ്ങളില്‍ പ്രവേശനമില്ല. ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുടെ വേഷത്തില്‍ സ്റ്റേഡിയത്തില്‍ കയറാന്‍ നോക്കിയെങ്കിലും പിടിക്കപ്പെടുന്നു. അവളെപ്പോലെ തന്നെ കുറച്ച് പെണ്‍കുട്ടികള്‍ അവിടെ അറസ്റ്റ് ചെയ്യപ്പെട്ടവരായുണ്ട്. സ്റ്റേഡിയത്തിലേക്കുള്ള ഒരു കവാടത്തിനരുകില്‍ തന്നെയാണ് ഈ ഇടം. കളിയുടെ ആവേശത്തിമിര്‍പ്പും കാണികളുടെ ആരവങ്ങളും ഈ കവാടത്തിലൂടെ കേള്‍ക്കാം. പതുക്കെ പതുക്കെ എല്ലാവരും കളിയില്‍ മുഴുകുന്നു. കവാടത്തിനരികില്‍ നില്‍ക്കുന്ന പോലീസുകാരന്‍ കളിയുടെ തല്‍സമയ ദൃശ്യവിവരണം നല്‍കിക്കൊണ്ടിരിക്കുന്നു. തടവുകാര്‍, പോലീസുകാര്‍ എന്ന വിഭജനം മെല്ലെ അലിയുന്നു. 

ഇതിനിടയില്‍ ഒരു പെണ്‍കുട്ടിക്ക് മൂത്രമൊഴിക്കണം. ഒരു പോലീസുകാരന്‍ പയ്യന്‍ ഇതിനായി നിയോഗിക്കപ്പെടുന്നു. സ്റ്റേഡിയത്തില്‍ പെണ്ണുങ്ങള്‍ക്ക് ടോയ്‌ലറ്റുകളില്ല. അവളുടെ മുഖം കളിക്കാരന്റെ പോസ്റ്റര്‍ കൊണ്ട് മറച്ച് ആണുങ്ങളുടെ ടോയ്‌ലറ്റില്‍ കൊണ്ടുപോകുന്നു. പോലീസുകാരന്‍ പയ്യന്‍ ആണുങ്ങളെയൊക്കെ അവിടെ നിന്നും ഒഴിപ്പിക്കുന്നു. ആകെ ബഹളമാവുന്നു. ഇതിനിടയില്‍ ആ പെണ്‍കുട്ടി സ്റ്റേഡിയത്തിലേക്ക് രക്ഷപ്പെടുന്നു. പക്ഷെ, പോലീസുകാരനെ നിയമം കൈകാര്യം ചെയ്താലോ എന്ന് ഭയന്ന് അവള്‍ സ്വമേധയാ തിരിച്ചുവരുന്നു.

ഹാഫ് ടൈം കഴിഞ്ഞ ഉടന്‍ ഇറാന്‍ ഗോളടിക്കുന്നു. ഗംഭീര ആഘോഷമാണ് നടക്കുന്നത്. അറസ്റ്റിലായ പെണ്‍കുട്ടികളും പോലീസുകാരോടൊപ്പം അത് ആഘോഷിക്കുന്നു. ഇതിനിടയില്‍ പോലീസ് മേധാവി വന്ന് അവരെയൊക്കെ ഒരു വാനില്‍ കയറ്റുന്നു. വൈസ് സ്‌ക്വാഡിന്റെ (ദുര്‍ഗുണ വിരുദ്ധ സ്‌ക്വാഡ്) ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കാണ് അവരെ കൊണ്ടുപോകുന്നത്. കൂടെ പടക്കങ്ങളും വാണങ്ങളുമായി പിടിക്കപ്പെട്ട ഒരു പയ്യനും.

വാന്‍ പോകുന്ന വഴിയിലൊക്കെ ഇറാന്‍ ഗോളടിച്ചതിന്റെ ആഘോഷം നടക്കുന്നു. വാനിലെ റേഡിയോയിലൂടെയുള്ള കമന്ററി വഴി അവര്‍ കളിയുടെ പുരോഗതി ശ്രദ്ധിക്കുന്നു. ഒടുവില്‍ ഇറാന്‍ ജയിച്ചുവെന്ന വാര്‍ത്ത വരുന്നതോടെ ആഘോഷം കടലിരമ്പുന്നത് പോലെ ആര്‍ത്തലയ്ക്കുന്നു. ജനങ്ങള്‍ തെരുവില്‍ നൃത്തം ചെയ്യുന്നു. കെട്ടിപ്പിടിക്കുന്നു. ആദ്യം കണ്ട പെണ്‍കുട്ടി മാത്രം കരയുന്നു. അപ്പോഴാണറിയുന്നത്, അവളുടെ കാമുകന്‍ മുമ്പ് നടന്ന ഒരു മത്സരത്തിനിടയിലെ കശപിശയില്‍ കൊല്ലപ്പെട്ടതായിരുന്നുവെന്ന്. അവനെ ഓര്‍ക്കാന്‍ വേണ്ടിയായിരുന്നു അവള്‍ അതേ സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ പോയത്. അവളെ കൂടെയുള്ള പെണ്‍കുട്ടി ആശ്വസിപ്പിക്കുന്നു. 

ആഘോഷം ഉച്ചസ്ഥായിയിലാവുമ്പോള്‍ വാനിന് മുന്നോട്ട് പോവാന്‍ കഴിയാതെ വരുന്നു. എങ്ങും ജനക്കൂട്ടമാണ്. മധുരപലഹാരങ്ങള്‍ വിതരണം ചെയ്യപ്പെടുന്നു. പടക്കങ്ങള്‍ പൊട്ടുന്നു. പോലീസുകാരും തടവുകാരും പുറത്തിറങ്ങുന്നു. ഇറാന്റെ വിജയമെന്ന് ഒറ്റ വികാരത്തില്‍,ഫുട്ബോളിന് മാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന ആ ഒത്തൊരുമയില്‍ അവര്‍ ഒന്നാവുന്നു. കത്തിച്ച കമ്പിത്തിരികളുമായി ആ പെണ്‍കുട്ടികള്‍ തെരുവില്‍ ജനങ്ങള്‍ക്കിടയില്‍ സ്വതന്ത്രരാവുന്നു. 

തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളടങ്ങിയ ഒരു തിരക്കഥയാണ് പനാഹി അംഗീകാരത്തിനായി ഇറാനിലെ നിര്‍ദ്ദേശ മന്ത്രാലയത്തിന് (Ministry of Guidance) സമര്‍പ്പിച്ചത്. അംഗീകാരമില്ലാതെ തന്നെ അറിയപ്പെടുന്ന അഭിനേതാക്കളെ വച്ച് ഷൂട്ടിംഗ് തുടങ്ങി. 39 ദിവസം കൊണ്ട് പടം തീര്‍ത്തു. ഇതാദ്യമായി പനാഹി ഡിജിറ്റല്‍ വീഡിയോ ഷൂട്ടിംഗിന് ഉപയോഗിച്ചു. തന്റെ സഹപ്രവര്‍ത്തകന്റെ പേരാണ് സംവിധായകന്റെ പേരായി നല്‍കിയത്. എന്നിട്ടും, വിവരം മണത്തറിഞ്ഞ നിര്‍ദ്ദേശ മന്ത്രാലയവും ടെഹ്‌റാനിലെ അച്ചടക്ക സേനകളും പടത്തിന്റെ ഫുട്ടേജ് പിടിച്ചെടുക്കാന്‍ ശ്രമിച്ചു. പക്ഷെ, ആ ശ്രമം വിജയിച്ചില്ല. 

ഡോക്യുമെന്ററിയുടെ സ്വഭാവം പുലര്‍ത്തിക്കൊണ്ട് തന്നെ ഫുട്ബോള്‍ എന്ന കളി മനുഷ്യരില്‍ ഉണ്ടാക്കുന്ന മാസ്മരികജ്വരത്തിന്റെ ഒരു മനോഹരമായ ആവിഷ്‌കാരമാണ് ഈ ചിത്രം. നിയമങ്ങള്‍ അവയുടെ വഴിയ്ക്കും മനുഷ്യര്‍ അവരുടെ വഴിയ്ക്കും എക്കാലവും സഞ്ചരിക്കുമെന്നത് വളരെ വ്യക്തമായി ചിത്രീകരിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് പലതിനും സ്വാതന്ത്ര്യമില്ലെങ്കിലും അത് നിയമം വഴി അനുശാസിക്കുന്നതിനെക്കാള്‍ എത്രയോ കറുഞ്ഞ അളവിലാണ് ജനങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെടുന്നത്. സ്റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടാവും എന്ന ധരണയിലാണ് ഭരണകൂടം അവരുടെ പ്രവേശനം തന്നെ തടഞ്ഞിരിക്കുന്നത്. പക്ഷെ, യഥാര്‍ത്ഥത്തില്‍, ജനങ്ങള്‍ക്കിടയില്‍ അങ്ങനെയൊരു പ്രശ്‌നം വളരെ പരിമിതമാണ്. പോലീസുകാര്‍ പെണ്‍കുട്ടികളോട് പെരുമാറുന്ന രീതിയിലും, ആഹ്‌ളാദഭരിതരായ ജനക്കൂട്ടം അവരെ സ്വതന്ത്രരാക്കുന്നതിലൂടെയും ഇതാണ് പനാഹി വെളിപ്പെടുത്താന്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്കിടിയിലുള്ള അഭിപ്രായ വ്യത്യാസങ്ങളെ പെരുപ്പിച്ച് അവയെ നിയമവ്യവസ്ഥയുടെ ഭാഗമാക്കി ഭരണകൂട ഭീകരത സൃഷ്ടിക്കുക എന്ന കര്‍മ്മമാണ് ഭരണവര്‍ഗങ്ങള്‍ എന്നും ചെയ്തുപോരുന്നത്. അതിനെതിരെയുള്ള ഒരു സര്‍ഗാത്മക പ്രതികരണമാണ് ‘ഓഫ് സൈഡ്’.  എന്നും, ഓഫ് സൈഡില്‍ നിന്ന് ഗോളടിക്കുന്ന കളിക്കാരനാണ് ഭരണകൂടം. 

2010 മാര്‍ച്ചില്‍ പനാഹിയേയും അദ്ദേഹത്തിന്റെ ഭാര്യയേയും മകളേയും ഇറാന്‍ ഭരണകൂടം അറസ്റ്റ് ചെയ്തു. 2010 ഡിസംബറില്‍ ഇസ്ലാമിക വിപ്ലവ കോടതി (Islamic Revolutionary Court)  പനാഹിയെ തടവിനും ശിക്ഷിച്ചു. 20 വര്‍ഷം സിനിമ എടുക്കുന്നതില്‍ നിന്നും വിലക്കുകയും ചെയ്തു. ലോകത്തെമ്പാടുമുള്ള കലാസ്‌നേഹികളുടെ ഇടപെടലുകള്‍ക്ക് ശേഷവും ഇത് തുടരുന്നു. ബ്രസീലില്‍ നടക്കുന്ന ലോകകപ്പില്‍ ഇറാന്റെ കളികളിലൊക്കെ പെണ്‍കുട്ടികള്‍ തട്ടമിട്ട് ആഘോഷിക്കുന്നുണ്ടായിരുന്നു. ഇറാനില്‍ അവര്‍ക്കത് സാധ്യമല്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍