UPDATES

പൂവിളി

തിരുവോണമില്ല; ഓണപ്പൊട്ടന്റെ വീട്ടില്‍ ഓണം അവിട്ടത്തിന്

Avatar

ജി വി രാകേശ്

ദൈവത്തിന്റെ പ്രതിരൂപങ്ങളായിട്ടാണ് ആളുകള്‍ തെയ്യക്കോലങ്ങളെ കാണുന്നത്. അനുഗ്രഹം ചൊരിയുന്ന തെയ്യങ്ങള്‍ അവരുടെ കിരീടം അഴിച്ചുവെച്ചാല്‍ പച്ച മനുഷ്യരാണ്. അവരുടെ ഓണത്തിന്റെ കഥകള്‍ പലപ്പോഴും ദാരിദ്ര്യത്തിന്റെതാണ്.

‘കര്‍ക്കിട ദുരിതത്തിന്റെ വ്യാധികള്‍ മാറ്റാന്‍ കര്‍ക്കിടകത്തില്‍ ശിവ – പാര്‍വ്വതി സങ്കല്പമായ ആടിവേടന്‍ കെട്ടിയാടും. അതിന് മലയന്‍പണിക്കന് കിട്ടുന്ന  ദക്ഷിണയും അരിയുമാണ്  ചിങ്ങത്തിന്റെയും, ഓണത്തിന്റെയും കരുതല്‍’ എന്ന് തലശ്ശരി എരഞ്ഞോളിയിലെ തെയ്യം കലാകാരന്‍ 80 കാരനായ പനക്കാടന്‍ വീട്ടില്‍ ഭരതന്‍ പറയുന്നു. ഉത്രാടവും,തിരുവോണവും പട്ടിണിയായിരിയ്ക്കും. വയറു നിറച്ചുണ്ണണമെങ്കില്‍ ഉത്രാടത്തിനും, തിരുവോണത്തിനും പ്രദേശത്തെ വീടുകളില്‍ ഓണക്കൈനീട്ടത്തിന് പോവണം. എന്നാലെ അവിട്ടം ആഘോഷിക്കാനാവൂ.’ഓണത്തിനു പോയാല്‍ മകത്തിനു തരാം, മകത്തിനു പോയാല്‍ വിഷുവിന് തരാം വിഷുവിന് പോയാല്‍ എല്ലാം കൂടി പിന്നീട് എടുക്കാം’ എന്നിങ്ങനെ പറയുന്നവരും അക്കൂട്ടത്തിലുണ്ടെന്ന് ഭരതന്‍ പറഞ്ഞു.

ഏതാണ്ട് 25 വര്‍ഷം മുന്പ് വരെ നാട്ടിലെ പ്രധാന വയറ്റാട്ടിയായിരുന്നു ഭരതന്റെ ഭാര്യ ലക്ഷ്മി. ‘പ്രസവത്തിന് ഓണമെന്നോ, വിഷുവെന്നോയില്ല. ആഘോഷങ്ങളെക്കാള്‍ പ്രസവത്തിനാണ് ഞാന്‍ പ്രധാന്യം നല്കിയിരുന്നത്. ഒരിക്കല്‍ ഒരോണത്തിന് ഉച്ചയൂണ് ഉണ്ടാക്കിക്കൊണ്ടിരിക്കുമ്പോഴാണ് പ്രസവം എടുക്കാനായി ആളുകള്‍ ഈ വീട്ടിലെത്തിയത്. പിന്നെയൊന്നും നോക്കിയില്ല, അവരുടെ കൂടെ ഞാന്‍ പോയി. പ്രസവം കഴിഞ്ഞ് തിരിച്ച് വരുമ്പോഴേയ്ക്കും സമയം രാത്രി ഏഴുമണി. പ്രസവം എടുത്താല്‍ കൂലി ചോദിക്കില്ല. അവര്‍ തരുന്നതും വാങ്ങി വരുന്നതാണ് നാട്ടാചാരം. അന്ന് കിട്ടിയത് ഒരു നാഴി അരിയും, ഒരു തേങ്ങയും, 25 രൂപയും.അന്ന് എന്റെ മക്കള്‍ ഓണമുണ്ടത് മുന്നിലെ വീട്ടില്‍ നിന്നാണ്.ഇന്ന് വയറ്റാട്ടിയെ ആര്‍ക്കും വേണ്ട. ഇക്കാലത്ത് മലയന്‍ പണിക്കന്റെ വീട്ടില്‍ കൊടിയ ദാരിദ്ര്യം ഇല്ലെന്നത് മാത്രമാണ് ഒരു സന്തോഷം.  ‘ ലക്ഷ്മി പറഞ്ഞു.

ഓണക്കാലത്ത് കോഴിക്കോട് ജില്ലയുടെ വടക്കന്‍ മേഖലയില്‍ അതായത് കടത്തനാടന്‍ പ്രദേശങ്ങളില്‍ കാണുന്ന ആചാരമാണ് ഓണപ്പൊട്ടന്‍. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. കൈമണികള്‍ കിലുക്കിക്കൊണ്ടിരിക്കും. ഓണപ്പൊട്ടന്‍ ഒരിക്കലും കാല്‍ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്തു കൊണ്ടേയിരിക്കും.  കോഴിക്കോട് തൊട്ടില്‍പ്പാലം പ്രദേശത്ത് ഓണപ്പൊട്ടന്‍ കെട്ടുന്നത് മൊയിലോത്തറയിലെ എന്‍.കെ.രാജനാണ്.

ഓണപ്പൊട്ടനെക്കുറിച്ച് രാജന്‍ പറയുന്നതിങ്ങനെ ‘വേഷം കെട്ടുന്നതിനു മുന്‍പായി 10 ദിവസം അതായത് അത്തം മുതല്‍ തിരുവോണം വരെ വ്രതം  അനുഷ്ഠിയ്ക്കും. വേഷം കെട്ടുന്നതിന്റെ തലേദിവസം ഒരു നേരം അരിയാഹാരം മാത്രമേ കഴിക്കുകയുള്ളൂ.പുലര്‍ച്ചെ രണ്ട് മണിയോടെ മുഖത്ത് മഞ്ഞ തേപ്പ് തുടങ്ങും. ചായില്യക്കൂട്ടാണ് ഇതിനായി ഉപയോഗിക്കുക. വിളക്കിന്‍ തിരിയുടെ പുകകൊള്ളുന്ന കണ്‍മഷിയും നിറച്ചാര്‍ത്തിനെടുക്കുന്നു. ബ്രഷിന്റെ സ്ഥാനത്ത് ഈര്‍ക്കില്‍ കൊണ്ടാണ് മുഖത്ത് ചായം പൂശുക. കഥകളി കലാകാരന്മാരെപ്പോലെ  കടക്കണ്ണ് വരയുക ഓണപ്പൊട്ടന് പ്രധാനമാണ്. നെറ്റിയില്‍ ഗോപിക്കുറിയും തൊടും.വേഷം അണിഞ്ഞ് കിരീടം വെച്ചാല്‍ പിന്നീട് സംസാരിക്കില്ല.വായ് തുറക്കാത്ത  തെയ്യം എന്നതിനാലാണ് ഓണപ്പൊട്ടന്‍ എന്ന പേര് വന്നതാണ്.’  

മലയ സമുദായത്തില്‍പ്പെട്ടവരാണ് ഈ വേഷം കെട്ടുന്നത്. മലയസമുദായക്കാര്‍ക്ക് രാജാക്കന്‍മാര്‍ നല്‍കിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യം ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരന്‍ വീടുതോറും കയറിയിറങ്ങുന്നത്.’ഓണപ്പൊട്ടന്‍ ഓരോവീടുകളിലുമെത്തി ഐശ്വര്യം നല്‍കുന്നു എന്നാണ് വിശ്വാസം. . ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നല്‍കുന്നു.ചമയത്തിനു ശേഷം ആദ്യം ഓണപ്പൊട്ടന്‍ പോകുന്നത് ക്ഷേത്രത്തിലാണ്.ദൈവത്ത കണ്ട് വണങ്ങിയാല്‍ ക്ഷേത്രത്തിലെ നമ്പൂതിരി ദക്ഷിണയും, കോടിവസ്ത്രവും നല്കും.അനുഗ്രഹമായി അരിയും പൂവും ഓണപ്പൊട്ടന്‍ നല്കും അതിനുശേഷമേ വീടുകളില്‍ പോവുകയുള്ളൂ’ രാജന്‍ പറഞ്ഞു.

രാജന്റെ മണിയമ്പലം കണ്ടി തറവാട്ടില്‍ നിന്നും ഓരോ പ്രദേശങ്ങളിലായി മൊത്തം 91 ഓണപ്പൊട്ടന്‍ ഉണ്ടാവും. ജാതി മത ഭേദമന്യേ എല്ലാ വീടുകളിലും ഓണപ്പൊട്ടന്‍ കയറിയിറങ്ങും.കിരീടം അഴിച്ചാല്‍ മാത്രമേ ഭക്ഷണം കഴിക്കാന്‍ പാടുള്ളൂ. അതുകൊണ്ട് ഓണപ്പൊട്ടന്റെ വീട്ടില്‍ ഓണം അവിട്ടത്തിനായിരിക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍