UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റിയോ; മറക്കില്ല ഈ മുഹൂര്‍ത്തങ്ങള്‍

Avatar

പ്രമീള ഗോവിന്ദ് എസ്.

ഒളിംപിക്‌സിന്റെ ഏറ്റവും വലിയ പ്രത്യേകത ഭാഗ്യതാരകം തുണയ്ക്കുന്നത് എപ്പോഴെന്നോ ഏറ്റവും മോശം പിഴവിലേക്ക് പോകുന്നത് എപ്പോഴെന്നോ പറയാനാകാത്ത അവസ്ഥയാണ്. ഉസൈന്‍ ബോള്‍ട്ടിനെയും മൈക്കല്‍ ഫേല്‍പ്‌സിനെയും സിമോണ്‍ ബൈല്‍സിനെയും റയാന്‍ ലോട്ടിനെയും ഒക്കെ ഭാഗ്യതാരകം കടാക്ഷിച്ചപ്പോള്‍ ചിലരെയൊക്കെ നമ്മള്‍ അറിയുന്നത് വികാരപരമായ അനുയോജ്യമല്ലാത്ത ചില പ്രതികരണങ്ങളില്‍ കൂടിയായിരുന്നു. അപ്രതീക്ഷിതമായ നേട്ടത്തിനോടും നഷ്ടത്തിനോടും മനുഷ്യന്റെ പ്രതികരണം എപ്പോഴും അകൃത്രിമമായിരിക്കും.

റിസാക്കോ കുവായ് എന്ന് ജപ്പാന്‍കാരി 63 കിലോഗ്രാം വിഭാഗത്തില്‍ ഗുസ്തിയില്‍ സ്വര്‍ണ്ണം ലഭിച്ചപ്പോള്‍ പരീശീലകനെ മര്‍ദ്ദിച്ചും തോളിലേറ്റിയുമാണ് സന്തോഷം പ്രകടിപ്പിച്ചത്.

അയര്‍ലന്‍ഡിന് തുഴച്ചിലില്‍ ആദ്യത്തെ മെഡല്‍ നേടികൊടുക്കുന്നത് സഹോദരങ്ങളായ ഗാരിയും പോള്‍ ഒ ഡോനോവനും ആണ്. വെസ്റ്റ് കോര്‍ക്കില്‍ നിന്നുള്ള ഇവര്‍ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍ വിഭാഗത്തില്‍ വെള്ളിയാണ് നേടിയത്. മെഡല്‍നേട്ടത്തിന് ശേഷം ഐറിഷ് പ്രക്ഷേപകരായ ആര്‍ ടി ഇ സ്‌പോര്‍ട്ടിന് ഇവര്‍ നല്കിയ അഭിമുഖമാണ് രസകരം.

ജുഡോ മത്സരത്തില്‍ ഇസ്രായേലിന്റെ ഓര്‍ സാസണ്‍ തന്റെ എതിരാളിയായ ഇസ്ലാം എല്‍ ഷഹാബിയെ തോല്‍പ്പിച്ച ശേഷം ഹസ്തദാനം നല്‍കാന്‍ ചെന്നു. എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് എല്‍ ഷബാബി കൈകൊടുക്കാന്‍ വിസമ്മതിച്ചു. എതിരാളിക്ക് ഹസ്തദാനം നല്‍കണമെന്ന് ജൂഡോ നിയമങ്ങളിലെങ്ങും പറയുന്നില്ല എന്നായിരുന്നു ഷെബാബിയുടെ പ്രതികരണം. ഹസ്തദാനം സംഭവിക്കുന്നത് രണ്ട് സുഹൃത്തുക്കള്‍ തമ്മിലാണ്. ഓര്‍ സാസണ്‍ തന്റെ മിത്രമല്ല ശത്രുവാണ്. ഈ സാഹചര്യത്തില്‍ ലോകം മുഴുവന്‍ കാഴ്ചക്കാരായി നില്‍ക്കുമ്പോള്‍ താന്‍ അതിന് തയ്യാറല്ല എന്നും ഷബാബി കൂട്ടിച്ചേര്‍ത്തു.

നിയമം അനുശാസിക്കുന്നില്ലെങ്കിലും കാഴ്ചക്കാരുടെ ഭാഗത്ത് നിന്ന് പൊടുന്നനെ ഉയര്‍ന്നത് സ്റ്റേഡിയം മുഴുങ്ങി കേട്ട കൂവലുകളായിരുന്നു. ഒളിംപിക് കമ്മിറ്റിയുടെ കര്‍ശനമായ താക്കീതും തൊട്ടുപിന്നാലെ എത്തി. സമാപന ചടങ്ങുകള്‍ അവസാനിക്കാന്‍ കാത്ത് നില്‍ക്കാതെ ഷഹബാബിയെ കെയ്‌റോയിലേക്ക് മടക്കി അയക്കുകയും ചെയ്തു.

മത്സരത്തിന് ശേഷമുള്ള ഷഹബാബിയുടെ പെരുമാറ്റം സൗഹൃദത്തിലൂന്നിയ നീതിയുക്തമായ ഒളിംപിക്‌സ് മൂല്യങ്ങള്‍ക്ക് വിരുദ്ധമായിരുന്നു എന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വ്യക്തമാക്കിയത്. 100 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ സാസണ് വെങ്കലമാണ് ലഭിച്ചത്.

വനിതകളുടെ 5000 മീറ്റര്‍ ഹീറ്റ് മത്സരത്തില്‍ ന്യുസീലന്‍ഡിന്റെ നിക്കി ഹാംബ്ലിന്‍ മത്സരത്തിനിടയില്‍ കാലിടറി വീണതും തുടര്‍ന്നുള്ള സംഭവങ്ങളും ലോകം വീക്ഷിച്ചത് അത്യാദരവോടെയാണ്. നിക്കിക്ക് തൊട്ടുപിന്നില്‍ ഓടിയിരുന്ന അമേരിക്കക്കാരിയായ ഡി അഗോസ്റ്റിനോയും കൂട്ടത്തില്‍ വീണു. വീണിടത്ത് നിന്ന് എഴുന്നേറ്റ അഗോസ്റ്റിന, നിക്കിയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുകയും ഓട്ടം തുടരാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഇത്തവണ പക്ഷെ വീണ്ടും ഓടി തുടങ്ങിയപ്പോള്‍ അഗോസ്റ്റിനക്കാണ് വീഴ്ച സംഭവിച്ചത്. വീഴ്ചയില്‍ വലത് മുട്ടിന് പരിക്കേറ്റ അഗോസ്റ്റിന ഓട്ടം മതിയാക്കി. ഇത് കണ്ട ഹാംബ്ലിന്‍ അഗോസ്റ്റിനയുടെ സഹായത്തിനെത്തി. മത്സരത്തില്‍ തോറ്റെങ്കിലും പരസ്പരം സഹായത്തിനെത്തിയ ഇവരെ അധികൃതര്‍ ഫൈനലിലേക്ക് കടക്കാന്‍ അനുവദിച്ചു. വെള്ളിയാഴ്ച ഫൈനല്‍ മത്സരത്തില്‍ കാല്‍മുട്ടിന്റെ പരിക്ക് മുലം അഗോസ്റ്റിനക്ക് മത്സരിക്കാന്‍ കഴിഞ്ഞില്ല. ഹാംബ്ലിന്‍ 17-ആം സ്ഥാനക്കാരിയായി ഫിനിഷ് ചെയ്തു. എങ്കിലും കൈയടിയും ആര്‍പ്പുവിളികളുമായാണ് കായികപ്രേമികള്‍ ഹാംബ്ലിനെ വരവേറ്റത്.

ദൈവം തന്റെ ഹൃദയത്തെ അങ്ങനെ പെരുമാറാന്‍ പാകപ്പെടുത്തി എന്നത് മാത്രമാണ് തനിക്ക് മനസ്സിലാകുന്നത് എന്നാണ് 24-കാരിയായ അഗസ്റ്റിനോ പിന്നീട് പ്രതികരിച്ചത്. റിയോയില്‍ മത്സരിക്കാന്‍ വേണ്ടി മാത്രമല്ല താന്‍ എത്തിയത് എന്നും മനസ്സിലാക്കിയിരിക്കുന്നു എന്നാണ് നിക്കിയെ സഹായിച്ച നിമിഷത്തെ കുറിച്ച് അഗോസ്റ്റിന പറയുന്നത്.

ഡച്ചുകാരിയായ അഡ്‌ലിന്‍ഡ് കോര്‍ണലിസണ്‍ തന്റെ കുതിരയുമായി ഒളിംപിക്‌സിനെത്തുന്നത് വലിയ പ്രതീക്ഷകളുമായാണ്. മുന്‍പ് 2012-ല്‍ വ്യക്തിഗതയിനത്തില്‍ വെള്ളിയും ടീം ഇനത്തില്‍ വെങ്കലവും ഇവര്‍ നേടിയിരുന്നു. മത്സരത്തിന് കുറച്ച് ദിവസം മുന്‍പാണ് കൊതുക് കടിയെ തുടര്‍ന്ന് കുതിരക്ക് രോഗം പിടിപെടുന്നത്. ചുമരില്‍ തൊഴിക്കുന്നത് കണ്ട പരിശോധിക്കുമ്പോള്‍ പര്‍വിസാളിന്റെ തലയുടെ വലത് വശത്ത് നീരുണ്ടായിരുന്നു. കുതിരയ്ക്ക് പനിച്ചിരുന്നതായും അഡ്‌ലിന്‍ഡ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ആണ് അറിയിച്ചത്. പര്‍വിസാളിന്റെ പനി കുറയുകയും മത്സരിക്കാന്‍ പ്രാപ്തനാണെന്ന് മൃഗഡോക്ടര്‍മാര്‍ വ്യക്തമാക്കുകയും ചെയ്തു. പക്ഷെ തന്റെ പ്രിയപ്പെട്ട കുതിരയെ സംരക്ഷിക്കാനായി മത്സരത്തില്‍ നിന്ന് പിന്‍മാറുന്നതായി അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. പോരാളിയായ പര്‍വിസാള്‍ തോല്‍ക്കില്ല എന്ന് തനിക്ക് ഉറപ്പുണ്ട്. പക്ഷെ ജീവിതം മുഴുവന്‍ തനിക്ക് സമര്‍പ്പിച്ച പര്‍വിസാളിനാേട് ഇത് ചെയ്യാനാവില്ല. അതുകൊണ്ടാണ് താന്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയതെന്നും അഡ്‌ലിന്‍ഡ് വെളിപ്പെടുത്തി.

ചൈനയില്‍ നിന്നുള്ള 20-കാരിയായ നീന്തല്‍താരം ഫു യുവാന്‍ ഹുയി ലോകശ്രദ്ധ നേടുന്നത് 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ഫൈനലിലേക്ക് യോഗ്യത നേടി എന്നറിയുമ്പോഴുള്ള നിഷ്‌കളങ്കമായ പ്രതികരണത്തിലൂടെയാണ്. ചൈനയിലെ സിസിസിടിവി 5 എന്ന ചാനലിലെ അവതാരകയുടെ വാക്കുകളോട് ശരിക്കും ഞാന്‍ അത്ര വേഗത്തിലായിരുന്നോ എന്ന് മറുചോദ്യമാണ് ഫു ഉന്നയിച്ചത്. തന്റെ മുഴുവന്‍ ഊര്‍ജ്ജവും ഉപയോഗിച്ചാണ് നീന്തിയത് എന്ന് ഫൂവിന്റെ വാക്കുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. മാസമുറയുടെ വേദനയുമായി നീന്തുന്നതിന്റെ ബുദ്ധിമുട്ടിനെ കുറിച്ച് തുറന്ന് പ്രതികരിക്കുന്ന ആദ്യ നീന്തല്‍താരവും ഫൂ ആയിരിക്കണം. ഫൈനലില്‍ വെങ്കലവുമായി ആണ് ഫൂ ചൈനയിലേക്ക് മടങ്ങിയത്. ഇതോടെ ലക്ഷകണക്കിന് ആരാധകരാണ് വെയ്‌ബോ എന്ന ചൈനീസ് ടിറ്റ്വറില്‍ ഫൂവിനെ പിന്തുടരാന്‍ തുടങ്ങിയത്.

ഒളിംപിക്‌സില്‍ പൊതുവേ കൂകി വിളിക്കുന്ന പതിവില്ല.പക്ഷെ ബ്രസീലില്‍ മത്സരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കുമിടയില്‍ ജനങ്ങള്‍ കൂട്ടമായി കൂകി വിളിച്ച് പ്രതികരിക്കാറുണ്ട്. പോള്‍വോള്‍ട്ട് മത്സരത്തിനിടെ ബ്രസീലിന്റെ തിയാഗോ ബ്രാസ് ഡിസെല്‍വക്ക് വേണ്ടി തനിക്കെതിരേ കൂകി വിളിച്ച ആരാധകര്‍ ഫ്രാന്‍സിന്റെ റിനോഡ് ലാവില്ലിനെയെ അമ്പരിപ്പിച്ചു. മത്സരം അവസാനിച്ചപ്പോള്‍ തിയോഗോഡി സെല്‍വക്ക് സ്വര്‍ണ്ണവും റിനോഡിന് വെള്ളിയുമാണ് ലഭിച്ചത്. നാസി ജര്‍മ്മനി, അമേരിക്കക്കാരനായ ജെസി ഓവന്‍സിനെ 1936-ലെ ബര്‍ലിന്‍ ഒളിംപിക്‌സില്‍ അധിക്ഷേപിച്ചതിനോടാണ് സംഭവത്തെ റിനോഡ് ഉപമിച്ചത്. സോഷ്യല്‍ മീഡയില്‍ കനത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയമായതോടെ റിനോഡ് മാപ്പ് പറഞ്ഞ് തലയൂരി. അന്ന് വൈകിട്ട് മെഡല്‍ദാന ചടങ്ങില്‍ വെച്ചും ബ്രസീലുകാര്‍ റിനോഡിനെ കൂകി വിളിച്ചു. ഇത്തവണ റിനോഡ് കരച്ചിലിന്റെ വക്കോളമെത്തി. ഒടുവില്‍ ഒളിംപിക് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക്ക് തന്നെ രംഗത്തെത്തി. ആരാധകരുടെ കൂവല്‍ തന്നെ ഞെട്ടിച്ചു എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ഒളിംപിക്‌സില്‍ ഇത് അനുവദിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

ആരാധകരേയും ലോകത്തെയും ഒരുപോലെ അമ്പരിപ്പിച്ചത് ഒളിംപിക് വേദിയിലെ ഒരു പ്രണയാഭ്യര്‍ത്ഥനയാണ്. മത്സരത്തില്‍ വെള്ളി നേടിയതിന് തൊട്ടു പിന്നാലെ ലോകത്തെ മുഴുവന്‍ സാക്ഷി നിര്‍ത്തിയാണ് അമേരിക്കന്‍ ട്രിംപിള്‍ ജംപറായ വില്‍ ക്ലേ തന്റെ കാമുകിയായ ക്വീന്‍ ഹാരിസണോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. 2008-ല്‍ ഹര്‍ഡില്‍സ് വിഭാഗത്തിലെ ഒളിംപ്യനാണ് ക്വീന്‍ ഹാരിസണ്‍. റിയോയില്‍ നടന്ന നാല് വിവാഹനിശ്ചയങ്ങളില്‍ ഒന്നായിരുന്നു ഇത്.

ചൈനീസ് മുങ്ങല്‍ വിദഗ്ദനായ കിന്‍ കായ് തന്റെ ദീര്‍ഘകാലത്തെ കാമുകിയായ ഹേ സീക്ക് ഡൈവിങ്ങില്‍ വെള്ളി ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. കിന്‍ കായ്ക്ക് നേരത്തെ വെങ്കലം ലഭിച്ചിരുന്നു.

മര്‍ജോറി എന്‍യാ എന്ന ഗെയിംസ് വോളണ്ടിയര്‍ തന്റെ കാമുകിയും റഗ്ബി താരവുമായ ഇസഡോറ സെറുല്ലയോട് മത്സരത്തിന് തൊട്ടുപിന്നാലെയാണ് വിവാഹഭ്യര്‍ത്ഥന നടത്തിയത്. ബ്രീട്ടീഷ് റേസ് വാക് താരം ടോം ബോസ്വര്‍ത്തും തന്റെ കാമുകനോട് കോപ്പാകബാനാ ബീച്ചില്‍ വെച്ച് വിവാഹഭ്യര്‍ത്ഥന നടത്തി.

കടപ്പാട്: http://www.npr.org)

(പ്രമുഖ പ്രവാസി മാധ്യമപ്രവര്‍ത്തകയും നിലവില്‍ ദുബായ് വോയ്‌സ് ഓഫ് കേരള റേഡിയോയിലെ വാര്‍ത്താധിഷ്ഠത പരിപാടികളുടെ അവതാരകയുമാണ് ലേഖിക. ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോ, തിരുവനന്തപുരം ഏഷ്യാനെറ്റ്, വിവിധ അച്ചടി പ്രസീദ്ധികരണങ്ങളിലും, വിഷ്വല്‍ മിഡീയ, ഓണ്‍ലൈന്‍ മേഖലയിലും സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്.) 

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍