UPDATES

ചന്ദ്രന്‍ നായര്‍

കാഴ്ചപ്പാട്

ചന്ദ്രന്‍ നായര്‍

ന്യൂസ് അപ്ഡേറ്റ്സ്

ഗോള്‍ഫ് അകത്തും സ്ക്വാഷ് പുറത്തും: വമ്പന്‍മാരുടെ മെഡലെണ്ണം കൂട്ടലാണോ ഒളിമ്പിക് കമ്മിറ്റിയുടെ ലക്ഷ്യം?

പല പ്രതിബന്ധങ്ങളേയും അതിജീവിച്ച് അങ്ങനെ 2016 റിയോ ഒളിമ്പിക്സ് ആരംഭിച്ചിരിക്കുകയാണ്. ലോകം മുഴുവന്‍ നമ്മുടെ കാലത്തെ ഏറ്റവും പ്രഗത്ഭരായ കായിക താരങ്ങളെ കാണുകയാവും- ഉദാഹരണത്തിന്, തന്‍റെ കരിയറിലെ മുപ്പത്തെട്ടാമത് കിരീടം നേടിയ ശേഷം സെറീന വില്ല്യംസ് ചോദിച്ചത് താന്‍ ഒരു സ്ത്രീയായിരിക്കേ തന്നെ ലോകത്തെ “എക്കാലത്തെയും മികച്ച കായിക താരം” എന്നു വിളിക്കപ്പെടില്ലേ എന്നാണ്.

സെറീനയോടും അവരുടെ അനവധി നേട്ടങ്ങളോടും ഒട്ടുംതന്നെ ബഹുമാനക്കുറവില്ലാതെ പറയട്ടെ, “എക്കാലത്തെയും മികച്ച കായിക താരം” എന്ന പദവിയിലേയ്ക്ക് സെറീനയോടു മത്സരിക്കുന്ന മറ്റൊരു വനിതാ താരമുണ്ട്. അവര്‍ക്ക് ഒരിക്കലും ഒരു ഒളിമ്പിക് വേദിയില്‍ മല്‍സരിക്കാന്‍ സാധിച്ചിട്ടില്ല; അവര്‍ സെറീനയെ പോലെ പ്രശസ്തയുമല്ല. മലേഷ്യന്‍ സ്ക്വാഷ് കളിക്കാരിയായ നിക്കോള്‍ ഡേവിഡ് ആണ് ആ താരം; നീണ്ട 108 മാസങ്ങള്‍, ഒന്‍പതു വര്‍ഷക്കാലം തുടര്‍ച്ചയായി അവര്‍ സ്ക്വാഷില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തായിരുന്നു. ടെന്നീസില്‍ സ്റ്റെഫി ഗ്രാഫിന്‍റെയും സെറീനയുടെയും റെക്കോഡുകളേക്കാള്‍ ഏതാണ്ട് രണ്ടു വര്‍ഷം കൂടുതല്‍. സ്വന്തം ഇനത്തില്‍ ഇതുപോലെ  അടക്കിവാണ മറ്റൊരു കായിക താരത്തെ- ആണോ പെണ്ണോ ആവട്ടെ-  നമുക്കു കാണാനാവില്ല.

ഇങ്ങനെയൊക്കെ ആയിരുന്നിട്ടും തന്‍റെ സ്പോര്‍ട്ട്സിനു പുറത്തുള്ള ലോകത്ത് ഡേവിഡിനെ അധികമാരുമറിയില്ല. സ്വന്തം കഴിവുകളെ ലോകത്തിനു മുന്നില്‍ കാണിക്കാനുള്ള അവസരം അവര്‍ക്ക് ലഭിക്കുന്നുമില്ല. 80കളിലും 90കളിലും സ്ക്വാഷ് കളിച്ചിരുന്ന പാക്കിസ്ഥാന്‍റെ ജഹാംഗീര്‍ ഖാനെ കുറിച്ചും ഇതുതന്നെ പറയേണ്ടി വരും. ആ കളിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയത്തിളക്കം അദ്ദേഹതിന്‍റേതാണ്; തുടര്‍ച്ചയായി 555 കളികളില്‍ വിജയം. മറ്റൊരു അത്ലറ്റിനും അവകാശപ്പെടാനാവാത്ത നേട്ടം.

1992ല്‍ ബാഡ്മിന്‍റണ്‍ ഒളിമ്പിക് ഇനം ആകുന്നതിനു മുന്‍പ് ഇന്തോനേഷ്യയുടെ മഹാനായ താരം റൂഡി ഹര്‍ത്തോനോ തുടര്‍ച്ചയായി ഏഴു വര്‍ഷം ഓള്‍-ഇംഗ്ലണ്ട് ചാംപ്യന്‍ഷിപ് (വിംബിള്‍ഡണിന് തത്തുല്യമായ ബാഡ്മിന്‍റണ്‍ കിരീടം) ജേതാവായിരുന്നു. 1972ലെ ഒളിംപിക്സില്‍ ബാഡ്മിന്‍റണ്‍ ഒരു പ്രദര്‍ശന ഇനമായി ഉള്‍ക്കൊള്ളിച്ചപ്പോള്‍ മാത്രമാണ് അദ്ദേഹം ഒളിമ്പിക്സില്‍ പങ്കെടുത്തത്. ഏഷ്യയിലെ ദശലക്ഷക്കണക്കിനാളുകള്‍ കളിക്കുന്ന കായിക ഇനമായ ബാഡ്മിന്‍റണില്‍ ചൈന, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരുടെ ആധിപത്യം കാണാം. എന്നിട്ടും 1972നു ശേഷം പിന്നേയും 20 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഒളിമ്പിക്സില്‍ അതൊരു ഔദ്യോഗിക മല്‍സരയിനമായി ഉള്‍പ്പെടുത്തിയത്.

മറ്റനേകം അത്ലട്ടുകളെ പോലെ ഇവരുടെയും ആദ്യ പ്രതികരണം തങ്ങള്‍ കളിക്കുന്നത് പ്രശസ്തിക്കു വേണ്ടിയല്ല എന്നാകും. എന്നാല്‍ ഡേവിഡിനെ പോലെ പ്രൊഫഷണല്‍ അവസരങ്ങള്‍ ഇല്ലാതെ സ്പോര്‍ട്ട്സ് രംഗത്ത് തുടരുന്നവര്‍ക്ക് ഒളിംപിക്സ് നിസ്സാരമല്ല. അതിവേഗ ഓട്ടക്കാര്‍, നീന്തല്‍ താരങ്ങള്‍, ജിംനാസ്റ്റുകള്‍ തുടങ്ങിയവരൊക്കെ തങ്ങളുടെ അദ്ധ്വാനത്തിന്‍റെയും പരിശീലനത്തിന്‍റെയും പരിപൂര്‍ണ്ണതയായിട്ടാണ് ഒളിംപിക് മല്‍സരങ്ങളെ കാണുന്നത്. ഡേവിഡ് പറയുന്നത് മലേഷ്യയ്ക്കു വേണ്ടി ഒളിംപിക് സ്വര്‍ണ്ണം നേടാന്‍ തന്‍റെ മറ്റെല്ലാ ടൈറ്റിലുകളും സന്തോഷപൂര്‍വ്വം ഉപേക്ഷിക്കുമെന്നാണ്.  

റിയോ ഒളിംപിക്സില്‍ സ്ക്വാഷ് ഒരു മല്‍സരയിനമായി പരിഗണിക്കപ്പെടാനുള്ള അപേക്ഷ നിരസിക്കപ്പെട്ട് ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം 2012-ലാണ് ഡേവിഡ് ഇതു പറഞ്ഞത്. ഗോള്‍ഫിനോടും റഗ്ബിയോടുമാണ് സ്ക്വാഷ് പരാജയപ്പെട്ടത്. വാശിയോടെയുള്ള കാമ്പെയ്നിങ് ആയിരുന്നു ഗോള്‍ഫിന് വേണ്ടി. ടൈഗര്‍ വുഡ്സിനെ പോലെയുള്ള സൂപ്പര്‍ താരങ്ങള്‍ റിയോ ഒളിംപിക്സില്‍ ഗോള്‍ഫ് ഉള്‍പ്പെടുത്തുന്നതിനെ പറ്റി ഇന്‍റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിയെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ക്രമേണ IOC വഴങ്ങി.

ബാസ്കറ്റ്ബോളിന്‍റെ കാര്യമെടുക്കൂ. നാഷണല്‍ ബാസ്കറ്റ് ബോള്‍ അസോസിയേഷനിലെ കോടീശ്വരന്മാരായ കളിക്കാരെ കുത്തിനിറച്ച അമേരിക്കന്‍ ടീമാണ് സ്ഥിരമായി ഈയിനത്തില്‍ സ്വര്‍ണ്ണമെഡല്‍ നേടുന്നത്. അവരോളം ശേഷിയില്ലാത്ത ചെറുകിട രാജ്യങ്ങളിലെ ടീമുകളെ തോല്‍പ്പിച്ചുകൊണ്ട് ആധിപത്യം ഉറപ്പാക്കേണ്ട ആവശ്യം NBA കളിക്കാര്‍ക്കില്ല. ഒളിംപിക്സ് അല്ല അവരെ സംബന്ധിച്ച് എല്ലാം.

ഗോള്‍ഫ് ഉള്‍പ്പെടുത്തിയത്, പിന്നീടു വിലയിരുത്തുമ്പോള്‍ ഒരു മോശം തീരുമാനമാണ് എന്നു കാണാം. ഗോള്‍ഫിലെ ആണുങ്ങളുടെ വിഭാഗത്തിലെ ആദ്യ നാലു റാങ്കുകളില്‍ ഉള്ള കളിക്കാരും ഒപ്പം മറ്റു പലരും ഒളിംപിക്സില്‍ പങ്കെടുക്കുന്നില്ല. സിക വൈറസ് മൂലമുള്ള ‘ആരോഗ്യ പ്രശ്നങ്ങളാ’ണ് കാരണമായി പറഞ്ഞിട്ടുള്ളത്. ഇത് വാസ്തവമാണെന്ന് ആരും കരുതുന്നില്ല. പ്രൊഫഷണല്‍ ഗോള്‍ഫര്‍മാര്‍ എല്ലാവരുംതന്നെ സമ്മതിച്ചിട്ടുള്ള കാര്യമാണ് അവരുടെ കരിയറില്‍ ഒളിംപിക് മെഡല്‍ വളരെ പ്രധാനമല്ല എന്നത്. ഒളിംപിക് ഗോള്‍ഫ് താന്‍ ശ്രദ്ധിക്കാന്‍ തന്നെ പോകുന്നില്ലെന്നും ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങള്‍, നീന്തല്‍, ഡൈവിങ് തുടങ്ങിയ പ്രധാന ഐറ്റങ്ങളാവും ആ സമയത്ത് കാണുകയെന്നും റോറി മാക്കല്‍റോയ് തുറന്നു പറഞ്ഞു.  “ചാംപ്യന്‍ഷിപ്പുകളും കിരീടങ്ങളും നേടാനാണ് ഞാന്‍ ഗോള്‍ഫിലേയ്ക്ക് ഇറങ്ങിയത്. മറ്റുള്ളവരെ ഈ കളിയിലേക്ക് ആകര്‍ഷിക്കാനല്ല,” മാക്കല്‍റോയ് തുടര്‍ന്നു.

എല്ലാം പണത്തിനു വേണ്ടിയാണ് എന്നതിന് തെളിവു വേണോ? ആദ്യ ഒന്‍പത് വനിതാ ഗോള്‍ഫര്‍മാര്‍ സിക മൂലമുള്ള ആരോഗ്യ ഭീഷണികള്‍ വകവയ്ക്കാതെ റിയോയിലേക്ക് പോകുന്നുണ്ട്. സമ്പന്നരായ ആണ്‍ കളിക്കാരുടെയത്രയും പ്രൊഫഷണല്‍ അവസരങ്ങള്‍ അവര്‍ക്കില്ല. അതുകൊണ്ടു തന്നെ ഒളിംപിക്സ് പ്രധാനവുമാണ്.

ഗോള്‍ഫിന്‍റെ ഒളിംപിക്സ് പ്രവേശനം പ്രൊഫഷണല്‍ സ്ക്വാഷ് അസോസിയേഷനെ ന്യായമായും ചൊടിപ്പിക്കുന്നുണ്ട്. PFA ചീഫ് എക്സിക്യൂട്ടീവ് അലക്സ് ഗാഫ് പറയുന്നത് “അങ്ങേയറ്റം അസ്വസ്ഥരാണ് ഞങ്ങള്‍. അവര്‍ക്കിത് വലിയ നേട്ടമല്ലെന്ന് ഗോള്‍ഫര്‍മാര്‍ തന്നെ പറയുന്നു. സ്ക്വാഷ് കളിക്കാരെ ഏറ്റവും നിരാശപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണത്.”

പഴയ മുന്‍നിര സ്ക്വാഷ് കളിക്കാരനായ ജയിംസ് വില്‍സ്ട്രോപ് ഗാര്‍ഡിയനില്‍ ഇങ്ങനെ എഴുതി:

“ഒരുപാട് സ്ക്വാഷ് കളിക്കാര്‍ ധാരാളം പ്രാവശ്യം അഭിമുഖങ്ങളില്‍ ‘ഒളിംപിക്സ് ഞങ്ങളെ സംബന്ധിച്ച് നേട്ടങ്ങളുടെ കൊടുമുടിയാകും’ എന്നു പറഞ്ഞുപറഞ്ഞ് അതിപ്പോള്‍ ഒരു തമാശയായി. ആലോചിച്ചു നോക്കുമ്പോള്‍ നല്ല മല്‍സരങ്ങള്‍ സംഘടിപ്പിച്ച് സ്ക്വാഷിനെ പിന്തുണയ്ക്കുന്ന മറ്റ് വലിയ വേദികളോടുള്ള അവഗണനയായേക്കാം ആ പ്രസ്താവന, പക്ഷേ ഞങ്ങള്‍ ആ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു.”

ടോക്കിയോയില്‍ 2020ല്‍ നടക്കാനിരിക്കുന്ന ഒളിംപിക്സില്‍ നിന്നും 2015ല്‍ സ്ക്വാഷ് പുറന്തള്ളപ്പെട്ടിരിക്കുകയാണ് എന്നതാണ് ഇതിന്‍റെ സങ്കടകരമായ അനുബന്ധം. കരാട്ടേ, ബേസ്ബോള്‍ & സോഫ്റ്റ്ബോള്‍, സര്‍ഫിങ്, സ്പോര്‍ട്ട്സ് ക്ലൈമ്പിങ്, സ്കേറ്റ് ബോര്‍ഡിങ് എന്നിവയോടാണ് പരാജയപ്പെട്ടത്. കരാട്ടേ ഒഴികെയുള്ള ഇനങ്ങളില്‍ കമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് വികസിത രാജ്യങ്ങളുടെ മെഡല്‍ നേട്ടങ്ങള്‍ കൂട്ടാന്‍ സഹായിക്കുന്നവയായിരുന്നു എന്നു തോന്നിപ്പോകും; സ്പോര്‍ട്സിന്‍റെ ജനപ്രിയത അതിലൊരു ഘടകമായിരുന്നില്ല. എത്രപേര്‍ സ്പോര്‍ട്ട്സ് ക്ലൈമ്പിങ് ചെയ്യാറുണ്ട്? ബേസ്ബോള്‍ (കളിക്കാര്‍ക്കിടയിലെ ഡ്രഗ്സ് ഉപയോഗം മൂലം കളിയുടെ ജന്മസ്ഥലമായ അമേരിക്കയില്‍ പേരുദോഷം ഏറ്റ ഇനം) ഒളിംപിക്സില്‍ ഉണ്ടാവേണ്ട ആവശ്യമുണ്ടോ? ഏതാനും രാജ്യങ്ങളില്‍ മാത്രമാണ് ഗൌരവപൂര്‍ണ്ണമായ ബേസ്ബോള്‍ കളികള്‍ നടക്കാറ്. ഒളിംപിക്സ് ബേസ്ബോളിന് ഒരിക്കലും പ്രൊഫഷണല്‍ ലീഗുകളേക്കാള്‍ പ്രധാന്യം ലഭിക്കില്ല; പ്രത്യേകിച്ച് വന്‍തുക ഇറങ്ങുന്ന മേജര്‍ ലീഗ് ബേസ്ബോള്‍.

നിഷ്ക്കര്‍ഷ ആവശ്യമുള്ള, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാള്‍ക്കാര്‍ ആസ്വദിക്കുന്ന കളിയായ സ്ക്വാഷിനോടുള്ള കടുത്ത അവഗണനയാണിത്. ഇതേ പോലെ അവഗണിക്കപ്പെട്ട കളികള്‍ വേറെയുമുണ്ട്. സൌത്ത് ഈസ്റ്റ് ഏഷ്യന്‍ സ്പോര്‍ട്ട്സ് ആയ sepak takraw (കിക്ക് വോളിബോള്‍) കായികക്ഷമതയും ചുറുചുറുക്കും പ്രദര്‍ശിപ്പിക്കുന്ന ഒന്നാണ്. Curling പോലെയുള്ള ചില കാലഹരണപ്പെട്ട കായിക ഇനങ്ങളേക്കാള്‍ ജനപ്രീതിയുള്ള കളിയാണത്; സെയിലിങ് പോലെയുള്ള ഐറ്റങ്ങളെക്കാള്‍ ചെലവ് വളരെ കുറവു മതിയാകും.

നമ്മള്‍ ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ഏതൊക്കെ സ്പോര്‍ട്ട്സ് ഇനങ്ങള്‍ക്കും കായിക താരങ്ങള്‍ക്കും ആണ് ഒളിംപിക്സ് വെള്ളിവെളിച്ചം ആവശ്യമുള്ളത്? സോക്കര്‍, റഗ്ബി, ഗോള്‍ഫ് മുതലായ കളികള്‍ ഉള്‍പ്പെടുത്താനുള്ള കാരണം അവ സന്ദര്‍ശകരെയും ടെലിവിഷന്‍ ചാനലുകളെയും ആകര്‍ഷിക്കുന്നു എന്നതാണ്. പക്ഷേ ഒളിംപിക്സില്‍ പങ്കെടുത്താലും ഇല്ലെങ്കിലും പോപ്പുലര്‍ ആയ കളികളാണ് ഇവ. ഒന്നോര്‍ക്കണം, ഫുട്ബോള്‍ കളിക്കാര്‍, ടെന്നിസ് താരങ്ങള്‍ ഇവരെ പോലെയുള്ളവര്‍ക്ക് ലോകത്തിനു മുന്‍പില്‍ കളിക്കാന്‍ പല വലിയ അവസരങ്ങളുമുണ്ട്; അവസാനം വരെ ഇരുന്നു കാണാന്‍ ലോകമെമ്പാടും കാണികളുണ്ട്. വേള്‍ഡ് കപ്പ് ഉള്ള സ്ഥിതിക്ക് സോക്കര്‍ എന്തിനാണ് ഒളിംപിക്സില്‍?

അത്ലെറ്റിക്സ്, ബാഡ്മിന്‍റണ്‍, നീന്തല്‍, ജിംനാസ്റ്റിക്സ്, ടേബിള്‍ ടെന്നീസ് ഇവയൊക്കെ പോപ്പുലര്‍ സ്പോര്‍ട്ട്സ് അല്ല. കഴിവുറ്റ, എന്നാല്‍ അധികം അറിയപ്പെടാത്ത ഈ കളിക്കാരെ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഒരേയൊരു അവസരം ഒളിംപിക്സ് ആകാം; അതും അവര്‍ ആ കളിക്കു വേണ്ടി ജീവിതം തന്നെ ഉഴിഞ്ഞു വച്ച് പരിശ്രമിക്കുന്നവരാകുമ്പോള്‍. ആഗോളതലത്തില്‍ ഇങ്ങനെ മാധ്യമങ്ങള്‍ അവഗണിക്കുന്ന, ഗ്ലാമര്‍ ഇനങ്ങളിലെ പണവും പ്രശസ്തിയും മൂലം പിന്തള്ളപ്പെടുന്ന കായികയിനങ്ങള്‍ വേണം ഒളിംപിക്സില്‍ ആഘോഷിക്കപ്പെടാന്‍.

നിക്കോള്‍ ഡേവിഡ്, നിങ്ങള്‍ക്ക് ആ വാക്കിന്‍റെ ശരിയായ അര്‍ത്ഥത്തില്‍ ഒരു ഒളിംപ്യനാവാനുള്ള എല്ലാ അര്‍ഹതയുമുണ്ട്. നിങ്ങള്‍ക്കവകാശപ്പെട്ട വേദി നിഷേധിച്ച IOC നിങ്ങളോട് ക്ഷമാപണം ചെയ്യണം. നിങ്ങളുടെ അല്‍ഭുതപ്പെടുത്തുന്ന കഴിവുകള്‍ ഒളിംപിക്സ് വേദിയില്‍ കാണാന്‍ അവസരം നിഷേധിച്ചതിന് അവര്‍ ഞങ്ങളോടും മാപ്പു പറയേണ്ടതാണ്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

ചന്ദ്രന്‍ നായര്‍

ചന്ദ്രന്‍ നായര്‍

ഹോങ്കോങ്ങ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാന്‍ ഏഷ്യന്‍ വിദഗ്ധരുടെ സ്വതന്ത്ര കൂട്ടായ്മയായ ഗ്ലോബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ടുമോറോയുടെ (GIFT) സ്ഥാപകനും സി ഇ ഒയുമാണ് ചന്ദ്രന്‍ നായര്‍. വേള്‍ഡ് എക്കണോമിക് ഫോറം, APEC ഉച്ചകോടികള്‍, OECD സമ്മേളനങ്ങള്‍ നിരവധി യു എന്‍ സമ്മേളനങ്ങള്‍ എന്നിവയിലെ സ്ഥിരം പ്രാസംഗികനായ ചന്ദ്രന്‍ നായര്‍ വേള്‍ഡ് എക്കണോമിക് ഫോറത്തിന്റെ ഗ്ലോബല്‍ അജണ്ട കൌണ്‍സില്‍ ഓണ്‍ ഗവേര്‍ണന്‍സ് ഫോര്‍ സസ്റ്റൈനബിലിറ്റിയില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു. 2004 വരെ ഏഷ്യയിലെ പ്രധാന പരിസ്ഥിതി ഉപദേശക സ്ഥാപനമായ എന്‍വയോണ്‍മെന്‍റല്‍ റിസോഴ്സ് മാനേജ്മെന്റിന്‍റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. Consumptionomics: Asia's Role in Reshaping Capitalism and Saving the Planet’ എന്ന പുസ്തകത്തിന്റെ രചയിതാവായ ഇദ്ദേഹം ഫോര്‍ബ്സിന്‍റെ 100 ധനികരുടെ പട്ടികയ്ക്ക് ബദലായി തയ്യാറാക്കിയ The Other Hundred എന്ന നോണ്‍-പ്രോഫിറ്റ് ബുക്ക് പ്രോജക്റ്റിന്‍റെ ഉപജ്ഞാതാവ് കൂടിയാണ്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍