UPDATES

സയന്‍സ്/ടെക്നോളജി

പ്രപഞ്ചത്തിലെ ഏറ്റവും പഴക്കമേറിയ നക്ഷത്രങ്ങള്‍ ക്ഷീരപഥത്തിന്റെ ഹൃദയത്തില്‍

Avatar

അഴിമുഖം പ്രതിനിധി

അറിയപ്പെടുന്നതില്‍ ഏറ്റവും പഴക്കമേറിയ നക്ഷത്രങ്ങളെ ജ്യോതി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. നമ്മുടെ സൗരയൂഥം ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലാണ് ഈ നക്ഷത്രങ്ങളെ കണ്ടെത്തിയത്. പ്രപഞ്ചത്തിന്റെ പ്രായം 300 ദശലക്ഷം വര്‍ഷങ്ങള്‍ ആയിരുന്നപ്പോഴാണ് ഈ ഒമ്പത് നക്ഷത്രങ്ങളും ജനിച്ചത്. ക്ഷീരപഥം ഉണ്ടാകുന്നതിനും മുമ്പാണ് ഇവയുടെ ഉത്ഭവം. ഇവയ്ക്ക് ചുറ്റിലുമായി ക്ഷീരപഥം രൂപം കൊള്ളുകയായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ജ്യോതി ശാസ്ത്ര വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ലൂയിസ് ഹൗസ് പറയുന്നു.

ഈ പ്രാചീന നക്ഷത്രങ്ങള്‍ ഇന്ന് പ്രപഞ്ചത്തില്‍ അവശേഷിക്കുന്ന പഴക്കമേറിയ നക്ഷത്രങ്ങളില്‍പ്പെട്ടതാണ്. ഈ നക്ഷത്രങ്ങള്‍ ശുദ്ധമായതാണ്. അതായത് ഇവയില്‍ കാര്‍ബണ്‍, ഇരുമ്പ്, മറ്റു ഘനമൂലകങ്ങള്‍ എന്നിവ ഇവയില്‍ കുറവാണ്. എന്നാല്‍ അവയില്‍ ഹൈപ്പര്‍നോവ എന്നറിയപ്പെടുന്ന പൊട്ടിത്തെറിയിലൂടെ മരിച്ച കുറച്ചു കൂടി പഴയ നക്ഷത്രത്തില്‍ നിന്നുള്ള പദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്.

ഈ ഒമ്പത് ശുദ്ധ നക്ഷത്രങ്ങളുടേയും കണ്ടുപിടിത്തവും വിശകലനവും പ്രപഞ്ചത്തിന്റെ തുടക്കകാലത്തെ അന്തരീക്ഷത്തെ കുറിച്ചുള്ള നിലവിലെ സിദ്ധാന്തങ്ങളെ ചോദ്യം ചെയ്യുന്നുണ്ട്. ഈ നക്ഷത്രങ്ങളില്‍ കാര്‍ബണ്‍, ഇരുമ്പ്, മറ്റു ഘന മൂലകങ്ങള്‍ എന്നിവയുടെ അംശം വളരെ കുറവാണെന്നതിന്റെ അര്‍ത്ഥം സാധാരണ സൂപ്പര്‍നോവകളുടേത് പോലുള്ള വിസ്‌ഫോടനം ഇവയ്ക്ക് സംഭവിച്ചിട്ടില്ലെന്നതാണ് എന്ന് ഹൗസ് പറയുന്നു.

ക്ഷീരപഥത്തിന്റെ കേന്ദ്രത്തില്‍ ദശലക്ഷ കണക്കിന് നക്ഷത്രങ്ങളുടെ ഇടയില്‍ നിന്ന് ഇത്തരം അവശിഷ്ട നക്ഷത്രങ്ങളെ കണ്ടെത്തുന്നത് വയ്‌ക്കോല്‍കൂനയില്‍ നിന്ന് സൂചി കണ്ടെത്തുന്നത് പോലെ ദുഷ്‌കരമാണ്. ഇരുമ്പിന്റെ അംശം കുറവുള്ള നക്ഷത്രങ്ങള്‍ പുറപ്പെടുവിക്കുന്ന വ്യത്യസ്തമായ നിറങ്ങളെ തിരിച്ചറിയാനുള്ള ശേഷിയുള്ള ടെലസ്‌കോപ്പ് ഉപയോഗിച്ചുള്ള ആകാശ പരതലിലാണ് ഇവയെ ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. അഞ്ച് ദശലക്ഷം നക്ഷത്രങ്ങളില്‍ നിന്നാണ് ഈ പഴക്കമേറിയ നക്ഷത്രങ്ങളെ അരിച്ചെടുത്തത്. അവയുടെ രാസഘടനയും മറ്റു സ്വഭാവ സവിശേഷതകള്‍ പഠിക്കാന്‍ ന്യൂ സൗത്ത് വെയില്‍സിലെ ആംഗ്ലോ-ഓസ്‌ട്രേിലയന്‍ ടെലസ്‌കോപ്പും ചിലിയിലെ മഗല്ലെന്‍ ടെലസ്‌കോപ്പുമാണ് ഉപയോഗിച്ചത്.

ഈ നക്ഷത്രങ്ങള്‍ ക്ഷീരപഥത്തിന്റെ കേന്ദ്രത്തിലൂടെ കടന്നുപോകുകയല്ല, കേന്ദ്രത്തില്‍ തന്നെയാണ് അവയുടെ ജീവിത കാലം കഴിച്ചു കൂട്ടിയത് എന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍