UPDATES

സിനിമ

പ്രിയ നിരൂപകാ, ക്ലൈമാക്‌സില്‍ ചാരി ചിത്രത്തിന്റെ സൗന്ദര്യം ചോര്‍ത്തിക്കളയല്ലേ..

Avatar

വി കെ ജോബിഷ്

അയാള്‍ ഏത് കാലത്തേക്കും പാകമാണ്. അയാള്‍ക്ക് പകരം പകരാന്‍ പകരമില്ല. ഒ കെ കണ്‍മണിയിലൂടെ പിന്നെയും എന്റെ ആ ഇഷ്ടത്തെ അയാള്‍ ആഴത്തിലേക്കെടുത്തു. കാതല്‍കൊണ്ട് അയാള്‍ കാതലുള്ള ഒരു സിനിമകൂടി പണിതിരിക്കുന്നു! ഓരോ ഫ്രെയിമിലും മുക്കി മുക്കി പ്രേക്ഷകരെ ഒരുപാട് കാലത്തേക്ക് നനച്ചിടുന്നുണ്ട് മണിരത്‌നം. ഈ കുളിര് മാറാന്‍ സമയമെടുക്കും, തീര്‍ച്ച. ഈ സിനിമയോട് വിയോജിച്ചുകൊണ്ട് ഒച്ചയുണ്ടാക്കുന്നവരുടെ ഇടയിലിരുന്നാണ് ഞാന്‍ കണ്‍മണിയെ കണ്ടത്. അവര്‍ സമയമെടുക്കും. ഉപരിതലത്തില്‍നിന്ന് പിടിവിടാന്‍!

വിവാഹമെന്ന സ്ഥാപനത്തോട് പല കാരണങ്ങളാല്‍ വിയോജിപ്പുള്ള ആദിയും താരയും (ആദമോ ഹവ്വയോ?) തമ്മിലുള്ള കണ്ടുമുട്ടലും, തുടര്‍ന്ന് അവരൊന്നിച്ച് യാഥാസ്ഥിതിക ജീവിതം നയിക്കുന്ന വൃദ്ധരായ ഗണപതിയുടെയും ഭവാനിയുടെയും വീട്ടില്‍ ഒരു ലിവിംഗ് ടുഗെദര്‍ ജീവിതം തുടങ്ങുന്നു. ആ ജീവിതത്തിന്റെ അടിയടരുകളില്‍നിന്നുള്ള കാഴ്ചയും കാഴ്ചപ്പാടുകളുമായി പ്രേക്ഷകരെ കൂടെ കൂട്ടുകയാണ് സംവിധായകന്‍. ഇടയില്‍ പതിവ് വിനോദസിനിമകളില്‍ ചിരിപ്പിക്കാന്‍ കൂട്ടുന്ന വിക്രമനേയോ മുത്തുവിനേയോ എരിപൊരികൊള്ളിക്കാന്‍ കീരിക്കാടനെയോ അമരീഷ്പുരിയെയോ ചിത്രം ക്ഷണിച്ചുവരുത്തുന്നില്ല. വെറും ഒരു പ്രണയകഥ പറച്ചിലിനിടയിലൂടെ കുടുംബമെന്ന ട്രാന്‍സ്‌ഫോര്‍മറിലേക്ക് ഘടിപ്പിക്കുന്ന ഉപ കഥാപാത്രങ്ങളുടെ മറ്റൊരു ലോകവും. എല്ലാവരേയും ഇഷ്ടത്തില്‍പൊതിഞ്ഞെടുക്കുന്നു കഥാപാത്രങ്ങളുടെ ഇഷ്ടങ്ങള്‍ക്കിടയില്‍ സിനിമയ്ക്കാവശ്യമായ സംഘര്‍ഷങ്ങള്‍ കയറി വരുന്നുണ്ടെങ്കിലും അവയെ ഇഷ്ടക്കേടിലേക്ക് തിരിച്ചുവെക്കാതെ അതിന്റെ ആഴങ്ങളിലേക്കിറക്കിവെക്കുന്നുണ്ട് സംവിധായകന്‍.

പ്രേക്ഷകന്‍ അപൂര്‍വമായിട്ടായിരിക്കാം ഇങ്ങനെ പ്രണയം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുണ്ടാവുക. നഗരജീവിതത്തിലെ യൌവ്വനങ്ങള്‍ നടന്നടുക്കുന്ന വികാരങ്ങളിലേക്കും ആലോചനകളിലേക്കും അത്ര ശേഷിയുള്ള മാപിനി ഉപയോഗിച്ചതുകൊണ്ടാണ് സംവിധായകന് സംഭാഷണങ്ങളെ ഇങ്ങനെ കൊത്തിയെടുക്കാന്‍ സാധിച്ചത്. ഒരുസ്ഥലത്തും തൂക്കം തെറ്റിയിട്ടില്ല. അത്ര കൃത്യമാണ്. പകുതികണ്ടിറങ്ങിയാലും നീണ്ടകാലത്തെ പ്രണയത്തിന്റെ സവിശേഷമായ ഒരു കാലത്തെ കണ്ടിറങ്ങിയെന്ന് പ്രേക്ഷകന് ആശ്വസിക്കാം. സത്യത്തിലൊരു ന്യൂ ജനറേഷന്‍ സിനിമ. കണ്ടെടുത്തതാകട്ടെ മണിര്തനവും, ‘തലനരയ്ക്കാത്തതല്ലെന്റെ യൗവനം, തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം’ എന്നുറക്കെ.  ന്യൂ ജനറേഷന്‍ എന്ന് ചാര്‍ത്തിക്കൊടുത്ത സിനിമാക്കാര്‍ ഈ ചെറിയ കാലത്തില്‍ കാമ്പുതൊടാത്ത വേഷങ്ങളിലും എതിര്‍സ്വരങ്ങളിലും യുവത്വത്തെ അടയിരുത്തുകയല്ലേ ചെയ്തത്. നിര്‍മമമായ അവരുടെ ആലോചനകളിലേക്ക് ഒരിക്കല്‍പോലും അവര്‍ക്ക് വെളിച്ചം പായിക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ. അവരും കാണട്ടെ ഈ കണ്‍മണിയെ കണ്‍കുളിര്‍ക്കെ.

കഥയല്ല സിനിമ. കാമ്പുള്ള സംവിധായകനാണെഴുതുന്നതെങ്കില്‍ തിരക്കഥയാണ് സിനിമ. അങ്ങനെ തോന്നിച്ച അനേകം സന്ദര്‍ഭങ്ങള്‍ ഇതിലുണ്ട്. ആദിയും താരയും വലിയ ദൂരങ്ങളിലേക്ക് പോകുന്നുണ്ടെങ്കിലും ചെറുഫ്രെയിമുകളില്‍ ആ ദൂരങ്ങളെ തളച്ചിട്ടു. കഥാപാത്രങ്ങളുടെ പ്രത്യക്ഷജീവിതവുമായി ബന്ധമില്ലാത്ത ഒരു സന്ദര്‍ഭംപോലും മരുന്നിനുപോലുമില്ല! ഗ്രാഫിക്‌സ്‌പോലും ജീവിതത്തിലൂടെയാണ് പാഞ്ഞുപോകുന്നത്. യൗവനത്തിന്റേയും വാര്‍ധക്യത്തിന്റേയും എല്ലാവഴികളും പ്രണയത്തില്‍ തട്ടിതടഞ്ഞുകൊണ്ടേയിരുന്നു. എത്ര പ്രണയകഥകള്‍ നമ്മുടെ സെല്ലുലോയ്ഡില്‍ പിറന്നിരിക്കുന്നു. അതില്‍ ഭൂരിപക്ഷത്തേയും പ്രേക്ഷകര്‍ കുറഞ്ഞസമയംകൊണ്ട് ഉറക്കിക്കിടത്തിയില്ലേ. ഒരിക്കലും ഉണരാത്തവിധത്തില്‍ ! പക്ഷേ മണിരത്‌നം കൊണ്ടുവന്ന പ്രണയങ്ങളോരോന്നും ഇടയ്ക്കിടയ്ക്ക് നിലവിളിച്ച് നമ്മുടെ ഉറക്കംകെടുത്തി ഉന്മേഷവാന്മാരാക്കുന്നില്ലേ? ഉണ്ട് എന്നത് തീര്‍ച്ച. ബോംബെയും റോജയും ദില്‍സെയും എത്ര വാതിലുകള്‍ തുറന്നു തന്നിട്ടുണ്ട്. അതാണ് മണിരത്‌നം. നിങ്ങള്‍ അയാളെക്കുറിച്ച് എന്തും പറഞ്ഞുകൊള്ളൂ. പക്ഷേ അയാള്‍ ഓരോ സമയത്തും കൊണ്ടുവന്ന സൗന്ദര്യം നോക്കൂ. കാര്യംമനസ്സിലാകും. തമിഴ് സിനിമയിലൂടെ അയാള്‍കൊണ്ടുവന്ന സൗന്ദര്യത്തെ അടര്‍ത്തിയെടുത്ത് നിങ്ങള്‍ മറ്റൊരയലിലിട്ടുനോക്കൂ. അപ്പോള്‍ കാണാം തമിഴ് സിനിമയുടെ ഒരുപാതി ആ അയലില്‍ തൂങ്ങിയാടുന്നത്.

ഈ ചിത്രം സ്വാദോടെ രുചിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒപ്പമിരുന്ന സുഹൃത്ത് ചില പ്രത്യേക പ്രത്യയശാസ്ത്രപ്രശ്‌നങ്ങള്‍ വലിച്ചിട്ടത്. പ്രണയം, വിവാഹം, കുടുംബം, സവര്‍ണത തുടങ്ങിയ സ്ഥാപനങ്ങളോടുള്ള സംവിധായകന്റെ കൂറിനെപ്പറ്റി. കഴിയട്ടെ, ഇപ്പോഴതൊന്നുമാലോചിക്കണ്ട പിന്നീടാവാമെന്ന് ഞാന്‍. ഇതൊരു ഗൂഢപദ്ധതിയുടെ ഭാഗമായി കണ്ടിരിക്കാന്‍ മനസ്സില്ലെന്ന് മനസ്സിരുത്തി കണ്‍മണിയുടെ സൗന്ദര്യം മുഴുവന്‍ ഞാന്‍ ഊറ്റിയെടുത്തു. എന്റെ ആത്മത്തോട് ആ സൗന്ദര്യം നന്നായി ചേര്‍ന്നുനിന്നു.

മണിരത്‌നത്തിന്റെ വഴികളൊന്നും ജീവിതത്തിലും സിനിമയിലും പൊതുവഴിയായിരുന്നില്ല. അതുകൊണ്ടാണ് സിനിമയുടെ പേരില്‍ വര്‍ഗീയവാദികള്‍ തിയേറ്ററില്‍ ബോംബുവെച്ചതും അയാളുടെ വീടിനുനേരെ കല്ലെറിഞ്ഞതും. അത്ര മാരകശേഷിയുണ്ടായിരുന്നു അയാള്‍കൊണ്ടുവന്ന സൗന്ദര്യത്തിന്. ഒരു മതത്തിനും കീഴടക്കാത്ത ഈ നിരീശ്വരവാദിയേയാണ് യാഥാസ്ഥിതിക കുടുംബസങ്കല്പത്തിന്റെ കഥാകാരനെന്നും സവര്‍ണനെന്നും പറഞ്ഞ് നിരൂപകര്‍ ബ്രാഹ്മണ്യത്തിന്റെ പട്ടോലയിട്ട് മൂടുന്നത്. നിരൂപകരെല്ലാം ഇപ്പോഴും വിഷയത്തിന്റെ ഏതെങ്കിലും ഭാഗത്ത് ഊന്നിനിന്ന് വിചാരണ തുടരുകയാണ്. ഇതൊരു ദൃശ്യമാധ്യമമാണെന്ന സത്യത്തോട് ഇനിയെങ്കിലും അവര്‍ നീതി പുലര്‍ത്തണം. സാഹിത്യത്തിന്റെ പെട്ടിതുറക്കുന്ന അതേ താക്കോലുകള്‍കൊണ്ടുവന്ന് സിനിമയുടെ പെട്ടി ഇനിയും തുറക്കല്ലേ. ഇത് തീര്‍ത്തും ദൃശ്യമാധ്യമമാണ്. ഇവിടെ കണ്‍മണിയിലെ ദൃശ്യങ്ങള്‍ നോക്കൂ. അതിലെ കളറുകള്‍, പിന്നില്‍നിന്ന് കേള്‍ക്കുന്ന ശബ്ദങ്ങള്‍, വേഷങ്ങള്‍, അലങ്കാരങ്ങള്‍ അവയിലേക്ക് പതിപ്പിക്കുന്ന വെളിച്ചങ്ങള്‍, നിഴലുകള്‍ അവയെയൊക്കെ ചെറുതും വലുതുമായ ഷോട്ടുകളിലാക്കി അനുഭവിപ്പിക്കുന്ന വികാരങ്ങള്‍. അവ സിനിമയെന്ന സവിശേഷമാധ്യമത്തിന്റെ സാധ്യതമാത്രമാണ്. അവയ്‌ക്കൊക്കെ അപ്പുറത്താണ് കഥാപരിസമാപ്തിയെമാത്രം മുന്‍നിര്‍ത്തിയെത്തുന്ന അന്തിമാര്‍ഥങ്ങള്‍.

ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് സംശയമേ വേണ്ട. അത് പുരോഗമനപരമാണ്. ഇവിടെ ഉടലുകള്‍കൊണ്ടാണ് മണിരത്‌നം രാഷ്ട്രീയം പറയുന്നത്. സിനിമയില്‍ ആദിയും താരയും തങ്ങളുടെ ഇച്ഛകള്‍ക്കനുസരിച്ച് മനസ്സും ഉടലും കൈമാറി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്. പൊതുഇടങ്ങളില്‍ അവര്‍ പെരുമാറിയത് വിലക്കുകളെ നിരാകരിക്കുന്ന സൗന്ദര്യത്താലാണ്. ട്രെയിനില്‍, റോഡില്‍, പൊതുവഴിയില്‍, തൊഴിലിടങ്ങളില്‍ ഒക്കെനിന്നുകൊണ്ടുള്ള കെട്ടിപ്പിടുത്തത്തിനും ചുംബനത്തിനുമൊന്നും ആരും കാവല്‍ നില്‍ക്കുന്നില്ല. സദാചാരസമൂഹത്തിന്റെ ഭിന്നപ്രയോഗങ്ങള്‍ക്ക് ഇടംകൊടുക്കാതെയാണ് ദൃശ്യങ്ങള്‍ കൊരുത്തിരിക്കുന്നത്. എപ്പോഴും കയറിപ്പോകാവുന്ന ലേഡീസ് ഹോസ്റ്റലുകള്‍. ഒറ്റയ്ക്ക് യാത്രചെയ്യുന്ന സുഹൃത്തുക്കള്‍, ശരീരം ബാധ്യതയായി മാറാത്ത സ്വതന്ത്രസഞ്ചാരങ്ങള്‍, തൊഴിലിടങ്ങളിലേയും മറ്റും ആഘോഷങ്ങള്‍ ഇവിടെയൊക്കെ പുതിയ വാതിലുകള്‍ തുറന്നിടുന്ന ലോകത്തെയാണ് കാഴ്ചപ്പെടുത്തുന്നത്. സ്വാഭാവികമായിത്തീരാവുന്ന ഒരു ഭാവി ജീവിതത്തെ തന്റെ ക്രാന്തദര്‍ശിത്വംകൊണ്ട് ചലച്ചിത്രത്തിലാക്കിയിരിക്കുന്നു സംവിധായകന്‍. ചുംബനസമരംകൊണ്ട് മാത്രം നാം നടന്നെത്തിയേക്കാവുന്ന അതിവിദൂരങ്ങളെ സമീപമാക്കുന്ന രാഷ്ട്രീയം. ചിത്രത്തില്‍ ആദിയും താരയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്ന മിക്ക ക്ലോസപ്പ് ദൃശ്യങ്ങളിലും രണ്ടുപേരുടേയും മുഖങ്ങള്‍ക്കിടയില്‍ ചെറിയ അകലമേയുള്ളൂ. മറ്റൊരു കാതല്‍ചിത്രത്തിലും കണ്ടിട്ടില്ല ഇതുപോലുള്ള ദൃശ്യങ്ങളെ. അടുപ്പമുള്ളവര്‍ അടുക്കുന്നത് മനസ്സുകൊണ്ട് മാത്രമല്ല ശരീരംകൊണ്ട് കൂടിയാണെന്ന് ധ്വനി.

നായികാനായകന്മാര്‍ പരിചയപ്പെടുകയും അടുക്കുകയും ചെയ്യുന്നതിന് പതിവ് സിനിമ സ്വീകരിക്കുന്ന സമയദൈര്‍ഘ്യത്തെ അല്പംപോലും അരോചകമാകാതെ ഒരൊറ്റ ഷോട്ടിലേക്ക് കുടിയിരുത്തിയ സംവിധാനവൈഭവം. പിരിയാന്‍കഴിയാത്തവിധം അവര്‍ തിരിച്ചറിയപ്പെട്ടപ്പോഴേക്കും ദൃശ്യങ്ങള്‍ മെലോഡ്രാമയിലേക്ക് വഴുതാതെ മഴയുടെ പശ്ചാത്തലത്തില്‍ സൂക്ഷ്മമായി ചിത്രീകരിച്ചിട്ടുണ്ട്. ഉള്ളിലും പുറത്തും പെയ്യുന്ന മഴ. മഴയത്ത് അവര്‍ നടന്നടുക്കുന്നത് ഉള്ളുപൊള്ളുന്ന ജീവിതത്തിലേക്ക്. മനുഷ്യാവസ്ഥയുടെ നിസ്സഹായമായ സന്ദര്‍ഭങ്ങള്‍.

ദുല്‍ഖറും നിത്യാമേനോനും പ്രകാശ്‌രാജും തുഴഞ്ഞ അഭിനയവേഗങ്ങള്‍ ചിത്രത്തെ അഴകിന്റെ കരക്കടുപ്പിച്ചു. കര്‍ണാടകസംഗീതജ്ഞയായ ലീലാസാംസന്റെ അല്‍ഷീമേഴ്‌സ് രോഗിയിലേക്കുള്ള പരകായപ്രവേശം സംഗീതവും അഭിനയവും ഒരൊറ്റ മാധ്യമമാണെന്ന് തോന്നിച്ചു. പി.സി.ശ്രീരാമന്റെ ക്യാമറ കയറിയിറങ്ങിയ ഇടങ്ങളില്‍ റഹ്മാനുണ്ടാക്കിയ ശബ്ദസൗന്ദര്യം മഴയായി പെയ്യുന്നുണ്ട്. മണിരത്‌നം നെയ്‌തെടുത്ത ദൃശ്യങ്ങളില്‍നിന്ന് ഏതൊക്കെയായിരിക്കും എഡിറ്റര്‍ ശ്രീകര്‍പ്രസാദ് കളഞ്ഞിട്ടുണ്ടാവുക. എത്ര ക്ലേശിച്ചിരിക്കും അയാള്‍ സൗന്ദര്യത്തില്‍നിന്ന് ഈ ‘സൗന്ദര്യ’ത്തെ ചിട്ടപ്പെടുത്താന്‍. സമ്മതിക്കണം. വെട്ടിമാറ്റിയ സൗന്ദര്യത്തെ നിസ്സഹായതയോടെ നോക്കി നിന്നിട്ടുണ്ടാവും അയാള്‍! അതുകൊണ്ട് പ്രിയപ്പെട്ട നിരൂപകാ ക്ലൈമാക്‌സില്‍മാത്രം ചാരിനിന്ന് ചിത്രത്തിന്റെ സൗന്ദര്യം ചോര്‍ത്തിക്കളയല്ലേ. നിങ്ങള്‍ ചാഞ്ഞുചരിഞ്ഞും നോക്കൂ, ദൃശ്യങ്ങളില്‍ സൂചിയെടുത്ത് കുത്തിനോക്കൂ, അവിടുന്നെല്ലാം സൗന്ദര്യത്തിന്റെ ചോരപൊടിയുന്നത് കാണാം.

(കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍