UPDATES

ദാദ്രി കൊലയ്ക്ക് ഒരാണ്ട്: ബിഷാറ മോസ്‌കിലെ ബാങ്ക് വിളി നിലച്ചിട്ടും

അഴിമുഖം പ്രതിനിധി

ദാദ്രിയിലെ ബിഷാറ മോസ്കില്‍ നിന്ന് ഇപ്പോള്‍ ബാങ്ക് വിളികള്‍ ഉയരാറില്ല. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28ന് നിലച്ചതാണ് പള്ളിയിലെ ലൌഡ്സ്പീക്കര്‍. മുഹമ്മദ് അഖ്‌ലാഖ് എന്ന മനുഷ്യന് മേല്‍ ഒരു കൂട്ടം കാട്ടാളന്മാര്‍ കിരാതനിയമം നടപ്പിലാക്കിയിട്ട് ഇന്ന് ഒരു വര്‍ഷം. ഗോമാംസം കഴിച്ചെന്നാരോപിച്ച് ക്രൂരമായി അടിച്ചു കൊന്നു അഖ്ലാഖിനെ സംഘപരിവാര്‍ സംഘങ്ങള്‍. ഗ്രാമക്ഷേത്രത്തിലെ സ്പീക്കറിലൂടെ മുഴങ്ങിയ ആഹ്വാനംകേട്ടെത്തിയ അക്രമികള്‍ വാതില്‍ തല്ലിപ്പൊളിച്ച് വീട്ടില്‍ കടന്നാണ് അഖ്ലാഖിനെ അടിച്ചുകൊന്നത്. തലക്കും കണ്ണിനും ഗുരുതര പരിക്കേറ്റ മകന്‍ ഡാനിഷ് ഏറെക്കാലം ആശുപത്രിയിലായിരുന്നു. ഇന്ത്യന്‍ വ്യോമസേനാ മേധാവി ഒരുക്കിനല്‍കിയ വീട്ടിലാണ് അഖ്‌ലാഖിന്‍റെ മാതാവും ഭാര്യയും ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ താമസിക്കുന്നത്.

അഖ്‌ലാഖിനെ അതിക്രൂരമായി അടിച്ചു കൊല്ലുന്ന സമയത്ത് മോസ്ക് പൂട്ടണമെന്നാക്രോശിച്ച് ഒരു കൂട്ടം പാഞ്ഞു നടന്നു. അത് സംഭവിച്ചില്ല. പക്ഷെ, പിന്നീടൊരിക്കലും നമസ്ക്കാരസമയത്ത് ബാങ്ക് മുഴക്കാനായി ആ മൈക്ക് ശബ്ദിച്ചില്ല. കഴിഞ്ഞ ഒരു കൊല്ലം കൊണ്ട് നിരവധി മാറ്റങ്ങളാണ് ബിഷാറ ഗ്രാമത്തിനുണ്ടായത്. ഹിന്ദുമത വിഭാഗത്തില്‍പെട്ടവരാണ് ദാദ്രിയില്‍ ഭൂരിഭാഗം വരുന്നവര്‍. മുസ്ലിം ജനസംഖ്യ തീരെ കുറവാണിവിടെ. ദാദ്രി സംഭവം രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ബന്ധത്തിനാണ് വിലങ്ങിട്ടത്. അതിനു ശേഷം സൌഹാര്‍ദ്ദപരമായ ഒന്നിനും ഗ്രാമം തയ്യാറായിട്ടില്ല. ബലിപെരുന്നാളുകള്‍ ഇരു സമുദായത്തിന്‍റെയും സൌഹാര്‍ദ്ദത്തിന്‍റെ ചിത്രം കൂടി നല്‍കുന്നുണ്ടായിരുന്നു. ദാദ്രി സംഭവത്തോടെ പെരുന്നാളിന് പരസ്പരം ആശംസകള്‍ അറിയിക്കുന്നതും ഭക്ഷണം പങ്കുവെയ്ക്കുന്നതു പോലും അവസാനിച്ചു.

ബിഷാറയിലെ ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്തിരുന്നത് അഖ്‌ലാഖിന്‍റെ കുടുംബമായിരുന്നു. പക്ഷെ ഇന്ന് രണ്ടു സമുദായങ്ങളുടെ താറുമാറായ ബന്ധത്തിന്‍റെ പ്രതീകമാണ് പൂട്ടിയിട്ടിരിക്കുന്ന ആ വീട്. മുസ്ലിം സമുദായത്തില്‍പെട്ടവരെ അവജ്ഞയോടെ ഗ്രാമവാസികള്‍ പരിഗണിക്കുന്നത്. ‘ഗോമാതാവിനെ കൊന്ന’ ഗ്രാമവാസിയെ തല്ലിക്കൊന്നതില്‍ ഇപ്പോഴും ഗ്രാമം പശ്ചാത്തപിക്കുന്നില്ല. പകരം, ആദ്യം അവര്‍ ഞങ്ങളുടെ മാതാവിനെ കൊന്നു, ഞങ്ങളുടെ കുട്ടികളെ കൊലപാതകികളെന്നു മുദ്രകുത്തി ജയിലലടച്ചു, ഞങ്ങളുടെ മാതാവിനെ കൊന്നതിനാര്‍ക്കാണ് ഉത്തരവാദിത്തമെന്ന് വിലപിച്ചു കൊണ്ടേയിരിക്കുന്നു. അഖ്‌ലാഖിനെ കൊലപ്പെടുത്തിയ കേസ് കോടതിയുടെ പരിഗണനയിലാണ്. അഖ്‌ലാഖും കുടുംബവും പശുവിനെ കൊന്നിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട് പുറത്തു വന്നിട്ടുണ്ട്. കൊലപാതകത്തിന് ഒരു വര്‍ഷം തികയുമ്പോഴാണ് പശുവിനെ കൊന്നതിന് തെളിവില്ലെന്ന കാര്യം അന്വേഷണ ഉദ്യോഗസ്ഥര്‍ പരസ്യപ്പെടുത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍