UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: ഒളിംപിക് വിമാനദുരന്തം, ഓപ്പറേഷന്‍ പൈതോണ്‍

Avatar

1969 ഡിസംബര്‍ 8
ഒളിംപിക് വിമാന ദുരന്തം

ഗ്രീസിലെ ആഭ്യന്തര വിമാന സര്‍വീസായ ഒളിംപിക് എയര്‍വേയ്‌സിന്റെ 954 ആം നമ്പര്‍ വിമാനം 1969 ഡിസംബര്‍ 8 ന് കിറാഷിയ മലനിരകള്‍ക്ക് സമീപം തകര്‍ന്നു വീണു 90 പേര്‍ കൊല്ലപ്പെട്ടു. 85 യാത്രക്കാരും 5 വിമാനജീവനക്കാരുമാണ് കൊല്ലപ്പെട്ടത്. ഡഗ്ലസ് ഡിസി-6 ഇനത്തില്‍പ്പെട്ട ഈ എയര്‍ക്രാഫ്റ്റ് ക്രീറ്റെ ദ്വീപിലെ ചാനിയയില്‍ നിന്ന് ഏഥന്‍സിലേക്കു പോവുകയായിരുന്നു.

പാനിയോ മലനിരകള്‍ക്ക് 2000 അടി ഉയരത്തിലായാണ് വിമാനം തകര്‍ന്നുവീണത്. മോശം കാലാവസ്ഥയും കനത്തമഴയുമാണ് അപകടത്തിന് കാരണമായത്. ഗ്രീസിന്റെ ചരിത്രത്തില്‍ അന്നുവരേയുണ്ടായതില്‍വെച്ച് ഏറ്റവും ദാരുണമായൊരു അപകടമായിരുന്നു ഈ സംഭവം.

1971 ഡിസംബര്‍ 8
ഓപ്പറേഷന്‍ പൈതോണ്‍

പാകിസ്താന്റെ തുറമുഖ നഗരമായ കറാച്ചിയില്‍ 1971 ഡിസംബര്‍ 8, 9 രാത്രികളില്‍ ഇന്ത്യന്‍ നാവിക സേന ആക്രമണം നടത്തി. ഇന്ത്യ-പാക് യുദ്ധത്തിന്റൈ ഭാഗമായി നടത്തിയ ഈ ആക്രമണത്തിന് ഓപ്പറേഷന്‍ പൈതോണ്‍ എന്നായിരുന്നു പേര്. ഇന്ത്യന്‍ നാവികസേന ഈ ആക്രമണത്തിനു ഒരാഴ്ച്ച മുമ്പ് വിജയകരമായി നടപ്പാക്കിയ ഓപ്പറേഷന്‍ ട്രൈഡന്റിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഓപ്പറേഷന്‍ പൈതോണ്‍ നടപ്പാക്കുന്നത്. ആദ്യത്തെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താന്‍ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയിരുന്നു. ഇന്ത്യന്‍ ആക്രമണത്തെ നേരിടാനായി പാകിസ്താന്റെ യുദ്ധക്കപ്പലുകള്‍ സജ്ജമായിരുന്നു.

ഓപ്പറേഷന്‍ ട്രൈഡന്റ് പ്രധാനമായും ലക്ഷ്യംവച്ചത് പാകിസ്താന് സാമ്പത്തിക ഉപരോധം സൃഷ്ടിക്കുക എന്നതിലായിരുന്നു. ഡിസംബര്‍ 8 ന് രാത്രി ഐ എന്‍ എസ് വിനാഷ്, ഐഎന്‍സ് തല്വാര്‍,ഐ എന്‍സ് ത്രിശൂല്‍ എന്നീ ഇന്ത്യന്‍ പടക്കപ്പലുകള്‍ കറാച്ചി തീരത്തെത്തുകയും മിസൈല്‍ ആക്രമണം നടത്തുകയും ചെയ്തു. ഈ ആക്രമണത്തില്‍ പാകിസ്താന്റെ കിമാരി എണ്ണഉത്പാദന ശാല അഗ്നിക്കിരയാകുകയും അവരുടെ ഏതാനും എണ്ണടാങ്കറുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.കൂടാതെ പാകിസ്താന്റെ ഒരു നാവിക ടാങ്കര്‍ തകരുകയും ചെയ്തു. ഓപ്പറേഷന്‍ ട്രൈഡന്റ്, ഓപ്പറേഷന്‍ പൈതോണ്‍- എന്നീ രണ്ട് ആക്രമണങ്ങളിലൂടെ കറാച്ചിയിലെ എണ്ണ ഉത്പാദനത്തിന്റെ പകുതിയും നശിപ്പിച്ചുകളയാന്‍ ഇന്ത്യക്കായി.

Disclaimer: പ്രസിദ്ധീകരിക്കുന്ന കുറിപ്പുകളില്‍ കൃത്യത ഉറപ്പുവരുത്താനാണ് ടീം അഴിമുഖം എന്നും ശ്രമിക്കുന്നത്. എന്നാല്‍ ചരിത്ര സംഭവങ്ങളിലും തീയതികളിലും എന്തെങ്കിലും പൊരുത്തക്കേടുകളോ തെറ്റോ സംഭവിക്കുകയാണെങ്കില്‍ വായനക്കാര്‍ അത് ചൂണ്ടിക്കാട്ടുന്നതിനെ ഞങ്ങള്‍ ആത്മാര്‍ഥമായി സ്വാഗതം ചെയ്യുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍