UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജലമൂറ്റുന്ന അക്ക്വേഷ്യ, യൂക്കാലിപ്റ്റസ് മരങ്ങള്‍ വെട്ടിമാറ്റും; കേരളത്തെ ഹരിതാഭമാക്കാന്‍ ഒരുകോടി വൃക്ഷത്തൈകള്‍

ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി ആചരിക്കാനാണ് പരിപാടി

ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നു. പരിസ്ഥിതി ദിനമായ ജൂണ്‍ 5-ന് സംസ്ഥാന വ്യാപകമായി പദ്ധതിക്ക് തുടക്കമാകും. വനം, കൃഷി വകുപ്പുകള്‍ ചേര്‍ന്നാണ് വൃക്ഷത്തൈകള്‍ ഒരുക്കുന്നത്. വിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങള്‍ വഴിയും പഞ്ചായത്ത്, കുടുംബശ്രീ, സന്നദ്ധസംഘടനകള്‍ വഴിയും വൃക്ഷത്തൈകള്‍ വിതരണം ചെയ്യും. പരിസ്ഥിതി വകുപ്പിന്റെ കൂടി പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന ഉന്നതതല യോഗം പദ്ധതി നടപ്പാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. യോഗത്തില്‍ വനം മന്ത്രി കെ രാജു, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്, ഹരിതകേരളം വൈസ് ചെയര്‍പെഴ്‌സണ്‍ ഡോ. ടി എന്‍ സീമ, വിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസ്, മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എം ശിവശങ്കരന്‍, കൃഷി വകുപ്പ് ഡയറക്ടര്‍ ബിജു പ്രഭാകര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി കെ പഥക് എന്നിവര്‍ പങ്കെടുത്തു.

പദ്ധതിക്ക് വേണ്ടി 72 ലക്ഷം വൃക്ഷത്തൈകള്‍ വനംവകുപ്പ് തയാറാക്കിക്കഴിഞ്ഞു. 5 ലക്ഷം തൈകള്‍ കൃഷി വകുപ്പും വളര്‍ത്തിയിട്ടുണ്ട്. ബാക്കി 23 ലക്ഷം തൈകള്‍ കുടുംബശ്രീ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ സഹകരണത്തോടെ ഉടനെ തയ്യാറാക്കും. തണല്‍ മരങ്ങള്‍, ഫലവൃക്ഷങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയാണ് നട്ടുപിടിപ്പിക്കുന്നത്. അതേസമയം ജലം ഊറ്റിയെടുക്കുന്ന അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാന്‍ഡിസ് മുതലായ മരങ്ങള്‍ പാടില്ലെന്നും തീരുമാനിച്ചു. സര്‍ക്കാര്‍ ഭൂമിയിലുള്ള ഇത്തരം മരങ്ങള്‍ വെട്ടിക്കളഞ്ഞ് പകരം നല്ല മരങ്ങള്‍ വെച്ചുപിടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദേശിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിമാറ്റുന്ന പരിപാടിക്കും ജൂണ്‍ 5ന് തുടക്കമാകും.

40 ലക്ഷം മരങ്ങള്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വഴിയാണ് വിതരണം ചെയ്യുന്നത്. ഓരോ വിദ്യാര്‍ഥിക്കും ഓരോ മരം. അവ കുട്ടികള്‍ വീട്ടുമുറ്റത്ത് വളര്‍ത്തി പരിപാലിക്കണമെന്നാണ് നിര്‍ദേശം. വീട്ടുമുറ്റത്ത് മരം വളര്‍ത്താന്‍ സാഹചര്യമില്ലാത്ത കുട്ടികള്‍ക്ക് സ്‌കൂള്‍ വളപ്പിലോ പൊതുസ്ഥലത്തോ മരം വളര്‍ത്താനുള്ള സൗകര്യം വിദ്യാഭ്യാസ വകുപ്പ് ചെയ്തുകൊടുക്കും. കുട്ടികള്‍ മരം നന്നായി പരിപാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തും. നന്നായി പരിപാലിക്കുന്നവര്‍ക്ക് പ്രോത്സാഹന സമ്മാനം നല്‍കാനും ഉദ്ദേശിക്കുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈ നല്‍കുന്ന പരിപാടി ‘മരക്കൊയ്ത്ത്’ എന്ന പേരിലാണ് നടപ്പാക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വൃക്ഷത്തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്.

പഞ്ചായത്തുകള്‍ വഴി 25 ലക്ഷം തൈകള്‍ വിതരണം ചെയ്യും. എല്ലാ ജില്ലകളിലും വനം വകുപ്പിന് നഴ്‌സറികളുണ്ട്. അവിടെ നിന്ന് തൈകള്‍ ജൂണ്‍ 5ന് മുമ്പ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് വിദ്യാലയങ്ങളിലും മറ്റു വിതരണ കേന്ദ്രങ്ങളിലും എത്തിക്കണം. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സഹകരണത്തോടെ കലാ-കായിക സംഘടനകളെയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും. ജൂണ്‍ മാസം കേരളത്തില്‍ വൃക്ഷത്തൈ നടല്‍ മാസമായി ആചരിക്കാനാണ് പരിപാടി. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥലത്ത് അതത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ മരം വെച്ചുപിടിപ്പിക്കാനും യോഗം തീരുമാനിച്ചു.

ഫലവൃക്ഷങ്ങള്‍, വിവിധോദ്ദേശ്യ മരങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവ വ്യാപകമായി വെച്ചുപിടിപ്പിക്കുക എന്നത് ഹരിതകേരളം മിഷന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കേരളത്തിന്റെ പരിസ്ഥിതി സംരക്ഷിക്കാനും ജലസമൃദ്ധി വീണ്ടെടുക്കാനും കേരളത്തെ ഹരിതാഭമാക്കാനും ജനകീയ പങ്കാളിത്തത്തോടെ വ്യാപകമായി മരം വളര്‍ത്തണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കുന്ന മരങ്ങള്‍ വെട്ടിക്കളയുന്ന പ്രവര്‍ത്തനം ഈ പരിപാടിയുടെ സവിശേഷതയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍