UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞാന്‍ കാത്തിരിക്കുന്നത് അസുര രാജാവായ മാവേലിയെ തന്നെ

Avatar

സഫിയ ഒ സി 

എന്റെ ഓര്‍മ്മയില്‍ വീട്ടില്‍ ഒരിക്കലും ഓണം ആഘോഷിച്ചിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് ഓണവും ഓണാവധിയും ഏറെ പ്രിയപ്പെട്ടതായിരുന്നു. സത്യം പറഞ്ഞാല്‍ നാലാം ക്ലാസ്സ് വരെയൊക്കെ ഓണം ഹിന്ദുക്കളുടെ മാത്രം ആഘോഷമാണെന്ന ധാരണയായിരുന്നു എനിക്കുണ്ടായിരുന്നത്. നാലാം ക്ളാസ്സില്‍ വെച്ചു മാരാര്‍ മാഷാണ് ഓണം കേരളീയരുടെ പ്രധാന ആഘോഷമാണെന്ന് പഠിപ്പിച്ചത്. മഹാബലി എന്ന നല്ലവനായ അസുര രാജാവിനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയെന്നും വര്‍ഷത്തിലൊരിക്കല്‍ മഹാബലി പ്രജകളെ കാണാന്‍ വരുന്ന ദിവസമാണ് ഓണമായി ആഘോഷിക്കുന്നതെന്നും മാഷ് പറഞ്ഞു തന്നു. അന്നുമുതല്‍ ഞാന്‍ മഹാബലി എന്ന രാജാവിനെ ഇഷ്ടപ്പെട്ടു തുടങ്ങി.

ഓണം ഞങ്ങള്‍ കുട്ടികളുടെ ആഹ്ളാദത്തിമര്‍പ്പുകളുടെ കാലമായിരുന്നു. തുമ്പികളും പൂമ്പാറ്റകളും വിരുന്നുവരുന്ന, മുറ്റത്തെ ചെടികളെല്ലാം പൂക്കള്‍ ചൂടുന്ന കാലവും കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ഓണം എനിക്കു പൂക്കളുടെ ആഘോഷം കൂടിയായിരുന്നു. ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് ആദ്യം പൂക്കുന്നത് പെഗോഡയാണ്. വീട്ടു വളപ്പിലും തിണ്ടിന്‍മേലുമൊക്കെ മഴക്കാലം കൊണ്ടുവരുന്ന പച്ചപ്പാണ് പെഗോഡ. (കൃഷണകീരീടം എന്നും ഇതിന് പേരുണ്ട്). പെട്ടെന്നൊരു ദിവസം കടും പച്ച ഇലകള്‍ക്കിടയില്‍ നെറുകയില്‍ ചാമരം ചൂടിയതുപോലെ ചുവന്ന പൂക്കള്‍ ചൂടുമ്പോഴാണ് ആ ചെടിയെ എല്ലാരും ശ്രദ്ധിച്ച് തുടങ്ങുക. എവിടെ നിന്നാണെന്നറിയാതെ വലിയ ചിറകുള്ള സുന്ദരി പൂമ്പാറ്റകളും തുമ്പികളും ചെറുപ്രാണികളുമൊക്കെ അന്നേരം ആ പൂവ് തേടിയെത്തും. മീത്തലെ പറമ്പ് മുഴുവന്‍ തുമ്പപ്പൂക്കള്‍ ചിരിച്ചു നില്ക്കും. സുശീലേച്ചിയുടെ വീടിന് മുന്നിലെ അശോകച്ചെക്കിയില്‍ നിറയെ ചുവപ്പ് വിരിയും. രോണിയേച്ചിയുടെ വീട്ടുമുറ്റത്തെ തോട്ടത്തില്‍ നന്ത്യാര്‍ വട്ടവും ചെയ്ജിംഗ്റോസും സീനിയും കൊസ്മസും പത്തുമണിപ്പൂക്കളും വിരിയും. ഓണക്കാലത്തെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് രോണിയേച്ചിയുടെ മക്കളോടൊപ്പം പൂ പറിക്കാന്‍ പോകുന്നതാണ്. ഞാനും എട്ടനും അനിയത്തിയുമൊക്കെ അവരോടൊപ്പം പൂ പറിക്കാന്‍ പോകും. കോളാമ്പി പൂക്കളും തുമ്പയും അരിപ്പൂവുമൊക്കെ ഇടവഴികളിലും ആളില്ലാ പറമ്പൂകളിലും ഒക്കെ തെണ്ടി നടന്നു ഞങ്ങള്‍ പൂക്കള്‍ പറിക്കും. ഉപ്പിലച്ചപ്പിലോ ചേമ്പിലയിലോ ഒക്കെയാണ് ഞങ്ങള്‍ പൂക്കള്‍ ശേഖരിക്കുക. പൂക്കളത്തില്‍ പച്ചക്കളറിന് വേണ്ടി ഉപയോഗിക്കുന്ന വരി എന്നു പറയുന്ന ചെടിയുണ്ട്. ഒരു തണ്ടില്‍  അരിമണിപ്പോലെ കായകള്‍ ഉണ്ടാകും. വയലില്‍ നെല്‍ച്ചെടികളോടൊപ്പമാണ് ആ ചെടി ഉണ്ടാവുക. വയലില്‍ ഇറങ്ങി അത് പറിക്കുമ്പോള്‍ കാലിലൊക്കെ ചളിയാകും. ചിലപ്പോ പച്ചത്തവളകളോ അവയെ അകത്താക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന നീര്‍ക്കോലികളോ ഞങ്ങളുടെ ബഹളത്തിനിടയില്‍ ഓടിപ്പോകും. പെട്ടെന്നു ഞങ്ങളൊന്നു പേടിക്കും. 

വൈകുന്നേരം രോണിയെച്ചിയുടെ വരാന്തയിലിരുന്നു പൂക്കള്‍ തരംതിരിക്കാന്‍ ഞങ്ങളും കൂടും. രാത്രി കിടന്നാല്‍ ഉറക്കം വരില്ല. രാവിലത്തെ പൂക്കളം എങ്ങനെ ഉണ്ടാകും എന്നുമാത്രമാവും ചിന്ത. രാവിലെ നേരത്തെ എഴുന്നേറ്റ് പൂക്കളം കാണാന്‍ പോകും. അന്നേരമൊക്കെ അത്തരമൊരു പൂക്കളം ഞങ്ങളുടെ വീട്ടുമുറ്റത്തും ഒരുക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. ഒന്നുരണ്ട് തവണ അതിനുള്ള ശ്രമങ്ങളൊക്കെ നടത്തിയിരുന്നു ഞാനും എട്ടനും. പക്ഷേ മൂത്തമ്മയൊക്കെ വഴക്കു പറഞ്ഞതുകൊണ്ട് ഞങ്ങള്‍ ആ ശ്രമം വിഷമത്തോടെ ഉപേക്ഷിച്ചു.

തിരുവോണത്തിന് ഞങ്ങള്‍ കുട്ടികളെ രോണിയേച്ചി ഉണ്ണാന്‍ വിളിക്കും. ചിലപ്പോ ഞങ്ങള്‍ അവിടെ പോയി കഴിക്കും. അല്ലെങ്കില്‍ സാമ്പാറും അവിയലും പ്രഥമനും ഒക്കെ രോണിയെച്ചി വീട്ടിലെത്തിക്കും. അന്നൊക്കെ അന്യ വീടുകളിലെ ഭക്ഷണം വീട്ടിലെ മുതിര്‍ന്നവര്‍ കഴിക്കാറില്ലായിരുന്നു. കുട്ടികള്‍ കഴിക്കുന്നതിന് തടസ്സമൊന്നും ഇല്ലായിരുന്നു. വീട്ടില്‍ സാമ്പാറൊന്നും ഉണ്ടാക്കാറെ ഇല്ലായിരുന്നു. അതൊക്കെ ഹിന്ദുക്കളുടെ മാത്രം കുത്തകയായിരുന്നു. സാമ്പാറും അവിയലുമൊക്കെ അന്ന് ഹിന്ദു വീടുകളിലെ കല്യാണത്തിനും പിന്നെ ഓണക്കാലത്തുമാണ് ഞാന്‍ ആദ്യമായി കഴിക്കുന്നത്. വീട്ടില്‍ സാമ്പാറൊക്കെ ഉണ്ടാക്കാന്‍ തുടങ്ങിയത് 90 കള്‍ക്ക് ശേഷമാണെന്ന് കൃത്യമായി പറയാന്‍ കഴിയും. മതപരമായ ചിട്ടകളും വിശ്വാസങ്ങളും അങ്ങേയറ്റം നിഷ്ക്കര്‍ഷ പുലര്‍ത്തുമ്പോഴും എന്റെ വീട്ടുകാര്‍ അന്യ മതസ്ഥരോട് വളരെ സ്നേഹത്തോടെ തന്നെയാണ് കഴിഞ്ഞിരുന്നത്. രോണിയേച്ചിയുടെ മക്കള്‍ വളര്‍ന്നത് ഞങ്ങളോടൊപ്പം തന്നെയായിരുന്നു. ഞാനൊരിക്കലും അവിടെയൊന്നും അതിഥി ആയിരുന്നില്ല. വീട്ടുകാരോടൊപ്പം ഒരാളായി ഞാനവരുടെ ആഘോഷങ്ങളുടെ ഭാഗമാവുകയായിരുന്നു. ഹൈസ്കൂള്‍ പ്ലസ്ടു ക്ലാസ്സിലൊക്കെ എന്റെ ഓണം ചിലപ്പോ പ്രിയപ്പെട്ട മാലതി ടീച്ചറോടൊപ്പമോ കൂട്ടുകാരി രജിനയുടെ ഒപ്പമോ ആയിരുന്നു.

കോളേജിലോക്കെ എത്തുമ്പോഴേക്കും ആഘോഷങ്ങളൊന്നും സ്പര്‍ശിക്കാത്ത വിധത്തില്‍ എന്റെ ചിന്തകളും വിശ്വാസങ്ങളും മാറിപ്പോയിരുന്നു. എങ്കിലും 1998 ല്‍ കൂട്ടുകാരി ഷൈജയുടെ വീട്ടില്‍ വെച്ചു ആഘോഷിച്ച ഓണം മറക്കാനാവില്ല. തിരുവോണത്തിന്റെ തലേ ദിവസം ഞാന്‍ അവിടെയായിരുന്നു. രാവിലെ പൂക്കളമിട്ട് സദ്യയൊക്കെ കഴിഞ്ഞു ഉച്ചയ്ക്ക് ശേഷം ഷൈജയുടെ ചേട്ടനോടൊത്ത് ഞങ്ങള്‍ തലശ്ശേരി ടൌണില്‍ പോയി. കുറച്ചു കഴിഞ്ഞപ്പോഴാണ് കതിരൂരില്‍ എന്തൊക്കെയോ പ്രശ്നങ്ങളുണ്ടെന്നും ജയരാജേട്ടനെ (പി ജയരാജന്‍) ബി ജെ പി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി വെട്ടി എന്നുമൊക്കെ അറിഞ്ഞത്. ഞങ്ങള്‍ ഉടനെ തിരിച്ചു പോന്നു. പിന്നീട് കതിരൂരില്‍ പല ആക്രമണങ്ങളും അരങ്ങേറി. സംഘര്‍ഷാവസ്ഥയായി. രണ്ടു മൂന്നു ദിവസം വീട്ടില്‍ പോകാന്‍ കഴിയാതെ ഷൈജയുടെ വീട്ടില്‍ പെട്ടുപോയി. മൂന്നാം ദിവസം ഞാന്‍ കതിരൂര് ബസ്റ്റോപ്പില്‍ ഇറങ്ങുമ്പോള്‍ കുറെ പോലീസുകാരും പോലീസ് വാഹനങ്ങളും ഒഴികെ മറ്റൊരു മനുഷ്യരെയും അവിടെ കണ്ടില്ല. ഒറ്റയ്ക്ക് വിജനമായ വയലിലൂടെ  വല്ലാത്തൊരു ഉള്‍ഭയത്തോടെയാണ് ഞാന്‍ വീട്ടിലേക്ക് നടന്നത്. വീട്ടിലെത്തിയപ്പോള്‍ വീട്ടുകാര്‍ ഇന്ന് വരേണ്ടിയിരുന്നില്ലെന്ന് എന്നെ വഴക്കുപറഞ്ഞു. കാരണം അന്ന് ഒരു ബി ജെ പി പ്രവര്‍ത്തകന്‍ വീടിനടുത്ത് ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു. വീട് മുഴുവന്‍ വല്ലാത്ത ഭയത്തിന്റെ നിഴലിലായിരുന്നു.

ഓണം ഞങ്ങളുടെ നാട്ടിലെ ഒരു സാംസ്കാരിക ഉത്സവം കൂടിയായിരുന്നു. ക്ലബുകളുടെയും വായനശാലകളുടെയും നേതൃത്വത്തില്‍ ഓണാഘോഷങ്ങളും കലാപരിപാടികളും ഒക്കെ നടക്കാറുണ്ടായിരുന്നു. മിക്ക വീടുകളിലും മുറ്റത്ത് (മുസ്ലിം വീടുകള്‍ ഒഴികെ ) പൂക്കളങ്ങള്‍ ഉണ്ടാവും. വീട്ടകങ്ങളില്‍ സദ്യവട്ടങ്ങള്‍ ഒരുങ്ങും. പായസവും കറികളുമൊക്കെ അയല്‍പക്കങ്ങളിലേക്കും പടികടന്നെത്തിയിരുന്നു. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതങ്ങളും ചിലപ്പോഴൊക്കെ ഭീതിയുടെ കരിനിഴല്‍ വീഴ്ത്താറുണ്ടെങ്കിലും സ്നേഹത്തിന്റെയും കൊടുക്കല്‍ വാങ്ങലുകളുടെയും ഉത്സവം തന്നെയാണ് കണ്ണൂരില്‍ ഓണം.

നാട് വിട്ടിട്ടിപ്പോള്‍ പതിമൂന്ന് കൊല്ലമായി. കഴിഞ്ഞ വര്‍ഷം ഒഴികെ വയനാട്ടിലോ തിരുവനന്തപുരത്തോ ഒക്കെയായി ഞങ്ങള്‍ ഓണം ആഘോഷിച്ചു. ചെറുപ്പത്തില്‍ വീട്ടുമുറ്റത്ത് ഇടാന്‍ കഴിയാതെ പോയ പൂക്കളങ്ങള്‍ ഞാന്‍ ഇട്ടുതീര്‍ത്തു. അമ്മുവിനും ഓണം ഇഷ്ടപ്പെട്ട ആഘോഷമാണ്. കാരണം മഹാബലി എന്ന നല്ലവനായ രാജാവിനെ അവള്‍ക്ക് ഒരുപാട് ഇഷ്ടമാണ്. മിത്തുകള്‍ പുരാഖ്യാനം ചെയ്യപ്പെടുന്ന, പുതിയ പാഠഭേദങ്ങളുണ്ടാകുന്ന ഇക്കാലത്തും ഞങ്ങള്‍ കാത്തിരിക്കുന്നത് എല്ലാ പ്രജകളെയും ഒന്നായ്ക്കണ്ട നല്ലവനായ മഹാബലി എന്ന അസുര രാജാവിനെ തന്നെയാണ്.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍