UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒളിംപിക്സിന് ശേഷം താരങ്ങളുടെ ജീവിതം

Avatar

ബാരി സ്വ്രുള്‍ഗ, ലിസ് ക്ലാര്‍ക്ക്
(വാഷിംഗ്ടണ്‍ പോസ്റ്റ്)

പതിനേഴ് ദിവസത്തേ ലോക ശ്രദ്ധയും ആഘോഷങ്ങളും അവസാനിക്കുമ്പാള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരേണ്ടത് എങ്ങനെയെന്നറിയാത്ത ഒളിംപിക്‌സ താരങ്ങളെ ആരും അറിയുന്നില്ല. 2008ലെ ഒളിംപിക്‌സ് അവസാനിച്ചപ്പോള്‍ ജിംനാസ്റ്റിക്ക് താരം ഷോണ്‍ ജോണ്‍സന്റെ സമ്പാദ്യം ഒരു സ്വര്‍ണ്ണവും, 3 വെള്ളിയും ആയിരുന്നു. പക്ഷെ അന്ന് പുലര്‍ച്ചെ എന്ത് കഴിക്കുമെന്നോ, എപ്പോള്‍ ഉറങ്ങണമെന്നോ അറിയാത്ത അവസ്ഥയിലായിരുന്നു ഷോണ്‍. പതിവായി പരീശീലനം ആരംഭിച്ചിരുന്ന വൈകിട്ട് 4 മണിയാകുമ്പോള്‍ തുടര്‍ന്നുള്ള ആഴ്ചകളിലും ഷോണ്‍ പതറിപ്പോകുമായിരുന്നു. ലോക്കല്‍ ഫിറ്റ്‌നസ് സെന്‍ററിലുള്ള വ്യായാമം പോലും ഭയപ്പെടുത്തിയിരുന്നു. ജിംനാസ്റ്റിക്‌സുമായി ബന്ധപ്പെട്ട സൗകര്യങ്ങള്‍ മാത്രമായിരുന്നു ഷോണ്‍ ഉപയോഗപ്പെടുത്തിയിരുന്നത്. പുതിയ ദിനചര്യ എന്തായിരിക്കണം എന്ന് അറിയാതെ ശരിക്കും കുഴഞ്ഞുപോകുമായിരുന്നു എന്നാണ് ഷോണ്‍ പറയുന്നത്. യാഹു സ്‌പോര്‍ട്ട്‌സിന്  വേണ്ടി ജിംനാസ്റ്റിക്‌സ് വാര്‍ത്തകള്‍ നല്‍കാന്‍ റിയോയില്‍ എത്തിയ ഷോണ്‍ വാഷിംഗ്ടണ്‍ പോസ്റ്റിനോട് പറഞ്ഞു. 

താരങ്ങളെ സംബന്ധിച്ചിടത്തോളം അച്ചടക്കമുള്ള ദിനചര്യയിലുടെ നേടിയെടുക്കുന്ന ഒളിംപിക് ഖ്യാതിക്ക് പിന്നാലെ വരുന്നത് കുഴഞ്ഞ് മറിഞ്ഞ ദിനങ്ങളാണ് എന്നത് പുതിയ സംഭവമൊന്നുമല്ല. 2008ലെ ഒളിംപിക്‌സിന് ശേഷം രാവിലെ ഉറക്കത്തില്‍ നിന്ന് നേരെ ഏഴുന്നേറ്റ് നടന്ന് ചുമരിലിടിച്ചപ്പോഴാണ് ബോധം വീണത് എന്നാണ് ഷോണ്‍ ഓര്‍മ്മിക്കുന്നത്. പൂര്‍ണ്ണതയില്‍ വിശ്വസിക്കുന്ന താരമാകുമ്പോള്‍ വളരെ ശ്രദ്ധയോടെയാകും പരീശീലനം. ഒളിംപിക്‌സിന് ശേഷം ആ സമര്‍പ്പണത്തിന്റെ ആവശ്യമില്ല എന്നത് വലിയ ബുദ്ധിമുട്ടായി മാറും. യഥാര്‍ത്ഥ കായികതാരത്തെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഒളിംപികിസിന് ശേഷം ജീവിതത്തിലേക്ക് മടങ്ങി വരുക എന്നത് അത്ര എളുുപ്പമല്ല എന്നാണ് ഷോണ്‍ പറയുന്നത്. ഈ പ്രതിഭാസം തോറ്റവര്‍ക്കും ജയിച്ചവര്‍ക്കും ഒരുപോലെ ബാധകമാണ്. ഒളിംപിക്‌സ് അവസാനിച്ച ശേഷം നേരം പുലരുമ്പോള്‍ സാധാരണക്കാരൊക്കെ പതിവ് പോലെ ഉറങ്ങിയെഴുന്നേറ്റ് ജോലിക്ക് പോകുമ്പോള്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാകും ഒളിംപിക്‌സില്‍ പങ്കെടുത്ത താരങ്ങള്‍.

മാനസികമായും, വൈകാരികമായും പ്രയാസമേറിയ പരിവര്‍ത്തനമാണ് ഒളിംപിക്‌സിന് ശേഷം സംഭിവിക്കുന്നത് എന്ന് പറയുന്നത് കായിക രംഗത്തെ മനഃശാസ്ത്ര വിദഗ്ധനും എഴുത്തുകാരനുമായ സ്റ്റീവന്‍ അംഗര്‍ലെയിഡറാണ്. വര്‍ഷങ്ങളായി അന്താരാഷ്ട്ര ഒളിപിക്‌സ് കമ്മിറ്റിയിലെ അംഗമാണ് അദ്ദേഹം. മെഡല്‍ വാങ്ങിയും വാങ്ങാതെയും മടങ്ങിയെത്തുന്ന താരങ്ങളെ പിന്നീട് കാത്തിരിക്കുന്നത് അക്ഷരാര്‍ത്ഥത്തില്‍ ഒറ്റപ്പെടലാണ്. അത്രയും ദിവസം ലഭിച്ചിരുന്ന ലോക ശ്രദ്ധയും മാധ്യമശ്രദ്ധയും ആരാധനയും ഒക്കെ പെട്ടെന്ന് അവസാനിക്കുമ്പോള്‍ അതുമായി പൊരുത്തപ്പെടുക എളുപ്പമല്ല. പരീശീലനവും സഹായികളും കോച്ചുമില്ലാത്ത ലോകത്തേക്കുള്ള മാറ്റം വലുതാണ്.


ഷോണ്‍ ജോണ്‍സണ്‍

ഒളിംപിക്‌സിന് മുമ്പുള്ള മാസങ്ങള്‍ തയ്യാറെടുപ്പിന്റെയും ത്യാഗസഹനത്തിന്റെയും കൂടിയാണ് താരങ്ങള്‍ക്ക്. കേറ്റി ലഡക്കി എന്ന നീന്തല്‍ താരം ഒരു വര്‍ഷം കോളേജില്‍ നിന്നും അവധിയെടുത്താണ് ഒളിംപിക്‌സിന് തയ്യാറെടുക്കുന്നത്. ഒരാഴ്ചയില്‍ എഴുപതിനായിരം യാര്‍ഡുകളാണ് കേറ്റി അന്ന് നീന്തി കയറിയത്. പുലര്‍ച്ചക്ക് മുമ്പേയുള്ള ഓട്ടവും, കഠിനമായ വ്യായാമ മുറകള്‍ക്കും ശേഷമാണ് ജോര്‍ദാന്‍ ബുറ ഗുസ്തി പരീശീലനം ആരംഭിച്ചിരുന്നത്. പിച്ചവെക്കുന്ന മകനേയും മാസങ്ങള്‍ മാത്രം പ്രായമുള്ള മകളേയും കാണാനുള്ള സമയംപോലും ലഭിച്ചിരുന്നില്ല. ജിംനാസ്റ്റിക്‌സ് പരീശീലനത്തിന് വേണ്ടി സിമോണ്‍ ബൈല്‍സ് ഉപേക്ഷിച്ചത് സ്കൂള്‍ ജീവിതമാണ്. വീട്ടിലിരുന്നുളള പഠനമാണ് സിമോണ്‍ പിന്തുടര്‍ന്നത്. മനുഷ്യരുമായി ഇടപഴകാനുള്ള അവസരങ്ങളില്‍ നിന്നൊക്കെ വിട്ടുനിന്നു.

ഇവരൊക്ക ജീവിതം ഒളിംപിക്‌സിന് വേണ്ടി ത്യാഗത്തിലൂടെയും കഠിനപ്രയത്‌നത്തിലുടെയും ചിട്ടപ്പെടുത്തിയതായിരുന്നു. എല്ലാ നാലു വര്‍ഷവും ലോകത്തിന്റെ ശ്രദ്ധ ഒളിംപിക്‌സില്‍ പതിയുന്നത് 17 ദിവസമാണെങ്കില്‍ കായികതാരങ്ങളെ സംബന്ധിച്ചിടത്തോളം അത് അവരുടെ ജീവിതം തന്നെയാണ്. ഒളിംപിക്‌സ് താരമാകുന്നതും അതിന് ശേഷമുള്ള ജീവിതത്തെ കുറിച്ചുള്ള താരങ്ങളുടെ പ്രതീക്ഷയും ആണ് ഇവിടെ പ്രധാന പങ്ക് വഹിക്കുന്നത്. രണ്ട് തവണ ഒളിംപിക്‌സില്‍ എത്തിയ ജുഡോ താരം തരാജേ വില്യംസ് മുറേ ബീജിങ്ങ് ഒളിംപിക്‌സ് അവസാനിച്ചപ്പോള്‍ തന്റെ ബ്ലോഗില്‍ ഒളിംപിക്‌സിന് ശേഷമുള്ള മാനസിക പിരിമുറക്കത്തെ കുറിച്ച് എഴുതി. മത്സരത്തിനോടും പരീശീലത്തോടുമുള്ള ആസക്തി വരുത്താവുന്ന അപകടത്തേകുറിച്ചാണ് തരാജേ പറഞ്ഞത്.

ചുതുകളിക്കോ ലൈംഗികതക്കോ കാറില്‍ ചീറിപ്പായുമ്പോഴോ സ്‌കൈ ഡൈവിങ്ങ് ചെയ്യുമ്പോഴോ ലഭിക്കുന്നതിനേക്കാള്‍ വലിയ അനുഭവമാണ് ഒളിംപിക്‌സ് നല്‍കുന്നത്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ തങ്ങളിലേക്ക് വരുന്നു, മുറേ പറയുന്നു. പലപ്പോഴും താരങ്ങള്‍ പരീശീലനത്തിനും യാത്രക്കും മറ്റുമായി സ്വയം പണം കണ്ടെത്തേണ്ടതായും വരും. ഇതാണ് വില്യംസിനെ കടക്കെണിയില്‍ അവസാനിപ്പിച്ചത്. വിദ്യാഭ്യാസ വായ്പയും പരിശീലനത്തിന് തുക കണ്ടെത്തേണ്ടി വന്നതും തന്നെ കടക്കെണിയില്‍ മുക്കിയതായി വില്യംസ് മുറേ വെളിപ്പെടുത്തി. പിരിമുറക്കത്തില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്യത്തിലും മയക്കുമരുന്നിലും അഭയം തേടിയതായും വില്യംസ് സമ്മതിക്കുന്നു.

വില്യംസ് മുറേയുടേത് ഒറ്റപ്പെട്ടകഥയല്ല .2008ലെ ഒളിംപിക്‌സില്‍ 19ാമത്തെ വയസ്സില്‍ ആദ്യമായി ഒളിംപിക്‌സിന് എത്തുമ്പോള്‍ ഡേവിഡ് ബൗടിയ ലക്ഷ്യം വെച്ചത് പ്രശസ്തിയും, പണവും ഉള്‍പ്പടെ ഒളിംപിക്‌സ് നല്‍കുന്ന സൗഭാഗ്യങ്ങളായിരുന്നു. അന്ന് മെഡലൊന്നും ലഭിക്കാതെ ഇന്ത്യാനയില്‍ മടങ്ങിയെത്തിയ ബൗടിയ തകര്‍ച്ചിയിലേക്കാണ് നീങ്ങിയത്. യുണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് വിദ്യാഭ്യാസം തുടരാന്‍ ശ്രമിച്ചുവെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമയായതായി റിയോ ഒളിംപിക്‌സില്‍ പ്രകാശനം ചെയ്ത സ്വര്‍ണ്ണത്തേക്കാല്‍ തിളക്കമുള്ളത് എന്ന ആത്മകഥയില്‍ ബൗടിയ പറയുന്നു. ആത്മഹത്യക്ക് ശ്രമിച്ചതായി പോലും ഇതില്‍ താരം വെളിപ്പെടുത്തുന്നു. ഒളിപിക്‌സില്‍ നിന്ന് തനിക്ക് മനഃസമാധാനമോ തൃപ്തിയോ ലഭിച്ചില്ല എന്ന് പറയുന്ന ബൗടിയ പലപ്പോഴും വെറുതേ കട്ടിലില്‍ കിടന്ന് സമയം ചെലവഴിച്ചതായും സമ്മതിക്കുന്നു.

ആയിരക്കണക്കിന് താരങ്ങള്‍ മാറ്റുരക്കുന്ന ഒളിംപിക്‌സില്‍ മെഡല്‍നേടുന്നത് വളരെ ചുരുക്കം പേരാണ്. പ്രശസ്തിയും പേരും പ്രതീക്ഷിച്ച് മത്സരത്തിനെത്തുന്നവര്‍ ഒന്നും ലഭിക്കാതെ മടങ്ങിപോകുമ്പോള്‍ ചെന്നുവീഴുന്നത് ഒറ്റപ്പെടലിലാണ്. അവര്‍ കടന്നുപോകുന്ന സാഹചര്യം ഒന്നോര്‍ത്ത് നോക്കു എന്ന് പറയുന്നത് കായികരംഗത്തെ വിദഗ്ധനായ റോബര്‍ട്ട് ബി ആന്‍ഡ്രൂസാണ്. സ്വയം സമര്‍പ്പിച്ച് പൂര്‍ണ്ണ ശ്രദ്ധയോടെ കായികരംഗത്ത് പ്രവര്‍ത്തിക്കുമ്പോല്‍ വിജയം മാത്രമായിരുന്നു ലക്ഷ്യം. മത്സരരംഗത്ത് എത്തുമ്പോള്‍ വിജയം കൈവരിക്കനുള്ള കൃത്യമായ പദ്ധതിയും അവര്‍ക്കുണ്ട്. എന്നാല്‍ ഒരിക്കല്‍ പരാജയപ്പെട്ടു കഴിഞ്ഞാല്‍ ഇനി എന്ത് എന്നുള്ളതാണ് ചോദ്യം. തുടക്കം എവിടെ നിന്ന് എന്നുപോലുമറിയാതെ കുഴഞ്ഞുപോകും. വലിയ നഷ്ടബോധമാണ് അവരെ പിടികൂടുക.

മെഡല്‍ നേടാത്തവരുടെ ജീവിതം താരതമ്യം ചെയ്യാനാവില്ല.അമേരിക്കന്‍ ഫ്രീസ്റ്റൈല്‍ സ്‌ക്കീയിങ്ങ് താരം ജെററ്റ് പീറ്റര്‍സണ്‍ പൊതുസ്ഥലത്ത് പ്രശ്‌നക്കാരനാകാന്‍ തുടങ്ങുന്നത് 2006ലെ ടൂറിന്‍ ഒളിംപിക്‌സിനിടയിലാണ്. മത്സരത്തില്‍ ഏഴാം സ്ഥാനത്ത് എത്തിയ പീറ്റര്‍സണ്‍ തെരുവില്‍ കിടന്ന് ഒരു സുഹൃത്തുമായി തല്ലുണ്ടാക്കിയപ്പോള്‍ തിരികെ നാട്ടിലേക്ക് പറഞ്ഞ് വിട്ടു. ഹുറിക്കേന്‍ ചാട്ടം എന്നറിയപ്പെടുന്ന സ്‌കീയിങ്ങ് തന്ത്രം കണ്ടുപിടിച്ച പീറ്റര്‍സണിന്റെത് അസ്വസ്ഥതകള്‍ നിറഞ്ഞ ബാല്യമായിരുന്നു. ലൈംഗിക പീഡനത്തിരയായ പീറ്റര്‍സണ്‍ പിന്നീട് മദ്യത്തിനും മയക്കുമരുന്നിനും അടിമയായി. 2010ല്‍ വാന്‍കോവര്‍ ഗെയിംസില്‍ വെള്ളി നേടിയപ്പോള്‍ കരയുന്ന പീറ്റര്‍സണിനേയാണ് ലോകം കണ്ടത്. 2011 ജൂലൈയില്‍ 29ാമത്തെ വയസ്സില്‍ പീറ്റര്‍സണ്‍ ആത്മഹത്യ ചെയ്തു.

ഒളിംപിക്‌സിന് ശേഷം താരങ്ങള്‍ നേരിടുന്ന മാനസിക പിരമുറക്കത്തെ കുറിച്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ബോദ്ധ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദഗ്ധര്‍ക്ക് പോലും ഇവരെ സഹായിക്കാനാവുന്നില്ല. പുതിയൊരു വ്യക്തിത്വം രൂപപ്പെടുത്തി പുതിയ ജീവിതത്തിലേക്കും തൊഴിലിലേക്കും ഇവരെ എത്തിക്കാനാവുക എന്നതാണ് വെല്ലുവിളി. 

(വാഷിംഗ്ടണ്‍ പോസ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. തയ്യാറാക്കിയത്- പ്രമീള ഗോവിന്ദ്)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍