(എ പി ജെ അബ്ദുള്‍ കലാമുമൊത്തുള്ള അവസാന ദിവസത്തെ ഓര്‍ക്കുകയാണ് അദ്ദേഹത്തിന്റെ സഹായി ശ്രീജന്‍ പാല്‍ സിംഗ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ)
മഹാനായ കലാം സാറിന്റെ അവസാന ദിവസത്തെ കുറിച്ചുള്ള എന്റെ ഓര്‍മ്മകളുടെ പേരിലാവും… ഞാന്‍ ഓര്‍മ്മിക്കപ്പെടുക…
ഞങ്ങള്‍ സംസാരിച്ചിട്ട് ഇപ്പോള്‍ എട്ടു മണിക്കൂര്‍ ആയിരിക്കുന്നു-ഉറക്കം എന്നെ വിട്ടൊഴിഞ്ഞിരിക്കുന്നു, ഓര്‍മ്മകള്‍ ഒഴുകി ഇറങ്ങുന്നു, ചില നേരങ്ങളില്‍ കണ്ണീരായിപ്പോലും. ഗുഹാവത്തിയിലേക്കുള്ള വിമാനത്തില്‍ സീറ്റ് പിടിച്ച ഉച്ചയ്ക്ക് 12 മണിക്കാണ് ജൂലൈ 27-ാം തീയതി ഞങ്ങളുടെ ദിവസം ആരംഭിക്കുന്നത്. ഡോ. കലാം 1എയിലും ഞാന്‍ 1സിയിലും. ഇരുണ്ട നിറത്തിലുള്ള ‘കലാം സ്യൂട്ട്’ ആണ് അദ്ദേഹം ധരിച്ചിരുന്നത്. ‘നല്ല നിറം’ എന്ന് അഭിനന്ദിച്ചുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. അദ്ദേഹത്തെ അവസാനമായി നിറങ്ങളില്‍ കാണുകയാണ് ഞാനെന്ന് അപ്പോള്‍ ഓര്‍ത്തതേയില്ല.
മഴക്കാലത്ത് രണ്ടര മണിക്കൂര്‍ നീണ്ട യാത്ര. പ്രക്ഷുബ്ദതയെ ഞാന്‍ വെറുത്തിരുന്നു, പക്ഷെ അദ്ദേഹം അതില്‍ വൈദഗ്ധ്യം നേടിയിരുന്നു. ഇളകുന്ന വിമാനത്തില്‍ ഞാന്‍ വിറയ്ക്കുന്നത് കാണുമ്പോഴൊക്കെ അദ്ദേഹം ജനാല അടയ്ക്കുകയും ‘ഇപ്പോള്‍ നിങ്ങള്‍ക്ക് പേടിയൊന്നും കാണുന്നില്ലല്ലോ!’ എന്ന് പറയുകയും ചെയ്തു.
തുടര്‍ന്ന് ഷില്ലോംഗ് ഐഐഎമ്മിലേക്ക് മറ്റൊരു രണ്ടര മണിക്കൂര്‍ നീണ്ട കാര്‍ യാത്ര. രണ്ട് ഘട്ടങ്ങളായുള്ള യാത്രയില്‍ ഞാന്‍ സംസാരിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും സംവദിക്കുകയും ചെയ്തു. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ സംഭവിച്ചിട്ടുള്ള ദൈര്‍ഘ്യമേറിയ നൂറുകണക്കിന് വിമാന യാത്രകളില്‍ ദീര്‍ഘമായ റോഡ് യാത്രകളിലുമൊക്കെ ഇതായിരുന്നു പതിവ്.
അവ ഓരോന്നും പോലെ ഇതും പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. മൂന്ന് സംഭവങ്ങള്‍/ചര്‍ച്ചകള്‍ ആവും ‘ഞങ്ങളുടെ അവസാന യാത്രയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ നിറഞ്ഞു നില്‍ക്കുന്നത്.’
ആദ്യമായി, പഞ്ചാബില്‍ നടന്ന ആക്രമണങ്ങളില്‍ ഡോ. കലാം അങ്ങേയറ്റം അസ്വസ്ഥനായിരുന്നു. നിരപരാധികളായ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത് അദ്ദേഹത്തെ ദുഃഖത്തിലാഴ്ത്തി. വാസയോഗ്യമായ ഗ്രഹം ഭൂമി, എന്നതായിരുന്നു ഷില്ലോംഗ് ഐഐഎമ്മിലെ പ്രഭാഷണ വിഷയം. ‘ഒരു മലിനീകരണത്തെക്കാള്‍ ഭൂമിയിലെ വാസത്തിന് ഭീഷണിയാവുന്നത് മനുഷ്യ നിര്‍മ്മിത ശക്തികളായിരിക്കാം,’ എന്ന് തന്റെ വിഷയത്തെ പഞ്ചാബ് സംഭവവുമായി ബന്ധപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു. ആക്രമണങ്ങളുടെയും മലിനീകരണത്തിന്റെയും വീണ്ടുവിചാരമില്ലാത്ത മനുഷ്യ പ്രവര്‍ത്തനങ്ങളുടെയും ഈ സ്ഥിതിവിശേഷം തുടരുകയാണെങ്കില്‍ എങ്ങനെയാണ് നമ്മള്‍ ഭൂമി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതമാവുക എന്നതിനെ കുറിച്ചും ഞങ്ങള്‍ ചര്‍ച്ച ചെയ്തു. ‘ഈ നിലയ്ക്ക് പോവുകയാണെങ്കില്‍ ഒരു മുപ്പത് വര്‍ഷം,’ അദ്ദേഹം പറഞ്ഞു. ‘ഇതിനെതിരെ എന്തെങ്കിലും ചെയ്യേണ്ടത് നിങ്ങളാണ്….ഇത് നിങ്ങളുടെ ഭാവി ലോകമാണ്.’
ഞങ്ങളുടെ ചര്‍ച്ചകള്‍ കൂടുതലും ദേശീയമായിരുന്നു. ജനാധിപത്യത്തിന്റെ പരമോന്നത സ്ഥാപനമായ പാര്‍ലമെന്റ് പ്രവര്‍ത്തനരഹിതമായി തീരുന്നതില്‍ കഴിഞ്ഞ രണ്ട് ദിവസമായി ഡോ. കലാം അസ്വസ്ഥനായിരുന്നു. ‘എന്റെ രാഷ്ട്രപതി കാലത്ത് രണ്ട് വ്യത്യസ്ഥ സര്‍ക്കാരുകളെ ഞാന്‍ കണ്ടിരുന്നു. അതിന് ശേഷം അതിലധികവും ഞാന്‍ കണ്ടു. ഈ തടസ്സപ്പെടുത്തലുകള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. അത് ശരിയല്ല. വികസന രാഷ്ട്രീയത്തില്‍ ഊന്നി പാര്‍ലമെന്റ് പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കുന്നതിനായി ഒരു മാര്‍ഗ്ഗം കണ്ടെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’ തന്റെ പ്രഭാഷണത്തിന്റെ അവസാനം ഷില്ലോംഗ് ഐഐഎമ്മിലെ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്ന ഒരു അപ്രതീക്ഷിത അസൈന്‍മെന്റിനായി ചോദ്യം തയ്യാറാക്കാന്‍ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. പാര്‍ലമെന്റിനെ കൂടുതല്‍ ഉല്‍പാദനക്ഷമവും ഊര്‍ജ്ജസ്വലവുമാക്കാന്‍ ഉതകുന്ന മൂന്ന് നൂതന മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടാനായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്. പിന്നെ, ഒരു നിമിഷത്തിന് ശേഷം അദ്ദേഹം അതിലേക്ക് തന്നെ മടങ്ങിയെത്തി. ‘പക്ഷെ എനിക്ക് തന്നെ ഒരു ഉത്തരമില്ലെങ്കില്‍ അതിന് ഒരു പരിഹാരം നിര്‍ദ്ദേശിക്കാന്‍ അവരോട് ആവശ്യപ്പെടുന്നതെങ്ങനെ.’ പിന്നീടുള്ള ഒരു മണിക്കൂര്‍, ഞങ്ങള്‍ സാധ്യതകളില്‍ നിന്നും സാധ്യതകളിലേക്ക് സഞ്ചരിക്കുകയും ഒടുവില്‍ പ്രശ്‌നത്തില്‍ അദ്ദേഹത്തിന്റെ തന്നെ ചില നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്ന് വരുകയും ചെയ്തു. അഡ്വാന്റേജ് ഇന്ത്യ എന്ന ഞങ്ങളുടെ അടുത്ത പുസ്തകത്തില്‍ ഈ ചര്‍ച്ച കൂട്ടിച്ചേര്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വിനയത്തിന്റെ സൗന്ദര്യത്തെ കുറിച്ചുള്ള ഒരനുഭവമായിരുന്നു മൂന്നാമത്തേത്. ആറ് ഏഴ് കാറുകളുടെ ഒരു കോണ്‍വോയ് ആയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത്. ഡോ. കലാമും ഞാനും രണ്ടാമത്തെ കാറിലായിരുന്നു. ഞങ്ങള്‍ക്ക് മുന്നില്‍ ഒരു തുറന്ന ജിപ്‌സിയില്‍ മൂന്ന് സൈനികര്‍ സഞ്ചരിച്ചിരുന്നു. രണ്ട് പേര്‍ ജിപ്‌സിയുടെ ഇരുവശങ്ങളിലുമായി ഇരുന്നപ്പോള്‍, മെലിഞ്ഞ് നീണ്ട ഒരു സൈനികന്‍ തന്റെ തോക്കും പിടിച്ച് ജിപ്‌സിയില്‍ നില്‍ക്കുകയായിരുന്നു. റോഡ് യാത്ര ഏകദേശം ഒരു മണിക്കൂറായപ്പോള്‍ ഡോ. കലാം പറഞ്ഞു, ‘എന്തിനാണ് അയാള്‍ നില്‍ക്കുന്നത്? അയാള്‍ ക്ഷീണിക്കുമല്ലോ. ഇതൊരു ശിക്ഷ പോലെയാണ്. അയാള്‍ ഇരിക്കണമെന്ന് പറഞ്ഞ് ഒരു വയര്‍ലസ് സന്ദേശം നല്‍കാന്‍ സാധിക്കുമോ?’ മികച്ച സുരക്ഷയ്ക്ക് വേണ്ടി ആ സൈനികന്‍ നില്‍ക്കണമെന്ന നിര്‍ദ്ദേശം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടാവാമെന്ന് എനിക്ക് ഡോ. കലാമിനെ ബോധ്യപ്പെടുത്തേണ്ടിയിരുന്നു. എന്നാല്‍ അദ്ദേഹം വഴങ്ങാന്‍ തയ്യാറായില്ല. റേഡിയോ സന്ദേശം നല്‍കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ആ സൈനികനോട് ഇരിക്കാന്‍ കൈകൊണ്ട് നിര്‍ദ്ദേശം നല്‍കാന്‍ എനിക്ക് സാധിക്കുമോ എന്ന് തുടര്‍ന്നുള്ള ഒന്നര മണിക്കൂര്‍ യാത്രയ്ക്കിടയില്‍ മൂന്ന് തവണ അദ്ദേഹം എന്നോട് ആരാഞ്ഞു. പക്ഷെ ഞങ്ങള്‍ക്ക് വലുതായൊന്നും ചെയ്യാന്‍ സാധിക്കില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ‘എനിക്ക് അയാളെ കാണുകയും നന്ദി പറയുകയും ചെയ്യണം,’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഷില്ലോംഗ് ഐഐഎമ്മില്‍ എത്തിയതിന് ശേഷം, സുരക്ഷ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഞാന്‍ ആ സൈനികനെ കണ്ടുപിടിച്ചു. ഞാന്‍ അദ്ദേഹത്തെ അകത്തേക്ക് കൂട്ടുകയും ഡോ. കലാം അദ്ദേഹത്തെ വന്ദിക്കുകയും ചെയ്തു. അദ്ദേഹം സൈനികന് ഹസ്തദാനം നല്‍കിയതിന് ശേഷം നന്ദി പറഞ്ഞു. ‘താങ്കള്‍ ക്ഷീണിച്ചോ? എന്തെങ്കിലും കഴിക്കുന്നോ? ഞാന്‍ കാരണം ഇത്ര ദൂരം നിങ്ങള്‍ നില്‍ക്കേണ്ടി വന്നതിന് മാപ്പ് ചോദിക്കുന്നു.’ നീണ്ടു മെലിഞ്ഞ ആ സൈനികന്‍ ഇങ്ങനെ ഒരു പരിചരണത്തില്‍ ഞെട്ടിപ്പോയി. വാക്കുകള്‍ നഷ്ടപ്പെട്ട അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു, ‘സര്‍, താങ്കള്‍ക്കായി വീണ്ടും ആറ് മണിക്കൂര്‍ കൂടി നില്‍ക്കാനും സന്തോഷമേ ഉള്ളു.’
അതിന് ശേഷം ഞങ്ങള്‍ പ്രഭാഷണ വേദിയിലേക്ക് പോയി. പ്രഭാഷണത്തിന് താമസിച്ചെത്താന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ‘കുട്ടികളെ ഒരിക്കലും കാത്തിരുത്തരുത്,’ എന്നദ്ദേഹം എപ്പോഴും പറയുമായിരുന്നു. ഞാന്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റ മൈക്ക് ശരിയാക്കുകയും അവസാന പ്രഭാഷണത്തിന് ആമുഖം അവതരിപ്പിക്കുകയും കമ്പ്യൂട്ടറിന് മുന്നില്‍ സ്ഥാനം പിടിക്കുകയും ചെയ്തു. ഞാന്‍ മൈക്ക് ശരിയാക്കുന്നതിനിടയില്‍ അദ്ദേഹം ചിരിച്ചു കൊണ്ട് ചോദിച്ചു, ‘കുസൃതിക്കുട്ടാ (ഫണ്ണി ഗൈ), കുഴപ്പമൊന്നുമില്ലല്ലോ?.’ അദ്ദേഹത്തിന്റെ ശബ്ദ വ്യത്യാസത്തിന്റെയും നിങ്ങളുടെ വിലയിരുത്തലിന്റെയും അടിസ്ഥാനത്തില്‍ കലാം ഫണ്ണി ഗൈ എന്ന് ഉപയോഗിക്കുന്നതിന് വിവിധ തരത്തിലുള്ള അര്‍ത്ഥങ്ങള്‍ ഉണ്ടാവും. നിങ്ങള്‍ കാര്യങ്ങള്‍ വൃത്തിയായി ചെയ്തു എന്നോ നിങ്ങള്‍ മുഴുവന്‍ കുളമാക്കി എന്നോ താന്‍ പറയുന്നത് കൂടുതല്‍ ശ്രദ്ധിക്കണമെന്നോ നിങ്ങള്‍ ഒരു നിഷ്‌കളങ്കന്‍ ആണെന്നോ അല്ലെങ്കില്‍ അദ്ദേഹം സന്തോഷഭരിതനാണെന്നോ ഒക്കെ സന്ദര്‍ഭത്തിനനുസരിച്ച് ആ പ്രയോഗത്തിന്റെ അര്‍ത്ഥം മാറാം. അദ്ദേഹവുമായുള്ള ആറ് വര്‍ഷത്തെ സഹവാസത്തിനിടയ്ക്ക് എനിക്ക് ആ പ്രയോഗത്തിന്റെ അര്‍ത്ഥവ്യത്യാസങ്ങള്‍ എന്റെ കൈവെള്ള എന്ന പോലെ പരിചിതമായി കഴിഞ്ഞിരുന്നു. ഇത്തവണ അതിന്റെ അര്‍ത്ഥം ഏറ്റവും അവസാനത്തേതായിരുന്നു.
‘ഫണ്ണി ഗൈ! കുഴപ്പമൊന്നുമില്ലല്ലോ?’ അദ്ദേഹം ചോദിച്ചു. ‘ഇല്ല.’ അതായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകള്‍. ഞാന്‍ അദ്ദേഹത്തിന്റെ പിന്നില്‍ ഇരിക്കുകയായിരുന്നു. പ്രഭാഷണം തുടങ്ങി രണ്ട് മിനിട്ടിന് ശേഷം, ഒരു വാചകത്തിന് ശേഷം ഒരു നീണ്ട മൗനം ഞാന്‍ കേട്ടു. ഞാന്‍ അദ്ദേഹത്തെ നോക്കിയപ്പോഴേക്കും അദ്ദേഹം വീണുകഴിഞ്ഞിരുന്നു.
ഞങ്ങള്‍ അദ്ദേഹത്തെ എഴുന്നേല്‍പിച്ചു. ഡോക്ടര്‍മാര്‍ പാഞ്ഞെത്തുമ്പോഴേക്കും ഞങ്ങള്‍ക്ക് ചെയ്യാവുന്നതെല്ലാം ചെയ്തു. അദ്ദേഹത്തിന്റെ മുക്കാലും അടഞ്ഞ കണ്ണുകളിലൂടെയുള്ള ആ നോട്ടം ഞാനൊരിക്കലും മറക്കില്ല. ഞാന്‍ ഒരു കൈകൊണ്ട് അദ്ദേഹത്തിന്റെ തല താങ്ങിപ്പിടിച്ചു. പുനരുജ്ജീപിക്കാന്‍ എന്നെ കൊണ്ടു കഴിയുന്നതെല്ലാം ചെയ്തു. അദ്ദേഹത്തിന്റെ കൈകള്‍ എന്റെ വിരലുകളിലേക്ക് ചുരുണ്ട് മുറുകി. അദ്ദേഹത്തിന്റെ മുഖത്ത് നിശ്ചലത തളംകെട്ടി. ആ വിവേകത്തിന്റെ കണ്ണുകള്‍ ചലനരഹിതമായി ജ്ഞാനം പ്രസരിപ്പിച്ചുകൊണ്ടിരുന്നു. അദ്ദേഹം ഒരു വാക്കുപോലും ഉരിയാടിയില്ല. ഒരു വേദനയും പ്രകടിപ്പിച്ചില്ല. ലക്ഷ്യം മാത്രമേ ദൃശ്യമായിരുന്നുള്ളു.
അഞ്ച് മിനിട്ടിനുള്ളില്‍ ഞങ്ങള്‍ ഏറ്റവും അടുത്ത ആശുപത്രിയിലെത്തി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ മിസൈല്‍ മനുഷ്യന്‍ എക്കാലത്തേക്കുമായി പറന്നുപോയി എന്നവര്‍ സൂചിപ്പിച്ചു. അവസാനമായി ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ തൊട്ടുവണങ്ങി. വിട, വന്ദ്യ സുഹൃത്തെ! മഹാനായ മാര്‍ഗ്ഗദര്‍ശി! എന്റെ ചിന്തകളില്‍ കാണുകയും അടുത്ത ജന്മത്തില്‍ സന്ധിക്കുകയും ചെയ്യാം.

ഷില്ലോംഗിലേക്കുള്ള കാര്‍ യാത്രയ്ക്കിടെ തുറന്ന ജിപ്സിയില്‍ രണ്ടര മണിക്കൂറോളം നിന്ന് യാത്ര ചെയ്ത സുരക്ഷാ സൈനികനെ കലാം ഹസ്തദാനം ചെയ്യുന്നു
പിന്തിരിയുമ്പോള്‍ ഓര്‍മ്മകളുടെ ഒരു പ്രവാഹം തന്നെ തുറന്ന് വന്നു. ‘നിങ്ങള്‍ ചെറുപ്പമാണ്, എങ്ങനെ ഓര്‍ക്കപ്പെടണമെന്നാണ് ആഗ്രഹം?’ അദ്ദേഹം എപ്പോഴും എന്നോട് ചോദിക്കുമായിരുന്നു. മതിപ്പ് ജനിപ്പിക്കുന്ന ഒരു ഉത്തരം കണ്ടെത്തുന്നതിനായി ഞാന്‍ ആലോചിച്ചുകൊണ്ടേയിരുന്നു. ഒരു ദിവസം ഞാന്‍ ആലോചനകള്‍ ഉപേക്ഷിച്ച് ചോദ്യം തിരിച്ചിട്ടു. ‘എന്തിന്റെ പേരില്‍ ഓര്‍ക്കപ്പെടണമെന്നാണ് താങ്കള്‍ ആഗ്രഹിക്കുന്നതെന്ന് ആദ്യം എന്നോട് പറയു? രാഷ്ട്രപതി, ശാസ്ത്രജ്ഞന്‍, എഴുത്തുകാരന്‍, മിസൈല്‍ മനുഷ്യന്‍, ഇന്ത്യ 2020, ടാര്‍ജറ്റ് 3 ബില്യണ്‍….എന്തിന്റെ പേരില്‍? ഉത്തരങ്ങള്‍ ഞാന്‍ തന്നെ നല്‍കിയതിനാല്‍ അദ്ദേഹം എളുപ്പം ചോദ്യത്തില്‍ നിന്നും രക്ഷപ്പെടും എന്ന് ഞാന്‍ കരുതി. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഉത്തരം നല്‍കി, ‘അധ്യാപകന്‍.’
അദ്ദേഹത്തിന്റെ മിസൈല്‍ കാല സുഹൃത്തുക്കളെ കുറിച്ച് രണ്ട് ആഴ്ചകള്‍ക്ക് മുമ്പ് ഞങ്ങള്‍ തമ്മില്‍ നടന്ന ഒരു സംഭാഷണത്തില്‍ നിന്ന്. ‘കുട്ടികള്‍ അവരുടെ രക്ഷകര്‍ത്താക്കളുടെ സംരക്ഷണം ഏറ്റെടുക്കണം. അങ്ങനെ സംഭവിക്കുന്നില്ലെന്ന് പറഞ്ഞ് കേള്‍ക്കുന്നു,’ എന്ന് അദ്ദേഹം പറഞ്ഞു. ഒരു നിമിഷം നിശബ്ദനായതിന് ശേഷം അദ്ദേഹം തുടര്‍ന്നു, ‘രണ്ട് കാര്യങ്ങള്‍. മുതിര്‍ന്നവര്‍ ചെയ്യണം. തങ്ങളുടെ മരണക്കിടക്ക വരെ സമ്പത്ത് കൊണ്ടുപോകരുത്. അത് കുടുംബത്തില്‍ കലഹങ്ങള്‍ക്ക് കാരണമാകും. രണ്ടാമതായി, ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍, ഒരുപാടു കാലത്തെ രോഗപീഢ കൂടാതെ മരിക്കുന്നയാള്‍ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. കാരണം, വിടപറയലുകള്‍ ഹൃസ്വമായിരിക്കും, തീരെ ഹൃസ്വം.’
ഇന്ന് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍- അദ്ദേഹം എക്കാലവും ഓര്‍മ്മിക്കപ്പെടാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപനത്തിനായിരുന്ന അദ്ദേഹത്തിന്റെ അവസാന യാത്ര. അദ്ദേഹത്തിന്റെ അവസാന നിമിഷം വരെ അദ്ദേഹം നിന്നുകൊണ്ട് ജോലി ചെയ്യുകയായിരുന്നു, പ്രഭാഷണം നടത്തുകയായിരുന്നു. ഒരു അധ്യാപകനെന്ന നിലയില്‍ തലയുയര്‍ത്തി തന്നെ അദ്ദേഹം നമ്മെ വിട്ടുപോയി. ജനങ്ങളുടെ സ്‌നേഹവും ആശംസകളുമല്ലാതെ ഒന്നും സമ്പാദിക്കാതെ അദ്ദേഹം ഈ ലോകം വിട്ടുപോയി. അവസാന നിമിഷത്തില്‍ പോലും അദ്ദേഹം വിജയി ആയിരുന്നു. നമ്മള്‍ കഴിച്ച ഉച്ച ഭക്ഷണങ്ങളും അത്താഴങ്ങളും, എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയ താങ്കളുടെ വിനയവും, എന്നെ ഞെട്ടിച്ച താങ്കളുടെ ജിജ്ഞാസയും വാക്കുകള്‍ കൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും എനിക്ക് പകര്‍ന്നു തന്ന ജീവിതപാഠങ്ങളും, വിമാനങ്ങള്‍ പിടിക്കുന്നതിനുള്ള നമ്മുടെ പരക്കം പാച്ചിലുകളും നമ്മുടെ താങ്കള്‍ എനിക്ക് സ്വപ്‌നങ്ങള്‍ തന്നു. സ്വപ്‌നങ്ങള്‍ അസാധ്യങ്ങളായിരിക്കണമെന്ന് താങ്കള്‍ എനിക്ക് കാണിച്ചു തന്നു. മറ്റെന്തും എന്റെ കഴിവിലുള്ള ഒത്തുതീര്‍പ്പായിരിക്കുമെന്ന് താങ്കള്‍ എന്നെ പഠിപ്പിച്ചു. ആ മനുഷ്യന്‍ പോയി, പക്ഷെ ആ ദൗത്യം ജീവിച്ചുകൊണ്ടേയിരിക്കുന്നു. കലാം, അങ്ങ് നീണാള്‍ വാഴട്ടെ.
അങ്ങയോട് കടപ്പെട്ട വിദ്യാര്‍ത്ഥി,
ശ്രീജന്‍ പാല്‍ സിംഗ്
അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക