UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണാഘോഷത്തിൽ കാവി പടരുമ്പോൾ ദളിതനും നസ്രാണിയും മാപ്പിളയും ഇനി എന്ത് ചെയ്യും?

Avatar

കെ എ ആന്‍റണി

ഒന്നാലോചിച്ചു നോക്കിയാൽ നമ്മൾ എത്ര മണ്ടന്‍മാരാണ്. പണ്ടെന്നോ കേരളം ഭരിച്ചിരുന്നുവെന്നു പറയപ്പെടുന്ന മാവേലി മന്നവനെ വരവേൽക്കാൻ എന്തൊക്കെ കോപ്രായങ്ങളാണ് കാട്ടിക്കൂട്ടുന്നത്. ഇല്ലാത്ത പണം കണ്ടെത്തി സദ്യവട്ടങ്ങൾ  ഒരുക്കുന്നു. അത്തം മുതൽ പത്തുനാൾ പൂക്കളം ഒരുക്കുന്നു. സദ്യക്ക് ഓലൻ മുതൽ എത്ര വിഭവങ്ങൾ ഒരുക്കണം. അടപ്രഥമനോ മറ്റു ഏതെങ്കിലും പായസമോ വേണം. തീർന്നില്ല. തൂശനില തപ്പിനടക്കണം. തുമ്പപ്പൂ അരി സംഘടിപ്പിക്കണം. അടുത്തകാലത്തായി ചിലർക്കൊക്കെ ചിക്കനോ മറ്റെന്തെങ്കിലും ഇറച്ചിയോ നിർബന്ധം. മീനും കൂടിയാൽ സദ്യ കെങ്കേമം. സ്ഥിരം മദ്യപിക്കാത്ത ചിലർക്കും തിരുവോണ ദിവസം രണ്ടു പെഗ്ഗ് നിർബന്ധം.

ഇതൊക്കെ മാത്രം മതിയോ? ഓണക്കോടി വേണം. ഒടുവിൽ സദ്യയും മദ്യപാനവും സിനിമ കാണലും എല്ലാം കഴിഞ്ഞു ഉറങ്ങി എണീക്കുമ്പോൾ കീശ കാലിയായിട്ടുണ്ടാകും. 

പണം വരും പോകും. എന്നുകരുതി ഓണം വേണ്ടെന്നു വെക്കാൻ പറ്റില്ലാലോ. കാണം വിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പ്രമാണം . അങ്ങനെ ചെയ്തില്ലെങ്കിൽ വർഷത്തിലൊരിക്കൽ തന്റെ നാടും പ്രജകളെയും സന്ദർശിക്കാൻ എത്തുന്ന മാവേലിത്തമ്പുരാന് എന്തുതോന്നും?

ഇത്രയൊക്കെ കഷ്ടപ്പെട്ടു നമ്മൾ ഓണം ആഘോഷിക്കാൻ തത്രപ്പെടുന്നതിനിടയിലാണ് സംഘികൾക്ക് ഒരു പുതിയ വെളിപാട് ഉണ്ടായിരിക്കുന്നത്. ഓണം മാവേലിയെ എതിരേൽക്കാൻ വേണ്ടിയുള്ള ഉത്സവം അല്ലെന്നും അത് വാമന ജയന്തിയാണെന്നും ആണ് അവരുടെ കണ്ടുപിടുത്തം. ഈ സംഘികൾക്ക് ഇതെന്നതിന്റെ അസുഖമാണാവോ?

കലികാലം അല്ലെന്നു എന്തുപറയാൻ. ആർ എസ് എസ്സിന്റെ മുഖ വാരികയായ കേസരിയിലാണ്  ഈ പുതിയ കണ്ടുപിടുത്തം ആദ്യം പ്രത്യക്ഷപ്പെട്ടത്. സംഘികളായ സംഘികളൊക്കെ അതേറ്റുപിടിച്ചു . ശശികല ടീച്ചർ മുതൽ അമിത്ഷാ വരെ അതുതന്നെ പാടി നടക്കുന്നു.

മാവേലി ഒരു ബൂർഷ്വാ ഭരണാധികാരിയായിരുന്നുവെന്നും അയാളോട് പടപൊരുതി വിജയിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു വാമനൻ എന്നുമാണ് ശശികല ടീച്ചറുടെ കണ്ടുപിടുത്തം. അങ്ങനെ വരുമ്പോൾ ഇനി മുതൽ നമ്മുടെ നാട്ടിൽ ഓണം രണ്ടു തരത്തിലാകും. ഒന്ന് മാവേലിത്തമ്പുരാനെ വരവേൽക്കുന്ന നമ്മുടെ പഴയ ഓണാഘോഷം. രണ്ടാമത്തേത് സംഘികൾ വക വാമന ജയന്തി. ഇതിൽ ഏതു വേണമെന്നു ഓരോരുത്തർക്കും തീരുമാനിക്കാം. സംഘികളുടെ മനസ്സിലിരിപ്പ് വ്യക്തമാണ്. ഇനി മുതൽ നസ്രാണിയും മാപ്പിളയും ഓണം ആഘോഷിക്കേണ്ടതില്ല. അത് ഹിന്ദുക്കൾക്ക് മാത്രം പറഞ്ഞിട്ടുള്ള ആഘോഷമാണ്. ഇത് ആദ്യമായല്ല സംഘികൾ ചരിത്രവും പുരാണവും മിത്തുമൊക്കെ വളച്ചൊടിക്കുന്നത്. ഗാന്ധിജിയെക്കാൾ മറ്റുചിലരെയൊക്കെയാണ് അവർക്കു പഥ്യം. ഗാന്ധിജിയെ വധിച്ച ഗോഡ്സെയും ഇക്കൂട്ടത്തിൽ പെടും.

ഓണം കേരളീയരുടെ ദേശീയ ഉത്സാവമായി കരുതി ആഘോഷിച്ചു വന്ന മാപ്പിളയും നസ്രാണിയും മാത്രമല്ല മാവേലിയെ നാളിതുവരെ പ്രകീർത്തിച്ചു പോന്ന ഹിന്ദുക്കളും ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ദളിതന്റെ കാര്യമാണ് അതിലേറെ കഷ്ടം. അസുര ചക്രവർത്തിയായിരുന്ന മാവേലിയെ ഉപേക്ഷിച്ചു അവരും സവർണ ഫാസിസത്തിന്റെ പ്രതീകമായ വാമനനെ തൊഴണം. കാര്യങ്ങളുടെ ഒരു പോക്കേ…!

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍