UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതേ, രാജ്യം പടക്കളത്തിലേക്ക് തന്നെയാണ്

Avatar

ടീം അഴിമുഖം

ജെ എന്‍ യുവിനെ ചുറ്റിപ്പറ്റി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദത്തില്‍ ബി ജെ പിയുടെ രാഷ്ട്രീയപ്രതികരണം എന്താണെന്ന് ശനിയാഴ്ച ഒന്നുകൂടി വ്യക്തമായിരിക്കുന്നു. അതാകട്ടെ ഇന്ത്യയെ സംബന്ധിച്ച് ഒട്ടും നല്ല വാര്‍ത്തയുമല്ല.

ജെ എന്‍ യു പ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയതയും ഹിന്ദുത്വവും സംബന്ധിച്ച തന്റെ പാര്‍ട്ടിയുടെ കടുത്ത നിലപാടുകള്‍ ഒന്നുകൂടി വ്യക്തമാക്കിക്കൊണ്ട് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ശനിയാഴ്ച പറഞ്ഞത് “ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ അഭിപ്രായസ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാനുള്ള ശ്രമം നടക്കുന്നു” എന്നാണ്. ബി ജെ പി അധ്യക്ഷന്‍ രാഷ്ട്രീയനയം വ്യക്തമാക്കിയതോടെ വരും മാസങ്ങളില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ക്കുള്ള സകല സാധ്യതയും കാണുന്നുണ്ട്. നരേന്ദ്ര മോദി സര്‍ക്കാരിനാകട്ടെ ഭരണനിര്‍വഹണം മെച്ചപ്പെടുത്താനുള്ള സമയമോ ഇടാമോ ഉണ്ടാകാനും പോകുന്നില്ല.

“ഭാരത മാതാവിനെ വിശ്വഗുരുവാക്കി ഉയര്‍ത്താന്‍ കഴിയണമെങ്കില്‍ രാജ്യത്തു 25 കൊല്ലത്തേക്ക് ബി ജെ പി സര്‍ക്കാര്‍ ഉണ്ടാകേണ്ടത് സുപ്രധാനമാണ്”- ഷാ പറഞ്ഞു.

ബി ജെ പിയുടെ യുവജനവിഭാഗം ഭാരതീയ ജനത യുവ മോര്‍ച്ച (BJYM)യുടെ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഷാ ഇങ്ങനെ പറഞ്ഞത്. “പ്രധാനമന്ത്രിയായതിന് ശേഷവും അഭിമാനത്തോടെ കുറിയണിയുകയും ഗംഗയില്‍ മുങ്ങിനിവരുകയും ചെയ്യുന്നു” എന്നു മോദിയെ പ്രകീര്‍ത്തിക്കാനും ഷാ മറന്നില്ല.

“പശുപതിനാഥ ക്ഷേത്രം (കാഠ്മണ്ടുവിലെ) ഒരു മടിയും കൂടാതെ സന്ദര്‍ശിക്കുന്ന ബി ജെ പിയുടെ പ്രധാനമന്ത്രിയാണിത്.”

ജെ എന്‍ യുവിലെ ‘ദേശവിരുദ്ധ മുദ്രാവാക്യ’ങ്ങളെ അനുകൂലിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച ഷാ, ഇക്കാര്യത്തില്‍ സോണിയാ ഗാന്ധി നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

“അസാധാരണമായ ഒരു സംഗതി നമ്മുടെ രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നു, അസാധാരണമായ തരത്തിലുള്ള ഒരു സംവാദം. ദേശവിരുദ്ധ മുദ്രാവാക്യങ്ങളെ അഭിപ്രായ സ്വാതന്ത്ര്യമായി ചിത്രീകരിക്കാനുള്ള ശ്രമം. രാജ്യതലസ്ഥാനത്തുള്ള ചില സര്‍വകലാശാലകളില്‍ ‘ഭാരതത്തെ തുണ്ടം തുണ്ടമാക്കും, ഇന്‍ഷാ അള്ളാ, ഇന്‍ഷാ അള്ളാ, നിങ്ങളുടെ ഘാതകര്‍ ഇപ്പൊഴും ജീവിച്ചിരിക്കുന്നു എന്നതില്‍ അഫ്സല്‍ ഞങ്ങള്‍ ലജ്ജിക്കുന്നു, ഭാരതത്തിന്റെ നാശം വരെയും പോരാട്ടം തുടരും’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു.”

“കോണ്‍ഗ്രസ് പാര്‍ട്ടി ഇതില്‍ ലജ്ജിക്കണം. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അവിടെപ്പോയി പറയുന്നു, അവര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന്,” ഇതും പറഞ്ഞു ഷാ സദസിനോട് ചോദിച്ചു,“ഇത് അഭിപ്രായ സ്വാതന്ത്ര്യമാണോ? ഇത്തരം മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമാണെങ്കില്‍, പിന്നെന്താണ് രാജ്യദ്രോഹം? രാഹുല്‍ ഗാന്ധി, ഈ രാജ്യത്തിന്റെ ഒരിഞ്ച് ഭൂമിക്കുവേണ്ടിപ്പോലും സ്വന്തം ജീവന്‍ ബലിനല്‍കാന്‍ ഈ രാജ്യത്തെ ചെറുപ്പക്കാര്‍ തയ്യാറാണെന്ന് താങ്കള്‍ക്കറിയില്ല.”

“സ്വാതന്ത്യം ലഭിച്ച് ഇത്രയും നാളുകള്‍ കഴിഞ്ഞിട്ടും ഇപ്പൊഴും നമുക്ക് രാജ്യസ്നേഹമെന്താണ്, രാജ്യദ്രോഹമെന്താണ് എന്ന് വിശദീകരിക്കേണ്ടിവരുന്നത് ലജ്ജാകരമാണ്. ഈ മുദ്രാവാക്യങ്ങള്‍ അഭിപ്രായ സ്വാതന്ത്ര്യമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കരുതുന്നെങ്കില്‍, അതിനോടു യോജിക്കുന്നുണ്ടോ ഇല്ലയോ എന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ വ്യക്തമാക്കണം”. എന്താണ് ഇത്തരം മുദ്രാവാക്യങ്ങള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് രാജ്യത്തുടനീളം കോണ്‍ഗ്രസുകാരോട് ചോദിക്കാന്‍ അദ്ദേഹം BJYM പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു.

തന്റെ കക്ഷിയുടെ ഹിന്ദുത്വ സ്വഭാവം വ്യക്തമാക്കിയ ഷാ, ജനസംഘത്തിന്റെ പ്രത്യയശാസ്ത്രമാണ് ബി ജെ പി പിന്തുടരുന്നതെന്നും പറഞ്ഞു. “ഈ രാജ്യത്തിന്റെ സംസ്ക്കാരത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന, രാജ്യത്തെ പ്രമുഖ വ്യക്തിത്വങ്ങളെ മാതൃകകളായി കാണുന്ന, ഈ പ്രത്യയശാസ്ത്രം ഈ രാജ്യത്തിന്റെ മണ്ണില്‍നിന്നും ഉയര്‍ന്നുവന്നതാണ്.”

‘രാമജന്‍മഭൂമിയുടെ വിമോചനത്തിന്നായുള്ള മുന്നേറ്റം’, അടിയന്തരാവസ്ഥക്കെതിരായ മുന്നേറ്റം, ഗോവയുടെയും ഹൈദരാബാദിന്റേയും വിമോചനം’ എന്നിവ ബി ജെ പിയുടെയും ജനസംഘത്തിന്റെയും നേട്ടങ്ങളായി ഷാ എടുത്തുപറഞ്ഞു.

ബി ജെ പി 25 വര്‍ഷം ഭരിക്കുമെന്ന് ഉറപ്പുവരുത്താന്‍ അണികളോട് ഷാ ആവശ്യപ്പെട്ടു. “അഞ്ചുവര്‍ഷം കൊണ്ട് ബി ജെ പി സര്‍ക്കാരിന് പണപ്പെരുപ്പം ഇല്ലാതാക്കാനും അതിര്‍ത്തി സുരക്ഷിതമാക്കാനും ലോകത്തിലെ പരമാവധി വളര്‍ച്ച കൈവരിക്കുന്ന രാജ്യമാകാനും പരമാവധി കാര്‍ഷിക വളര്‍ച്ച നേടാനും ദാരിദ്ര്യം തുടച്ചുനീക്കാനുമാകും. പക്ഷേ നമുക്ക് ഭാരതമാതാവിനെ ലോകത്തിലെ ഏറ്റവും ഉന്നതമായ വിശ്വഗുരു പദവിയിലേക്ക് ഉയര്‍ത്തണമെങ്കില്‍ അഞ്ചു വര്‍ഷത്തെ ഒരു സര്‍ക്കാര്‍ പോര. ബി ജെ പി ഈ രാജ്യം 25 വര്‍ഷം ഭരിക്കണമെന്നത് വളരെ പ്രധാനമായ കാര്യമാണ്.”

ബി ജെ പി അധികാരത്തില്‍ വരുന്നതിനുമുമ്പ് ,“പത്തു വര്‍ഷം ഭരിച്ച ഒരു സര്‍ക്കാരുണ്ടായിരുന്നു. ആ സര്‍ക്കാരിലെ പ്രധാനമന്ത്രിയില്‍ നിന്നും എന്തെങ്കിലും കേള്‍ക്കണമെങ്കില്‍ മാസങ്ങള്‍ കാത്തിരിക്കണമായിരുന്നു. ആരും പ്രധാനമന്ത്രിയെ പ്രധാനമന്ത്രിയായി കണക്കാക്കിയിരുന്നില്ല. എവിടെനിന്നാണ് സര്‍ക്കാരിനെ നടത്തിച്ചിരുന്നത് എന്ന് വ്യക്തമായിരുന്നില്ല.”

കോണ്‍ഗ്രസ്, മോദിയെ വിദേശയാത്രകളുടെ പേരില്‍ അപഹസിക്കുന്നതിനെക്കുറിച്ച് ഷാ പറഞ്ഞു,“കണക്കുകള്‍ നോക്കൂ. മന്‍മോഹന്‍ സിങ്ങിനെക്കാള്‍ കുറച്ചു വിദേശയാത്രകള്‍ മാത്രമാണു നരേന്ദ്രഭായി നടത്തിയിട്ടുള്ളത്. പക്ഷേ ചിലര്‍ക്കിത് കൂടുതലായി തോന്നാം, കാരണം മന്‍മോഹന്‍ സിങ് യാത്ര നടത്തിയാല്‍ ആരും അറിഞ്ഞിരുന്നില്ല. മൌനി ബാബ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചാല്‍ അദ്ദേഹം ഇംഗ്ലീഷില്‍ അച്ചടിച്ച കടലാസുകള്‍ കയ്യില്‍ കരുതും. അത് വായിച്ച് തിരികെപ്പോരും. ചിലപ്പോഴൊക്കെ കടലാസുകള്‍ മാറിപ്പോകും. തായ്ലാണ്ടില്‍ വായിക്കേണ്ടത് മലേഷ്യയിലും മലേഷ്യയിലേക്കുള്ളത് തായ്ലണ്ടിലും.” പക്ഷേ,“ഐക്യരാഷ്ട്ര സഭയില്‍ നരേന്ദ്ര ഭായി ദേശീയഭാഷയില്‍ സംസാരിക്കുമ്പോള്‍ രാജ്യത്തെ യുവാക്കളുടെ നെഞ്ചുകള്‍ അഭിമാനത്താല്‍ വിടരുകയാണ്.” 

രാജ്യത്ത് ബി ജെ പി സര്‍ക്കാര്‍ മാന്ത്രികമായ തരത്തിലാണ് മാറ്റം വരുത്തിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. “രാജ്യത്ത് സ്വാതന്ത്യത്തിന് ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ദരിദ്രരിലേക്കും ഗ്രാമങ്ങളിലേക്കും വികസനം എത്തിയിരുന്നില്ല. ആ ജോലി ബി ജെ പി സര്‍ക്കാര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നു.”

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കിയതാണ് ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഷാ അവകാശപ്പെട്ടു. “നമ്മുടെ സൈനികന്റെ തലയറുക്കാന്‍ ആര്‍ക്കും ധൈര്യം വരില്ല, കാരണം ഇത് നരേന്ദ്ര മോദിയുടെ സര്‍ക്കാരാണ്.”

വിദ്യാര്‍ത്ഥികളുമായുള്ള ഏറ്റുമുട്ടലില്‍ ബി ജെ പി നയം തിരുത്താന്‍ തയ്യാറല്ലെന്നും ഏറ്റുമുട്ടലിന് തന്നെയാണെന്നുമാണ്  ഈ പ്രസംഗം നല്‍കുന്ന സൂചന. ഇത് പ്രതിപക്ഷത്തെയും വിദ്യാര്‍ത്ഥികളെയും കൂടുതല്‍ ഐക്യപ്പെടുത്തും. വരും മാസങ്ങളില്‍ മോദി സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കടുത്ത ഏറ്റുമുട്ടലാണ് നടക്കാന്‍ പോകുന്നത് എന്നാണ് ഇതിന്റെയര്‍ത്ഥം. മറ്റൊരു മൂന്നു വര്‍ഷം കൂടി പാഴായി എന്നതാണ് അതിലെ നിരാശാജനകമായ വസ്തുത.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍