UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍; വിവാദത്തിന് പിന്നിലെ അണിയറക്കഥകള്‍

Avatar

വിഎസ് ശ്യാംലാല്‍

പ്രൊഫസറായി വിരമിച്ചാല്‍ കിട്ടുന്നതിലും കൂടുതല്‍ തുക പ്രിന്‍സിപ്പലായി പടിയിറങ്ങിയാല്‍ കിട്ടും. അതിനു വേണ്ടി സി.പി.എം. അനുകൂല ഉദ്യോഗസ്ഥ സംഘടനാ നേതാവിനെ തിരുവനന്തപുരം ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ വിരമിക്കുന്നതിനു മുമ്പുള്ള അവസാന മണിക്കൂറില്‍ പ്രിന്‍സിപ്പലാക്കി കുടിയിരുത്തി. പുതിയതായി അധികാരത്തിലേറിയ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണം. ചാനലുകളില്‍ ബ്രേക്കിങ് ന്യൂസ്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ഡിസ്‌പ്ലേ കാര്‍ഡുകള്‍ സഹിതം വലിയ തലക്കെട്ടുകള്‍. സമൂഹ മാധ്യമങ്ങളില്‍ സംഭവം ചൂടപ്പം പോലെ എല്ലാവരും രുചിക്കുന്നു. യു.ഡി.എഫിനെതിരെ എന്തെങ്കിലും മിണ്ടിപ്പോയാല്‍ അവിടെ കൊണ്ടുവന്നിടും ഈ വിഷയം. പോലീസിലെ മാറ്റങ്ങളെക്കുറിച്ച് ഞാനെഴുതിയ കുറിപ്പിന്റെ താഴെയും കണ്ടു ഇത്. ആകെ ചളകുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ.

വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിനു നേരെയാണ് വിമര്‍ശനങ്ങളുടെ കുന്തമുനകളെല്ലാം. പക്ഷേ, അദ്ദേഹത്തിന് നിസ്സംഗഭാവം. ഒരുതരം ‘പോടാ പുല്ലെ’ ഭാവം എന്നു പറയുന്നതാവും ശരി. വിവാദം ചൂടുപിടിക്കുമ്പോഴും ഇതു സംബന്ധിച്ച് പ്രതികരണമായി ഒരു വാക്ക് പോലും പറയാന്‍ അദ്ദേഹം തയ്യാറല്ല. അങ്ങനെ ഒളിച്ചോടുന്ന വ്യക്തിയല്ല രവി മാഷ്. 2006-ല്‍ തിരുവനന്തപുരത്തേക്കു മാറ്റം കിട്ടി വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തെ അറിയാം. ഒരിക്കല്‍ പോലും മാഷിനെ ക്ഷുഭിതനായി കണ്ടിട്ടില്ല, നിയമസഭയ്ക്കകത്തും പുറത്തും. ശബ്ദമൊന്നുയര്‍ന്നിട്ടു പോലുമില്ല. നിയമസഭാ ക്യാന്റീനില്‍ വെച്ചാണ് ഞാന്‍ പലപ്പോഴും അദ്ദേഹത്തോട് സംസാരിച്ചിട്ടുള്ളത്. സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ തേടുകയാവും ലക്ഷ്യം. ഏത് അറുബോറന്‍ വിഷയമായാലും ശാസ്ത്രീയമായ വസ്തുതകളുടെ അകമ്പടിയോടെ തന്റെ വാദം അദ്ദേഹം സമര്‍ത്ഥിക്കും. അദ്ദേഹം പറയുന്ന പല കാര്യങ്ങളും പിന്നീട് വികസിപ്പിച്ച് സ്വതന്ത്ര വാര്‍ത്തയായി ചെയ്യാനാവും. സംശയം ചോദിച്ചാല്‍ കൃത്യമായി വിശദീകരിച്ചു തരും. വിമര്‍ശനങ്ങളോട് അങ്ങേയറ്റം സഹിഷ്ണുത പുലര്‍ത്തുകയും പറയാനുള്ളത് വ്യക്തമായി പറയുകയും ചെയ്യുന്ന ഒരു മാന്യന്‍. പിന്നെന്തേ രവി മാഷ് ഇക്കുറി വിമര്‍ശനങ്ങളെ അവഗണിക്കുന്നു? മന്ത്രിയായതോടെ ആളുടെ സ്വഭാവം മാറിയോ? അഹങ്കാരം തലയ്ക്കുപിടിച്ചോ?

‘ഒരു മണിക്കൂര്‍ പ്രിന്‍സിപ്പല്‍’ വാര്‍ത്ത എവിടുന്നോ ആരോ വിളിച്ചുപറഞ്ഞു. മാധ്യമങ്ങള്‍ അത് തൊണ്ട തൊടാതെ വിഴുങ്ങി. ഇതിനപ്പുറം ഈ വിഷയത്തെക്കുറിച്ച് ഒരു അന്വേഷണം നടത്താന്‍ ആരും മെനക്കെട്ടതായി തോന്നിയില്ല. അതാണ് ഇക്കാര്യത്തില്‍ എനിക്കു താല്പര്യം ജനിപ്പിച്ചത്. ആരും കാണാത്ത എന്തോ ചിലത് ഇതില്‍ മറഞ്ഞുകിടപ്പില്ലേ? അന്വേഷിച്ചു. കണ്ടെത്താനായ വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ്. ഇതിലും പ്രതി സ്ഥാനത്ത് എന്റെ വര്‍ഗ്ഗം മാധ്യമപ്രവര്‍ത്തകര്‍ തന്നെ. കാള പെറ്റെന്നു കേട്ടപ്പോള്‍ കയറെടുത്തവര്‍!! ഒരു വാര്‍ത്ത കൈയില്‍ വന്നു വീഴുമ്പോള്‍ അതില്‍ എത്രമാത്രം വസ്തുതതയുണ്ടെന്ന് ക്രോസ് ചെക്ക് ചെയ്യുക ഏതൊരു നല്ല മാധ്യമപ്രവര്‍ത്തകന്റെയും ലക്ഷണമാണ്. മത്സരാധിഷ്ഠിത സമൂഹത്തില്‍ ‘നല്ലത്’ എന്നതിന് സ്ഥാനമില്ലല്ലോ.

വിരമിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി ചുമതലയേറ്റ ഡോ.സി.ശശികുമാര്‍ ആരെന്ന് ആദ്യമറിയണം. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥിന്റെ സുഹൃത്ത് എന്ന ലേബല്‍ മാധ്യമങ്ങള്‍ അദ്ദേഹത്തിന് ചാര്‍ത്തി നല്‍കിയിട്ടുണ്ട്. സി.പി.എം. അനുകൂല സംഘടനയായ കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി. എന്നാല്‍ ഇതിലുപരി മറ്റു പലതുമാണ് അദ്ദേഹം. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക്കും കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റും നേടിയ പ്രഗത്ഭനായ അദ്ധ്യാപകന്‍. സര്‍വ്വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ് തുടങ്ങിയ സമിതികളില്‍ അംഗമായതിലൂടെ ആര്‍ജ്ജിച്ച ഭരണപരിചയവുമുണ്ട്. യു.ഡി.എഫ്. സര്‍ക്കാര്‍ നിയമിച്ച പല വൈസ് ചാന്‍സലര്‍മാരെക്കാളും അക്കാദമിക യോഗ്യതയുണ്ട് ഈ അദ്ധ്യാപകന്.

യോഗ്യതയുണ്ട് എന്നത് വഴിവിട്ട ആനുകൂല്യം നേടുന്നതിനുള്ള ന്യായീകരണമാവുമോ? ഇല്ല തന്നെ. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രിന്‍സിപ്പലായുള്ള ഡോ.ശശികുമാറിന്റെ നിയമനം പൊളിറ്റിക്കല്‍ ഡിസിഷന്‍ അഥവാ രാഷ്ട്രീയ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് സ്വീകരിച്ച നടപടി. ഈ രാഷ്ട്രീയ തീരുമാനത്തിന് ആധാരമായ വസ്തുതകളെന്ത്? നീതികേടിന് ഇരയായ ഡോ.ശശികുമാറിന് അര്‍ഹമായ നീതി ലഭ്യമാക്കി. അത്ര തന്നെ. സീനിയോറിറ്റി പട്ടിക പ്രകാരം ഡോ.ശശികുമാറിന് രണ്ടു വര്‍ഷം മുമ്പു തന്നെ എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായി നിയമനം ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, ഇടതു യൂണിയന്‍ നേതാവാണ് എന്ന പേരില്‍ ആ സ്ഥാനം നിഷേധിക്കപ്പെട്ടു. യു.ഡി.എഫിന്റെ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് ഇടപെട്ട് തടഞ്ഞുവെച്ചു എന്നു തന്നെ പറയാം. യു.ഡി.എഫ്. വിരുദ്ധ സംഘടനയുടെ നേതാവെന്ന പേരില്‍ കഴിഞ്ഞ അഞ്ചു വര്‍ഷവും ഡോ.ശശികുമാറിനെ പരമാവധി ദ്രോഹിച്ചു. അദ്ദേഹത്തിനു മേല്‍ ചുമത്തപ്പെട്ട പ്രധാനപ്പെട്ട കുറ്റങ്ങളില്‍ ഒന്ന് വ്യക്തമാക്കാം ഓരോ തവണയും സ്ഥാനക്കയറ്റത്തിനു വേണ്ടി അദ്ധ്യാപകര്‍ അഭിമുഖ പരീക്ഷ പാസാവണം എന്ന നിബന്ധനയെ എതിര്‍ത്തു എന്നത്. സംഘടനാടിസ്ഥാനത്തില്‍ ഇഷ്ടപ്പെട്ടവര്‍ക്കു മാത്രം സ്ഥാനക്കയറ്റം നല്‍കാനാണ് ഈ വ്യവസ്ഥ നടപ്പാക്കുന്നതെന്ന് ആര്‍ക്കാണറിയാത്തത്. അപ്പോള്‍ എതിര്‍പ്പ് ന്യായമല്ലേ?

ഡോ.ശശികുമാറിനെ പ്രിന്‍സിപ്പല്‍ കസേരയിലിരുത്തുക വഴി സര്‍ക്കാരിന് സാമ്പത്തികബാദ്ധ്യതയുണ്ടായി അഥവാ അദ്ദേഹത്തിന് സാമ്പത്തികനേട്ടമുണ്ടായി എന്നാണ് മാധ്യമങ്ങളിലൂടെ ഉണ്ടായ പ്രചാരണം. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗണ്‍സില്‍ വ്യവസ്ഥ പ്രകാരം എന്‍ജിനീയറിങ് കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോഷ്യേറ്റ് പ്രൊഫസര്‍, പ്രൊഫസര്‍ എന്നിങ്ങനെയുള്ള ക്രമമേയുള്ളൂ. പ്രിന്‍സിപ്പല്‍ തസ്തികയ്ക്ക് പ്രത്യേക ശമ്പളമില്ല, ഗ്രേഡ് മാത്രമേയുള്ളൂ എന്നര്‍ത്ഥം. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രിന്‍സിപ്പല്‍ ഗ്രേഡ് ആനുകൂല്യങ്ങള്‍ പറ്റുന്ന ഡോ.ശശികുമാറിന് തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേരയില്‍ ഒരു മണിക്കൂര്‍ ഇരുന്നു എന്നതുകൊണ്ട് ഒരു രൂപയുടെ പോലും സാമ്പത്തികനേട്ടം ഉണ്ടാവുന്നില്ല എന്നു സാരം. അതുവഴി സര്‍ക്കാരിന് സാമ്പത്തികനഷ്ടവും ഉണ്ടാവുന്നില്ല. അദ്ദേഹത്തിന് അര്‍ഹമായ നീതി പുതിയ സര്‍ക്കാര്‍ ഉറപ്പാക്കി എന്നു മാത്രം.

ഡോ.ശശികുമാറിന് നീതി ലഭ്യമാക്കാന്‍ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ പ്രൊഫ.രവീന്ദ്രനാഥ് സ്വീകരിച്ച നടപടികളാണ് എന്നെ അമ്പരപ്പിച്ചത്. പ്രിന്‍സിപ്പല്‍ ഗ്രേഡുള്ള ആളാണെങ്കിലും കോട്ടയം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രൊഫസറായാണ് യു.ഡി.എഫ്. സര്‍ക്കാര്‍ ഡോ.ശശികുമാറിനെ നിയോഗിച്ചിരുന്നത്. ഇദ്ദേഹത്തെ തിരുവനന്തപുരത്ത് എത്തിക്കുന്നതിനു വേണ്ടി ഇവിടെ ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ഡോ.പി.സി.രഘുരാജിനെ പാലക്കാട്ടേക്ക് ക്ഷണവേഗത്തില്‍ സ്ഥലംമാറ്റി. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജില്‍ പ്രിന്‍സിപ്പല്‍ ഒഴിവുണ്ടെന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനെക്കൊണ്ട് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യിച്ചു. ഫയല്‍ അതിവേഗത്തില്‍ നീങ്ങി. ഡോ.ശശികുമാറിനെ രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു മാറ്റി തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് പ്രിന്‍സിപ്പലാക്കി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മെയ് 31-ന് ഉച്ചയ്ക്ക് 3.30-ന് പുറത്തിറങ്ങി. തല്‍ക്ഷണം ഉത്തരവ് കൈപ്പറ്റിയ ഡോ.ശശികുമാര്‍ അന്നു വൈകീട്ട് നാല് മണിക്കു തന്നെ ചുമതലയേറ്റു. ഒരു മണിക്കൂറിനു ശേഷം അഞ്ചു മണിക്ക് സര്‍വ്വീസില്‍ നിന്നു വിരമിക്കുകയും ചെയ്തു. നിഷേധിക്കപ്പെട്ട നീതി പിടിച്ചുവാങ്ങി നല്‍കാന്‍ പ്രകടിപ്പിച്ച ഇച്ഛാശക്തി പുതിയ വിദ്യാഭ്യാസ മന്ത്രിയെക്കുറിച്ച് ചില പ്രതീക്ഷകളൊക്കെ നല്‍കുന്നുണ്ട്. വര്‍ഷാവസാന പരീക്ഷയായിട്ടും പാഠപുസ്തകങ്ങള്‍ കിട്ടാത്ത അബ്ദുറബ്ബിന്റെ സ്വാധീനകാലം അവസാനിച്ചു എന്ന് ഉറച്ചുവിശ്വസിക്കാന്‍ ഈ സംഭവം നമുക്ക് ധൈര്യം പകരുന്നു.

സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകള്‍ നടത്തുന്ന തട്ടിപ്പുകള്‍ക്കെതിരെ സംഘടനാ നേതാവെന്ന നിലയില്‍ ശക്തമായ പോരാട്ടം നടത്തിയിട്ടുള്ളയാളാണ് ഡോ.ശശികുമാര്‍. അദ്ദേഹത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ നടന്ന നീക്കങ്ങള്‍ വാര്‍ത്തയാക്കിയതും ഇക്കൂട്ടര്‍ തന്നെയെന്ന് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്. ഒരു പടികൂടി മുന്നോട്ടു പോകാന്‍ പ്രൊഫ.രവീന്ദ്രനാഥും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ഒരുങ്ങുന്നുവെന്ന വാര്‍ത്ത ഇപ്പോള്‍ പുറത്തേക്കു വരുന്നുണ്ട്. സര്‍വ്വീസില്‍ നിന്നു വിരമിച്ച ഡോ.ശശികുമാര്‍ വിദ്യാഭ്യാസ മന്ത്രിയുടെ സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനാവുന്നു എന്നതാണ് ആ വാര്‍ത്ത. സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകാരുടെ കഷ്ടകാലം എന്നര്‍ത്ഥം. എരണം കെട്ടവന്‍ കരണം മറിഞ്ഞാല്‍ കഴുത്തൊടിയും!

ഞാനടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ എല്ലാം തികഞ്ഞവരല്ല. ഞങ്ങള്‍ക്കു തെറ്റു പറ്റാം. പക്ഷേ, തെറ്റു പറ്റിയെന്നു മനസ്സിലായാല്‍ അതു തിരുത്താനുള്ള മാന്യത കാണിക്കണം. അതില്ല എന്നതാണല്ലോ പ്രശ്‌നം. കുട്ടിക്കാലം മുതല്‍ എന്റെ അമ്മ പറഞ്ഞു പഠിപ്പിച്ച ഒരു പാഠമുണ്ട് ‘ഒരു കള്ളം പറഞ്ഞാല്‍ അതു നിലനിര്‍ത്താന്‍ 1,000 കള്ളം പറയേണ്ടി വരും. ഓരോ കള്ളം പറയുമ്പോഴും തല്ലു വീഴും. ഇതു മുഴുവന്‍ കൊണ്ട ശേഷം ഒടുവില്‍ സത്യം പറയേണ്ടി വരികയും ചെയ്യും. അപ്പോള്‍ ഇരട്ടി തല്ലും കിട്ടും. ആദ്യമേ സത്യം പറഞ്ഞാല്‍ അത്രയും തല്ല് കുറച്ച് കൊണ്ടാല്‍ മതി.’ തല്ലു കൊള്ളാന്‍ എനിക്കു പണ്ടേ പേടിയാണ്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍