UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രേമവും ജോര്‍ജ്ജും കടത്തിക്കൊണ്ടു പോയ, രക്ഷിതാക്കള്‍ മറന്ന ഓണം

Avatar

വി കെ അജിത് കുമാര്‍

കറുത്ത ഷര്‍ട്ടും ഇളം പച്ച നിറത്തിലുള്ള കൈലിമുണ്ടും കൂളിംഗ് ഗ്ലാസും അണിഞ്ഞാണ് കഴിഞ്ഞ ദിവസം കാമ്പസ് ഓണം ആഘോഷിച്ചത്. ഈ അനുകരണ പ്രവണത ഡ്രസ്സ് കോഡില്‍ മാത്രമൊതുങ്ങുന്നില്ലെന്ന സത്യം കണ്ട് പകച്ചു പോകുന്നു. അല്ല, ഇവിടിപ്പോള്‍ സീന്‍ മൊത്തം കോണ്ട്രയാണല്ലോ! ഒരു സിനിമ എങ്ങനെ മരണ മാസ് ആകുമെന്ന് തെളിയിച്ച പ്രേമത്തിന്റെ എല്ലാ അര്‍ത്ഥതലങ്ങളും ഇതിനകം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഒരുകാലത്ത് കുടുംബത്തില്‍ ഉറക്കെ ഉച്ചരിക്കാതിരുന്ന ആ പദത്തിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുവാന്‍ ഇതിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു. പക്ഷെ, കളിമാറിയത് ഓണാഘോഷം നടന്ന കാമ്പസുകളിലായിരുന്നു. കാമ്പസിന്റെ ഏറ്റവും നിറപ്പകിട്ടാര്‍ന്ന ആഘോഷമാണ് എല്ലായ്‌പ്പോഴും ഓണം. അതങ്ങനെ തന്നെയായിരിക്കട്ടെ.

ഒരു കാമ്പസില്‍ പോലും മദ്യപിക്കാതെയെത്തിയ ഒരാളെങ്കിലും ഇല്ലാതിരുന്നില്ല. ഒരു കാമ്പസിലും മലര്‍ എഫെക്ട് അറിയാതിരുന്ന ഒരു ടിച്ചെറെങ്കിലും ഇല്ലാതിരുന്നില്ല. ‘മലരേ നിന്നെക്കാണാതിരുന്നാല്‍!…’ എന്ന പാട്ടു പാടാത്ത ഒരു കാമ്പസും ഇല്ലാതിരുന്നില്ല. മദ്യക്കുപ്പികള്‍ നിറഞ്ഞ ഓണം ഇതിനു മുമ്പും ഉണ്ടായിരുന്നു. എന്നാല്‍ അതിന്റെ സ്വീകാര്യതയ്ക്ക് ഒരു ലൈസന്‍സ് ഉണ്ടാക്കിയെടുക്കുകയായിരുന്നു പുതിയ ജോര്‍ജ് കൂട്ടങ്ങള്‍.

നമ്മള്‍ നമ്മുടെ പെണ്‍കുഞ്ഞുങ്ങളുടെ പ്രശ്‌നങ്ങളെപ്പറ്റി അറിയുകയും അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ക്കെതിരെ കവചങ്ങള്‍ തീര്‍ക്കുവാന്‍ ശീലിക്കുകയും ചെയ്തപ്പോള്‍ കൗമാരം കൊണ്ടാടുന്ന ആണ്‍കുഞ്ഞുങ്ങള്‍ വിസ്മൃതരാകുന്നു. ഇന്ന് പ്ലസ് ടു പഠിക്കുന്ന ഒരാണ്‍ കുട്ടിയുള്ള രക്ഷകര്‍ത്താവിനോടു ചോദിച്ചു നോക്കു, അവര്‍ പറയും; കൗമാരക്കാരന്റെ രക്ഷകര്‍ത്താവെന്ന നിലയില്‍ അനുഭവിക്കുന്ന വ്യഥകള്‍. ഇതൊരു വശം മാത്രം. അനുസരണക്കേടിനെ യുണിഫോം ഇടീച്ചു ആരാഷ്ട്രീയ പള്ളിക്കൂടങ്ങള്‍ അവര്‍ക്ക് വേണ്ടി സൃഷ്ടിച്ചുകൊടുത്തത്, കൗമാരത്തില്‍ സ്വാതന്ത്ര്യത്തിന്റെ എല്ലാ രുചികളും അറിഞ്ഞവരായ അവരുടെ രക്ഷിതാക്കളുടെ തലമുറ തന്നെയാണ്. പ്രശ്‌നങ്ങള്‍ പലതാണ്. ഫ്രോയ്ഡും യൂങ്ങും ഇനി റോബര്‍ട്ട് ബന്ദുരയും കടന്നു ജോര്‍ജ് മാന്‍ഡലറില്‍ എത്തിയാല്‍ പോലും അവസാനിക്കാത്ത പ്രശ്‌നങ്ങള്‍. അടിച്ചര്‍മത്തിലിന്റെ പ്രശ്‌നങ്ങള്‍ എന്ന് പൊതുവേ വ്യാഖ്യാനിക്കാം. അടിച്ചമര്‍ത്തി വച്ചിരുന്ന പ്രേമം എന്ന വാക്ക് ലിബറലൈസ്ഡ് ആയതുപോലെ അവരും ലിബറലൈസ്ഡ് ആകുന്നത് ആഘോഷങ്ങിലും ഗ്രൂപ്പുകളിലുമാണ്. അവരുടെ സ്വാതന്ത്ര്യം പലപ്പോഴും ലഹരിയായും വേഗതയേറിയ വാഹനങ്ങളായും പുറത്തേക്കൊഴുകുന്നു.

കാമ്പസിനുള്ളിലെ അവരുടെ സ്വാതന്ത്ര്യത്തിന്റെ അവസ്ഥ ഇപ്പോള്‍ ചെന്നെത്തിയത് ജോര്‍ജ് മാനിയായിലാണ്. എന്നാല്‍ അതു ചെന്നവസാനിച്ചത് ഒപ്പം പഠിച്ച ഒരു ജിവനെടുത്തുകൊണ്ടുമായിരുന്നു. പുറത്ത് നിര്‍ത്തേ ണ്ടിയിരുന്ന വാഹനങ്ങള്‍ ഓണാഘോഷത്തിന്റെ ലൈസന്‍സില്‍ ഉള്ളില്‍ കടത്താന്‍ ഇത്തവണ പല കാമ്പസുകളിലും അസൂത്രിതശ്രമം നടന്നു.

പുത്രന്മാരുടെ ബ്ലാക്ക് മെയ്‌ലിങ്ങില്‍ ജിവിക്കുന്ന പുതിയ കാലത്തെ അമ്മമാരുപയോഗിക്കുന്ന ടൂവീലറുകള്‍ ട്രിപ്പിള്‍ ലോഡില്‍ പായിക്കുന്ന പതിനെട്ടു തികയാത്ത പ്രേമകൂട്ടങ്ങളെ കാണുന്നതുമായി ചേര്‍ത്തു വായിക്കാവുന്ന മറ്റൊന്നുകൂടി. കഴിഞ്ഞ ദിവസം ഒരു സ്‌കൂളില്‍ പിടിക്കപ്പെട്ട മൊബൈല്‍ ഫോണില്‍ നിറഞ്ഞ പോണ്‍ ദൃശ്യങ്ങള്‍ കണ്ടു രണ്ടു പ്രാവശ്യം ഞെട്ടിയ പ്രിന്‍സിപ്പലുണ്ട്. ഒന്ന് ദൃശ്യം കണ്ടപ്പോള്‍, പിന്നെ രക്ഷിതാക്കളെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍.’അവര്‍ കണ്ടിട്ട് ഡിലിറ്റ് ചെയ്യാതെയിട്ടിരുന്നത് ഞാനെടുത്തു’ എന്ന ലളിതമായ മറുപടി കേട്ടപ്പോഴും. അത്രമേല്‍ അശ്രദ്ധവും അരക്ഷിതവുമാണ് രക്ഷിതാവെന്ന ഭാവം.

ഇനി നമുക്ക് ചില പഴയ കാര്യങ്ങളിലേക്ക് പോകാം. 2004 ജൂലായ് 22ന് ഐ എച്ച് ആര്‍ ഡിയുടെ അടൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ പഠിച്ചിരുന്ന നിര്‍ധനയായ ഒരു പെണ്‍കുട്ടി ഫീസ് അടയ്കാന്‍ പണമില്ലാത്തതിനാല്‍ എന്‍ട്രസ് കമ്മീഷന്‍ ഓഫിസിനു മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. ചില മരണങ്ങള്‍ പൊതു സമൂഹത്തില്‍ വല്ലാത്ത അസന്തുലിതവസ്ഥ സൃഷ്ടിക്കും. അത്തരത്തിലൊന്നായിരുന്നു രജനി എസ് ആനന്ദിന്റെ ആത്മഹത്യ. അതേ പെണ്‍കുട്ടി പഠിച്ചിരുന്ന കോളേജില്‍ ആണ് ഇന്ന് അഞ്ചുലക്ഷത്തോളം രൂപ പൊടിച്ചു കൊണ്ട് കെ എസ് ആര്‍ ടി സി ബസും ഫയര്‍ എഞ്ചിനും ജെസിബിയും കൊണ്ട് ഓണാഘോഷം നടന്നത്. കോളേജ് കാമ്പസിന് സമീപമുള്ള തിരക്കേറിയ റോഡില്‍ അരങ്ങേറിയ ഈ കലാപരിപാടി നിയമപാലകരുടെ മുമ്പില്‍ വച്ചാണ് നടന്നത്. വിരോധാഭാസങ്ങളുടെ കാലം മുമ്പൊരു പെണ്‍കുട്ടി വാഹനമിടിച്ചു മരിച്ച സി ഇ ടി യില്‍ വീണ്ടും വാഹനാപകടം ഉണ്ടാകുന്നു. ഫീസടയ്ക്കാന്‍ നിര്‍വാഹമില്ലാത്ത ഒരു പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചിടത്ത് ലക്ഷക്കണക്കിന് രൂപ ആഘോഷത്തിനായി ചെലവിടുന്നു. ഒന്ന് കൂടി, തനി താന്തോന്നിയായി നടക്കുന്ന മകനോടുള്ള വിരോധമായിരുന്നു സ്ഫടികം എന്ന സിനിമയില്‍ ചാക്കോ മാഷ് തോമയുടെ ലോറിക്ക് ചെകുത്താന്‍ എന്ന പേരിടുവനുള്ള കാരണം. സമൂഹം നമ്മളെ പഠിപ്പിക്കുന്ന എല്ലാ പാഠങ്ങളും അര്‍ത്ഥശൂന്യമാണെന്ന് നമ്മള്‍ തന്നെ തെളിയിക്കുന്നു.

ഈ ലോകത്ത് നിന്ന് തന്നെ ഒരു പെണ്‍കുട്ടിയെ തുടച്ചുമാറ്റിക്കൊണ്ട് ഈ വര്‍ഷത്തെ കാമ്പസ് ഓണം പ്രേമവും ജോര്‍ജും കൊണ്ടുപോകുമ്പോള്‍ ഓണത്തിന്റെറ സമൂഹികതയും ലളിത ഭാവവും എന്നേ പിന്നാമ്പുറത്തുനിന്നുപോലും വലിച്ചെറിഞ്ഞുകളയാന്‍ നമ്മള്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നു. അക്കാദമിക് ഉത്തരവാദിത്വം മറന്ന വിദ്യാലയാധികാരികളും അധ്യാപകരും രക്ഷിതാക്കളും ഊഞ്ഞാല്‍ കെട്ടിയാടി തിമിര്‍ത്ത ഒരോണകാലത്തിന്റെ പ്രതിനിധികളാണ്. ലിവിംഗ് റൂമും ഡൈനിംഗ് ടേബിളും ടിച്ചേഴ്‌സ് റൂമും സൗഹൃദസല്ലാപത്തിനുകൂടിയുള്ള ഇടമാണെന്ന് തിരിച്ചറിയേണ്ടത് മുതിര്‍ന്നവര്‍ തന്നെയാണ്. അവിടെ വച്ച് തന്നെ ജോര്‍ജിനുപരി നില്‍ക്കുന്ന നിവിന്‍ പോളിയെ പറ്റിയും നിങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാം. ഇനിയും അവശേഷിക്കുന്ന നന്മയെന്നു നമ്മള്‍ വിളിക്കുന്ന ഐതിഹ്യപരമായി ഏറ്റവും വലിയ അനീതിയുടെ തെളിവായ ഓണവും പങ്കുവയ്ക്കാം.

(സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍