UPDATES

ബൈജു എന്‍ നായര്‍

കാഴ്ചപ്പാട്

ബൈജു എന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ദരിദ്രന്‍റെ മുഖത്തടിക്കുന്ന എണ്ണയിലെ ആര്‍ത്തി രാഷ്ട്രീയം

അനേകലക്ഷം ജനങ്ങളെ, പ്രത്യേകിച്ച് യുവജനങ്ങളെ, ഉത്തേജിപ്പിച്ചിരുന്ന, ത്രസിപ്പിച്ചിരുന്ന വളരെ കൊതിപ്പിച്ച ഒരു വാക്കാണ് ആഗോളവല്‍ക്കരണം. എല്ലാവരും സ്വപ്‌നം കണ്ടിരുന്ന ഒരു സ്വര്‍ഗ്ഗം. എന്നാല്‍, പ്രകൃതിയും ഭൂമിയും ഒരു ശതമാനം ആഗോള ധനവാന്മാര്‍ വിഴുങ്ങുന്ന ആഗോളവല്‍ക്കൃതമായ ലോകം യാഥാര്‍ഥ്യമായപ്പോള്‍ അതിസമ്പന്നരൊഴികെയുള്ള മനുഷ്യരെല്ലാം നിസ്സാഹായതോടെ പകച്ചു നില്‍ക്കുന്നു. വ്യാമോഹങ്ങള്‍ ഉണ്ടാക്കുന്ന മുതലാളിത്തത്തിന്റെ പുതിയ മുഖമാണ് ആഗോളവല്‍ക്കരണം. ആഗോളവല്‍ക്കരിക്കപ്പെട്ടത് ലാഭം കൊയ്‌തെടുക്കാനുള്ള മുതലാളിത്തത്തിന്റെ ആര്‍ത്തിയാണ്. സമ്പത്ത് താഴേക്ക് അരിച്ചിറങ്ങുകയല്ല, ദരിദ്രരില്‍ നിന്ന് സമ്പത്ത് വലിച്ചൂറ്റിയെടുത്ത് അതിസമ്പന്നരെ സൃഷ്ടിക്കുകയാണ് ആഗോളവല്‍ക്കരണം. 

എല്ലാ മേഖലയിലും സര്‍ക്കാര്‍ ഇടപെടുന്നത് വികസനവും പുരോഗതിയും തടസ്സപ്പെടുത്തുമെന്നും നിയന്ത്രണമുക്തമാക്കിയാല്‍ രാജ്യം വളര്‍ച്ചയുടെ പാതയില്‍ മുന്നോട്ടു കുതിക്കുമെന്നും വാദിച്ചാണ് 1991ല്‍ മന്‍മോഹന്‍ സിങ്ങും കൂട്ടരും ഉദാരവല്‍ക്കരണത്തിനും സ്വകാര്യവല്‍ക്കരണത്തിനും അങ്ങനെ, ആഗോളവല്‍ക്കരണത്തിനും തുടക്കമിട്ടത്. കാലം ആവശ്യപ്പെടുന്ന മാറ്റങ്ങളെ ഒരു ശക്തിക്കും തടഞ്ഞു നിര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു നവലിബറല്‍ നയങ്ങള്‍ക്ക് തുടക്കമിട്ട് അന്നത്തെ ധനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന നടത്തിയത്. എന്നാല്‍, സ്വകാര്യ കുത്തക മൂലധനത്തിന് പരമാധികാരം നല്‍കുന്നതാണ് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി രാജ്യം പിന്തുടരുന്ന പുത്തന്‍ സാമ്പത്തിക പരിഷ്‌കാരം. രാജ്യത്തെയും വിദേശത്തെയും കുത്തകകള്‍ ഭരണകൂടത്തിനുമേല്‍ സമഗ്രാധിപത്യം നേടുന്ന കാഴ്ചയാണ് കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി നാം കണ്ടു കൊണ്ടിരിക്കുന്നത്. പുതിയ കാലത്ത് പുതിയ അര്‍ഥത്തിലുള്ള കോളനിവാഴ്ച. ഭരണകൂടം വേണ്ട എന്നല്ല, കമ്പോളത്തിന്റെ വളര്‍ച്ചക്കു മാത്രം ഭരണകൂടം മതിയെന്നാണ് പുതിയ കാലത്തെ മുദ്രാവാക്യം. ലോകമാകെ കുത്തക വ്യവസായികളുടെ നിയന്ത്രണത്തിലായി. ജി.ഡി.പിയിലെ കുതിപ്പാണ് ആഗോളവല്‍ക്കരണകാലത്ത് വളര്‍ച്ചയുടെ മാനദണ്ഡം. 125 കോടി മനുഷ്യരില്‍ നൂറാളുകളുടെ വരുമാനം അതിഭീമമായി വളരുകയും അവശേഷിക്കുന്നവര്‍ മുഴുവന്‍ ദരിദ്രരായി തീര്‍ന്നാലും ജി.ഡി.പി നിരക്ക് ഉയരും. ആഗോളവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയ കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയില്‍ ഇന്ത്യയിലെ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ സമ്പത്ത് എട്ടു മടങ്ങായി വര്‍ധിച്ചു. പൊതുമുതലും പ്രകൃതി വിഭവങ്ങളും മുതലാളിമാര്‍ക്ക് സര്‍ക്കാര്‍ കൈമാറിയതിന്റെ ഫലമാണിത്. ഐക്യരാഷ്ട്രസഭയുടെ 2013ലെ റിപ്പോര്‍ട്ടനുസരിച്ച് ലോകത്താകെയുള്ള ദരിദ്രരില്‍ 87 കോടി, അതായത് നാലിലൊന്ന്, നമ്മുടെ നാട്ടിലാണ്. വാക്ക് ഫ്രീ ഫൗണ്ടേഷന്റെ പഠനം പറയുന്നത്, 21ാം നൂറ്റാണ്ടില്‍പ്പോലും ലോകത്ത് മൂന്നു കോടി അടിമകളുണ്ടെന്നാണ്. അതില്‍ 1.39 കോടി ഇന്ത്യയിലാണത്രേ. ഇന്ത്യയില്‍ 21 കോടി മനുഷ്യര്‍ക്ക് വിശപ്പു മാറ്റാന്‍ പര്യാപ്തമായ ഭക്ഷണം കിട്ടുന്നില്ല. ബാലവേല നിരോധിച്ച നമ്മുടെ രാജ്യത്ത് അരക്കോടി കുട്ടികള്‍ ബാലവേല ചെയ്യുന്നതായി കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ ഔദ്യോഗികരേഖകള്‍ പ്രകാരം വെളിപ്പെടുത്തി. ലോകത്തിലെ ഏറ്റവും വലിയതെന്ന് പറയുന്ന, മുകേഷ് അംബാനിയുടെ 28 നിലകളുള്ള വീട് ‘ആന്റലീയ’ ഇന്ത്യയുടെ വ്യവസായ തലസ്ഥാനമായ മുംബൈയിലാണ്. അംബാനി വീട്ടില്‍ നിന്ന് ഓഫീസിലേക്കും തിരിച്ചും വിമാനത്തിലാണ് യാത്ര. ഒരുപിടി മണ്ണിന് ഒരു കോടി വിലയുള്ള ഇവിടെ, ഇന്ത്യന്‍ അതിസമ്പന്നരുടെ ഒരു പട തന്നെ സ്ഥിരതാമസക്കാരാണ്. ലോകത്തിലെ ഏറ്റവും വലിയ ചേരിയും ഈ മഹാനഗരത്തില്‍ തന്നെ -ധാരാവി!

ഗാന്ധിയന്‍ സ്വാശ്രയത്വവും നെഹ്‌റുവിയന്‍ സോഷ്യലിസവും സ്വാംശീകരിച്ച വികസനധാരയില്‍ നിന്നും വാള്‍മാര്‍ട്ടിനെ സ്വീകരിക്കുന്ന ആഗോളസമ്പത്തിക കാഴ്ചയിലേക്കു ചുവടു മാറിയപ്പോള്‍, ഇന്ത്യന്‍ ജീവിതത്തെ മുന്നോട്ടു നയിച്ചിരുന്ന ഗ്രാമീണ കാര്‍ഷികമേഖലകള്‍ ദുര്‍ബലമായി. 1991ല്‍ തുടങ്ങിയ ഈ നയങ്ങള്‍ നാളിതുവരെ ഭരിച്ച മുഴുവന്‍ സര്‍ക്കാരുകളും വര്‍ധിതാവേശത്തോടു കൂടി നടപ്പാക്കി. 1998 മുതല്‍ 2004 വരെ രാജ്യം ഭരിച്ച ബി.ജെ.പി മുന്നണി സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവില്‍പ്പനയ്ക്ക് പ്രത്യേക വകുപ്പു തന്നെ രൂപീകരിച്ചു. ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അധികാരത്തില്‍ വന്ന ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ഉദാരവല്‍ക്കരണനയങ്ങള്‍ക്ക് വേഗം കുറഞ്ഞു. 2009ല്‍ മന്‍മോഹന്‍ സര്‍ക്കാര്‍ ഇടതുപക്ഷ പിന്തുണയില്ലാതെ അധികാരത്തില്‍ വന്നതോടെ, പഴയ നയങ്ങള്‍ വര്‍ധിതവീര്യത്തോടെ നടപ്പാക്കാന്‍ തുടങ്ങി. 2009ല്‍ പെട്രോള്‍ വില നിയന്ത്രണത്തിനുള്ള അധികാരത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും അതുവഴി ഭക്ഷ്യവസ്തുക്കളുടെയും വില നിശ്ചയിക്കാനുള്ള അവകാശം പൂര്‍ണ്ണമായി കമ്പോളത്തിന് കൈമാറുന്നത്, രാജ്യത്ത് ഒരു ഭരണകൂടം തന്നെ ഇല്ലാതാക്കുന്നതിന് തുല്യമാണ്.

അന്താരാഷ്ട്ര കമ്പോളത്തില്‍ വില വര്‍ധിക്കുമ്പോള്‍ അതിന് ആനുപാതികമായി ഇന്ത്യയില്‍ പെട്രോള്‍വില വര്‍ധിപ്പിക്കാത്തതു കൊണ്ട് എണ്ണക്കമ്പനികള്‍ നഷ്ടത്തിലാവുന്നു എന്ന കാരണമാണ് അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍, വില നിയന്ത്രണമുള്ള കാലത്ത് കമ്പനികള്‍ക്കു നഷ്ടമുണ്ടായിരുന്നില്ല. എന്നു മാത്രമല്ല, ആയിരക്കണക്കിന് കോടി രൂപ സര്‍ക്കാര്‍ ഖജനാവിന് എണ്ണക്കമ്പനികള്‍ നല്‍കിയിരുന്നു. വില നിയന്ത്രണാവകാശം സര്‍ക്കാരിന് ഉണ്ടായിരുന്ന കാലത്ത്, എണ്ണ വ്യാപാരത്തിന്റെ വലിയ പങ്കും സര്‍ക്കാര്‍ കമ്പനികളാണ് നടത്തിയിരുന്നത്. സ്വകാര്യ കമ്പനികള്‍ക്ക് വലിയ വ്യാപാരം നടന്നിരുന്നില്ല. അതുകൊണ്ടു തന്നെ, അവരുടെ പല ചില്ലറ എണ്ണവില്‍പ്പനശാലകളും അടച്ചുപൂട്ടേണ്ടി വന്നു. വില നിയന്ത്രണം എടുത്തു കളഞ്ഞത് എന്തിനാണെന്ന് ഇതില്‍ നിന്നു വ്യക്തം. വിലനിയന്ത്രണം നീക്കിയതിനു ശേഷം നമ്മുടെ രാജ്യത്തെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന അന്താരാഷ്ട്ര വിലയുമായി പൊരുത്തമില്ലെന്നു മാത്രമല്ല, അന്താരാഷ്ട്ര വിലയുടെ ഇരട്ടിയിലേറെയാണ് ഇന്ത്യയിലെ വില. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ദിവസം എണ്ണയുടെ അന്താരാഷ്ട്രവില 45 ഡോളറായി ചുരുങ്ങിയിട്ടും ആഗോളക്കമ്പോളവുമായി പൊരുത്തപ്പെട്ട ഇന്ത്യന്‍ വിപണിക്ക് എന്തു നേട്ടമുണ്ടായി? എണ്ണക്ക് കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും വിലക്കുറവ് അനുഭവപ്പെട്ടിട്ടും ചില്ലറത്തുട്ടുകളുടെ ആനുകൂല്യമല്ലാതെ നമ്മുടെ സര്‍ക്കാര്‍ വേറൊന്നും പൊതുജനത്തിനു പകര്‍ന്നില്ല. ഒരു ന്യായീകരണം കൊണ്ടും മറച്ചു പിടിക്കാവുന്നതല്ല ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ഈ കൊടുംകൊള്ള. ഇന്ത്യന്‍ ഭരണകൂടം കമ്പോളത്തിന്റെ നയപരിപാടികള്‍ക്കനുസരിച്ച് ഭരണം ആരംഭിച്ച രണ്ടു ദശാബ്ദം കൊണ്ട് പെട്രോള്‍ വില എട്ടിരട്ടിയും ഡീസല്‍ വില പന്ത്രണ്ടു മടങ്ങും വര്‍ധിച്ചു. പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും ആറു മടങ്ങു വില വര്‍ധിച്ചു. 2002 ഏപ്രിലില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പക്ക് 51 ഡോളര്‍. അന്ന് ഇന്ത്യയില്‍ പെട്രോളിന്റെ വില ലിറ്ററിന് 28.27 രൂപയും ഡീസലിന് ലിറ്ററിന് 18.35 രൂപയുമായിരുന്നു. അസംസ്‌കൃത എണ്ണവില വീപ്പക്ക് (160 ലിറ്റര്‍) 148 ഡോളര്‍ നിരക്കുണ്ടായിരുന്ന 2008 ജൂണില്‍ ഡീസലിന്റെ വില ലിറ്ററിന് 38.05 രൂപയും പെട്രോളിന് ലിറ്ററിന് 53.49 രൂപയും മാത്രമായിരുന്നു. 2015 ജനവരി ഏഴിന് അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില വീപ്പക്ക് 50 ഡോളര്‍ രേഖപ്പെടുത്തി. എന്നാല്‍, ഇന്ത്യയില്‍ പെട്രോളിന് വില ലിറ്ററിന് 65.60 രൂപയും ഡീസലിന് ലിറ്ററിന് 54.59 രൂപയുമാണ് വില. അന്താരാഷ്ട്ര കമ്പോള വിലക്കനുസരിച്ച് ആനുപാതികമായ കുറവ് ഇന്ത്യന്‍ വിപണിയില്‍ ഇപ്പോള്‍ പ്രതിഫലിക്കുന്നില്ല. രാജ്യത്തെ എണ്ണക്കമ്പനികള്‍ നടത്തുന്ന കൊള്ളയടിയുടെ കണക്ക് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. 2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രാജ്യത്തെ എണ്ണക്കമ്പനികള്‍ നേടിയ ലാഭം 50,000 കോടി രൂപയാണെന്ന് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.

അസംസ്‌കൃത എണ്ണവില വീപ്പക്ക് 115 – 120 ഡോളറായിരുന്ന കഴിഞ്ഞ ജൂണിലെ നിരക്കിലാണ് ഇന്ത്യയില്‍ ഇപ്പോഴും ഡീസല്‍ വില്‍ക്കുന്നത്. എണ്ണക്കമ്പനികള്‍ക്ക് ഓരോ ദിവസവും ഇരുനൂറു കോടിയോളം രൂപയാണ് ഇങ്ങനെയുള്ള അധികലാഭം. അസംസ്‌കൃത എണ്ണക്ക് 125 ഡോളര്‍ വിലയുണ്ടായിരുന്ന അവസരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില കേവലം 39 രൂപയായിരുന്നു. അസംസ്‌കൃത എണ്ണവില അമ്പതു രൂപയായി കുറഞ്ഞ സാഹചര്യത്തില്‍ 17 രൂപയ്ക്ക് എണ്ണ ഉല്‍പ്പാദിപ്പിക്കാനാവും. നികുതിയടക്കം 40 രൂപ കണക്കാക്കിയാലും ഒരു ലിറ്ററിന് 15 രൂപ കമ്പനികള്‍ക്ക് ലാഭം കിട്ടും. ഇന്ത്യയില്‍ ഒരു ദിവസം ശരാശരി മൂന്നു കോടി ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. അതായത്, എണ്ണക്കമ്പനികള്‍ ഒരു ദിവസം പെട്രോളില്‍ നിന്നും കൊയ്യുന്നത് 45 കോടി രൂപയാണെന്നര്‍ഥം. ഒരു മാസം 1350 കോടി രൂപയും. ഇന്നത്തെ, ഡോളര്‍ വിനിമയ നിരക്കനുസരിച്ച് ഒരു വീപ്പ അസംസ്‌കൃത എണ്ണ 3185 രൂപക്ക് ഇറക്കുമതി ചെയ്യാനാവും. ശുദ്ധീകരണച്ചെലവടക്കം കൂട്ടിയാല്‍ 5250 രൂപ. ഇതില്‍ നിന്ന് 72.5 ലിറ്റര്‍ പെട്രോള്‍, 34.45 ലിറ്റര്‍ ഡീസല്‍ എന്നിവക്കു പുറമെ ബിറ്റുമിനും (ടാര്‍) കാര്‍ബണുമടക്കം 167 ലിറ്റര്‍ ഉപഘടകങ്ങള്‍ ലഭിക്കും. ഇന്നത്തെ നിരക്കനുസരിച്ച് പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്നു മാത്രം 6660 രൂപ ലഭിക്കും. മറ്റു വസ്തുക്കളുടെ വിലയടക്കം 13,000 ത്തോളം രൂപ ലഭിക്കും. ഒരു വീപ്പ എണ്ണക്കുള്ള ചെലവ് 5250 രൂപ. വരവ് 13,000 രൂപ. ഇങ്ങനെ കമ്പനികള്‍ക്ക് ഇരട്ടിയിലേറെ ലാഭം. 

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേരള സര്‍ക്കാരും ഈ അവസരം നികുതി കൂട്ടാന്‍ ഉപയോഗിക്കുന്നു. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു ലിറ്റര്‍ പെട്രോളില്‍ നിന്ന് 29.92 ശതമാനവും (19.03 രൂപ) ഡീസലില്‍ നിന്ന് 23.1 ശതമാനവു(11.91 രൂപ)മാണ് വില്‍പ്പനനികുതി ഈടാക്കുന്നത്. ഒരു ശതമാനം സെസ്സു വേറെ. 2014 ജനവരിയില്‍ സംസ്ഥാനത്തെ വില്‍പ്പനനികുതി പെട്രോളിന് ഇരുപത്തിയാറു രൂപ 21 പൈസയും ഡീസലിന് 19.8 രൂപയും മാത്രമായിരുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ നാലു തവണയായി 3.71 ശതമാനവും ഡീസലിന് 3.31 ശതമാനവും നികുതി കൂട്ടി. അന്താരാഷ്ട്ര കമ്പോളത്തില്‍ അസംസ്‌കൃത എണ്ണക്ക് 57 ശതമാനം വിലയിടിവുണ്ടായ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കോണ്‍ഗ്രസ്സും ബി.ജെ.പിയും ഒരുപോലെ വില വര്‍ധിപ്പിച്ചത് എന്നോര്‍ക്കണം. റിലയന്‍സ്, എസ്സാര്‍, ഷെല്‍ തുടങ്ങി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എണ്ണക്കമ്പനികള്‍ ശതകോടികളുടെ അമിതലാഭമാണ് കൊയ്യുന്നത്. ഇതോടെ, ഉദാരവല്‍ക്കരണനയങ്ങളുടെ നേട്ടം ആര്‍ക്കാണെന്ന് വ്യക്തം. പെട്രോള്‍ വില നിയന്ത്രണം നീക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എ സര്‍ക്കാരും ഡീസല്‍ വില നിയന്ത്രണം എടുത്തു കളഞ്ഞത് ഏറ്റവുമൊടുവില്‍ നരേന്ദ്ര മോദി സര്‍ക്കാരുമാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതില്‍ ഇരുകൂട്ടരുടെയും തിടുക്കം തെളിയിക്കുന്നതാണ് ഈ തീരുമാനങ്ങളൊക്കെ.

ബൈജു എന്‍ നായര്‍

ബൈജു എന്‍ നായര്‍

കേരളത്തിലെ ആദ്യത്തെ ഓട്ടോമൊബൈല്‍ ജേര്‍ണലിസ്റ്റായ ലേഖകന്‍ സ്മാര്‍ട്ട് ഡ്രൈവ് മാസികയുടെ ചീഫ് എഡിറ്ററാണ്.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍