UPDATES

വിദേശം

ഒറ്റക്കുട്ടിനയത്തില്‍ വെട്ടിലായ ചൈന

Avatar

ആദം മിന്റര്‍
(ബ്ലൂംബര്‍ഗ് ന്യൂസ്)

ചൈനയില്‍ ആണ്‍കുഞ്ഞുങ്ങളോട് പ്രതിപത്തി വര്‍ദ്ധിക്കുന്നതായി കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2014ല്‍ 100 പെണ്‍കുട്ടികള്‍ക്ക് 115.9 ആണ്‍കുട്ടികളാണ് ചൈനയില്‍ പിറവിയെടുത്തത്. സാധാരണ കണക്കനുസരിച്ച് ഇത് 100 പെണ്‍കുട്ടികള്‍ക്ക് 105 ആണ്‍കുട്ടികള്‍ എന്നാണ് വേണ്ടത്. 1980 മുതല്‍ക്ക് പുറത്തു വരുന്ന ഇത്തരം വിചിത്രമായ ലിംഗാനുപാത കണക്കുകള്‍ മറ്റൊരു വലിയ കണക്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ചൈനയില്‍ ഇന്ന് സ്ത്രീകളെക്കാള്‍ 33 മില്യണ്‍ പുരുഷന്മാര്‍ കൂടുതലാണ്. 10 മില്യണ്‍ ആളുകള്‍ക്കെങ്കിലും പങ്കാളിയെ ചൈനയില്‍ നിന്ന് കണ്ടെത്താന്‍ ആകില്ല. 

ഈ അവസ്ഥയെ മറികടക്കാന്‍ തങ്ങളുടെ കുടുംബാസൂത്രണ നിയമങ്ങളുടെ കാര്‍ക്കശ്യം കുറക്കാനുള്ള നടപടികളിലാണ് ചൈനീസ് സര്‍ക്കാര്‍. എന്നാല്‍ വളരെ ആസൂത്രിതമായി നടപ്പിലാക്കിയ കുടുംബാസൂത്രണ നിയമത്തെ ലഘൂകരിക്കുന്നത് മറ്റു പ്രത്യാഘാതങ്ങള്‍ക്ക് വഴിവച്ചേക്കാം എന്നാണ് പുതിയ പഠനങ്ങള്‍ കാണിക്കുന്നത്. 

ചൈനയിലെ ജനപെരുപ്പം തടയുക എന്ന ലക്ഷ്യത്തോടെ 1980 കളിലാണ് ഒറ്റക്കുട്ടിനയം ചൈന നടപ്പിലാക്കിയത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന കണക്കുകള്‍ അനുസരിച്ച് ഈ നയം ചൈനയിലെ ലിംഗാനുപാതത്തെ ദോഷകരമായി ബാധിച്ചിരിക്കുന്നു എന്നു കാണാം. ഈ നയം മതാപിതാക്കളെ സ്വാഭാവികമായും ആണ്‍കുട്ടികളോട് പ്രതിപത്തി ഉണ്ടാകുന്ന നാടന്‍ ചിന്താരീതി ഉള്‍കൊള്ളാന്‍ പ്രേരിതരാക്കുകയും, അതിനായി അള്‍ട്ര സൗണ്ട് സ്‌കാന്‍ മുതലായ രീതികളിലൂടെ ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണഹത്യക്ക് വഴിയൊരുക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ ലിംഗാനുപാതം മെച്ചപ്പെട്ടതാക്കാന്‍ 2013 നവംബറില്‍ ചൈനീസ് പ്രസിഡന്റ് സി ജിന്‍ പിംഗ് ഒറ്റക്കുട്ടിനയത്തില്‍ ഇളവുകള്‍ കൈകൊണ്ടു. എന്നാല്‍ ചൈന സ്വീകരിച്ച ഒറ്റക്കുട്ടിനയത്തിനു ഏറെ പ്രത്യേകതകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ അവര്‍ ജീവിക്കുന്ന സ്ഥലത്തിനനുസരിച്ചു ഈ നിയമത്തിലെ നിബന്ധനകള്‍ക്ക് വ്യത്യാസം ഉണ്ടായിരുന്നു. 

ഗ്രാമീണ മേഖലയില്‍ വസിച്ചിരുന്ന 65 ശതമാനം ദമ്പതിമാര്‍ക്ക് രണ്ടോ മൂന്നോ കുട്ടികള്‍ വരെ അനുവദനീയമായിരുന്നു എന്ന് 2010ലെ ഒരു പഠനം വെളിപ്പെടുത്തുന്നു. ചില ഭാഗങ്ങളില്‍ ആദ്യത്തെ കുഞ്ഞു പെണ്‍കുഞ്ഞാണെങ്കില്‍ രണ്ടാമത് ഒരു കുട്ടി കൂടി ആകാം എന്നായിരുന്നു നിയമം. ഇത് മൂലം ആദ്യത്തെ കുഞ്ഞിനെ ആണ്‍കുഞ്ഞിനു വേണ്ടി അലസിപ്പികുന്ന പ്രവണത ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സാധിച്ചിരുന്നു.

ഇത്തരത്തില്‍ ഒന്നിലധികം കുട്ടികള്‍ ഉള്ള കുടുംബങ്ങളാണ് രാജ്യത്തിന്റെ ക്രമം തെറ്റിയ ലിംഗാനുപതത്തിനു കാരണമാകുന്നതെന്നാണ് സെന്‍സസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2000ത്തിലെ സെന്‍സസ് പ്രകാരം മൂത്തകുട്ടി ആണ്‍കുട്ടി ആകുന്നത് ഏകദേശം 51.5 ശതമാനമാണ്. ഇത് ഒരു സാധാരണ ലിംഗാനുപാത തോത് തന്നെ ആണ്. എന്നാല്‍ ആദ്യകുഞ്ഞ് പെണ്‍കുഞ്ഞാണെങ്കില്‍ തുടര്‍ന്ന് വരുന്ന കുട്ടി 62 ശതമാനം ആളുകള്‍ക്കും ആണ്‍കുട്ടി ആണ്. ഇതൊരു അസാധാരണമായ ലിംഗാനുപാതത്തിലേക്ക് വഴിവയ്ക്കുന്നു. മൂത്ത രണ്ടു കുട്ടികളും പെണ്‍കുഞ്ഞാണെങ്കില്‍ 70 ശതമാനത്തിനും മൂന്നാമത്തെ കുഞ്ഞ് ആണ്‍കുഞ്ഞാണ്. 

ഈ പ്രവണത 2000 ത്തിലെ സെന്‍സസില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. 2005 ലെ സെന്‍സസ് കണക്കുകള്‍ വച്ച് 2009ല്‍ നടത്തിയ ഒരു പഠനത്തില്‍ സ്ഥിതി ഇപ്രകാരമാണ്. ആദ്യകുഞ്ഞ് പെണ്ണും രണ്ടാമത്തേത് ആണും ആകുന്ന ഘട്ടത്തില്‍ 100 പെണ്‍കുഞ്ഞുങ്ങള്‍ക്ക് 146 ആണ്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നു. ഏകദേശം 9 സ്ഥലങ്ങളില്‍ ഇത് ഏകദേശം 160/100 ആണ്. എന്നാല്‍ ആദ്യ കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സാധാരണ ലിംഗാനുപാതം നിലനില്‍ക്കുകയും ചെയ്യുന്നു. ഈയിടെ 2011ല്‍ ചൈനയിലെ ഹേലോങ്ങ് ജിയങ്ങില്‍ രണ്ടാമത്തെ കുഞ്ഞുങ്ങള്‍ക്കിടയിലെ ലിംഗാനുപാതം 113/100 ഉം മൂന്നാമത്തെ കുഞ്ഞുങ്ങള്‍ക്കിടയിലെ ലിംഗാനുപാതം 147/100 ഉം രേഖപ്പെടുത്തി. ഇതില്‍ നിന്നെല്ലാം ആദ്യം നാം കരുതിയ പോലെ ചൈനയിലെ ഒറ്റകുട്ടി നയം ആദ്യകുഞ്ഞിന്റെ കാര്യത്തിലല്ല മറിച്ച് രണ്ടാമത്തെയോ മൂന്നാമത്തെയോ കുഞ്ഞുങ്ങള്‍ക്കിടയ്ക്കാണ് ഇത്തരം ക്രമമല്ലാത്ത ലിംഗാനുപാത വ്യതിയാനം കാണപ്പെടുന്നത് എന്ന് കാണാം.

ഈ അവസ്ഥയെ നമുക്ക് എങ്ങിനെ വിശകലനം ചെയ്യാം? രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ അനുമതി ലഭിച്ച കുടുംബങ്ങള്‍ എല്ലാം ഒരു ആണ്‍കുഞ്ഞിനേയും ഒരു പെണ്‍കുഞ്ഞിനേയും ആണ് താല്‍പര്യപ്പെടുന്നത് എന്ന് രണ്ടു പഠനങ്ങള്‍ പറയുന്നു. ആരും രണ്ട് ആണ്‍ കുഞ്ഞുങ്ങളെ താല്‍പര്യപ്പെടുന്നില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇത്തരം ദമ്പതിമാര്‍ ആദ്യ കുഞ്ഞിനെ പ്രകൃതിക്ക് സ്വയം നിര്‍ണയിക്കാന്‍ അവസരം നല്‍കുന്നു എന്നാല്‍ രണ്ടാമത്തെ കുഞ്ഞിനെ തങ്ങളുടെ ആഗ്രഹപ്രകാരം ലിംഗനിര്‍ണയം നടത്തി തിരഞ്ഞെടുക്കുകയും ചെയ്യുന്നു.

ഈ ലിംഗാനുപാത അസമത്വത്തില്‍ ഒറ്റക്കുട്ടിനയം കുറ്റക്കാരല്ലെങ്കില്‍ പിന്നെ മറ്റെന്താണ് കാരണം? 1970 കളിലും 80 കളിലും (ഏകദേശം ഇതേ സമയത്ത് തന്നെ ആണ് ഒറ്റകുട്ടി നയവും നിലവില്‍ വരുന്നത്) ചൈനയില്‍ നിലനിന്ന ഉദാര സാമ്പത്തിക നയങ്ങള്‍ ചൈനയിലെ സ്ത്രീകള്‍ക്ക് നല്‍കിയ സാമ്പത്തിക സ്വാതന്ത്ര്യം അവര്‍ക്ക് രാജ്യത്തിന് പുറത്തുയാത്ര ചെയ്യാനും അള്‍ട്ര സൗണ്ട് സ്‌കാന്‍ നടത്താനും ലിംഗാധിഷ്ഠിത ഭ്രൂണഹത്യ നടത്താനും ഉള്ള അവസരങ്ങള്‍ ഒരുക്കി. ചൈനയിലെ സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ച, ജോലി ലഭിക്കാന്‍ സാധ്യത ഉള്ള അല്ലെങ്കില്‍ സമ്പാദന ശേഷി ഉള്ള സ്ത്രീകള്‍ക്കി ടയില്‍ രണ്ടാമത്തെ കുഞ്ഞ് ആണ്‍ കുഞ്ഞാകണം എന്ന് ആഗ്രഹിക്കുന്നവര്‍, ഇത്തരത്തില്‍ വിദ്യഭ്യാസം ലഭിക്കാത്ത സ്ത്രീകളേക്കാള്‍ 7.4 ശതമാനം കൂടുതലാണ് എന്ന് 2014 നടന്ന ഒരു പഠനത്തില്‍ കാണിക്കുന്നു. സാമ്പത്തികമായി കൂടുതല്‍ ഉത്പാദന ശക്തി ഉള്ള രാജ്യങ്ങളിലാണ് ഇത്തരത്തില്‍ അസ്വാഭാവികമായ ലിംഗാനുപാത നിരക്ക് നിലനല്‍ക്കുന്നത്. 

നമ്മുടെ സാമ്പത്തിക വളര്‍ച്ച ഇത്തരത്തില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന പ്രവണതകളെ ഏറ്റെടുക്കാന്‍ നമ്മെ പ്രേരിപ്പിക്കും എന്നാണ് ഇതിന്റെ മറ്റൊരു ഭാഷ്യം. ഇത് ചൈനയിലെ മാത്രം ഒരു അവസ്ഥ അല്ല. ദി ലാസെന്റ്‌റ് എന്ന മെഡിക്കല്‍ മാസികയില്‍ 2011ല്‍ വന്ന ഒരു പഠനം അനുസരിച്ച് ഇന്ത്യയില്‍ ( ഇവിടെയും ലിംഗാനുപാതം അത്ര അഭിലഷണീയമല്ല എന്ന് നമുക്കറിയാമല്ലോ) രണ്ടാമത്തെ കുഞ്ഞ് ആണ്‍ കുഞ്ഞാകണം എന്ന ആഗ്രഹത്തിനും കുടുംബത്തിലെ സാമ്പത്തിക ഭദ്രതക്കും അമ്മയുടെ വിദ്യാഭ്യാസത്തിനും ഏറെ ബന്ധം ഉണ്ട്. 

ഇന്ത്യയില്‍ ഇത്തരത്തില്‍ ഒറ്റക്കുട്ടിനയം ഒന്നും നടപ്പില്‍ ഇല്ല. എന്നാല്‍ ഈ രണ്ടു രാജ്യങ്ങളിലും നിലനില്‍ക്കുന്ന ഈ പ്രശ്‌നത്തിന് വളരെ ആഴത്തില്‍ വേരൂന്നിയ സാംസ്‌കാരിക അടിവേരുകള്‍ ഉണ്ട്. അതിനാല്‍ തന്നെ ഒറ്റക്കുട്ടി നയം ഉപേക്ഷിച്ചാല്‍ മാത്രം ഇപ്പോള്‍ നിലനില്‍ക്കുന്ന ഈ അസ്വാഭാവിക ലിംഗാനുപാതത്തെ ഇല്ലാതാക്കാന്‍ ചൈനക്ക് സാധിക്കില്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍