UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെക്രട്ടറിയേറ്റ് പടിയില്‍ കിടക്കുന്ന ഓമനയും അടൂര്‍ പ്രകാശിന്റെ ഭൂരഹിതരില്ലാത്ത സുന്ദര കേരളവും

Avatar

രാകേഷ് നായര്‍

“സ്വന്തമായുള്ള മണ്ണില്‍ എന്നെ കുഴിച്ചിടണോന്നാണ് ആഗ്രഹം, അതിനാണ് രണ്ടു വര്‍ഷായിട്ട് ഈ സെക്രട്ടേറിയേറ്റിന്റെ മുന്നില്‍ സമരം നടത്തണത്. തരാന്ന് പറഞ്ഞ് പറ്റിച്ച് അവരെന്തിനാണ് ഞങ്ങടെ മണ്ണ് പിടിച്ചു പിടിച്ചുവച്ചിരിക്കണതെന്ന് മനസ്സിലാകണില്ല” അറുപതു കഴിഞ്ഞൊരു വൃദ്ധയുടെ കണ്ണീരോടെയുള്ള വാക്കുകളാണിത്, ഓമനയുടെ. 

ഇതിന് ഉത്തരം നല്‍കേണ്ടത് ബഹുമാനപ്പെട്ട റവന്യൂ മന്ത്രി അടൂര്‍ പ്രകാശും അദ്ദേഹം ഭാഗമായ സര്‍ക്കാരുമാണ്. പലവട്ടം മാറ്റിപ്പറഞ്ഞ ഒരുവാക്ക് നടപ്പിലാക്കാന്‍ നിങ്ങള്‍ പറഞ്ഞിരിക്കുന്ന അവസാന തീയതി ഈ മാസം മുപ്പതാണ്. അന്നും മറ്റൊരു മുടന്തന്‍ ന്യായവുമായിട്ടായിരിക്കുമോ നിങ്ങളെത്തുകയെന്ന് അറിയില്ല. വാക്ക് പാലിക്കുക എന്നത് അഭിമാനപ്രശ്‌നമായി കാണാത്തവരാണല്ലോ നിങ്ങള്‍. എന്നാല്‍ മന്ത്രി, നിങ്ങള്‍ക്ക് നേരിട്ട് അറിയാവുന്ന, ഒരു വോട്ടര്‍ എന്നതിലപ്പുറം നിങ്ങള്‍ക്കറിയാവുന്ന ഒരു വൃദ്ധ കഴിഞ്ഞ രണ്ടുവര്‍ഷത്തിനടുത്തായി അങ്ങുവാഴുന്ന അധികാര കോട്ടയുടെ മുന്നില്‍ മഴയും വെയിലുമേറ്റ് സമരം ചെയ്യുന്നുണ്ട്. തങ്ങളുടെ ജീവിതത്തെയോര്‍ത്ത് വിലപിക്കുന്നതിനൊപ്പം നിങ്ങളെപ്പോലൊരാള്‍ക്ക് വോട്ട് ചെയ്യേണ്ടിവന്ന തെറ്റിന് സ്വയം ശപിക്കുന്നുമുണ്ട്.

ചെങ്ങറ ഭൂമസമരവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ ഭൂമി അനുവദിച്ച 51 കുടുംബങ്ങള്‍ക്കും, അവിടം വാസയോഗ്യമല്ലാത്ത കാരണത്താല്‍ തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് വില്ലേജില്‍ 25 സെന്റ് വീതം ഭൂമി പതിച്ചു നല്‍കി റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് 2014 ഓഗസ്റ്റ് 8 നാണ്. എന്നാല്‍ ഇന്നീ തീയതി വരെ ഈ ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് വിട്ടുകൊടുത്തിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. നിയമത്തിന്റെയും വകുപ്പുതല ബുദ്ധിമുട്ടുകളുടെയും ന്യായങ്ങള്‍ നിരത്തിയാണ് ഭൂമി കൈമാറ്റം വൈകിപ്പിക്കുന്നത്. ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കാന്‍ നടക്കുന്ന റവന്യു മന്ത്രിയാണ് ഇത്രയേറെ കുടുംബങ്ങളെ പെരുവഴിയില്‍ നിര്‍ത്തിയിരിക്കുന്നതെന്നതും വിരോധാഭാസം!

ചെങ്ങറ സമരത്തിന്റെയും അതിന്റെ ഫലമായി ഉണ്ടായ പാക്കേജിന്റെയും കഥകള്‍ ഇവിടെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. 1495 പേര്‍ക്കാണ് അന്ന് വാസയോഗ്യവും കൃഷിയോഗ്യവുമായ ഭൂമി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി ഏറ്റെടുത്തു നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ മേല്‍പ്പറഞ്ഞ രണ്ടു നിബന്ധനകളും, വാസയോഗ്യവും, കൃഷിയോഗ്യവും- പാലിക്കാതെയുള്ള ഭൂമിയാണ് ഭൂരിപക്ഷത്തിനും ലഭിച്ചത്. അതില്‍ തന്നെ ഇടുക്കിയില്‍ പാറകള്‍ നിറഞ്ഞ്, ഏതു നിമിഷവും ഉരുള്‍പൊട്ടല്‍ ഉണ്ടായേക്കാവുന്ന ഭൂമി ലഭിച്ച കുടുംബങ്ങളാണ് പ്രസ്തുത ഭൂമി തങ്ങള്‍ക്ക് വേണ്ടെന്നും പകരം മറ്റൊരിടത്ത് പട്ടയം തരണമെന്നും ആവശ്യപ്പെട്ടത്. ഈ അമ്പത്തൊന്നു കുടുംബങ്ങള്‍ക്കാണ് പാങ്ങോട് വില്ലേജില്‍ ഭരതന്നൂരില്‍ 25 സെന്റ് വീതം നല്‍കാന്‍ ധാരണയായത്. 50 സെന്റിന് അര്‍ഹരായവരാണ് പിന്നീട് 25 സെന്റിലേക്ക് ചുരുക്കപ്പെട്ടത്. മാത്രമല്ല പാക്കേജ് തയ്യാറാക്കിയപ്പോള്‍ ഉണ്ടായിരുന്ന അടിസ്ഥന നിബന്ധനകളായ വെള്ളം, വെളിച്ചം, സഞ്ചാര മാര്‍ഗം എന്നിവ പാടെ അവഗണിച്ച് ഭൂമി മാത്രം നല്‍കുകയാണ് ഉണ്ടായത്. എങ്കിലും കൃഷിക്കും താമസിക്കാനും അനുയോജ്യമായത് എന്നതിനാല്‍ ഈ ഭൂമിയില്‍ താമസിക്കാന്‍ പ്രസ്തുത കുടുംബങ്ങള്‍ തയ്യാറായതാണ്. എന്നാല്‍ അനുവദിക്കപ്പെട്ട പട്ടയം കൈയില്‍ വച്ചുകൊണ്ട് മന്ത്രി ഇവരെ നിര്‍ബന്ധിത സമരത്തിലേക്ക് തള്ളി വിടുകയാണ് ചെയ്തത്. 

ഇപ്പോള്‍ 625 ദിവസത്തെ സമരം പിന്നിട്ടിരിക്കുന്ന ചെങ്ങറ പട്ടയഭൂമി അവകാശ സമിതിയുടെ നേതൃത്വത്തിലുള്ള സമരത്തില്‍ ആദ്യദിനം തൊട്ട് സമരമനുഷ്ഠിക്കുന്ന വൃദ്ധയാണ് മേല്‍ സൂചിപ്പിച്ച ഓമന.

ഇനി ഓമന പറയട്ടെ… 
മറ്റൊന്നും ഇല്ലെങ്കിലും സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ഉണ്ടെങ്കില്‍ സമാധാനമുണ്ടായിരുന്നു. എന്റെ ജീവിതത്തില്‍ ഇതുവരെ അതിനുള്ള ഭാഗ്യം ദൈവം തന്നിട്ടില്ല. അച്ഛന്‍ തീരെ ചെറുതായിരുന്നപ്പോഴെ മരിച്ചതാണ്. ഞങ്ങള്‍ മക്കളെ വളര്‍ത്തിയത് അമ്മ തനിച്ചായിരുന്നു. അന്നെങ്ങനെയാണെന്നു വച്ചാല്‍, ഓരോ ജന്മിയുടെയും പറമ്പ് നോക്കാന്‍ ഒരാളെ ഏല്‍പ്പിക്കും. ആ മണ്ണില്‍ പണി ചെയ്തു തീരുവോളം എവിടെയെങ്കിലും ചെറിയൊരു കുടില്‍ കെട്ടി കെടക്കാന്‍ സമ്മതിക്കും. പറമ്പിലെ പണിയെല്ലാം തീര്‍ന്നെന്നു ജന്മിക്കു തോന്നിയാല്‍ പിന്നെ ഇറങ്ങി കൊടുക്കണം. ഇങ്ങനെ ഒരിടത്തു നിന്നു മറ്റൊരിടത്തേക്കായി അമ്മ ഞങ്ങളെയും കൊണ്ടു നടക്കും. മണ്ണും കൂരയും സ്വന്തമായി ഇല്ലാത്ത അനാഥരായിരുന്നു ഞങ്ങള്‍.

എട്ടാം വയസ്സുതൊട്ട് കല്ലുപണിക്കു പോയിത്തുടങ്ങിയൊരു പെണ്ണാണ് ഞാന്‍. ആദ്യമൊക്കെ ചെറിയ ചെറിയ കല്ലുകള്‍ എടുത്തുകൊടുക്കലായിരുന്നു. സമരത്തിനു വരുന്നതിനു മുമ്പ് വരെ ദിവസം 700-800 രൂപ വാങ്ങുന്ന കോണ്‍ക്രീറ്റ് പണിക്കാരിയായിരുന്നു ഞാന്‍. എട്ടാം വയസ്സില്‍ തുടങ്ങിയ അദ്ധ്വാനമാണ് ഈ പ്രായത്തിലും തുടരുന്നത്. ജീവിക്കാന്‍ വേണ്ടി. ഒരു ദിവസം കോണ്‍ക്രീറ്റ് കുഴയ്ക്കണ വലിയ മെഷീന്റെ ഒരു ഭാഗം വന്ന് എന്റെ മുഖത്ത് അടിച്ചു കൊണ്ടു. വായിലുണ്ടായിരുന്ന പല്ലുകളില്‍ കുറെ പോയി. ബാക്കിയുള്ളത് എടുത്തുകളയണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതിന്റെ വേദന സഹിച്ചുകൊണ്ടാണ് ഇവിടെ സമരം ഇരിക്കണത്. എന്തു ചെയ്യാനാണ്. വഴിയപോകുന്നവരുടെയും ഇവിടെയുള്ള പൊലീസുകാരുടെയും ദയകൊണ്ടാണ് രണ്ടുനേരമെങ്കിലും വല്ലതും തിന്നണത് തന്നെ. ആരെങ്കിലും മനസ്സലിഞ്ഞ് എന്തെങ്കിലും സഹായം ചെയ്യും. അതു സ്വരുക്കൂട്ടി സമരത്തെ കുറിച്ചെഴുതിയൊരു ഫ്ലക്‌സ് ഉണ്ടാക്കി വച്ചിരുന്നു. ഒരു ദിവസം അതാരോ കീറി കളഞ്ഞു. ഇവിടുത്തെ സമരപന്തലുകളെല്ലാം ഒഴിപ്പിക്കണമെന്ന് ഉത്തരവുണ്ടായിരുന്നല്ലോ. ഞങ്ങടെ മാത്രം ഫ്ലക്‌സ് കീറിക്കളഞ്ഞുള്ളൂ, ബാക്കിയാരുടേം ഒന്നും ചെയ്തില്ല. അന്ന് ഇവിടെ നിന്നൊരു വല്യ പൊലീസുകാരന്റെ മുന്നില്‍ നിന്നു ഞാന്‍ തലതല്ലി പ്രാകി, ഇതൊക്കെ ചെയ്യതവന്റെം ഞങ്ങളെ ഇങ്ങനെ ആക്കിയവന്റെയുമൊക്കെ സന്തതിപരമ്പരകളെങ്കിലും അനുഭവിക്കാണ്ട് പോകില്ലെന്നാണ് പറഞ്ഞത്. അതല്ലാതെ എനിക്കെന്തു ചെയ്യാന്‍ പറ്റും. കീറി തൂങ്ങിയൊരു ഷീറ്റ് ഈ കാണുന്ന കമ്പിയേല്‍ വലിച്ചിട്ടിട്ടു അതിനകത്താണ് രാത്രി ഞാന്‍ കിടന്നുറങ്ങുന്നത്. ആ പൊലീസുകാര് പിള്ളേര് പിന്നെ എപ്പോഴും ഇവിടേക്കെ ഉള്ളതുകൊണ്ട് പേടിക്കാതെ കിടക്കാം. അതുങ്ങള് രാവിലെ കഴിക്കാന്‍ കൊണ്ടുവരണത് മിക്കവാറും ഞങ്ങള്‍ക്ക് തരും. ഉച്ചയ്ക്ക് ഗവണ്‍മെന്റ് ആശുപത്രീ പോയി ചോറു വാങ്ങും. അതീന്നു ഒരു പങ്ക് രാത്രീലത്തേക്കും വയ്ക്കും. ഏതെങ്കിലും ഹോട്ടലുകാര് കുടിവെള്ളം തരും. ഇതൊക്കെയാണ് ജീവന്‍ പോകാതെ കിടക്കണതിന് കാരണം. ഇപ്പം രണ്ടുകൊല്ലം ആകാമ്പോണ്. പെരുമഴവന്നാലും വെയിലു വന്നാലുമൊക്കെ ഇവിടെ തന്നെ. ആര്‍ക്കും വേണ്ടാത്തവരെ പോലെ.

ഇതിനിടയ്ക്ക് എത്രവട്ടം ഞങ്ങള് മന്ത്രീയെം വേറെ ആപ്പീസര്‍മാരെയൊക്കെ കാണാന്‍ പോയെന്നറിയാമോ. എല്ലാവര്‍ക്കും കാണുമ്പോ ഭയങ്കര സ്‌നേഹാണ്. ഇപ്പം ശരിയാക്കാം, നാളെ ശരിയാകുമെന്നൊക്കെയാണ് പറയണത്. ഒന്നും ശരിയായിട്ടില്ലെന്നു മാത്രം. ഈ അടൂര്‍ പ്രകാശ് മന്ത്രി എത്രതവണ വോട്ടും ചോദിച്ച് ഞങ്ങടെ വീടുകളില്‍ കേറിയിറങ്ങീട്ടുണ്ടെന്നു അറിയാവോ. അയാള്‍ ഞങ്ങളെയെല്ലാം നേരിട്ട് അറിയാവുന്നവനല്ലേ? എന്നിട്ടാണാ ഈ ക്രൂരത.

ഒരു ദിവസം എന്നെ ആപ്പീസിലേക്ക് വിളിച്ചിട്ട് പറഞ്ഞ്, ചേച്ചി സമരം നിര്‍ത്തണം, ഞാനൊരു മൂന്നു സെന്റ് സ്ഥലം ചേച്ചിക്ക് ശരിയാക്കി തരാന്ന്.

ഞാന്‍ എന്താണ് മറുപടി പറഞ്ഞേന്ന് അറിയണാ? 

ആദ്യം ഞങ്ങക്ക് 50 സെന്റ് തരാന്ന് പറഞ്ഞ്. പിന്നെയത് 25 ആക്കി. ഇപ്പം മൂന്നു സെന്റാക്കി. അതീന്നും രണ്ടു സെന്റ് മന്ത്രി എടുത്തോ, എനിക്ക് ഒരു സെന്റ് മതി. പക്ഷെ ആ ഒരു സെന്റ് എനിക്ക് പാളയത്ത് തരണം.

മന്ത്രി വാ പൊളിച്ച് ഇരുന്നു. അയ്യോ ചേച്ചി അതു പറ്റത്തില്ല, അവിടെ സെന്റിനൊക്കെ കോടികളാണ്, അങ്ങേര് പറഞ്ഞു.

എന്നാ പിന്നെ ഞങ്ങള് 51 പേര്‍ക്കും ഓരോ കോടി രൂപവച്ചു തന്നേക്ക്. സമരോം നിര്‍ത്തി പൊയ്‌ക്കോളാം, ഞാന്‍ പറഞ്ഞു.

അതും അങ്ങേര്‍ക്ക് പറ്റില്ല. പിന്നെ ഞാനവിടെ നിന്നില്ല. ഈ മന്ത്രിപ്പണി എന്നു പറയണത് കൊല്ലാകൊല്ലം കിട്ടണതല്ല. ഇവിടുന്നൊക്കെ എറങ്ങുവല്ലോ, അന്നു പിന്നെം വോട്ടും ചോദിച്ച് വരണതെങ്ങോട്ടാണ്.


എല്ലാരും നോക്കുമ്പം ഈ സെക്രട്ടറിയേറ്റ് പടീല് സമരം ചെയ്യണ കുറെപ്പേരെ പോലെ ഒരാളാണ് ഞാനും. പക്ഷെ ഒന്നറിയാവാ, എന്റെ കരളായ രണ്ടു പിള്ളേരുണ്ട്, എന്റെ മോള്‍ടെ പിള്ളേര്. ഇങ്ങോട്ട് പോന്നിട്ട് ഞാനത്ങ്ങളെ കണ്ടിട്ടില്ല. എന്നെ കാണണോന്ന് പിള്ളേരു പറയും. ഞാന്‍ സമ്മതിക്കില്ല. ഇവിടെ വന്ന് അവര് ഈ അമ്മച്ചീടെ അവസ്ഥ കാണണത് എനിക്ക് സഹിക്കില്ല. ഈ ഒഴുകണ കണ്ണീര് എന്റെ നെഞ്ചീന്നാണ് വരണത്.

ഒന്ന് പത്തിലും എളേത് മൂന്നിലുമാണ് ഇക്കൊല്ലം. രണ്ടുപേരും നന്നായി പഠിക്കും. എളേ പെങ്കൊച്ചാണ് ഏറ്റവും മിടുക്കി. അവള് അടൂരാണ്, മോന്‍ പത്തനാപുരത്തും. ഗതിയില്ലാത്തോരാണെങ്കിലും ഞാനാണ് രണ്ടിനെം ഇംഗ്ലീഷ് മിഡിയത്തില് ചേര്‍ത്തത്. എല്ലാരും പറഞ്ഞ് കഞ്ഞികുടിക്കാനെ ബുദ്ധിമുട്ടണ നീ എന്തിനാണ് ഇങ്ങനെ ചെയ്‌തേന്ന്. അതുങ്ങള്‌ടെ അച്ഛനും അമ്മയ്ക്കും അതിനുള്ള പാങ്ങൊന്നുമില്ല. നല്ല കാശു വേണമെന്ന് അറിഞ്ഞോണ്ട് തന്നെയാണ് പിള്ളേരെ ഇംഗ്ലീഷ് സ്‌കൂളിലാക്കിയത്. വയ്യെങ്കിലും, കെട്ടിടം പണിക്കു പോയാല്‍ 800 രൂപയോളം കിട്ടും. അതു കൂട്ടിവച്ചാല്‍ എനിക്കെന്റെ പിള്ളേര്‌ടെ പഠിത്തതിന് സഹായിക്കാലോ. പക്ഷേ ഇപ്പം സമരത്തിനു പോന്നതോടെ ഞാന്‍ പണിക്കു പോണില്ല, എന്റെ കൈയില് കാശുമില്ല. അടുത്തമാസം സ്‌കൂള്‍ തുറക്കും. രണ്ടുപേര്‍ക്കും നല്ല കാശ് വേണം. മോള് കഴിഞ്ഞ ദിവസം വിളിച്ചപ്പം ചോദിച്ചത്, അമ്മ വാങ്ങി തന്ന കൊറച്ച് പൊന്നുള്ളത് പണയം വച്ചോട്ടെന്നാണ്. നിവൃത്തിയുണ്ടായിരുന്നേ ഞാന്‍ സമ്മതിക്കില്ലായിരുന്നു. പക്ഷേ ഇപ്പം അതല്ലാതെ വേറെ വഴിയുണ്ടോ. നെഞ്ച് വെള്ളാക്കി പണിയെടുത്ത് ഞാന്‍ വാങ്ങിക്കൊടുത്ത പൊന്നാണ്. അത് വിക്കേണ്ടി വന്നാല്‍ കഷ്ടല്ലേ. ഇനിയതോര്‍ത്തിട്ട് എന്തിനാ. പിള്ളാരുടെ പഠിത്തം നടക്കണം.

ഈ സമരം കഴിഞ്ഞ് ഞങ്ങക്ക് ഞങ്ങടെ ഭൂമീം കിട്ടീരുന്നേല്‍ പണിയെടുത്ത് ഞാനെന്റെ പിള്ളേരെ പഠിപ്പിച്ചേനെ. അതിനുള്ള ഭാഗ്യം പോലും ഞങ്ങള്‍ക്ക് തരണില്ലല്ലാ…

ഈ മുപ്പതിന് ഭൂമി തരാന്നാണ് മന്ത്രി ഒടുക്കം വാക്കു പറഞ്ഞിരക്കണത്. അന്നെങ്കിലും തന്നാ മതിയാരുന്നു.അതാ..ഇനീം പറ്റിക്കുവോന്ന് അറിയില്ല.

വാക്കുകള്‍ക്കൊപ്പം ഒഴുകിയ കണ്ണീര് പുറം കൈകൊണ്ട് തുടച്ച് ഓമന എഴുന്നേറ്റു. സെക്രട്ടറിയേറ്റിന്റെ കമ്പി വേലിയില്‍ കൊരുത്ത് താഴേക്ക് വലിച്ചിട്ടിരിക്കുന്ന ഫ്ലക്‌സ് ഷീറ്റിന്റെ സുരക്ഷിതത്വത്തിലേക്ക് തലചായ്ക്കാനായി. ഒരു പക്ഷേ ഈ വൃദ്ധയുടെ മനസിലെ കനലുകള്‍ അല്‍പ്പമെങ്കിലും ആറുന്നത് ഈ ഉറക്കത്തിലായിരിക്കാം. അതോ തന്റെ പൊന്നോമനകളായ രണ്ടുകുട്ടികളെയോര്‍ത്ത്, തങ്ങള്‍ക്ക് കിട്ടാത്ത മണ്ണിനെക്കുറിച്ചോര്‍ത്ത്, നാളെ ഒരു നേരത്തെയങ്കിലും വെള്ളവും വറ്റും കിട്ടുമോയെന്നോര്‍ത്ത് ഉറങ്ങാന്‍ കഴിയുന്നില്ലായിരിക്കുമോ? അതൊന്നും ശ്രദ്ധിക്കാതെ ഒരു നഗരം എന്തായാലും ഉറക്കത്തിലേക്ക് വഴുതി…

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍