UPDATES

ഡോ. റീന എന്‍ ആര്‍

കാഴ്ചപ്പാട്

ഡോ. റീന എന്‍ ആര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഒല്ലൂര്‍ ഊരുവിലക്ക്; മതം കൊണ്ട് നിയമത്തെ ചവിട്ടിമെതിക്കാനാവില്ല

തന്റെ മൌലികാവകാശങ്ങളില്‍ വിശ്വസിക്കുന്ന ഒരു പൌരനെതിരെ, ദൈവത്തില്‍ എന്നതിനേക്കാളേറെ ആചാരങ്ങളില്‍ വിശ്വസിക്കുന്ന ഒരുകൂട്ടം ക്രിസ്ത്യാനികള്‍ നടത്തിയ ശക്തിപ്രകടനം തീര്‍ത്തും അപലപനീയമാണ്. ഏതൊരു ഇന്ത്യന്‍ പൌരനും അയാള്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാനും അതിനനനുസരിച്ച് ജീവിക്കാനും അത് പ്രചരിപ്പിക്കാനും അവകാശമുണ്ട്. ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ ഇന്ത്യയില്‍ മതം നിങ്ങള്‍ക്കുമേല്‍ നിര്‍ബന്ധപൂര്‍വം ചെലുത്തപ്പെട്ട ഒന്നാണ്. കാലക്രമേണ അത് നിങ്ങള്‍ തെരഞ്ഞെടുത്ത ഒന്നാവുകയും ചെയ്യും. പിന്നീട് മതം നിങ്ങളുടെ തെരഞ്ഞെടുപ്പുകളെ മായ്ക്കുകയും അതിന്റെ ആചാരങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യും.

ആചാരങ്ങള്‍ പറയുന്നതു തൃശൂരിലെ ഒല്ലൂരിലുള്ള സെന്റ്. ഫെറോന പള്ളിയില്‍ ആഘോഷങ്ങള്‍ക്ക് വെടിക്കെട്ട് വേണമെന്നാണ്. ആചാരങ്ങള്‍ പള്ളിയിലെ അംഗങ്ങളുടെ അഭിമാനത്തിന്റെ പ്രതീകമാവുകയും മറ്റ് ക്രിസ്ത്യാനികളെക്കാള്‍ മുന്നിലാണ് തങ്ങളെന്ന് കാണിക്കാനും മറ്റുള്ളവരുടെ പടക്കങ്ങളെക്കാള്‍ ശബ്ദത്തിലാണ് തങ്ങളുടെ പടക്കങ്ങള്‍ പൊട്ടുന്നതെന്ന് തെളിയിക്കാനുമുള്ള ഒരവസരമാണ്. നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ നയിക്കുന്നത് എന്നതിനാല്‍ അതൊക്കെ ചെയ്യാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ അത് മറ്റുള്ളവരുടെ അവകാശങ്ങളിലേക്ക് കടന്നുകയറുന്നിടത്ത് പ്രശ്നം തുടങ്ങുന്നു. വെടിക്കെട്ട് തന്റെ മൌലികാവകാശങ്ങളെ ലംഘിക്കുന്നു എന്നുകണ്ട റാഫേല്‍ അത് സംരക്ഷിക്കാന്‍ ബാധ്യതയുള്ള അധികൃതരെ സമീപിച്ചു. ഇത് റാഫേലും പള്ളിയും പള്ളിസമിതിക്കാരുമായുള്ള ഒരു നിയമപോരാട്ടത്തിലേക്ക് നയിച്ചു. അയാള്‍ക്കതിന് അവകാശമുണ്ടോ? തീര്‍ച്ചയായുമുണ്ട്.

ഭരണഘടനയുടെ 21-ആം ആര്‍ടിക്കിള്‍ വാഗ്ദാനം ചെയ്ത അവകാശങ്ങള്‍ക്കനുസൃതമായി രൂപംകൊടുത്ത പരിസ്ഥിതി സംരക്ഷണ നിയമം അയാളുടെ സംരക്ഷണത്തിനുണ്ട്. ആര്‍ക്കും അയാളുടെ അവകാശങ്ങള്‍ നിഷേധിക്കാനാവില്ല. നിയമവാഴ്ച്ചയാണ് അയാളെ സംരക്ഷിക്കുന്നത്. കോടതികള്‍ അവയില്‍നിന്നും പ്രതീക്ഷിക്കുന്ന തരത്തില്‍ നിയമവാഴ്ച്ച ഉറപ്പുവരുത്തുംവണ്ണം പ്രവര്‍ത്തിക്കും.  Noise Pollution  &  Forum , Prevention of Environmental & Sound Pollution  Vs. Union Of India and Anr.( 2005 ) 5 SCC 733, കേസില്‍ രാത്രി 10 മണി മുതല്‍ രാവിലെ 6 മണിവരെയുള്ള സമയത്ത് പടക്കം പൊട്ടിക്കുന്നത് നിയമവിരുദ്ധമാണ് എന്നു സുപ്രീം കോടതി അര്‍ത്ഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ട്. പൊട്ടിക്കുന്ന സ്ഥലത്തിന് 4 മീറ്റര്‍ അപ്പുറത്തേക്ക്  125 ഡെസിബെല്ലിന് മുകളില്‍ ശബ്ദമുണ്ടാക്കുന്ന തരം പടക്കങ്ങള്‍ ഉണ്ടാക്കുന്നതും വില്‍ക്കുന്നതും ഉപയോഗിക്കുന്നതും നിരോധിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അപ്പോള്‍ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ച റാഫേലിന്റെ നടപടി തികച്ചും ന്യായമാണ്. അതുതന്നെയാണ് ഇക്കാര്യത്തില്‍ പള്ളിക്കെതിരെ കേസ് കൊടുത്ത 7 പേരും കരുതിയതും.

ശബ്ദം എന്നല്ല Noise എന്ന ഇംഗ്ലീഷ് വാക്കിനെക്കുറിച്ച് ഒന്നുനോക്കാം. ലാറ്റിന്‍ വാക്കായ ‘nausea’-യില്‍ നിന്നുമാണ് noise എന്ന വാക്കുണ്ടായത്. അനാവശ്യ ശബ്ദം എന്നാണ് അതിന്റെ അര്‍ത്ഥം. ആളുകളെ സന്തോഷിപ്പിക്കുന്ന ശബ്ദത്തെ സംഗീതമെന്നും അസ്വസ്ഥതയും അലോസരവും ഉണ്ടാക്കുന്ന ശബ്ദത്തെ noise എന്നും പറയുന്നു. ചിലപ്പോള്‍ ചിലര്‍ക്ക് സംഗീതമാകുന്നത് മറ്റ് ചിലര്‍ക്ക് അസ്വാസ്ഥ്യം സൃഷ്ടിക്കുന്ന ഒച്ചയാകാം. സംഗീതം വിശുദ്ധമാണ്, എന്നാല്‍ ചെവി പൊട്ടിക്കും തരത്തിലുള്ള ഒച്ച പൈശാചികമാണ്.

റാഫേലിന്റെയും മകന്റെയും ജീവിതത്തിലെ സംഭവങ്ങള്‍ ജീവിക്കാനുള്ള മൌലികാവകാശം മാത്രമല്ല, മതസ്വാതന്ത്ര്യത്തിനുള്ള മൌലികാവകാശ പ്രശ്നം കൂടി ഉള്‍ക്കൊള്ളുന്നു. നിയമവാഴ്ച്ച സംബന്ധിച്ചും തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ സമീപിക്കാനുള്ള പൌരന്മാരുടെ അവകാശത്തെക്കുറിച്ചും അത് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. സുപ്രീം കോടതി തന്നെ അംഗീകരിച്ചിട്ടുള്ള നിയമാനുസൃതമായ തന്റെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കോടതിയെ സമീപിച്ച ഒരു പൌരനെ അയാളുടെ അവകാശങ്ങള്‍ പ്രയോഗിക്കുന്നതില്‍ നിന്നും സമ്മര്‍ദം ചെലുത്തി പിന്തിരിപ്പിക്കുന്നതിന് അയാള്‍ക്കും കുടുംബത്തിനുമെതിരെ പ്രകടനം നടത്തുന്നത് ഏതുരീതിയില്‍ നോക്കിയാലും കോടതി അലക്ഷ്യമാണ്. സുപ്രീം കോടതി വിധിയോടുള്ള തികഞ്ഞ അനാദരമാണിത്.

മതഫാസിസത്തിന്‍റെ ചില ഗര്‍ഭംകലക്കികള്‍; ഒല്ലൂരില്‍ സംഭവിക്കുന്നത്

അസഹിഷ്ണുത ഭൂരിപക്ഷ മതത്തിന് ന്യൂനപക്ഷമതത്തോട് ചെയ്യാവുന്ന ഒന്നു മാത്രമല്ല. ന്യൂനപക്ഷത്തിനുള്ളില്‍ ഒരു ചെറുവിഭാഗത്തോട്  മറുവിഭാഗത്തിനുമാകാം. പള്ളിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ നടപടി ഫാസിസം തന്നെയാണ്. മറ്റുള്ളവര്‍ നിങ്ങളോട് പെരുമാറണം എന്നു നിങ്ങളാഗ്രഹിക്കുന്ന രീതിയിലാകണം നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറേണ്ടത്. “നിങ്ങളോട് മറ്റുള്ളവര്‍ ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്നതെന്തൊ അത് നിങ്ങള്‍ മറ്റുള്ളവരോട് ചെയ്യുക,” എന്നതാണു ക്രൈസ്തവതയുടെ സുവര്‍ണ നിയമം. നിങ്ങള്‍ക്ക് മത സ്വാതന്ത്ര്യം ഉണ്ടെങ്കിലും മറ്റുള്ളവരുടെ അവകാശങ്ങളെ ചവിട്ടിമെതിച്ചുപോകാം എന്നല്ല അതിനര്‍ത്ഥം. മതസ്വാതന്ത്ര്യത്തിന്റെ പേരില്‍, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരില്‍, മറ്റുള്ളവരുടെ മൌലികാവകാശങ്ങളെ ലംഘിക്കാന്‍ ആര്‍ക്കുമാവില്ല.

റാഫേലിനും കുടുംബത്തിനും തങ്ങളുടെ മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് ജീവിക്കാനും അവകാശമുണ്ട്. കോടതി മുമ്പാകെ തങ്ങളുടെ വാദങ്ങള്‍ അവതരിപ്പിക്കാനും അയാള്‍ക്കും കുടുംബത്തിനും സ്വാതന്ത്ര്യമുണ്ട്. കോടതികള്‍ അയാള്‍ക്കനുകൂലമോ പ്രതികൂലമോ ആയി വിധിക്കാം. എന്നാലിത് കോടതിയില്‍ പോകുന്നതിനെ തടയാനുള്ള അധികാരം എതിര്‍കക്ഷികള്‍ക്ക് നല്‍കുന്നില്ല. അതൊരു സ്വേച്ഛാധിപത്യ ഭരണത്തില്‍ മാത്രമാണു സംഭവിക്കുക. അത്തരമൊരു നീക്കം മതത്തില്‍ നിന്നോ മതമേലദ്ധ്യക്ഷന്‍മാരില്‍ നിന്നോ ആയാലും കോടതിയലക്ഷ്യം തന്നെയാണ്. അതിനുള്ള നിയമമനുസരിച്ചുള്ള ശിക്ഷയും നല്കണം. കോടതി നടപടികളെയും, നീതി നടപ്പാക്കുന്നതിനെയും തടയുന്ന  ഏതുതരം പ്രവര്‍ത്തിയും കേസിലെ കക്ഷിയോ, മൂന്നാമനോ നടത്തിയാലും  അത് കോടതിയലക്ഷ്യമാണ്; കേസ് നടക്കുന്ന കാലത്ത് ഒരു കക്ഷിക്കെതിരെ കത്ത് വഴിയോ അല്ലാതെയോ നടത്തുന്ന ഭീഷണികള്‍; കേസിലെ സാക്ഷികളാകാന്‍ സാധ്യതയുള്ളവരുടെ പക്കല്‍ കത്ത് വഴി അധിക്ഷേപിക്കുക എന്നിവയെല്ലാം കോടതിയലക്ഷ്യമാണ്.

ഈ നടപടികള്‍ വാസ്തവത്തില്‍ നീതിനിര്‍വ്വഹണത്തെ തടസപ്പെടുത്തിയോ എന്നതല്ല, പക്ഷേ നീതിനിര്‍വഹണത്തിന്റെ പാതയില്‍ തടസം സൃഷ്ടിക്കാന്‍ അതിനു പ്രവണതയുണ്ടായിരുന്നോ എന്നാണ് പ്രസക്തമായ കാര്യം എന്നാണ്  Pratap Singh And Another vs Gurbaksh Singh AIR 1962 SC 1172 കേസില്‍ സുപ്രീംകോടതി വിധിച്ചത്. ‘ഏക് ച്ഛോട്ടീ സീ ലവ് സ്റ്റോറി’ എന്ന ചലച്ചിത്രത്തിന്റെ പ്രദര്‍ശനം തുടങ്ങുന്നത് തടയാന്‍ ഹര്‍ജി നല്കിയ ഹര്‍ജിക്കാരനെ സമ്മര്‍ദത്തിലാക്കാന്‍ ഒരു മൂന്നാം കക്ഷി പ്രകടനം നടത്തി എന്നായിരുന്നു ചലച്ചിത്രതാരം മനീഷ കൊയ്രാളക്കെതിരെ കോടതിയലക്ഷ്യ നടപടികള്‍ തുടങ്ങാന്‍ ബോംബെ ഹൈക്കോടതിയെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ ഈ സംഭവത്തില്‍ നടത്തിയ ജാഥയും പള്ളിയില്‍ വിവാഹം നടത്താന്‍ അനുവദിക്കില്ലായെന്ന ഭീഷണി ഉയര്‍ത്തിയതും കോടതിയുടെ നടപടികളിലെ ഇടപെടലും കോടതിയലക്ഷ്യവുമാണ്.

നിയമം ചിലസമയത്ത് നിങ്ങളെ പിടികൂടാന്‍ ധൈര്യം കാണിക്കാം. അന്ന് രക്ഷപ്പെടാന്‍ ഈ മതാചാരങ്ങള്‍ മതിയാകില്ല. നിങ്ങള്‍ എത്ര ഉന്നതനായാലും നിയമം നിങ്ങളേക്കാള്‍ ഉയരത്തിലാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡോ. റീന എന്‍ ആര്‍

ഡോ. റീന എന്‍ ആര്‍

കൊല്ലം ഗവ. വിക്ടോറിയ ഹോസ്പിറ്റലില്‍ ഗൈനക്കോളജിസ്റ്റാണ് ഡോ. റീന എന്‍ ആര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍