UPDATES

പൂവിളി

പണ്ടത്തെ ബ്ളോക്ക്ബസ്റ്റര്‍ ഓണത്തെക്കുറിച്ച്…

Avatar

അജോയ് കുമാര്‍

പണ്ട്, നാളെയാണ് അത്തം എന്നൊക്കെ ഓർത്തു കിടന്നാലും എണീക്കുമ്പോൾ എല്ലാം മറന്നു പോകും. ഉറക്കമുണർന്നപാടെ കണ്ണും തിരുമി പടിയിറങ്ങി താഴേക്ക്‌ വരുമ്പോൾ അമ്മൂമ്മയോ അമ്മയോ ഉറക്കെ വിളിച്ചു പറയും, അയ്യോ അതിൽ ചവിട്ടല്ലേ.. അതിൽ ചവിട്ടല്ലേ…

ഏതിൽ ചവിട്ടല്ലേ എന്നാണ് ഈ പറയുന്നത് എന്ന് പറഞ്ഞു ഞെട്ടി നോക്കുമ്പോൾ കാണാം,താഴെ മുറ്റത്ത്‌, തൊട്ടു മുന്നിൽ, വീട്ടിൽ തന്നെ ഉള്ള കൊച്ചു കൊച്ചു പൂക്കൾ കൊണ്ട് അമ്മ തട്ടിക്കൂട്ടിയ മനോഹരമായ ഒരു കുഞ്ഞിപ്പൂക്കളം. ഭയങ്കര സന്തോഷം വരും അപ്പോള്‍. ഓണം ഇങ്ങെത്തിയല്ലോ എന്ന സന്തോഷത്തിൽ ഞാൻ അമ്മയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ കൊടുക്കും.

നാളെ മുതൽ അതിരാവിലെ മറ്റുള്ളവർക്ക് ഒപ്പം പോയി ഒരു പൂക്കൂട നിറയെ പൂക്കൾ കൊണ്ട് വന്ന് ഈ പൂക്കളം മനോഹരമായി അലങ്കരിക്കാം എന്ന് ഞാൻ അമ്മയ്ക്ക് വാക്ക് കൊടുക്കുകയും പിറ്റേന്ന് വെളുപ്പിന് വിളിക്കുമ്പോൾ ഞാൻ അങ്ങനെ പറഞ്ഞിട്ടേ ഇല്ലല്ലോ എന്ന് പറഞ്ഞു മടി പിടിച്ച് കിടന്നുറങ്ങുകയും ചെയ്യും.

അങ്ങനെ പത്തു ദിവസം കഴിയുമ്പോൾ ഒരു ദിവസം വൈകിട്ട് ഒരു കുഞ്ഞ് വില്ലും, അതിനു ചേർന്ന ഈർക്കിൽ കൊണ്ടുള്ള ഒരു കുഞ്ഞ് അമ്പും കയ്യിൽ തന്ന് അമ്മൂമ്മ പറയും,അതാ ആ അടയിൽ  അമ്പെയ്തു കൊള്ളിക്കൂ എന്ന്. ഞാൻ അത്തത്തിനു നടുക്കിരിക്കുന്ന കുഞ്ഞു ചാണക തൃക്കാക്കര അപ്പനെയും,അതിനടുത്തുള്ള അടയും ഒരു കണ്ണടച്ച് കുറെ നേരം ഉന്നം നോക്കിയാ ശേഷം അതുമായി ഒരു ബന്ധവും ഇല്ലാത്ത എവിടെ എങ്കിലും കൊള്ളിച്ച് സാക്ഷാൽ അർജുനനെ പോലെ നിൽക്കും. 

അത് കഴിഞ്ഞാൽ ഉടനെ നല്ല  സ്വാദുള്ള ശർക്കര അട കഴിക്കാൻ കിട്ടും. അതും തിന്നു കൊണ്ട്,അമ്മ ആ പൂക്കളം മൂടോടെ ഇളക്കി എടുത്തു മതിലിനു മുകളിൽ കൊണ്ട് വെക്കുന്നതും നോക്കി, ഞാനും അനിയത്തിയും നിൽക്കും.

അടുത്ത ഓണം വരെ ആ ചാണക തൃക്കാക്കര അപ്പൻ അവിടെ ഇരിക്കും. ഇടയ്ക്കു ചാടി മതിലിൽ കയറുമ്പോൾ ഒക്കെ പഴയ ഓണങ്ങളുടെ ഓർമ്മ ഉണർത്തി, വരാനിരിക്കുന്ന ഓണത്തെ പറ്റി പ്രതീക്ഷകൾ ഉണർത്തി, ആ ഉണങ്ങിയ പൂക്കളങ്ങൾ അവിടെ ഉണ്ടാവും. 

പൂക്കളവും,പൂവിറുക്കലും, ഊഞ്ഞാലാട്ടവും,സദ്യയും,ഉച്ചക്കുള്ള സാറ്റ് കളിയും, അവധിക്കു വന്ന കുട്ടികളുമായി ചേർന്നുള്ള മറ്റു കളികളും, ഓർക്കുമ്പോൾ തന്നെ വല്ലാത്ത ഒരനുഭൂതി ആണ് ഓണം.  

സത്യത്തിൽ ഇന്ന് എവിടെയാണ് ഓണം? എല്ലാം കൃത്രിമത്വം നിറഞ്ഞ ഓണാഘോഷങ്ങൾ മാത്രം. കുറെ ടീ വി ചാനലുകളും,പരസ്യം കുത്തി നിറച്ചെത്തുന്ന പത്രങ്ങളും,ഒരാഴ്ച ഓടിയ സിനിമകൾ ബ്ലോക്ക് ബസ്റ്റർ ഓണച്ചിത്രം എന്ന് പറഞ്ഞു ആളെ പറ്റിക്കുന്ന ചാനലുകളും ചേർന്നാണ് ഓണം വന്നു എന്ന് മനസിലാക്കി തരുന്നത് തന്നെ.  പിന്നെ ടൂറിസം വാരാഘോഷം എന്ന് പറഞ്ഞു സായിപ്പന്മാരെ പറ്റിക്കാൻ നടത്തുന്ന കുറെ കലാപരിപാടികളും.

സദ്യ പോലും റെഡി മെയ്ഡ്. ഓർഡർ ചെയ്‌താൽ ഉച്ചക്ക് ഇല ഉൾപ്പടെ വീട്ടിൽ വരും,ഓണക്കോടിയും ഇട്ട്, ആ സദ്യയും കഴിച്ചു ഏമ്പക്കവും വിട്ടു വല്ല ഉത്തരേന്ത്യൻ നടിയും, “എനിചും ഇറ്റവന ഓനം ഉന്റല്ലൊ”  എന്ന് പറഞ്ഞു ഊഞ്ഞാൽ ആടുന്നതും നോക്കി ഇരിക്കാം. അത് തന്നെ ഓണം. അത്തത്തിനു എണീറ്റ്‌ പൂക്കളം കാണുന്നത് പോലും ടി വിയിൽ ആണ്. പഴയ അത്തങ്ങൾ ഉണങ്ങി നിരന്നിരിക്കുന്നത് ഇപ്പോൾ മതിലിനു മുകളിലല്ല എന്റെ തലമുറയിലെ ആൾക്കാരുടെ ഒക്കെ മനസ്സിൽ ആണ്.

ബെസ്റ്റ് ഓഫ് അഴിമുഖം 

ഗുണ്ടല്‍പേട്ട: പൂപ്പാടങ്ങള്‍ കടന്ന് നക്ഷത്രവേശ്യാലയങ്ങളിലേക്ക്
അന്യ സംസ്ഥാന അരിവണ്ടി കാത്ത് വയനാട്ടുകാര്‍, നെല്‍വിത്തുകളെ പ്രണയിച്ച് ചെറുവയല്‍ രാമന്‍
അരികുകളിലൂടെ ഒരു നേര്‍രേഖ
അര്‍ജുന വന്ന ദിജുവിന്റെ വലിയ വീട്ടില്‍ ഇത്തവണ വലിയ ഓണം

പോയ കാലത്തെ നിർമ്മലമായ,ഓമനത്തമുള്ള,നിഷ്ക്കളങ്കമായ ഓർമ്മകൾ മനസ്സിൽ ഇടക്കൊക്കെ ഒരു പൂക്കളം തീർക്കുന്നത് കൊണ്ട് മാത്രം ഓണം ഇന്നും ഒരു വികാരമായി അവശേഷിക്കുന്നു. അടുത്ത തലമുറയ്ക്ക് അതും കാണില്ലല്ലോ എന്നതാണ് ഏക വിഷമം.

(2011ല്‍ മികച്ച കൃതിക്കുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്ക്കാരം നേടിയ ‘മാമ്പഴക്കാല’ത്തിന്റെ രചയിതാവാണ് ലേഖകന്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍