UPDATES

സിനിമ

ഓകെ കണ്മണി; മണിരത്നത്തിന്റെ സ്ഥിരം ബ്രാഹ്മിണ്‍ പെയിന്‍റ്

Avatar

എന്‍. രവിശങ്കര്‍

O love! apple of my eye! എന്ന പടം കാണുമ്പോള്‍ ചെന്നൈയിലെയും ബംഗലൂരുവിലെയും നാഗരിക വിമര്‍ശകര്‍ പറഞ്ഞതു പോലെ ഇത് unashamedly meant for the upper middle class ആണെന്നത് ശരിയാണെന്ന് തോന്നി. പക്ഷെ പാലക്കാട്ടെ ഈ വര്‍ഗത്തില്‍ പെടുന്ന കാണികള്‍ക്ക് ആ തിരിച്ചറിവ് ഉള്ളതായി തോന്നിയില്ല. കോട്ടുവായ്ക്ക് വര്‍ഗബോധം കുറവാണല്ലോ!

മല മറിക്കാന്‍ പോന്ന എന്തോ വിഷയം ഇന്ത്യന്‍ സിനിമാലോകത്ത് താന്‍ അവതരിപ്പിക്കാന്‍ പോകുന്നുവെന്ന മട്ടാണ് മണിരത്നത്തിന്. പുതുമയുള്ള ഇതിവൃത്തങ്ങള്‍ തേടുകയും  എന്നിട്ട് അവയ്ക്ക്  തന്റെ പ്രിയപ്പെട്ട പൂപ്പലും പായലും ചേര്‍ന്ന ബ്രാഹ്മണ പെയിന്റ് അടിക്കുകയും ചെയ്യലാണ്  അദ്ദേഹത്തിന്റെ പ്രധാന രീതി. അതിനിടയ്ക്ക് ആവശ്യമുള്ള ചേരുവകളായ രസം, ഫില്‍ട്ടര്‍ കാപ്പി, കര്‍ണാടക സംഗീതം ഇവയെല്ലാം ചേര്‍ക്കുകയും ചെയ്യും. പക്ഷെ, പ്രമേയം മാത്രം അതിഗഹനമായിരിക്കും. ഇത്തവണ പിടികൂടിയിരിക്കുന്നത് live-in relationship നെയാണ്. ആദിയും താരയും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുന്നത് അവര്‍ക്ക് വിവാഹത്തില്‍ താല്‍പ്പര്യം ഇല്ലാത്തതിലാണ്. അവര്‍ രണ്ടു പേരും ജീവിതം കരുപ്പിടിപ്പിക്കാനായി ലോകത്ത് രണ്ടിടത്തെക്ക് പറക്കാന്‍ ഇരിക്കയാണ്. ബാക്കിയുള്ള നാളുകള്‍ അവര്‍ക്ക് പിരിഞ്ഞിരിക്കാനും വയ്യ. അങ്ങനെയാണ് ബന്ധങ്ങളും ബന്ധനങ്ങളും  കൂടാതെ ഒന്നിച്ചു കഴിയാന്‍ അവര്‍ തീരുമാനിക്കുന്നത്. പക്ഷെ അവരുടെ പ്രത്യയശാസ്ത്രത്തിനു നേരെ ബദലായി മണിരത്നം നിര്‍ത്തുന്നത് വീട്ടുടമകളായ വൃദ്ധ ദമ്പതികളുടെ നീണ്ട കാല വിവാഹ ജീവിതത്തെയാണ്.

ഗണപതിയും ഭവാനിയും വിവാഹം കഴിച്ചത് ഒരു അബദ്ധധാരണ കാരണമായിരുന്നു. ഭവാനിയെ മോഹിച്ച കൂട്ടുകാരന്‍ അവള്‍ക്കുള്ള പ്രണയലേഖനം ഗണപതിയുടെ കൈയ്യിലാണ് കൊടുത്തുവിട്ടത്. പക്ഷെ ഒപ്പിടാന്‍ മറന്നു പോയി. ഗണപതിയാണ് അതെഴുതിയത് എന്ന് തെറ്റിദ്ധരിച്ച ഭവാനി അയാളെ പ്രേമിക്കുകയും വിവാഹം കഴിക്കുകയും ചെയ്തു. കര്‍ണാടക സംഗീത വിദുഷിയായ ഭവാനി ഇപ്പോള്‍ അല്‍ഷിമേഴ്സ് രോഗബാധിതയാണ്. വീട്ടിലേക്കുള്ള വഴി പോലും മറന്നു പോകും. അപ്പോഴൊക്കെ മഴ പെയ്യുകയും ചെയ്യും.

ഗണപതി- ഭവാനി ദമ്പതിമാരുടെ പ്രണയവിവാഹ ജീവിതത്തെ നിരീക്ഷിക്കുന്നതിലൂടെ ആദി-താര ജോഡികളുടെ വിവാഹസങ്കല്‍പ്പം മാറിപ്പോകുന്നു എന്നതാണ് മണിരത്നത്തിന്റെ ലാ പായിന്റ്‌. പക്ഷെ, അവര്‍ തമ്മിലുള്ള പ്രണയത്തിനു ഒരു ഇടിവും സംഭവിക്കുന്നില്ലല്ലോ രത്നമേ എന്ന് ചോദിച്ചാല്‍ അയാള്‍ മറുപടി തരില്ല. ഓരോ ഇടത്തേക്ക് പറിഞ്ഞു പോകുന്നതിനു മുമ്പ് നമ്മള്‍ വിവാഹം കഴിക്കണം എന്ന് ആദിയെ കൊണ്ട് പറയിപ്പിക്കയാണ് രത്നം ചെയ്യുന്നത്. അല്ലെങ്കില്‍ അതേ ഉള്ളൂ ഒരു വഴി എന്നാണ് അയാളുടെ/ അയാള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ധാരണ. ആദിയുടെയും താരയുടെയും ബന്ധത്തിലെ ചാരുതയില്‍ നിന്ന്, സമൂഹത്തിന്റെ സ്റ്റാമ്പ്‌ ഇല്ലാതെ തന്നെ അവര്‍ പരസ്പരം പുലര്‍ത്തുന്ന വിശ്വാസ്യതയില്‍ നിന്ന്, അവരുടെ പ്രകടമായ ആനന്ദത്തില്‍ നിന്ന് വിവാഹവാദികള്‍ക്കും പലതും പഠിക്കാനുണ്ടെന്നു രത്നത്തിന് തോന്നുകയേ ഇല്ല. അല്ലെങ്കില്‍, തോന്നിയില്ലെന്നു  അയാള്‍  ഭാവിക്കുന്നു. അതുമല്ലെങ്കില്‍ നിങ്ങള്‍ ഈ പരിധിക്കു പുറത്തു പോകണ്ടെന്നു അയാള്‍ വിധി എഴുതുന്നു. അങ്ങനെ മധ്യവര്‍ഗ വിവാഹ സങ്കല്‍പ്പങ്ങളെ അയാള്‍ സംരക്ഷിച്ചു നിര്‍ത്തുന്നു. കടല്‍ കടന്ന ബ്രാഹ്മണനെ പിണ്ഡം വെക്കുന്ന പരിപാടി പോലെയായിപ്പോയി ഇത് – പാരീസിലേക്കും യുഎസ്സിലെക്കുമൊക്കെ പൊയ്ക്കോ, പക്ഷെ വിവാഹം കഴിച്ചിട്ട് മതി!

ഈ ചിത്രത്തെ രക്ഷിപ്പിച്ചു നിര്‍ത്തുന്ന രണ്ടു ഘടകങ്ങള്‍ നിത്യാ മേനോനും  പി സി ശ്രീറാമുമാണ്. താരയായ നിത്യ ആദിയായ ദുല്‍ഖറിനെ ഏതാണ്ട്  എല്ലാ രംഗങ്ങളിലും മലര്‍ത്തിയടിച്ചിരിക്കുന്നു. ഗണപതിയായ പ്രകാശ് രാജിന് പോലും അവളെ വെല്ലാന്‍ കഴിയുന്നില്ല. ശ്രീറാമാകട്ടെ, പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രത്നവുമായി കൂടിച്ചേരുന്നത് അത്ഭുതകരമായ ക്യാമറ വര്‍ക്കിലൂടെയാണ്. പ്രത്യേകിച്ച് ഇന്റീരിയറുകള്‍ ഒരുക്കിയിരിക്കുന്ന രീതിയില്‍. മറിച്ച്, ഏറെക്കാലം രത്നത്തിനോടോപ്പമുള്ള ഏആര്‍ റഹ്മാന്‍ ഒരൊന്നാന്തരം ഫലിതമായി  മാറിക്കൊണ്ടിരിക്കയാണ്. കഴിഞ്ഞ കുറെ പാട്ടുകള്‍ എടുത്താല്‍ “നെഞ്ചുക്കുല്ലെ ഒമ്മേ മുടിച്ചിരുക്കെ” എന്ന പാട്ട് മാത്രമായിരിക്കും കേള്‍ക്കാന്‍ സുഖമുള്ളത്. ബാക്കി മൊത്തം യന്ത്രസംവിധാനങ്ങളുടെ കളിയാണ്. ഇവിടെയും അത് തന്നെ സ്ഥിതി. നിവൃത്തിയില്ലാത്തതുകൊണ്ട് ക്ലാസിക്കല്‍ രീതിയില്‍ തന്നെ ചെയ്യേണ്ടി വന്ന (ചിത്ര പാടുന്ന) ഒരു പാട്ട് മാത്രമാണ് അപവാദം.

രത്തിനം സാറിനായി അടുത്ത ചിത്രത്തിന് ഒരു റിയല്‍ വിവാഹ കഥ. മഹാരാഷ്ട്രയിലെ ഒരു കര്‍ഷകന്‍ വിവാഹം കഴിക്കുന്നു. കുട്ടികള്‍ ഉണ്ടാകുന്നു. മൂന്നു  കിലോമീറ്റര്‍ അകലെയുള്ള ജലസ്രോതസ്സില്‍ നിന്ന് വെള്ളം കൊണ്ടുവരലാണ് ഭാര്യയുടെ പ്രധാന പണി. അയാള്‍ രണ്ടാമതും വിവാഹം കഴിക്കുന്നു. രണ്ടാമത്തെ ഭാര്യയുടെ ഏക പണി വെള്ളം കൊണ്ടുവരലാണ്. ആദ്യ ഭാര്യ മറ്റെല്ലാം നോക്കുന്നു. അയാള്‍ കൃഷി നോക്കുന്നു. അങ്ങനെ കാലം കടന്നു പോകുന്നു. രണ്ടാം ഭാര്യയ്ക്കും പ്രായമാവുന്നു. അയാള്‍ മൂന്നാമതും വിവാഹം കഴിക്കുന്നു. മൂന്നാമത്തെ ഭാര്യയുടെ ഏക പണി വെള്ളം കൊണ്ടുവരലാണ്. ആദ്യ രണ്ടു ഭാര്യമാര്‍ മറ്റെല്ലാം നോക്കുന്നു. അയാള്‍ കൃഷി നോക്കുന്നു. അങ്ങനെയൊക്കെയാണ്, സാര്‍, ലോകത്ത് ആളുകള്‍ വിവാഹം കഴിക്കുന്നതും ജീവിക്കുന്നതും മരിക്കുന്നതും. നായകനായി ഷാരുഖിനെ വിളിക്കുന്നോ?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 
 
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍