UPDATES

വിദേശം

എണ്ണ വില കുറഞ്ഞു; തട്ടിക്കൊണ്ടു പോകല്‍ കൂടി

Avatar

മാക്സ് ബീറാക്
(വാഷിംഗ്ടന്‍ പോസ്റ്റ്) 

അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ സോമാലിയന്‍ കൊള്ളക്കാരുടെ ആക്രമണം ഒരു പതിവായിരുന്നു. അതുകൊണ്ടുള്ള കനത്ത പണനഷ്ടവും ജീവഹാനിയും കാരണം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളും അമേരിക്ക, ചൈന, റഷ്യ, ഇന്ത്യ, ജപ്പാന്‍ എന്നീ രാജ്യങ്ങളും ചേര്‍ന്ന് ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍ച്ചാലിലെ സമാധാനം നിലനിര്‍ത്തുന്നതിനായി ഇരുപത്തിനാലോളം കപ്പലുകളുടെ ഒരു നേവല്‍ ടാസ്ക് ഫോഴ്സ് (Naval Task Force) രൂപീകരിച്ചു.

ആ ശ്രമങ്ങള്‍ വലിയൊരളവു വരെ വിജയിച്ചിട്ടുണ്ട്. അതുപോലെ തിരക്കുള്ള കടലിടുക്കുകളായ തെക്കുപടിഞ്ഞാറന്‍ ഏഷ്യയിലെ മലാക്കയിലും പട്രോളിങ് മൂലം കഴിഞ്ഞ ആറു മാസത്തില്‍ കൊള്ളക്കാരുടെ ആക്രമണങ്ങള്‍ വളരെ കുറഞ്ഞിട്ടുണ്ട്. 2015ല്‍ സോമാലിയക്കടുത്ത് 17 ആക്രമണങ്ങള്‍ മാത്രമാണുണ്ടായത്. 2011ല്‍ ഇത് 151 ആയിരുന്നു.

എന്നാല്‍ ആഫ്രിക്കന്‍ വന്‍കരയുടെ മറുഭാഗത്ത് അതുപോലെയുള്ള പുതിയൊരിടം ഉണ്ടായി വരുന്നുണ്ട്. നോണ്‍ പ്രോഫിറ്റ് സംഘടനയായ Oceans Beyond Piracy (OBP) റിപ്പോര്‍ട്ട് പ്രകാരം തെക്കന്‍ ആഫ്രിക്കയ്ക്കും മദ്ധ്യ ആഫ്രിക്കയ്ക്കുമിടയില്‍ വളഞ്ഞു കിടക്കുന്ന ഗിനി ഉള്‍ക്കടല്‍ (The Gulf of Guinea) ഇപ്പോള്‍ കടല്‍ യാത്രക്കാര്‍ക്ക് ഏറ്റവും അപകടകരമായ ഭാഗമാണ്.

നൈജീരിയയിലെ എണ്ണ സമ്പത്തുള്ള പ്രദേശമായ നൈജര്‍ ഡെല്‍റ്റയില്‍ നിന്നുള്ളവരാണ് ഈ ഭാഗത്തെ കൊള്ളക്കാര്‍. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളായി അവിടെ സ്ഥലത്തിലും മറ്റ് വിഭവങ്ങളിലുമുള്ള നിയന്ത്രണത്തിനു വേണ്ടി പൌരസേനകള്‍ തമ്മില്‍ യുദ്ധവും അക്രമങ്ങളും നടക്കുന്നു. 2015നു മുന്‍പ് വരെ അവിടത്തെ കൊള്ളക്കാര്‍ ഓയില്‍ ടാങ്കറുകളെയാണ് ലക്ഷ്യമിട്ടിരുന്നത്. ടണ്‍ കണക്കിനു ‘കറുത്ത സ്വര്‍ണ്ണം’ കരയിലേക്ക് കടത്തിക്കൊണ്ടു വന്ന്‍ കരിഞ്ചന്തയില്‍ വില്‍ക്കും. എന്നാല്‍ 2014 മുതല്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ ക്രൂഡ് ഓയിലിനു പകരം ഇപ്പോള്‍ മോചനദ്രവ്യത്തിനായി ആള്‍ക്കാരെ തട്ടിയെടുക്കുകയാണ് അവര്‍.

ഒബിപി റിപ്പോര്‍ട്ട് പറയുന്നത് കഴിഞ്ഞ വര്‍ഷം ഏറ്റവും വ്യാപകമായി നടന്ന കൊള്ളയുടെ രീതിയായിരുന്നു പണത്തിനായി ആളുകളെ തട്ടിയെടുക്കുന്നത് എന്നാണ്. 2016 ആദ്യപാദത്തിലും ഈ പ്രവണത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. “കൊള്ളക്കാര്‍ കപ്പലില്‍ കയറിപ്പറ്റിയ ശേഷം വെടിയുതിര്‍ത്തു ജോലിക്കാരെ ഭയപ്പെടുത്തുന്നു. പിന്നെ റാങ്കിങ് ഓഫീസര്‍മാരെയും എഞ്ചിനീയര്‍മാരെയും മാറ്റി നിര്‍ത്തുന്നു. കാരണം അവര്‍ക്കാണ് ഏറ്റവും കൂടുതല്‍ മോചനദ്രവ്യം കിട്ടുക. നൈജര്‍ ഡെല്‍റ്റയില്‍ തട്ടിക്കൊണ്ടു പോകലും ആക്രമണങ്ങളും നടത്തുന്ന അതേ ഗ്രൂപ്പുകള്‍ തന്നെയാവണം ഒട്ടുമുക്കാല്‍ കടല്‍ക്കൊള്ളകളിലും കുറ്റക്കാര്‍,” റിപ്പോര്‍ട്ടില്‍ പറയുന്നു.

മിക്ക സംഭവങ്ങളിലും തട്ടിയെടുത്തവരെ പ്രാദേശിക സൈന്യങ്ങള്‍ക്ക് സ്വാധീനമുള്ള ഡെല്‍റ്റയിലെ ചെറിയ ദ്വീപുകളില്‍ കൊണ്ടുവന്ന് രണ്ടു മൂന്നാഴ്ച തടവില്‍ പാര്‍പ്പിക്കുന്നു.

400,000 ഡോളര്‍ വരെയാണ് പ്രദേശത്ത് മോചനദ്രവ്യമായി ആവശ്യപ്പെടുന്നത്. BBC റിപ്പോര്‍ട്ട് അനുസരിച്ച് സോമാലിയന്‍ തീരങ്ങളില്‍ കൊടുത്തിട്ടുള്ള ശരാശരി തുകയായ 5 മില്ല്യണ്‍ ഡോളറിനെക്കാള്‍ കുറവാണിത്. OBP നിര്‍മ്മിച്ച ഒരു വീഡിയോയില്‍ പറയുന്നത് ഗള്‍ഫ് ഓഫ് ഗിനിയിലെ 70% തട്ടിക്കൊണ്ടുപോകല്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നു എന്നാണ്. വളരെ കുറച്ചു കേസുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാത്തിലും രഹസ്യ വഴികളിലൂടെ മോചനദ്രവ്യം നല്‍കപ്പെടുന്നു.

എണ്ണ കഴിഞ്ഞാല്‍ കൊക്കോ, മറ്റ് ലോഹങ്ങള്‍ എന്നിവയുടെ പ്രധാന സമുദ്ര പാതയാണ് ഈ ഉള്‍ക്കടല്‍. അതിനാല്‍ പിടിക്കപ്പെട്ട വളരെ കുറച്ചു കൊള്ളക്കാരില്‍ ആരും തന്നെ വിചാരണ നേരിട്ടിട്ടിട്ടില്ല എന്നും OBP റിപ്പോര്‍ട്ട് പറയുന്നു. കാരണം, പിന്നീടുള്ള യാത്രകളില്‍ തങ്ങളെ പിടികൂടിയവരെ വീണ്ടും കണ്ടുമുട്ടേണ്ടി വരുമെന്ന് കപ്പല്‍ ജോലിക്കാര്‍ ഭയക്കുന്നതാണ് കാരണം.

ഒരു ഗുരുതരമായ പ്രശ്നത്തെയാണ് ഇത് കാണിക്കുന്നത്: പുറമെ നിന്നുള്ള സഹായമില്ലാതെ തങ്ങളുടെ സമുദ്ര ഭാഗങ്ങള്‍ നിയന്ത്രണത്തില്‍ വയ്ക്കാന്‍ നൈജീരിയയും അയല്‍രാജ്യങ്ങളും ശ്രമിക്കുകയാണ്. ഇന്ത്യന്‍ സമുദ്രത്തിലെ കടല്‍ക്കൊള്ളക്ക് സാധ്യതയുള്ള പ്രദേശങ്ങളെ ലോകരാഷ്ട്രങ്ങളുടെ ശക്തമായ നാവിക സേനകള്‍  ഒത്തുചേര്‍ന്നു ഫലപ്രദമായ രീതിയില്‍ സംരക്ഷിക്കുന്നു; ഭാഗികമായി ഈ രാഷ്ട്രങ്ങളുടെ വ്യാവസായിക താല്‍പ്പര്യങ്ങളും ഇതിനു പുറകിലുണ്ട്. അത്തരത്തിലുള്ള ആഗോള പ്രാധാന്യം ഇല്ലാത്തത് ഗള്‍ഫ് ഓഫ് ഗിനിയെ ബാധിക്കുന്നുണ്ട്.

സോമാലിയയിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും കടല്‍ക്കൊള്ളക്കാരുള്ളത് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സമുദ്രപാതകളുടെ പരിസരങ്ങളിലാണ്. എന്നാല്‍ ഗിനി ഉള്‍ക്കടല്‍ അതിനു ചുറ്റുമുള്ള രാജ്യങ്ങളിലേക്കും അവിടെ നിന്നു പുറത്തേക്കുമുള്ള ഗതാഗതത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. നൈജീരിയയും ഇക്വറ്റോറിയല്‍ ഗിനിയും സംയുക്തമായുള്ള പട്രോളിങ് രൂപീകരിക്കാന്‍ കഴിഞ്ഞ മാസം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ മറ്റ് പ്രദേശങ്ങളിലുള്ളതിനെക്കാള്‍ ചെറിയ സേനയായിരിക്കും അത് എന്നുറപ്പാണ്.

സമുദ്ര സുരക്ഷാ കണ്‍സള്‍ട്ടന്‍സിയായ ഗ്രേ പേജ് പറയുന്നത്, “മിക്കപ്പോഴും ഗള്‍ഫ് ഓഫ് ഗിനിയിലെ ഒരു കടല്‍ക്കൊള്ള ഭീഷണി അവിടത്തെ പ്രാദേശിക സുരക്ഷാ സൈന്യത്തെ അറിയിക്കുന്നതിലും എളുപ്പമാണ് ഇന്ത്യന്‍ സമുദ്രത്തിലും ഗള്‍ഫ് ഓഫ് എയ്ഡനിലും സോമാലിയന്‍ കൊള്ളക്കാരെ നേരിടുന്ന നാവിക സേനയെ അറിയിക്കുന്നത്. ചില സന്ദര്‍ഭങ്ങളില്‍ പ്രാദേശിക സൈന്യത്തിന് സഹായിക്കാന്‍ താല്‍പ്പര്യമില്ല, അല്ലെങ്കില്‍ അവര്‍ക്കത് സാധിക്കാറില്ല (ഉദാഹരണത്തിന്, ചിലപ്പോള്‍ അവരുടെ പട്രോളിങ് കപ്പലുകളുടെ പരിധി പരിമിതമാണെന്ന് പറയും. മറ്റു ചിലപ്പോള്‍ പട്രോളിങ് കപ്പല്‍ അല്ലെങ്കില്‍ വിമാനം വാടകയ്ക്കെടുക്കാനുള്ള ചെലവ് ചോദിക്കും.)

ഗള്‍ഫ് ഓഫ് ഗിനിയില്‍ ഈ വര്‍ഷം ഇതുവരെ കൊള്ളക്കാര്‍ തട്ടിക്കൊണ്ടു പോയ ആള്‍ക്കാരുടെ എണ്ണം 2015ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ ആകെ എണ്ണത്തിന് തുല്യമായിക്കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍