UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മഹാബലി പി

Avatar

കല്‍പറ്റ നാരായണന്‍

പി യും മഹാബലിയും തമ്മിലെന്ത്? എന്നോ നഷ്ടമായതോ എന്നോ വരാനിരിക്കുന്നതോ ആയ ഒരാദര്‍ശരാജ്യത്തിന്റെ ചക്രവര്‍ത്തിയും അതിന്റെ സ്വയം നിയുക്തനായ കവിയും തമ്മിലുള്ള ഐക്യമാണോ? ഭ്രഷ്ടനായ രാജാവും തനിക്കു തന്നെ അവ്യക്തമമായ കാരണങ്ങളാല്‍ ഭ്രഷ്ടനായ കവിയും തമ്മിലുള്ള ഐക്യമാണോ? (എന്നന്നേക്കുമായി പിണങ്ങിപ്പോ/യെങ്കിലും മകസന്ധ്യയില്‍ നിളതന്‍ വെണ്‍മണല്‍ത്തിട്ടില്‍/ അവളെ കാത്തിരുന്നു ഞാന്‍).

ചതിക്കപ്പെടുവാനുള്ള വാസന രണ്ടുപേരിലുമുണ്ടായിരുന്നു. ഭവിഷ്യത്തോര്‍ക്കാതെ പ്രവര്‍ത്തിക്കാനുള്ള പ്രേരണ രണ്ടുപേരിലുമുണ്ടായിരുന്നു. കുഴിച്ചു കുഴിച്ചു ചെന്നാല്‍ പി യില്‍ മഹാബലിയെ കാണില്ലേ? വരുമെന്നുറപ്പില്ലാത്ത ഒരു സമത്വസുന്ദരരാജ്യത്തിനായി, ആ ഇല്ലാത്ത രാജ്യത്തില്‍ നിലയുറപ്പിച്ചുകൊണ്ട് പൊരുതുകയായിരുന്നില്ലേ പി? (മരിക്കും ഞാന്‍ നിനക്കായ് മംഗളാദര്‍ശദേവതേ!) മഹാബലിയുടെ ആസ്ഥാനകവിയായിരുന്നു പി.

ഇത്രയധികം ഓണക്കവിതകളെഴുതിയ മറ്റൊരു കവിയില്ല. ഇരുപതോളം കവിതകളില്‍ ശീര്‍ഷകത്തില്‍ത്തന്നെ ഓണമുണ്ട്. ഓണം, ഓണക്കാലം, ഓണക്കാഴ്ച്ച… നാല്‍പ്പത്തഞ്ചോളം കവിതകളില്‍ പ്രത്യക്ഷമായി തന്നെ ഓണമാണ് പ്രമേയം. തിരിനീട്ടിയാല്‍ ഓണക്കവിതയായി പ്രകാശിച്ചീടും പി യുടെ ഏതാണ്ടെല്ലാം കവിതകളും. തൃക്കാക്കരയ്ക്ക് പോം പാതയേതോ എന്നുഴറുന്നു പി ഓരോ കവിതയിലും. ഘടനയില്‍ പൂക്കളങ്ങളാണവ (ആ പേരില്‍ കെ ഭാസ്‌കരന്‍ നായര്‍ അവതാരികയെഴുതി പ്രസിദ്ധീകരിച്ച, പി യുടെ എല്ലാ പ്രധാനകവിതകളുമുള്ള മികച്ചൊരു കാവ്യസമാഹാരമുണ്ട്).

പിയുടെ രചനാരീതിയെ പൂവിടലായിപ്പറയാം. മികച്ച ഉദാഹരണം’സൗന്ദര്യപൂജ’. കാവ്യരചനയില്‍ സംഭവിക്കുന്ന സാഫല്യത്തെ പി. വിവരിക്കുന്നത് ഇളംവെയിലിലുള്ള ഒരോണപ്പുലരിയില്‍ ചുറ്റും നോക്കി വിസ്മയാധീനനായ ഒരു മലയാളിയുടെ ഭാഷയില്‍: ഒറ്റരാവാല്‍പ്പൂമരങ്ങളായി വിത്തുകളൊക്കെയും. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ വര്‍ഷാവര്‍ഷം ഈ വിസ്മയം എഴുതുന്നതിലാവാം പി, മഹാബലിയെ മലനാടിന്റെ കവി എന്നു വിളിക്കുന്നു.

ഉന്നിദ്രഭാവനാകാരന്‍ നീ നിര്‍മിച്ചു/ സുന്ദരകേരളഖണ്ഡകാവ്യം.
മഹാബലിയുടെ രാജ്യമാണ് മലയാളിയുടെ ഏദന്‍. അന്നൊരുദ്യാനമായിരുന്നു ഇവിടം. ഉദ്യാനവും തോട്ടവുമായി വലിയ അന്തരമുണ്ട്. പൂവിന്‍ പേരില്‍ പൂമതിക്കുന്നു നാം ഉദ്യാനത്തില്‍. കായിന്‍പേരില്‍ പൂമതിക്കുന്നു നാം തോട്ടത്തില്‍ (സമ്പത്തിന് മലയാളി കായ എന്നു പറയാറുണ്ട്). ഒന്നും ഒന്നിലും മീതേയല്ലാത്തൊരു സമത്വസുന്ദരമായ രാജ്യമായിരുന്നു അത്. ആരും ആരെയും ചൂഷണം ചെയ്യാത്ത കാലം. സകലജീവജാലങ്ങളും പരസ്പരം ഇണങ്ങി, പരസ്പരം ഉതകി, ഓരോ നിരപ്പില്‍ക്കഴിഞ്ഞ കാലം. ഈ നിരപ്പിനെ അട്ടിമറിച്ച്, എല്ലാറ്റിനും മീതെ മനുഷ്യനെ വാഴിച്ച ‘മാനവരുടെ ദൈവമായ കുള്ളനും കള്ളനുമായ വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തുന്നു (മഹാബലി പേരുമാത്രമായിരുന്നില്ല, പ്രവൃത്തിയും ആയിരുന്നു. ബോര്‍ഹെസ് പറയുമ്പോലെ ആദിയില്‍ ഇടിയും അതിന്റെ ദേവതയും രണ്ടായിരുന്നില്ല). കള്ളവും ചതിയും പൊളിവചനവും കള്ളപ്പറയും ചെറുനാഴിയും രാജ്യത്തു നിറഞ്ഞു. ക്രമേണ വളര്‍ന്ന ആ വാമനപാദങ്ങളാല്‍ പാതാളത്തിലേക്ക് താഴ്ത്തപ്പെട്ട(വിസ്മരിക്കപ്പെടുന്നവ ചെന്നുചേരുന്ന സ്ഥലം കൂടിയാണോ പാതാളം?) മഹബലി വര്‍ഷത്തിലൊരിക്കല്‍ തന്റെ നാടുസന്ദര്‍ശിക്കാന്‍ അനുവദിക്കപ്പെടുന്നു. പശ്ചാത്താപമോ പ്രായശ്ചിത്തമോ രണ്ടുമോ? അദ്ദേഹം ഭരിച്ചിരുന്ന നാടിനോട് നാടിനെ ആവുന്നത്ര പൊരുത്തപ്പെടുത്തി നാം കാത്തിരിക്കുന്നു. മനുഷ്യന്‍ മാത്രമല്ല, സകല ജീവജാലങ്ങളും.

തുമ്പ കരഞ്ഞപ്പോള്‍, നെല്ലി വിളിച്ചപ്പോള്‍ പൊന്നോണക്കാലം ചിരിച്ചുവന്നു. ആ’ എക്കോളജിക്കല്‍’ രാജന്റെ സാന്നിധ്യത്തില്‍ വീണ്ടും കേരളം ഉദ്യാനമായിത്തീര്‍ന്നു.

പുത്തനാം തങ്കക്കുടക്കടുക്കന്‍/ മുക്കുറ്റിക്കുഞ്ഞിന്റെ കാതില്‍ കണ്ടു/ മോടി കലരുന്ന കമ്മിലിട്ടൊ/ന്നാടിന്റെ തേവിടിപ്പൂച്ചെടികള്‍/നല്ല മരുത്തോടോണത്തല്ലിനൊരുങ്ങിപ്പോയ് തെങ്ങിന്‍കൂട്ടം/കുന്നത്തുവാഴുമിളമുളകള്‍/ പൊന്നോണവില്ലിനു ഞാണുകെട്ടി.

വീട്ടിലെപ്പെണ്ണിനും കുട്ടിക്കും മാത്രമല്ല, കാട്ടിലെ തത്തയ്ക്കുമോണം വന്നു. മനുഷ്യന്‍ മനുഷ്യന്‍ നേതൃജാതിയായ (ഡോമിനന്റ് സ്പീഷിസ്) കാലത്തുനിന്ന് മനുഷ്യന്‍’സഹജീവിയായ’ (സെക്കന്‍ഡറി സ്പീഷിസ്) കാലത്തേക്കുള്ള വിപരീതദിശയിലുള്ള പരിണാമം. ഈ പരിണാമത്തിന്റെ കവിയാണ് തനിക്കുതന്നെ അവ്യക്തമായ ഒരു കുറ്റബോധം കൊണ്ടുഴലുന്ന പി. വിരിയും വെള്ളാമ്പലിന്‍ കൊച്ചുതോണിയിലെന്നെക്കരയിക്കുവാനിന്ന് പൂത്തിരുവോണം വന്നു. നാഗരികത അതുബലികൊടുത്ത നന്മകളെ കുറിച്ച് അസ്വസ്ഥമാവുന്നത് കലാകാരന്മാരിലൂടെയാണ്; ആ ദൗത്യം ഏറ്റെടുത്ത മലയാളകവികളില്‍ മുന്‍പന്‍ പിയുമാണ്.

ലോകചരിത്രത്തെ ഉദ്യാനത്തിന്റെ ചരിത്രമെന്നും തോട്ടത്തിന്റെ ചരിത്രമെന്നും രണ്ടായി പകുത്തുകൂടേ?എങ്കില്‍ തോട്ടത്തിന്റെ കാലത്തിലെ (ആധുനിക നാഗരികതയിലെ) പശ്ചാത്താപത്തെ (പ്രായശ്ചിത്തത്തെ) പൂന്തോട്ടങ്ങളെന്നു പറഞ്ഞുകൂടെ? (നാഗരികത വര്‍ദ്ധിക്കുന്തോറും പൂന്തോട്ടങ്ങളും ഉദ്യാനങ്ങളും വര്‍ദ്ധിക്കുന്നു. മുറ്റത്തെ പൂന്തോട്ടത്തില്‍ നില്‍ക്കുമ്പോഴനുഭവിക്കുന്ന കൃതാര്‍ത്ഥതയ്ക്ക് നമ്മളെക്കാള്‍ പഴക്കമുണ്ട്; ആഴവും). കവിതകളെ ഭാഷയിലെ പശ്ചാത്തപങ്ങളെന്നു വിളിച്ചുകൂടേ? കാര്യമാത്രപ്രസക്തമായ ഭാഷകള്‍ക്കിടയില്‍ ഉദ്യാനതുല്യമായ ഒരു ഭാഷ;കേവലപ്രയോജനത്തിനതീതമായ പ്രയോജനമുള്ള ഒരു ഭാഷ. പിയിലുള്ളത്ര പൂക്കള്‍ മലയാളിത്തിലേതുദ്യാനത്തിലുണ്ട്.

പറുദീസ(paradise) എന്ന പദത്തിന്റെ ആദ്യ അര്‍ഥം പൂന്തോട്ടം എന്നാണത്രേ. പറുദീസയില്‍ നിന്ന് പുറന്തള്ളപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള സങ്കല്‍പ്പം കാര്‍ഷികവൃത്തിയിലേര്‍പ്പെട്ട മനുഷ്യനിലൂറിയ പശ്ചാത്താപത്തിന്റെ രൂപാന്തരമാവാം.

പെറുക്കിത്തിന്ന് മനുഷ്യന്‍ സ്വച്ഛന്ദമായി ജീവിച്ച കാലത്തിനോടുള്ള അബോധമായ കൊതിയുണ്ട് പിയില്‍. ജോലിക്കു മുന്‍പത്തെ കാലത്തിലെ സ്വച്ഛന്ദമായ ജീവിതത്തിനോടുള്ള കൊതിയും. (തൃക്കാക്കരയ്ക്കു പോം പാതയേതോ) പ്രവൃത്തികാലത്തിലെ അന്യവത്കരണവും തമ്മിലുള്ള സംഘര്‍ഷം പിയില്‍ നിത്യമായിരുന്നു, പൂന്തോട്ടങ്ങള്‍ തീര്‍ക്കുകയായിരുന്നു കുഞ്ഞിരാമന്‍ നായര്‍ എന്നും. നാഗരികത നല്‍കിയ ‘റോളു’കളോടദ്ദേഹം പൊരുത്തപ്പെട്ടതുമില്ല. കണ്ടവരുടെ ഭാവിജാതകക്കുറി കൊത്തും ചുണ്ടുകള്‍ കിളിപ്പാട്ടു പാടുകില്ലിനിമേലില്‍ എന്നദ്ദേഹം അധ്യാപകജോലിയോടു (ഭാവി തലമുറയെ നാഗരികരാക്കുന്ന, തോട്ടക്കാരാക്കുന്ന പണിയോട്) പിണങ്ങിയിട്ടുമുണ്ട്.

ഉദ്യാനകാലത്തിന്റെ ഈ കവി നാഗരികതയോടു പൊരുത്തപ്പെടാതെ ജീവിച്ചു. പണ്ടേപ്പോലെ തെണ്ടിത്തിരിഞ്ഞു. നാഗരികതയുടെ ദേവനാല്‍ ചവിട്ടിത്താഴ്ത്തപ്പെട്ട ഉദ്യാനകാലത്തിന്റെ രാജന്റെ, പാരിസ്ഥിതിക ദേവന്റെ സ്വയംനിയുക്തനായ അകമ്പടിക്കാരനായി.

എന്തിനാണ് നാം ഓണത്തിനു പൂവിടുന്നത്? സ്വപ്‌നങ്ങള്‍ പൂവിട്ടു,മോഹങ്ങള്‍ പൂവിട്ടു എന്നെല്ലാമുള്ള പ്രയോഗങ്ങളിലെ അഴകിനെ സമൂര്‍ത്തമാക്കാനോ? ഓര്‍മകളും പ്രതീക്ഷകളും പൂവിടുകയാണ് ഓരോ മുറ്റത്തും.

സ’ഫല’മായി എന്നു പറയുന്നതിനെക്കാള്‍ ‘പൂവിട്ടു’ എന്നു പറയുമ്പോള്‍ കൃതാര്‍ഥമാവുന്ന ഒരു മനസ്സിന്റെ പെരുമാറ്റമുണ്ട് ഓണക്കാലത്തിലാകെ. സന്ധ്യകള്‍ വന്നു മെഴുകുന്ന വ്യോമത്തില്‍ സുന്ദരമന്ദാരം പൂച്ചൊരിഞ്ഞു.

പിയിട്ട പൂക്കളങ്ങള്‍ അരിച്ചാന്തില്‍ വരച്ച കോലങ്ങള്‍പോലെ ഓണന്നാള്‍ പുലരുന്തോറും തെളിയുന്നു.

ഓണക്കാലത്ത് കൂടുതല്‍ തെളിയുന്ന മഷികൊണ്ടെഴുതിയ കവിതകള്‍ എന്നും അവയെ പറയാം.

( മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കല്‍പറ്റ നാരായണന്റെ ‘കവിതയുടെ ജീവചരിത്രം’ എന്ന പുസ്‌കത്തില്‍ നിന്ന് എടുത്തത്)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍