UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു ചതിയുടെ കഥ മലയാളികളുടെ ദേശീയോത്സവമാകുമ്പോള്‍

Avatar

നാരായണന്‍ എം ശങ്കരന്‍

‘ഓണം മലയാളികളുടെ ദേശിയ ഉത്സവം ആണ്’. സ്‌കൂള്‍ കാലം തൊട്ട് എഴുതിയും പറഞ്ഞും മനസ്സില്‍ ഉറപ്പിച്ച അല്ലെങ്കില്‍ ഉറപ്പിക്കേണ്ടി വന്ന ഒരു വാചകം. കുട്ടിക്കാലം മുതല്‍ക്കെ ഓണം ഒരു ഹരമായിരുന്നു. എന്തെന്നാല്‍ അത് കുറച്ചു നാളത്തേക്ക് സ്‌കൂളിന്റെ ചുറ്റുപാടുകളില്‍ നിന്നും മാറി അലഞ്ഞു നടക്കാന്‍ കിട്ടിയ ഒരു സന്ദര്‍ഭമായി മാത്രമേ കണ്ടിരുന്നുള്ളൂ. അല്ലാതെ ഓണം എല്ലാവരുടെയും ഉത്സവമായി ഇതുവരെ കാണാന്‍ കഴിഞ്ഞിട്ടില്ല. കാരണം ഇതിന് ഉപയോഗിക്കുന്ന ചിഹ്നങ്ങളും കഥകളും ഒന്നും തന്നെ ഞാന്‍ വിശ്വസിക്കുന്ന എന്റെ സമൂഹത്തിന്റെ ആചാര അനുഷ്ഠാനങ്ങളില്‍ ഉണ്ടായിരുന്നില്ല. അപരിഷ്‌കൃതമായ മറ്റൊരു സമൂഹമായി മാത്രമാണ് കേരളത്തിന്റെ പൊതുധാര ഞങ്ങളെ എന്നും നോക്കി കണ്ടത്. ഓണത്തിന്റെ ഗൃഹാതുരത ഉണര്‍ത്തുന്ന മാവേലി കഥ ഞങ്ങളെ സംബന്ധിച്ചിടത്തോളം ജനിച്ച മണ്ണില്‍ നിന്നും കുടിയിറക്കി അടിമയാക്കിയതിന്റെ കഥയാണ്. അതുകൊണ്ട് ഓണം കേരളത്തിലെ ജനങ്ങളുടെ ഉത്സവം എന്നു പറയുമ്പോള്‍ ആകെ ഒരു പന്തികേട് തോന്നുന്നു. കേരളത്തിലെ ഒരു പ്രത്യേക വിഭാഗം ആഘോഷിച്ചിരുന്ന ഉത്സവം എങ്ങനെയാണ് എല്ലാവരുടെയും ആയി മാറിയത്? എല്ലാവരുടെയും ഉത്സവം ആയിരുന്നെങ്കില്‍ എങ്ങനെയാണ് ഒരു ഓണക്കാലത്ത് പാലക്കാടും വയനാടും മുപ്പതോളം ആദിവാസികള്‍ പട്ടിണി കിടന്നു മരിച്ചപ്പോള്‍ കേരള സമൂഹം എല്ലാ ആര്‍ഭാടത്തോടും കൂടി ഓണം ആഘോഷിച്ചത്? ആദിവാസികള്‍ കേരള സമൂഹത്തിന്റെ ഭാഗം അല്ല എന്നാണോ? ഇവിടെ കാണാന്‍ കഴിയുന്നത് കേരളത്തിലെ സവര്‍ണ സമൂഹം സെക്യുലറിസത്തിന്റെ കപട മുഖംമൂടി അണിഞ്ഞ് ഒരു സവര്‍ണ്ണ ആഘോഷം മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കുന്നതാണ്.

കൊയ്ത്തു ഉത്സവത്തെ ആധാരമാക്കിയാണ് ഓണം കേരളത്തിന്റെ ദേശീയോത്സവമാക്കി പറയുന്നത്. ഇവിടെ ആരാണ് കൊയ്തിരുന്നത്? ആരാണ് അതിന്റെ ഫലം അനുഭവിച്ചിരുന്നത് എന്നുകൂടി ചിന്തിക്കേണ്ടി ഇരിക്കുന്നു. പകലന്തിയോളം പട്ടിണി കിടന്നു പണിയെടുത്തിരുന്ന കുടിയാനാണോ അതോ പണിയെടുക്കാതെ പള്ളയും നിറച്ചു അടിയാന്റെ മാറത്തു നോക്കി മുറുക്കാന്‍ ചവക്കുന്ന ജന്മി ആണോ ഇതിനെ ഉത്സവമാക്കി എടുത്തത്? വയലുകളില്‍ പണി തീരാതെ വരുമ്പോള്‍ വയനാട്ടിലെ തമ്പുരാക്കന്മാര്‍ ആദിവാസികളുടെ ദൗര്‍ബല്യം മുതലാക്കി പകലന്തിയോളം പണിയെടുപ്പിച്ചിരുന്നു എന്നതിന്റെ തെളിവാണ് വയനാട്ടില്‍ ഉണ്ടായിരുന്ന കംബള നാട്ടി എന്നു പറയുന്ന സമ്പ്രദായം. പണി തീരില്ല എന്നു കണ്ടാല്‍ തമ്പുരാന്‍ വയലുകളില്‍ തന്നെ പാട്ടും നൃത്തവും അനുവദിച്ചിരുന്നു. ഇതാസ്വദിച്ചു പണിയെടുക്കുന്ന ആദിവാസികള്‍ സമയവും ഭാരവും അറിയാതെ പണിയെടുക്കുമായിരുന്നു.  ഇങ്ങനെ വിളവെടുക്കുന്നത് തമ്പുരാന്റെ പത്തായ പുര നിറക്കാന്‍ അല്ലാതെ ആദിവാസിയുടെ പട്ടിണി മാറ്റാന്‍ അല്ലായിരുന്നു. ഈ സമൂഹം ആഘോഷിക്കുന്ന കൊയ്ത്തു ഉത്സവത്തെ പറ്റി ഒരു ആദിവാസി സമൂഹത്തിന്റെ ഓര്‍മ ഇങ്ങനെയാണ്. ‘ഞങ്ങള്‍ക്ക് കഞ്ഞിയില്ല, കറിയില്ല, തിന്നുവാനൊന്നുമില്ല. പുതിയ പുതിയ ആള്‍ക്കാരുടെ തോട്ടവും വയലും കടന്നു വേണം അങ്ങ് കാട്ടില് പോയി കിഴങ്ങ് മാന്താന്‍. കിഴങ്ങു കിളച്ചിരിക്കുമ്പോള്‍ ആയിരിക്കും നമ്മളെ പുതിയ ആള്‍ക്കാര്‍ ഓടിക്കുന്നത്, അപ്പോഴേക്കും തമ്പുരാന്റെ അറേല്‍ നെല്ലു നിറഞ്ഞു കിടപ്പുണ്ടാകും. അതിനെ നമ്മെക്കൊണ്ട് വാരിപ്പിക്കും, കത്തിക്കാന്‍. പകരം പുതുനെല്ല് അറേല്‍ നിറക്കാന്‍’. ഇതാണ് ആദിവാസിയുടെ കൊയ്ത്തുകാലത്തെ അവസ്ഥ. ഇതു പോലെ ജീവിതം മുഴുവനും തമ്പുരാന്റെ അധ്വാനത്തിന് വേണ്ടി മാറ്റിവെച്ച ഒരു സമൂഹം എങ്ങനെയാണ് കേരളത്തിന്റെ കൊയ്ത്തുത്സവത്തിന്റെ ഭാഗം ആകുന്നത്? ഭുമിയും ആദിവാസിയും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. സവര്‍ണ വിഭാഗം എന്നും അവരെ ചൂഷണം മാത്രമേ ചെയ്തിട്ടുള്ളു.

ഒരു തുണ്ട് ഭൂമിക്കു വേണ്ടി സമരം ചെയ്ത ജാനുവിന്റെ വാക്കുകളിലും തമ്പ്രാക്കന്മാര്‍ എങ്ങനെയാണ് ആദിവാസികളെ ചൂഷണം ചെയ്തത് എന്നു കാണാം. ജാനു തന്റെ അനുഭവകുറിപ്പില്‍ ഇങ്ങനെ പറയുന്നു, ‘കണ്ടത്തില്‍ പണിക്കു കേറിയാല്‍ ഉച്ചയാകുമ്പോ കഞ്ഞിയുണ്ട്. നമ്മളെ ആള്‍ക്കാരുതന്നെയാണ് കഞ്ഞി വെക്കല്. കഞ്ഞിക്കു ഉപ്പും മുളകും കിട്ടും. മണ്ണില് കുഴി കുത്തി അതിലാണ് കഞ്ഞി. കഞ്ഞി എന്നു പറയാനില്ല, കഞ്ഞിവെള്ളമാണ് അധികവും… ആവശ്യത്തിന് കന്നാലികള്‍ ഇല്ലെങ്കില്‍ കാലികളെ പോലെ നുകം വലിക്കുന്ന പണിയും ഉണ്ട്. നുകം വലിച്ചു നടക്കുമ്പോള്‍ ചെളി വെള്ളത്തില്‍ നിന്നു കാലുകള്‍ മുന്‍പോട്ടു എടുത്തു വെക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. കാലുകള്‍ പൂച്ചപാതളത്തില്‍ താണ് പോകുന്ന പോലെ തോന്നും. വലിയ മഴ പെയ്യുമ്പോള്‍ കവുങ്ങ് പാളയുടെ തൊപ്പി തലയില്‍ വെക്കും. അതിന്റെ നീണ്ട മുന്‍ഭാഗത്ത് നിന്നും വെള്ളം വീഴുന്നത് നോക്കി വലിച്ചാല്‍ വിശപ്പ് അറിയില്ല.’

ഇങ്ങനെ ഒരു തുണ്ട് ഭൂമിയില്ലാതെ അടിമയാക്കാന്‍ വിധിക്കപ്പെട്ട ഒരു കൂട്ടം ജനത മൃഗങ്ങളെ പോലെ പണിയെടുത്ത് അധികാരികളുടെ പത്തായപ്പുര നിറച്ചു കഞ്ഞിവെള്ളം പോലും കുടിക്കാന്‍ ഇല്ലാതെ കിടന്നുറങ്ങുമ്പോള്‍ സവര്‍ണ സമൂഹം പള്ളയും നിറച്ചു ആട്ടം കാണുന്നതാണോ കേരളത്തിന്റെ വിളവെടുപ്പ് ഉത്സവം. അതുമാത്രമല്ല, ചിങ്ങത്തില്‍ വിളവെടുപ്പ് നടത്തുന്നു എന്നു പറയുമ്പോള്‍ തന്നെ അതിലെ കഴമ്പില്ലായ്മ കാണാന്‍ കഴിയും. കേരളത്തില്‍ മണ്‍സൂണ്‍ കൃഷി ആരംഭിക്കുന്നത് തന്നെ ഏകദേശം ഇടവം-മിഥുനം മാസങ്ങളില്‍ ആണ്. അപ്പോള്‍ ഒരു മാസം കൊണ്ട് വിളയുന്ന ഏതു വിളയാണ് ഇവിടെ കൃഷി ചെയ്യുന്നത്? അഥവാ നെല്ലു കൃഷി ആണെങ്കില്‍ പിന്നെ എങ്ങനെയാണ് കേരളത്തിലെ പ്രധാന ഹൈന്ദവ ക്ഷേത്രങ്ങളായ ഗുരുവായൂരും ശബരിമലയിലും തുലാം പത്തിന് കതിര്‍ കയറ്റുന്നത്? ഓണം കേരളത്തിലെ കൊയ്ത്ത് ഉത്സവം ആണെന്ന വാദം കേരളത്തിലെ സവര്‍ണ വിഭാഗം വയലുകളില്‍ പണിയെടുക്കുന്ന കുടിയന്മാരും തങ്ങളുടെ ഉത്സവത്തിന്റെ ഭാഗമാണെന്നു കാണിക്കാന്‍ കെട്ടിച്ചമച്ച ഒരു പാഴ്കഥ മാത്രമാണെന്നാണ്.

ഓണത്തിന് മാറ്റ് കൂട്ടുന്ന മറ്റൊരു കഥയാണ് എല്ലാവരെയും ഒന്ന് പോലെ കണ്ട് ജാതിമത വ്യത്യാസം ഇല്ലാതെ കേരളം ഭരിച്ച മഹാബലി രാജാവിന്റെ തിരിച്ചു വരവ്. ഒരു പ്രശ്‌നവും ഇല്ലാതെ പോയിരുന്ന സമൂഹത്തില്‍ എന്തിനാണ് മഹാവിഷ്ണു ഒരു ബ്രാഹ്മണ ബാലന്റെ (അതും അസാമാന്യ കഴിവുള്ള) രൂപത്തില്‍ വന്നു ഈ സമാധാനം നശിപ്പിച്ചത്? ഇതിനു പിന്നില്‍ പുരാണങ്ങളില്‍ പറയുന്ന പോലെ ദേവന്മാരുടെ’ അസൂയയും ഭയവും മാത്രമായിരുന്നോ അതോ സമൂഹത്തില്‍ വര്‍ഗ വ്യത്യാസം സൃഷ്ടിക്കുക എന്ന ലക്ഷ്യം കൂടെ ഉണ്ടായിരുന്നോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. എന്തായാലും ഇതിന്റെ ലക്ഷ്യത്തെ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ഈ വഞ്ചനക്കഥയില്‍ എന്താണ് ആഘോഷിക്കേണ്ടത് എന്നാണ് അറിയേണ്ടത്. മാവേലിക്കഥ ഒരു മിത്ത് ആണെന്നാണ് ഇവിടെ ഒരു കൂട്ടര്‍ വാദിക്കുന്നത്. അങ്ങനെ എങ്കില്‍ എന്തുകൊണ്ടാണ് ഒരു മിത്തിനെ ആധാരമാക്കി ഒരു ജനാധിപത്യ സര്‍ക്കാര്‍ ഒരു ദേശിയ ഉത്സവം പ്രഖ്യാപിക്കുന്നത്? രാഘവന്‍ പയ്യനാട് അഭിപ്രായപ്പെടുന്ന പോലെ സമൂഹം പുലര്‍ത്തിവരുന്ന ഏതെങ്കിലും ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ അതൃപ്തിയോ സംശയമോ ഉണ്ടാകുമ്പോള്‍ അവയെ സാധൂകരിക്കാനും വേണ്ടി പുരാവൃത്തം രൂപം കൊള്ളുന്നു എന്നാണ്. ഇവിടെ ഈ മാവേലി മിത്തിനെയും നമുക്ക് ചിലപ്പോള്‍ ഇങ്ങനെ കാണേണ്ടിവരും. ഇവിടെ ചില സമൂഹങ്ങള്‍ക്ക് വര്‍ണ വിവേചനം കാണിക്കാന്‍ ഇതുപോലെ ഒരു കഥ അത്യാവശ്യമാണ്. എല്ലാത്തിലും ഉപരി മാവേലിയുടെ കഥ ഒരു ചതിയുടെ കഥയാണ്. ഹിന്ദു മതത്തില്‍ അല്ലാതെ വേറെ ഏതു മതത്തിലാണ് ഒരു ചതി ആഘോഷിക്കുന്നത്? അതുമാത്രമല്ല, ഇവിടെ കേരള സമൂഹം ഒരു പ്രത്യേക സമൂഹത്തിന്റെ മാവേലി കഥ മാത്രമേ പറയുന്നുള്ളൂ എന്നുള്ളതാണ് ഏറ്റവും രസകരം. കീഴ്ജാതിക്കാരുടെ ഇടയിലുള്ള മാവേലിക്കഥ പരിഗണിക്കാന്‍ തയ്യാറാവാത്തത് എന്താണ് എന്നു മനസിലാകുന്നില്ല. ഇത് കാണിക്കുന്നത് കേരള സമൂഹം എന്നും സവര്‍ണ ചരിത്രത്തിനൊപ്പം മാത്രമേ നില്‍ക്കു എന്നുള്ളതും അവര്‍ണര്‍ സമൂഹത്തിനു പുറത്തും എന്നുള്ളതാണ്.

കേരളത്തിലെ വിവിധ ആദിവാസി സമൂഹങ്ങള്‍ക്ക് ഇടയിലും മാവേലിയെ സംബന്ധിച്ച കഥകള്‍ ഉണ്ട്. അതിലൊന്നാണ് വയനാടിലെ അടിയാര്‍ക്കിടയിലെ മാവേലിക്കഥ. അവരുടെ കഥയില്‍ കാണാന്‍ കഴിയുന്നത് തങ്ങളുടെ രാജാവ് ആയിരുന്ന മാവേലിയെ തമ്പ്രാക്കന്മാര്‍ ചതിച്ചു കൊന്നതിന്റെ വേദനയാണ്. മാവേലിയെ കൊലപ്പെടുത്തുക മാത്രമല്ല ഈ തമ്പ്രാക്കന്മാര്‍ ഇവരുടെ ഭൂമി കൈയ്ക്കലാക്കി അവരെ അടിമകളാക്കി എന്നുള്ളതുമാണ്. ഓണം ദേശീയോത്സവം ആയി പ്രഖ്യാപിച്ച ജനാധിപത്യ സര്‍ക്കാരിന്റെ ഭൂ നിയമങ്ങളും പഴയ തമ്പ്രക്കന്മാരും ഒരുപോലെയാണ് ആദിവാസികളെ ജനിച്ച മണ്ണില്‍ അടിമകളാക്കി ഭൂമി കയ്യേറിയത്. 

അടിയരുടെ കഥ ഇങ്ങനെയാണ്; പണ്ട് പണ്ട് അവര്‍ക്കും ഒരു കാലം ഉണ്ടായിരുന്നു. അത് മാവേലി മണ്ടുവ തെയ്യത്തിന്റെ കാലമായിരുന്നു. അന്ന് ജാതികളോ ഉപജാതികളോ ഉണ്ടായിരുന്നില്ല. സമാധാനപരമായിരുന്നു അന്നത്തെ കാലം. അക്കാലത്തില്‍ മണ്ടുവ തെയ്യത്തെ കാണാന്‍ ആകാശത്തുനിന്നും മൂന്നു തമ്പുരാക്കന്മാര്‍ എത്തി, മാവേലി അവരെ സ്വീകരിച്ചിരുത്തി. മാവേലി വിശ്രമിക്കാന്‍ പോയ നേരത്ത് അതിഥികളായി വന്ന തമ്പുരാക്കള്‍ മാവേലി സൂക്ഷിച്ച മണ്ണ് കട്ടു. മാവേലി വിശ്രമം കഴിഞ്ഞെത്തിയപ്പോള്‍ അത്രയും നാള്‍ ഭദ്രമായി സൂക്ഷിച്ച മണ്ണ് കാണാനില്ല. അതിഥികളോട് ചോദിച്ചു. അവര്‍ തര്‍ക്കമായി. ഒടുവില്‍ ഒരു പരീക്ഷണം നിര്‍ദേശിച്ചു. രണ്ടു കൂട്ടരും പുഴയില്‍ മുങ്ങും. തമ്പുരാക്കള്‍ താഴെ കടവിലും മാവേലി മേലെ കടവിലും മുങ്ങുക. തമ്പുരാക്കള്‍ ആണ് മണ്ണ് കട്ടത് എങ്കില്‍ വെള്ളം കലങ്ങി കലക്കുവെള്ളം മേലോട്ടെത്തും. മാവേലിയുടെ അടുത്തുതന്നെ മണ്ണ് ഉണ്ടെങ്കില്‍ വെള്ളം കലങ്ങി താഴേക്ക് വരും. മാവേലി സമ്മതിച്ചു. രണ്ടുകൂട്ടരും പുഴയില്‍ ഇറങ്ങി, മുകളില്‍ നിന്നും കലക്ക് വെള്ളം താഴേക്കൊഴുകി. തമ്പ്രാക്കള്‍ ഇടഞ്ഞു അവര്‍ ചുണ്ണാമ്പ് പാത്രംകൊണ്ടു മാവേലിയെ മൂക്കിലിടിച്ചു കൊലപ്പെടുത്തി. ഇങ്ങനെ മാവേലിയെ കൊന്ന വെഷമത്തില്‍ ഇരിക്കുന്ന അടിയരെ തമ്പുരാക്കള്‍ അടിമകളാക്കി അവരുടെ ഭൂമി കൈക്കല്‍ ആക്കുകയും ചെയ്തു.

ഇങ്ങനെ വലിയൊരു ചതിക്ക് ഇരയാകേണ്ടി വന്ന ഒരു സമൂഹം അവരുടെ നഷ്ടങ്ങള്‍ ഓര്‍ത്തു എല്ലാം മറന്നു ആഘോഷിക്കണം എന്നാണോ കേരളത്തിലെ സെക്യുലറിസ്റ്റുകള്‍ പറയുന്നത്. ഇവിടെ ആദിവാസികളല്ലാത്തവര്‍ പറയുന്നത് ഇത് വെറും കെട്ടുകഥ ആണെന്നും മുഖവിലക്ക് എടുക്കേണ്ടതില്ല എന്നുമാണ്. വെറും ഒരു മിത്തിനെ മാത്രം ആധാരം ആക്കി ഓണം ആഘോഷിക്കുന്ന കേരളീയ സമൂഹം അടിയരുടെ ഈ കഥയെ പരിഗണിച്ചാല്‍ അടിയര്‍ ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ക്ക് അവര്‍ ഉത്തരം നല്‍കേണ്ടി വരും. അടിയര്‍ ചോദിക്കുന്നു; എവിടെ ഞങ്ങളെ മണ്ണ്? മാവേലിയുടെ കൈയ്യില്‍ നിന്നും തട്ടിപ്പറിച്ചെടുത്ത മണ്ണ്? മാവേലിയെ കൊന്നു മാവേലി മക്കളായ ഞങ്ങളെ അടിമയാക്കിയത് എന്തിന്? ഈ ചോദ്യങ്ങള്‍ അധികാരിവര്‍ഗങ്ങളെ ഉത്തരം മുട്ടിക്കുന്നതാണ്.

ഓണത്തെ കേരള സര്‍ക്കാര്‍ ഒരു ദേശീയ ഉത്സവമായി പ്രഖ്യാപിക്കുന്നത് ഭൂപരിഷ്‌കരണത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതിനുശേഷമാണ്. ഭൂപരിഷ്‌കരണം ഒരു വിഭാഗം ജനങ്ങള്‍ക്ക് മാത്രമാണ് ഗുണം ചെയ്തത്. ഇങ്ങനെ ഒരു വിഭാഗത്തിന് വേണ്ടി ഒരു സമൂഹത്തെ മുഴുവന്‍ ജനിച്ച മണ്ണില്‍ നിന്നും കുടിയിറക്കിക്കൊണ്ടാണ് ഒരു സവര്‍ണ ഹിന്ദു ഉത്സവത്തെ സര്‍ക്കാര്‍ ‘എല്ലാവരുടെയും ഉത്സവമാക്കി’ മാറ്റുന്നത്. അതുകൊണ്ട് മാത്രമാണ് ഒരു വിഭാഗം ഇന്നും ജീവിക്കാന്‍ വേണ്ടി, ഒരു തുണ്ട് ഭൂമിക്കുവേണ്ടി സമരം ചെയ്യുമ്പോഴും പട്ടിണികിടന്നു മരിക്കുമ്പോഴും ഓണം കേരളത്തിലെ എല്ലാവരുടെയും ഉത്സവമായി സര്‍ക്കാര്‍ ആഘോഷിക്കുന്നത്. കേരളത്തിലെ ആദിവാസികളും ദളിതരും ജനിച്ച മണ്ണില്‍നിന്നും സമൂഹത്തില്‍ നിന്നും പുറന്തള്ളപ്പെടുമ്പോള്‍ എങ്ങനെയാണു ഒരു ഉത്സവം കേരളീയരുടെ ഉത്സവമായി മാറിയത് എന്നു മനസ്സിലാകുന്നില്ല.

(ഹൈദരാബാദ് ഇഫ്ലൂവില്‍  പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍