UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എപ്പോഴും അമ്മമാരിലേക്ക് മാത്രമെത്തുന്ന ഓണങ്ങള്‍

Avatar

രാകേഷ് സനല്‍

ഓണം ഓര്‍ക്കേണ്ടത് അമ്മയുടേയും അമ്മൂമ്മയുടേയും ഓര്‍മകളിലൂടേയാണെന്നു തോന്നുന്നു. ഒരുക്കിവച്ച ഓണം ആഘോഷിക്കുക മാത്രമാണ് ഞങ്ങള്‍ ആണുങ്ങള്‍ ചെയ്യുന്നത്. വീട്ടിലെ പെണ്ണുങ്ങളാണത് ഒരുക്കുന്നത്. ഓണത്തെക്കുറിച്ച് അമ്മയോളം വിശേഷങ്ങള്‍ പറയാന്‍ അച്ഛനെക്കൊണ്ടു കഴിയില്ല, പറഞ്ഞാലും അത് അച്ഛമ്മയിലേക്കെത്തും. 

ഓരോ കരയ്ക്കും ഓണം ഒന്നുപോലെയല്ല, മാറ്റങ്ങളുണ്ട്. ആചാരങ്ങളും ആഘോഷങ്ങളും അമ്മത്താഴ്‌വയിലൂടെയായതിനാല്‍ ഓണത്തെക്കുറിച്ചും അമ്മ പറയുന്നതു കേള്‍ക്കാനാണു താത്പര്യം.

അത്തം പിറന്നാല്‍ ഓണം തുടങ്ങിയെന്നാണ്. എന്നാല്‍ ഒരുക്കങ്ങള്‍ തുടങ്ങുന്നത് അത്തവും ചിത്തിരയും കഴിഞ്ഞ് ചോതിക്കു തൊട്ടാണ്. ചോതിക്കു ചോദിക്കാതെ നെല്ലെടുക്കാമെന്നാണ്. കൊല്ലത്തില്‍ അന്നു മാത്രമാണത്രേ പത്തായത്തില്‍ കേറാന്‍ പെണ്ണിനനുവാദമുള്ളൂ. അല്ലാത്തപ്പോഴെല്ലാം നെല്ലളന്നു കൊടുക്കുന്നത് കാരണോമ്മാരാണ്. അവര്‍ക്കു തോന്നണതേ തരൂ. ചോതിക്കാതെ പെണ്ണിനു കയറി വേണ്ടത്ര നെല്ല് അളന്നെടുക്കാം, നെല്ലു മാത്രമല്ല തേങ്ങയും. നെല്ലു പുഴുങ്ങി കുത്തിയരിയാക്കണം, തേങ്ങാ വെട്ടി എണ്ണയാട്ടണം, വിറകു കീറിയിടീക്കണം. ഇതെല്ലാം മൂലത്തിനു മുമ്പ് ചെയ്യുകേം വേണം. മൂലം ചൂറ്റി മൂന്നു മഴയെന്നാണ്. നാലു ദിവസം കൊണ്ട് അരിയും നെല്ലും അടുക്കളയില്‍ എത്തണം.

എന്തോരം അരിയും നെല്ലും വേണം? പൂരുരുട്ടാതി വരെയുള്ളത്ര. തിരുവോണം, അവിട്ടം, പൂരുരുട്ടാതി ആണ് നായന്മാര്‍ക്ക് ഓണം. പൂരുരുട്ടാതി നാലാമോണമാണ്, അന്നാണു നായരോണം. അന്നേ വരെയുള്ള അരിയും എണ്ണയും അടുക്കളയില്‍ ഉണ്ടായിരിക്കണം.

പൂരാടത്തിനു മുന്നേ അങ്ങാടിയില്‍ പോയി സാമാനങ്ങള്‍ വാങ്ങിക്കണം. പറമ്പീന്നു കിട്ടാത്തതെല്ലാം കടേന്നു വാങ്ങണം. അതുപക്ഷേ പൂരാടത്തിനു മുന്നേ വാങ്ങണം. ഇല്ലേല്‍ നാണക്കേടാണ്. പൂരാടത്തിനെങ്ങാനും നിങ്ങടെ അച്ചിയെ ചന്തേ കണ്ടെന്നെങ്ങാനും നായരോട് ആരെങ്കിലും പറഞ്ഞാല്‍ തീര്‍ന്നു, വീട്ടില്‍ ചന്ദ്രഹാസം ഇളകും.

മൂലപ്പെയ്ത്തു തോരുന്നതിനോടൊപ്പം സാമാനങ്ങളെല്ലാം അടുക്കളേലെത്തീന്നു ഉറപ്പാക്കണം. അല്ലെങ്കി തന്നെ ഇട്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റോന്നാണ്… വല്യമ്മമാരും മുത്തശ്ശിയൊക്കെ ഓരോന്നും നോക്കി നടക്കും. അതില്ലേ, ഇതെടുത്തില്ലേ എന്നു കണ്ണു മിഴിക്കും. ആണുങ്ങള്‍ കേള്‍ക്കോളം ഉച്ചത്തില്‍ ചിലപ്പോ വിളിച്ചു പറഞ്ഞൂന്നൂ വരും.

ഒന്നിനും നേരമില്ല. ഒന്നൂട്ട് അയിട്ടുമില്ലാ…

ദാ…ന്ന് പറഞ്ഞെത്തി ഉത്രാടം…

ഉത്രാടം ഉച്ചതിരിഞ്ഞാല്‍ അച്ചിമാര്‍ക്കെല്ലാം വെപ്രാളാണ്.

എന്തെല്ലാം ചെയ്യണം… നാലു കയ്യോണ്ടു ചെയ്താലും തീരില്ലാ.

ഉച്ചതിരിഞ്ഞാല്‍ തുടങ്ങും നാളത്തേയ്ക്കുള്ള ഒരുക്കങ്ങള്‍. ആദ്യം ഉപ്പേരി വറുക്കണം. പിന്നെ ഉപ്പിലിട്ടത്. മെഴുക്കിവയ്ക്കാന്‍ പാത്രങ്ങള്‍ കുറെ കാണും. ആ പണി കഴിയുമ്പോഴേക്കും നേരമിരിട്ടു കഴിഞ്ഞിട്ടുണ്ടാവും. പാതകത്തുവച്ചുണക്കിയ വിറകെല്ലാം അടുപ്പിന്‍ ചോട്ടിലേക്ക് എടുത്തു വെയ്ക്കണം. ഇന്നു വച്ചുണ്ടാക്കിയതൊന്നും നാളെ കാണാന്‍ പാടില്ലെന്നാണ്. ഒന്നേലെടുത്ത് കളയണം, അല്ലേല്‍ ആര്‍ക്കെങ്കിലും കൊടുക്കണം, പച്ചക്കറിയെല്ലാം തിരിഞ്ഞു വെയ്ക്കണം. ഇനി മുറ്റം മുഴുവന്‍ അടിച്ചു തളിച്ചിടണം. രാത്രി തന്നെ വേണം. പുലര്‍ന്നാല്‍ ചൂലു തൊടരുത്. ഉറങ്ങിയെന്നൊന്നും പറയാന്‍ പറ്റില്ല. ഒന്നു കണ്ണയ്ക്കുമ്പോഴേക്കും എണീക്കാന്‍ സമയാകും.

ഉമ്മിക്കിരി ഉള്ളം കയ്യിലിട്ടു തിരുമിയെടുത്ത്, ഒലക്കണയൊടിച്ച് വലതു കയ്യിലെ ചൂണ്ടു വിരലിനും മോതിരവിരലും മേല്‍ തിരുകി വച്ചു, കിണറ്റിന്‍ കരേന്നു മുഖോം വായും കഴുകി നേരെ അടുക്കളേലോട്ട്. ഇത്തിരി വെള്ളമാറ്റി കുടിക്കാനൊന്നും സമയമില്ല. പിടിപ്പതു പണിയുണ്ട്. അവിയലാണ് ആദ്യം വച്ചത്. പിന്നെ സാമ്പാറ്, പരിപ്പ്, ഓലന്‍, കിച്ചടി, പച്ചടി, പുളിശേരി, കൂട്ടുകറി, ഒരു മാതിരി കൂട്ടാനെല്ലാം വേവാകുമ്പോഴേക്കും നേരം വെളുത്തിട്ടുണ്ടാവും. പിള്ളേര് മുറ്റത്ത് പൂക്കളം ഇട്ടു കഴിഞ്ഞിട്ടുണ്ടാവും.

ഇനിയിപ്പോ എരിശ്ശേരി വയ്ക്കാം, മത്തനും വന്‍പയറുമോ ചേനയും പച്ചേത്തക്കയോ ആകാം. കാലായാല്‍ കടുകു വറക്കണം, പച്ചത്തേങ്ങ വരട്ടിയിടണം. അപ്പോഴൊരു മണമുണ്ട്. ആ മണം കേട്ടാണത്രേ മാവേലി വരണത്. ഓരോ വീട്ടീന്നും വറുത്തെരിശ്ശേരീടെ മണം വരുമ്പോള്‍ ആ വീട്ടില്‍ മാവേലി കേറും.

എരിശ്ശേരി കാലായാല്‍ പോയി കുളിച്ചിട്ടു വരാം. കുളത്തി പെണ്ണുങ്ങളുടെ തിരക്കാവും. ആര്‍ക്കും മിണ്ടീം പറഞ്ഞൊന്നും നിക്കാന്‍ സമയമില്ല. പണി തീരാനുണ്ടേ… അരി കഴുകിയടുപ്പത്തിടണം. ഒടുവിലാണ് ചോറു കാലാക്കണത്. ചോറുവച്ചിട്ട്, പായസം. ഒന്നോ രണ്ടോ ആകാം. പിന്നെ പപ്പടം കാച്ചണം. പാപ്പടം കാച്ചിയ എണ്ണ തോരനുമെടുക്കാം.

ഉച്ചയായി, ഊണ് കാലായോന്ന് പിള്ളേരു ചോദിച്ചു തുടങ്ങി. ആണുങ്ങടെ മുഖത്തുമുണ്ട് അന്വേഷണം. ചോദിക്കണില്ലന്നെയുള്ളൂ. പറമ്പിച്ചെന്ന് ഇല മുറിക്കണം. എല്ലാര്‍ക്കും തൂശനില കിട്ടണോന്നില്ല. കുട്ടികള്‍ക്ക് വെട്ടില കൊടുക്കാം. കാര്‍ന്നോമ്മാര്‍ക്കും ആണുങ്ങള്‍ക്കും തൂശനില നിര്‍ബന്ധം.

ആദ്യം കുട്ടികള്‍ക്കാണ് വിളമ്പണത്. പിന്നെ ആണുങ്ങള്‍ക്ക്. ഒടുവിലാണ് വീട്ടിലെ പെണ്ണുങ്ങള്‍ക്ക്. വിളമ്പി തരാനൊന്നും ആരും കാണില്ല, എല്ലാരും അങ്ങോട്ടുമിങ്ങോട്ടും എടുത്തു കൊടുക്കണം.

ഈണു കഴിഞ്ഞാലാണ് ഒന്നു നടുനീര്‍ക്കണത്. കുറച്ചു ദിവസായിട്ടുള്ള ഓട്ടമല്ലേ. ഉച്ചമയക്കം കൊതിക്കണുണ്ട്. അതുപക്ഷേ പ്രായായോര്‍ക്കെ നടക്കൂ. അല്ലാത്തോര് കിടക്കാന്നു വിചാരിക്കുമ്പോഴേക്കും പുറത്തു നിന്നു വിളി വരും. കൈകൊട്ടി കളിയോ, കുടമൂത്തോ, ചെപ്പും പന്തുമോ… പലതരമുണ്ടല്ലോ കളികള്‍. ഊഞ്ഞാലാടാന്‍ പോണോരുമുണ്ട്. പക്ഷേ പിള്ളേരു മാറണോന്നില്ല.

എല്ലാം കഴിഞ്ഞ് കിടക്കണേനു മുന്നെ അടുക്കളേല്‍ പണിയുണ്ട്. പാത്രങ്ങളെല്ലാം കഴുകിവച്ചിട്ട് മിച്ചം വന്ന ചോറും കൂട്ടാനുമെല്ലാം – വളിച്ചുപോണെല്ലാം കളയും – കൂടി കല്‍ചട്ടീലോട്ടിടും. അവിട്ടകട്ടയെന്നാണ് പറയുന്നത്. അവിട്ടോം ചതയോം അതാണു കഴിക്കണത്. നല്ല രുചിയാണ്, ശരീരത്തിനും നല്ലതാ…

അവിട്ടത്തിനു വട്ടക്കായലില്‍ വള്ളം കളി കാണും. ആരേലും കൊണ്ടുപോയാല്‍ പോകും, ഒറ്റയ്‌ക്കൊന്നും പോകില്ല. ചതയത്തിനു ആഘോഷമൊന്നുമില്ല. ചതയം ഈഴവരുടെ ഓണമാണ്. 

ഇനി നാലാം ഓണമാണ്. പൂരുരുട്ടാതി. നാലാമോണത്തിന് നാലുകൂട്ടം കൂട്ടാന്‍ വേണോന്നാണ്. അന്നു സാമ്പാറ് പതിവില്ല, വെള്ളരിക്കയും മാങ്ങയും കൊണ്ടൊരു പുളിങ്കറി, അല്ലെങ്കില്‍ ഉള്ളി തീയല്. പിന്നെ പരിപ്പും പുളിശേരീം തോരനും. ഉപ്പിലിട്ടതും ഉപ്പേരിം നേരത്തെ വച്ചതുണ്ട്.

ഓണം പോണ ദിവസാണ് നാലാം ഓണം. ഇരിക്കാന്‍ നേരമില്ലാതെ പണിയായിരുന്നേലും ഓണം പോകുമ്പോള്‍ ഒരു വിഷമം…

തീര്‍ന്നിട്ടില്ല, അത്തം പതിനാറ് മകം വരുന്നുണ്ട്. തിരുവോണത്തിന് അച്ഛനാണ് വന്നേങ്കില് മകത്തിനു മകന്‍ വരും. മാവേലീടേം മകന്റെം കാര്യാണ് പറഞ്ഞത്. മകന്‍ വരുമ്പോഴും അച്ഛനെ സ്വീകരിച്ചതുപോലെ തന്നെ ചെയ്യണം. അതുകൊണ്ട് മകത്തിനും സദ്യ നിര്‍ബന്ധം… 

അതും കഴിഞ്ഞാല്‍…. അടുത്ത ഓണം. അടുക്കളേല്‍ ഒന്നു വട്ടം തിരിഞ്ഞെത്തുമ്പോഴേക്കും അതിങ്ങെത്തും…

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍