UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നക്സല്‍ പ്രശ്നബാധിത ദാന്തെവാദയെ പുതുക്കിപ്പണിത് ഒരു ഐ എ എസുകാരന്‍

Avatar

അഴിമുഖം പ്രതിനിധി

സംഘര്‍ഷങ്ങള്‍ കൊണ്ട് ശിഥിലമായ ദാന്തെവാദയിലെ ജില്ലാ കലക്ടര്‍ പദവി പല ഉദ്യോഗസ്ഥരും ഒരു ‘ശിക്ഷാ പോസ്റ്റിംഗ്’ ആയാണ് കാണുക. എന്നാല്‍ മുപ്പതുകാരനായ ഓം പ്രകാശ് ചൌധരി വ്യത്യസ്തനാണ്. “ഞാന്‍ ഇത് മുഖ്യമന്ത്രിയില്‍ നിന്ന് ചോദിച്ചുവാങ്ങിയതാണ്”, വടക്കന്‍ രാജ് ഗാര്‍ഹ് ജില്ലയില്‍ നിന്നുള്ള ചൌധരി പറയുന്നു. 2011 മാര്‍ച്ചില്‍ അന്നത്തെ ദാന്തെവാദ കളക്ടര്‍ ആര്‍ പ്രസന്നയ്ക്ക് പകരം സ്ഥാനമേല്‍ക്കുമ്പോള്‍ അദ്ദേഹം റായ്പൂരില്‍ മുന്‍സിപ്പല്‍ കമ്മീഷണര്‍ ആയിരുന്നു.

എല്ലാ പ്രോജക്റ്റുകളും വര്‍ഷങ്ങള്‍ വൈകി പ്രാവര്‍ത്തികമായിക്കൊണ്ടിരുന്ന ഒരു ജില്ലയാണിത്‌. പുറത്തുനിന്നുള്ള തൊഴില്‍ വൈദഗ്ദ്ധ്യമുള്ള ആളുകള്‍ക്ക് ഈ പ്രശ്നബാധിതപ്രദേശത്ത് എത്താന്‍ മടിയായിരുന്നു. നാട്ടുകാരായ യുവാക്കള്‍ക്ക് വേണ്ട പരിശീലനം ലഭിച്ചിരുന്നുമില്ല. ഈ പരുക്കന്‍ യാഥാര്‍ത്ഥ്യവും അതുമൂലം വരും തലമുറകള്‍ക്ക് ഉണ്ടാകാവുന്ന ഭീഷണികളും തിരിച്ചറിഞ്ഞാണ്‌ ഒ പി ചൌധരി ഈ ജില്ലയെ മാറ്റിവരയ്ക്കുക എന്നത് തന്റെ ദൌത്യമായി സ്വീകരിച്ചത്. തീവ്രഇടതുപക്ഷത്തിനപ്പുറം ജീവിതം അറിയാത്ത ഈ പ്രദേശത്തെ ജനതയെ പഠിപ്പിക്കാനും ശക്തരാക്കാനും ദൃഡചിത്തനായ ഈ യുവ ഒഫീസര്‍ നടത്തിയ ശ്രമങ്ങളുടെ കഥയാണ് ഇത്.

ദാന്തെവാദയുടെ ശാക്തീകരണത്തിന്റെ ബ്ലൂപ്രിന്റ്‌
ജില്ലയുടെ വികസനത്തിന്‌ തടസമായി നില്‍ക്കുന്നത് വളരെ കുറഞ്ഞ സാക്ഷരതാ നിരക്കാണെന്നു തിരിച്ചറിയാന്‍ ചൌധരിക്ക് അധിക കാലമൊന്നും വേണ്ടിവന്നില്ല. 2011ലെ സെന്‍സസ് പ്രകാരം ആകെ മുപ്പത്തിയേഴു ശതമാനം ആളുകള്‍ക്ക് മാത്രമാണ് എഴുത്തും വായനയും അറിയുന്നത്. ഇന്ത്യയിലെ ഏറ്റവും കുറവ് സാക്ഷരതയുള്ള ജില്ലകളിലൊന്നാണ് ഇത്. ഈ പ്രശ്നം പരിഹരിക്കാനുള്ള ഏക മാര്‍ഗം ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാര്‍ഗങ്ങള്‍ മനസ്സില്‍ കണ്ടുകൊണ്ട് തന്നെ ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നതാണെന്ന് ചൌധരി തിരിച്ചറിഞ്ഞു. “ഇതൊരു വിഷമവൃത്തമാണ്, വിദ്യാഭ്യാസമില്ലാത്തത് തൊഴിലില്ലായ്മയുണ്ടാക്കും, തിരിച്ചും. ഇത് തലമുറകളായി തുടരുന്നു”, അദ്ദേഹം പറയുന്നു.

ദാന്തെവാദയിലെ നാനൂറു ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കായി ജില്ലയിലെ ശാസ്ത്രാധിഷ്ടിത വിദ്യാഭ്യാസം ദാന്തെവാദ എഡ്യുക്കേഷന്‍ സിറ്റിയുടെ കീഴില്‍ കൊണ്ടുവരാന്‍ അദ്ദേഹം തീരുമാനിച്ചു. ഇതിനായി അദ്ദേഹം നേരിട്ട് മികച്ച അധ്യാപകരെ തെരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന ഒരു കാമ്പസ് പുതുക്കിപ്പണിത് അതിനു ജെസി ബോസ് ഹൌസ് എന്നും സിവി രാമന്‍ ഹൌസ് എന്നും കല്‍പ്പന ഹൌസ് എന്നും എ പി ജെ ഹൌസ് എന്നും പ്രശസ്ത ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയും ഗണിതശാസ്ത്ര പ്രതിഭകളുടെയും പേരുകള്‍ നല്‍കി. ചൂ ലോ ആസ്മാന്‍ (ആകാശത്തെ തൊടൂ) എന്ന് പേരിട്ട ഈ വിദ്യാഭ്യാസ സംരംഭത്തില്‍ ദാന്തെവാദയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോച്ചിംഗ് ക്ലാസുകളുടെ മെക്കയായ കോട്ടയില്‍ നിന്ന് പ്രഗല്‍ഭരായ പ്രൈവറ്റ് അധ്യാപകര്‍ ഇവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി.

2012ലെ പ്രവേശന പരീക്ഷകളില്‍ ഏറെ വിദ്യാര്‍ത്ഥികള്‍ക്കൊന്നും പ്രവേശനം ലഭിച്ചില്ലെങ്കിലും അവരില്‍ പലരും ബോര്‍ഡ് പരീക്ഷകളില്‍ മികച്ച വിജയം നേടി. “ഞങ്ങളുടെ ലക്‌ഷ്യം ആവറേജ് കുട്ടികളില്‍ പോലും ശാസ്ത്രത്തെ മനസിലാക്കാനുള്ള കഴിവ് ഉണ്ടാക്കുക എന്നതായിരുന്നു. അവര്‍ മത്സര പരീക്ഷകളില്‍ വിജയിക്കുക എന്നതിനേക്കാള്‍ പ്രധാനമാണ് അത്” ചൌധരി പറയുന്നു.

ഇന്ന് ജവാങ്കയിലെ ദാന്തെവാദ എഡ്യുക്കേഷന്‍ സിറ്റിയില്‍ പതിനഞ്ച് സ്ഥാപനങ്ങളുണ്ട്. ഇതില്‍ ഒരു എഞ്ചിനീയറിംഗ് കോളേജും ഒരു ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഇന്‍സ്റ്റിട്യൂട്ടും ഒരു സ്പോര്‍ട്സ് സ്കൂളും ഒരു ട്രൈബല്‍ ഗേള്‍സ്‌ സ്കൂളും നക്സല്‍ അക്രമങ്ങളില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് താമസിച്ചുപഠിക്കാനുള്ള റെസിഡന്‍ഷ്യല്‍ സ്കൂളും ഉള്‍പ്പെടുന്നു. ദൂരപ്രദേശങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് വേണ്ടി 2009ല്‍ നിര്‍മ്മിച്ച പോട്ട കാബിന്‍ എന്നറിയപ്പെടുന്ന റെസിഡന്‍ഷ്യല്‍ കാമ്പസുകളെയും ഓ പി ചൌധരി മെച്ചപ്പെടുത്തി. ഒന്ന് മുതല്‍ എട്ടു വരെ ക്ലാസിലെ കുട്ടികള്‍ക്ക് ഭക്ഷണവും താമസവും സൌജന്യമായി നല്‍കിക്കൊണ്ടാണ് ഇവിടെ വിദ്യാഭ്യാസം.

ചൌധരിയുടെ ശ്രമങ്ങളുടെ ഫലമായി 2011- 12 കാലയളവില്‍ ഇവിടെ ആയിരത്തോളം കുട്ടികള്‍ പഠിക്കാന്‍ ചേര്‍ന്നു. ഒന്‍പതാം ക്ലാസില്‍ എത്തുന്ന കുട്ടികള്‍ക്ക് ശിക്ഷാ സവാരി യോജനയുടെ കീഴില്‍ സൈക്കിളുകളും ലഭിക്കുന്നുണ്ട്. ദാന്തെവാദ ജില്ലയില്‍ മാത്രമുള്ള ഐഎപി ഫണ്ടാണ് ഇതിനായി ഉപയോഗിക്കുന്നത്. ഓരോ ‘പോട്ടാ കാബിനി’ലും എല്‍സിഡി ടിവി, ഡി ടി എച്ച് കണക്ഷന്‍ എന്നിവയും പഠന പാക്കേജുകളും ഡിവിഡി പ്ലയറുകളുമുണ്ട്. മികവിന്റെ കേന്ദ്രങ്ങളായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. രാജ്യത്താകമാനം നിന്നുള്ള പ്രതിഭകള്‍ ഇവിടെ വന്നു താമസിക്കുകയും പുതിയ പഠനസമ്പ്രദായങ്ങള്‍ തീര്‍ക്കാന്‍ ടീച്ചര്‍മാരെ സഹായിക്കുകയും ചെയ്യാറുണ്ട്.

പ്രൈമറി തലത്തില്‍ ഏറ്റവുമധികം കുട്ടികള്‍ പഠനം നിര്‍ത്തുന്ന പ്രദേശങ്ങളില്‍ ഒന്നായിരുന്നു ദാന്തെവാദ. വിദ്യാര്‍ത്ഥികളുടെ ഗ്രാമങ്ങളില്‍ നിന്ന് ഏറെ അകലെയായി വളരെ കുറച്ച് ഹൈസ്കൂളുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നു മുതല്‍ എട്ടു വരെ ക്ലാസുകളില്‍ 45000 കുട്ടികള്‍ ഉണ്ടാവുകയും ഒന്‍പത് മുതല്‍ പണ്ട്രണ്ടു വരെ എത്തുമ്പോള്‍ അത് ആറായിരത്തില്‍ കുറവായി ചുരുങ്ങുകയും ചെയ്യുന്നതായാണ് കണക്ക്. ‘പോട്ടാ കാബിനുകള്‍’ കുട്ടികളുടെ പഠനം ഉറപ്പു വരുത്തുമെന്ന് മാത്രമല്ല ദാന്തെവാദയിലെ കുട്ടികളുടെ പഠനനിലവാരവും ഉയര്‍ത്തുന്നു. ഇതിന്റെ ഫലമായി സ്കൂള്‍ കുട്ടികളില്‍ പഠനം നിറുത്തുന്ന കണക്ക് രണ്ടു വര്‍ഷം കൊണ്ട് 50 ശതമാനത്തില്‍ നിന്ന് 13 ശതമാനമായി കുറഞ്ഞു.

അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇല്ലാതിരുന്നതുകൊണ്ട് തന്നെ ഇവിടെ കുട്ടികളുടെ ഭാവനയുടെ ചക്രവാളങ്ങള്‍ പോലും ചുരുങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിഞ്ഞ ചൌധരി മറ്റൊരു നിര്‍ണ്ണായക പദ്ധതിക്ക് തുടക്കമിട്ടു- പ്രോജക്റ്റ് തമന്ന. ഈ പ്രൊജക്റ്റ് പ്രകാരം ഒരു സയന്‍സ് മ്യൂസിയം, ജില്ലാ ലൈബ്രറി, മികച്ച ഓഡിയോ-വിഷ്വല്‍ തിയേറ്റര്‍ എന്നിവ നിര്‍മ്മിച്ചു. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് എത്താവുന്ന ഉയരങ്ങള്‍ അവര്‍ക്ക് കാണിച്ചുകൊടുക്കലാണ് ലക്‌ഷ്യം. തമന്ന ഫിലിം ഫെസ്റ്റിവലുകള്‍ നടത്തുമ്പോള്‍ മുപ്പതിനായിരത്തിലേറെ കുട്ടികള്‍ ദൂരഗ്രാമങ്ങളില്‍ നിന്ന് സര്‍ക്കാര്‍ ബസുകളില്‍ ഇവിടെ എത്തുന്നു. ഇത് കുട്ടികളുടെ അനുഭവതലം വികസിപ്പിച്ചു എന്ന് മാത്രമല്ല, അധികൃതരും ജനങ്ങളും തമ്മിലുള്ള അകലം കുറയ്ക്കുകയും ചെയ്തു.

ചൌധരി തുടങ്ങിയ മറ്റു സംരംഭങ്ങള്‍ ലൈവ്ലിഹുഡ് കോളേജും നന്‍ഹേ പരിന്തേയുമാണ്‌. സാമ്പ്രദായിക വിദ്യാഭ്യാസം ലഭിക്കാത്ത തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ക്ക് വേണ്ടിയുള്ളതാണ് ലൈവ്ലിഹുഡ് കോളേജ്. അക്ഷരാഭ്യാസം ഇല്ലാത്ത യുവാക്കള്‍ക്ക് താമസിച്ചു പഠിക്കാന്‍ സൗകര്യം നല്‍കുന്ന പ്രൈവറ്റ്-പബ്ലിക് പാര്‍ട്ട്ണര്‍ഷിപ്പ് സംവിധാനമാണിത്. വിദ്യാഭ്യാസ യോഗ്യതയോ ജാതിയോ സാമ്പത്തികമോ വ്യത്യാസം ഇല്ലാതെ ആര്‍ക്കും പ്രവേശനം നല്‍കുന്ന ഒരിടമാണിത്. ഇരുപത്തഞ്ചോളം തൊഴിലുകളില്‍ പ്രായോഗിക പരിശീലനം ഇവിടെ നടക്കുന്നു. ഇതില്‍ പുതിയ തരം ജോലികളായ ഹോസ്പ്പിറ്റാലിറ്റി, സേല്‍സ്, ടാലി എന്നിവയും ലോക്കല്‍ സ്കില്‍സ് ട്രേഡുകളായ പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മേസന്‍ എന്നിവയും ഉള്‍പ്പെടും. ശ്രദ്ധേയങ്ങളായ സംഘടനകളായ ഐഎല്‍&എഫ്എസ്, ഇന്‍ഡ്യകാന്‍, ടുമോറോസ് ഫൌണ്ടേഷന്‍, കാപ് ഫൌണ്ടേഷന്‍, ഐഎസ്എപി, ഇഎസ് എബി എന്നിവയെ ഇവിടെ എത്തിക്കാനും പരിശീലനം നടത്താനും ഇവിടുത്തെ യുവാക്കള്‍ക്ക് രാജ്യവ്യാപകമായ തൊഴില്‍ സാദ്ധ്യതകള്‍ തുറക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. പിന്നോക്ക സാഹചര്യങ്ങളിലെ കുട്ടികള്‍ക്ക് ഫീസ്‌ ബാധ്യതകള്‍ ഇല്ലാതെ മികച്ച വിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയാണ് നന്‍ഹേ പരിന്തേ. നവോദയ വിദ്യാലയവും സൈനിക് സ്കൂളും ഒക്കെയാണ് ഇതിന്റെ മാതൃകകള്‍. ഉള്‍നാടന്‍ ഗ്രാമങ്ങളിലെ പിന്നോക്കാവസ്ഥകളില്‍ നിന്നുള്ള നൂറ്റിയഞ്ചു കുട്ടികള്‍ക്കാണ് ജില്ലാ ആസ്ഥാനത്ത് വിദ്യാഭ്യാസത്തിന് സൗകര്യം ലഭിക്കുക. പത്തുമാസത്തെ പരിശീലനം കൊണ്ട് ഇതില്‍ അറുപത് കുട്ടികള്‍ ദക്ഷിണ ബസ്തര്‍ പ്രദേശത്തെ നവോദയ വിദ്യാലയ, സൈനിക് സ്കൂള്‍, ഏകലവ്യ വിദ്യാലയ, ഏകലവ്യ കന്യ ശിക്ഷാ പരിസര്‍, പര്‍ച്ചന്‍പാല്‍ കന്യ പരിസര്‍ എന്നിവിടങ്ങളില്‍ പ്രവേശനം നേടി.

2011-12 വര്‍ഷത്തെ പ്രൌഡമായ പ്രൈംമിനിസ്റ്റര്‍ അവാര്‍ഡിന് ഓം പ്രകാശ് ചൌധരി തിരഞ്ഞെടുക്കപ്പെട്ടു. കലക്ടര്‍ ആയിരുന്ന കാലത്ത് തുടങ്ങിയ എഡ്യുക്കേഷന്‍ സിറ്റി എന്ന മികച്ച ആശയത്തിനാണ് ഈ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചത്. ഈയടുത്ത് കെപിഎംജി എന്ന സ്ഥാപനം യുവാക്കളുടെ കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന ലോകത്തിലെ നൂറു ഇന്നോവേറ്റീവ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊജക്ട്ടുകളില്‍ ഒന്നായി സ്ഥാനം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍