UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണാഘോഷം പൊതുജനത്തിന്റെ നെഞ്ചത്ത് വേണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രിയെ ക്രൂശിക്കുന്നതെന്തിന്?

Avatar

ജഹാംഗീര്‍ റസാഖ് പാലേരി

സിവില്‍ സര്‍വീസിനെ കാര്യക്ഷമമായി നിയന്ത്രിക്കാനും ഗുണപരമായി ഉപയോഗിക്കുവാനും കഴിഞ്ഞ മുഖ്യമന്ത്രിമാര്‍ കേരള ചരിത്രത്തില്‍ കുറവാണ്. കെ. കരുണാകരനാണ് അക്കൂട്ടത്തില്‍ തമ്മില്‍ ഭേദമായ തൊമ്മന്‍ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. പിണറായി വിജയന്‍ മുഖ്യമന്ത്രിയായി നാളുകള്‍ക്കകം തന്നെ കേരളീയ പൊതുസമൂഹത്തിന്റെ വലിയ തോതിലുള്ള സ്വീകാര്യത ലഭിക്കുന്ന രൂപത്തിലുള്ള അനവധി പരിഷ്ക്കാരങ്ങള്‍ മുന്നോട്ട് വയ്ക്കുകയുണ്ടായി. “ഓരോ ഫയലും ഓരോ ജീവിതമാണെന്ന് ഓര്‍മ്മ വേണം” എന്നതാണ് വൈകാരികമായിത്തന്നെ അദ്ദേഹം സര്‍ക്കാര്‍ ജീവനക്കാരെ ഓര്‍മ്മിപ്പിച്ചത്. നെഗറ്റീവ് ഫയല്‍നോട്ടം അവസാനിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദേശിക്കുകയുണ്ടായി. സര്‍വീസ് സംഘടനകള്‍ പോലും പൊതുവേ മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളെ തുറന്ന മനസ്സോടെയാണ് സ്വീകരിച്ചത്.

ഒടുവില്‍ കഴിഞ്ഞ ദിവസം, ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട സേവനങ്ങള്‍ നല്‍കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഓണാഘോഷങ്ങളുടെ പേരില്‍ ഇരിപ്പിടത്തിലില്ലാത്ത സ്ഥിതിയുണ്ടാവരുത് എന്ന് മുഖ്യമന്ത്രി പറഞ്ഞത് ഏറെ ചര്‍ച്ചയായിരിക്കുകയാണ്. ഉത്സവകാലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കച്ചവടക്കാര്‍ എത്തുന്നത് പതിവാണ്. ജോലി സമയത്തിന്റെ നല്ലൊരു ഭാഗം അപഹരിക്കുന്നതാണ് ഈ കച്ചവടം. അത് കര്‍ക്കശമായി നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. ഓണാഘോഷം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും നടക്കാറുണ്ട്. അത്തരം ആഘോഷങ്ങളും പൂക്കളമത്സരം പോലുള്ളവയും ഓഫീസ് സമയത്തു നടത്തുന്നത് ഉചിതമല്ല. അവധി ദിവസങ്ങളിലോ ഓഫീസ് സമയം അല്ലാത്തപ്പോഴോ ആഘോഷം നടത്തിയാല്‍ പ്രവൃത്തി സമയത്തെ ബാധിക്കില്ല. ഓണം എന്നല്ല, ഏതു ആഘോഷവും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കേണ്ടത് എന്നുകൂടി മുഖ്യമന്ത്രി സൂചിപ്പിക്കുകയുണ്ടായി.

എന്തായാലും, ജനപക്ഷത്തു നിന്നുകൊണ്ടുള്ള, തീര്‍ത്തും നിര്‍ദോഷകരമായ നിര്‍ദേശങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വെച്ചത്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആക്രമിക്കാനുള്ള വിഷയദാരിദ്ര്യം കൊണ്ടോ എന്തോ, കേരളത്തിലെ സംഘപരിവാര്‍, അതിന്‍റെ ഓണ്‍ലൈന്‍ വകഭേദങ്ങള്‍ എല്ലാം വലിയ രൂപത്തിലുള്ള പ്രതിഷേധവുമായി മുന്നോട്ട് വരുന്നതാണ് ഇപ്പോള്‍ കാണുന്ന കാഴ്ചകള്‍. ആ പ്രതിഷേധങ്ങളുടെ പ്രകടനപരതയില്‍ ജനങ്ങള്‍ക്ക്‌ ലഭിക്കേണ്ട, അവരുടെ അവകാശമായ സേവനങ്ങള്‍ മുടങ്ങാതിരിക്കാനാണ് ഒരു മുഖ്യമന്ത്രി മുന്നോട്ട് വന്നത് എന്ന സദുദ്ദേശത്തെ മനഃപൂര്‍വ്വം കണ്ടില്ലെന്നു നടിച്ചു, ഓണം ഒരു ഹൈന്ദവ ആഘോഷം മാത്രമാണ് എന്ന രൂപത്തിലേക്കാണ് സംഘി അസഹിഷ്ണുത എത്തിയിരിക്കുന്നത്. മുസ്ലിങ്ങളുടെ ആരാധനാരൂപമായ നമസ്ക്കാരം ജോലി സമയത്ത് ഉപേക്ഷിക്കണമെന്ന് ഉത്തരവിടാന്‍ വിജയന് ചങ്കൂറ്റമുണ്ടോ തുടങ്ങിയ പരിഹാസ്യ ചോദ്യങ്ങളിലേക്ക് സംഘി പ്രതിഷേധ ബാലിശതകള്‍ പരിണാമം പൂണ്ടിരിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളോ പ്രതിപക്ഷമോ പോലും കാര്യമായ എതിര്‍പ്പറിയിക്കാത്ത സാഹചര്യത്തില്‍ പോലും കെ. സുരേന്ദ്രന്‍ അടക്കമുള്ള ബി ജെ പി നേതാക്കളുടെ നേതൃത്വത്തില്‍ നടക്കുന്ന അസംബന്ധ  പ്രതിഷേധങ്ങള്‍ നിര്‍ഭാഗ്യകരമെന്നേ പറയാനാകൂ. മാത്രമല്ല, വളരെ വലിയ രൂപത്തില്‍ തെറ്റിദ്ധാരണ പരത്താനും ഇക്കൂട്ടരും ചില മാധ്യമ മുത്തശ്ശികളും ശ്രമിക്കുന്നു എന്നതാണ് കൌതുകകരം. പലരുടെയും തലക്കെട്ടുകള്‍ തന്നെ “സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം പാടില്ലെന്ന് മുഖ്യമന്ത്രി  പിണറായി” എന്ന രൂപത്തില്‍ വസ്തുതാ വിരുദ്ധമായാണ് നല്‍കിയിരിക്കുന്നത്.

കേരളം പോലൊരു പ്രബുദ്ധ സംസ്ഥാനത്ത് ഹൈന്ദവ വികാരം ഇളക്കിവിടുക എന്നൊക്കെപറയുന്നത് തന്നെ ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്. ആ ലക്ഷ്യത്തിനായി ഇത്രമേല്‍ ദുര്‍ബ്ബലമായ രാഷ്ട്രീയ കാരണങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുന്നതും കേരളത്തിലെ സംഘപരിവാര്‍ നേതൃത്വത്തിന്റെ ദീര്‍ഘവീക്ഷണമില്ലായ്മയും അവരുടെ സൈബര്‍ പ്രവര്‍ത്തകരുടെ അസംബന്ധപൂര്‍ണ്ണമായ ഭാവനാരാഹിത്യവുമാണ്.

യഥാര്‍ത്ഥത്തില്‍ യാതൊരുവിധ രാഷ്ട്രീയ വൈരുദ്ധ്യത്തിനും വകയില്ലാത്ത വിഷയമാണിത്.  അവധിക്കാലം തുടങ്ങുന്നതിനു മുന്പ് തന്നെ “ഓണം കഴിഞ്ഞു വരൂ…” എന്ന് പറഞ്ഞു ഓഫീസില്‍ വരുന്ന പാവപ്പെട്ട മനുഷ്യരെ പറഞ്ഞയക്കുന്ന സ്ഥിതിയാണ് കാര്യക്ഷമതയുടെ കാര്യത്തില്‍ ദയനീയ ചിത്രമായ നമ്മുടെ സര്‍ക്കാര്‍ ഓഫീസുകളില്‍ കാണുവാന്‍ കഴിയുന്നത്. ഓണം എന്നതല്ല ഏതൊരു  ആഘോഷത്തിന്‍റെയും ഔദ്യോഗിക അവധി ദിവസങ്ങളില്‍ മാത്രമല്ല അതിന്‍റെ പേരില്‍ പൊതുജനം ബുദ്ധിമുട്ടുന്നത് എന്നതാണ് വസ്തുത. ആ പശ്ചാത്തലത്തില്‍ കൂടിയാണ് ഏതു ആഘോഷവും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ ബാധിക്കാത്ത നിലയിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ നടക്കേണ്ടത് എന്ന മുഖ്യമന്ത്രിയുടെ നിരീക്ഷണം ശ്രദ്ധേയമാകുന്നത്.

ആഘോഷങ്ങളുടെ തൊട്ടടുത്ത ദിവസങ്ങളില്‍, ഓണമെന്നല്ല ഏതാഘോഷമായാലും, എന്നായാലും സര്‍ക്കാര്‍ ഓഫീസുകളില്‍ ചെന്നാല്‍ ഇരിപ്പിടത്തില്‍ ആളുകള്‍ ഉണ്ടാവില്ല എന്നത് വസ്തുതയാണ്. ഓണക്കാലത്ത് പ്രത്യേകിച്ചും. ഓണത്തിന് ശമ്പളവും ‘ഫെസ്റ്റിവല്‍ അഡ്വാന്‍സും’ എല്ലാം വാങ്ങി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മറ്റും ഒരാഴ്ച ഓഫീസ് സമയത്ത് പൂക്കളങ്ങളും പുലികളിയും സെറ്റ് സാരി, കേരളാ വേഷ്ടി പ്രദര്‍ശനങ്ങളും മറ്റ് കലാപരിപാടികളും ആയി ചെലവഴിക്കുന്നതാണ് യാഥാര്‍ത്ഥ്യം. ഇലക്ട്രോണിക് ഉത്പന്നങ്ങള്‍ മുതല്‍ സാമ്പാര്‍ പൊടി  വരെ വില്‍ക്കുന്ന കച്ചവടക്കാരെയും ഓഫീസുകള്‍ക്കകത്ത് സുലഭമായി കാണാം. ഇതെല്ലാം ഇന്നലെ പകല്‍ പിണറായി വിജയന്‍ ഗവേഷണം നടത്തി കണ്ടുപിടിച്ച കാര്യങ്ങള്‍ അല്ലല്ലോ; മറിച്ച് നമ്മുടെ സിവില്‍ സര്‍വീസ് രംഗത്തെ ജീര്‍ണ്ണതകളുടെ ഉദാഹരണങ്ങള്‍ തന്നെയല്ലേ?

ഓഫീസില്‍ ജോലി സമയത്ത് ആഘോഷങ്ങള്‍ പാടില്ല എന്ന് മാത്രമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഓഫീസ് സമയം കഴിഞ്ഞോ മറ്റു പൊതു അവധി ദിവസങ്ങളിലോ ഒരു ഓഫീസിലെ ജീവനക്കാര്‍ക്ക് ഓണാഘോഷം സംഘടിപ്പിക്കാന്‍ പാടില്ല എന്ന് അദ്ദേഹം യാതൊരു നിര്‍ദേശവും മുന്നോട്ട് വച്ചിട്ടില്ല. മാത്രമല്ല മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങള്‍ നിയമപരമായോ,നിലവിലെ സര്‍വീസ് റൂളുകള്‍ പ്രകാരമോ, ധാര്‍മ്മികമായോ പിശകുള്ളതല്ല എന്ന് ലളിതമായി മനസ്സിലാകും. ഏതെങ്കിലും കീഴ്വഴക്കങ്ങളുടെ ലംഘനം പോലും ഈ വിഷയത്തിലില്ല. 

ഉദ്യോഗസ്ഥര്‍ ഒരുക്കുന്ന പൂക്കളം കാണാനും അവര്‍ ധരിച്ചിരിക്കുന്ന കേരള സാരിയുടെയും മുണ്ടിന്റെയും ഭംഗി ആസ്വദിക്കാനുമല്ല പാവപ്പെട്ട മനുഷ്യര്‍ ഓഫീസുകളില്‍ വരുന്നത്. ശമ്പളവും ബോണസും അലവന്‍സുമെല്ലാം നേരത്തെ കിട്ടുന്നതിനാല്‍ ഇക്കൂട്ടര്‍ക്ക് ആഘോഷങ്ങള്‍ നേരത്തെ തുടങ്ങാം; കഴിയുന്നത്ര ദീര്‍ഘിപ്പിക്കാം. പക്ഷെ ഓഫീസില്‍ കയറി വരുന്നവര്‍ക്ക്, വല്ല പെന്‍ഷനും കിട്ടിയിട്ട് വേണ്ടി വരും ഓണത്തിനു ഉണ്ണാന്‍ അരിയും, പച്ചക്കറിയും വാങ്ങാന്‍, അയാളുടെ ഇരിക്കുന്ന കൂരയുടെ ജപ്തി ഒഴിവാക്കാന്‍, അവസാന തിയ്യതിക്ക് മുന്‍പ് മക്കള്‍ക്ക്‌ അഡ്മിഷന്‍ വാങ്ങിക്കൊടുക്കാന്‍.

എല്ലാ വീടുകളിലും പൂക്കളമിടുന്നു, എല്ലാ വീടുകളിലും പട്ടിണിയില്ലാതെ ഓണം ആഘോഷിക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ഭരണകൂട സംവിധാനത്തിന്‍റെ ഭാഗമാണ് സിവില്‍ സര്‍വീസില്‍ ഉള്ളവര്‍. ആ ജോലിയാണ് ഇക്കൂട്ടര്‍ ഉത്രാടപ്പാച്ചിലിനു മുന്‍പ് ചെയ്യേണ്ടത്. അതിനുപകരമായി അവരുടെ തന്നെ ആഘോഷപരിപാടികള്‍ പൌരന്‍റെ അവകാശങ്ങള്‍ നിവൃത്തിച്ചു കിട്ടുന്നതിനു വിലങ്ങുതടിയാകുന്നത് അസംബന്ധമാണ്.

വരുന്ന അനവധി ദിവസങ്ങള്‍ കലണ്ടറില്‍ നോക്കിയാല്‍ അറിയാം തുടര്‍ച്ചയായ അവധി ദിവസങ്ങളാണ്; ബക്രീദ് ഉള്‍പ്പടെ. എടിഎമ്മില്‍ പണമില്ലാത്ത അവസ്ഥ പോലും ഇത്തരം സാഹചര്യങ്ങളില്‍ മലയാളി നേരിടുന്നത് പതിവാണ്. അത്തരം മുന്നനുഭവങ്ങള്‍ ഉള്ള ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി ജനപക്ഷത്തു നിന്നുകൊണ്ട് ചില പ്രായോഗികമായ കാര്യങ്ങള്‍ നിര്‍ദേശിക്കുമ്പോള്‍ അതിനകത്ത് വര്‍ഗ്ഗീയതയും രാഷ്ട്രീയലാഭവും കാണുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തും എന്ന് തിരിച്ചറിയുന്നത് നല്ലതാണ്.

(ഹൈക്കോടതിയില്‍ അഭിഭാഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍