UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എണ്ണ വിലയിടിവ്‌; ആഘാതമേറ്റ് മലയാളി കുടുംബങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

ആഗോളവിപണിയിലെ എണ്ണവില ഇടിവ് മലയാളികുടുംബങ്ങളില്‍ പ്രതിഫലിക്കുന്നു. മധ്യപൂര്‍വേഷ്യ തുമ്മിയാല്‍ കേരളത്തിനു ജലദോഷം പിടിക്കുമെന്ന യാഥാര്‍ത്ഥ്യം പലേടത്തും ദൃശ്യമായിത്തുടങ്ങി.

മുന്‍പ് ഇത്തരമൊരു സാഹചര്യമുണ്ടായത് 2009ലാണ്. അന്ന് ദുബായ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് നിരവധി പ്രവാസികള്‍ക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. ഇത്തവണ പ്രതിസന്ധികൂടുതല്‍ ആഴമേറിയതും പാര്‍ശ്വഫലങ്ങള്‍ നീണ്ടുനില്‍ക്കുന്നതുമായിരിക്കും.

നാട്ടിലേക്കു മടങ്ങുന്ന മലയാളികളെപ്പറ്റിയുള്ള വിവരങ്ങള്‍ ഇപ്പോള്‍ത്തന്നെ വ്യാപകമാണ്. ഏറ്റവുമധികം പേര്‍ ജോലി ചെയ്യുന്ന എണ്ണ, നിര്‍മാണ മേഖലകളില്‍ തൊഴില്‍ നഷ്ടപ്പെട്ടവരും ബുദ്ധിമുട്ടേറിയ നാളുകള്‍ വരാനിരിക്കുന്നതു മുന്‍കൂട്ടിക്കണ്ട് കുടുംബത്തെ നാട്ടിലേക്കയക്കുന്നവരും ഇതില്‍പ്പെടും.

എണ്ണമേഖലയില്‍ മാത്രം കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ 150,000 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്നാണ് വിവരം. തൊഴില്‍ മേഖലയിലെ അനിശ്ചിതത്വത്തിനു പുറമെ ഗള്‍ഫ് മേഖലയിലെ വിദേശികളുടെമേല്‍ ഈയിടെ ചുമത്തപ്പെട്ട ഇന്ധന, പൊതുസേവന നിരക്കുകളും പ്രവാസികളുടെ ജീവിതം ദുരിതത്തിലാക്കുന്നു.

‘മുന്‍കരുതലെന്ന നിലയില്‍ പലരും കുടുംബങ്ങളെ നാട്ടിലേക്കയക്കുകയാണ്. ഖത്തര്‍ പെട്രോളിയം തുടങ്ങി പല കമ്പനികളില്‍ നിന്നും ജോലി നഷ്ടപ്പെട്ടവര്‍ ലഭിച്ചിരുന്നതിന്റെ മൂന്നിലൊന്ന് ശമ്പളത്തിന് അതേ കമ്പനികളില്‍ വീണ്ടും ചേരാന്‍ നിര്‍ബന്ധിതരാകുന്നു. ശമ്പളം കുറയുമ്പോള്‍ കുടുംബത്തെ നാട്ടിലേക്ക് അയയ്ക്കുകയേ വഴിയുള്ളൂ’, ദോഹയിലെ എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മാധ്യമപ്രവര്‍ത്തകന്‍ പറയുന്നു.

‘ എണ്ണ മേഖല മാത്രമല്ല, പരസ്യ, മാര്‍ക്കറ്റിംഗ് ജോലികള്‍ പോലും സുരക്ഷിതമല്ലാതായിക്കഴിഞ്ഞു, ‘ ബഹറൈനില്‍ നിന്ന് ഈയിടെ കേരളത്തിലേക്കു തിരിച്ചുവന്ന മാര്‍ക്കറ്റിങ് എക്‌സിക്യുട്ടീവ് കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു. ‘ കൊച്ചിയില്‍നിന്ന് ഒരുജോലി ഓഫര്‍ കിട്ടിയ ഉടനെ, ശമ്പളം കുറവായിരുന്നെങ്കിലും, ഞാന്‍ തിരിച്ചുവരികയായിരുന്നു’.

കേരളത്തില്‍നിന്നുള്ള ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ രംഗത്തും എണ്ണപ്രതിസന്ധി പ്രശ്‌നമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ (എച്ച് എംസി) മെഡിക്കല്‍ അലവന്‍സുകള്‍ വെട്ടിക്കുറച്ചത് ഈയിടെയാണ്.

എണ്ണപ്രതിസന്ധി കേരളത്തിനു വിനാശകരമാകുമെന്ന് ജിയോജിത് ബിഎന്‍പി പാരിബാസില്‍ സാമ്പത്തികവിദഗ്ധനും ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റുമായ വി കെ വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ‘ഖത്തര്‍ പെട്രോളിയം പോലുള്ള കമ്പനികള്‍ ജോലിക്കാരുടെ എണ്ണത്തില്‍ 30 ശതമാനത്തോളം കുറവുവരുത്തിക്കഴിഞ്ഞു. എണ്ണവില ഇനിയും കുറയുകയോ ഇപ്പോഴത്തെ നിരക്കില്‍ തുടരുകയോ ചെയ്താല്‍ കൂടുതല്‍ പേര്‍ക്കു തൊഴില്‍ നഷ്ടമാകും. ഇത് ഉപഭോക്തൃവിപണിയായ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കുമേലുണ്ടാക്കുന്ന ആഘാതം കനത്തതായിരിക്കും.’

ഗള്‍ഫില്‍നിന്നുള്ള പണത്തിന്റെ വരവ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ചെലുത്തിയിരുന്ന സ്വാധീനം കുത്തനെ കുറയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ത്തന്നെ ഇത് ദിശമാറിക്കഴിഞ്ഞു. 

‘പണം വരവിന്റെ വളര്‍ച്ച നിലച്ചുകഴിഞ്ഞു. എണ്ണവിപണിയുടെ തകര്‍ച്ച എണ്ണക്കമ്പനികളിലുണ്ടാക്കുന്ന ആഘാതവും ഗള്‍ഫ് രാജ്യങ്ങള്‍ വിദേശജോലിക്കാര്‍ക്കുമേല്‍ ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന നികുതിയും പ്രവാസികളുടെ സമ്പാദ്യം വീണ്ടും കുറയ്ക്കും. ഇത് കേരളത്തിലേക്കുള്ള പണം വരവിനെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ബാധിക്കും’, കേരളത്തിലെ കുടിയേറ്റ പ്രവണതകളെപ്പറ്റി പഠനം നടത്തിയിട്ടുള്ള സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിലെ പ്രഫസര്‍ ഇരുദയ രാജന്‍ പറയുന്നു.

ഇപ്പോള്‍ത്തന്നെ അവിദഗ്ധതൊഴില്‍ മേഖലകളില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ മലയാളികളെ പിന്തള്ളിക്കഴിഞ്ഞുവെന്ന് രാജന്‍ ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫിലേക്കുള്ള കുടിയേറ്റം ഏതാണ്ട് നിലച്ച മട്ടാണ്. വരുംവര്‍ഷങ്ങളില്‍ വിദേശനാണ്യശേഖരത്തില്‍ വന്‍ ഇടിവുണ്ടാകാനാണ് സാധ്യത.

സമ്പ്ദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്താന്‍ ദീര്‍ഘകാല വികസന നയങ്ങള്‍ക്കു രൂപം നല്‍കണമെന്ന് വിജയകുമാര്‍ അഭിപ്രായപ്പെടുന്നു. ‘ ഐടി, ടൂറിസം തുടങ്ങിയസേവനമേഖലകളില്‍ ശ്രദ്ധയൂന്നി കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ്‌സര്‍ക്കാര്‍ ശ്രമിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ 12 ശതമാനം വരുന്ന കാര്‍ഷികമേഖലയില്‍ജൈവ കൃഷി തുടങ്ങിയവയ്ക്കു പ്രചാരണം നല്‍കിയാല്‍ത്തന്നെ രണ്ടോ മൂന്നോ ശതമാനം വര്‍ധനയുണ്ടാക്കാനാകും.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍