UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണം നൊസ്റ്റാള്‍ജിയ മൊത്തമായും ചില്ലറയായും

Avatar

സിജിത് വി

നമ്മുടെ മനുഷ്യ കുലത്തിനൊരു കുഴപ്പമുണ്ട്. സംഗതി പുരപ്പുറത്ത് കയറി ആവോളം പുരോഗമനവും, വികസനവും ഒക്കെ പ്രസംഗിക്കുമെങ്കിലും ഉള്ളു കൊണ്ട് തനി പഴഞ്ചന്‍ ആണ്. നോസ്ടാള്‍ജിയ അയവിറക്കലാണ് പ്രധാന ഹോബി. എന്നാല്‍ പഴയ കാലത്തോ, ആ നിമിഷം ഒട്ടും ആസ്വദിച്ചിട്ടുണ്ടാവില്ല. ചില ടൂറിസ്റ്റുകളെ കണ്ടിട്ടില്ലേ. ഭംഗിയുള്ള സ്ഥലങ്ങള്‍ കണ്ണ് കൊണ്ട് കാണാതെ ക്യാമറ വ്യൂവിലൂടെ കണ്ട് ഫോട്ടോ ക്ലിക്ക് ചെയ്ത് കൊണ്ടേ ഇരിക്കും. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ഫോട്ടോ കണ്ട് അയവിറക്കും. അത് പോലെ തന്നെ മറ്റൊരു ദുഷ് പ്രവണത ആണ് ഏതൊരു പുത്തന്‍ അറിവിനെയും ആദ്യം എതിര്‍ത്ത് തോല്‍പ്പിക്കുക എന്ന്. ഭൂമി പരന്നതാണ് എന്നു വിശ്വസിച്ചിരുന്നു, ഒരു കാലത്ത് മനുഷ്യന്‍. ഭൂമി പരന്നിട്ടല്ല ഉരുണ്ടിട്ട് ആണെന്ന് വിളിച്ചു പറഞ്ഞ മഹദ് വ്യക്തിയെ കല്ലെറിഞ്ഞു കൊന്ന മനുഷ്യ കുലത്തിന്റെ പിന്മുറക്കാര്‍ കൂടിയാണ് നാമെന്നത് ഓര്‍ക്കുക (വെറുതെ ഇടക്കിടെ ഓര്‍ക്കുന്നത് നല്ലതാണ്).

ഓണം കേരള്‍ക്കാ ദേശീയ് ത്യോഹാര്‍ ഹേ. ഓണം ശ്രാവന്‍ കെ മഹീനേ മേം ആത്താ ഹേ. ഓണം കെ ദിന്‍ സഭീ ലോഗ് കുശി കുശീ സെ മനാതാ ഹേ എന്നോ മറ്റോ അല്ലേ ഓണത്തെ കുറിച്ച് നാം കാണാതെ പഠിപ്പിച്ച് വച്ചിരിക്കുന്നത്.

പണ്ട് പണ്ട് കേരളത്തില്‍ മഹാബലി എന്ന് പേരുള്ള അസുര ചക്രവര്‍ത്തി ജീവിച്ചിരുന്നു എന്നും, മാവേലി നാട്ടിലെ സമ്പല്‍ സമൃദ്ധിയിലും, കള്ളമില്ലാത്ത ജീവിതത്തിലും ജനങ്ങള്‍ ബലിയെ പുകഴ്ത്തുന്നത് കണ്ട് അസൂയ പൂണ്ട ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ച് പരാതി ബോധിപ്പിച്ചു എന്നും, തദവസരത്തില്‍ ബലിയുടെ അഹങ്കാരം ശമിപ്പിക്കാന്‍ ടൈം ആയി എന്നുള്ള നോട്ടിഫിക്കേഷന്‍ കിട്ടിയ വിഷ്ണു ഭഗവാന്‍, താന്‍ നേരിട്ട് വിശ്വരൂപത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ ഒരു പക്ഷെ ബലി പെട്ടെന്ന് തന്നെ നല്ലവനായി മാറും അത് കൊണ്ട് തന്റെ അണ്ടര്‍ കവര്‍ വേഷം ആയ വാമനന്‍ രൂപം പൂണ്ട് ബലിയെ സമീപിച്ച് അയാളുടെ അഹങ്കാരം ഫിനിഷ് ചെയ്യാം എന്നു ദേവഗണങ്ങളോടു അരുള്‍ ചെയ്തു എന്നും കഥകള്‍ പറയുന്നു.

ഐഡിയാ വാസ് പര്‍ട്ടിക്യുലേര്‍ലി അട്രാക്ടീവ് ടു ബോത്ത് സ്പാനിഷ് ആന്‍ഡ് പോര്‍ടുഗീസ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഭഗവാന്‍ താങ്കള്‍ വെറും മാസല്ല. മരണമാസ് ആണെന്ന് പറഞ്ഞു ദേവേന്ദ്രനും ബഡീസും ഭഗവാനെ പാടി പുകഴ്ത്തി, ബലിക്ക് എട്ടിന്റെ പണി കിട്ടുന്നത് ലൈവ് സ്ട്രീമിംഗ് കാണാന്‍ ആകാശത്ത് നിരന്നു നിന്നു.

എന്തിനേറെ പറയുന്നു സഖാക്കളെ, കഥയില്‍ നാം കേട്ടിട്ടുള്ളത് പോലെ തന്നെ സംഭവിച്ചു. എല്ലാം അറിയുന്ന ജഗന്നാഥന്‍, മലയാള മണ്ണിലെ മഹാരാജാവായ ബലി ചക്രവര്‍ത്തിയുടെ സന്നിധാനത്ത് എത്തി ചേരുന്നു. അവിടെ ചെല്ലുംപോഴോ എന്താണ് സംഗതി വലിയൊരു യാഗം നടന്നു കൊണ്ടിരിക്കുന്നു. ഒന്നാമതേ മഹാരാജന്‍ ദാനകര്‍മ്മങ്ങളില്‍ കൊലമാസ്, അതുക്കും മേലെ യാഗ ദിവസവും, എന്തിനേറെ പറയുന്നു. വാമന ഗുരുവിനെ ആനയിച്ചിരുത്തി ദാനം ചെയ്യാന്‍ തയ്യാറായി എന്തും ചോദിച്ച് കൊള്ളാന്‍ മഹാരാജാവ് അഭ്യര്‍ത്ഥിക്കുന്നു.

പിന്നെ, നടന്ന കഥകള്‍ ഭൂലോകം മുഴുവന്‍ കേട്ട കഥ തന്നെ. ബലി മഹാരാജാവ്, തന്റെ രാജ്യവും, സകല സമ്പാദ്യങ്ങളും കാല്‍ക്കല്‍ വെച്ച് പാതാള ലോകം പൂണ്ടു. മഹാബലിയുടെ മഹദ് മനസ്സിനെ, എളിമയെ പുകഴ്ത്തി ഈ സംഭവത്തിനു കൊട്ടേഷന്‍ കൊടുത്ത ദേവേന്ദ്രാദികള്‍ സ്വര്‍ഗ്ഗ ലോകത്ത് നിന്നും പുഷ്പ വൃഷ്ടി നടത്തി ആ പുണ്യ മുഹൂര്‍ത്തത്തെ അനുഗ്രഹിച്ചു. അല്ലെങ്കിലും ഒരാളെ ചവിട്ടി താഴ്ത്തി കഴിയുമ്പോള്‍ കണ്ടു നില്‍ക്കുന്നവര്‍ക്ക് സന്തോഷം തന്നെ ആണല്ലോ. പുഷ്പവൃഷ്ടി ഉണ്ടായില്ലെങ്കിലെ അത്ഭുതമുള്ളൂ.

ചവിട്ടി താഴ്ത്തല്‍ കംപ്ലീറ്റ് ആവുന്നതിനു മുന്നേ വിഷ്ണു ഭഗവാന്‍ വിശ്വരൂപം പൂണ്ട് ബലി ചക്രവര്‍ത്തിക്ക് വരം കൊടുക്കുന്നു. 

മറ്റൊന്നുമല്ല.

എല്ലാ കൊല്ലവും ചിങ്ങമാസം വന്നു ചേര്‍ന്നാല്‍…

സോറി, ചിങ്ങമാസം തിരുവോണം നാള്‍ പ്രജകളെ കാണാന്‍ ഇങ്ങു പോന്നോളീന്ന് ഒരു കിണ്ണന്‍ കാച്ചിയ വരം അണ്ണന് കൊടുത്തു. അതാണത്രേ മാളോരെ ഇമ്മടെ ഓണം എന്നു ഐതീഹ്യം പറയുന്നു. അന്ന് മുതല്‍ ഇന്ന് വരെ ഈ ലോകത്തിലെ മല്ലൂസ് മുഴുവനും. അത്തം മുതല്‍ പത്ത് ദിവസം വരെ പൂക്കളം ഇട്ടു, സദ്യ ഒരുക്കി കാത്തിരിക്കും (ഓണം സ്‌പെഷ്യല്‍ ടിവി ടെലിഫിലിമിലെ ഓണം ഉണ്ണാന്‍ ഉണ്ണി വരുന്നത് കാത്തിരിക്കുന്ന മുത്തശ്ശിമാരെ പോലെ).

ബട്ട്, മാവേലി വരുന്നില്ല. വരം കിട്ടിയ ട്രിപ്പ് വിനിയോഗിക്കുന്നില്ല. ജനം മുഴുവന്‍ സദ്യ ഒരുക്കി കാത്തിരുന്നിട്ടും മാവേലി വരുന്നില്ല. പിന്നെയോ, ഷോപ്പിംഗ് മാളിന്റെ മുന്നിലും നാടൊട്ടുക്കും ഉള്ള ആഘോഷങ്ങള്‍ക്ക് നടുവിലും കുടവയറന്‍, കൊമ്പന്‍ മീശക്കാരന്‍ ആയി വിഡ്ഢി വേഷം കെട്ടി എഴുന്നെള്ളിക്കുന്നു. ഏതോ ഒരു മാവേലിയെ.

കഥയമമ കഥയമമ കഥകളധിസാഗരം

ഈ ഐതീഹ്യങ്ങള് എന്താല്ലേ.

മഹാവിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമന്‍ മഴുവെറിഞ്ഞു റീ ക്ലെയിം ചെയ്‌തെടുത്ത ലാന്‍ഡ് ആയ കേരളത്തില്‍ വിഷ്ണു ഭഗവാന്റെ തന്നെ അഞ്ചാം അവതാരമായ വാമനന്‍ ബലിയെ ചവിട്ടി താഴ്ത്താനുള്ള അവതാരം പൂണ്ട് വന്നതെങ്ങിനെ. ഹരിച്ചും ഗുണിച്ചും നോക്കീട്ടും ഉത്തരം ഒന്നാണെങ്കിലും ഒന്നും കൂടി ഹരിച്ചും ഗുണിച്ചും നോക്കാല്ലോ. അതായത് രമണാ.

വാമനന്‍ അഞ്ചാം അവതാരം. പരശുരാമന്‍ വിത്ത് മഴുവെറിയല്‍ ആറാം അവതാരം. അങ്ങോട്ട് ടാലി ആവുന്നില്ലല്ലോ നെട്ടൂരാനെ.

അതെന്തും ആവട്ടെ. ചിലപ്പോ, മഹാബലി ഇവിടെ ഈ പറയുന്ന കേരളാവില്‍ ആവില്ല ജീവിച്ചിരുന്നത്. ഒരു പക്ഷെ മറ്റേതെങ്കിലും ദേശത്ത്, പ്രചരിച്ചിരുന്ന കഥകള്‍, മിത്തുകള്‍, സംസ്‌കാരങ്ങള്‍ തമ്മിലുള്ള താലം കൈമാറല്‍ പ്രക്രിയയിലൂടെ നമ്മുടേ ഐതീഹ്യങ്ങള്‍ ആയി മാറിയതാവാം.

സോ, യുക്തിക്കും അപ്പുറം ഭാവനകള്‍ക്ക് പ്രാധാന്യം ഉള്ളത് കൊണ്ടാവും ഐതിഹ്യങ്ങള്‍ ഐതിഹ്യങ്ങള്‍ ആയി തന്നെ പരിഗണിക്കപ്പെടുന്നത്.

അപ്പൊ പറഞ്ഞു വരുന്നത്, ആന്ധ്രയില്‍ നിന്നുള്ള അരി, തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറി നമ്മടെ ഓണം തുടങ്ങിയ ക്ലീഷേ ഡയലോഗ്‌സ് അടിച്ച് സമയം കൊല്ലാതെ (പുതിയ കാലത്തെ) ഓണം മുന്നോട്ട് വെക്കുന്ന സമത്വം, സാഹോദര്യം, ‘നന്മ നിറഞ്ഞ കിനാശ്ശേരി സങ്കല്പം’ എല്ലാം ഒരു നൊസ്റ്റാള്‍ജിയ ആയി കണ്ട്. എല്ലാരും പോയി ആഘോഷിക്കു. ഹാപ്പി ഓണംസ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍