UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റ വൃദ്ധന്‍ മരിച്ചു

Avatar

അഴിമുഖം പ്രതിനിധി

 

വീട്ടിനുള്ളില്‍ ഉറങ്ങികിടക്കുമ്പോള്‍ തെരുവ് നായ്ക്കള്‍ ആക്രമിച്ച 90-കാരന്‍ മരിച്ചു. വര്‍ക്കല മുണ്ടയില്‍ ചുരുളവീട്ടില്‍ രാഘവനാണ് തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ രാഘവന്റെ മുഖം, തല, കഴുത്ത്, കാല് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ആഴത്തില്‍ മുറിവെറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ രാഘവനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് വെളുപ്പിന് നാലരയോടെ മരണം സംഭവിക്കുകയായിരുന്നു. കോഴിക്കോട്ട് രണ്ടര വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം പുല്ലുവിളയില്‍ നേരത്തെ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.

അതെസമയം തെരുവുനായ്ക്കളെ കൊല്ലുന്നതുമായി ബന്ധപ്പെട്ട് കേരളത്തെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്തെത്തിയതും കൂടുതല്‍ വിവാദമായി. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ കാപ്പ ചുമത്തണമെന്നും ഇതിന് ഡിജിപി മുന്‍കൈയെടുക്കണമെന്നുമായിരുന്നു മനേകയുടെ പ്രസ്താവന. തെരുവുനായ്ക്കളെ കൊല്ലുന്നവര്‍ സ്ഥിരം കുറ്റവാളികളാണ്. മുഖ്യമന്ത്രി നടപടിയെടുത്തില്ലെങ്കില്‍ നായ്ക്കളെ കൊല്ലുന്നത് തുടരുമെന്നു പറഞ്ഞ ഇവരെ ക്രമിനലുകളായ വ്യവസായികള്‍ ഹീറോകളാകാന്‍ ശ്രമിക്കുന്നു. വ്യവസായികളാണോ സര്‍ക്കാരാണോ കേരളം ഭരിക്കുന്നതെന്നും മനേക ചോദിച്ചു.

 

 

എന്നാല്‍ മനേക ഗാന്ധിയുടെ പ്രസ്താവനയെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി കെ.ടി ജലീലും കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും രംഗത്തെത്തി. കേരളത്തില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്ഥ മേനക ഗാന്ധിക്ക് അറിയില്ലെന്നും അവര്‍ക്ക് ഡെല്‍ഹിയില്‍ നിന്നുകൊണ്ട് എന്തും പറയാമെന്നും ജലീല്‍ പറഞ്ഞു. 

കേരളത്തെ തെരുവുനായ വിമുക്ത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ബ്ലോക്ക്, ജില്ലാ അടിസ്ഥാനത്തില്‍ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രത്യേകം ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്ന കാര്യങ്ങളും ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മേനകാ ഗാന്ധി ആരോപിക്കുന്നത് പോലെ കേരളത്തില്‍ വ്യാപകമായി തെരുവ് നായ്ക്കളെ കൊന്നൊടുക്കുകയൊന്നും ചെയ്യുന്നില്ലെന്നും കേന്ദ്രം ഭരിക്കുന്ന ബിജെപി പോലും മേനകാ ഗാന്ധി പറഞ്ഞതു പോലെ അഭിപ്രായം പറയുമെന്ന് തോന്നുന്നില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

മനേക ഗാന്ധിയുടെ അഭിപ്രായം സമചിത്തതോടെയല്ലെന്ന് സുധീരന്‍ പ്രതികരിച്ചു. മനുഷ്യജീവനുകളേക്കാള്‍ നായ്ക്കള്‍ക്ക് പ്രാധാന്യം നല്‍കുന്ന സ്ഥിതി ഉണ്ടാകരുത്. മനേക ഗാന്ധിയെ പോലെ ഒരു ഭര്‍ണാധികാരിയില്‍ നിന്ന്‍ ഒട്ടും പ്രതീക്ഷിക്കാത്തതാണ് അവര്‍ പറഞ്ഞിരിക്കുന്നത്. അവര്‍ കേരളത്തില്‍ വന്ന്‍ സ്ഥിതി മനസിലാക്കട്ടെ എന്നും സുധീരന്‍ പറഞ്ഞു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍