UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വംശീയത; സൂപ്പര്‍മോഡല്‍ ഗിസലെയുടെ ഒളിംപിക്‌സ് സ്‌കിറ്റ് വിവാദത്തില്‍

Avatar

ജോഷ്വ പാര്‍ട്‌ലോ, ഡോം ഫിലിപ്‌സ്
(വാഷിങ്ടണ്‍ പോസ്റ്റ്)

ബ്രസീലിയന്‍ സംസ്‌കാരത്തിന്റെ ഉല്ലാസഭരിതമായ ആഘോഷമായിരുന്നു അത്. എന്നാല്‍ അതിലെ ഒരു ഭാഗം  ഞായറാഴ്ച നടന്ന ഒളിംപിക്‌സ് ഉദ്ഘാടന പരിപാടിയുടെ ഡ്രസ് റിഹേഴ്‌സലില്‍ പലരെയും ഞെട്ടിച്ചു. സൂപ്പര്‍മോഡല്‍ ഗിസലെ ബന്‍ഷെന്‍ ചേരിയില്‍നിന്നുള്ള ഒരു കറുത്ത കുട്ടിയുടെ മോഷണത്തിനിരയാകുന്ന രംഗമായിരുന്നു അത്.

‘അത് തികച്ചും അസ്വീകാര്യമാണ്,’ റിഹേഴ്‌സലില്‍ ക്ഷണിക്കപ്പെട്ടവരില്‍ ഒരാളായിരുന്ന റിയോ ഡി ജനീറോ ഫെഡറല്‍ സര്‍വകലാശാലയിലെ കമ്യൂണിക്കേഷന്‍സ് വിഭാഗം തലവന്‍ ഫെര്‍നാണ്ടോ ആല്‍വാരെസ് സാലിസ് പറഞ്ഞു. ‘രംഗം ഉപേക്ഷിച്ചേ തീരൂ.’

അത് ഉപേക്ഷിക്കപ്പെടുമെന്നാണു തോന്നുന്നത്.

വെള്ളിയാഴ്ച ആരംഭിക്കുന്ന ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച ആഘോഷങ്ങള്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. വിവരങ്ങളൊന്നും പുറത്തുവിടില്ലെന്ന് തനിക്ക് കരാര്‍ ഒപ്പിടേണ്ടിവന്നതായി ഷോയുടെ ക്രിയേറ്റിവ് ഡയറക്ടറും ചലച്ചിത്രകാരനുമായ ഫെര്‍നാണ്ടോ മെയ്‌റെല്ലസ് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഞായറാഴ്ച നടന്ന ഡ്രസ് റിഹേഴ്‌സലിലേക്കു ക്ഷണിക്കപ്പെട്ടത് ആയിരക്കണക്കിന് ആളുകളാണ്. മാരക്കാന സ്റ്റേഡിയത്തില്‍ നടന്ന ഇതിനെപ്പറ്റിയുള്ള നുറുങ്ങുകള്‍ പെട്ടെന്നു തന്നെ ഇന്റര്‍നെറ്റ് നിറഞ്ഞു.


ഫെര്‍നാണ്ടോ മെയ്‌റെല്ലസ്

ലോകമെമ്പാടുമുള്ള കോടിക്കണക്കിനാളുകള്‍ കാണുമെന്നു കരുതപ്പെടുന്ന ചടങ്ങില്‍ ആമസോണ്‍ പോലെയുള്ള ബ്രസീലിന്റെ പ്രാകൃതിക അത്ഭുതങ്ങള്‍, സാംബ മുതല്‍ ഫങ്ക് വരെയുള്ള സംഗീത പൈതൃകം, ചരിത്രം, സാങ്കേതിക മികവുകള്‍ എന്നിവ ചിത്രീകരിക്കപ്പെടുമെന്നാണു കരുതുന്നത്. രാജ്യത്തെ ദരിദ്രമായ നഗര ചേരികളിലെ ജീവിതവും പരാമര്‍ശിക്കപ്പെടും.

ഷോയില്‍ ഒരു സ്‌കിറ്റ് ലളിതമായി വസ്ത്രം ധരിച്ച ഒരു കറുത്ത ബാലന്‍ ഗിസലെയെ കൊള്ളയടിക്കുന്നതാണ്. തുടര്‍ന്ന് പൊലീസ് വേട്ട. ഫോല്‍ഹ ദെ എസ് പൗലോ എന്ന പത്രത്തിലെ വാര്‍ത്ത അനുസരിച്ച് ഗിസലെ ‘ദ് ഗേള്‍ ഫ്രം ഇപാനെമ’ എന്ന ഗാനത്തോടെ പ്രവേശിക്കുകയും കൊള്ളയടിക്കപ്പെടുകയുമാണ്.അവസാനസന്ദേശം സമാധാനമാണെന്നും’ പത്രം പറയുന്നു.

വംശവിദ്വേഷത്തെ ഊട്ടിയുറപ്പിക്കുന്നതാണ് രംഗമെന്ന് സാലെസ് പറയുന്നു. അക്രമികളായ കറുത്ത യുവാക്കള്‍ എന്ന പതിവു ചിത്രീകരണമാണ് ഇതും. സംഘാടകര്‍ പരിപാടിയില്‍ മാറ്റം വരുത്തുമെന്ന് സാലെസ് കരുതുന്നു.

‘സിറ്റി ഓഫ് ഗോഡ്’, ‘ദ് കോണ്‍സ്റ്റന്റ് ഗാര്‍ഡനര്‍’, ‘ബ്ലൈന്‍ഡ്‌നസ്’ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മെയ്‌റെല്ലസ് പറയുന്നത് കാഴ്ചക്കാരും മാധ്യമങ്ങളും ഷോയുടെ ഈ ഭാഗം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നാണ്. ‘ഭീകരമായ തെറ്റിദ്ധാരണ’ എന്നാണ് വിവാദത്തെപ്പറ്റി അദ്ദേഹത്തിന്റെ നിലപാട്.

‘ഉദ്ഘാടനച്ചടങ്ങില്‍ അത്തരമൊരു രംഗം ചെയ്യുന്നതിനെപ്പറ്റി ആലോചിച്ചുനോക്കൂ,’ അദ്ദേഹം വാഷിങ്ടണ്‍ പോസ്റ്റിനയച്ച ഇ മെയില്‍ സന്ദേശത്തില്‍ പറഞ്ഞു. ‘എനിക്ക് അത്ര വിവരമില്ലായ്കയില്ല.’

കടല്‍ത്തീരത്തെ ഒരു കച്ചവടക്കാരന്‍ ഗിസലെയുമായി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതാണു രംഗമെന്ന് മെയ്‌റെല്ലസ് പറയുന്നു. ഗാര്‍ഡ് ഇതു തടയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഗിസലെ കച്ചവടക്കാരന്റെ രക്ഷയ്‌ക്കെത്തുന്നു.

‘അത് തമാശയായി ഉദ്ദേശിച്ചതാണെങ്കിലും ഫലിച്ചില്ല. അതിനാല്‍ ഞങ്ങള്‍ അത് മാറ്റി. രണ്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ കച്ചവടക്കാരനു പിന്നാലെ പായുന്നതൊഴികെ കവര്‍ച്ചയെന്നു തോന്നിക്കുന്ന ഒന്നും അതിലുണ്ടായിരുന്നില്ല. അവര്‍ മൂന്നുപേരും പ്രഫഷനല്‍ വിദൂഷകരാണ്.’

ഫോല്‍ഹ ദെ എസ് പൗലോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചുമണിക്കൂറോളം നീണ്ട റിഹേഴ്‌സല്‍ ബ്രസീലിന്റെ ചരിത്രം വരച്ചിടുന്നു. കോളനിവാഴ്ചയ്ക്കു മുന്‍പുള്ള കാലവും പോര്‍ച്ചുഗീസുകാരുടെ വരവും വിവരിക്കുന്നു. മറ്റൊരു ഭാഗത്ത് ബ്രസീലുകാരനായ ആല്‍ബര്‍ട്ടോ സാന്റോസ് ഡ്യുമോണ്ട് രൂപകല്‍പന ചെയ്ത വിമാനം പറന്നുയരുന്നുമുണ്ട്.


മാരക്കാന സ്റ്റേഡിയം

ഈയിടെ വന്ന ഒരു പരസ്യത്തിലും ബ്രസീലിലെ നഗര ചേരികളിലെ കള്ളന്മാരെപ്പറ്റി പരാമര്‍ശമുണ്ട്. നോര്‍വീജിയന്‍ റീട്ടെയിലറായ എക്‌സ് എക്‌സ് എല്ലിന്റെ പരസ്യത്തില്‍ ഒരു ബൈക്ക് യാത്രക്കാരന്റെ പഴ്‌സ് വീണുപോകുന്നതു കാണുന്ന കുട്ടിയാണ് കഥാപാത്രം. കുട്ടി അതു മോഷ്ടിച്ചുവെന്നു കരുതി പൊലീസ് പിന്തുടരുന്നുവെങ്കിലും അവന്‍ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പിക്കുന്നു. ഉടമയായി രംഗത്തെത്തുന്നത് ബ്രസീല്‍ ഫൂട്‌ബോള്‍ താരം റൊണാള്‍ഡീഞ്ഞോയാണ്.

റിയോ 2016 ഒളിംപിക്‌സ് വെബ്‌സൈറ്റിലെ ഒരു അഭിമുഖത്തില്‍ മെയ്‌റെല്ലസ് പ്രതീക്ഷിക്കുന്നത് സാമ്പത്തിക മാന്ദ്യവും ഉയര്‍ന്ന കുറ്റകൃത്യ നിരക്കുമുള്ള സമയത്തു നടക്കുന്ന ഉദ്ഘാടനച്ചടങ്ങ് ബ്രസീലിന്റെ നിരാശയ്ക്കുള്ള ഔഷധമാകും എന്നാണ്. ‘അതു കാണുന്ന ബ്രസീലുകാര്‍ക്ക് ഞങ്ങള്‍ നല്ലവരാണെന്നു പറയാനാകും. ഞങ്ങള്‍ വിവിധ വംശങ്ങളില്‍പ്പെട്ടവരാണെന്നും ഒരുമിച്ചു ജീവിക്കുന്നുവെന്നും ഒരിക്കലും യുദ്ധം ചെയ്തില്ലെന്നും സമാധാനകാംക്ഷികളാണെന്നും പറയാനാകും. ജീവിതം എങ്ങനെ ആസ്വദിക്കണമെന്ന് അറിയുന്നവരും സന്തോഷമുള്ളവരുമാണെന്നു പറയാനാകും.’

‘എതിര്‍ക്കുന്നവരെ നേരിടാന്‍ ഞാന്‍ തയാറാണ്,’ മെയ്‌റെല്ലസ് കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍