UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഓണത്തെ പങ്കിട്ടെടുക്കുന്നവരോട്

Avatar

ദീപ പ്രവീണ്‍

എന്റെ സാറാക്കുട്ടീ…

നാം നടന്നുപോയ വഴികള്‍ എന്റേതും നിന്റേതുമായി വേലികെട്ടി തിരിച്ചിരിക്കുന്നു,

പാണനും പുള്ളോനും പാടിപോയ വഴികള്‍, അതു നമ്മുടേതായിരുന്നില്ലേ പെണ്ണേ?

തുമ്പയും കാശിയും മുക്കുറ്റിയും ചെമ്പരത്തിയും പറിച്ചു നമ്മളിട്ട പൂക്കളങ്ങള്‍…

നസ്സീമ…

എന്നും നീയായിരുന്നല്ലോ കളം വരക്കാരി, നിലത്തു ചമ്രംപടഞ്ഞിരുന്നു ചാണകം മെഴുകിയതറയില്‍ ഈര്‍ക്കില്‍ കൊണ്ട് നീ വരച്ച കളങ്ങള്‍, അതില്‍ നാമൊന്നിച്ചു പതിച്ചു വെച്ച വെള്ളയും ചുവപ്പും പൂക്കള്‍, പഞ്ചായത്ത് ഓണാഘോഷ പരിപാടികള്‍ക്ക് നമ്മള്‍ ഇട്ട പൂക്കളങ്ങള്‍, കൊട്ടിപാടി ആടിയ നമ്മുടെ ചുവടുമുഴുവന്‍ തെറ്റുന്ന തിരുവാതിരകള്‍…

എവിടെയാണ് നീ വര മറന്നത്? വരി മറന്നത്? ചുവടു മറന്നത് ? നീ ഓര്‍ക്കുന്നില്ലേ ദാ ഇതൊന്നും?

പോയ കാലത്തിനൊപ്പം മാഞ്ഞു പോയോ നമ്മുടെ നാട്ടിന്‍പുറം. 

ആണ്ടു മുഴുവനും പള്ളിക്കൂടം പിള്ളേരെ വേലിക്കപ്പുറം നിര്‍ത്തുന്ന മറിയാമ്മ ചേടത്തി, വടുകപുളിക്കു മുന്നിലെ വേലി പൊളിച്ചു അവരുടെ പൂന്തോട്ടത്തോട്ടിലേയ്ക്ക് നമുക്ക് സ്വാതന്ത്ര്യം തരുന്ന പൊന്നിന്‍ ചിങ്ങം.

ഇടയ്ക്കു തൊഴുത്തില്‍ നിന്ന് മുഴങ്ങുന്ന അശരീരി…

‘ആ ആലീസിനും ലീലാമ്മയ്ക്കും കൂടി ഇത്തിരി പൂമാറ്റി വെച്ചേക്കണം, പിന്നെ ആ ചെമ്പരത്തില്‍ തൊടരുത്, അത് അമ്പലത്തിലോട്ടുള്ളതാ, മാരാര് വന്നു പറിച്ചോളും’.

അക്കാലത്തു കാവിലെ ഭഗവതി സുരസുന്ദരിയാകുന്ന ചെമ്പരത്തിമാലകള്‍ മറിയാമ്മച്ചേടത്തിയും മസൂദണ്ണനും വേലിവളച്ചുകെട്ടി ദേവിക്കായി പ്രത്യേകം നട്ടു വളര്‍ത്തുന്നതായിരുന്നു. മോഡേണ്‍ ടെമ്പിള്‍ സെറ്റപ്പുകളും തീവ്രഭക്ത തിരക്കുകളും കൂമ്പാരം കൂടുന്ന നാണയ കിലുക്കങ്ങളും ഇല്ലാതിരുന്ന ആ കാലങ്ങളില്‍, അമ്പലപറമ്പിലെ ആല്‍ച്ചുവട്ടിലും കല്പടവുകളിലും ഇരുന്നു വേലുപ്പിള്ളചേട്ടനും, വെളിച്ചപ്പാടും, വെടിവട്ടം പറയുമ്പോള്‍, മറിയ ചേട്ടത്തിയും, കറിയാ ചേട്ടനും അമ്പല പറമ്പിലെ പുല്ലും പള്ളയും പശുവിനും ആടിനും വെട്ടി ആ ഉച്ച സദസുകളില്‍ സ്ഥിരം സാന്നിദ്ധ്യമായി.

വെഞ്ചരിപ്പിനോ, ഇട്ടിവൈദ്യന്റെ ആയുര്‍വേദശാലയിലെ കൊച്ചുവര്‍ത്താനത്തിനോ, അതല്ല ഞായറാഴ്ച കുര്‍ബാന മുടക്കം വരുത്തുന്ന തോന്ന്യാസികളേ കണ്ടുകെട്ടാനോ പോകുന്ന ‘വലിയച്ഛന്‍’ ളോഹയുടെ തുമ്പു മണ്ണുപറ്റാതെ ഒന്ന് കയറ്റി കുത്തി കാലന്‍കുടയുടെ വളയത്തില്‍ താളം പിടിച്ച് ഈ നാട്ടുവര്‍ത്തമാനത്തിന്റെ ഭാഗമായി.

ഓണചന്തക്ക് അത് വഴി പോകുന്നവരും, ചുമ്മാ തെക്കുവടക്കു നടക്കുന്നവരും തിരുമേനിയോട് ഒരു പുഷ്പാഞ്ജലിയും, ചെമ്പരത്തി മാലയും ഒകെ വിളിച്ചു പറഞ്ഞ് ഓര്‍ഡര്‍ ചെയ്തു ആ വഴിലൂടെ അങ്ങ് പോകും, (ആളെ കാണാതെ കേവലം ഒച്ചയിലൂടെ ആളെ ഗണിച്ചു, നാളും പേരുമൊക്കെ ഓള്‍റെഡി ഹൃദസ്ഥമായ ശാന്തിക്കാരന്‍ എല്ലാ ആത്മാര്‍ത്ഥയോടെയും അത് അത്താഴപ്പൂജക്കു മുന്‍പ് ചെയ്തു വെയ്ക്കുകയും ചെയ്യും, അന്ന് മനുഷ്യര്‍ രസീത് കുറ്റിയിലെ പേരുകള്‍ മാത്രമാവാത്ത അമ്പലനടകള്‍ ഉണ്ടായിരുന്നു). അതിനിടയില്‍ പള്ളിപടി കയറാത്ത ചില സത്യക്രിസ്ത്യാനികള്‍ ‘വല്യച്ചനെ’ ഒളിച്ചു കുനിഞ്ഞു നടന്നു പോകാന്‍ ശ്രമിക്കും, അച്ചന്‍ അവരെ ഒച്ചയെടുത്തു കൈ കൊട്ടി വിളിക്കും, പിന്നെ ആ അവരെ വിളിച്ചു അടുത്തു നിറുത്തി ഒരു ഞായറാഴ്ച പ്രസംഗം തന്നെ കാച്ചി കളയും. അച്ചന് പൂര്‍ണ്ണ പിന്തുണയുമായി ശാന്തിക്കാരനും, കറിയാച്ചേട്ടനും, പിന്നെ വഴിപോക്കരില്‍ ചിലരും ആ അമ്പലപറമ്പുചുറ്റി നില്‍ക്കും.

ഇതിനിടയില്‍ കര്‍ക്കടക മഴയില്‍ നിറഞ്ഞു കവിയുന്ന അമ്പലകുളത്തിലെ ഉച്ചചൂടുള്ള വെള്ളത്തിലേക്കു ജാതിയും മതവും നിറവുമൊക്കെ വേറെ ആയ കുട്ടികള്‍ മുങ്ങാന്‍ കുഴിയിടും, ഓണാവധി ആഘോഷിക്കുന്നവര്‍, കുളത്തിന്റെ നിലയില്ലാ ആഴങ്ങള്‍ക്ക് മുകളിലായി പടര്‍ന്നു കിടക്കുന്ന ആമ്പല്‍വള്ളിയിലെ മൊട്ടുപൊട്ടിച്ചു പിറ്റേന്നത്തെ പൂക്കളത്തിനു നടുവില്‍ വെയ്ക്കാന്‍ വാശിയോടെ നീന്തുന്നവര്‍. ഇതെല്ലാം കണ്ടു, ആളൊഴിഞ്ഞ അമ്പല മുറ്റത്ത് കൊത്തന്‍ കല്ല് കളിയ്ക്കുന്ന ചുവന്ന പട്ടില്‍ സുന്ദരിയായ ബാലഭഗവതിയെന്ന കുട്ടികളെ പേടിപ്പിക്കാത്ത ദൈവ സങ്കല്‍പ്പവും. മറന്നോ നീ ?

നമ്മള്‍ ജീവിച്ചിരുന്ന നാടാണതു, നമ്മുടെ ചെമ്മണ്‍പാതകളാണത്, ചേമ്പില താളില്‍ നമ്മള്‍ കൈ ഏന്തിയ ഓണപ്പൂക്കള്‍ ഉണ്ടവിടെ.

മതസൗഹാര്‍ദ്ദവും’ ‘സമത്വവും ‘ ആശയങ്ങളായി കവല പ്രസംഗങ്ങളില്‍ കയറി കൂടി, പിന്നെ ആരൊക്കയോ മനുഷ്യന്റ മനസ്സില്‍ ഞാനും നീയും വേറെയാണെന്നു, എന്റെ ആഘോഷങ്ങളും നിന്റേതും വ്യത്യസ്തമാണെന്ന് പറയുമ്പോള്‍, നമ്മള്‍ തിരിഞ്ഞു നോക്കേണ്ടത് നമ്മുടേതായിരുന്ന ബാല്യത്തിലേയ്ക്കല്ലേ?

അവിടെ അവരുണ്ടാകും ഓര്‍മ്മയുടെ വേലി പടര്‍പ്പുകളില്‍ പടര്‍ന്നു കിടക്കുന്ന കാക്കപ്പൂവും, മുക്കുറ്റിയും, തിരുതാളിയും തോവാള കടന്നു എത്തുന്ന ചെത്തിയും ജമന്തിയും ഒക്കെപ്പോലെ നമ്മള്‍ നമ്മുടെ ജീവിതത്തിലും ചിന്തയിലും എല്ലാം നമ്മുടെതല്ലാത്തതെന്തക്കയോ വരച്ചിടുകയാണോ.

നമുക്ക് തിരികെ പോകാന്‍ കഴിയാത്ത വണ്ണം നമ്മുടെ നാട്ടു വഴികള്‍ മാറിയിട്ടുണ്ടാവാം, എന്നാല്‍ പരസ്പരം കൈ കോര്‍ത്തു പിടിച്ചു നമ്മള്‍ ഒരുമിച്ചു നടന്നാല്‍ വീണ്ടും ആ വഴികള്‍ നമ്മുടേതാവും.

നമുക്കായാവാം പണ്ട് ബാലാമണിയമ്മയിങ്ങനെ കുറിച്ചത് :

പാടത്തും തോപ്പിലും പൂ തേടും മക്കളേ
പാടിക്കൊണ്ടങ്ങിങ്ങലയുവോരേ
മായാതെ നില്‍ക്കാവൂ, നിങ്ങളിലെന്നെന്നു
മീയോണനാളുകള്‍ തന്‍ വെളിച്ചം
ഭാവി തന്‍ മുള്‍ച്ചെടിപ്പൂക്കളാക്കൈകള്‍ക്കു
നോവാതെ നുള്ളുവാനൊക്കും വണ്ണം…’
അതുകൊണ്ടു എന്റെ സ്‌നേഹങ്ങളെ…

നമ്മുക്ക് മനസുകൊണ്ട് തിരികെപോകാം വേലികെട്ടുകളിലാത്ത എല്ലാവരുടേതുമായിരുന്ന ഓണകാലങ്ങളിലേയ്ക്ക്.

(നിയമത്തിലും (എം ജി യൂണിവേഴ്സിറ്റി) ക്രിമിനോളജിയിലും (സ്വാൻസി യൂണിവേഴ്സിറ്റി,യു കെ) ബിരുദാനന്തര ബിരുദം. ഇപ്പോൾ വെയില്‍സില്‍ താമസിക്കുന്നു. സ്വാൻസി യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് അസോസിയേറ്റായും,  ഗാര്‍ഹിക പീഡന ഇരകള്‍ക്ക് വേണ്ടിയും സ്ത്രീകള്‍ക്കുമായി പ്രവർത്തിക്കുന്ന Llanelli  Womens  Aid- ട്രസ്റ്റീ ആയും ഡയറക്ടർ ബോർഡ് മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്.)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍