UPDATES

പൂവിളി

ക്ഷമിക്കുക, ഈ ഓണം എല്ലാവര്‍ക്കുമുള്ളതല്ല

Avatar

വി കെ അജിത്ത് കുമാര്‍

അല്ലെങ്കിലും, ഓണം മലയാളിക്ക് അങ്ങനെയാണ്. പോയകാലത്തിന്റെ ഒരു നെടുവീര്‍പ്പ്. മനുഷ്യരെല്ലാവരും ഒന്നുപോലെ എന്ന സാമൂഹിക സമത്വ ആശയത്തിന്‍റെ അധികതുംഗപദം പോലൊരു രാജ്യവും അവിടം ഭരിച്ച നാടുവാഴിയുമെല്ലാം ഓര്‍മ്മപ്പെടുത്തലുകളാണ്… കവിയും അധ്യാപകനുമായിരുന്ന കിളിമാനൂര്‍ രമാകാന്തന്‍ പലപ്പോഴും ക്ലാസില്‍ പറയുമായിരുന്നു. നമ്മുടെ ഓര്‍മ്മകളുടെ അകമ്പടിയായി ഒരു പാട്ടുമുണ്ടാകും… ഇവിടെയും പഴയോരോണക്കാലം മനസിലെത്തിയത് ഒരു പാട്ടിന്‍റെ രൂപത്തിലായിരുന്നു.

ഒരു നുള്ള് കാക്കപ്പൂ കടം തരാമോ
ഒരു കൂന തുമ്പപ്പൂ പകരം തരാം
അധരത്താല്‍ വാരിയാല്‍ പിണങ്ങുമോ നീ
അത് നിന്‍റെ ചൊടികളില്‍ വിടര്‍ന്നതല്ലേ.

പ്രണയ ഭരിതമായ ഒരു പൂവുതേടല്‍. ഓണത്തിന് ഇങ്ങനെയും ഒരു ഭാവമുണ്ടോ? വെറുതെ ഒന്ന് തിരഞ്ഞപ്പോള്‍ മുമ്പിലെത്തിയത് പ്രണയമുണര്‍ത്തുന്ന നിരവധി പാട്ടുകളിലാണ്. ലാസ്യവിലാസത്തിന്റെ പെണ് കുളിര്‍മ്മ പകരുന്ന തിരുവാതിരയും കുമ്മിയടിയും എല്ലാം സ്ത്രീ ശരീരം സൃഷ്ടിക്കുന്ന ആഘോഷങ്ങളാണ്. പ്രണയാതുരമായ ഓണനിലാവിലാണ് ഇവയെല്ലാം പിറന്നുവീഴുന്നത്. സംഭോഗ ശൃംഗാരം അതിന്‍റെ പാരമ്യത്തില്‍ എത്തുന്നത് നളചരിതത്തിലെ ‘കുവലയ വിലോചനേ’എന്ന പദത്തിലാണെന്നവാദം തിരുത്തുന്നതാണ് ‘പൂമുടി കെട്ടഴികയും പുഷ്പജാലം പൊഴികയും മുല്ലമാല കെട്ടഴിഞ്ഞു നിലത്തുവീണു ‘എന്ന കുമ്മിയടിപാട്ടിലെ വര്‍ണ്ണനകള്‍. ശൃംഗാര രസത്തിന്റെ ഈ അഭിജാത സൗന്ദര്യം “പാതിരാത്രിയും കഴിഞ്ഞു കോഴികുവുന്നതും കേട്ടു ഇനിയുള്ള കളി ശേഷം നാളെയാകട്ടെ” എന്ന നിബന്ധനയിലാണ് അവസാനിക്കുന്നതും കളിച്ചു കുഴയുന്നതും പെണ്‍ശരീരത്തിലാണ്. കാര്യം വരേണ്യതയുടെ ജഘന നിതംബ താള സംയോഗമാണെങ്കില്‍ക്കൂടിയും വെളുത്ത പെണ്‍ ശരീരത്തിന്‍റെ രാത്രിവായനയാണ് ഓരോ ഓണരാവുകളും. ഇത് തന്നെയാണ് ഓണപ്പാട്ടുകള്‍ എഴുതുന്ന പല കവികളും അനുവര്‍ത്തിക്കുന്നതും.

“പ്രണയമേ നീ കവി, അമരനാം ശില്പി നീ
എഴുതുന്നു നീ ഹൃദയങ്ങളില്‍ നിഴലുകള്‍
ശില്പങ്ങളായ്…..” ഇതിലെല്ലാം നിഴലിക്കുന്നതും ഇത്തരം ഇമേജറികളാണ്. കൌമാരത്തിന്‍റെ പടി കടന്ന് യൌവനത്തിലേക്കെത്തുന്ന കാഴ്ചയാണ് ‘മൂന്നോണത്തിനു പുലിക്കളി കാണുവാന്‍ മുറപ്പെണ്ണ് വന്നെന്നെ കാത്തിരുന്നു. എന്റെ മുറപ്പെണ്ണ്‍ വന്നെന്നെ കാത്തിരുന്നു’എന്ന യൂസഫലി കേച്ചെരിയുടെ കവിത ഓര്‍മ്മിപ്പിക്കുന്നത്. ആദ്യപ്രണയം മൊട്ടിടുന്നത് മുറപ്പെണ്ണിലെന്ന സങ്കല്പം ഇവിടെ ഉപയോഗിക്കുന്നു. പട്ടുപാവടയുടുത്ത് സുന്ദരിയായി നില്ക്കുന്ന ആദ്യപ്രണയിനി ഇവിടെ കടന്ന് വരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കേട്ട ഓണപ്പാട്ടിലെത്തിയത് കുറേക്കുടി കുലീനയായ സ്ത്രീരൂപമായിരുന്നു. “താളും തകരയും പൂക്കും തൊടിയിലെ താമരപൂവിതളാത്തോല്പുലിനഖ മോതിര വിരലാല്‍ മുറ്റത്ത് പൂക്കളം തീര്‍ക്കുവോളാത്തോല്”.ഇവിടെ മാവേലിനാടിന്റെ സോഷ്യലിസം നഷ്ടമാകുന്നു. എന്താണ് താളും തകരയും, അവിടെ വിരിയുന്ന താമരയും? ആരാണ് അത് പ്രധിനിധീകരിക്കുന്ന സ്ത്രീ രൂപം? ഒന്നാലോചിച്ചാല്‍ ഒരു സമുഹത്തിന്റെ പരിഛേദത്തില്‍ മാത്രം ഉള്‍പ്പെടുന്നവര്‍ണ്ണന മാത്രമാണ് ഇതെല്ലാം.

തനി നാട്ടിന്‍പുറത്ത് ജീവിച്ച എന്നില്‍ ഓണമെത്തുന്നത് അത്തം മുതല്‍ കേട്ടിരുന്ന പാക്കനാര്‍ പാട്ടിലായിരുന്നു. അവിടെ നാട്യത്തിന്റെ ആ അഭിജാത സൗന്ദര്യം കണ്ടിട്ടേയില്ല. അല്ലെങ്കില്‍ എവിടെയാണ് പുതു കവിതയില്‍ “…നായ്‌ കാട്ടം കൊണ്ട് ഇല്ലമാടങ്ങള്‍ മെഴുകിടെണം” എന്ന് കേട്ടിട്ടുള്ളത്. ഇവിടെ നാടു മറന്ന ഓണം പുതിയ കെട്ടുകാഴ്ചകള്‍ക്ക് വഴിമാറുന്നു. കൊയ്തൊഴിഞ്ഞ വയലും ഉതിര്മണി കൊത്താന്‍ വന്ന തത്തയും നാടുവിട്ടുപോയപ്പോള്‍ നാട്ടിടയിലെ ഉറിയടിയും തുമ്പിതുള്ളലും ‘ഒറ്റപ്പെട്ട’എന്നു പറഞ്ഞു തുടങ്ങുന്ന നടന്‍ കാല്പന്തുകളിയും തെരഞ്ഞു നടക്കാന്‍ ആരെങ്കിലുമുണ്ടോ?ഓണത്തിന്റെ ‘ക്ലാസിക്ക്’ ഭാവങ്ങളാണ് ഇന്നെല്ലാം.

ഇതുകൊണ്ടാവാം കവികള്‍ വിരഹത്തിന്റെ പുതിയ തിരുത്തുകള്‍ നിരത്തുന്നത്. കോരനും ചാത്തനും എല്ലാം കഞ്ഞി കുമ്പിളില്‍ കൊടുത്തിട്ട് അവിടെയിരി എന്ന് പറയുംപോലെ ഒരൊറ്റ കവിതയിലും ഇവരെ ആലേഖനം ചെയ്തു കാണുന്നില്ല. “തുഞ്ചനും ഷഡ്കാല ഗോവിന്ദമാരാരും പദമൂല സ്വരമേകി” വളര്ത്തിയ കൈരളിയെ പറ്റി പാടിയപ്പോള്‍ പോലും ഇത്തരം ഇമേജുകള്‍ ഒന്നും തന്നെ പ്രത്യക്ഷപ്പെടുന്നില്ല. വളരെ വിചിത്രമായി തോന്നിയ ഒരു പാട്ട് “തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലൊ ഗുരുവായൂരപ്പാ” എന്നുള്ളതായിരുന്നു. ഇതിന്‍റെ സാംഗത്യമെന്തെന്ന്‍ ഇന്നും പിടികിട്ടിയിട്ടില്ല. ഒരുപക്ഷെ പഴയൊരു നന്മയെ ചവുട്ടി താഴ്ത്തിയതിന്റെ പ്രണാമമാകാം. ഇങ്ങനെ ചിന്തിച്ചാല്‍ ഓണക്കാലത്ത് വട്ടു പിടിച്ചു പോകും…എന്‍റെയീ ഭൂമിമലയാളത്തില്‍ ഞാന്‍ തിരഞ്ഞു കണ്ടെത്തിയിട്ടില്ല ചന്ദന വളയിട്ട ഒരു പെണ്ണിനേയും.  ക്ഷമിക്കുക ഓണം എല്ലാവര്ക്കുമുള്ളതല്ല; ഓണത്തിന്റെ ഗൃഹാതുരത്വം ചടഞ്ഞുകിടക്കുന്നത് വെളുത്ത കസവുമുണ്ടുടുത്ത, പുളിയില കസവുടുത്ത പെണ്ണഴകില്‍ മാത്രമാണ്.

ഒരു തിരുത്തായി കടന്നുവരുന്നതും ഒരു പാട്ടാണ്; പലരും മറന്നുപോകുന്നതായി നടിക്കുന്ന ഒരു കൂട്ടം. 
‘അവര്ക്കില്ല പൂ മുറ്റങ്ങള്‍ പൂ നിരത്തുവാന്‍
വയറിന്റെട നാദം കേട്ട് മയങ്ങുന്ന വാമനന്മാര്‍
അവര്‍ക്കോണക്കോടിയുമായ് വാ വാ..

അവര്‍ നില്പ്പ്  സമരത്തിലുണ്ട്, അംബേദ്ക്കര്‍ കോളനികളിലുണ്ട്. അരിപ്പയിലും ചെങ്ങറയിലും പിന്നെ നമുക്ക് ചുറ്റുമുണ്ട്. അവര്‍ക്ക് നീതി കിട്ടുമ്പോള്‍ മാത്രമേ ഓണം മാവേലി സ്മരണയാകുകയുള്ളു.

Views are personal*

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍