UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മതഫാസിസത്തിന്‍റെ ചില ‘ഗര്‍ഭംകലക്കി’കള്‍; ഒല്ലൂരില്‍ സംഭവിക്കുന്നത്

Avatar

രാകേഷ് സനല്‍

ഒല്ലൂര്‍ സെന്റ് ആന്റണി ഫൊറോന പള്ളി. മൂന്നുറു വര്‍ഷത്തിനടുത്ത് പഴക്കമുള്ള, തൃശൂരിലെ പ്രധാനപ്പെട്ട ദേവാലയങ്ങളില്‍ ഒന്ന്. ഒല്ലൂരിന്റെ മതമൈത്രിയില്‍ പ്രധാനഘടകമായി നിലകൊള്ളുന്ന ഈ ക്രൈസ്ത ദേവാലയത്തിനു മേല്‍ ഇപ്പോഴിതാ ഊരുവിലക്കിന്റെ കളങ്കം വീണിരിക്കുന്നു. പള്ളിക്കും പാതിരിക്കും വിശ്വാസത്തിനുമെതിരെ കേസ് കൊടുത്തു എന്ന കാരണത്താല്‍ ഇടവകാംഗമായ തെക്കിനിയത്ത് റാഫേലിന്റെ കുടുംബത്തിനെതിരെ ഇടവക വിശ്വാസികള്‍ പ്ലക്കാര്‍ഡുകളുമായി തെരുവിലിറങ്ങി. റാഫേലിന്റെ മകന്റെ വിവാഹം ഇടവക പള്ളിയില്‍ അനുവദിക്കില്ല എന്നതാണ് വിശ്വാസികളുടെ തീരുമാനം.

ദൈവത്തിനെതിരെ കേസു കൊടുത്തുവനോ റാഫേല്‍
റാഫേലിനെതിരെ പള്ളിയും പട്ടക്കാരും കണ്ടെത്തിയിരിക്കുന്ന കുറ്റം ഇതൊക്കെയാണ്; ദൈവത്തിനെതിരെ കേസ് കൊടുത്തു. മൂന്നു നൂറ്റാണ്ടിന്റെ ചരിത്രം പേറുന്ന പള്ളിക്കെതിരെ കേസ് കൊടുത്തു, ഇടവ വികാരിക്കെതിരെ കേസ് കൊടുത്തു, വെടിക്കെട്ട് അവസാനിപ്പിക്കും എന്ന ധിക്കാരത്തോടെ വിശ്വാസികളെ വെല്ലുവിളിച്ചു. ഇതിനുള്ള ശിക്ഷ- റാഫേലിന്റെ മകന്റെ വിവാഹത്തിന് പള്ളിയില്‍ അനുവാദം കൊടുക്കാതിരിക്കുക.

‘അമ്മയെ തല്ലിയാല്‍ നോക്കിയിരിക്കാന്‍ പറ്റുമോ? മക്കള്‍ പ്രതികരിക്കും, അതിനെ കുറ്റം പറയാന്‍ കഴിയുമോ!’

പള്ളി വികാരി നോബി ആമ്പൂക്കന്‍ കുറുബാനകള്‍ക്കിടയില്‍ വിശ്വാസികളോടു വിളിച്ചു ചോദിച്ചതിങ്ങനെയായിരുന്നു; റാഫേല്‍ തെക്കിനിയത്ത് എന്ന അറുപത്തിയഞ്ചുകാരന്‍ വിങ്ങലോടെയാണ് തന്റെ പ്രശ്‌നങ്ങള്‍ പറഞ്ഞു തുടങ്ങിയത്. ‘വികാരിതന്നെ പ്രകോപനമുണ്ടാക്കുമ്പോള്‍ വിശ്വാസികള്‍ ഇളകാതിരിക്കുമോ? പണ്ട് കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് പള്ളിക്കുനേരെ ചില പ്രശ്‌നങ്ങളുണ്ടായപ്പോള്‍ വിശ്വാസികള്‍ പ്രതിഷേധരൂപത്തില്‍ പള്ളിയില്‍ തടിച്ചുകൂടിയിട്ടുണ്ട്. ഇപ്പോഴിതാ അതുപോലെയുള്ള കൂട്ടം പള്ളിയില്‍ കൂടുന്നത് എനിക്കെതിരെ റാലി നടത്താനും എന്നെ ഉപദ്രവിക്കാനുമാണ്. എന്താണ് ഞാന്‍ ചെയ്ത തെറ്റ്? എന്റെ വീടിനു തൊട്ടടുത്തിട്ട് ഭീകരമായ രീതിയില്‍ വെടിക്കെട്ടു നടത്തുന്നതിനെ ചോദ്യം ചെയ്തതോ? വെടിക്കെട്ടിന്റെ ആഘാതത്തില്‍ വീടിനു സംഭവിച്ച കേടുപാടുകളെ കുറിച്ച് പരാതി പറഞ്ഞതോ? രാത്രി 10.30 നും രാവിലെ 6 മണിക്കും ഇടയില്‍ വെടിക്കെട്ടു നടത്തരുതെന്ന സുപ്രീം കോടതി വിധി ലംഘിച്ച് പാതിരാത്രി പന്ത്രണ്ടു മണിക്കും ഒരു മണിക്കും ഗര്‍ഭം കലക്കി പോലുള്ള പടക്കങ്ങള്‍ പൊട്ടിക്കുന്നതിനെ ചോദ്യം ചെയ്തതോ? ഇതൊക്കെയാണോ ഞാന്‍ ചെയ്ത അപരാധം?’

വെടിക്കെട്ട് വേണ്ടന്നല്ല, ശബ്ദം കുറയ്ക്കണം എന്നായിരുന്നു ആവശ്യം
ഒല്ലൂര്‍ പള്ളിയിലെ വെടിക്കെട്ട് നിര്‍ത്തലാക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്തു എന്നാണ് അവര്‍ പറയുന്നത്. വെടിക്കെട്ട് നിരോധിക്കണം എന്നു എവിടെയും ഞാന്‍ പറഞ്ഞിട്ടില്ല. വീടുകള്‍ക്ക് സമീപം നടത്തുന്ന വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കണം എന്നുമാത്രമായിരുന്നു ആവശ്യം. ഈ ആവശ്യപ്രകാരം പൊലിസിനെ സമീപിച്ചതും കോടതിയില്‍ കേസ് കൊടുത്തതും ഞാനൊരാള്‍ മാത്രമല്ല, എട്ടു കുടുംബങ്ങളാണ്. ഇവരില്‍ ഏഴുപേരും ഇപ്പോള്‍ പിന്‍മാറി, അതിന്റെ കാരണം പള്ളിയുടെ ഭാഗത്തു നിന്നുണ്ടായ ഭീഷണിയാണ്. ഈ കുടുംബങ്ങളിലെ ചിലര്‍ക്ക് പള്ളി വക സ്‌കൂളില്‍ ജോലിയുണ്ടെന്നതു തൊട്ട് പള്ളി ക്വയറിലെ അംഗമാണ് എന്നതുവരെ ഇവരെ പള്ളിക്കമ്മറ്റിയുടെ ഭീഷണിക്കു മുന്നില്‍ കീഴടങ്ങാന്‍ പ്രേരിപ്പിച്ചിരിക്കണം. പക്ഷെ ഇവരുള്‍പ്പെടെ നല്‍കിയ കേസാണ് കോടതിയില്‍ ഇപ്പോഴും നിലനില്‍ക്കുന്നത്. ഭയമുള്ളവര്‍ പിന്‍മാറട്ടെ, ഞാന്‍ ഭയക്കുന്നത് ദൈവത്തെ മാത്രമാണ്, തെറ്റു ചെയ്യുന്ന മനുഷ്യനു മുന്നില്‍ കീഴടങ്ങാന്‍ തയ്യാറല്ല. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഞാനൊരാള്‍ മാത്രമായി അവരുടെ ശത്രു– റാഫേല്‍ തുടരുന്നു.

നൂറ്റാണ്ടുകളായി തുടരുന്ന ആചാരമാണ് വെടിക്കെട്ട് എന്നാണ് അവര്‍ പറയുന്ന ന്യായം. പണ്ട് ഈ പറമ്പില്‍ വെടിക്കെട്ട് നടത്തുമ്പോള്‍ സമീപത്ത് ആള്‍ താമസമില്ല. ഇപ്പോള്‍ ഇവിടെ ഞങ്ങള്‍ കുറച്ചു വീട്ടുകാരുണ്ട്. വെടിക്കെട്ട് സമാപിക്കുന്നത് എന്റെ വീടിനു മുന്നിലായിട്ടാണ്. കലാശത്തിന്റെ സമയത്ത് ഗര്‍ഭം കലക്കി പോലെ ഭീകരമായ ശബ്ദവും പ്രകമ്പനവും ഉണ്ടാക്കുന്ന പടക്കങ്ങളാണ് പൊട്ടിക്കുന്നത്. ഇത് വലിയ തോതിലുള്ള ശബ്ദ മലിനീകരണത്തിനും അന്തരീക്ഷമലിനീകരണത്തിനും കൂടാതെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാനും ഇടയാക്കുകയാണ്. പരിസരത്തുള്ള പല വീടുകള്‍ക്കും (എന്റെ മാത്രമല്ല) ചിന്നല്‍ വീണിട്ടുണ്ട്. വീടിന്റെ മതിലിനും പുറത്തെ ബാത്ത്‌റൂമിനുമൊക്കെ ക്ഷതം സംഭവിക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടി വെടിക്കെട്ടിന്റെ ശക്തി കുറയ്ക്കണമെന്ന് കുടുംബയോഗങ്ങളില്‍ തൊട്ട് ആവശ്യപ്പെടുന്നതാണ്. പള്ളിക്കമ്മറ്റിയോടും വികാരിയോടും എല്ലാം പരാതി പറഞ്ഞു. ആര്‍ക്കും അനക്കമുണ്ടായില്ല. ഒടുവിലാണ് പൊലീസിനെ സമീപിക്കുന്നത്. പൊലീസ് കേസ് എടുക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ചു. 2013 ല്‍ കോടതിയില്‍ ഞങ്ങള്‍ എട്ടു വീട്ടുകാര്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു. ഇതിന്റെ പ്രതികാരം കഴിഞ്ഞ വര്‍ഷത്തെ വെടിക്കെട്ടിന് ഉണ്ടായി. സുപ്രിം കോടതി ഉത്തരവ് പ്രകാരം രാത്രി പത്തരയ്ക്കും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് നടത്തരുതെന്നാണ്. എന്നാല്‍ രാത്രി പന്ത്രണ്ടരയ്ക്കുശേഷവും എന്നോടുള്ള പ്രതികാരമെന്നോണം ഇരുപത്തഞ്ചോളം കുഴിമിന്നികള്‍ (ഗര്‍ഭം കലക്കിയെന്നും പേര്‍ പറയും) വീടിനു സമീപം പൊട്ടിച്ചു. സാരമായ ക്ഷതങ്ങള്‍ ഇതുമൂലം വീടിനു സംഭവിച്ചു. ഞങ്ങള്‍ വീണ്ടും കോടതിയെ സമീപിച്ചു. കോടതി പള്ളി വികാരി ഫാദര്‍ നോബി അമ്പൂക്കനെ ഒന്നാം പ്രതിയാക്കിയും നാലു ട്രസ്റ്റി അംഗങ്ങള്‍, വെടിക്കെട്ട് കമ്മിറ്റി കണ്‍വീനര്‍ എന്നിവരെ മറ്റു പ്രതികളാക്കിയും ക്രിമിനല്‍ കേസ് എടുക്കാന്‍ ഒല്ലൂര്‍ പൊലീസിന് നിര്‍ദേശം നല്‍കി. ഞങ്ങള്‍ ഇതിനിടയില്‍ മനുഷ്യാവകാശ കമ്മിഷനും കളക്ടര്‍ക്കുമെല്ലാം പരാതി കൊടുത്തു. എല്ലാവരുടെയും അന്വേഷണത്തില്‍ ഞങ്ങളുടെ വാദം ശരിയാണെന്നും വെടിക്കെട്ടിന്റെ ദൂഷ്യം മൂലം വീടിനു കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. ഇത്രയൊക്കെ പരാതിയുണ്ടായിട്ടും പ്രസ്തുത വീട് സന്ദര്‍ശിക്കാന്‍ കൂട്ടാക്കാതിരുന്ന വികാരിയോട് നിര്‍ബന്ധമായും അവിടെ പോകണം എന്നു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെടുകയും ഉണ്ടായി. നേരില്‍ കണ്ടപ്പോള്‍ അച്ഛനും അതൊക്കെ ബോധ്യമായതാണ്. എന്നാല്‍ പള്ളിക്കാരും ട്രസ്റ്റികളും ഞങ്ങള്‍ക്കെതിരെ ജാഥകള്‍ നയിക്കുന്നവരും പറയുന്നതു കോര്‍പ്പറേഷന്‍കാരും പിഡബ്ല്യുഡിക്കാരും വന്നുകണ്ടിട്ട് യാതൊരു കുഴപ്പവും കണ്ടുപിടിച്ചില്ലെന്നാണ്. അവരാരും ഞങ്ങളുടെ വീട്ടില്‍ വന്നു കാര്യമായി പരിശോധന നടത്തിയില്ലെന്നതാണ് വാസ്തവം.

(ഇതുമായി ബന്ധപ്പെട്ട് ഒല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉമേഷുമായി അഴിമുഖം സംസാരിച്ചിരുന്നു. റാഫേലിന്റെ പരാതി പ്രകാരം നടത്തിയ അന്വേഷണത്തില്‍ 2014 ലെ വെടിക്കെട്ടിനുശേഷം വീടിനു കാര്യമായ ക്ഷതം സംഭവിച്ചതായി കണ്ടെത്തിയെന്നും തുടര്‍ നടപടികള്‍ക്കായി പിഡബ്ല്യുഡിയുടെ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും നാളിതുവരെ അത്തരമൊരു റിപ്പോര്‍ട്ട് നല്‍കാന്‍ പിഡബ്ല്യുഡി ശ്രമിച്ചിട്ടില്ലെന്നും ഉമേഷ് വ്യക്തമാക്കുകയുണ്ടായി).

വീടിനു കേടുപാടുകള്‍ സംഭവിച്ചതിന്‍ പ്രകാരം പള്ളി കമ്മിറ്റി ഞങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നു വിധി വന്നു. ഇതുമായി ബന്ധപ്പെട്ട് വികാരിയെ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞത്, വെടിക്കെട്ട് 25 ലക്ഷം രൂപയ്ക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ടെന്നും അവര്‍ കാശു തരുമ്പോള്‍ പോയി വാങ്ങിക്കൊള്ളാനും ആയിരുന്നു. അതല്ലെങ്കില്‍ ഞാന്‍ കേസ് പിന്‍വലിക്കണമത്രേ.

പള്ളി വികാരിയുടെ പ്രകോപനം
കോടതിയില്‍ ക്രിമിനല്‍ കേസ് ആവുകയും വികാരി ഒന്നാം പ്രതിയും കൈക്കാര്‍ ഉള്‍പ്പെടെ പ്രതിപ്പട്ടികയില്‍ വരികയും ചെയ്തതോടെയാണ് അവരുടെ പക കൂടിയത്. ഇതോടെ ഫാദര്‍ നോബി അമ്പൂക്കന്‍ പല അവസരത്തിലും ഞങ്ങള്‍ക്കെതിരെ പ്രകോപനപരമായ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ഉന്നയിച്ചു. ഞായറാഴ്ച്ചകളില്‍ ഉണ്ടാകാറുള്ള നാലു കുര്‍ബാനകളിലും അച്ചന്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ചു. മാലാഖയ്‌ക്കെതിരെയും പള്ളിവികാരിക്കെതിരെയും കേസ് കൊടുത്ത റാഫേലിനെയും കുടുംബത്തെയും ഒറ്റപ്പെടുത്താനുള്ള ആഹ്വാനമായിരുന്നു അച്ചന്റെത്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്നതുപോലെ ഇടവക മുഴുവന്‍ എനിക്കും എന്റെ കുടുംബത്തിനും എതിരെ തിരിഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. മൂവായിരത്തിഞ്ഞൂറോളം കുടുംബങ്ങളായി ഏതാണ്ട് പതിനയ്യായിരത്തിനു മുകളില്‍ അംഗങ്ങളുള്ള ഇടവകയാണിത്. അച്ചന്‍ പറയുന്നതുകേട്ട് എല്ലാവരും പ്രതിഷേധ ജാഥയ്ക്ക് ഇറങ്ങിയാല്‍ എത്ര ജനം കാണേണ്ടതാണ്. കഴിഞ്ഞ ദിവസം (ഞായറാഴ്ച്ച) നടന്ന റാലിയില്‍ ഉണ്ടായിരുന്നത് മുന്നൂറിനടുത്ത് ആളുകള്‍. ഞായറാഴ്ച്ച കുര്‍ബാന കഴിഞ്ഞുള്ള ജാഥയായിരുന്നു. ഇത്തരം ജാഥകള്‍ ഇതിനു മുമ്പും പലതവണ നടന്നിട്ടുണ്ട്. ഇത്രയും ആളുകള്‍ പോലും അതിലൊന്നും പങ്കെടുത്തിട്ടില്ല. വാസ്തവത്തില്‍ ഈ പ്രതിഷേധം ഇടവകക്കാരുടെ മൊത്തെ പ്രതിഷേധം അല്ല. വടക്കേ അങ്ങാടി എന്നു വിളിക്കുന്ന മേഖലയില്‍ ഉള്ളവരാണ് പ്രതിഷേധക്കാര്‍. മുന്‍ ട്രസ്റ്റിയും പ്രസ്തുത കേസില്‍ പ്രതിയുമായിട്ടുള്ള ഒരാളുടെ നേതൃത്വത്തില്‍ നടക്കുന്നതാണ് ഈ പ്രതിഷേധങ്ങള്‍.

മകന്റെ വിവാഹം അവര്‍ക്കു വീണു കിട്ടിയ ആയുധമായി
റാഫേല്‍ തുടരുന്നു; എന്റെ ഭാഗത്താണ് ന്യായം എന്നതുകൊണ്ട് അവരുടെ ഒരു നടപടിയും എന്നെ ഭയപ്പെടിത്തിയില്ല. പലവട്ടം ജാഥകള്‍ നടത്തി, പ്രകോപനപരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നിട്ടും ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു. അങ്ങനെയിരിക്കെയാണ് എന്റെ രണ്ടാമത്തെ മകന്റെ വിവാഹം ഉറപ്പിക്കുന്നത്. വിവാഹ തീയതിയുമായി ബന്ധപ്പെട്ട് ഞാന്‍ വികാരി നോബി അമ്പൂക്കനെ സമീപിച്ചു. പള്ളിയുടെ ഭാഗത്തു നിന്നു നല്ല സഹകരണം തന്നെയായിരുന്നു. ഡിസംബര്‍ 26-നു മനസമ്മതം, ജനുവരി മൂന്നിനു കല്യാണം. ഡിസംബര്‍ 20, 25, 27 തീയതികളില്‍ വിവാഹവുമായി ബന്ധപ്പെട്ട് പള്ളിയില്‍ വിളിച്ചു പറച്ചില്‍. എല്ലാം അംഗീകരിച്ച് അച്ചന്‍ ഉറപ്പും തന്നു. ഇതിനു രേഖകളുമുണ്ട്. ഒരുകാര്യത്തില്‍ മാത്രമായിരുന്നു തടസം. വ്യക്തിപരമായ കാരണങ്ങളാല്‍ കല്യാണദിവസം നോബി അച്ചന് വിശാഖപട്ടണത്ത് പോകേണ്ടതായുണ്ട്. പകരം റിട്ടയേഡ് മെത്രാനായ മാര്‍ ജോസഫ് പാസ്റ്റര്‍ നിലങ്കാവിലിനെ (സാഗര്‍ പിതാവ്) ക്ഷണിക്കാന്‍ അദ്ദേഹം തന്നെയാണ് പറഞ്ഞത്. സാഗര്‍ പിതാവ് വിവാഹത്തില്‍ പങ്കെടുക്കാമെന്നു സമ്മതിക്കുകയും താന്‍ വരുന്ന വിവരം ഒല്ലൂര്‍ വികാരിയെ ജനുവരി മൂന്നിനു മുമ്പ് ഏതെങ്കിലും ദിവസം ഒന്നറിയിച്ചാല്‍ മാത്രം മതിയെന്നും പറഞ്ഞു. കാര്യങ്ങളെല്ലാം തീരുമാനിക്കപ്പെട്ടതിന്റെ പുറത്ത് കല്യാണക്കുറി അടിച്ചു. മകന്റെ വിദേശത്തുള്ള സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം കുറി കിട്ടാനുള്ള മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. പക്ഷേ പിന്നീടാണ് കാര്യങ്ങള്‍ മാറി മറിയുന്നത്.

വിവാഹത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷമാണ്  റാഫേലിന്റെ മകന്റെ വിവാഹം പള്ളിയില്‍ നടത്താന്‍ പ്രതിനിധി സഭ അനുവദിക്കുന്നില്ല എന്ന് നോബി അമ്പൂക്കന്‍ പറയുന്നത്.

അനുവദിക്കണമെങ്കില്‍ കേസ് പിന്‍വലിക്കണം. അച്ചനും നേരിട്ട് കണ്ടു ബോധ്യമായതല്ലേ എന്റെ വീടിന്റെ അവസ്ഥ. വെടിക്കെട്ട് നിര്‍ത്തണം എന്നു ഞാന്‍ ആവശ്യപ്പെട്ടിട്ടില്ല, അതിന്റെ അളവു കുറയ്ക്കണം എന്നുമാത്രമല്ലേ പറഞ്ഞിട്ടുള്ളൂ, ഞാന്‍ പറഞ്ഞു. ശബ്ദം കുറച്ചാല്‍ വിശ്വാസികള്‍ സമ്മതിക്കില്ല റാഫേല്‍, ആ കേസ് പിന്‍വലിച്ചാല്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂ, അച്ചന്റെ മറുപടി അതായിരുന്നു. വിവാഹത്തിനും മനസമ്മതത്തിനും ഉള്ള തീയതി കുറിച്ചു തരുകയും വിളിച്ചു പറയല്‍ തീയതി എന്നൊക്കെയാണെന്നും നിശ്ചയിച്ച അതേ വികാരി തന്നെയാണ് അവസാന നിമിഷം തന്ത്രം പുറത്തെടുത്തത്. ഇത്തരമൊരു ഘട്ടമെത്തി നില്‍ക്കുമ്പോള്‍ ഞങ്ങള്‍ വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകുമെന്നാണ് അവര്‍ കരുതിയത്. തോല്‍ക്കാന്‍ ഞാന്‍ തയ്യാറായില്ല. പിറ്റേദിവസവും ഞാന്‍ അച്ചനെ കാണാന്‍ ചെന്നു, തീരുമാനത്തില്‍ മാറ്റമുണ്ടോയെന്ന് അറിയാന്‍. പള്ളി ഇക്കാര്യത്തില്‍ നിസഹായമാണെന്നും വിശ്വാസികള്‍ കൂട്ടത്തോടെ ആവശ്യപ്പെടുമ്പോള്‍ എന്തു ചെയ്യാനാണെന്നും അച്ചന്‍ ചോദിക്കുന്നു. നാല്‍പ്പത്തിയഞ്ച് അംഗ പ്രതിനിധി സഭയില്‍ ഞങ്ങളെ എതിര്‍ത്ത് സംസാരിച്ചത് വെറും അഞ്ചു പേരാണ്. അതിപ്പോള്‍ ഒരാളേ എതിര്‍ത്തുള്ളുവെങ്കിലും ആ എതിര്‍പ്പ് പള്ളിക്ക് അംഗീകരിക്കേണ്ടി വരുമെന്നാണ് അച്ചന്റെ ന്യായം. നാളെ ഈ അച്ചനെ ഞങ്ങള്‍ക്ക് വേണ്ട എന്നു ആരെങ്കിലും ഒരാള്‍ പറഞ്ഞാല്‍ അതും അനുസരിക്കുമോ? ഒരു കേസിന്റെ പേരില്‍ എന്റെ മകന്റെ വിവാഹം നടത്തില്ലെന്നു പറയുന്നതിലെ യുക്തിയെന്താണച്ചോ എന്നു ഞാന്‍ ചോദിച്ചു. ഈ കാര്യത്തില്‍ ഇവിടെയൊന്നും ചെയ്യാന്‍ പറ്റില്ല, ഞാന്‍ പിതാവിന് എഴുതാം, അച്ചന്‍ പറഞ്ഞു. ഡിസംബര്‍ 26 നാണ് മനസമ്മതം അതിനു മുമ്പ് തീരുമാനം ഉണ്ടാക്കുമോ?, ഞാന്‍ ചോദിച്ചു. അതിപ്പോള്‍ പിതാവിന്റെ സൗകര്യമൊക്കെ നോക്കിയേ എനിക്ക് എഴുതാന്‍ പറ്റൂ, അച്ചന്റെ മറുപടി.

കേസ് പിന്‍വലിച്ചില്ലെങ്കില്‍ മനസമാധനത്തോടെ ജീവിക്കാന്‍ പറ്റില്ല
വിവാഹം മുടക്കാന്‍ പള്ളി ഇടപെട്ടിട്ടില്ല എന്ന നിലപാടിന്റെ നിജസ്ഥിതി എന്താണെന്നു വ്യക്തമാക്കുകയാണ് റാഫേല്‍; ഇടവക പള്ളിയില്‍ നിന്ന് അനുകൂലമായി ഒന്നും പ്രതീക്ഷിക്കണ്ടെന്നു മനസ്സിലായതോടെ ഞാനും ഭാര്യാസഹോദരനും കൂടി എന്റെ മകന്‍ എഴുതിയ ഒരപേക്ഷയുമായി അരമനയില്‍ ആന്‍ഡ്രൂസ് താഴത്ത് തിരുമേനിയെ കാണാനായി പോയി. അന്നദ്ദേഹം അവിടെയില്ല. അവിടെ തിരക്കിയപ്പോഴാണ് വിവാഹവുമായൊക്കെ ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ ഇടപെടുന്ന വൈസ് ചാന്‍സല്‍ ഫാദര്‍ മാത്യു കുറ്റിക്കോട്ടലിനെ കാണാന്‍ പറയുന്നത്. അദ്ദേഹത്തോട് വിവരങ്ങളൊക്കെ പറഞ്ഞു. ഈ വിഷയങ്ങളൊന്നും അദ്ദേഹം അറിഞ്ഞിരുന്നില്ല. താഴത്ത് പിതാവ് ഞായറാഴ്ച്ച വൈകുന്നേരമേ എത്തൂ എന്നും അദ്ദേഹത്തോടും ഒല്ലൂര്‍ വികാരിയോടും സംസാരിച്ചശേഷം ചൊവ്വാഴ്ച്ച എന്നെ വിളിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ തിങ്കളാഴ്ച്ച രാവിലെ തന്നെ എന്നോട് അരമനയില്‍ എത്താന്‍ ആവശ്യപ്പെട്ടു. താഴത്തില്‍ പിതാവ് തിരക്കിലാണെന്നും പകരം സഹായ മെത്രാന്‍ റാഫേല്‍ തട്ടില്‍ പിതാവിനോട് കാര്യങ്ങള്‍ സംസാരിക്കാമെന്നും അറിയിച്ചു. ഉണ്ടായിരുന്ന തിരക്കുകളെല്ലാം മാറ്റിവച്ച് ഞാനും ഭാര്യാസഹോദരനുമായി അരമനയില്‍ എത്തി. അന്ന് ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ ജന്മദിനാഘോഷം അവിടെ നടക്കുന്നുണ്ട്. അതിനിടയിലാണ് മാത്യു കുറ്റിക്കോട്ടിലിന്റെ സാന്നിധ്യത്തില്‍ സഹായമെത്രാന്‍ റാഫേല്‍ തട്ടിലുമായി സംസാരിക്കുന്നത്.

പിതാവ് അന്ന് എന്നോടു പറഞ്ഞതെന്താണെന്നോ;  റാഫേല്‍ ആദ്യം കേസ് പിന്‍വലിക്കൂ, ഇല്ലെങ്കില്‍ കല്യാണം നടക്കില്ല.

പിതാവേ ആ കേസും എന്റെ മകന്റെ വിവാഹവും തമ്മില്‍ എന്തു ബന്ധമാണ്? ഞാന്‍ നിസാഹയതയോടെ ചോദിച്ചു.

ഇങ്ങനെയൊക്കെ ചെയ്യുമ്പോള്‍ അതൊക്കെ ഞങ്ങള്‍ ശ്രദ്ധയില്‍ വയ്ക്കാറുണ്ട്. അതുകൊണ്ട് റാഫേല്‍ ആദ്യം ആ കേസ് പിന്‍വലിക്കൂ. കേസ് പിന്‍വലിച്ചെന്ന് അറിയുമ്പോള്‍ അവര്‍ കുറച്ചു പടക്കമൊക്കെ പൊട്ടിച്ചെന്നു വരും, ചിലപ്പോള്‍ വീടിന്റെ കോമ്പൗണ്ടിലേക്ക് എറിഞ്ഞെന്നും വരും, റാഫേല്‍ അതൊന്നും കണ്ടില്ലെന്നു വച്ചാല്‍ മതി; അരമനയില്‍ ഇരുന്ന് പിതാവ് പറഞ്ഞ കാര്യങ്ങളാണിത്.

ഞാന്‍ വ്യക്തമായി മറുപടി കൊടുത്തു; പിതാവേ ഞാന്‍ എന്തായാലും അവരെക്കൊണ്ട് പടക്കം പൊട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ല…

കാര്യങ്ങള്‍ അവിടം കൊണ്ടും തീര്‍ന്നില്ല. 

സാഗര്‍ പിതാവ് വിളിച്ചു (ജോസഫ് പാസ്റ്റര്‍ നീലങ്കാവില്‍), വിവാഹത്തിന് കാര്‍മികത്വം വഹിക്കാന്‍ വരുന്നതിന് ബുദ്ധിമുട്ട് അറിയിച്ചുകൊണ്ട്. എല്ലാം ഏറ്റ്, ഡയറിയില്‍ തീയതിയും അടയാളപ്പെടുത്തിവച്ച പിതാവാണ് ഒടുക്കം വരാന്‍ പറ്റില്ലെന്നു പറയുന്നത്.

എന്താണ് പിതാവേ തടസം? ഞാന്‍ തിരക്കി.

ഒല്ലൂര്‍ പള്ളി വികാരി എന്നോട് പങ്കെടുക്കരുതെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പിതാവ് നയം വ്യക്തമാക്കി.

ഇത്രയൊക്കെ ചെയ്തിട്ടും പള്ളിയും വികാരിയച്ചനും പറയുന്നു, അവര്‍ ഒരിടപെടലും എന്റെ മകന്റെ വിവാഹം മുടക്കാന്‍ ചെയ്തിട്ടില്ലെന്ന്. വെടിക്കെട്ടു നടത്താനും പാതിരിയെ കാണാനും മാത്രം പള്ളിയില്‍ പോകുന്നവനല്ല ഞാന്‍. മുടങ്ങാതെ ഞാനും ഭാര്യയും പള്ളിയില്‍ പോകുന്നുണ്ട്. റാഫേല്‍ മാലാഖയുടെ പേരാണ് എനിക്കും. ശാരീരികമായി ഒട്ടേറെ വിഷമതകളും അനുഭവിക്കുന്നുണ്ട്. എന്റെ കൊച്ചിന്റെ കല്യാണം വിളിച്ചു ചൊല്ലുന്ന ഡിസംബര്‍ 20 ന് ഇടവകയില്‍ കരിദിനം ആചരിക്കാന്‍ ഒരുങ്ങുകയാണവര്‍. നിശ്ചയിച്ച തീയതിയില്‍ എന്റെ മകന്റെ വിവാഹം നടക്കുമോയെന്നാണ് എനിക്ക് അറിയേണ്ടത്. പക്ഷേ അതിനുവേണ്ടി ആരുടെ മുന്നിലും തോല്‍ക്കില്ല. ആരെയും പേടിച്ചു ആത്മഹത്യയും ചെയ്യില്ല. ഞാനൊരു സത്യക്രിസ്ത്യാനിയാണ്; റാഫേല്‍ നല്ല ഉറപ്പോടു കൂടി പറഞ്ഞു നിര്‍ത്തി.

ഏതു നിയമം കൊണ്ടാണ് അവര്‍ എന്റെ വിവാഹം മുടക്കുന്നത്?
സഞ്ജു ടി റാഫേല്‍, ഈ വാര്‍ത്തയില്‍ പറയുന്ന റാഫേലിന്റെ രണ്ടാമത്തെ മകന്‍. സഞ്ജുവിന്റെ വിവാഹമാണ് പള്ളി ഇപ്പോള്‍ വിലപേശലിന് ഉപയോഗിക്കുന്നത്. ഇക്കാര്യത്തില്‍ സഞ്ജു ചോദിക്കുന്നതിതാണ്; എന്റെ വിവാഹം നടത്തി തരില്ലെന്നു പറയുന്നത് ഏതു നിയമം വച്ചാണ്. ഒരിന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ വിവാഹം കഴിക്കാനുള്ള എന്റെ അവകാശത്തെ ഇവര്‍ക്ക് ചോദ്യം ചെയ്യാന്‍ എന്ത് അവകാശം? കാനോന്‍ നിയമം അനുസരിച്ച് മാമോദീസ മുങ്ങിയൊരാള്‍ക്ക് കൂദാശ സ്വീകരിക്കാന്‍ അവകാശമുണ്ട്. അത് ഏതു രീതിയിലാണ് ഇവര്‍ തടയുന്നത്? വിവാഹജീവിതത്തിനു മുന്നോടിയായി സഭ സംഘടിപ്പിക്കുന്ന ക്ലാസില്‍ പങ്കെടുത്തവനാണ് ഞാന്‍. കാനോന്‍ നിയമത്തില്‍ ഒരാളുടെ വിവാഹം എതിര്‍ക്കാന്‍ ചൂണ്ടിക്കാണിക്കുന്ന പത്തു നിബന്ധനകളുണ്ട്, അതില്‍ ഏതാണ് എനിക്കെതിരെ ഇവര്‍ക്ക് ഉന്നയിക്കാന്‍ കഴിയുക? സഭാ വിശ്വാസത്തെ പിന്തുരുന്ന ഒരാളാണ് ഞാനും എന്റെ കുടുംബവും. സഭ നിയമങ്ങള്‍ തെറ്റിക്കൊത്തൊരാളുടെ, അതും വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം അവസാനഘട്ടത്തിലെത്തിയ സമയത്ത് ഇത്തരം വിലക്കുകളുമായി വരുന്നതിന് എന്താണു ന്യായം? കേവലം മുന്നൂറോളം പേരുടെ മാത്രം ധിക്കാരത്തിനു കൂട്ടു നില്‍ക്കുകയാണ് പള്ളി വികാരി. പുരോഹിതനെന്ന സ്ഥാനത്തിരുന്നുകൊണ്ട് അസത്യപ്രസ്താവനകളിറക്കി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കും വ്യക്തിവൈരാഗ്യം വിശ്വസത്തിന്റെ മറവില്‍ തീര്‍ക്കാന്‍ നടക്കുന്നവര്‍ക്കും മാപ്പ് കൊടുക്കാന്‍ കര്‍ത്താവിന് കഴിയുമോ? റാലികളും പോസ്റ്റര്‍ പ്രചരണങ്ങളും ഞങ്ങള്‍ക്കിപ്പോള്‍ സ്ഥിരം കാഴ്ച്ചകളായി മാറി. പക്ഷേ ഒന്നും ഞങ്ങളെ ഭയപ്പെടുത്തില്ല. ഈ ഇടവകയിലെ ഭൂരിഭാഗം പേരും മനസ് കൊണ്ടെങ്കിലും ഞങ്ങളെ പിന്തുണയ്ക്കുന്നവരാണ്. കര്‍ത്താവിന്റെ കോടതിയിലും രാജ്യത്തെ നിയമ കോടതിയിലും ഈ കേസ് നടക്കുന്നുണ്ട്, ശരി ആരുടെ പക്ഷത്താണോ അവര്‍ വിജയിക്കട്ടെ, തോല്‍ക്കുന്നവര്‍ക്ക് ഇരു കോടതികളില്‍ നിന്നും ശിക്ഷയും ഉറപ്പ്.

പള്ളിയെ കോടതി കയറ്റുന്നവനാണ് റാഫേല്‍ 
റാഫേലിന്റെയും കുടുംബത്തിന്റെയും പരാതികള്‍ ഇതൊക്കെയാണെങ്കില്‍ ഇനി എതിര്‍ഭാഗത്തിനു പറയാനുള്ളതും കേള്‍ക്കാം; 

കഴിഞ്ഞ മൂന്നുവര്‍ഷമായി പെരുന്നാള്‍ സമയത്ത് ഡിഎംഒ ഓഫിസിലും കോടതിയിലും കയറിയിറങ്ങേണ്ട ഗതികേടാണ് പള്ളി വികാരിക്കും ട്രസ്റ്റിയംഗങ്ങള്‍ക്കും ഉള്ളത്. ഈ റാഫേല്‍ കാരണം. 1737-ല്‍ ഉണ്ടാക്കിയ പള്ളിയാണിത്. മുന്നൂറു കൊല്ലത്തിനടുത്തായി ഈ പള്ളിയിവിടെ നില്‍ക്കാന്‍ തുടങ്ങീട്ട്. എല്ലാ കൊല്ലോം ഒക്ടോബര്‍ 23, 24 തീയതികളിലാണ് പ്രധാന തിരുനാളായ മാലാഖയുടെ തിരുന്നാള്‍ ആഘോഷിക്കുന്നത്. മുടങ്ങാതെ വെടിക്കെട്ടും നടത്തി വരുന്നുണ്ട്. ഇതിപ്പോള്‍ കഴിഞ്ഞ മൂന്നുകൊല്ലായി റാഫേല്‍ വെടിക്കെട്ട് നടത്തുന്നതുമായി ബന്ധപ്പെട്ട് കേസ് കൊടുക്കുകയാണ്. പള്ളിയെയും വിശ്വാസികളെയും അപമാനിക്കുന്നൊരാള്‍ക്കെതിരെ പ്രതികരിക്കാതിരിക്കുന്നതെങ്ങനെ? ഇടവകാംഗമായ ആന്റണി പെരുമാടന്‍ ചോദിക്കുന്നു.

ഒന്നുകില്‍ റാഫേല്‍ പള്ളിക്കെതിരെ നടത്തുന്ന അപവാദപ്രചാരണങ്ങളും കേസും അവസാനിപ്പിക്കണം. അതല്ലെങ്കില്‍ റാഫേലിന്റെ മകന്റെ വിവാഹം ഈ പള്ളിയില്‍ നടത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. വെടിക്കെട്ട് മൂലം അയാളുടെ വീടിന് കേടുപാടുകള്‍ സംഭവിച്ചു എന്നാണ് പരാതി പറയുന്നത്. വെടിക്കെട്ട് പള്ളി ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. വെടിക്കെട്ടുമൂലം എന്തെങ്കിലും അപകടമോ നാശനഷ്ടമോ ഉണ്ടായാല്‍ നഷ്ടപരിഹാരം നല്‍കാന്‍ പള്ളി സന്നദ്ധവുമാണ്. എന്നാല്‍ തന്റെ വീടിന് വെടിക്കെട്ടു മൂലം പരിക്ക് പറ്റിയിട്ടുണ്ടെന്നു റാഫേല്‍ പറയുന്നത് കള്ളമാണ്. ഇതുസംബന്ധിച്ച് പരിശോധന നടത്താന്‍ വന്ന വിദഗ്ദ്ധര്‍ തന്നെ അതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. റാഫേലിന്റെ വീടിന് പറ്റിയിട്ടുള്ള കേടുപാടുകള്‍ നിര്‍മാണത്തിലെ പാകപ്പിഴകള്‍ മൂലമാണ്. പിന്നെ അയാള്‍ ബോധപൂര്‍വം തന്നെ വീട്ടിലെ പട്ടിക്കൂടിന്റെ സിമന്റ് ഇളക്കി മാറ്റിയിട്ട് അതും പള്ളിക്കുമേല്‍ കുറ്റം പറയുകയാണ്. പലതവണ റാഫേലുമായി സമാധാന ചര്‍ച്ചകള്‍ നടത്താന്‍ പള്ളി മുന്‍കൈയെടുത്തിട്ടുണ്ട്. അപ്പോഴെല്ലാം ധിക്കാരപരമായ സമീപനം മാത്രമാണ് അയാളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളത്. അരമന നേരിട്ട് പ്രശ്‌നത്തില്‍ ഇടപെട്ടിട്ടും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പോലും റാഫേല്‍ സന്നദ്ധനായില്ല. ഓരോ തവണയും അയാള്‍ സ്വന്തം നിലപാടുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ ഇയാള്‍ക്കൊപ്പം കേസില്‍ കക്ഷി ചേരാന്‍ എട്ടുപേര്‍ ഉണ്ടായിരുന്നു. എന്നാല്‍ എന്തുവന്നാലും പള്ളിയില്‍ വെടിക്കെട്ട് നടത്താന്‍ താന്‍ സമ്മതിക്കില്ല എന്ന പിടിവാശി റാഫേലിന്റെ സ്വകാര്യ താത്പര്യം ആണെന്നു മനസ്സിലാക്കി കൂടെയുള്ളവര്‍ പിന്‍വാങ്ങി. സ്വന്തം അനിയന്‍ പോലും റാഫേലിന്റെ സ്വഭാവത്തില്‍ മനംമടുത്ത് ചേട്ടനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ഇത്തരത്തിലെല്ലാം ബോധപൂര്‍വം പള്ളിയെയും വിശ്വാസികളെയും കരിവാരി തേയ്ക്കാന്‍ ശ്രമിക്കുന്നൊരാള്‍ക്കെതിരെ ഇനിയും മൗനം പാലിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞു തന്നെയാണ് വിശ്വാസികള്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്തത്. പെട്ടെന്നു വിളിച്ചു ചേര്‍ത്തൊരു റാലി ആയതിനാല്‍ പങ്കെടുത്തിവരുടെ എണ്ണം കുറവായിരുന്നെങ്കിലും ഇടവകയിലുള്ള മൂവായിരത്തിയഞ്ഞൂറോളം കുടുംബങ്ങളും റാഫേലിന്റെ നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉള്ളവരാണ്. ഇത്രയും വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്ന കാര്യമാണ് റാഫേലിന്റെ മകന്റെ വിവാഹം ഈ ഇടവക പള്ളിയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന്. തൃശൂരുള്ള മറ്റേത് പള്ളിയിലും അയാളുടെ മകന്റെ മകന്റെ വിവാഹം നടത്താം, ഇവിടെ അനുവദിക്കില്ല, അത് തീര്‍ച്ചയാണ്; ആന്റണി വ്യക്തമാക്കുന്നു.

മാമോദീസ മുങ്ങിയവന് കൂദായശയ്ക്ക് അവകാശമുണ്ട്, റാഫേലിന്റെ കാര്യത്തില്‍ പള്ളി നിസ്സഹായരാണ്
സെന്റ് ആന്റണിസ് ഫൊറോനപള്ളി ഇടവകാംഗമായ റാഫേല്‍ തെക്കിനിയത്തിനെതിരെ പള്ളി നേരിട്ട് ഒരു തരത്തിലുമുള്ള ബഹിഷ്‌കരണമോ മറ്റു നടപടികളോ എടുത്തിട്ടില്ലെന്നാണ് ട്രസ്റ്റി അംഗമായ ഫ്രാങ്കോ കള്ളിയത്ത് പറയുന്നത്. ഇക്കാര്യത്തില്‍ പള്ളിയല്ല, ഇടവകാംഗങ്ങളാണ് പ്രതിഷേധം ഉണ്ടാക്കിയിരിക്കുന്നത്. മാമോദിസ മുങ്ങിയവര്‍ക്ക് കൂദാശ നല്‍കണമെന്നു കാനോന്‍ നിയമം അനുശാസിക്കുന്നുണ്ട്. അത് പിന്തുടരേണ്ട ബാധ്യത പള്ളിക്കുണ്ട്. റാഫേലിന്റെ മകന്റെ വിവാഹം നടത്തില്ലെന്നു പള്ളി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ആ വിവാഹം നടത്തിയാല്‍ എതിര്‍പ്പുമായി വരുന്ന പത്തുപതിനയ്യായിരത്തോളം പേരെ തടയാന്‍ ഞങ്ങള്‍ നാലഞ്ച് ആളുകള്‍ക്ക് കഴിയുകയുമില്ല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം അരമനയുടെ ഭാഗത്തു നിന്നാണ് ഉണ്ടാകേണ്ടത്.

ഇന്നലെ നടന്ന പ്രതിഷേധ റാലി പള്ളിയുടെ അറിവോടെയല്ല എന്നും ഫ്രാങ്കോ വ്യക്തമാക്കുന്നു.

അതു വിശ്വാസികളുടെ പ്രതിഷേധമായിരുന്നു. അതിനെ തള്ളിപ്പറയുന്നില്ല. റാഫേല്‍ നടത്തുന്നത് തെറ്റിദ്ധാരണാജനകമായ കാര്യങ്ങളാണ്. പത്തു വര്‍ഷം മുമ്പ് ഇവിടെ സ്ഥലം വാങ്ങി, കഴിഞ്ഞ ഏഴുവര്‍ഷമായി ഇവിടെ താമസിക്കുന്നയാളാണ് റാഫേല്‍. ഒല്ലൂര്‍ പള്ളിയില്‍ നടക്കുന്ന വെടിക്കെട്ട് അത്രമേല്‍ കാശുമുടക്കിയൊന്നും നടക്കുന്നതല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഏറിയാല്‍ ഒരു ലക്ഷം രൂപയുടെ കരിമരുന്നു പ്രയോഗം, അതും ഓരോ വിശ്വാസികള്‍ നടത്തുന്നത്. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് വളരെ ചെറിയ രീതിയിലുള്ള വെടിക്കെട്ടാണ് ഇവിടെ നടക്കുന്നത്. മാത്രമല്ല, 25 ലക്ഷം രൂപയ്ക്ക് വെടിക്കെട്ട് ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്. റാഫേല്‍ പറയുന്ന തരത്തില്‍ അദ്ദേഹത്തിന്റെ വീടിനു നാശനഷ്ടം ഉണ്ടായാല്‍ അതിനു പരിഹാരം ചെയ്യാന്‍ പള്ളി തയ്യാറാണ്. പക്ഷേ, അദ്ദേഹം പറയുന്നതില്‍ വാസ്തവം ഇല്ലെന്നതാണ് സത്യം. ഞാന്‍ റാഫേലിന്റെ അയല്‍ക്കാരനാണ്. വെടിക്കെട്ടു നടക്കുന്ന പറമ്പുമായി കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്റെ വീടാണ്. ഇന്നേവരെ ഈ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. റാഫേലിന്റെ വീടാണെങ്കില്‍ ഈ സ്ഥലത്തിനു അഭിമുഖമായുമല്ല നിലകൊള്ളുന്നത്. അങ്ങനെയെല്ലാം നോക്കുമ്പോള്‍ റാഫേലിന്റെ നീക്കങ്ങള്‍ സത്യമുള്ള കാര്യത്തിനായല്ല എന്നു മനസിലാക്കാം.

ഈക്കാര്യവുമായി ബന്ധപ്പെട്ട പലതവണ പള്ളി നേരിട്ടും അരമന മുഖാന്തരവും റാഫേലുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ്. ഇക്കാരണം കൊണ്ടു തന്നെയാണ് വിശ്വാസികള്‍ പ്രകോപിതരായത്. റാഫേല്‍ എടുത്തിരിക്കുന്നത് തെറ്റായ നിലപാട് ആണ്. അതു പള്ളിക്കും വിശ്വസികള്‍ക്കും എതിരെയാണ്. എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളില്‍ പള്ളിയെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് വാസ്തവം അറിയാത്തവരാണ്. പള്ളി നേരിട്ട് റാഫേലിന്റെ മകന്റെ വിവാഹം നടത്തിക്കില്ല എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ വിശ്വാസി സമൂഹം ആ കാര്യത്തില്‍ കടുത്ത നിലപാടിലാണ്. എല്ലാം മംഗളമായി വരണം എന്നുമാത്രമാണ് ഞങ്ങളുടെ പ്രാര്‍ത്ഥന; ഫ്രാങ്കോ പള്ളിയുടെ ഈ വിഷയത്തിലുള്ള നിലപാട് വ്യക്തമാക്കുന്നു.

ഇത് അസഹിഷ്ണുതയോ
ഒല്ലൂര്‍ പള്ളിയുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന ഈ വിഷയം ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം വലിയ ചര്‍ച്ച ആയി മാറിയിരിക്കുന്നു. മതം, അത് ഏതുവിഭാഗത്തിന്റെതായാലും ആജ്ഞയുടെയും അടിച്ചേല്‍പ്പിക്കലിന്റെയും ഖഡ്ഗമായി മാനുഷ്യാവകാശങ്ങള്‍ക്കുമേല്‍ തൂങ്ങിയാടുകയാണെങ്കില്‍ അതിനെ എതിര്‍ത്തേ മതിയാകൂ. ഇവിടെ ന്യായം റാഫേലിന്റെ ഭാഗത്താണോ പള്ളിയുടെ ഭാഗത്താണോ എന്നു കോടതിയില്‍ തീരുമാനം ഉണ്ടാകും. എന്നാല്‍ ഏതു നിയമം അനുസരിച്ചാണ് എന്റെ വിവാഹം മുടക്കുന്നതെന്നുള്ള സഞ്ജുവിന്റെ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത കേവലം വിശ്വാസികളുടെ ബാധ്യത മാത്രമല്ല. ഇതൊരു സാമുഹികാപത്താണ്. മതം, വിശ്വാസം, ദൈവം എന്നതൊക്കെ ഒരു മനുഷ്യന്റെ മൗലികാവകാശങ്ങളെ ഹനിക്കാന്‍ ഉപകരിക്കുന്ന ഉപകരണങ്ങളായി തീരുകയാണെങ്കില്‍ അതിനെതിരെ പ്രതികരിക്കാന്‍ സമൂഹത്തിന് തീര്‍ച്ചയായും ബാധ്യതയുണ്ട്. എന്തായാലും വെടിക്കെട്ടിന്റെ ശബ്ദം കുറഞ്ഞുപോയെന്ന പരാതിയില്‍ റാഫേല്‍ മാലാഖ ആ ചെറുപ്പക്കാരന്റെ കല്യാണം മുടക്കാന്‍ കൂട്ടുനില്‍ക്കില്ല…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍