UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിക്ക; ഒളിമ്പിക്സ് മാറ്റണോ?

Avatar

ലെന എച്ച് സന്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

സിക്ക വൈറസ് ഭീഷണി ഉള്ളതുകൊണ്ട് റിയോഡിജനീറോയില്‍ നിന്ന് ഒളിമ്പിക്സ് മാറ്റുകയോ തീയതി നീട്ടിവയ്ക്കുകയോ ചെയ്യണമെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാനിനോട് ആവശ്യപ്പെട്ടുകൊണ്ട് ലോകത്തിലെ നൂറിലേറെ പ്രമുഖ ഫിസിഷ്യന്‍മാരും ബയോഎത്തിസിസ്റ്റുമാരും ശാസ്ത്രജ്ഞരും രംഗത്ത്.  

ഒളിമ്പിക്സും പാരാളിമ്പിക്സും നടക്കുന്ന ബ്രസീലില്‍ തന്നെയാണ് ഈ കൊതുകുജന്യപകര്‍ച്ചവ്യാധിയുടെ സിരാകേന്ദ്രവും.

ബ്രസീല്‍, ജപ്പാന്‍, ഇസ്രായേല്‍, റഷ്യ, സ്വീഡന്‍, സൌത്ത് ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള നൂറ്റമ്പതിലേറെ ആളുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ലോകാരോഗ്യസംഘടനയോട് ഈ വിഷയത്തില്‍ ഇടപെടണമെന്നും ഗെയിംസ് റിയോയില്‍ നടത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയോട് ആവശ്യപ്പെടണം. 

“ബ്രസീലില്‍ നടക്കാന്‍ പോകുന്ന ഒളിമ്പിക്സില്‍ ഉള്‍പ്പെടുന്ന റിസ്ക്കുകളെപ്പറ്റി തുറന്ന, സുതാര്യമായ ഒരു ചര്‍ച്ചയ്ക്ക് തുടക്കമിടണം എന്നാണു ഞങ്ങളുടെ ആഗ്രഹം.” ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ബയോഎത്തിസിസ്റ്റ് ആയ ആര്‍തര്‍ കാപ്ലാന്‍ പറയുന്നു.

ലോകാരോഗ്യസംഘടനയില്‍ നിന്ന് “സുരക്ഷ ഉറപ്പുവരുത്തും എന്ന വാഗ്ദാന”മല്ല ഞങ്ങള്‍ ആവശ്യപ്പെടുന്നത്. “സ്വതന്ത്ര വിദഗ്ദരുടെ ഇടയില്‍ ഉള്ള സത്യസന്ധമായ ഒരു ചര്‍ച്ചയാണ് ഞങ്ങളുടെ ലക്‌ഷ്യം.”

“റിയോയിലാണ് ഒടുവില്‍ ഇത് നടക്കുന്നതെങ്കില്‍, എന്തുകൊണ്ട് എന്നും അതിലെ റിസ്ക്കുകളും ബാധ്യതകളും എന്തൊക്കെ എന്നും അറിയാനുള്ള അവകാശം ലോകത്തിനുണ്ട്”, കാപ്ലാന്‍ പറയുന്നു.

ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ലീ ഇഗല്‍, ഒട്ടാവ സര്‍വകലാശാലയിലെ ബയോളജിസ്റ്റ് അമീര്‍ അട്ടാരന്‍, സൂറിച്ച് സര്‍വകലാശാലയിലെ സീനിയര്‍ ഗവേഷകന്‍ ക്രിസ്റ്റഫര്‍ ഗാഫ്നി, എന്നിവരാണ് ഈ ആവശ്യമുന്നയിച്ച പ്രമുഖര്‍.

ഇവരെല്ലാം കഴിഞ്ഞ ആഴ്ചകളിലും മാസങ്ങളിലും ഒക്കെ സിക്ക കാരണം ഗെയിംസ് മാറ്റിവയ്ക്കണം എന്ന അഭിപ്രായം രേഖപ്പെടുത്തി പഠനങ്ങളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയവരാണ്.

സിക്കയ്ക്ക് ഇത് വരെ ഗവേഷകര്‍ക്ക് അറിയാന്‍ കഴിയാത്ത ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം എന്നും റിയോ ഡി ജനീറോ ഈ രോഗം ഏറ്റവും കൂടുതല്‍ ബാധിച്ച ഇടങ്ങളില്‍ ഒന്നാണ് എന്നും റിയോയുടെ കൊതുകുനിവാരണം പ്രതീക്ഷയ്ക്കൊത്ത് ഫലവത്തായില്ല എന്നും ഇവര്‍ പറയുന്നു.

ഗര്‍ഭകാലത്ത് ഉണ്ടാകുന്ന സിക്ക അണുബാധ ഗുരുതരമായ ബുദ്ധിപ്രശ്നങ്ങള്‍ക്ക് കാരണമാകാം. ചെറിയ തലയും ശരീരത്തിനും ബുദ്ധിക്കുമുള്ള പ്രശ്നങ്ങളും ഉണ്ടാകുന്ന മൈക്രോസെഫാലി എന്ന രോഗവും ഇതിന്റെ ഫലമായി ഉണ്ടാകുന്നുണ്ട്. ഈ വൈറസ് മുതിര്‍ന്നവരില്‍ മാനസികപ്രശ്നങ്ങളും ഉണ്ടാക്കാം. കൊതുകിലൂടെ പ്രധാനമായും പടരുന്ന സിക്ക ലൈംഗികബന്ധത്തിലൂടെയും പകരാം.

ഒളിമ്പിക് പ്രദേശമായ ബാര ദ ടിജുകയില്‍ 2015ല്‍ ഉണ്ടായതിനെക്കാള്‍ കൂടുതല്‍ ഡെങ്കി കേസുകള്‍ 2016ന്റെ തുടക്കത്തില്‍ തന്നെ സംഭവിച്ചു.

“ഗെയിംസ് മുന്‍നിറുത്തി ലോകാരോഗ്യസംഘടന സിക്ക വൈറസിനെ സംബന്ധിച്ച് പുതിയ ഒരു കണക്കെടുക്കുകയും വിലയിരുത്തല്‍ പുറത്തിറക്കുകയും ചെയ്യണം എന്നും യാത്രക്കാര്‍ക്കുള്ള മുന്‍കരുതലുകള്‍ പ്രസിദ്ധീകരിക്കണമെന്നും” ഇവര്‍ പറയുന്നു. “പൊതുജനാരോഗ്യം കണക്കിലെടുത്ത് ഇത്തരമൊരു പഠനം നടത്താതിരിക്കല്‍ ഉത്തരവാദിത്തമില്ലായ്മയാണ്.”

ഐഓസി പറയുന്നത് ഗെയിംസ് പ്ലാന്‍ ചെയ്തത് പോലെ മുന്നോട്ടുപോകുമെന്നാണ്. ഈ മാസം ആദ്യത്തില്‍ ലോകാരോഗ്യസംഘടന പങ്കെടുക്കുന്ന അത്ലറ്റുകളോടും മറ്റു യാത്രികരോടും ഇന്‍ഫക്ഷനെതിരെയുള്ള പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്ന് പറഞ്ഞു. ഓഗസ്റ്റ് അഞ്ചിന് തുടങ്ങുന്ന ഒളിമ്പിക്സും സെപ്റ്റംബര്‍ ഏഴിന് തുടങ്ങുന്ന പാരാഒളിമ്പിക്സും മാറ്റിവയ്ക്കുന്നതിനെപ്പറ്റി ആലോചനകളൊന്നും നടത്തിയില്ല.

ഒളിമ്പിക്സില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന തീരുമാനം അതാത് അത്ലറ്റുകള്‍ക്ക് വിടുന്നു എന്നാണു അമേരിക്കന്‍ ഒളിമ്പിക് കമ്മറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഒളിംപ്ക്സ് കാണാന്‍ വരുന്ന അഞ്ചുലക്ഷത്തോളം ആളുകള്‍ അനാവശ്യമായ ഒരു റിസ്ക്ക് ആണ് എടുക്കുന്നതെന്നും അവര്‍ക്ക് അണുബാധയേല്‍ക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ തങ്ങളുടെ രാജ്യങ്ങളിലേയ്ക്ക് തിരിച്ചുപോകുമ്പോള്‍ അവിടെയെല്ലാം ഇതൊരു പകര്‍ച്ചവ്യാധിയാകാം എന്നുമാണ്.

“ഇത് വരെ ഈ രോഗം കാണാത്ത, എന്നാല്‍ ദരിദ്രമായ ഇടങ്ങളിലാണ് അത് സംഭവിക്കുന്നതെങ്കില്‍ (സൌത്ത് ഏഷ്യയിലോ ആഫ്രിക്കയിലോ ഒക്കെ) അതിന്റെ ദുരിതങ്ങള്‍ വിവരിക്കാനാകില്ല. ഈ റിസ്ക്‌ എടുക്കുക എന്നത് ശരിയല്ല, ഗെയിംസ് എങ്ങനെയെങ്കിലും നടത്താവുന്നതാണ്, തീയതി മാറ്റിവയ്ക്കുകയോ സ്ഥലം മാറ്റുകയോ ഒക്കെ ചെയ്യാവുന്നതാണ്.”

അമേരിക്കന്‍ ആരോഗ്യവക്താക്കള്‍ പക്ഷെ ഇതിനോട് യോജിക്കുന്നില്ല.

ടോം ഫ്രീഡന്‍ എന്നാ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ്‌ പ്രിവന്‍ഷന്‍ ഡയരക്ടര്‍ പറയുന്നത് “പൊതുജനാരോഗ്യപക്ഷത്ത് നിന്ന് നോക്കുമ്പോള്‍ ഒളിമ്പിക്സ് മാറ്റിവയ്ക്കാന്‍ യാതൊരു കാരണവും അവര്‍ കാണുന്നില്ല” എന്നാണ്. 

“ഒളിമ്പിക്സ് സംഭവിച്ചാല്‍ വൈറസ് എല്ലായിടത്തും പരക്കുമെന്നും രോഗം വ്യാപിക്കും എന്നുമൊക്കെ ആളുകള്‍ പറയുന്നുണ്ട്” ഫ്രീഡന്‍ പറയുന്നു. “കണക്കുകള്‍ നോക്കൂ. സിക്ക ബാധിതപ്രദേശങ്ങളിലേയ്ക്ക് ഒരു ശതമാനത്തിന്റെ നാലിലൊന്ന് പോലും ഒളിമ്പിക്സ് കാരണം പോകേണ്ടിവരുന്നില്ല.”

ഫ്രീഡന്‍ പറയുന്നത് ഒളിമ്പ്യന്‍മാര്‍ക്കുള്ള റിസ്ക്ക് “വളരെ വളരെ കുറവാണ്” എന്നാണ്. അമേരിക്കയുടെ നൂറോളം അത്ലറ്റുകളും കോച്ചുമാരും മറ്റു ജോലിക്കാരും ബ്രസീലില്‍ പോകാന്‍ ഒരുങ്ങവേ വൈറസ് നിരീക്ഷണത്തിലാണ്. ഒളിമ്പിക്സും പാരാഒളിംപിക്സും തുടങ്ങുമ്പോള്‍ ഇനിയും ആയിരത്തോളം ആളുകളെ കൂടി സൂക്ഷ്മനിരീക്ഷണത്തിലാക്കും.

സിക്ക ഭീതി കാരണം മേജര്‍ ലീഗ് ബേസ്ബോള്‍ ഈയിടെ ഒരു മത്സരം പോര്‍ട്ടോറിക്കോയില്‍ നിന്ന് മയാമിയിലേയ്ക്ക് മാറ്റിയതിനെ “നിര്‍ഭാഗ്യകരം” എന്നാണു അദ്ദേഹം വിശേഷിപ്പിക്കുന്നത്. 

സിഡിസിയും മറ്റു ആരോഗ്യഉദ്യോഗസ്ഥരും ലോകത്തിന്റെ പലയിടത്തുമുള്ള ഗര്‍ഭിണികളോടു സിക്ക ഉള്ള സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യരുതെന്നും സ്ത്രീകളോട് ഗര്‍ഭിണികളാകരുതെന്നും പുരുഷന്മാരോട് ഇവിടെ താമസിക്കുന്ന കാലമത്രയും ലൈംഗികബന്ധം ഒഴിവാക്കുകയോ കോണ്ടം ഉപയോഗിക്കുകയോ ചെയ്യണം എന്നുമാണ് പറയുന്നത്.

അത്ലറ്റ്കളുള്ള 180 രാജ്യങ്ങളില്‍ സിഡിസി ഒരു റിസ്ക്‌ വിലയിരുത്തല്‍ നടത്തുന്നുണ്ട്. 10,500 ലേറെ അത്ലറ്റുകള്‍ ഒളിമ്പിക്സിലും 4350 അത്ലറ്റുകള്‍ പരാഒളിമ്പിക്സിലും പങ്കെടുക്കാന്‍ എത്തുന്നുണ്ട്. വിദഗ്ധര്‍ ബ്രസീലില്‍ എത്തുന്ന അത്ലറ്റുകളെയും അവരുടെ രാജ്യങ്ങളിലെ സിക്ക വൈറസ് /മറ്റു പകര്‍ച്ചവ്യാധി സാധ്യതയെപ്പറ്റിയും യാത്ര സിക്ക പടരാന്‍ കാരണമാകുമോ എന്നുമൊക്കെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.

എന്നാല്‍ പലതരം കാരണങ്ങള്‍ കൊണ്ട് ഇത്തരം കണക്കുകള്‍ ഉപയോഗിച്ച പഠനങ്ങള്‍ കൊണ്ട് പകര്‍ച്ചവ്യാധിയുടെ വ്യാപ്തിസാധ്യത അളക്കാന്‍ കഴിയില്ല എന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍